വേ.. വേ... വേദാത്മിക...: ഭാഗം 6

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

"""ഹാപ്പി ബർത്ഡേ വേദകുട്ടി ....."""" കണ്ണാടിയുടെ മുന്നിൽ നിന്നു മുടി ചീകുന്നവളുടെ പിന്നിലൂടെ വന്ന് വൈഗ കെട്ടിപ്പുണർന്നപ്പോഴേക്കും ദേഷ്യത്തോടെ കൈകളെ തട്ടി മാറ്റി വേദ..... """എന്താടി പെണ്ണെ ഞാനിത്ര സന്തോഷത്തോടെ വിഷ് ചെയ്തിട്ടും ഒരു മൈന്റും ഇല്ലാത്തെ....""" പതിവില്ലാത്ത സന്തോഷവും വിഷം പുരട്ടിയ സ്നേഹവും.... എന്തോ അവൾക്ക് നേരെ ഒന്ന് പുഞ്ചിരിക്കാൻ കൂടി വേദക്ക് തോന്നീല്ല..... കണ്ണുക്കൂർപ്പിച്ചവളെ അടിമുടി നോക്കിയ ശേഷം കോളേജിൽ പോകാനായി വേദ ഒരുങ്ങി..... """"അയ്യേ.... നല്ലൊരു ബർത്ത് ഡേ ആയിട്ട് നീ ഇന്ന് ഈ പഴയ ഡ്രെസ്സാണോ ഇട്ടോണ്ട് പോകുന്നെ......""" മുഖം ചുളുക്കിയവൾ ഇട്ടിരുന്ന ചുരുദാറിനെ പിടിച്ചു വലിച്ചപ്പോൾ വെറുപ്പോടെ വേദ മാറി നിന്നു..... """എ.....എനിക്കിതൊക്കെ മതി.....""" തെല്ലൊരു ഗൗരവത്തോടെയായിരുന്നു വേദയുടെ മറുപടി..... """....മ്മ്മ്.....""" ഒന്നിരുത്തി മൂളിക്കൊണ്ട് വൈഗ പതിയെ അലമാര തുറന്ന് ഒരു റെഡ് കളർ ലോങ്ങ്‌ ടോപ്‌ എടുത്ത് അവൾക്ക് നേരെ നീട്ടി..... """"നീ ഇത് ഇട് പെണ്ണെ..... അമ്മ നമുക്ക് രണ്ടുപേർക്കും കൂടി ഒരുമിച്ച് മേടിച്ചു തന്നതല്ലേ.... എല്ലാവർഷവും പുതിയതിടുന്നവൾക്ക് ഇന്നെന്തു പറ്റി..... ഇത് നീ ഇട്ടാൽ സെയിം ഡ്രസ്സ്‌ ഞാനുമിടാം..... ""

"" തനിക്ക് നേരെ നീട്ടി പിടിച്ച ഡ്രസ്സിലേക്ക് അപ്പോഴും ഒന്നു നോക്കുക പോലും ചെയ്യുണ്ടായിരുന്നില്ല വേദ.... """എനിക്ക്... വെ....വേണ്ടന്നല്ലേ പറഞ്ഞേ......"""" """ആഹാ... അമ്മേ.... അമ്മേ....""" വാശിയിൽ അടുക്കള ഭാഗത്ത്‌ നോക്കി വൈഗ നീട്ടി വിളിച്ചപ്പോഴേക്കും ദേവി വെപ്രാളത്തോടെ മുറിയിലേക്ക് വന്നു..... """എന്താടി... രാവിലെ...കെടന്ന് കൂവുന്നേ....""" """ദേ അമ്മേ... അവളീ ഡ്രെസ്സ് ഇടുന്നില്ല.... ബർത്ഡേക്ക് അമ്മ മേടിച്ചു തന്നതല്ലേ ഞങ്ങൾക്ക്..... ഇവളിത് ഇട്ടാൽ സെയിം ഡ്രസ്സ്‌ ഞാനും ഇട്ടേനെ....""" കൊച്ചു കുഞ്ഞുങ്ങളെ പോൽ ചിണുങ്ങി നിൽക്കുന്നവളെ കണ്ട് ദേവിക്ക് എന്തോ സംശയം തോന്നി.... """അല്ല...അതിന് ഈ ഡ്രെസ്സ് നിനക്കിഷ്ട്ടായില്ല.... മാറ്റി വാങ്ങാൻ പോകുവാ എന്നൊക്കെയല്ലേ അന്ന് പറഞ്ഞേ....""" ഇളിക്കു ഒറ്റകയ്യും കൊടുത്ത് ദേവി പറയുമ്പോൾ അടുത്ത നുണ തിരയുകയായിരുന്നു വൈഗ... """അ... അത്.... ഞാൻ അപ്പൊ എനിക്കത്ര ഇഷ്ട്ടായില്ല... പക്ഷെ.. പിന്നെ....പിന്നെ എടുത്ത് നോക്കിയപ്പോഴാ എനിക്ക്..... ആ അമ്മ അത് വിട്... ഇവളോട് ഇത് ഇടാൻ പറയമ്മേ... """

