വേ.. വേ... വേദാത്മിക...: ഭാഗം 26

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

"""പെറ്റു പോറ്റി വളർത്തിയവരുടെ ശാപം പേറിയാ......മോനേ... പിന്നെ നമ്മുടെ ജീവിതം ഒരിക്കലും ഒരുകാലത്തും ഗുണം പിടിക്കേല.... അതിന് ഏറ്റവും വല്യ ഉദാഹരണാ ഈ അമ്മച്ചീടെ ജീവിതം...""" """....അമ്മച്ചി ഇതെന്നതൊക്കെയാ പറയണേ... എനിക്കൊന്നും മനസ്സിലാവുന്നില്ല...""" ആശങ്കനിറഞ്ഞവൻ പറഞ്ഞതും വിതുമ്പികൊണ്ടവർ പ്രിൻസിനെ മാറോടടക്കി പിടിച്ചു.... സ്വന്തം അമ്മയുടെ നെഞ്ചിടിപ്പ് കേൾക്കെ അവന്റെ മനസ്സ് അസ്വസ്ഥമായി കൊണ്ടേയിരുന്നു.... പതറികൊണ്ടവൻ പെട്ടെന്ന് അവരുടെ കൈ വലയത്തിൽ നിന്നും അടർന്നു മാറി... """ഹാ... എന്നതാ... അമ്മച്ചി.... എന്നതാ കാര്യോന്ന് ഒന്ന് തെളിച്ച് പറയ്യ്....."""" വെപ്രാളത്തോടെ ചോദിക്കുന്നവന് മുന്നിൽ നിരാശയിൽ മേരി മുഖം കുനിച്ചു.... ""'...പറ അമ്മച്ചി... ദേ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടേ....."""" ചൂണ്ട് വിരൽ നീട്ടി പറയുന്നവന് നേരെ നിറ മിഴികൾ നീട്ടി നിന്നവർ അവന്റെ ചുമലിൽ കരം ചേർത്തു .... """....മോനേ... അത്....""" """യ്യോ... ഒന്ന് പറ അമ്മച്ചി... എന്നേലും പ്രശ്നമുണ്ടോ...മണ്ഡപത്തിലെന്നേലും ....""" കേട്ടതും ശങ്കയോടെ മേരി അവനെ ചേർത്തു പിടിച്ചു.... """കുഞ്ഞേ.... കല്യാണം... കല്യാണം മുടങ്ങി കുഞ്ഞേ.... ആ പെൺകൊച്ച് മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയ്‌....""" പറയുമ്പോൾ ഒരു തുള്ളി നീർക്കണം അവരുടെ കവിൾ തട്ടി തെറിച്ചു വീണിരുന്നു...

"""അതാന്നോ ഹോ..... അല്ലേലും ആ ഉരുബെട്ടോള് ഇതല്ല... ഇതിനപ്പുറോം ചെയ്യൂന്നെനിക്ക് അറിയായിരുന്നു...... പിന്നെ എന്നാ ഉണ്ടായേ എന്റെ കൊച്ചിന്റെ അപ്പനെങ്ങാനും വല്ല കുഴപ്പോം പറ്റിയോ... അതിനാന്നോ അമ്മച്ചി ഇങ്ങനെ കരയുന്നെ...."""" സിമന്റ് തറയിലേക്ക് മിഴികൾ പാകി തിരയുന്ന മേരിയിലെക്കടുത്തവൻ ഒന്നുകൂടി ചോദിച്ചു.... """...അതല്ല കുഞ്ഞേ...""" ""'...പിന്നെ...'"' സംശയത്തിൽ പ്രിൻസ് തലചരിച്ചു കാട്ടി..... """കല്യാണം മുടങ്ങിയപ്പോ എല്ലാർക്കും വല്യ വെഷമായി കുഞ്ഞേ ...... കൊച്ചിന്റെ അപ്പൻ തളർന്നു വീഴാനൊക്കെ പോയ്‌.... നാട്ടുകാരുടെ മുന്നില് നാണം കെട്ട് നിന്നപ്പോ.... എല്ലാരുംകൂടി ഒരു.. ഒരു... തീരുമാനം എടുത്തു...."""" """ തീരുമാനോ ... എന്ത് തീരുമാനം.... """ വിക്കി വിക്കി നിന്നവർ ഒരു മാത്ര അവന് നേരെ നോക്കിയെങ്കിലും ആ കണ്ണുകളേ താങ്ങാൻ കഴിയാതെ മിഴികൾ താഴ്ന്നു പോയ്‌ അവരുടെ.... """അത്... അത്.. കുഞ്ഞേ.... വെ.... വേദ മോളെ.... വധുവിന്റ സ്ഥാനത്ത് നിർത്താൻ...."" അവസാനവാക്കിൽ വിതുമ്പിനിന്നവർ പൊടുന്നനെ അവന്റെ മാറോടു ചേർന്നതും ഹൃദയം നിലച്ചു പോയ്‌ പ്രിൻസിന്റെ......

