വേ.. വേ... വേദാത്മിക...: ഭാഗം 3

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

പ്രഭാതസൂര്യന്റെ രശ്മികൾ ഗ്ലാസ്‌ ജനലിലൂടെ കടന്ന് വേദയുടെ കൺ പ്പോലകളെ മൃതുലമായ് തലോടിയപ്പോഴാണ് നിറസ്വപ്നത്തിന് തടസ്സം വീണത്..... നെറ്റി ചുളിച്ചു കൊണ്ട് മാൻ മിഴികൾ മെല്ലെ തുറന്നപ്പോൾ കണ്ടത് ഗ്ലാസിൽ പറ്റിപ്പിടിച്ചിരുന്ന മഴതുള്ളികളിൽ തട്ടി പ്രതിഭലിക്കുന്ന മഴവിൽ വർണ്ണങ്ങളെയാണ്.... എന്ത് മനോഹരമായ കാഴ്ച്ച..... നിറകൂട്ട് പതിഞ്ഞത് മനസ്സിനാണോ എന്നറിയില്ല.... എങ്കിലും വല്ലാത്തൊരു സുഖം പോലെ... മുഖം കഴുകി അടുക്കളയിൽ ചെല്ലുമ്പോൾ തിരക്കിട്ട പണിയിലായിരുന്നു ദേവി...... ""ഞാൻ സഹായിക്കണോ അ.. അമ്മേ..."" ""വേണ്ട കുഞ്ഞേ.... നീ ഇന്നലെ എല്ലാം ചെയ്ത് വെച്ചിട്ടല്ലേ പോയത്..... ഇനി ജോലിയൊന്നും ഇല്ല .... ദാ.... ഈ ചായകുടിച്ച് വേഗം പോയ്‌ കുളിക്ക്....""" അവൾടെ നേർക്ക് നീട്ടിയ ചായ ഗ്ലാസിനെ വാങ്ങി ദേവിയുടെ കവിളിനെ മെല്ലെ പിച്ചെടുത്തവൾ അടുക്കള പടിയിലിരുന്നു.... മഴ പെയ്തുതോർന്നത് ഇന്നലെ രാത്രിയാണെങ്കിലും അതിന്റെ ഭംഗി തിരിച്ചറിയുന്നത് ഇന്നാണ്.... പവിഴമുത്തുകൾ പോലെ ഇലകളിൽ തൂങ്ങിയാടുന്ന നീർതുള്ളികൾ.....

നേരെ വേദയുടെ മിഴികൾ പാഞ്ഞത് അടുക്കള മുറ്റത്തെ വാഴ പൂങ്കുലയിലേക്കാണ്... ആ തെച്ചിപ്പഴ ചുണ്ടുകൾ മലർത്തികൊണ്ടവൾ അതും നോക്കി ഇരുന്നു... കൂമ്പിന് ചുറ്റും പാറുന്ന കരിവണ്ടിനോട് തെല്ലൊരു അസൂയ തോന്നി... ""ഇന്നലെ അച്ഛന്റെ കണ്ണിൽ പെട്ടില്ലായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ നിങ്ങൾക്ക് നുണയാൻ വാഴപ്പൂക്കളെ വിട്ടു തരില്ലായിരുന്നല്ലോ ഈ വേദ...."" ചായ ഗ്ലാസിനെ ചുണ്ടോടു ചേർക്കുമ്പോഴാണ് കുളികഴിഞ്ഞു തോർത്തി കൊണ്ട് വൈഗ വരുന്നത്..... സംശയത്തോടെ വേദ അടിമുടി വൈഗയെ നോക്കി.... """"നീ.... ഇ... ഇതെങ്ങോട്ടാ.... വൈഗേ.... ഇത്ര....രാവിലെ..."""" എല്ലാം അറിഞ്ഞിട്ടും ദേവിയുടെ മുന്നിലിരുന്ന് വേദ മനപ്പൂർവം ചോദിക്കുന്നത് കേട്ട് വൈഗക്ക് ചെറിയ ദേഷ്യം തോന്നി.... """അത്..... പിന്നെ....ഞാൻ... സൗമ്യേടെ വീട്ടിൽ പോകാ... കുറച്ച് നോട്ട്സ് കംപ്ലീറ്റ് ആക്കണം....""" """ഇതിപ്പോ എന്നും ഒരു പതിവായല്ലോ വൈഗേ.... നിന്റെ ക്ലാസ്സിലല്ലേ... ഇവളും പഠിക്കുന്നെ...."""

ദേവിയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ വേഗത്തിൽ റൂമിലേക്ക് പോകുന്നവളുടെ പിന്നാലെ വേദയും നീങ്ങി.... മുറിയിൽ കയറിയതും വേദ വാതിലടച്ചു.... """നിനക്ക്.... ഇ.. ഇതെന്താ വൈഗ..... ഇന്നും.... ആ പ്രിൻസിന്റ കൂ.. കൂടെ.... കറങ്ങാൻ പോകാ... വേണ്ട മോളെ...അവൻ... മഹാ മോശാ....""" വേദ സ്വരം താഴ്ത്തി അവളുടെ തോളിൽ മെല്ലെ കൈ ചേർക്കുമ്പോൾ പുച്ഛം മാത്രമായിരുന്നു വൈഗയുടെ മുഖത്ത്.... """ഓ... ഞാനിന്ന് ആരേം കൂടെ പോകാനൊന്നുമല്ല.... അവൾടെ വീട് വരെ പോകേണ്ട ഒരു കാര്യമുണ്ടായിരുന്നു.. അതാ...""" വൈഗയുടെ മറുപടിയിൽ തൃപ്തിപെടാതെ ശങ്കയോടെ നിന്നു വേദ.... """അല്ല... നമ്മുടെ മറ്റേ കാര്യം എന്തായി പെണ്ണെ...."" വിഷയം മാറ്റാനായി വൈഗ മിഥുന്റെ കാര്യം എടുത്തിട്ടു.... ""ഏത്... ക... കാര്യം..."" """ഹാ... നമ്മുടെ മിഥുൻ സാറിന്റെ കാര്യം..."'' ഒരു കള്ളചിരിയോടെ വൈഗ പറഞ്ഞു... ""നീ ചുമ്മാതിരിക്ക് വൈഗ...സ.. സാറിന്... അങ്ങനെ ഒന്നുമില്ല... അല്ലേലും മിഥുൻ സാറിന് എന്നെ പോലെയുള്ള ഒരാളെ ഒരിക്കലും ഇഷ്ടപ്പെടാൻ ക... കഴിയില്ല...""

"""അതിന് നിനക്കെന്താ ഒരു കുറവുള്ളെ....""" പറഞ്ഞവൾ കണ്ണാടിയുടെ മുന്നിലേക്ക് വേദയെ തിരിച്ചു നിർത്തി.... """"ദേ... നോക്കിയേ... എന്തൊരു ഗ്ലാമറാ നിന്നെ കാണാൻ.... കാര്യം നമുക്ക് രണ്ടാൾക്കും ഒരേ ഛായയാണെങ്കിലും നിന്റെ ഈ നാടൻ ലുക്കാ എല്ലാവർക്കും ഇഷ്ട്ടം.... പ്രിൻസ് വരെ പറഞ്ഞിട്ടുണ്ട്.....പിന്നെ നല്ലത് പോലെ പഠിക്കുന്ന കുട്ടി.... നല്ല സ്വഭാവം.... അടക്കം ഒതുക്കം... പോരെ... ഒരാണിന് ഇഷ്ടപ്പെടാൻ....""" വൈഗ പറയുംതോറും വേദയുടെ മനസ്സിലേക്ക് പ്രണയത്തിന്റെ വിത്തുകൾ മുളപൊട്ടി തുടങ്ങിയിരുന്നു...... """പിന്നെ... ഈ വിക്ക്... ഓ... വിക്കൊള്ള ലോകത്തിലെ ആദ്യത്തെ മനുഷ്യനൊന്നും അല്ലല്ലോ നീ... ഹൃതിക് റോഷന് വരെ വിക്കുണ്ട് പിന്നെയാ... അല്ലെങ്കിലും ടെൻഷൻ കൂടുമ്പോഴും പുതിയ ആൾക്കാരെ കാണുമ്പോഴും മാത്രല്ലേ നിനക്ക് വിക്കൊള്ളു... അതൊന്നും വല്യ കാര്യമല്ല....""" ""'എന്നാലും വൈ...വൈഗേ...""" ആശങ്കയോടെ നിന്നവൾക്ക് മുന്നിൽ ഒന്നു ചിരിച്ചു കാട്ടി വൈഗ തുടർന്നു.... """അല്ലെങ്കിൽ നീ നോക്ക്... ഇന്ന്... ഈ.. ദിവസം... നിന്നെ മിഥുൻ സാറ് നോക്കിയാൽ...

