വേ.. വേ... വേദാത്മിക...: ഭാഗം 4

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

ക്ലാസ്സിൽ ഇരിക്കുമ്പോഴും തിരിച്ചു ബസ്സിൽ കയറുമ്പോഴും വേദയുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു..... ""സാർ എന്തിനാ അങ്ങനെ പറഞ്ഞേ.... വെറുതെ പറഞ്ഞതായിരിക്കുമോ... അതോ...."" പലതവണ മനസ്സിനോട് സ്വയം ചോദിച്ചവൾ നടന്നു നീങ്ങവേ മുറ്റത്തു നിന്ന ശങ്കരനെ പോലും ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല..... """എന്താ മോളെ താമസിച്ചേ... വൈഗ നേരെത്തെ എത്തിയല്ലോ....""" ദേവിയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ വേദ കടന്നുപോകുന്നത് കണ്ട് അവർ കണ്ണുമിഴിച്ചു നിന്നു.... കുളി കഴിഞ്ഞു വരുമ്പോഴാണ് ഉമ്മറത്തു നിന്നും ആരുടെയോ വർത്തമാനം കേൾക്കുന്നത്..... എത്തിനോക്കുമ്പോൾ വിശ്വൻമാമയാണ്..... എന്തോ കാര്യമായ ചർച്ചയാണെന്ന് മാത്രം മനസ്സിലായി.... അടുത്തു തന്നെ ദേവിയും വൈഗയും നിൽപ്പുണ്ട്.... """എന്നാലും എന്റെ ശങ്കരേട്ടാ ഇത്രയും വല്യ കുടുംബത്തിൽ നിന്നും ഒരാലോചന വന്നൂന്ന് പറഞ്ഞാ... അതും സ്ത്രീധനം പോലും ചോദിക്കാതെ....ഇവിടെത്തെ കുട്ടീടെ ഭാഗ്യാ..."""" """തറവാടും പണവും ഒന്നുമല്ല വിശ്വാ.... എന്റെ കുട്ടിക്ക് സന്തോഷവും സമാധാനവും കിട്ടണം അതേ വേണ്ടു ഈ ശങ്കരന്...."""" അവരുടെ വർത്തമാനം കാതു കൂർപ്പിച്ചൊന്നു കേട്ടതെയുള്ളൂ.... വേദയുടെ നെഞ്ചു ഒന്നാളി.... ""കല്യാണകാര്യമാണ്.... സാറിന്റെ ആയിരിക്കോ....""

ഉമ്മറത്തെ ഭിത്തിയിലേക്ക് ചാരി നിന്ന വൈഗ വേദ എത്തി നോക്കുന്നത് കണ്ടതും ചിരിച്ചു കൊണ്ട് അവളുടെ അരികിലേക്ക് നടന്നു.... വേദയുടെ ഇടം കൈയ്യിൽ പിടി അമർത്തി അവളെ റൂമിലേക്ക് വലിച്ചു കൊണ്ട് പോയ്‌.... """എടി.. കള്ളി.... അവസാനം നീ പണി ഒപ്പിച്ചല്ലേ..."" വൈഗ പറയുന്നത് മനസ്സിലായില്ലെങ്കിലും അവളുടെ ചിരി കാൺകെ വേദയും ഒന്നു പുഞ്ചിരിച്ചു നിന്നു... ""എ... എന്താ... വൈഗ... എ.. എന്താ.. ക... കാര്യം.... """ സംശയത്തോടെ വേദ നിന്നു.... """എടി പോത്തേ.... നിന്നെ നാളെ മിഥുൻ സാറ് പെണ്ണ് കാണാൻ വരുമെന്ന്..."" കേട്ടതും ചിരിക്കണമോ കരയണമോ എന്ന ചിന്തയായിരുന്നു വേദയുടെ മനസ്സിൽ.... എന്തോ ഉള്ളിൽ ഒരു കുളിർ കാറ്റ് വീശിയത് പോലെ.... മിഴികൾ അറിയാതെ നിറഞ്ഞു പോയ്‌.... ""അപ്പൊ.. അപ്പൊ.. അത് സത്യമായിരുന്നു അല്ലേ....""" സ്വയം പറഞ്ഞവൾ കട്ടിലിലേക്ക് ഇരുന്നു.... """എന്താടി വേദേ... നിനക്ക് വിശ്വാസം വരുന്നില്ലേ.... അവര് വിശ്വൻമാമടെ ബന്ധുക്കളാ.... നിന്നെ പറ്റി മാമയോട് തിരികീന്നു...."" ""വൈ... വൈ... വൈ....ഗാ... ഞാ...""' സന്തോഷം കൊണ്ടവൾക്ക് പറഞ്ഞ മുഴുവനാക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല.... """ഓ എന്തോന്നാടി കിടന്നു വിക്കുന്നെ....എന്തോന്നാ പറയാൻ വരുന്നേ....""" പറയാൻ കഴിയാതെ വേദ വൈഗയെ കെട്ടി പുണർന്നു....