പൊരുൾ യാതൊന്നുമേ മനസ്സിലാകാതെ നിഛലമായി നിൽക്കുന്നവൻറെ മിഴികളിൽ മിന്നി മാഞ്ഞത് അവന്റെ വേദയുടെ മുഖം മാത്രമായിരുന്നു..... """....എന്നതാ... എന്നതാ... അമ്മച്ചി പറഞ്ഞേ....""" വിറയാർന്ന സ്വരം അവന്റെ നാവിൽ നിന്നും വഴുതി മാറവേ നിശ്വാസം കൂടി കളർന്നിരുന്നു.... """....പറ അമ്മച്ചി എന്നതാ....പറഞ്ഞേന്ന് """ അവന്റെ ഇരു കരങ്ങളും മേരിയുടെ തോളിലേക്ക് ചേർത്തുലച്ചവൻ അലറി നിൽക്കുമ്പോൾ മറുപടിക്കായി നിറമിഴികൾ തേടുകയായിരുന്നു.... """"നേരാ കുഞ്ഞേ.... അവള് ..... നമ്മുടെ വേദ കൊച്ച്... നമ്മുടെ കൈവിട്ട് പോയ്‌..... ആ പാവത്തിനെ എല്ലാരും കൂടി പിടിച്ച് വധുവിന്റ സ്ഥാനത്ത് നിർത്തി മോനേ....""""" സാരിതുമ്പ് ചുണ്ടിലേക്കമർത്തി മേരി പറയുമ്പോൾ സ്വബോധം നഷ്ട്ടപെട്ടവനെ പോലെയായിരുന്നു അവൻ..... """ന്നിട്ട്..... എന്നിട്ട്.... അമ്മച്ചി ഒന്നും പറഞ്ഞില്ലേ..."" "''' ......മോനേ...""' """അമ്മച്ചിക്ക് പറയായിരുന്നില്ലേ അവൾക്ക് വേണ്ടി... അവൾക്ക് വേണ്ടി മാത്രം ഒരു ജീവൻ ഇവിടെ കാത്തിരിക്കുവാന്ന്...."" അഗ്നി ചാറുന്ന മിഴികളാൽ അവൻ മേരിയുടെ മുന്നിൽ ജ്വലിച്ചു നിൽക്കുമ്പോൾ സമാധാനപെടുത്തുവാൻ വാക്കുകൾ തിരയുകയായിരുന്നു അവർ... ""'കുഞ്ഞേ... അവിടെ എല്ലാരും അത്രക്കും തകർന്നു നിക്കുവായിരുന്നു.....