വൈഗ പറഞ്ഞു നിർത്തിയപ്പോൾ ദേവി നോക്കിയത് ഒന്നും മിണ്ടാതെ കണ്ണാടിയിൽ തന്നെ മിഴി നീട്ടി നിൽക്കുന്ന വേദയെയാണ്.... """എന്തൊരു കോലാ കുട്ടി... ഇത്....ഒരു പനി വന്നെന്നും പറഞ്ഞ്....ഹോ...ഒക്കെ മാറോട്ടോ...... ഇന്നൊരു നല്ല ദിവസ്സല്ലേ കുഞ്ഞേ.....അമ്മേടെ മോള് ഈ പുതിയ ഡ്രസ്സ്‌ ഇട്ടേ...... രണ്ടുപേരും കുഞ്ഞിലെത്തെ പോലെ ഒരുപോലെ പോകാൻ വേണ്ടിയല്ലേ അമ്മ ഇത് ഒരുമിച്ച് വാങ്ങിയത്.....""" കീഴ്താടിയിൽ വിരലമർത്തി ദേവി പറയുമ്പോൾ അല്പം മടിയോടെയാണ് വേദ നിന്നത്.... """"ദേ.... ഈ ഡ്രെസ്സൊക്കെ ഇട്ട്... നന്നായിട്ടൊരുങ്ങി സുന്ദരി കുട്ടിയായിട്ട് വേണം എന്റെ മോള് കോളേജിൽ പോകാൻ... മ്മ്... പോ.. കുഞ്ഞേ.... """"" കയ്യിലേക്ക് ഡ്രസ്സ്‌ ഏൽപ്പിച്ചു ബാത്രൂമിലേക്ക് അവളെ അമ്മ പറഞ്ഞയക്കുമ്പോൾ എന്തോ വിജയിച്ചവളുടെ ഭാവമായിരുന്നു വൈഗയുടെ മുഖത്ത്..... ഇരുവരും ഒരേ റെഡ് കളർ ടോപ്പ് ..... അതേ ഷാൾ.... കഴിവതും ഒരേ രീതിയിൽ തന്നെയായിരുന്നു വൈഗയുടെ ഒരുക്കം.... അവളുടെ ദുരിദ്ദേശം അറിയാതെ വേദ അമ്മയുടെ വാക്ക് അതേ പടി അനുസരിച്ചു കോളേജിലേക്ക് ഇറങ്ങുമ്പോൾ വൈഗ മറ്റൊന്ന് പ്ലാൻ ചെയ്യുകയായിരുന്നു.... ബസ്റ്റോപ്പിൽ ചെന്ന് ആദ്യം വന്ന ബസ്സിൽ തന്നെ വേദയെ പറഞ്ഞച്ചവൾ പ്രിൻസിനെ വിളിച്ചു....

