വേ.. വേ... വേദാത്മിക...: ഭാഗം 1

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

"""പ്രിൻസേ....""" """....മ്മ്....""" """.....പ്രിൻസേ..."" """....പറയെടി കോപ്പേ.....""" """നമ്മുടെ ഹണിമൂൺ എവിടെ വെച്ചായിരിക്കും?"""" വീശിയടിക്കുന്ന കടൽ കാറ്റിന്റെ കുളിർമയിൽ തീരത്ത് കമഴ്ത്തി വെച്ചിരുന്ന വള്ളത്തിന്റെ തണൽ പറ്റി അവന്റെ പരുക്കൻ കൈ വിരലുകളെ കോർത്താ തോളിൽ ചാഞ്ഞുകൊണ്ടായിരുന്നു വൈഗയുടെ ചോദ്യം....... """നിന്റെ തന്ത പോസ്റ്റ്മാൻ ശങ്കരൻ കൊണ്ടു തരോടി ഹണിമൂണിനുള്ള പൈസ....""" ബലമാർന്നശബ്ദത്തിലുള്ള ആ മറുപടിയിൽ കേട്ട് ചിണുങ്ങികൊണ്ടവൾ അവനു നേരെ നോക്കി ഉറക്കെ വിളിച്ചു...... """....പ്രിൻസേ....""" """അല്ല പിന്നെ...... മനുഷ്യന് നിവർന്നു കിടക്കാൻ മര്യാദക്കൊരു കൂരയില്ല അപ്പോഴാ അവൾടെ ഒരു ഹണിമൂൺ.... """ """ഇവൻ?..... മനുഷ്യൻ ഇത്തിരി റൊമാന്റിക് ആയി വരുമ്പോഴാ..... മ്മ്.....നീ രാവിലെ തന്നെ കുടിച്ചല്ലേ?...... """

കണ്ണുക്കൂർപ്പിച്ച് വൈഗ അവനെ ഒന്നു ചൂഴ്ന്നു നോക്കി..... """അത് കൊള്ളാം...... രാവിലെ രണ്ടെണ്ണം വീശിയത് കൊണ്ടാ കോളേജിലേക്കില്ലാ എന്നു പറഞ്ഞത്... അപ്പൊ പിന്നെ അന്നേരം അവൾക്ക് നട്ട വെയിലത്ത്‌ കടല് കാണണം .... അവസാനം കുടിച്ചതായി കുറ്റം....""" അവന്റെ ഗൗരവിലുള്ള സംസാരം കേട്ടപ്പോൾ ചിരിയാണ് വൈഗയ്ക്ക് വന്നത്..... പൂഴി മണൽ മുഷ്ട്ടിയിൽ ഒതുക്കി താഴേക്ക് വിതറുന്നവനെ പ്രണയാർദ്രമായി പുഞ്ചിരിച്ചവൾ വീണ്ടും അവന്റെ തോളിലേക്ക് ചേർന്നു..... അവന്റെ ഇടതുകാതിലെ ഒറ്റ കടുക്കന് തൊട്ടു താഴെയായി പച്ചക്കുത്തിയിരുന്ന കറുത്ത കുരിശിലേക്ക് വിരലോടിച്ചു കൊണ്ട് വൈഗ ആർദ്രമായി പറഞ്ഞു.... ""ടാ.... പ്രിൻസേ....... മ്മ്......നമുക്കേ..... ആ വേദയ്ക്ക് ഒരു പണി കൊടുക്കണം.....കേട്ടോ.... ഞാൻ ക്ലാസ്സിൽ നിന്നും മുങ്ങുന്ന കാര്യം ഇന്നലെ അവൾ വീട്ടിൽ പറഞ്ഞു...""" വൈഗ പറയുമ്പോൾ പ്രിൻസ് സംശയത്തോടെയാണ് അവളെ നോക്കിയത്.... """അവളങ്ങനെ പറഞ്ഞോ?...""" അവന്റെ പുരികം ഒന്നു ചുളുക്കി.... """അ.. അങ്ങനെയല്ല.....