""അ... അപ്പൊ.... എ... എ... എന്നെ.... സ... സാ.. ഇഷ്.. ഇഷ്ടം...""" വൈഗയുടെ തോളിലേക്ക് ചാഞ്ഞവൾ എന്തെക്കൊയോ പറയാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയായിരുന്നു...... ""അയ്യേ... കരയാതെ പെണ്ണെ....""" വൈഗ പതിയെ വേദയുടെ തോളിൽ പിടിച്ചു മാറ്റി... അവളെ അഭിമുഖമായി നിർത്തി... ""അതേടി പൊട്ടി കാളി...സാറിന് നിന്നെ ഇഷ്ട്ടാ... അതുകൊണ്ടല്ലേ നിന്നെ പെണ്ണ് കാണാൻ വരുന്നേ....""" വൈഗ വേദയുടെ കവിൾ തടത്തെ അമർത്തി തുടച്ചു കൊടുത്തു.... """...മോളെ.....""" പിന്നിൽ നിന്നും ദേവിയുടെ വിളി കേട്ടപ്പോഴാണ് ഇരുവരും തിരിഞ്ഞു നോക്കിയത്.... """മോളെ അറിഞ്ഞായിരുന്നോ എല്ലാം......""" വേദയോടായി ദേവി പറയാഞ്ഞപ്പോഴേക്കും വൈഗ തടസ്സം നിന്നു.... ""ഞാൻ പറഞ്ഞായിരുന്നു അമ്മേ..."" ""ആ.... എല്ലാം ഭാഗ്യാ കുഞ്ഞെ... എന്റെ പ്രാർത്ഥന വെറുതെ ആയില്ലല്ലോ..."" ""വി...വിശ്വാമാമ പോയോ അമ്മേ..."" വേദ ദേവിയോട് ചോദിച്ചപ്പോഴും ശങ്കരൻ ഉമ്മറത്ത് നിന്നുള്ള നീട്ടിയൊരു വിളി വന്നു.... """....ദേവി....""" ""ആാാ ......ദാ വരുണു ശങ്കരേട്ടാ......."" ❤️ രാത്രിയുടെ തണുപ്പ് ഉള്ളം കാലിൽ അരിച്ചു കയറിയപ്പോഴാണ് വേദയുടെ ഉറക്കം പാതിവഴിയിൽ മുറിഞ്ഞു പോയത്.... വഴിയിൽ ഉപേക്ഷിക്കപ്പെട്ട പൂച്ചകുഞ്ഞിനെ പോലെ വേദ കട്ടിലിൽ കിടന്നു ചുറ്റും പരതി....

