വേ.. വേ... വേദാത്മിക...: ഭാഗം 15

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

എങ്കിലും എൻ പ്രണയമേ..... നിന്റെ ഈ നയന രശ്മികൾ എന്നിലേക്കാഴ്ന്നിറങ്ങുമ്പോൾ ഹൃദയം കൊണ്ട് വാചാലമാകുന്നൊരെൻ നീണ്ട മൗനത്തെ നാവിൻ തുമ്പാൽ മുറിവേൽപ്പിക്കാൻ പോലും എന്റെ ഭാഷയെ ഞാൻ മറന്നുപോയിരിക്കുന്നു ....... ക്ഷണ നേരത്തെ നിശബ്ദതയിൽ മാൻ മിഴികളിൽ ഉടക്കി നിൽക്കെ മഴയുടെ ഇരമ്പലിന്റെ സ്വരം മാത്രം ഉയർന്നു കേട്ടു.... """"എ... എ.. എന്തിനാ ഇങ്ങനെ മഴ ന....നനയണേ.... """" മൗനം മുറിഞ്ഞ വാക്കുകളിൽ നിറഞ്ഞു നിന്നത് പരിഭവം കലർന്ന കോപം ആയിരുന്നു..... തെല്ലൊരത്ഭുതത്തോടെ നിന്നവന് മറുപടി ഉണ്ടായില്ല.... """അതെങ്ങനെയാ...... മ....മഴ നനഞ്ഞു പനി പിടിച്ചു കി..കിടന്നാ കഷ്ട്ടപ്പെടുന്നത് ആ അ...അമ്മച്ചി അല്ലേ...... ഇയാൾക്ക് അ...അതൊന്നും നോക്കണ്ടല്ലോ.....""" കരുതലോടെയുള്ള ദേഷ്യം എന്തോ മനസ്സിൽ പതഞ്ഞു വരുന്ന സന്തോഷം മീശ കോണിലേക്ക് പടർന്നു കയറുന്ന പോലെ..... """മൂക്കറ്റം ക...കള്ളും കുടിച്ച് ഓരോരോ തെമ്മാടിതരങ്ങളും കാ...കാട്ടി കണ്ട പെണ്ണുങ്ങളെ കയ്യിൽ നിന്ന് തല്ലുമേടിക്കുന്ന ത ...തല്ലുകൊള്ളി....."" അവസാനവാക്ക് പറഞ്ഞതും അവൻ മെല്ലെ ചിരിച്ചു കൊണ്ട് മുഖം വെട്ടിച്ചു മഴ ചാലിലേക്ക് മിഴി നീട്ടി........

"""ചി....ചിരിക്കാൻ പറഞ്ഞതല്ല..... ഞാൻ ഒ..ഒന്ന് ചോദിച്ചോട്ടെ.... എന്തിനാ ഇങ്ങനെ കുടിച്ച് സ്വയം ന...നശിക്കുന്നെ..."'"" അങ്ങനേ നോക്കി നിന്നവന്റെ തെളിഞ്ഞ മുഖം സാവധാനം മാറിയത് ആ വാക്കുകളിൽ കലർന്ന നൊമ്പരം തിരിച്ചറിഞ്ഞു തന്നെയായിരുന്നു..... """"ത..തന്റെ അമ്മച്ചി... അതൊരു പാവല്ലേ.... അന്ന് എനിക്ക് അ...ആക്സിഡന്റായീന്നറിഞ്ഞപ്പോ ഒരു തവണപോലും കണ്ടിട്ടില്ലാത്ത എനിക്ക് വേണ്ടി ഓടി വന്നതാ ആ അ...അമ്മ..... കൊച്ചിന് എന്റെ പ്രാർത്ഥനയുണ്ടാകുമെന്ന് പറഞ്ഞ് ജ...ജപമാലയും കയ്യിൽ തന്ന് ഈ നെറുകയിൽ മുത്തിയപ്പോ അറിയാതെ ക...കണ്ണുന്നിറഞ്ഞു പോയ്‌ എന്റെ...."""" പറഞ്ഞപ്പോൾ തൊണ്ടയിലേക്ക് ചെറിയൊരു നീറ്റൽ തിങ്ങിവന്നതും പൊടുന്നനെ അവൻ ഉമിനീറക്കി..... """"അ...അപ്പോഴും ആ അമ്മക്ക് സങ്കടം മുഴുവൻ ഈ മകനെ ഓ...ഓർത്തായായിരുന്നു..... കണ്ടവന്റെ എച്ചിൽ പാത്രം കഴുകി മകനെ കഷ്ട്ടപ്പെട്ട് പ...പഠിപ്പിച്ചിട്ടും ഒരു സീറ്റിന് വേണ്ടി കോളേജ് തോറും കയറിയിറങ്ങേണ്ടി വ..വന്നില്ലേ ആ അമ്മക്ക്....

