വേ.. വേ... വേദാത്മിക...: ഭാഗം 31

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

""'നിനക്കെന്തിന്റെ കേടാടാ... മരകഴുതകളെ.... ആ വേദയെ പിടിച്ചോണ്ട് വരാൻ പറഞ്ഞപ്പോ എന്നെ പിടിച്ചു കെട്ടി കൊണ്ട് വന്നിരിക്കുന്നു.... നാശം പിടിച്ചവമാര്....അയ്യോ.... എല്ലാം പോയെ.....""""" അലമുറയിട്ടു കരഞ്ഞവൾ പറയുന്നത് കേട്ട് എല്ലാവരും ഒരു നിമിഷം പൊട്ടിചിരിച്ചു പോയ്‌.... മുന്നിലെ അട്ടഹാസങ്ങൾ കേൾക്കെ സർവ്വ നിയന്ത്രണവും വിട്ടവൾ പതർച്ചയോടെ മാറി മാറി നോക്കി.... പൊട്ടി ചിരിക്കൊടുവിൽ വിശാൽ മുഖം പതിയെ മാറിയിരുന്നു..... """നീ എന്തോന്ന് കരുതി എന്റെ വൈഗേ.... ഞങ്ങള് പൊട്ടമ്മാരാണെന്നോ..... നീ അങ്ങ് പറഞ്ഞാലുടനെ അനുസരിക്കാൻ ഞങ്ങള് നിന്റെ വാലാട്ടി പട്ടികളാണെന്നു കരുതിയോടി....""" അവൻ പല്ലിറുക്കി പറയെ സംശയത്തിൽ നെറ്റി ചുളിക്കി അങ്ങനേ നിന്നു വൈഗ.... """"എടി പൊന്നുമോളെ..... നിനക്ക് പ്രിൻസിനെ അറിയത്തില്ല.... അല്ലെങ്കിൽ നീ അതിന് ശ്രമിച്ചിട്ടില്ല.... അവനെ ഉപദ്രവിച്ച കുറ്റത്തിന് അവന്റെ അപ്പൻ ഞങ്ങളെ സ്റ്റേഷനിൽ കൊണ്ടുപോയി തല്ലി ചതച്ച കഥയേ നിനക്കറിയൂ.... പക്ഷെ അത് കഴിഞ്ഞ് കൊല്ലാൻ ശ്രമിച്ചവരെ കണ്ടില്ലെന്നു പറഞ്ഞ് അവൻ പോലീസിന് മൊഴി നൽകിയതും...

ഞങ്ങളെ സ്റ്റേഷനിൽ നിന്നിറക്കിയതും അവന്റെ പെണ്ണിനെ നോവിക്കാതെ വിട്ടതിന് നന്ദി പറഞ്ഞ് ഞങ്ങളോട് ക്ഷമിച്ച് കൈകൊടുത്തതും നീ അറിയാതെ പോയല്ലോ മോളെ...""" ഒന്നും മനസിലാകാതെ വൈഗ കണ്ണുമിഴിച്ചു നിൽക്കെ വിശാൽ അവളുടെ കയ്യിലെ കെട്ടുകൂടി അഴിച്ചെടുത്തു... """എന്താടി ഇങ്ങനെ കണ്ണുതള്ളി നോക്കുന്നേ.... അതേടി.... ഞങ്ങള് കോളേജ് പിള്ളേര് അങ്ങനാ .... വഴക്കും അടിയും പ്രതികാരവും ഒക്കെ ഉണ്ടാവും പക്ഷെ അതൊക്കെ സെറ്റായ പിന്നെ ഞങ്ങള് ചങ്കുകളാ... പുറത്തൂന്ന് ഒരുത്തനും ഞങ്ങളെ തൊടാൻ സമ്മതിക്കില്ല......""" "''അപ്പൊ....അപ്പോ.... നീയൊക്കെ കൂടി എന്നെ ചതിക്കായിരുന്നു അല്ലേടാ തെണ്ടികളെ...."" പറഞ്ഞവൾ ചാടി വീണ് വിശാലിന്റെ കോളറിൽ പിടിമുറുക്കുമ്പോൾ പൂനുള്ളി മാറ്റുമ്പോലെ അവനാ കൈകളെ പറിച്ചെടുത്തു.... """അതേല്ലോ മോളെ..... നിന്റെ കൂടപ്പിറപ്പിനെ എന്തുവേണേലും ചെയ്തോളാൻ പറഞ്ഞ് നീ വിളിച്ചപ്പോഴേ തോന്നിയതാ നിന്നെ പോലുള്ള ഒരു ദുഷിച്ച ജന്മത്തിന് നല്ലൊരു പണി തരണമെന്ന്..... അതാ ബ്യൂട്ടിപാർലറിൽ വെച്ചേ വേദയുടെ കെട്ടഴിച്ചു നേരെ നിന്നെ കെട്ട് കെട്ടിച്ചത്...