നിദ്രയെ മറികടക്കാൻ മനസ്സ് ഒരു കാരണം കണ്ടെത്തിയത് പോലെ..... """ഛെ.... നല്ലൊരു സ്വപ്നമായിരുന്നു.... എന്തായിരുന്നു അത്..... ശോ.... മറന്നു പോയല്ലോ.....""" കിടന്നവൾ ചാടി എഴുനേറ്റ് കട്ടിലിൽ ചമ്രം മടഞ്ഞിരുന്നു.... ഓർത്തെടുക്കാൻ കൂടി കഴിയാത്ത സ്വപ്നത്തിന് ഇത്ര സുഖമോ.... ആയിരിക്കാം.... മിഴികൾ തുറക്കും മുൻപ് തെളിഞ്ഞത് സാറിന്റെ മുഖമായതിനാലാവം..... ഉറക്കം തന്നെവിട്ടു പോയിരിക്കുന്നു എന്ന തിരിച്ചറിവ് വന്നത് കർട്ടനിടയിലൂടെ കാണുന്ന പൂർണചന്ദ്രന്റെ സൗന്ദര്യം മിഴികളിൽ പതിഞ്ഞപ്പോഴാണ്.... താൻ ഒരുപാട് മാറിയിരിക്കുന്നു എന്നൊരു തോന്നൽ.... നിദ്രയെ നഷ്ടപ്പെടുത്തി രാത്രിയുടെ വശ്യതയെ ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു..... ഒരു പക്ഷെ ഇതാവാം പ്രണയം....എന്തോ അറിയില്ല..... ആദ്യമായാണ് ഇങ്ങനെയൊക്കെ..... ""മ്മ്..... എനിക്ക് ഇപ്പോഴും ഒരു പിടിയും ഇല്ല.... സാറെന്തിനാ എന്നെ.. ഇഷ്ടപ്പെട്ടതെന്ന്....എന്നോടുള്ള സഹതാപം കൊണ്ടാണോ... അതോ ശരിക്കും ഇഷ്ടമായത് കൊണ്ട് തന്നെയാണോ..... സാറിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞിട്ടിട്ടുണ്ടാവോ എനിക്കുള്ള കുറവിനെ പറ്റി....

ഉണ്ടാവും.... അതല്ലേ വിശ്വമാമേ പറഞ്ഞയച്ചേ....""" കട്ടിലിൽ മുട്ടുകുത്തി ഇരുന്ന് താരകളെ കണ്ണോടിച്ചു കൊണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും അവൾ തന്നെ സ്വയം കണ്ടെത്തി.... """മ്മ്.... ഏത് സാരിയാ ഞാൻ ഉടുക്കാ.... വല്യ പകിട്ടില്ലാത്ത മതി....അമ്മ കാർത്തിക ചേച്ചീടെ കല്യാണത്തിന് മേടിച്ച സാരി ... മ്മ്...അത് കൊള്ളാം.... എനിക്ക് ചേരോ....ഛെ ഒന്നുടുത്ത നോക്കായിരുന്നു.....""' രാത്രിയുടെ മനോഹാരിതയെ ആവാഹിച്ചു നിന്നവൾ സ്വപ്‌നങ്ങൾ നെയ്തു കൂട്ടുമ്പോൾ അടുത്ത് മൂടി പുതച്ചു സുഖനിദ്രയിലായിരുന്നു വൈഗ.... ❤️ """വേദേ... എടി... വേദേ...."""" പുലർച്ചെ ദേവിയുടെ ബഹളം കേട്ട് ഉണർന്നു നോക്കുമ്പോൾ മൂടി കിടന്ന പുതപ്പിനെ വലിച്ചെടുത്തു കയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന ദേവിയെ ആണ് വേദ കാണുന്നത്.... """എന്തൊരു ഉറക്കമാ പെണ്ണെ... അതും നല്ലൊരു ദിവസമായിട്ട്.... വേഗം എണീറ്റ് പോയ്‌ കുളിക്ക്... ദേ അവരൊക്കെ ഇപ്പൊ എത്തും.....""" നിൽക്കാൻ പോലും നേരമില്ലാതെ അടുക്കളയിലേക്ക് നടന്നു കൊണ്ടായിരുന്നു അവരുടെ ചീത്ത പറച്ചിൽ..... പൊടുന്നനെ വേദ ഫോൺ എടുത്തു നോക്കുമ്പോൾ സമയം ഒൻപതു ആയിരിക്കുന്നു....