എന്നിട്ടോ.... തല്ലും വഴക്കും കൂടാനല്ലാതെ താൻ എന്നെങ്കിലും കോളേജിൽ വ...വന്നിട്ടുണ്ടോ..... സ്വന്തം അമ്മച്ചിയെ പറ്റി ഓർത്തിരുന്നെങ്കിൽ ഇയ്യാളിങ്ങനെയൊക്കെ ചെ...ചെയ്യുമായിന്നോ....""" ഒറ്റ ശ്വാസത്തിൽ കിതപ്പോടെ വേദ പറഞ്ഞു നിർത്തിയതും അകലെ നിന്നൊരു ഇടിമുഴക്കം അന്തരീക്ഷത്തിലെങ്ങും പ്രതിധ്വനിച്ചു നിന്നു.... ഒരു നിമിഷത്തെ ശാന്തതക്ക് ശേഷം പരസപരം നോക്കുമ്പോൾ ഇരുവരുടെയും മിഴികളിൽ നനവ് തങ്ങി നിന്നിരുന്നു..... നനഞ്ഞ മിഴികൾ പൂട്ടി ഒരു ദീർഘനിശ്വാസത്തോടെ വേദ അവനിലേക്ക് ദൃഷ്ട്ടി പതിപ്പിച്ചു.... """"എന്റെ ക...കണ്ണു നനയുന്നത് സഹിക്കാൻ കഴിയില്ലെന്നല്ലേ പ...പറഞ്ഞേ..... അങ്ങനെയാണെങ്കിൽ ആദ്യം തുടക്കേണ്ടത് ആ അ....അമ്മയുടെ കണ്ണു നീരാ....""" അത്രമേൽ ആർദ്രമായ് പറഞ്ഞ വാക്കുകളിലൂടെ ഇഴഞ്ഞു നീങ്ങിയത് അവന്റെ ചിന്തകളായിരുന്നു.... ദൂരെ നിന്നും ബസ്സിന്റെ ഹോണടി കേട്ടയുടൻ അവൾ വലതുഭാഗത്തെ വീഥിയിലേക്ക് തിരിഞ്ഞു നോക്കി....

വലിയ ചുവന്ന ബസ്സ് വളവിലേക്കുള്ള ഹോണടി ആവർത്തിച്ചുകൊണ്ട് വേഗതയിൽ വരുന്നുണ്ട്..... കണ്ടതും തെല്ലൊരു നിരാശയോടെ അവൾ അവന്റെ കണ്ണുകളിലേക്ക് മിഴികൾ പായിച്ചു..... """""ഒ... ഒന്ന് മാറിക്കൂടെ പ്രിൻസേ... ആ അ...അമ്മക്ക് വേണ്ടിയെങ്കിലും....മ്മ്....""" മൃതുലമായിരുന്നു ആ സ്വരം... അത്രയും നേർത്തത്.... ബസ്സ് അടുത്ത് വന്നു നിർത്തിയതും ശില കണക്കേ നിൽക്കുന്നവനെ അവൾ പകച്ചൊന്നു നോക്കി.... പെട്ടെന്ന് അവന്റെ വലം കൈ പിടിച്ചുയർത്തി കുടകമ്പിയിലേക്ക് പിടിപ്പിച്ചു..... ദൃതിയിൽ തിരിഞ്ഞവൾ മഴ നനഞ്ഞു ബസ്സിലേക്ക് കയറുന്നത് അങ്ങനേ നോക്കി നിന്നു പ്രിൻസ്.... കയറിയവൾ ബസ്സിൽ വലത് സീറ്റിൽ അവന് കാണാവുന്ന ഭാഗത്ത്‌ ഇരുന്നു ശരീരത്തിൽ പറ്റിയ നനവിനെ തുടച്ചു കളയുമ്പോഴും അവന്റെ മിഴികൾ അവളിൽ നിന്ന് മാറ്റിയിരുന്നില്ല.... ഇരട്ട ബെല്ലടിച്ചുകൊണ്ട് ബസ്സ് മുന്നോട്ട് എടുത്തതും അവളിൽ നിന്നു വന്ന നോട്ടത്തിൽ വല്ലാത്തൊരു പ്രതീക്ഷ നിറഞ്ഞിരുന്നു.... ❤️