എല്ലാർടെയും മുന്നില് നാണം കെട്ട് തലകുനിച്ചു നിൽക്കണ കണ്ടപ്പോ.... എന്റെ അപ്പനേം അമ്മച്ചിയേയും ഓർമ വന്നുപോയ് മോനേ... അവരും ഇത് പോലെ ഞാൻ കാരണം നിന്നതല്ല്യോ..... അവരെ പറ്റി ഓർത്തപ്പോ.... """ """അമ്മച്ചി എന്നെ പറ്റി ഓർത്തോ.... എന്റെ വേദ കൊച്ചില്ലാണ്ട് ഞാൻ എങ്ങനെ ജീവിക്കൂന്ന് ഓർത്തോ...""" അവന്റെ രൂക്ഷമായ നോട്ടം താങ്ങാനാവാതെ മേരി ഭിത്തിയിലേക്ക് ചാരി നിന്നു പോയ്‌.... ""പറ അമ്മച്ചി..... ഒന്ന് ഒന്ന് കൂടെ നിൽക്കായിരുന്നില്ലേ.... എന്റെ കൊച്ചിന്റെ കൂടെ.... ഒന്ന് ശബ്ദം ഉയർത്തായിരുന്നില്ലേ......പാവം ഒറ്റക്ക് അവളെങ്ങനെ എതിർക്കാനാ..... അതിനും മാത്രം ബലമില്ല എന്റെ പെണ്ണിന്റ മനസ്സിന്..... എല്ലാരുംകൂടി സമ്മതിപ്പിച്ചിട്ടുണ്ടാവും.... ഇല്ല.... നടത്തില്ല.. ഈ പ്രിൻസ്.... അങ്ങനെ മറ്റൊരുത്തനും വിട്ടു കൊടുക്കേല എന്റെ കൊച്ചിനെ....""" പറഞ്ഞവൻ മേശ പുറത്തു നിന്നും ബൈക്കിന്റെ താക്കൊലെടുത്തു മുന്നിലേക്കാഞ്ഞതും കയ്യിൽ മുറുക്കി തടഞ്ഞു അവർ..... """യ്യോ പോകരുത് മോനേ........ഡോക്ടർ പറഞ്ഞതല്ലേ യാത്രയൊന്നും പാടില്ല.... """"മിണ്ടരുത് നിങ്ങള്.... എന്റെ പെണ്ണിനെ മറ്റൊരുത്തനു വിട്ടു കൊടുത്തിട്ട് വന്നിരിക്കുന്നു..... അമ്മച്ചിക്കെങ്ങനെ തോന്നി... അവളീ പ്രിൻസിന്റെ ജീവനാണെന്ന് അമ്മച്ചിയേക്കാൾ നന്നായിട്ട് ആർക്കാ ...

. ആർക്കാ അമ്മച്ചി അറിയാവുന്നെ.....""" സ്വന്തം മാറിലേക്ക് ഉള്ളം കൈ അമർത്തി പിടിച്ചവൻ പറയുബോൾ ആ ഹൃദയതുടിപ്പിന്റെ ശബ്ദം മേരിയുടെ കാതുകളിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.... """ഒരു കാര്യം ഞാൻ പറഞ്ഞേക്കാം അമ്മച്ചി.... ഞാൻ.... ഞാൻ അവിടെ എത്തുമ്പോഴേക്കും എന്റെ പെണ്ണിന്റ കഴുത്തില് ആ മിഥുന്റെ താലി വീണിട്ടുണ്ടെങ്ങി.... പിന്നെ... പിന്നെ അമ്മച്ചീടേ മോനെ അമ്മച്ചി ഇനി ഒരിക്കലും കാണുകേല... പ്രിൻസാ പറയണേ...""" അവന്റെ ദൃഢമാർന്ന സ്വരത്തിൽ ഉയർന്ന വാക്കുകൾ ഒരു നിമിഷം നെഞ്ചിലേക്ക് ഇടിമിന്നൽ വീണപോലെ മേരിക്ക് തോന്നി.... തെല്ലിട വൈകാതെ ദൃതിയിൽ ബൈക്കിലേക്ക് ഓടി കയറി അവൻ വണ്ടി സ്റ്റാർട്ട്‌ ആക്കി നീങ്ങുമ്പോൾ ഉമ്മറപടിയിലേക്ക് തളർന്നിരുന്നിരുന്നു മേരി.... """"അവൾ എന്റെ വേദ കൊച്ച്..... """ ഫുൾ സ്പീഡിൽ നീങ്ങുന്ന ബൈക്കിലൂടെ ഓടി മറയുന്ന ഓർമകളൊക്കെ അവളുടെതായിരുന്നു.... അവളുടെ കണ്ണുകൾ..... നിറപുഞ്ചിരി...... നാണം തുളുമ്പുന്ന മുഖം.... എല്ലാം കാഴ്ചക്കപ്പുറം മിന്നിമായവേ നെറ്റിത്തടത്തിലെ വെള്ളത്തുണികെട്ടിൽ നിന്നും രക്തം ഇറ്റുവീഴാൻ തുടങ്ങിയിരുന്നു.....