. രണ്ട് ദിവസത്തെ കാത്തിരിപ്പ്... മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒഴിവാക്കൽ.... താൻ താക്കീത് നൽകിയിട്ടും വെല്ലുവിളി പോലെ തന്നെ മാറ്റിനിർത്തിയവളുടെ കോൾ വന്നതും നുരഞ്ഞു വന്ന ദേഷ്യത്തോടെ പ്രിൻസ് എടുത്തു.... """".....ഹലോ.... ഹലോ...."" വൈഗ ആവർത്തിച്ചു വിളിച്ചിട്ടും മൗനം ആയിരുന്നു മറുപടി..... അൽപ നേരത്തെ നിശബ്ദതയിൽ പല്ലിറുക്കികൊണ്ട് പ്രിൻസ് അങ്ങനേ നിന്നു..... """നീ എവിടാ......""" ക്ഷണനേരത്തെ മൗനം മുറിച്ചുകൊണ്ട് ഗൗരവത്തോടെ പ്രിൻസ് ചോദിച്ചു...... """ബസ്റ്റോപ്പിൽ ..... എനിക്ക് സംസാരിക്കാൻ ഉണ്ട്...."""" വൈഗയുടെ സംസാരത്തോടൊപ്പം കേട്ട ബൈക്കിന്റെ ഒച്ച... എന്തോ അവളെ തെല്ലൊന്നു ഭയപ്പെടുത്തി..... അവൻ അടുത്തേക്കാണ് എന്ന ഭയം..... ഒന്നും മിണ്ടാതെ അവൻ ഫോൺ കട്ട്‌ ചെയ്തപ്പോൾ തന്നെ നെഞ്ചോന്നാളി.... """പേടിയാണ് അവനെ... പക്ഷെ..... തനിക്ക് ജയിച്ചേ പറ്റൂ എങ്ങനെയെങ്കിലും....""" നെഞ്ചിടിപ്പോടെ ഉമിനീറക്കി നിൽക്കുന്നവളുടെ മുന്നിലേക്ക് ഒരു ഓറഞ്ച് കളർ ബൈക്ക് വന്നു നിന്നു..... ബസ്റ്റോപ്പിൽ തിരക്ക് കുറവായിരുന്നു......

സൈഡിലേക്ക് മാറി ഒതുങ്ങി നിൽക്കുന്നവളുടെ മുന്നിലേക്ക് പ്രിൻസ് നീങ്ങി...... ആദ്യം മിഴികൾ പാഞ്ഞത് പതിവായി കാണാത്ത വസ്ത്രത്തിലേക്കാണെങ്കിലും മെല്ലെ ശ്രദ്ധ മാറ്റി..... പതിയെ അവളരികിലായി ചേർന്നവൻ സ്വരം താഴ്ത്തുമ്പോഴും നോട്ടത്തിലും ശബ്ദത്തിലും അടങ്ങാത്ത കോപം ജ്വാലിക്കുന്നുണ്ടായിരുന്നു......... """എന്താ.... ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തെ...""" മറുപടിയില്ല..... ചുറ്റിലേക്കും പതറിയുള്ള നോട്ടം മാത്രം..... ദേഷ്യം നെഞ്ചിലേക്ക് വലിച്ചു വിട്ടവൻ മിഴികൾ മുറുക്കെ അടച്ചു.... അടുത്ത നിമിഷം രൂക്ഷമായ ഒരു നോട്ടം അവൾക്ക് നേരെ വീശിയവൻ.... """വാ......ബൈക്കിൽ കേറ്......""" ആജ്ഞ എന്നോണം പറഞ്ഞവൻ നോക്കിനിൽക്കേ തന്നെ വിടർന്നു കിടന്ന മുടിയിലേക്ക് ഒരു ക്ലിപ്പ് വെച്ചവൾ ലാഘവത്തോടെ അവനെ നോക്കി.... """ദേ... ഇവിടെ വെച്ച് ഒരിശ്യൂ... ഉണ്ടാക്കരുത്.... വണ്ടിയിൽ കേറാൻ....""" അവസാനവാക്കിൽ ശബ്ദമുയർന്നപ്പോഴേക്കും ചുറ്റുമുള്ള ഒരാൾ ശ്രദ്ധിച്ച നേരം അവനൊന്നടങ്ങി...... """ഒച്ച വെയ്ക്കണ്ട...... ഞാൻ എങ്ങോട്ടും ഇല്ല....""" ഭയം കഴിവതും മുഖത്തുകാട്ടാതെ കടുപ്പിച്ചവൾ അവന് നേരെ ശബ്ദം ഉയർത്തി....