മുറ്റത്തെ അയയിൽ നിന്ന് തുണിയെല്ലാം എടുത്ത് മഴ കൊള്ളാതെ മേരി വീടിനകത്തേയ്ക്ക് ഓടി കയറിയപ്പോഴാണ് ഒരാൾ നനഞ്ഞു കുളിച്ച് ബൈക്കിൽ നിന്നും വരുന്നത് കണ്ടത്..... ശക്തിയായി പെയ്യുന്ന മഴയോടൊപ്പം കയറി വരുന്നവനെ കണ്ട് ഒരേ സമയം ദേഷ്യവും സങ്കടവും തോന്നി മേരിക്ക്.... """ഓ എന്നതാ ചെറുക്കാ ഇത്..... നിനക്ക് എന്നാത്തിന്റെ കേടാ ഇങ്ങനെ മഴ നനയാൻ....""" തുണികൾ കസേരയിലേക്ക് വെച്ച് മുഷിഞ്ഞ സാരി തലപ്പുകൊണ്ട് മേരിയവന്റെ തലയിലമർത്തി.... അപ്പോഴും എന്തെന്നില്ലാത്ത മേരിയുടെ മുഖത്തേയ്ക്ക് ഒഴുകിയ കണ്ണുകൾ നിച്ഛലമായിരുന്നു..... """എവിടേലും ഒതുങ്ങി നിക്കമേലായിരുന്നോ ചെറുക്കാ.... വെറുതെ മഴ കൊണ്ട് വല്ല ദീനോം വരാൻ....""" അത്ര നേരം പിടിച്ചു നിന്നവൻ സ്നേഹം കലർന്ന ശകാരം കേട്ടതും വിങ്ങലോടെ മേരിയുടെ തോളിലേക്ക് മുഖം പൂഴ്ത്തി..... """യ്യോ... എന്റെ കർത്താവെ... എന്നതാ കുഞ്ഞേ.... എന്നാ കാര്യം... എന്നേലും പ്രശ്നമുണ്ടേൽ അമ്മച്ചിയോടു പറ കുഞ്ഞേ....""" തെല്ലൊരു ഭയത്തോടെ ചോദിക്കുന്നവരുടെ ദേഹത്തെ ഒന്നുകൂടി ചേർത്ത് പിടിച്ചവൻ ഏങ്ങി നിന്നു.... """ശോ... പറ.. കുഞ്ഞേ... ആ കൊച്ചിനെ വീണ്ടും നീ വേദനിപ്പിച്ചോ...."""