പിന്നെ ഡൗട്ട് ഒന്നും വേണ്ട മോളെ.... സാറിന് നിന്നെ ഇഷ്ടമാണെന്നു ഉറപ്പിക്കാം...ഈ വൈഗയാ പറയുന്നെ...."" വേദയുടെ ഹൃദയത്തിലേക്ക് മിഥുനോടുള്ള ഇഷ്ട്ടം കുത്തി നിറച്ച് വൈഗ വന്യമായി ചിരിച്ചു നിന്നു..... ❤️ കോളേജിൽ എത്തുമ്പോഴും മിഴികൾ തിരയുന്നത് ആ മുഖം മാത്രമായിരുന്നു.... സാറിന്റെ മനസ്സിൽ അങ്ങനെയൊന്നും ആയിരിക്കില്ല എന്നായിരം വട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടാണ് അവളുടെ നടത്തം.... എങ്കിലും ഉള്ളിലെവിടെയോ നേർത്തൊരു മഴ ചാറിനിൽക്കുന്നത് പോലെ.... """സാധാരണ വാകചുവട്ടിലോ കുട്ടികളുടെ കൂടെയൊക്കെ ഈ നേരം കാണുന്നതാ.... എവിടെ പോയോ ആവോ....""" ചുറ്റും ഒരാൾക്ക് വേണ്ടി മാത്രം കണ്ണോടിച്ചു നടന്നു നീങ്ങുന്നവളുടെ മുന്നിലേക്ക് പെട്ടെന്ന് ഒരു ഡ്യൂക്ക് ബൈക്ക് ക്രോസ് ചെയ്തു നിർത്തി..... പൊടുന്നനെ കുതറി നിന്നവൾ മുഖമുയർത്തുമ്പോൾ വെറുപ്പ് തോന്നിക്കുന്ന മുഖമായിരുന്നു മുന്നിൽ..... """....പ്രിൻസ്...."""" അവൻ ഹെൽമെറ്റ്‌ ഊരി അവളെ നോക്കി ഒരു പുച്ഛ ചിരിയോടെ അടുത്തേയ്ക്ക് വന്നു.... നല്ല വെളുത്ത നിറവും ഒത്ത പൊക്കവും വെട്ടിയൊതുക്കിയ താടിയും ചെമ്പൻ മുടിയിഴകളും....... ഇതാണ് പ്രിൻസ് സാമുവൽ....

