വാക പൂത്ത നാളിൽ : ഭാഗം 20

vakapootha nalil

രചന: കടലാസിന്റെ തൂലിക

*സ്വന്തമാവില്ലെന്നറിഞ്ഞിട്ടും വീണ്ടും പ്രണയിക്കുക അത്രമേൽ ഭ്രാന്തമായ് അവനെ മാത്രം..* എഴുതി കഴിഞ്ഞപ്പോൾ ചെറിയൊരു പുഞ്ചിരി എന്നെ കവർന്നെടുത്തിരുന്നു. നാളെ ക്ലാസ്സിൽ കയറില്ല എന്ന് അറിയാവുന്നത് കൊണ്ട് പഠിക്കാനൊന്നും തോന്നിയില്ല.അത് കൊണ്ട് തന്നെ കിടക്കാം എന്ന് വിചാരിച്ചു. ഒരു പുഞ്ചിരിയോടെ ബെഡിലേക്ക് കിടന്നു.അടുത്ത് കിടന്ന തലയിണയെ കെട്ടി പിടിച്ചു കിടക്കുമ്പോഴും പുഞ്ചിരിക്ക് കുറവൊന്നും ഉണ്ടായില്ല.സഖാവിന്റെ മുഖം മനസ്സിലേക്ക് വരും തോറും അതിന്റെ അളവ് കൂടിയതെ ഉള്ളു.. പിറ്റേ ദിവസം ഒരു വെള്ളിയാഴ്ച ആയിരുന്നു.ലെറ്റർ ഇടേണ്ടത് മുൻകൂട്ടി കണ്ടു കുറച്ചു നേരത്തെ തന്നെ കോളേജിലേക്ക് പോയി.ബസിൽ നിൽക്കുമ്പോഴും ക്ലാസ്സിലേക്ക് നടക്കുമ്പോഴും ഒക്കെ പലരും എന്നെ തിരിച്ചറിഞ്ഞു.ചിലർ വോട്ട് ചെയ്യാം,കൂടെ ഉണ്ടാകും എന്നൊക്കെ പറയുന്നുണ്ടായിരുന്നു.എല്ലാവരോടും നല്ല രീതിയിൽ തന്നെ ഇടപഴകി. ഞാൻ ഉദ്ദേശിച്ച പോലെ എനിക്ക് പോയി ലെറ്റർ ഇടാൻ പറ്റാത്തത് കൊണ്ട് ആ കാര്യം ഭാമ തന്നെ ചെയ്തു. ഫസ്റ്റ് പിരീഡ് ഫിസിക്സ്‌ ആയിരുന്നു.പതിവ് പോലെ ടീച്ചർ എന്തൊക്കെയോ പറഞ്ഞു,ഞങ്ങൾ മനസ്സിലാവുന്ന പോലെ അഭിനയിച് ഇരുന്നു. 2nd പിരീഡ് ആയപ്പോഴേക്കും ബിനീഷ് ഏട്ടൻ എന്നെ വന്നു വിളിച്ചു കൊണ്ട് പോയി.

എല്ലാവർക്കും ഞാൻ ഒരു റ്റാറ്റാ കൊടുത്തു. ആദ്യം തന്നെ പോയത് കോമേഴ്‌സ് ബ്ലോക്കിലേക്ക് ആയിരുന്നു.എന്റെ നെഞ്ചു പിടക്കാൻ തുടങ്ങി.ഇന്നലെ അങ്ങോട്ട് പോയിരുന്നില്ല.ഇന്നലെ പോകാത്ത സ്ഥലത്തേക്ക് ആണ് ഇന്ന് പോകുന്നത്. കോമേഴ്‌സ് ബ്ലോക്ക്‌ സഖാവിന്റെ ഏരിയ ആയത് കൊണ്ട് അങ്ങോട്ടേക്ക് പോകാൻ നല്ല പേടി ഉണ്ടായിരുന്നു.എന്തിനോ... എന്തിനാണെന്ന് അറിയില്ല.ചെറിയൊരു ആകാംഷ കൂടി ഉണ്ടായിരുന്നു.അത് സഖാവിനെ കാണാൻ ആകും എന്ന പ്രതീക്ഷയിലും... ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ഫാഹീംക്കയും ബാക്കി ഉള്ളവരും എത്തി.ഞങ്ങൾ ഐശ്വര്യം ആയി ഫിനാൻസിലേക്ക് കയറി. കേറി വാടാ മക്കളെ.. എന്ന് ക്ലാസ്സിന്റെ മുമ്പിലെ ബോർഡ് കാണുമ്പോൾ എങ്ങനെയാ ആദ്യം അവിടേക്ക് കയറാതെ ഇരിക്കുന്നത്. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ഏതോ ഒരു ടീച്ചർ ക്ലാസ്സ്‌ എടുക്കുകയായിരുന്നു.ഫഹീംക്ക കാര്യം അവതരിപ്പിച്ചു. എന്നിട്ട് ലച്ചർ ബോർഡിന്റെ അവിടെക്ക് കയറി നിന്ന് ഞങ്ങളെ എല്ലാം പരിചയപ്പെടുത്തി. ഞാൻ ജസ്റ്റ്‌ ഒന്ന് കുട്ടികളെ ഒക്കെ ഒന്ന് നോക്കിയപ്പോൾ അതിന്റെ ഇടയിൽ നിന്നും ആൺകുട്ടികൾ ഒലിപ്പിച്ചു നിൽക്കുന്നുണ്ട്.ഞാൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.