"""വേദനിപ്പിച്ചത് എന്റെ... എന്റെ... അമ്മച്ചിയേയല്ലേ..."" പൊടുന്നനെ ചാടി നിന്നവൻ ഇരുകൈകളാൽ മേരിയുടെ മുഖത്തെ കോരിയെടുത്തു.... അത്ഭുതം നിറഞ്ഞനോട്ടം മേരിയുടെ കണ്ണുകളിൽ തെന്നി നീങ്ങി നിന്നതും അവന്റെ മിഴികളിൽ നനവ് പടർന്നിരുന്നു.... """....കുഞ്ഞേ...""" """"അതേ അമ്മച്ചി.....വേദനിപ്പിച്ചില്ലേ ഞാൻ എന്റെ അമ്മച്ചിയെ..... സങ്കടപെടുത്തീലെ..... മറന്നതാ ഈ പ്രിൻസ്.... ചെളികുണ്ടിൽ കാൽ വഴുതി വീണപ്പോ അതിൽ നിന്ന് പുറത്ത് കടക്കാൻ പോലും എന്റെമ്മച്ചീടെ മുഖം ഓർത്തില്ല ഞാൻ....... """ പറയുമ്പോൾ മേരി അറിയാതെ പൊട്ടി കരഞ്ഞുപോയ്‌.... """"വാശിയായിരുന്നു..... അമ്മച്ചി.... ആരുടെ മുന്നിലാണോ തോക്കരുതെന്ന് പറഞ്ഞു വളർത്തിയത് ആ ആളുടെ മുമ്പിൽ തന്നെ തലകുനിച്ചു നിൽക്കുന്ന അമ്മച്ചിയെ കണ്ടപ്പോ വല്ലാത്ത പുച്ഛം തോന്നി പോയ്‌.... അതെനിക്ക് വേണ്ടിയാണെന്ന് പോലും ഓർക്കാതെ അമ്മച്ചിയോടുള്ള വാശി തീർക്കായിരുന്നു പ്രിൻസ് ഇത്ര നാള്.....""""

പറയുമ്പോൾ മേരിയുടെ മിഴിയിൽ നിന്നും ഒഴുകിയ കണ്ണുനീരിനെ അവൻ തള്ളവിരൽ തുമ്പാൽ അമർത്തി തുടച്ചു..... """നേരാ അമ്മച്ചി...വേദനിപ്പിച്ചിട്ടേ ഉള്ളൂ..... ഞാൻ......എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഉയിരാണെന്നറിഞ്ഞിട്ടും എന്റെ അമ്മച്ചിയെ... ഞാൻ.... """ ഇടറി നിന്നവൻ മുഖം മെല്ലെ താഴ്ത്തുമ്പോൾ മേരി അവന്റെ നെറുകയിൽ മെല്ലെ തലോടി..... """എന്റെ കുഞ്ഞേ..... സാരയില്ലേടാ ചെക്കാ.... നീ ഇങ്ങനെ കരയാതെ..... അമ്മച്ചിക്ക് സഹിക്കാൻ പറ്റണില്ല....."" ചുവന്നു കലങ്ങിയ പ്രിൻസിന്റെ കണ്ണുകൾ പിന്നെയും മേരിയുടെ നേർക്ക് നീണ്ടു.... """'ഇത്ര നാൾ സ്വയം ഇരുട്ടിലൂടെ പ്രിൻസ് നടക്കുവായിരുന്നു..... അമ്മച്ചി.....കരുതലോടെ ഒരാൾ വെളിച്ചം പകരുന്നത് വരെ..... ഇനി മാറും ഈ പ്രിൻസ്........ മേരിയമ്മച്ചീടെ മോൻ ഇന്ന് മുതല് മാറാൻ തുടങ്ങാ...എന്റെ അമ്മച്ചീടെ ആഗ്രഹങ്ങൾക്കൊത്ത്..... ഇഷ്ടത്തിനൊത്ത്...""" പറഞ്ഞതും മനസ്സിൽ കലർന്നു വന്ന സങ്കടവും സന്തോഷവും വാക്കാൽ പകരാൻ കഴിയാതെ പ്രിൻസ് മേരിയെ വാരി പുണർന്നു.... ❤️ ജൂലറി ഷോപ്പിലേക്ക് ബൈക്ക് ഒതുക്കി നടന്ന് കയറുമ്പോൾ എന്തെന്നില്ലാത്ത സന്തോഷനായിരുന്നു പ്രിൻസിന്......