""".....അയ്യോ.....""" തിരുനെറ്റിയിലേക്ക് വലം കൈ അമർത്തി പെട്ടെന്നവൾ എഴുന്നേറ്റു.... ""ഓ.... രാവിലെ... അമ്പലത്തിൽ പോകണമെന്നു വിചാരിച്ചതാ....... സാറിപ്പൊ എത്തോലോ...... സാരി.... ഛെ.... സാരി എടുത്ത് വെച്ചില്ല.... ബ്ലൗസ് ഇട്ടു നോക്കീല്ല.... പൂ.... പൂ. അച്ഛൻ... വാങ്ങി.. കാണോ....."""" വെപ്രാളത്തോടെ വേദ മുറിക്ക് ചുറ്റും നടന്നു കറങ്ങി.... കാച്ചെണ്ണകുപ്പി എടുത്ത് മുറിയുടെ പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് വൈഗ പുറത്തു നിന്നും വരുന്നത് കാണുന്നത്.... എന്തോ അവൾടെ മുഖത്ത് ഒരു പ്രേതകത പോലെ ..... വേദ ചിന്തിച്ചു നിൽക്കുന്നതിനിടയിലേക്ക് ദേവി കയറി വന്നു.... """നീ ഇതിനിടയിൽ എവിടെ പോയിരിക്കുവായിരുന്നു വൈഗേ...."" ദേവി സംസാരിക്കുന്നതിനിടയിൽ മേശപുറത്തെ കവറിനെ എടുത്തു.... ""ആ... ഞാൻ ഒന്നു ഫേഷ്യൽ ചെയ്യാൻ പോയതാ....""" വൈഗയുടെ ഉത്തരം കേട്ടതും വേദ സംശയത്തോടെ അവളെ നോക്കി... """ഇതാ പെട്ടെന്ന് പോയ്‌ ഈ സാരി ഉടുക്ക്... വിശ്വേട്ടൻ വിളിച്ചിരുന്നു..... അവര് പുറപ്പെട്ടൂന്ന്....""" വൈഗക്ക് നേരെ നീട്ടി പിടിച്ച സാരി.... ഒരു നിമിഷം എന്താണ് നടക്കുന്നതെന്നറിയാതെ വേദ പകച്ചു നോക്കി....

"""ഇത്... ഈ സാരി .... ഇവൾക്ക് എന്തിനാ കൊടുക്കുന്നെ..... സാറ് എന്നെ... എന്നെ അല്ലേ.... കാണാൻ വരുന്നേ....""" സ്വയം പദം പറഞ്ഞു നിൽക്കുന്നവൾക്ക് ചുറ്റും നടക്കുന്നത് തിരിച്ചറിയുമുമ്പ് വൈഗയുടെ വന്യമായ പുഞ്ചിരി വേദയുടെ കണ്ണുകളിൽ പതിഞ്ഞിരുന്നു.... ഹൃദയത്തിൽ നിന്ന് എന്തോ അടർന്നു വീഴുന്നത് പോലെ...... തൊണ്ടയിൽ നിന്നും അസഹ്യമായൊരു വേദന.... ഉമിനീരിറക്കുമ്പോഴേക്കും അറിയാതെ മിഴികളിൽ നീർകെട്ടി നിറഞ്ഞിരുന്നു..... """ഇതെന്താ അമ്മേ ഇത്തിരി കൂടി ബ്രൈറ്റ് കളർ സാരി എടുക്കാൻ ഞാൻ അച്ഛനോട് പറഞ്ഞതല്ലേ....."" ചിണുങ്ങി