ക്യാമ്പസ്സിന് പുറത്തു വെച്ചു ആണെങ്കിൽ തിരിച്ചൊന്ന് തുറിച്ചു നോക്കുകയെങ്കിലും ചെയ്യാമായിരുന്നു.ഇതിപ്പോൾ ഇങ്ങനത്തെ അവസ്ഥ ആയി പോയില്ലേ.. പക്ഷെ കൂടുതൽ ആയാൽ എന്റെ കയ്യിൽ നിന്ന് വാങ്ങിയെ പോവു... അവർക്ക് കൂടുതൽ ഒലിപ്പിക്കേണ്ടി വന്നില്ല.. അപ്പോഴേക്കും അടുത്ത ക്ലാസ്സിലേക്ക് അവർ എന്നെ കൊണ്ട് പോയി. ക്ലാസ്സിലേക്ക് കയറി കഴിഞ്ഞപ്പോൾ ആണ് അത് സഖാവിന്റെ ക്ലാസ്സ്‌ ആണെന്ന് അറിഞ്ഞത്. ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ ആ ക്ലാസ്സിൽ മുഴുവൻ ഒന്ന് കണ്ണോടിച്ചു.അവിടെ സഖാവ് ഉണ്ടായിരുന്നില്ല. ചെറുതായ് വിഷമം തോന്നിയെങ്കിലും അതിൻ മേലെ ഒരു പുഞ്ചിരിയുടെ മുഖം മൂടി അണിഞ്ഞപ്പോൾ അത് മാറി. പിന്നെ അവിടെ നിന്ന് ഡിപ്പാർട്മെന്റ്കൾ കേറി ഇറങ്ങി അവസാനം മാത്‍സ് എത്തി.മാത്‍സ് ലേക്ക് കയറിയപ്പോൾ മറ്റു ഡിപ്പാർട്മെന്റ്കളിൽ നിന്ന് വ്യത്യസ്തം ആയി നല്ല ആവേശം ഉണ്ടായിരുന്നു.ഞാൻ ഇങ്ങനെ തുള്ളി ചാടി അങ്ങോട്ടേക്ക് പോയപ്പോൾ അവർ അതിനെ വിലക്കി.പെട്ടന്ന് എനിക്ക് അച്ഛനെ ഓർമ വന്നു. എന്റെ സ്വാതന്ത്ര്യം എനിക്ക് നഷ്ടപ്പെടാൻ പോകുവാണോ..? ആ ചിന്ത പെട്ടന്ന് തന്നെ മാറ്റി വെച്ചു.നല്ലത് ആണെന്ന് മാത്രം ആശ്വസിച്ചു. കുറച്ചു നേരം റസ്റ്റ്‌ എടുത്തോളാൻ സക്കറിയച്ചായൻ പറഞ്ഞു.