അമ്മച്ചീടെ വലിയൊരാഗ്രഹം..... അറിയാഞ്ഞിട്ടും കണ്ടില്ലാന്ന് നടിച്ച ആഗ്രഹം...... ""....എന്താ വേണ്ടത് സർ....""" ഓർത്തിരിക്കുമ്പോഴാണ് സെയിൽസ് മാൻ വന്നു ചോദിച്ചത്.. """ഒരു കൊന്ത വേണായിരുന്നു....... ഒ...ഒരു...പവന്റെ.....""" കിതപ്പോടെ പറഞ്ഞവൻ പാന്റ് പോക്കറ്റിലെ പേർസ് എടുത്ത് കുറച്ചു നോട്ടുകളും ഒരു സ്വർണ മോതിരവും ശ്രദ്ധയോടെ നോക്കി..... """...ഇതാ സർ മോഡൽ....""" അതിൽ നിന്ന് കണ്ണെടുക്കും മുൻബേ സെയിൽസ്മാൻ കൊന്തയുടെ മോഡൽസ് കൊണ്ട് വന്നു വെച്ചു..... മുഖത്തൊരു പുഞ്ചിരി പടർത്തി കൊണ്ടവൻ മോഡൽ ഓരോന്നായി നോക്കി..... അതികം കട്ടിയില്ലാത്തത്..... മുൻപ് ആ കഴുത്തിൽ കിടന്നത് പോലെയുള്ള ഒന്ന്‌.... അതാ അമ്മച്ചിക്ക് ഇഷ്ട്ടം...... ഇഷ്ടത്തോടെ ഒരെണ്ണം കയ്യിലെടുത്തു നോക്കുമ്പോഴാണ് പരിചയമുള്ളൊരാരോ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുന്നത് കേട്ടത്.... """"പ്ലീസ് മിഥുനേട്ടാ... എനിക്കാ ആ ഡയമണ്ട് റിങ് വേണം പ്ലീസ്....""" സംശയത്തോടെ പ്രിൻസ് മെല്ലെ തിരിഞ്ഞു നോക്കുമ്പോൾ സോഫയിലിരുന്നു ഫോണിലൂടെ കെഞ്ചുന്ന വൈഗയെയാണ് കാണുന്നത്..... കണ്ടപാടെ മുഖത്തുയർന്ന പുച്ഛത്തോടെ അവൻ തിരിച്ചുനിന്നു....

"""സത്യാണല്ലോ.... സാലറി കിട്ടിയ ഉടനെ മേടിച്ചു തരണോട്ടോ....ഓക്കേ... മിഥുനേട്ടാ...""" ചിരിയോടെ പറഞ്ഞവൾ ഫോൺ കട്ടാക്കി തിരിഞ്ഞതും കാണുന്നത് പ്രിൻസിനെയാണ്..... കണ്ടതും അവളൊന്ന് ഏങ്ങി ചിരിച്ചു.... ""...യ്യോ... പ്രിൻസ്.... നീ ഇവിടെ ഉണ്ടായിരുന്നോ....നിനക്ക് ഇങ്ങനെയുള്ള സ്ഥലങ്ങളൊക്കെ അറിയായിരുന്നു....."" അവനെ ആക്കിയുള്ള വർത്തമാനം പുരികം രണ്ടുമുയർത്തി അവൾക്ക് മുഖം കൊടുക്കാതെ അവനങ്ങനേ നിന്നു.... """"""ഛെ... നമ്മളെ ഒന്ന് മൈൻഡ് ചെയ്യെടോ..... മ്മ്... നിന്റെ തള്ളേടെ കമ്മലോ വളയോ വല്ലതും പണയം വെക്കാൻ വന്നതായിരിക്കും അല്ലേ....""" കേട്ടതും പല്ലിറുക്കി കൊണ്ടവൻ തിരിഞ്ഞു അവളെ ഒന്ന് നോക്കി... """...നിനക്കെന്താടി കോപ്പേ...""" കഴിവതും ശബ്ദം താഴ്ത്തിയാണവൻ പറഞ്ഞത്.... """ഓ എനിക്കൊന്നും വേണ്ടായേ....... അല്ലെങ്കിലും എനിക്ക് വേണ്ടി നിനക്കെന്ത് കുന്താടാ വാങ്ങാൻ പറ്റുന്നെ.... കുറേ... ബർഗറും പിസ്സയും അല്ലാതെ.....""" വൈരാഗ്യത്തോടെ പറയുന്നവളുടെ കണ്ണുകളിൽ നിന്നും പ്രിൻസ് വിട്ടു നിന്നു.... """...ഹലോ.... ഞാൻ.. സെലക്റ്റെയ്ത ആ നിക്ലൈസ് ഒന്ന് തരാവോ..."""