അവ പുരികരോമങ്ങൾക്കിടയിൽ തെന്നി കൺപോളയിലേക്ക് ഒഴുകിയിറങ്ങിയതും കാഴ്ച്ച മറയുന്നത് പോലെ തോന്നിയവന്..... മിഴികൾ യാത്രികമായി അടഞ്ഞുകൊണ്ടേയിരുന്നു...... ""വീഴരുത് പ്രിൻസേ.... ഇവിടെ നീ തളർന്നു വീണാൽ എന്നന്നേക്കുമായി നഷ്ട്ടപെടുന്നത് നിന്റെ പ്രാണനായിരിക്കും..... "" മനസ്സിൽ ഉരുവിട്ട് കൊണ്ട് കൺകോണിലേക്കായ് ഊർന്നിറങ്ങുന്ന ചോരപാടയെ വലം കയ്യാൽ തുടച്ചു നീക്കി അവൻ യാത്ര തുടർന്നു.... ❤️ """എനിക്ക്... അ...അച്ഛനെ കാണണം...."""" """മോളെ.... എന്റെ പൊന്നു മോള് സമ്മതിക്കണം... നമ്മുടെ....."""' """"എനിക്ക് അച്ഛനോടാ സ... സംസാരിക്കേണ്ടതമ്മാ..."""" പൊടുന്നനെ ദേവിയുടെ വാക്കുകൾ മുറിച്ചുകൊണ്ട് ഉച്ചത്തിൽ വേദ സ്വരം ഉയർത്തിയതും ....ഞെട്ടലോടെ ദേവിയുടെ കരച്ചിൽ അലറിയാതെ നിന്നുപോയ് .... ആ നിമിഷം വേദയിൽ ദേവി കണ്ടത് തീകനൽ പേറി നിൽക്കുന്ന തീക്ഷണമായ അവളുടെ ആ മിഴിളേയാണ്.... ഉയർന്ന ശബ്ദത്തോടൊപ്പം വാതിലിനു പുറത്തു കൊട്ടിയടിക്കുന്ന ഒച്ച കേൾക്കെ വേദ വെപ്രാളത്തോടെ കസേരയിൽ നിന്നെഴുന്നേറ്റു വാതിൽ തുറന്നു.... .....ശങ്കരനാണ്..... """..... അ... അച്ഛേ.....""" """".....മോളെ.."""" കണ്ടതും പൊട്ടികരഞ്ഞുകൊണ്ടവൾ അയാളുടെ തോളിലേക്ക് ചാഞ്ഞു....