കൊണ്ടെന്നപ്പോൽ പറയുന്നവളുടെ ക്രൂരമിഴികൾ അപ്പോഴും വേദയിൽ നിന്നും അടർന്നു മാറിയിരുന്നില്ല..... """ഓ... ഇതൊക്കെ മതി.... അച്ഛൻ മേടിച്ചു തന്നതല്ലേ.... നിന്റെ ആ കറുത്ത സാരീടെ ബ്ലൗസ് ഇതിന് ചേരും.... മോളെ വേദേ ദാ... ഇവൾക്കൊന്ന് നല്ല ഭംഗിക്ക് സാരി ഉടുത്തുകൊടുത്തേ..... അടുക്കളേലിത്തിരി പണികൂടി ഉണ്ട്.....അതും കൂടി കഴിഞ്ഞ് അമ്മ ഇപ്പൊ വരാം.... """ ദേവി പറഞ്ഞു തിരിഞ്ഞു പോകുമ്പോൾ ഒന്നുമറിയാത്ത മട്ടിൽ വൈഗ വേദയുടെ അരികിലായ് ചെന്നു..... """നീ... ഇതെന്തു നോക്കി നിൽക്കാ മോളെ... ബാ.... എനിക്ക് ഈ സാരി ഉടുക്കാൻ ഹെൽപ് ചെയ്യ്.... എന്റെ മിഥുനേട്ടൻ ഇപ്പൊ എത്തും.....

""" പറഞ്ഞവൾ വശ്യമായി ഒന്നു ചിരിച്ചു കാട്ടി റൂമിലേക്ക് നടക്കുമ്പോൾ തകർന്നു നിൽക്കുകയായിരുന്നു വേദ.... ഇരുവരും റൂമിൽ കയറിയ ഉടനെ വൈഗ വാതിൽ കുറ്റിയിട്ടു.... വിതുമ്പിക്കൊണ്ട് തറയിലേക്ക് നിറമിഴിയോടെ പതറി നോക്കുന്നവളുടെ കീഴ്ത്താടിയെ വൈഗ പൊക്കി പിടിച്ചു.... ""എന്തിനാ മോളെ മോങ്ങുന്നേ....""" സ്വന്തം കൂടെപ്പിറപ്പ് ചതിച്ചതായായിരുന്നു എന്ന് മനസ്സിലായവൾക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല..... ഒരായിരം ചോദ്യങ്ങളുമായി വൈഗയുടെ കണ്ണുകളിലേക്കവൾ മാറിമാറി നോക്കി.... """എന്റെ വേദ കുട്ടിക്ക് സങ്കടം വരുന്നോ....""" ചുണ്ട് കോണിച്ചുകൊണ്ടവൾ വേദയെ നോക്കി പറയുമ്പോഴേക്കും അറിയാതെ ആ പാവം പൊട്ടി കരഞ്ഞു പോയ്‌..... """മി... മി... മിഥുൻ സ.. സാറ്...... നി... നി. നിന്നെ.... യാണോ..""" ഏങ്ങി നിന്നവൾക്ക് വൈഗ മറുപടി നൽകിയത് പുച്ഛം കൊണ്ടായിരുന്നു.... """അതേടി കഴുതേ....... സാറ് കാണാൻ വരുന്നത് എന്നെ തന്നെയാ..... സാറ് ഇഷ്ട്ടപെട്ടതും എന്നെയാ..... അങ്ങനെ വെറുതെ ഇഷ്ട്ടപെട്ടതൊന്നും അല്ല..... ഈ വൈഗ കൊളുത്തിട്ട് വളച്ചെടുത്തതാ.....