പേടിക്കണ്ട എല്ലാം പ്രിൻസളിയൻ പറഞ്ഞ് തന്ന ബുദ്ധിയാ ......""" കേട്ടതും ഏങ്ങി നിന്നവൾ അലറി കരയാൻ തുടങ്ങി.... മുഖം പൊത്തി താഴേക്ക് വീണവൾ വാവിട്ട് കരയുന്നതും നോക്കി ചുറ്റുമുള്ളവർ ചിരിച്ചു കാട്ടി..... വിശാൽ ഇളിക്കു കൈയും കൊടുത്തങ്ങനെ നിൽക്കുമ്പോഴാണ് പുറത്തു നിന്നും കാറുകൾ വരുന്ന ഒച്ച കേൾക്കുന്നത്... പ്രതീക്ഷിച്ചതെന്നോണം അവൻ മെല്ലെ തലനീട്ടി എത്തിനോക്കുമ്പോൾ പൊടുന്നനെ വൈഗയുടെ കരച്ചിൽ ആശങ്കയിൽ നിന്നുപോയ്... രണ്ടു കാറുകളാണ്.... ഒരു കാറിന്റെ ഡോർ തുറക്കുമ്പോൾ പ്രിൻസും വേദയും കല്യാണ വേഷം പോലും മാറാതെ ഇറങ്ങി വരുമ്പോൾ മറ്റൊന്നിൽ സാമുവലും മേരിയും ദേവിയും ശങ്കരനും ആയിരുന്നു.... എല്ലാവരും ഒരുമിച്ച് ഉള്ളിലേക്ക് കയറുമ്പോൾ ഒരു കുറ്റവാളിയെ പോലെ മുഖം കുനിച്ചു നിന്നു വൈഗ..... കാണെ .... കൂട്ടത്തിൽ നിന്നും പ്രതീക്ഷിക്കാതെ ആദ്യം മുന്നിലേക്ക് വന്നത് ശങ്കരനാണ്.... വേഗത്തിൽ വൈഗയിലേക്ക് നീങ്ങിയ അയാൾ അവളുടെ കവിളിലേക്ക് ആഞ്ഞടിച്ചു.... ഒരു നിമിഷം ഞെട്ടലോടെയാണ് എല്ലാരും നോക്കി നിന്നത്.... അടികൊണ്ട മാത്രയിൽ ഇടത്തേക്ക് ചരിഞ്ഞു വിതുമ്പി കൊണ്ടവൾ പതിയെ വിളിച്ചു.... .""""....അച്ഛാ....""" """.....നിർത്തെടി....ആരാടി നിന്റെ... അച്ഛൻ...."""