ദേഷ്യത്തോടെ മറ്റെന്തോ പറയാനായി വന്നവനെ തടസ്സപെടുത്തികൊണ്ട് അവൾ തുടർന്നു..... """നിന്നോട് എല്ലാം മതിയാക്കാൻ ഞാൻ പറഞ്ഞതല്ലേ പ്രിൻസേ..... എനിക്കെന്റെ വീട്ടുകാരാ വലുത്....അവരെ എതിർത്ത് എനിക്കൊന്നും ചെയ്യാൻ കഴിയില്ല....സോ.....''"' മൂന്നാമതൊരാൾക്കും കേൾക്കാൻ കഴിയാത്ത വിധത്തിൽ പറഞ്ഞവൾ നിർത്തുമ്പോൾ കുതിച്ചുയരുന്ന അവന്റെ ഉള്ള് അവൾ അറിയുന്നുണ്ടായിരുന്നു.... """അപ്പൊ നിന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലേ വൈഗേ...."" കണ്ണിൽ തീകനൽ പേറി നിന്നവന്റെ ചോദ്യത്തിന് ഒരുത്തരമേ അവൾക്കുണ്ടായിരുന്നുള്ളു.... """.....ഇല്ല....""" മറുപടി നൽകുമ്പോൾ തന്നെ മുന്നിലേക്ക് ബസ്സ് എത്തിയിരുന്നു..... ചുറ്റും കൂടി നിന്നവൾ ബസ്സിലേക്ക് കയറാൻ നിൽക്കുമ്പോൾ മുന്നിലേക്ക് നീങ്ങിയവളുടെ ഇടം കയ്യേ അവൻ ശക്തമായി പിടിച്ചു.... നെഞ്ചോന്നാളി കൊണ്ടവൾ പൊടുന്നനെ തിരിഞ്ഞു നോക്കി..... അപ്പോഴും ആരെങ്കിലും തന്നെ ശ്രെദ്ധിക്കുന്നുണ്ടോ എന്നാണ് അവൻ ആദ്യം നോക്കിയത്.... ചുറ്റും കണ്ണോടിച്ചുകൊണ്ടവൻ അവൾക്ക് നേരെ തീക്ഷണമായി ഒന്നു നോക്കി..... """"എവിടെക്കാടി ഓടുന്നത്.... എത്ര ഓടിയാലും നീ പോകുന്നത് കോളേജിലേക്ക് തന്നെയല്ലേ..... നിനക്കുള്ള പണി പ്രിൻസ് അവിടെ തരുന്നുണ്ട്..... "