വിശ്വമാമയോട് എന്റെ കാര്യാ സാറിന്റെ പേരെന്റ്സ് അന്വേഷിച്ചേ.......പിന്നെ ഇന്നലെ സംഭവിച്ചത്.... അത് അങ്ങേർക്കൊരു അബദ്ധം പറ്റിയതാ ... ആ പൊട്ടന് നിന്നേം എന്നേം കണ്ടാൽ തിരിച്ചറിയില്ലാന്നാരു വിചാരിച്ചു..... ആ പോട്ടെ വന്നിട്ട് ഒത്തിരി നാളായില്ലല്ലോ അങ്ങനെ പറ്റിപോയതാ...അല്ല.... സാറിനെ പറഞ്ഞിട്ട് കാര്യമില്ലല്ലോ... ദൈവം അങ്ങനെയല്ലെ നമ്മളെ ജനിപ്പിച്ചേക്കുന്നെ....... """" നിസ്സാരമായി പറയുന്ന വൈഗ മുഖം കാണെ നെഞ്ചു നുറുങ്ങുന്നുണ്ടായിരുന്നു അവൾക്ക് .... വിജയിയെ പോലെ നിൽക്കുന്നവളുടെ മുഖത്തേയ്ക്ക് നോക്കി.... വേദ ദയനീയമായി ചൂണ്ടു വിരൽ കാട്ടി.... """"ഒ... ഒ.... ഒരുവാക്ക്.... പ.. പ ..... പറഞ്ഞൂടായിരുന്നോ.... മോളെ.....ഈ.... ഈ... ഇഷ്ട്ടത്തെ പ.. പറ്റി.....എ... എ... എന്നെ... എ... എന്തിനാ..വെ... വെറുതെ.... മോ.. മോ.. മോഹിപ്പിച്ചേ....എന്റെ... മ.. മനസ്സിൽ.... ആ.... ആ... ആശ നിറച്ചേ..... എന്നെ.....വേ. വേദനിപ്പിച്ചേ...."""" അവസാനത്തെ വാക്കുപറയുമ്പോൾ തൊണ്ടഇടറിയവൾക്ക് ശബ്ദം പുറത്ത് വരുന്നുണ്ടായിരുന്നില്ല.... """വേദനിപ്പിച്ചോ.... ഞാനോ...അല്ലേ... അതുകൊള്ളാം..

ഞാൻ.. നിന്നെ അടിച്ചോ.... അതോ ദ്രോഹിച്ചോ..... പോട്ടെ നിന്റെ പ്രണയം തട്ടിപ്പറിച്ചോ.... ഇല്ലല്ലോ.... ഞാൻ സ്വന്തമാക്കിയത് എന്റെ പ്രണയമാണ്.... ഈ വൈഗയോട് മിഥുൻ സാറിനുള്ള പ്രണയം.....പിന്നെ ഇങ്ങനൊരു നാടകം കളിച്ചത് ഞാനും സൗമ്യയും കൂടി ചേർന്നാ....ചുമ്മാ ഒരു രസത്തിന്...... അതിനിപ്പോ എന്താ.... രണ്ട് ദിവസം നിനക്ക് സാറിനെ പോലെയുള്ള ഒരാളെ സ്വപ്നമെങ്കിലും കാണാൻ പറ്റിയില്ലേ... അതിന് എന്നോട് നന്ദിയാ നീ പറയേണ്ടേ....... അല്ലെങ്കിലും നിന്നെ പോലെ ഒരുത്തിയെ ആരെങ്കിലും ഇഷ്ട്ടപെടോ... നാലാൾക്കാരുടെ മുന്നില് കൊണ്ട് പോയ്‌ നിന്നെ നിർത്താൻ പറ്റോ....വിക്കി വിക്കി നടന്ന് മനുഷ്യനെ നാണം കെടുത്തുന്ന ഒരു സാധനം......""" വൈഗ രൂക്ഷമായി പറഞ്ഞതും ഉള്ളു നീറികൊണ്ടവൾ പൊട്ടി കരഞ്ഞു ഇരു കൈകളാലും ആ മുഖം മൂടി.... """"നീ കരയ്യ്.... നന്നായി കരയ്യ്......നിന്റെ കണ്ണീര് എനിക്കൊരു ഹരാ....... ഞാൻ ചിരിക്കുമ്പോൾ നീ കരയണം അതാ എനിക്കിഷ്ട്ടം....""" സ്വരം താഴ്ത്തികൊണ്ട് വൈഗ വേദയെ നോക്കി കണ്ണുകൂർപ്പിച്ചു നിന്നു.... അപ്പോഴേക്കും വൈഗയുടെ ഫോണിൽ നിന്നും വൈബ്രേഷന്റെ ശബ്ദം നിരന്തരം കേൾക്കുന്നുണ്ടായിരുന്നു..... വൈഗ ബാഗു തുറന്നു ഫോണിലേക്ക് നോക്കി.... നോക്കിയതും അവളൊന്നു ഊറി ചിരിച്ചു.....