"""എന്റെ അ.... അച്ഛൻ.... പറഞ്ഞ... ഞാൻ.. കേൾക്കാം...അച്ഛാ...... എന്തു വേണേലും ഈ... ഈ വേദ..... കേൾക്കാം..."" പറഞ്ഞവൾ അയാളിൽ അടർന്നു മാറി ശങ്കരന് അഭിമുഖമായി നിന്നു..... ""'പ... പക്ഷെ... അച്ഛന് തോന്നുന്നുണ്ടോ.. ... പുറത്ത് നിൽക്കുന്ന ആ മ... മനുഷ്യൻ.. എന്നെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചത്.... എന്നോട്... ഒ.. ഒരു തരി... ഒരു തരി സ്നേഹമെങ്കിലും ഉള്ളിൽ വെച്ചിട്ടാണെന്ന്....""" """........മോളെ...."" "'"" .....ഇല്ലച്ഛാ..... വാശി തീർക്കുന്നതാ.... വൈ... വൈഗയേ... കിട്ടാനിട്ടുള്ള നാണക്കേട് മാറ്റാൻ ചെ....ചെയ്യുന്നതാ...... അങ്ങനെ വ.. വാശി... തീർക്കാനുള്ള ഒരു വസ്തുവാണോ.... അ... അച്ഛാ... ഈ വേ.. വേദ....... ഞാൻ... ഞാൻ... ഒരു പെണ്ണല്ലേ.... എ... എനിക്കും ഒരു മനസ്സില്ലേ..... """" എങ്ങലടിച്ചു കരഞ്ഞു കൊണ്ടവൾ വീണ്ടും ശങ്കരനെ നോക്കുമ്പോൾ മൗനമായിരുന്നു അയാളുടെ മറുപടി.... """"ഇന്ന് നാലാളെ... ഭ... ഭയന്ന്..... അച്ഛനും അ... അമ്മയും എനിക്ക് വെച്ചു നീട്ടുന്ന ഈ ജീ...ജീവിതം ഉണ്ടല്ലോ....അതിന്റെ ഭാവി... എന്താകുമെന്ന്... ചി... ചിന്തിച്ചു നോക്കിയോ... അച്ഛൻ... ഇല്ലച്ഛാ..... മിഥുൻ സ... സാറിന് ഒരിക്കലും... ഒരിക്കലും എന്നെ പോലുള്ള ഒരാളെ സ്.. സ്നേഹിക്കാൻ കഴിയില്ല...."""" തൊണ്ടയിൽ നിന്നിറങ്ങിയ വേദനയെ ഉമിനീരാൽ ഇറക്കി മെല്ലെ അവളൊന്നു ശാന്തമായി...

""അ... അച്ഛനറിയാലോ........ മറ്റുള്ളവർക്ക് ചെറുതെന്ന് തോന്നുന്ന... ഒ.. ഒരു വലിയ പോരായ്മ കൊണ്ട... ഈ... വേ... വേദ ജനിച്ചത്.... നാ... നാവുറച്ച നാള് മുതൽ മറ്റുള്ളവരുടെ ക... കളിയാക്കൽ... ഏറ്റുവാങ്ങീട്ടെ.... ഈ വേദെടെ ഓരോ ദിവസവും കടന്ന് പോ.... പോയിട്ടുള്ളൂ..... ഒന്ന് നാവുടക്കാതെ ഒരക്ഷരം... പോ... പോലും സംസാരിക്കാൻ കഴിയാത്ത എന്നെ.... മിഥുൻ സാറ് ഒരിക്കലും മനസ്സിലാക്കാൻ പോണില്ല...... പോകെ.. പോകെ... വെറുപ്പേ ഉ... ഉണ്ടാകൂ....അച്ഛാ....""" ഇറ്റ് വീഴുന്ന കണ്ണുന്നീർ തുടച്ചവളുടെ ഓരോ വാക്കും നെഞ്ചിലേറ്റി ശങ്കരൻ നിശബ്ദതയിൽ മുഴുകി.... """"മിണ്ടാതെ... ഇ... ഇരുന്നിട്ടേ ഉള്ളൂ അച്ഛാ..... വിക്ക്..... എന്നാ... പേര്.... കേ.. കേൾക്കാൻ മടിച്ച്.... എല്ലാടവും മി.. മിണ്ടാതെ ഇരിന്നിട്ടെ ഉള്ളൂ.... ഈ വേ... വേദ... പക്ഷെ... ഇ... ഇന്ന്.... ഇവിടെ ....