എന്റെ ക്ലാസ്സ്‌ അടുത്ത് ആയത് കൊണ്ട് ക്ലാസ്സിൽ കയറി വെള്ളം കുടിക്കാൻ പൊയ്ക്കോട്ടേ എന്ന് ഞാൻ ചോദിച്ചു. അവർ അത് സമ്മതിക്കുകയും കൂടി ചെയ്തപ്പോൾ ഞാൻ ക്ലാസ്സിലെക്ക് പോകാൻ തുടങ്ങി. ക്ലാസ്സിലേക്ക് നടക്കുന്നതിനിടക്ക് ഒരു സ്ഥലത്തു എത്തിയപ്പോൾ പരിചിതം ആയ ശബ്ദം കേട്ടു. എന്റെ ഹൃദയം വീണ്ടും കിടന്ന് മിടിക്കാൻ തുടങ്ങി.ഹൃദയം മിടിക്കുന്നതിന് കാരണം അത് സഖാവിന്റെ ശബ്ദം ആണെന്ന് തിരിച്ചറിഞ്ഞതും എന്റെ കാലുകൾ ശബ്ദം കേട്ട ഇടത്തേക്ക് വെച്ചു പിടിച്ചു.. 2nd ഇയർ കാരുടെ ക്ലാസ്സിൽ ആണ് ആ നടത്തം ചെന്നു അവസാനിച്ചത്. വളരെ പ്രതീക്ഷയോടെ ഞാൻ ജനലക്ക് അരികിൽ നിന്ന് നോക്കി. അവിടെ സഖാവ് പ്രസംഗിക്കാൻ തുടങ്ങുകയായിരുന്നു. ചെഞ്ചുവപ്പ് നിറമാർന്ന ഷർട്ടും അതെ കരയുള്ള മുണ്ടും ധരിച്ചു വാനിലേക്ക് മുഷ്ടി ഉയർത്തുന്ന സഖാവിനെ ഞാൻ പ്രണയപൂർവ്വം നോക്കി. എന്തു കൊണ്ടോ ആ നെഞ്ചിൽ കിടക്കാൻ അതിയായ ആഗ്രഹം തോന്നി. മുഷ്ടി ചുരുട്ടി പിടിച്ച കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ചിരുന്നു എങ്കിൽ എന്ന് തോന്നി പോയി എനിക്ക് ഒരു നിമിഷം.വീണ്ടും പ്രണയാർദ്രമായി കുറച്ചു നേരം നോക്കി നിന്നു. സഖാവിന്റെ മുഖം മുഴുവൻ ഗൗരവം നിറഞ്ഞതായിരുന്നു. അവിടെ ഒരിക്കലും പ്രണയം ഉണ്ടെന്ന് തോന്നിയില്ല.

പാവപ്പെട്ട അര പട്ടിണി കാരന് വേണ്ടി വാദിക്കുന്ന ഒരാളെ പോലെ തോന്നി. അവനിൽ മുഴുവൻ അപ്പോൾ വിപ്ലവം മാത്രം ആയിരുന്നു... പ്രിയ വിദ്യാർത്ഥി സുഹൃത്ത്ക്കളെ.. "ഗൗരി...." സഖാവിന്റെ വാക്കുകൾക്കായ് കാതോർത്തിരിക്കുന്ന സമയത്താണ് പെട്ടന്ന് ഒരു ചേട്ടൻ എന്നെ വിളിച്ചത്. സഖാവിന്റെ ഓരോ വാക്കുകളും കേട്ട് മനസ്സിൽ കുറിച്ച് ഇടണം എന്ന് കരുതിയ എനിക്ക് കിട്ടിയത് അടുത്ത ക്ലാസ്സിലേക്ക് പോകാൻ ഉള്ള ഓർഡർ ആയിരുന്നു... എന്റെ ക്ലാസ്സിൽ വെച്ചു എന്നെ പരിചയപ്പെടുത്തിയമ്പോഴും എനിക്കായ് വോട്ട് ചോദിക്കുമ്പോഴും ഏറെ ആവേശത്തോടെ സന്തോഷത്തോടെ നിൽക്കണം എന്ന് ഞാൻ കരുതിയിരുന്നു. പക്ഷെ എന്റെ സന്തോഷം എവിടെയോ കളഞ്ഞു പോയി. അത് സഖാവ് പ്രസംഗിക്കുന്നിടത്താണ് എന്ന് അറിയാമെങ്കിലും ഫാഹീംക്കാ ചോദിച്ചപ്പോൾ ഒന്നും ഇല്ലെന്ന് മാത്രം പറഞ്ഞോഴിഞ്ഞു. ഒരു sfi കാരി ആയിരുന്നു എങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച സമയം ആയിരുന്നു അത്.ഒന്നില്ലെങ്കിലും സഖാവിന്റെ കൂടെ അൽപ നേരം ഉണ്ടാകമല്ലോ..sfi കാരി ആയതിനാൽ വരദ പോലും ഇപ്പോൾ സഖാവിന്റെ ഒപ്പം എപ്പോഴും ഉണ്ട്. ആലോചിക്കുമ്പോൾ വിഷമം തോന്നുന്നത് കൊണ്ട് ഞാൻ അത് പിന്നേ ആലോചിക്കാതെയായി. അന്നത്തോടെ എന്നെ പരിജയപ്പെടുത്തൽ കഴിഞ്ഞു.