കേട്ടതും ഒന്നേങ്ങി പോയ്‌ വൈഗ..... കാൺകേ ദേവി പൊട്ടികരയുമ്പോൾ വേദ ശങ്കരനെ തടയാനായി മുന്നിലേക്ക് ആഞ്ഞു.... അപ്പോഴേക്കും പ്രിൻസ് അവളുടെ തോളിൽ പിടിത്തം ഇട്ടിരുന്നു... തിരിഞ്ഞു നോക്കുമ്പോൾ വേണ്ട എന്നവൻ തയനക്കി കാട്ടി.... """" ഈ ശങ്കരന് ഒരു മോളുണ്ടായിരുന്നു... വൈഗ... പക്ഷെ അവള് മരിച്ചു.... എന്ന് സ്നേഹത്തിന്റെ വില പണത്തിന്റെ പുറത്ത് തൂക്കി നോക്കിയോ അന്ന്... അടിച്ചിട്ടില്ല ഞാൻ... ഒരു ചുള്ളി കൊണ്ട് പോലും....പക്ഷെ ഇപ്പൊ കയ്യൂക്കുള്ള ആരായാലും തല്ലി പോകും നിന്നെ .... അതാ ഇപ്പൊ നീയ്യ്.... """ നെഞ്ചിൽ കൈ വെച്ചയാൾ പറഞ്ഞു നേരെ നോക്കിയത് വേദയിലേക്കാണ്.... """"ആ നിൽക്കുന്ന കുഞ്ഞുണ്ടല്ലോ.... എന്റെ വേദ മോള്.... ഡോക്ടർ ഇരട്ട കുഞ്ഞുങ്ങളാണ് നിന്റെ അമ്മേടെ വയറ്റിൽ ഉള്ളതെന്ന് അറിയിച്ച നിമിഷം മുതൽ സ്വപ്നം കണ്ടതാ ഈ അച്ചൻ... നാളെ ഞങ്ങള് പോയാലും ഒരുമിച്ച് ജന്മം കൊണ്ടപോലെ ഒരിക്കലും പിരിയാതെ ഒരാൾക്ക് മറ്റൊരാൾ തുണയായി നിങ്ങൾ കഴിയുമെന്ന്.... പക്ഷെ നീ....... ദേ എവിടെ നിന്നോ വന്ന ആ മോന് പോലും ഉള്ള ദയ... നീ നിന്റെ സ്വന്തം കൂടെ പിറപ്പിനോട് കാണിച്ചില്ലല്ലോ....""' പറയുമ്പോൾ നിശബ്ദനായി നിൽക്കുന്ന വിശാലിന്റെ നേർക്ക് ശങ്കരൻ ഒന്നു നോക്കി.... """"......അച്ഛാ...ഞാൻ..."""

ദയനീയമായി അവൾ വിളിച്ചപ്പോഴേക്കും നിഷേധിച്ചു കൊണ്ടയാൾ വലം കൈ നീട്ടി.... """വേണ്ട.... നീ..... എന്നെ ഇനി അങ്ങനെ വിളിക്കരുത്.... എനിക്കിനി ഇങ്ങനെ ഒരു മകൾ ഇല്ല..... ഇനി നിനക്ക് അച്ഛനും അമ്മയും സഹോദരിയും ഇല്ല.... അങ്ങനെയൊരു വീടുമില്ല... എങ്ങോട്ടെങ്കിലും എവിടെക്കെങ്കിലും പോയ്‌ നശിക്ക്.... """" പറഞ്ഞ് തിരിയുമ്പോൾ ദേഷ്യവും സങ്കടവും ഒരുപോലെ നിയന്ത്രിക്കാൻ കഴിയാതെ കരയുകയായിരുന്നു ദേവി.... മെല്ലെ ശങ്കരൻ അവരിലേക്ക് അടുത്തതും പൊട്ടികരഞ്ഞു കൊണ്ട് ശങ്കരനിലേക്ക് ചാഞ്ഞു അവർ.... """... ശങ്കരേട്ടാ...""" കരയാതെ ദേവി.... നമുക്കവള് വേണ്ട.... ഇന്ന് നമ്മുടെ കുഞ്ഞിനെ കേവലം പണത്തിനു വേണ്ടി ദ്രോഹിച്ചവൾ നാളെ നമ്മളേയും കൊല്ലും... """..... അ... അച്ഛാ..... """ ഒപ്പം വേദയും കരഞ്ഞു കൊണ്ട് ശങ്കരനെ ചേർത്തു പിടിച്ചു..... അപ്പോഴും എല്ലാം കേട്ടു കൊണ്ട് ചലനമറ്റു നിൽക്കുകയായിരുന്നു വൈഗ.... """സാരമില്ല കുഞ്ഞേ.... എന്റെ വേദമോൾക്ക് ഇനി കരയേണ്ടി വരില്ല... ആണൊരുത്തനാ നിന്നെ കൊണ്ട് പോകുന്നെ... ആകാശം ഇടിഞ്ഞു വീണാൽ പോലും നിന്നെ ചേർത്തു പിടിക്കുന്ന ഒരുവന്റെ കൂടെ...""" ശങ്കരൻ പറഞ്ഞ് നേരെ പ്രിൻസിനെ കൈ നീട്ടി വിളിച്ചു.....