ഞാൻ ക്ലാസ്സിൽ ശ്രെദ്ധിക്കാത്തതു പോലെ അമ്മക്കൊരു സൂചന കൊടുത്തു.... അതാ.... നീ നാളെ കോളേജിൽ ചെല്ലുമ്പോൾ എല്ലാരുടെയും മുന്നിൽ വെച്ച് ആ വേദയുടെ തൊലി ഉരിക്കണം കേട്ടല്ലോ.....എങ്കിലേ അവളിത്തിരി അടങ്ങത്തൊള്ളൂ..... """ അവന് നേരെ ചൂണ്ടു വിരൽ നീട്ടുന്ന വൈഗയെ കാണെ അവൻ വേണ്ട എന്നൊരു ഭാവത്തിൽ തലയനക്കി..... """നിനക്കെന്തിന്റ കേടാ വൈഗേ...... അതിനോടെന്താ ഇത്ര ദേഷ്യം...നീ ഇതൊക്കെ പറയുന്നത് കൊണ്ടാ ഞാൻ ഇടക്കിടക്ക് അവൾക്കു ചെറിയ ഡോസ് കൊടുക്കുന്നെ....സത്യം പറഞ്ഞാ അതൊരു പാവാ.... ഒരു മിണ്ടാ പൂച്ച..... ആർക്കും ഒരു ശല്യവും ഇല്ല........ഒന്നുമല്ലേലും നിനക്കുള്ള ഒരേയൊരു കൂടപ്പിറപ്പല്ലേ ... അതും ഒരുമിച്ച് ഒരേ രൂപത്തിൽ ജനിച്ചവർ..... """ """ഓ കൂടെ പിറപ്പ്....... എനിക്കവളെ എന്തോ പണ്ടേ ഇഷ്ട്ടമല്ല... അവളും അവൾടെ ഒരു വിക്കും.... നിനക്കറിയോ ... എത്ര തവണയാ അവളു കാരണം ഞാൻ നാണം കെട്ടിട്ടുണ്ടെന്ന്.... അവളെ കളിയാക്കുന്നവരൊക്കെ ആള് മാറി എന്റെ അടുത്താ വരുന്നേ....."""

ചുണ്ട് മലർത്തികൊണ്ടിരിക്കുന്ന വൈഗയിൽ നോട്ടം നീട്ടിയവൻ ഒന്നേങ്ങി ചിരിച്ചു..... ""മ്മ്... അത് ഒള്ളതാ .... എന്തൊരു സാമ്യാ നിങ്ങള് തമ്മില്....അല്പം പോലും വ്യത്യാസമില്ല..... എനിക്ക് തന്നെ എത്ര തവണ മാറിയിട്ടുണ്ട് എന്നറിയോ.... പിന്നെ അവള്ടെ നാടൻ വേഷവും പതറിയുള്ള നോട്ടവും കാണുമ്പോഴാ നീ അല്ലാന്നു മനസ്സിലാകുന്നേ...."""" """"""....മ്മ്.....""""""" ഒന്നിരുത്തി മൂളികൊണ്ട് അവന്റെ ചെമ്പൻ മുടിയിഴകളെ തന്റെ വിരലുകളാൽ കോതിയൊതുക്കി അവനെ തന്നെ ഇമവെട്ടാതെ വൈഗ അങ്ങനേ നോക്കിയിരിക്കുമ്പോഴാണ് ബാഗിൽ നിന്നും നിർത്താതെ ഫോൺ റിങ് ചെയ്യുന്നത് അവൾ കേട്ടത്..... തറയിൽ നിന്നും ബാഗിലെ ഫോൺ എടുത്ത് നോക്കുമ്പോൾ ചെറിയൊരു പുഞ്ചിരി അവളുടെ മുഖത്ത് വിടർന്നു..... ""....സൗമ്യ....""" അവൾ പ്രിൻസിന്റെ മുഖത്തേക്ക് ഒന്ന് നോക്കി..... """സൗമ്യയാ .... ക്ലാസ്സിൽ കാണാത്തത് കൊണ്ട് വിളിക്കുന്നതാവും .... ഞാനിപ്പോ വരാവേ....""" അവനോട് അനുവാദമെന്നോണം പറഞ്ഞവൾ അവിടെ നിന്നെഴുന്നേറ്റു ....