സെയിൽസ്മാനോട്‌ പറഞ്ഞവതും അവർ ഒരു ബോക്സ് എടുത്ത് ടേബിളിൽ വെച്ച് കൊടുത്തു....അവളത് തുറന്ന് അവന് നേരെ നീട്ടി.... """....നീ ഇത് കണ്ടോ....രണ്ടര പവന്റെ നിക്ലെസാ...മിഥുനേട്ടൻ എനിക്ക് ഗിഫ്റ്റ് തന്നത്....ഇനി അടുത്ത മാസം ദേ ആ ഡയമണ്ട് റിങ്.....""" അവിടെ വെച്ചിരുന്ന മോതിരത്തിലേക്ക് വിരൽ ചൂണ്ടിയ ശേഷം ഉത്സാഹത്തോടെ അവളാ മാലയെ കഴുത്തിലേക്ക് വെക്കുമ്പോൾ പുച്ഛം നിറഞ്ഞവൻ മുഖം വെട്ടിച്ചു.... """മിഥുനേട്ടൻ ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു... ഇപ്പൊ അത്യാവശ്യാന്ന് പറഞ്ഞ് ഇറങ്ങിയതാ.... ദേ ഈ ക്രെഡിറ്റ്‌ കാർഡും എനിക്ക് തന്ന്.... ആ.....നിനക്ക് ക്രെഡിറ്റ്‌ കാർഡ് എന്ന് പറഞ്ഞാ അറിയാവോ.... അല്ല.... നീ ഇതൊന്നും കണ്ടിട്ടില്ലല്ലോ....അതാ...ഞാൻ......""" """....നിർത്തടി....""" സഹികെട്ടവൻ അറിയാതെ അലറിപോയ്... പൊടുന്നനെ ചുറ്റും നിന്നവരുടെ ശ്രദ്ധ പതിഞ്ഞതും അവളൊന്ന് പരുങ്ങി.... ചുറ്റും കണ്ണോടിച്ചു കൊണ്ടവൻ അവളരികിലായ് ചേർന്നു നിന്നു.....

'"""കൂടുതൽ തുള്ളാതെടി....... ഒരു പൊടിക്കൊന്നടങ്ങ്....തുള്ളി.... തുള്ളി നീ ഇതെങ്ങോട്ടാ പോണേ...... "'" പറയുമ്പോൾ അവനൊന്നു കൂർപ്പിച്ചു നോക്കി.... """"നിന്റെ ജീവചരിത്രോം സ്വഭാവമഹിമേം അറിയാഞ്ഞിട്ടാ ആ പൊട്ടൻ നിന്റെ പിറകേ ഇങ്ങനെ നടക്കുന്നെ.... ...അല്ല.... ചില കിഴങ്ങമ്മാർ അങ്ങനാ കൊണ്ടാല്ലേ പഠിക്കൂ..... നിന്റെ തനിക്കൊണം അറിയുന്ന നിമിഷം... വാലും പൊക്കി ഓടും നിന്റെ മിചുനേറ്റൻ..... """ അവസാനവാക്കിൽ പുച്ഛം നിറച്ചവൻ നാവ് കുഴക്കി ...... """നീ പേടിക്കണ്ട.... അതിനായിട്ട് ഞാനിനി ഒരിക്കലും നിന്റെ പിറകേ വരില്ല..... ആ പരുപാടി ഈ പ്രിൻസ് അങ്ങ് നിർത്തി..... കാരണം നിന്നോട് പ്രതികാരം ചെയ്യുമ്പോൾ കൂടെ നശിക്കുന്നത് എന്റെ ജീവിതം കൂടിയാണെടി......."""" വെറുപ്പ് തിങ്ങിയ പ്രിൻസിന്റെ മുഖം കുറച്ചുകൂടി ചുവന്നു കയറി..... """"എനിക്കെന്തേലും പറ്റിയ വേദനിക്കുന്ന കുറച്ച് പേര് ഈ ലോകത്തുണ്ട്.... അവർക്ക് വേണ്ടിയെങ്കിലും എനിക്ക് ജീവിക്കണം.... നിനക്കുള്ള പണി ദൈവം നേരിട്ട് തന്നോളും.... അതിന് നീ വിഷമിക്കണ്ടാട്ടോ.... ശല്യപ്പെടുത്താതെ ഒന്ന് പോടീ കോപ്പേ .........""" ചുണ്ട് കോണിച്ചവൻ പറഞ്ഞ് നിർത്തുമ്പോൾ ദേഷ്യത്തോടെ വൈഗ ബിൽ സെക്ഷനിലേക്ക് നടന്നു നീങ്ങി ..... ❤️ """"ഭഗവാനെ..... ഇനിയും ഈ ഉള്ളവളെ... വേദനിപ്പിക്കല്ലേ....