ക്യാമ്പസ് ഹീറോ.... എല്ലാ തല്ലിനും മുൻപന്തിയിൽ നിൽക്കുന്നവൻ.... അവനാ പേര് കിട്ടിയത് ഒരു കാരണം കൂടിയുണ്ട്... ഇവൻ ഇവിടെ എന്ത് കാണിച്ചാലും ആരും ശിക്ഷിക്കാറില്ല.... കോളേജിൽ നിന്നും പുറത്താക്കുകയും ചെയ്യില്ല.... എന്തുകൊണ്ടോ പ്രിൻസിപ്പാളിന് വരെ ഭയമാണിവനെ.... അത് തന്നെയാണ് അവന്റെ ധൈര്യവും.... ആരെയും കൂസാക്കാത്ത തെമ്മാടി.... ഒറ്റ കാതിലായി കിടക്കുന്ന കടുക്കനെ ഇടക്ക് വിരലുകൾ കൊണ്ട് നെരിച്ചെടുത്തവൻ വേദയുടെ അരികിലായ് നീങ്ങുമ്പോൾ പേടി കാരണം അവൾ പിന്നിലേക്ക് ഒരടി വെച്ചു..... """യ്യോ... എന്നതാ വേദ കൊച്ചേ... എന്നെ പേടിയാണോ..."" കഴുത്തിൽ പച്ചക്കുത്തിയ കുരിശുരൂപത്തിലേക്ക് മെല്ലെ തലോടികൊണ്ടവൻ ചോദിക്കുമ്പോൾ വിറക്കുകയായിരുന്നു അവൾ... ""ഇത്ര പേടിയുള്ളവൾ എന്തിനാടി വൈഗേടെ കാര്യം വീട്ടിൽ പറഞ്ഞത് ഏ..."" അവൻ ഒച്ച ഉയർത്തിയതും അവളൊന്നു കുതറി നിന്നു.... '""അ... അ.. അത്... അ... അവൾടെ.... ക്ലാ... ക്ലാസ്... മുടങ്ങുന്ന.... ത്.... കൊ... കൊ..."""" """കോ... കോ...ആദ്യം നീ മര്യാദക്ക് സംസാരിക്കാൻ പഠിക്ക് പെണ്ണെ....എന്നിട്ട് പാര പണിയാം...""" ""എ... എന്തിനാ... അ... അവളെ കൊണ്ടു.... ന... നടന്ന്.. ഇ... ഇങ്ങനെ... അവൾടെ... ഭ... ഭാവി... നശിപ്പിക്കുന്നെ... ""

"""...നിർത്തടി..."" വിക്കി നിന്നവൾ പറയാൻ വന്നത് മുഴുവനാക്കും മുൻപ് പ്രിൻസ് തടസ്സം നിന്നു.... """അതേ...എന്റെ വൈഗയെ ഞാൻ കൊണ്ട് നടക്കുന്നുണ്ടെങ്കില് അവളെ ഞാൻ കെട്ടാൻ തന്നെയാ... അല്ലാതെ കൊണ്ടുപോയി വിക്കാനൊന്നും അല്ല.. കേട്ടോടി.. വേതാളം.... """ പറഞ്ഞു നിർത്തുമ്പോൾ വേദ മുഖം കൂർപ്പിച്ചവനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു... """നിനക്കിത്രക്ക് അസൂയ ആണെങ്കിൽ നമ്മുടെ ചെക്കന്മാരെ ആരേലും നിനക്ക് ഞാൻ ഒപ്പിച്ച് തരാടി മോളെ... അവന്മാർക്ക് പിന്നെ വിക്കായാലും ഊമ ആയാലും കൊഴപ്പോന്നും ഇല്ല... കാണാൻ ചേലുള്ളോണ്ട് അഡ്ജസ്റ്റ് ചെയ്തോളും...."""" ""'വൃത്തികെട്ടവൻ... ""' പതഞ്ഞു വന്ന ദേഷ്യത്തിൽ മനസ്സിൽ പിറുപിറുത്തു വേദ നിന്നു..... പുരികം ചുളുക്കി വേദ അവനെ കടന്നു പോകുമ്പോൾ താടി ഉഴിഞ്ഞു പതിയെ ചിരിച്ചവൻ ഒന്ന് അവളെ നോക്കി.... """ അലവലാതി.... നിൽക്കുന്നത് കണ്ടില്ലേ... എനിക്ക് അസൂയയാണ് പോലും... ഹും.... എന്ത് കണ്ടിട്ടാണാവോ ഈ വൈഗ ഇവന്റെയൊക്കെ കൂടെ നടക്കുന്നത്....""" അരിശം മാറുവോളം പുലമ്പി അവൾ മുന്നോട്ട് നടക്കുമ്പോഴാണ് പ്രിൻസിപ്പലിന്റെ റൂമിൽ നിന്നും ഇറങ്ങി വരുന്ന മിഥുനിനെ അവൾ കാണുന്നത്....