തിങ്കൾ മുതൽ ഞാൻ എനിക്ക് വേണ്ടി വോട്ട് ചോദിക്കാനും കൊടി പിടിക്കാനും പ്രസങ്ങിക്കാനും തുടങ്ങണം ആയിരുന്നു. അന്ന് പല തവണ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ സഖാവിനെ കണ്ടു എങ്കിലും ഞാൻ വലിയ മൈൻഡ് കൊടുക്കാൻ നിന്നില്ല. ആരും കാണാതെ മാത്രം നോക്കി. പതിവ് പോലെ അന്നും രണ്ട് ലെറ്റർ എടുത്തു കൊണ്ട് പോയി സഖാവ്. ആർക്കാവോ എന്തോ.. വീട്ടിൽ എത്തിയപ്പോൾ തിങ്കളാഴ്ചക്ക് വേണ്ട പ്രസംഗതിന്റെ കാര്യം ഓർത്ത് എനിക്ക് പേടി ആവാൻ തുടങ്ങി. എന്തു ചെയ്യും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് അച്ഛൻ എന്റെ അടുത്തേക്ക് വന്നത്. "നീ വല്ല സമ്മേളനത്തിന് ഇത് വരെ പങ്കെടുത്തിട്ടുണ്ടോ.." "ഇല്ല." "കഷ്ടം. നാളെ ഒരു സമ്മേളനം ഉണ്ട്. ഞാനും പോകുന്നുണ്ട്. എന്റെ കൂടെ വരണ്ട. നീ ഒറ്റക്ക് വന്നാൽ മതി. പ്രകടനത്തോട് കൂടിയ ജാഥ ഉണ്ടാകും. അവിടെ ഉള്ള എല്ലാം കണ്ടു പഠിക്കണം. മനസ്സിലായോ.." "മ്മ്മ്.." "നാളെ രണ്ട് മണിക്കാണ് തുടങ്ങുന്നത്. ഡ്രൈവറോട് അവിടെ ഇറക്കി തരാം പറയാം.. തിരിച്ചു ഒറ്റക്ക് വരണം." "മ്മ്.." "എന്നാൽ കിടന്നോ.." അച്ഛൻ നല്ല ഗൗരവത്തിൽ ആയതു കൊണ്ട് പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല. അല്ലെങ്കിൽ തന്നെ അച്ഛൻ എന്നാണ് ഗൗരവം ഇല്ലാത്തത്. ഞാൻ എന്നാണ് തിരിച്ചു വല്ലതും പറഞ്ഞിട്ടുള്ളത്. അച്ഛൻ പറയും..