"" അവന്റെ കൈബലത്തിൽ എന്തുകൊണ്ടോ എതിർക്കാതിരുന്നവൾ വാശിയോടെ ഒന്നു കൂടി പറഞ്ഞു..... """നിനക്ക് ചെയ്യാൻ കഴിയുന്നതൊക്കെ നീ അങ്ങ് ചെയ്യ്....."" വെല്ലുവിളിച്ചവൾ അവന്റെ കൈ എടുത്തു മാറ്റി.... ബസ്സിന്റെ തിരക്കുകൾക്കിടയിൽ മറയുന്നവളെ ജ്വലിക്കുന്ന കണ്ണുകളോടെ അവൻ നോക്കി നിന്നു.... ❤️ പെയ്തൊഴിയാൻ വിങ്ങി നിൽക്കുന്ന മഴക്കാറ് പോലെ വാകമരത്തണലിൽ സ്വയം ഉരുകി നിൽക്കുകയാണ് ഒരുത്തി..... എന്തോ കണ്ണീർ വറ്റിയിരിക്കുന്നു..... രണ്ട് ദിവസം മുഴുവൻ തലയണ കുടിച്ചു തീർത്തതിനാലാവാം.... അറിയില്ല പെണ്ണെ.... ഞാൻ ചെയ്ത തെറ്റെന്താണെന്ന്?...... സാറിനെ ഞാൻ ആഗ്രഹിച്ചതല്ലല്ലോ... ഈ മനസ്സിലേക്ക് പ്രണയം തള്ളി കയറ്റിയതല്ലേ..... എന്തിനാ അവളിത് ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.... ഹും.... എന്റെ കണ്ണീർ ഹരമാണത്രെ.... ഇപ്പൊ സന്തോഷായി കാണും.... """ എന്നും തന്റെ കുറവിനെ കളിയാക്കുന്നവരെ കുറിച്ചു മാത്രം പരാതി പറയാൻ വന്നിരിക്കുന്നവൾക്ക് എന്തോ മാറ്റം സംഭവിച്ചിരിക്കുന്നു..... പരിഭവങ്ങൾക്ക് പകരം പ്രാണൻ നുറുങ്ങുന്ന വേദനയാണ് പങ്കു വെക്കുന്നത്......... വാകപെണ്ണിലേക്ക് തലചായ്ചിരിക്കുമ്പോൾ അവൾക്കായി മാത്രം ഒരു പൂവിനെ ആ മടിയിലേക്ക് പൊഴിഞ്ഞു കൊടുത്തു.....

അങ്ങനെയെങ്കിലും ആ മുഖത്തൊന്ന് പുഞ്ചിരി വിടരാൻ...... അപ്പോഴും എവിടേക്കോ കണ്ണും നട്ടിരിക്കുന്നവളുടെ മനസ്സ് എന്തെന്നില്ലാതെ അലയുകയായിരുന്നു..... """താനെന്താടോ ഇവിടെ ഇങ്ങനെ ഒറ്റക്കിരിക്കുന്നെ...""" പരിചിതമായൊരു ശബ്ദം കാതുകളിൽ അലയടിച്ചപ്പോഴേക്കും ചാടി എണീറ്റിരുന്നു വേദ.... ""മിഥുൻ സാർ...""" മുഖത്ത് നോക്കാൻ കൂടി മനസ്സ് നോവുന്നു....... """....എന്തെ ഒന്നും മിണ്ടാത്തെ .... എന്നെ കണ്ടപ്പോ പെട്ടെന്ന് നാണം വന്നോ.....""" """ചോദ്യം തന്നോടല്ല..."" വൈഗയോടാണെന്ന് തിരിച്ചറിഞ്ഞവൾ മുഖമുയർത്തി സംസാരത്തിനു തടസ്സമിടാനായി ആഞ്ഞു.... """ഇന്ന് കോളേജ് കഴിഞ്ഞ് എന്താ പ്ലാൻ... തന്റെ ബർത്ഡേ അല്ലേ നമുക്കൊ...""" """ഞാൻ.... വെ... വേ...വേദയാ... സ... സാർ.....""" സംസാരം മുഴുമിപ്പിക്കും മുന്നേ അവൾ പറഞ്ഞു.... """ഓ... സോറി... സോറി..... ഞാൻ.... കരുതി?... സോറിടോ....അത്.... അത് എന്താണെന്നറിയോ... ഇന്ന് വൈഗയും ഈ സെയിം ഡ്രെസ്സല്ലേ അതുകൊണ്ടാ ഞാൻ....... ഇങ്ങനെ ഒരേപോലെ നടന്നാ ഞങ്ങള് പാവങ്ങൾ കുഴഞ്ഞു പോകോല്ലോടോ...'"" തന്റെ മുന്നിൽ പൊട്ടിച്ചിരിച്ചു നിൽക്കുന്ന ആൾക്കൊരു നിർജീവമായ പുഞ്ചിരിയാണ് വേദ സമ്മാനിച്ചത്..... തന്നെ നോക്കി കടന്നു പോകുന്ന ആളോടുള്ള പ്രണയം ഇപ്പോൾ പൂർണമായും മറഞ്ഞിരിക്കുന്നു പകരം സഹതാപം മാത്രമേ ഉള്ളൂ..... """