ഇത്ര നേരം ഉണ്ടായിരുന്ന ദേഷ്യമൊക്കെ എങ്ങോട്ടോ പോയത് പോലെ നെഞ്ച് ശര വേഗത്തിൽ മിടിക്കാൻ തുടങ്ങിയത് വേദ അറിയുന്നുണ്ടായിരുന്നു... ""ഏയ്യ്... സാറിന് എന്നോട് അങ്ങനെയൊന്നും കാണില്ല... എനിക്ക് തോന്നിയതാവും....എന്റെ മനസ്സില് ഒന്നും തോന്നിക്കല്ലേ ദൈവമേ....""" കാൽ വിരലുകൾ പോലും വിറച്ചാണ് നടത്തം എങ്കിലും അങ്ങോട്ടേക്ക് അറിയാതെ പോലും മിഴികൾ ചലിക്കാതിരിക്കാൻ കടന്നു പോകുംതോറും കണ്ണുകൾ ഇറുക്കി അടച്ചു വേദ.... """നോക്കല്ലേ... വേദേ.... നോക്കിയാൽ എല്ലാം കയ്യിൽ നിന്ന് പോകും......""" """.....എടോ....""" പിന്നിൽ നിന്നും വിളി കേട്ടതും അവളൊരു നിമിഷം ഞെട്ടിക്കൊണ്ടങ്ങോട്ടേക്ക് തിരിഞ്ഞു..... """....മിഥുൻ ....""" പോകാനായി കാറിന്റെ ഡോറിനെ തുറന്നതായിരുന്നു അവൻ .... അവളെ കണ്ടതും ഡോർ അടച്ചവൻ അവളുടെ അടുത്തേയ്ക്കായ് നീങ്ങി..... """താനെന്താടോ ഒരു മൈൻഡ് ഇല്ലാതെ പോകുന്നെ...."""" മിഥുൻ അത് ചോദിക്കുമ്പോഴും തല ഉയർത്താതെ തന്നെ നിൽക്കുകയായിരുന്നു അവൾ.... """ഞാനിന്ന് ലീവാണ്... ക്ലാസ്സിൽ വരില്ല... പിന്നെ... ഇവിടെ വരെ വരേണ്ട ഒരു കാര്യം ഉണ്ടായിരുന്നു... അതാ... """ അത്രയും പറഞ്ഞവൻ പുഞ്ചിരിക്കവേ അവൾ മെല്ലെ മിഴികൾ ഉയർത്തി നോക്കി...... """തന്നെ ഇപ്പൊ കാണാൻ പറ്റുമെന്ന് പ്രധീക്ഷിച്ചില്ല കേട്ടോ.....