ഞാൻ അനുസരിക്കും.അത് തന്നെ. അച്ഛൻ പറഞ്ഞതിനോട് അനുസരണ കേട് വേണ്ട എന്ന് കരുതി ഞാൻ പിറ്റേ ദിവസം 2 മണി ആയപ്പോഴേക്കും റെഡി ആയി നിന്നു. ഡ്രൈവർ എന്നെ അവിടെ കൊണ്ട് പോയി ഇറക്കി വിട്ടു. ഞാൻ അറിയാത്ത ആളുകൾ ആയിരുന്നു എനിക്ക് ചുറ്റും.അതും വലിയ വലിയ ആളുകൾ. വെള്ള വസ്ത്ര ധാരികൾ.ആകെ പേടി ആവാൻ തുടങ്ങി. തിരിച്ചു പോയാലോ എന്ന് തോന്നി.പിന്നെ അച്ഛനെ ഓർമ വന്നു.അച്ഛന്റെ ദേഷ്യത്തെയും.. ഞാൻ തിരികെ വീട്ടിലേക്ക് ചെന്നാൽ ഉള്ള അവസ്ഥ... പിന്നെ രാഷ്ട്രീയം അറിഞ്ഞില്ലെങ്കിൽ എനിക്കുണ്ടാവുന്ന പ്രശ്നവും ഓർത്തു.എല്ലാവർക്കും അത്യാവശ്യം രാഷ്ട്രീയം അറിയാം. എനിക്ക് ഒഴിച്ച്. ഞാൻ മത്സരിക്കുന്നത് ചെയർമാൻ സ്ഥാനത്തേക്കാണ്. അത് കൊണ്ട് തീർച്ചയായും ഇതിലെല്ലാം പങ്കെടുക്കണം. ഞാൻ എന്നെ തന്നെ മോട്ടിവേറ്റ് ചെയ്തു. പക്ഷെ വീണ്ടും പേടി ആയി. ആരും എന്നെ ശ്രദ്ധിക്കുന്നു കൂടി ഇല്ല. ചിലർ എന്നെ അത്ഭുതജീവിയെ പോലെ നോക്കുന്നു. പെട്ടന്ന് ഒരു കൈ എന്റെ തോളിൽ പതിഞ്ഞു ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ഫാഹീംക്ക ആയിരുന്നു അത്. "ഓ.. ഇക്ക ആയിരുന്നോ.. ഞാൻ പേടിച്ചു പോയി." എന്റെ ആ പറച്ചിൽ കേട്ടിട്ടാണെന്ന് തോന്നുന്നു ഇക്ക നിന്ന് ചിരിച്ചു. "നിനക്കെന്തിനാ പേടി.."

"അത്..ഞാൻ ഇതൊക്കെ ആദ്യമായിട്ടാണ്." "അത് നമുക്ക് ശരിയാക്കാം.നീ വാ.. പ്രകടനം തുടങ്ങാൻ ആയി." അതും പറഞ്ഞു ഇക്ക എന്നെ വലിച്ചു കൊണ്ട് പോയി.പെൺകുട്ടികൾ നിൽക്കുന്ന സ്ഥലത്തു എന്നെ നിർത്തി ഫഹീം ക്ക എങ്ങോട്ടോ പോയി.പേരിന് മാത്രമേ പെൺകുട്ടികൾ ഉണ്ടായുള്ളൂ.. ആണുങ്ങൾ ആയിരുന്നു ഭൂരിഭാഗവും.അവിടെ ഉണ്ടായിരുന്ന എല്ലാവരോടും സംസാരിച്ചു.എല്ലാവരും വലിയ വലിയ സ്ഥാനത്തുള്ളവർ.ഞാൻ mla യുടെ മകൾ ആണെന്ന് പറയാൻ പോയില്ല.ഇനി എനിക്ക് എല്ലാം അറിയാം എന്ന് കരുതി എന്നോട് ജയ് വിളിക്കാൻ പറഞ്ഞാൽ പെട്ടു പോവും ഞാൻ.. ഏകദേശം 3 മണി ആയപ്പോൾ പ്രകടനം തുടങ്ങി.അപ്പോഴേക്കും ഞാൻ അവരുമായി കമ്പനി ആയിട്ടുണ്ടായിരുന്നു. തൊണ്ട പൊട്ട് മാർ ഉച്ചത്തിൽ ഉള്ള മുദ്രാവാക്യം വിളി അവിടെയും ഉയർന്നു.പക്ഷെ എന്റെ സഖാവിന്റെ അത്രയും പോരാ.. മുദ്രാവാക്യം വിളി... അത് അഭിയേട്ടൻ കഴിഞ്ഞേ വേറെ ആളുള്ളൂ.. കുറെ നേരം നീണ്ട റോഡിലൂടെ ഉള്ള ജാഥ കഴിഞ്ഞു ഒരു ഔഡിറ്റോറിയത്തിൽ എത്തി.ജാഥയിൽ ഉണ്ടായ ക്ഷീണം മുഴുവൻ ഞാൻ വെള്ളം കുടിച് തീർത്തു. കുറച്ചു കഴിഞ്ഞപ്പോൾ ഫഹീം ക്ക എന്നെ വന്നു അനേഷിച്ചു.കുഴപ്പം ഒന്നും ഇല്ലന്ന് പറഞ്ഞു ഞാൻ തിരിച്ചയച്ചു. ചുറ്റിനും ഞാൻ അച്ഛനെ തിരഞ്ഞു.എവിടെയും ആളെ കണ്ടില്ല.