"""കൊണ്ട് പൊക്കോ മോനേ.... എന്റെ കുഞ്ഞിന്റെ ചെറിയൊരു കുറവിന്റെ പേരില് ഒത്തിരി വേദനിച്ചവളാ എന്റെ മോള്..... പക്ഷെ എനിക്കുറപ്പാ... നീ എന്റെ മോളെ പൊന്നുപോലെ നോക്കുമെന്ന്...""" വേദയെ പ്രിൻസിന്റെ കൈകളിൽ ഏല്പിച്ച് ശങ്കരനും ദേവിയും കാറിൽ കയറുമ്പോൾ പ്രിൻസ് വൈഗയേ നോക്കി പുച്ഛത്തോടെ തലകുലുക്കി.... പതിയെ നടന്ന് അവളരികിലേക്ക് അവൻ അടുത്തതും വൈഗ ഒന്നു ചൂളി നിന്നു... '"'"ഇനി എന്തിനാടി നീ ജീവിച്ചിരിക്കുന്നെ..... ജനിപ്പിച്ച തന്തക്കും തള്ളക്കും പോലും വേണ്ടാത്ത ഒരു ജന്മം ... തൂഫ്.... """ വെറുപ്പോടെ അവനങ്ങനെ ചെയ്തതും കണ്ണുകളിറുക്കി മുഖം വെട്ടിച്ചു അവൾ... അപമാനത്താൽ ഉരുകി ഇല്ലാതെയായി പോയ്‌ വൈഗ.... """വാ മോളെ..... "" വേദയുടെ കൈകോർത്തവൻ നടന്നു നീങ്ങുന്നത് വേദനയോടെ അവൾ നോക്കി നിന്നു..... ഒപ്പം മേരിയും സാമുവലും കാറിൽ കയറുമ്പോഴേക്കും വിശാലും അവിടെ നിന്നും പോയിരുന്നു.... ഒടുവിൽ വൈഗ മാത്രം.... അവൾ മാത്രം ഒറ്റക്ക് ആ പഴകിയ കെട്ടിടത്തിനുള്ളിൽ.... ഒരു നിമിഷം എല്ലാം തകർന്നവൾ അലറി കരഞ്ഞു കൊണ്ട് മുഖം പൊത്തി തറയിലേക്ക് വീണു.... ❤️ കാർ പ്രിൻസിന്റെ വീട്ടു മുറ്റത്ത് നിന്നതും അത്ഭുതത്തോടെ ആയിരുന്നു വേദ കാറിൽ നിന്നിറങ്ങിയത്....

അന്ന് കണ്ടത് പോലയേ അല്ല വീടിപ്പോൾ .... ജീർണിച്ചിരുന്ന ചുവരൊക്കെ സിമെന്റ് പൂശി പെയിന്റ് അടിച്ചു വൃത്തിയാക്കിയിരിക്കുന്നു.... ഇളം നീല നിറത്തിൽ ടൈൽസ് നിരത്തി തറയെ മനോഹരമാക്കിയതിനൊപ്പം ജനലുകളിൽ ഗ്ലാസ്സ് പാളി ചേർത്തിരിക്കുന്നു.... എങ്കിലും പഴയ വീടിന്റെ ഭംഗി പ്രിൻസിനെ പോലെ തന്നെ ഒട്ടും മാറീട്ടില്ല.... വേദ വീടിനു ചുറ്റും കണ്ണോടിക്കുന്നതിനൊപ്പം പ്രിൻസിനെ ഒന്ന് നോക്കി.... """എന്നാ കൊച്ചേ.... ഇപ്പൊ പൊളിയായില്ലേ...."" അവൻ കൃസ്തിയോടെ കണ്ണിറുക്കി കാട്ടുമ്പോൾ ദൃതിയിൽ മേരി വീടിന്റെ പൂട്ടഴിച്ചു അകത്തു കയറി.... ഒപ്പം സാമുവലും കള്ളനോട്ടമെറിനു മേരിയെ മുട്ടി നിന്നതും നെറ്റിച്ചുളുക്കി നിന്നവർ അയാളെ ഒന്നു കൂർപ്പിച്ചു നോക്കി..... """അങ്ങോട്ട് മാറി നിൽക്ക് മനുഷ്യ.... ആ പിള്ളേരെ ഇങ്ങോട്ട് നിന്നെ...""" വാതിൽ പടിമേൽ നിൽക്കുന്നവരെ ചേർത്തു നിർത്തി കൊന്ത വെച്ചവർ വേദയുടെയും പ്രിൻസിന്റെയും നെറ്റിയിൽ കുരിശു വരച്ചു ...... കത്തിച്ച മെഴുകുതിരി അവൾക്ക് നൽകുമ്പോൾ വലതു കാലാൽ അകത്തേക്ക് കയറി വേദ.... ഹാളിലോരത്തെ യേശുവിന്റെ ചിത്രത്തിന് മുന്നിൽ മെഴുകുതിരി വെച്ച് മിഴികളടച്ചു പ്രാർത്ഥിക്കുമ്പോൾ അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു പ്രിൻസ് ....