ഞാൻ... മിണ്ടാതെ നിന്നാൽ ത.. തകരുന്നത്.... എന്റെ ജീവിതമാ... അച്ഛാ..... വേറാരും ഇപ്പൊ എ... എനിക്ക്... വേണ്ടി... ശബ്ദം ഉയർത്താനില്ല....... എന്റെ മനസ്സ് കാ... കാണാനില്ല...."""" """......മോളെ...."""" പിന്നിൽ നിന്നും ദേവി വിളിച്ചതും വേദ കൈപ്പട ഉയർത്തി.... ."""....വേണ്ടമ്മ... അ... അമ്മ പോലും ഇപ്പൊ എന്നെ മനസ്സിലാക്കുന്നില്ല......""" പതിയെ വേദ ശങ്കരന്റെ താടിയിലേക്ക് വിരൽ ചേർത്തു... """അ... അച്ഛാ.... ""

പ്രണയം പോലും നാവുടക്കാതെ പ....പറയാൻ കഴിയാത്ത എന്നെ.... നെഞ്ചിടിപ്പ് പോലെ കൊണ്ട് ന...നടക്കുന്ന ഒരു ജീവനുണ്ട്...... ന്റെ പി... പ്രിൻസിച്ചായൻ..... എനിക്ക് വേണ്ടി മാ... മാറിയവൻ..... എന്നെ പ്രാണനായി ക... കരുതുന്നവൻ....... ഞാൻ... ഞാൻ.... ആ മനുഷ്യന്റെ മാലാഖ കൊച്ചാവാൻ സ്വപ്നം ക.. കണ്ടു കഴിയുന്നവൻ....... എന്റെ പാവം ഇച്ചായൻ....... എന്തിനാ അ...അച്ഛേ... ആ മഹാപാപി ചെയ്ത കുറ്റത്തിന് ഞാനും.. മി... മിഥുൻ സാറും .. പിന്നെ... പിന്നെ... ഒന്നുമറിയാത്ത എന്റെ ഇച്ഛായനും ഇത്രയും വല്യ ശിക്ഷ ഏ...ഏറ്റു വാങ്ങണെ.. പറ...അച്ഛാ....പറയ്...."""" """".......മോളെ.....""" ശങ്കരൻ അവളെ ആശ്വസിപ്പിക്കാനെന്നോണം അവളുടെ നെറുകയിൽ തലോടിയതും മെല്ലെ അവൾ ആ കരം പിടിച്ചവളുടെ കൈകൾക്കുള്ളിൽ ഒതുക്കി.... ""'""ഞാൻ... ഇ.. ഇപ്പൊഴും പറയുവാ.. അച്ഛേ.... ന്റെ അച്ഛൻ പറഞ്ഞ ഈ വേദ കേൾക്കാം... പക്ഷെ... പക്ഷെ... എന്റെ.. ഇച്ചായനെ ചതിക്കാൻ മാത്രം പ...പറയല്ലേ അച്ഛേ.... അച്ഛന്റെ വേ... വേദമോൾക്ക് അതിന് മാത്രം കഴിയില്ല....."""" അയാളുടെ നെഞ്ചിലൂടെ ഊർന്നവൾ ശങ്കരന്റെ കാലിലേക്ക് വീണു അലമുറയിട്ട് കരയുകയായിരുന്നു.... """....മോളെ അമ്മ പറയുന്നത് കേൾക്ക് നീ...""" കണ്ടതും ഓടി വന്ന് ദേവി തടയാൻ ശ്രമിച്ചപ്പോഴേക്കും ശങ്കരനെ ദേവിക്ക് നേരെ മിഴികൾ പായിച്ചു.... """.... വേണ്ട... ദേവി...... """ അയാൾ കാലിൽ ചുറ്റിക്കിടക്കുന്നവളെ പതിയെ പിടിച്ച് എഴുന്നേൽപ്പിച്ചു..... തന്നരികിലായ് ചേർത്തു നിർത്തി കവിളിടം വാത്സല്യത്തോടെ തഴുകി തുടച്ചു.....