പെട്ടന്ന് എല്ലാവരും എഴുനേറ്റ് നിന്നു.അത് കണ്ടു ഞാനും എഴുന്നേറ്റു നിന്നു.ആരോ വന്നതാണെന്ന് എനിക്ക് മനസ്സിലായി. ആരാണെന്ന് നോക്കിയപ്പോൾ അല്ലെ സങ്കതി മനസ്സിലായെ.. അത് എന്റെ അച്ഛൻ തന്നെ ആയിരുന്നു.അച്ഛനോട് നാട്ടുകാർക്കുള്ള ബഹുമാനം നോക്കി കാണുകയായിരുന്നു അപ്പോൾ ഞാൻ... എന്തു കണ്ടാവും അച്ഛനോട് നാട്ടുകാർക്ക് ഇത്ര ബഹുമാനം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല. നാട്ടുകാർക്ക് നല്ലത് വല്ലതും ചെയ്തിട്ടുണ്ടാകുമോ.. ഹും. അവരുടെ കണ്ണിൽ മണ്ണ് വാരി ഇട്ടിട്ടുണ്ടാകും. അല്ലാതെ എന്താ.. മൗന പ്രാർത്ഥനയും സ്വാഗതത്തിനും ശേഷം പ്രസംഗം തുടങ്ങി. എനിക്കണെൽ നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. ഫോണിൽ കളിക്കാൻ തോന്നി. പിന്നെ ഇത് കേൾക്കേണ്ടത് അത്യാവശ്യം ആയത് കൊണ്ടും അച്ഛൻ സ്റ്റേജിൽ ഇരിക്കുന്നത് കൊണ്ടും അത് നന്നായി ശ്രദ്ധിച്ചു. ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും പതിയെ ഓരോന്ന് മനസ്സിലായി. പാർട്ടിയെ പറ്റി കൂടുതൽ അറിയാൻ തുടങ്ങി. അതിന്റെ ഓരോ അണുവും കേട്ട് കൊണ്ടിരിക്കുന്നു.കുറെ കാര്യങ്ങൾ അതിൽ നിന്ന് തന്നെ മനസ്സിലായി. അടുത്ത ഉൽഘാടനം അച്ഛൻ ആയിരുന്നു. തിരി കൊളുത്തി ഒരു ഖൊരാ പ്രസംഗവും കാഴ്ച വെച്ചാണ് അച്ഛൻ പോയത്. അച്ഛൻ വീട്ടിൽ മാത്രം അല്ല നാട്ടിലും ഭയങ്കര പ്രാസങ്കികൻ ആണെന്ന് അപ്പോഴാണ് മനസ്സിലായത്.

കുറച്ചു കഴിഞ്ഞു അച്ഛനും പോയി.5 മണി ആയപ്പോഴേക്കും എനിക്ക് ബോർ അടിക്കാൻ തുടങ്ങി. എന്തു ചെയ്യും എന്ന് ആലോചിച്ച അതെ നിമിഷത്തിൽ ഫഹീംക്ക എന്റെ അടുത്തേക്ക് വന്നു. "ഗൗരി.. ഞാൻ പോവുകയാണ്.നിന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യണോ.." "ആ.. ഞാനും ഉണ്ട്." ഞാൻ അപ്പോൾ തന്നെ ചാടി കേറി പറഞ്ഞു. ബൈക്കിൽ ആയിരുന്നു പോയത്.ഞാനും അത് കൊണ്ട് പിന്നിൽ കയറി ഇരുന്നു. "എങ്ങനെ ഉണ്ടായിരുന്നു സമ്മേളനം."വീട്ടിലേക്ക് വണ്ടി ഓടിക്കുന്നതിന് ഇടക്ക് ഫഹീംക്ക ചോദിച്ചു. "ഉഫ്.. കിളി പാറി.കുറെ ഒക്കെ എന്നാലും മനസ്സിലായി." "ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു." പെട്ടന്ന് ഫഹീംക്ക വണ്ടി നിർത്തി.ഞാൻ നെറ്റി ചുളിച് ഇക്കാനെ നോക്കി. "ഗൗരി.. ഞാൻ ഒരു കാര്യം പറയട്ടെ." "പറഞ്ഞോളൂ.." "നിനക്കറിയാലോ.. എനിക്ക് ഒരു അനിയൻ മാത്രം ഉള്ളു.. പെങ്ങന്മാർ ആരും ഇല്ല." "ആഹ്" "നിന്നെ ഞാൻ എന്റെ പെങ്ങൾ ആയി ദത്തെടുത്തോ.."നല്ല പ്രതീക്ഷയിൽ ഉള്ള ഇക്കാടെ ചോദ്യം കേട്ട് ഞാൻ പെട്ടന്ന് പൊട്ടിചിരിച്ചു. "അല്ലെങ്കിൽ വേണ്ട." മൂപ്പർക്ക് അത് വിഷമം ആയെന്ന് തോന്നുന്നു. "എന്റെ പൊന്ന് ഇക്ക... എനിക്കും ആങ്ങളാമാർ ഇല്ല.ഇക്കയെ ഞാൻ എപ്പോഴേ എന്റെ ഇക്ക ആയി ദത്ത് എടുത്തു." "എന്നാൽ എന്റെ പെങ്ങളൂട്ടി.. നിന്നോട് ഞാൻ ഒരു കാര്യം പറയട്ടെ.."