കണ്ടതും തലക്കിട്ടൊരു കൊട്ടു കൊടുത്ത മേരി അവനോടും പ്രാർത്ഥിക്കാനായി കൈക്കാട്ടി..... അപ്പോഴും എല്ലാം കണ്ട് മെല്ലേ പുഞ്ചിരി തൂകി നിന്നതേ ഉള്ളൂ സാമൂവൽ.... മൂവരും പ്രാർത്ഥനകൊടുവിൽ തിരിഞ്ഞു നടന്നതും സാമുവൽ പ്രിൻസിനെ ഒന്നു വിളിച്ചു ..... """"ടാ ... മോനേ.... ഒന്ന് നിന്നെ..."""" കേട്ടതും എല്ലാരും തിരിഞ്ഞു നോക്കി.... """'....... എന്നാ പപ്പാ...."""" സാമുവൽ മറുപടി പറയാതെ മീശയൊന്നു മുറുക്കി നേരെ നീങ്ങിയത് മേരിയുടെ അടുത്തേക്കാണ്.... """....... മോനേ പ്രിൻസേ.... നീ.... നിന്റെ പപ്പേടേം അമ്മച്ചീടേം കെട്ട് കല്യാണം കണ്ടിട്ടുണ്ടോടാ....""" """ആ ഉവ്വ.... നിങ്ങളെന്നെ കെട്ടുമ്പോൾ അവന് പത്തു പന്ത്രണ്ടു വയസായിരുന്നല്ലോ... തലക്ക് ഓളാന്നെ പോയ്‌ വല്ല നെല്ലിക്ക തളവും വെക്ക് മനുഷ്യ..... കല്യാണം കഴിഞ്ഞ് നിക്കണ ചെക്കന്റെ അടുത്ത് വല്യ ഡയലോഗ് അടിക്കുന്നു.....""" ഇളിക്ക് കൈ ചേർത്ത് മേരി പറഞ്ഞതും വേദയും പ്രിൻസും ഒരുമിച്ചു ചിരിച്ചു നിന്നു..... """എന്നാ ഡയലോഗ് അല്ല എന്റെ മേരി പെണ്ണെ..."" മെല്ലെ പറഞ്ഞയാൾ മേരിയുടെ താടിയിൽ പിടിച്ചൊന്നു കുലുക്കുമ്പോൾ വാശിയോടെ അവരത് തട്ടിമാറ്റി....

"""മോനേ പ്രിൻസേ...... നാളെ നിന്റെ മക്കള് നിന്നോട് ഇങ്ങനെ വല്ലതും ചോദിക്കുമ്പോൾ നീ പറയണം ... കണ്ടിട്ടുണ്ട് മക്കളെ സാമുവൽ അപ്പാപ്പന്റെയും മേരി വല്യമ്മച്ചീടെയും രണ്ടാം കെട്ട് കല്യാണം കണ്ടിട്ടുണ്ടെന്ന്.... """ പറയുന്നതിനിടെ സാമുവൽ ഒരു ചെറിയ താലിയെടുത്തു അപ്രതീക്ഷിതമായി മേരിയുടെ കഴുത്തിൽ കെട്ടിയതും തെല്ലൊന്നു ഞെട്ടി എല്ലാരും.... ""'യ്യോ... ഈ മനുഷ്യൻ.... ഇങ്ങേര്.... ഇങ്ങേർക്കിതെന്തിന്റ കേടാ....""" മേരി സാമുവലിന്റെ കൈപിടിച്ചു വലിക്കുമ്പോഴേക്കും താലി കെട്ടികഴിഞ്ഞിരുന്നു....... കണ്ടു നിന്ന വേദയും പ്രിൻസും പൊട്ടിചിരിച്ചുകൊണ്ട് പരസ്പരം നോക്കി.... അയാൾ അവരുടെ തോളിൽ അവകാശത്തോടെ കൈചേർത്തതും മേരി പരിഭവം നടിച്ചു അറിയാതെ പുഞ്ചിരിച്ചു പോയ്‌...............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story