"""എന്തിനാ ദേവി... നീ ഇവളെ വിലക്കണേ.... ഇവള് പറഞ്ഞതില് എന്ത് തെറ്റാ ഉള്ളേ... നാളെ നമ്മളങ് പോകും... പിന്നെ ജീവിതകാലം മുഴുവൻ ദുരിതം അനുഭവിക്കേണ്ടത് നമ്മുടെ കുഞ്ഞല്ലേ....""" """...... ശങ്കരേട്ടാ.... ആൾക്കാരോട് എന്ത് പറയും....""" """ഹും ആളോള്.... ഈ കൂടി നിൽക്കുന്ന നൂറ് പേർക്ക് വേണ്ടിയാണോ ദേവി.... നമ്മുടെ മോൾടെ ജീവിതം നശിപ്പിക്കുന്നെ..... മനസ്സില് ഒരുത്തനെ പേറി കഴുത്തിൽ മറ്റൊരുത്തന്റെ താലി ഏറുന്നതിനേക്കാൾ ഗതികേട് ഒരു പെണ്ണിന് വേറെ ഉണ്ടോ ദേവി.... ആ അവസ്ഥ വരുത്തണോ നമ്മുടെ മോൾക്ക്... ഈ ശങ്കരൻ ഇത്ര നാളും കഷ്ട്ടപെട്ടത് എന്റെ മക്കള് സന്തോഷായിട്ട് കഴിയാനല്ലേ...... എന്നിട്ട് ഈ ഞാൻ തന്നെ... എന്റെ പൊന്ന് മോൾടെ സന്തോഷം കെടുത്തണോ.... ഇവൾടെ ഈ കരച്ചില് കണ്ടാ അറിയില്ലേ ദേവി ആ ചെക്കൻ ഇവളെ എന്തുമാത്രം സ്നേഹിക്കുന്നെന്ന്....""" ❤️ കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ ശങ്കരൻ വേദയേയും ചേർത്ത് പിടിച്ച് മിഥുന്റെ അരികിലേക്കായ് ചെന്നു... ആകാംഷയോടെ അവളുടെ മറുപടിക്കായി കാത്തുനിൽക്കുകയാണ് മിഥുനും വീട്ടുകാരും......

"""......മോനേ...""" പ്രധീക്ഷ നിറഞ്ഞൊരു നോട്ടം അയാളിലേക്ക് നീട്ടി നിന്നു മിഥുൻ.... "''മോനേ...... ചില കാര്യങ്ങൾ സമയമെടുത്ത് ആലോചിച്ചേ നമ്മൾ തീരുമാനം എടുക്കാൻ പാടൊള്ളു...."" ശങ്കരന്റെ മറുപടി കേട്ടതും സംശയത്തോടെ അവൻ വേദയെ നോക്കി.... """"അതെ കുഞ്ഞെ.... അങ്ങനെ തീരുമാനം എടുക്കേണ്ട ഒരു കാര്യമാ വിവാഹം എന്ന് പറയുന്നത്..... ഒരാൾക്ക്‌ പകരം മറ്റൊരാളെ നിർത്താൻ ഇത് നാടകമല്ല കുഞ്ഞേ ജീവിതമാണ്.... ഒന്ന് താളം തെറ്റിയാ നശിച്ചു പോകുന്ന ജീവിതം....."""" ""....അങ്കിളേ ഞാൻ....'"""" """അറിയാം മോനേ..... നിന്റെ അവസ്ഥ ഈ അങ്കിളിന് മനസ്സിലാകും.... പക്ഷെ നീ ഈ പറയുന്ന നാട്ടുകാര് ഇന്നല്ലെങ്കിൽ നാളെ ഇതെല്ലാം മറക്കാനല്ലേ പോകുന്നത്...... നമ്മുടെ മനസ്സിനെ തോറ്റുകൊടുക്കുന്ന വരെ നമ്മളാരും ആരുടെയും മുന്നിൽ നാണം കെടില്ല കുഞ്ഞേ.... തെറ്റ് ചെയ്തത് വൈഗയാ.... നാണം കേട്ടതും തല കുനിക്കേണ്ടതും അവൾ മാത്രാ നമ്മളല്ല.....""" പറഞ്ഞയാൾ വലം കയ്യിൽ ചുറ്റി പിടിച്ചിരുന്നവളെ ഒന്നുകൂടി ചേർത്തു പിടിച്ചു....