"പറയു..." "ഈ വഴി നേരെ പോയാൽ ദേവിടെ വീട് എത്തും.നമുക്ക് പോയാലോ.." "എന്താ.. "ഞെട്ടി കൊണ്ട് ആയിരുന്നു ഞാൻ ചോദിച്ചത്. "നമ്മളെ ദേവു.. നിന്റെ നാത്തൂൻ". "അമ്പട പുളുസു.. സോപ്പിങ് കണ്ടപ്പോഴേ തോന്നണമായിരുന്നു എനിക്ക്." "ഓ.. അത്രേം ഉള്ളു അല്ലെ.. എന്റെ പെങ്ങളോട് ആദ്യമായിട്ട് ഒരു കാര്യം ആവിശ്യപ്പെട്ടപ്പോൾ നടത്തി തരും എന്ന് കരുതി." ഇത്തിരി വിഷമം ഒക്കെ കലർത്തി ആണ് ഇക്ക അത് പറഞ്ഞത്.കേട്ടപ്പോൾ എനിക്കും എന്തോ പോലെ തോന്നി. "തല്ല് കിട്ടോ.." "ഏയ്.. അതൊന്നും ഇല്ല". "മുമ്പ് പോയിട്ടുണ്ടോ.." "ഇല്ല."ഇളിച്ചു കൊണ്ട് ഇക്ക പറഞ്ഞു. "പിന്നെ എങ്ങനെ വീട് അറിയാം.." "അതൊക്കെ അറിയാം.ഞാൻ എന്നാൽ വണ്ടി എടുക്കട്ടെ.." "എന്തിനാ നമ്മൾ പോണേ.." "എടി.. ഞാൻ ഇന്ന് അവളെ കണ്ടിട്ടില്ല. ചിലപ്പോൾ നാളെയും കാണില്ല.അവളെ കാണാതെ എനിക്ക് ഉറക്കം വരില്ലെടി.." "ആഹാ.. അടിപൊളി.നമ്മൾ ആരാണെന്ന് ചോദിച്ചാൽ എന്തു പറയും." "ഫ്രണ്ട്‌സ് ആണെന്ന് പറയണം." "എന്തിന് വന്നു." "വെറുതെ ഇത് വഴി പോയപ്പോൾ കയറിയതാണ്." "എല്ലാം വെൽ പ്ലാനിങ് ആണല്ലോ.." "പിന്നല്ല... നിന്നെ ഇന്ന് കണ്ടപ്പോഴേ ഞാൻ പ്ലാൻ ചെയ്തതാ.." "ആഹാ.. അപ്പോൾ അതിനാണല്ലേ എന്നെ ഡ്രോപ്പ് ചെയ്യാൻ എന്ന് പറഞ്ഞു കൊണ്ട് പോയത്." "അങ്ങനെ പറയല്ലേ പെങ്ങളെ... ഞാൻ ഇതാ നിന്റെ നാത്തൂന്റെ വീട്ടിലേക്ക് വണ്ടി വിടുവാണേ..." "കർത്താവെ.. ഞങ്ങൾ ഇതാ പോവുകയാണ്. അവർ ചൂലെടുക്കാതെ കാത്തോളണേ..." ..... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story