കാർമേഘങ്ങളെല്ലാം ഒഴിഞ്ഞ് ഇപ്പൊഴാണ് മനസ്സൊന്ന് ശാന്തമാകുന്നത്...... കരയിക്കാൻ ഇട വരുത്തരുതേ.....കൃഷ്ണാ....."""" """.....ഇതാ കുട്ടി പ്രസാദം....""" പൂജാരി പ്രസാദവും ഏന്തികൊണ്ട് വിളിച്ചപ്പോഴാണ് വേദ കണ്ണുതുറന്നത്..... മെല്ലെ ഇരുകൈകളും ഭക്തിയോടെ നീട്ടി..... നടയിൽ നിന്നും തിരിഞ്ഞു നെറ്റിയിലേക്ക് വിരലൊപ്പി തൊടുമ്പോൾ മനസ്സ് കൽവിളക്ക് പോലെ തെളിഞ്ഞു നിന്നു..... """ഇന്നലെ മുതലേ ഭഗവാനെ കാണാമെന്നു ഉൾനെഞ്ചിൽ വല്ലാത്തൊരു ആഗ്രഹം.... അമ്മക്ക് വരാൻ പറ്റില്ലാന്നു പറഞ്ഞപ്പോ ഒറ്റക്ക് ഓടി വന്നതാ.... എന്റെ കൃഷ്ണനെ കാണാൻ.....""" അമ്പലമുറ്റത്തെ ആൽതറയും കഴിഞ്ഞ് അമ്പലത്തിലെ മണിയൊച്ചയും കേട്ട് പതിയെ നടക്കുമ്പോഴാണ് വലിയ ഇരുമ്പു ഗേറ്റിനുമപ്പുറം ഒരാൾ ബൈക്കിൽ ചാരി നിൽക്കുന്നത് കണ്ടത്..... മെറൂൺ കളറിൽ മുട്ടു വരെ മടക്കിയ ഫുൾ സ്ലീവ് ഷർട്ടും ആ നിറത്തിൽ തന്നെ കരയുള്ള മുണ്ടും........

എപ്പോഴും അലസ്സമായി കിടന്നിരുന്ന ചെമ്പൻ മുടികളെ ചീകി ഒതുക്കിയതിനോടൊപ്പം.....പടർന്നു കിടന്ന കട്ടതാടിയെ ഡ്രിം ചെയ്ത് വെച്ചിരിക്കുന്നു..... ഇടതുകാതിലെ ഒറ്റ കടുക്കനും... കയ്യിലെ കറുത്ത ബാൻറ്റും അപ്രതക്ഷ്യമാണ്..... എന്നും കാണുന്നതിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു....വിശ്വസിക്കാൻ കഴിയാത്തത്ര മാറ്റം..... ഇപ്പൊ കാണാൻ എന്താ ഐശ്വര്യം..... അവളെ ദൂരെ നിന്നും കണ്ടപാടേ ബൈക്കിൽ ചാരി നിന്ന പ്രിൻസ് മെല്ലെ എഴുന്നേറ്റു നിന്നു..... ഷർട്ടിന്റെ തുമ്പ് തേച്ചു വിട്ട് തന്നെ ഒരു കള്ളച്ചിരിയോടെ അടിമുടി നോക്കുന്നവളെ കാണെ അവനൊന്നു ചമ്മി നിന്നു...............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story