"""ചതിച്ചു എന്ന് പറഞ്ഞാൽ അത് ഇവനെയാ...ഈ ഇഡിയറ്റിനെ """ ഫോൺ സ്‌ക്രീനിൽ തെളിഞ്ഞു നിന്ന പ്രിൻസിന്റെ മുഖം വേദക്ക് നേരെ കാട്ടി വൈഗ നിന്നു.... """ഇനി വൈഗ പ്രിൻസിന്റെ അല്ല പകരം മിഥുന്റെയാ.......... പ്രിൻസിന്റെയും വൈഗയുടേയും പ്രണയഗാഥയുടെ അധ്യായം ഇവിടെ ഈ നിമിഷം അവസാനിക്കുന്നു.......""" ഒറ്റ പുരികം ഉയർത്തി പറഞ്ഞവൾ വേദക്ക് നേരെ നീട്ടിയ ഫോൺ തിരിച്ചു വെച്ചു നോക്കി.... """മൈ സ്വീറ്റ് വില്ലൻ.... ഇതോടു കൂടി....""" വലംകൈ വീശി നാവ് കോട്ടികൊണ്ടവൾ 'കഴിഞ്ഞു' എന്നർഥത്തിൽ ഒരു കണ്ണടച്ചു കാട്ടി..... """ഹും..... കാൽ കാശിനു ഗതിയില്ലാത്ത ഒരു കാമുകൻ....""" ഫോണിനെ ഞെരിച്ചു നിന്ന വൈഗ അതിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു..... """"നീ എന്താടി നോക്കുന്നേ... മൂന്ന് പേരെ ഒരേ സമയം ചതിക്കുന്നത് ഒരു കഴിവാണ് മോളെ... അതിന് അസൂയപെട്ടിട്ടൊരു കാര്യോമില്ല..... """ പുച്ഛഭാവത്തിൽ തന്നെ കടന്നു പോകുന്ന വൈഗയെ നോക്കി നിന്നവളുടെ നിറമിഴികൾ നീങ്ങിയത് കട്ടിലിൽ വീണു കിടക്കുന്ന വൈഗയുടെ ഫോണിലേക്കാണ്.... പ്രിൻസ് എന്നെഴുതിയിരിക്കുന്നതിനോടൊപ്പം തെളിഞ്ഞു കാണുന്ന അവന്റെ പുഞ്ചിരിക്കുന്ന മുഖം.... മിഴിനീർകെട്ടി തിളങ്ങി നിന്ന വേദയുടെ കണ്ണുകളിൽ അവന്റെ ചിത്രം പ്രതിഭലിച്ചു നിന്നു..... അപ്പോഴും വൈഗയുടെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി കേട്ടുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു....... """പ്രിൻസിന്റെയും വൈഗയുടേയും പ്രണയഗാഥയുടെ അധ്യായം ഇവിടെ ഈ നിമിഷം അവസാനിക്കുന്നു......."""".....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story