എന്തായാലും കണ്ട സ്ഥിതിക്ക് ഒരു കാര്യം പറയാം... മ്മ്....ചെറിയൊരു സസ്പെൻസ് ആയിരുന്നു....സാരമില്ല..... പറഞ്ഞേക്കാം അല്ലേ....""" ആർദ്രമായി അവൻ പറയുമ്പോൾ ആ കണ്ണുകളിൽ മറ്റേതോ ഭാവമായിരുന്നു എന്നവൾക്ക് തോന്നി..... എന്താ സാർ... എന്ന് ചോദിക്കാനായി വാ തുറന്നപ്പോഴേക്കും ശബ്ദം പുറത്ത് വരുന്നുണ്ടായിരുന്നില്ല.... """നാശം പിടിക്കാൻ ഒടുക്കത്തെ ഒരു വിക്ക്.... അല്ലെങ്കിലേ കണക്കാ .... ഇത്തിരി ടെൻഷൻ കൂടി ആയാൽ ഒരക്ഷരം വായിൽ നിന്ന് വരില്ല.... കളിയാക്കുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല....ഇതല്ലേ അവസ്ഥ...."""" എന്തെക്കെയോ ചോദിക്കണമെന്നുണ്ട് പക്ഷെ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.... വിക്കി നിന്നതു കൊണ്ട് ഒന്നും സംസാരിക്കാതെ വേദ മിഥുനെ നോക്കി വിളറി ഒന്നു ചിരിച്ചു കാട്ടി.... ""അതേ... നമുക്കിങ്ങനെ നോക്കി നിന്നാൽ മതിയോടോ....ഇതിനൊരു തീരുമാനം ഉണ്ടാക്കണ്ടേ?.... """ അവൾടെ ഭാഗത്തേക്ക്‌ അല്പം മാറിനിന്ന് മൃതുലമായി അവൻ ചോദിച്ചപ്പോഴേക്കും ഒന്നും മനസ്സിലാക്കാത്തത് പോലെ വേദയുടെ നോട്ടം മാറി...... """താനെന്താ ഇങ്ങനെ നോക്കണേ.... എനിക്ക് പ്രേമിച്ചു നടക്കാനുള്ള പ്രായൊക്കെ കഴിഞ്ഞു....... അത് കൊണ്ടേ ഞാനൊരു കാര്യം തീരുമാനിച്ചിട്ടുണ്ട്....നാളെ സാരിയൊക്കെ ഉടുത്ത് നല്ല സുന്ദരി കുട്ടിയായി നിന്നോണം.....ഞാൻ അച്ഛനേം അമ്മേം കൂട്ടി വീട്ടിലേക്ക് വരുന്നുണ്ട്....."""

കേട്ടതും ഒന്നേങ്ങി കൊണ്ട് വേദ അവനെ നോക്കി കണ്ണു മിഴിച്ചു നിന്നു.... """....മനസ്സിലായില്ലേ....""" അവൾ ഇമ വെട്ടാതെ 'ഇല്ലാ' എന്ന രീതിയിൽ മെല്ലെ തലയനക്കി കാട്ടി.... """എടോ... തന്നെ പെണ്ണുകാണാൻ വരുവാന്ന്...."""" അവനത് പറഞ്ഞതും അവളൊന്നു തരിച്ചു നിന്നു പോയ്‌.... സ്വപ്നമാണോ സത്യമാണോ എന്നറിയാൻ കൂടി കഴിയാതെ ദേഹം വിയർത്തൊലിക്കാൻ തുടങ്ങി........ ഒരായിരം ഭാവങ്ങൾ ആ മുഖത്ത് ഒരു പോലെ മിന്നിമറഞ്ഞു കൊണ്ടേയിരുന്നു..... അവളുടെ അവസ്ഥ കണ്ടെന്നോണം വേദക്ക് നേരെ മനോഹരമായൊരു പുഞ്ചിരി നൽകികൊണ്ടവൻ തിരിഞ്ഞു കാറിനരികിലേക്കായി നീങ്ങി..... ഡോർ തുറന്നു ഒന്നവളെ തിരിഞ്ഞു നോക്കുമ്പോഴും അവളുടെ മിഴികൾ മാറിയിരുന്നില്ല..... കാറിനുള്ളിൽ കയറി മിററിലൂടെ അവനെ തന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന അവളിലേക്ക് മിഥുന്റെ മിഴികൾ പ്രണയാർദ്രമായി തലോടി.... """" ഇനി ഈ വൈഗാലക്ഷ്മി മിഥുന്റെ പെണ്ണാ....""" വേദയുടെ പ്രതിബിംബത്തെ നോക്കി മിഥുൻ പതിയെ മൊഴിഞ്ഞു..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story