ജീൻസിൽ പറ്റിയിരുന്ന മണൽ തരികളെ തട്ടികളഞ്ഞു ഷോർട്ട് ടോപ്പിന്റെ തുബു വിടർത്തി .... അല്പം മാറി നിന്ന് കാൾ അറ്റന്റ് ചെയ്തു..... """...ഹലോ....""" ""'എന്താണ് വൈഗാ മാഡം ഇന്നും ലീവ് ആണോ...""" കളിയാക്കൽ പോലെ മറുഭാഗത്ത്‌ നിന്ന് വന്ന മറുപടിയിൽ അവളൊന്നു ചിരിച്ചു കാട്ടി..... ""അതേല്ലോ മോളെ....ഞാനെ ഇപ്പൊ തിരമാല എണ്ണി നിൽക്കാ......""" """ എന്റെ ദൈവമേ... ബീച്ചിലോ.... അപ്പൊ രാവിലെ വീട്ടിൽ നിന്നും മുങ്ങിയോടി..... "" """"പിന്നല്ലാതെ....എന്റെ പ്രിയപ്പെട്ട ചങ്ക് സൗമ്യേടെ വീട്ടിൽ പോകണമെന്ന് പറഞ്ഞങ്ങു മുങ്ങി...""" """യ്യോ... ദുഷ്ട്ടെ...മ്മ്...കൊള്ളാം എന്തായാലും........ന്നിട്ട്... ആരാ കൂടെ...രാഹുലോ..... അതോ.... പ്രിൻസോ? """ സൗമ്യ അത് ചോദിക്കുമ്പോൾ പുച്ഛഭാവത്തിൽ വൈഗ തിരിഞ്ഞു പ്രിൻസിനെ ഒന്നു നോക്കി.... """...പ്രിൻസാ...""" """"എന്നാലും എന്റെ പൊന്നു മോളെ നിന്നെ സമ്മതിക്കണം.... ആരെയാ ഈ വളച്ചു വെച്ചേക്കുന്നേ.... ഒരുത്തിക്കും പിടികൊടുക്കാത്ത കലിപ്പൻ ക്യാമ്പസ് ഹീറോയെ അല്ലേ.....

എന്തായിരുന്നു അവന്റെ ജാഡ.....സീനിയേഴ്‌സിലെ സിംഹക്കൂട്ടി..... സിവിൽ സെക്കന്റ്‌ ഇയർ വിദ്യാർഥിനിയായ വൈഗാലക്ഷ്മിയുടെ മുന്നിൽ മുട്ടു മടക്കിയില്ലേ......നീ ലാൻഡ് ചെയ്ത് ആറാം മാസം അവൻ ഡിം....അല്ല ഇവനെ ഇനി എന്നാണാവോ തേയ്ക്കുന്നെ...... """ """ആ എന്തായാലും കുറച്ചു നാള് ഇതിന്റ പുറകെ നടന്ന് ചെരുപ്പ് തേഞ്ഞതല്ലേ .... തൽകാലം അടുത്തത് സെറ്റാകുന്നത് വരെ ഇങ്ങനങ്ങു പോട്ടെ.....""" ഒരു വഷളൻ ചിരിയോടെ വൈഗ മറുപടി നൽകി... അപ്പോഴും അവളെ ഒന്ന് ശ്രെദ്ധിയ്ക്ക പോലും ചെയ്യാതെ ആഴിയിലേക്ക് മിഴികൾ പായിച്ചിരിക്കുകയായിരുന്നു പ്രിൻസ്.... """"അത് മനസ്സിലായി... അതിനല്ലേ നീ...... ഈ റീലേഷൻഷിപ്പിന്റെ കാര്യം കോളേജിൽ ആരേം അറിയിക്കാതെ കൊണ്ട് പോകുന്നെ ..... നിന്റെ തല അപാരം... """ ""അതൊക്കെ കഴിവാണ് കുഞ്ഞേ... അല്ലെ..... വേദ തമ്പുരാട്ടി ഇതുവരെ എഴുന്നള്ളിയില്ലേ.....""" ഒഴുക്കൻ സംസാരത്തിനിടയിലും വേദാ എന്നു പറയുമ്പോൾ വൈഗയുടെ മുഖത്ത് അവളോടുള്ള വെറുപ്പ് പ്രകടമായിരുന്നു...... """വരേണ്ട നേരം ആയി വരുന്നല്ലേ ഉള്ളൂ... ഇപ്പൊ എത്തും വേ.. വേ...വേതാളം...""" ""ഓ ഇപ്പൊ ഏതേലും ബസ്സിന്റെ സീറ്റിൽ ചാരി ഉറക്കം തൂങ്ങി വരുന്നുണ്ടാവും കഴുത...."""" ❤️ 🎼