"""എന്റെ മോൾടെ മനസ്സിൽ മറ്റൊരുത്തനാ കുഞ്ഞേ..... മനസ്സ് കൊണ്ട് വേറൊരാൾക്ക് സ്വന്തമായ പെൺകുട്ടിയെ സ്വീകരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതല്ലേ.... മോനേ മനസ്സിലാക്കുന്ന മറ്റൊരുവളെ തിരഞ്ഞെടുക്കുന്നത്.....""" ശങ്കരൻ പറഞ്ഞതും മിഥുൻ ദീർഘമായി നിശ്വസിച്ചു കൊണ്ട് മെല്ലെ ചിരിച്ചു കാട്ടി.... ❤️ ബൈക്ക് മണ്ഡപത്തിന്റെ മുന്നിലെത്തിയപ്പോൾ പ്രിൻസ് കണ്ടത് അവിടെ നിന്നും ആളുകൾ തിരക്കോടെ ഇറങ്ങി വരുന്നതാണ്..... പൊള്ളിനിന്ന നെഞ്ചിലേക്ക് ഒന്ന് കൂടി കനലേറി നിന്നപോലെ..... ബൈക്കിന്റെ സ്റ്റാന്റ് പോലും ഇടാൻ മറന്നവൻ ഉള്ളിലേക്ക് ഓടി കയറുമ്പോഴും നെറ്റിയിൽ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു.... പതട്ടലോടെ ഓടി വന്നവൻ ചുറ്റും പരിഭ്രാന്തിയോടെ കണ്ണോടിച്ചു... പന്തലിനു മുന്നിൽ ഒരുകൂട്ടം.... അവന്റെ ഷൂസിന്റെ ഒച്ച കേട്ടവർ തിരിഞ്ഞു നോക്കുമ്പോൾ ആ ഇടയിൽ അച്ഛന്റെ തോൾ ചേർന്നു നിൽക്കുന്നുണ്ടായിരുന്നു ..... അവന്റെ വേദക്കോച്ചും.... കിതപ്പു വിട്ടു മാറാതെ അവൻ നിറമിഴിയാലേ പകച്ചു നോക്കുമ്പോൾ വേദ ശങ്കരനിലേക്ക് ചെറു പുഞ്ചിരിയോടെ മിഴി നീട്ടി....

മൗനനുവാദമെന്നോണം ശങ്കരൻ പോകാനായി മെല്ലെ തലയനക്കി..... പൊടുന്നനെ അയാളിൽ നിന്നടർന്നു മാറി പ്രിൻസിനരികിലായി ഓടി അവൾ....... അല്പനേരം കൊണ്ട് താനനുഭവിച്ച സങ്കടങ്ങളെല്ലാം മിഴിയിൽ നിറച്ച് വിതുമ്പി കൊണ്ടുവൾ ആ മാറിൽ അണയുമ്പോൾ സ്തംഭിച്ചു പോയ്‌ അവൻ..... എന്താണ് സംഭവിച്ചതെന്നറിയാതെ പകപ്പോടെ മറ്റുള്ളവരെ നോക്കുമ്പോഴും അവന്റെ ഇടുപ്പിലേക്ക് ചുറ്റി പിടിച്ചു വേദ...... """ഇ... ഇല്ല..... എന്റെ ഇച്ചായനെ വിട്ടു.... ഈ വേ.. വേദകൊച്ച് എങ്ങും പോകില്ല.... ആർക്കുവേണ്ടിയും... ഒ... ഒന്നിന് വേണ്ടിയും വിട്ടു കൊടുക്കില്ല എന്റിച്ചായനെ ഞാൻ......""' ഏങ്ങി നിന്നവൾ പറഞ്ഞതും വിശ്വസിക്കാനാവാതെ കണ്ണീരിൽ കുതിർന്നൊരു പുഞ്ചിരി അവൾക്ക് നേരെ സമ്മാനിച്ചവൻ അവളെ ഇരുകരങ്ങളാലും ഇറുക്കി പുണർന്നു.... """"ഈ പ്രിൻസിന്റ ശ്വാസമങ്ങു നിന്നുപോയില്ല്യോടി കൊച്ചേ......""".................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story