തേരിറങ്ങും മുകിലേ.... മഴത്തൂവൽ ഒന്നു തരുമോ.... നോവലിഞ്ഞ മിഴിയിൽ.... ഒരു സ്നേഹനിദ്ര എഴുതാൻ ..... 🎼 ബസ്സിന്റെ വിൻഡോ സീറ്റിലിരുന്ന് ഇരു ചെവികളിലും ചേർത്തു വെച്ച ഇയർ ഫോണിലൂടെ ഒഴുകുന്ന മനോഹരമായ ഗാനത്തിൽ ലയിച്ച് സ്വയം മറന്നിരിക്കുകയാണ് വേദ ..... ബസ്സിനെക്കാൾ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് അവളുടെ മുടിഴകളെ തട്ടിത്തെറിപ്പിക്കുമ്പോഴും പകൽ വെയിലിന്റെ സൂര്യ രശ്മികൾ അവളുടെ കൺപോളകളിലേക്ക് ചൂഴ്ന്നിറങ്ങുമ്പോഴും അവയെയെല്ലാം അവഗണിച്ച് മറ്റേതോ ലോകത്തായിരുന്നു അവൾ..... ഈണത്തോടൊപ്പം മൂളി നിന്ന അവളുടെ മൃതുലമാർന്ന ശബ്ദത്തിന് തടസ്സമെന്നോണം ബസ്സ് പെട്ടെന്ന് നിന്നു..... ആ മിഴികൾ പതിയെ തുറന്നു നോക്കുമ്പോൾ കണ്ടത് വലിയൊരു ഗേറ്റിനു മുന്നിലെ ' സി. എസ്.കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി ' എന്നെഴുതിയിരുക്കുന്ന ബോർഡാണ് ....... അവൾ ചാടി എഴുന്നേറ്റപ്പോഴേക്കും ബസ്സിൽ നിന്നിറങ്ങുന്നവരുടെ തിരക്കു കൂടിയിരുന്നു......... വേഗത്തിൽ അങ്ങോട്ടേക്ക് നടന്നു പോകുമ്പോഴാണ് ആരോ പിന്നിൽ നിന്നും ഷോൾ പിടിച്ചു വലിക്കുന്നത് പോലെ അവൾക്ക് തോന്നിയത് ......

സംശയത്തോടെ തിരിഞ്ഞവൾ നോക്കുമ്പോൾ നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന ഒരു കുറുമ്പത്തി തന്നെ നോക്കി ചിരിക്കുന്നു..... മെല്ലെ ആ കുഞ്ഞിനെ നോക്കി പുഞ്ചിരിച്ചു നിന്നു.... പൊടുന്നനെ എന്തോ ഓർത്തപോലെ വേഗത്തിൽ ബാഗിലെ ചെറിയ അറയിലെ സിബ് തുറന്ന് ഉള്ളിലെന്തോ പരതി നോക്കി..... തിരഞ്ഞത് കിട്ടിയതും കൈ ചുരുട്ടിനുള്ളിൽ രണ്ടു കഷ്ണം മിട്ടായി തുണ്ടുകളുമായി അവൾ ആ കുഞ്ഞിന് നേരെ വാത്സല്യത്തോടെ നീട്ടി.... സ്വന്തം അമ്മയെ ഒന്നു നോക്കി അനുവാദം വാങ്ങി ആ കുറുമ്പി അവ വാങ്ങുമ്പോൾ വല്ലാത്ത സന്തോഷമായിരുന്നു മുഖത്ത്..... """"എന്താ ചേച്ചീടെ പേര്?....""" ചെറിയ കൊഞ്ചലോടെ ആ കുരുന്നു ചോദിച്ചതും വേദ മെല്ലെ കുനിഞ്ഞു വലം കൈ കൊണ്ട് കുഞ്ഞ് താടി തുമ്പിനെ ഉയർത്തി.... പതിയെ ഏങ്ങി കൊണ്ടവൾ സ്വന്തം പേര് പറയാനായി ആഞ്ഞു..... """വേ.. വേ... വേദാത്മിക..... എന്താ.... മൊ.. മോ... മോൾടെ പേര്?....""""

വിക്കി...വിക്കി നിന്നവളുടെ സംസാരം കേട്ട് സീറ്റിൽ ഇരുന്നവരുടെ ശ്രെദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു...... ചിലരുടെ മുഖത്തു സഹതാപമാണ് കണ്ടതെങ്കിൽ മറ്റു ചിലരുടെ മുഖത്ത് പരിഹാസചിരിയായിരുന്നു...... അപ്പോഴും മുഖത്തെ നിറപുഞ്ചിരി മായ്ക്കാതെ നിന്ന വേദയുടെ വിരലുകൾ കുഞ്ഞി താടിയിൽ നിന്നും അടർന്നു മാറിയിരുന്നില്ല.... (തുടരും ) വിക്ക് ഉള്ള ഒരു പെൺകുട്ടിയുടെ കഥയാണ്.... എത്ര പേർക്ക് ഇഷ്ട്ടമാകും എന്നറിയില്ല...... ഒരു കുഞ്ഞ് കഥയാണ് .... ഒന്നഭിപ്രായം പറയണേ പ്ലീസ് ...... ഇഷ്ട്ടപ്പെട്ടാൽ തുടരാം കേട്ടോ ....... വേ..വേ..വേദാത്മിക....

Share this story