അവൾ.... വൈഗ....ഇനി ഈ പാവത്തിന്റെ ജീവിതവും കൂടി...."""" സ്വയം ഓർത്ത് നിൽക്കുമ്പോൾ തന്റെ അരികിലേക്ക് ഓടി കിതച്ചു വരുന്ന സൗമ്യേ ആണ് കാണുന്നത്.... ""ആ വേദ.... നീ ഇവിടെ നിക്കുവായിരുന്നോ....."" കയ്യിൽ റെക്കോർഡുമായി അണച്ചുനിൽക്കുന്നവളെ വേദയൊന്നു നെറ്റി ചുളുക്കി നോക്കി..... """എ... എന്താ.. സൗമ്യാ...""" """എടാ...എന്റെയൊപ്പം പഴയ ഡി ബ്ലോക്ക്‌ വരെ ഒന്നു വരാവോ അവിടെ കാർത്തിക് നിൽപ്പുണ്ട് ദേ... ഈ റെക്കോർഡ് ഒന്നു കൊടുക്കാനാ.... വൈഗയ്ക്കാണേ വയ്യ... തലവേദനയാ..... """ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി സൗമ്യ വേദയുടെ കൈ പിടിക്കുമ്പോൾ.... എതിർത്ത് പറഞ്ഞില്ല അവൾ..... കോളേജിന്റെ പിറക് വശത്താണ് പഴയ ഡി ബ്ലോക്ക്‌.... ഇപ്പോൾ സ്റ്റോറൂമുകളാണ് അവിടം...... അധികം ആരും വരാത്ത ഒരു സ്ഥലം...... അവർ സ്റ്റെപ്പിറങ്ങി അവിടെ കാത്തു നിന്നു......

ഒറ്റക്കല്ലെങ്കിലും വല്ലാത്ത പേടി പോലെ വേദയ്ക്ക്..... """നി.. നിനക്ക്...... ഈ... സ്ഥലേ വരാൻ കി... കിട്ടിയൊള്ളോ..... സൗമ്യേ...'''' ഈർഷ്യത്തോടെ അവൾ പറഞ്ഞു നിർത്തി.... """എടി... അത് ഇവിടെ പാർട്ടീടെ ചെറിയ മീറ്റിങ്ങെന്തോ കൂടുമെന്ന് അവൻ പറഞ്ഞിരുന്നു...... കോളേജിലിപ്പോ അതിനൊക്കെ വിലക്കല്ലെ.....അതാ ഇങ്ങോട്ട് വന്നേ....""" """എന്നിട്ട്... എ... എവിടെ...""" തെല്ലൊരു ഭയത്തോടെ നിൽക്കുന്നവളെ സമാധാനിപ്പിക്കുന്നതിനിടയിലാണ് സ്റ്റെപ്പിന് മുകളിൽ പെട്ടെന്നൊരാൾ ഓടി വന്നു നിന്നത്.... ""....പ്രിൻസ്..."" അവൻ പറഞ്ഞതനുസരിച്ചു വന്നതാണ്.... പിന്നിലേക്ക് തിരിഞ്ഞു നിൽക്കുന്ന വേദയുടെ അഭിമുഖമായി നിൽക്കുന്ന സൗമ്യ അവനെ കണ്ടതും അടിവയറ്റിൽ എന്തോ ആളി കയറുന്ന പോലെ.... വേദയുടെ ശ്രദ്ധ വരാതെ സൗമ്യ അവനെ നോക്കുമ്പോൾ ചൂഴ്ന്നൊരു നോട്ടം വീശിയവൻ തലവെട്ടിച്ചു അവളോട്‌ മാറാനായി നിർദ്ദേശം നൽകി.... പേടിച്ചു കൊണ്ടവൾ അങ്ങനെ നിൽക്കുമ്പോൾ ഒന്നുകൂടി അവൻ കണ്ണുരുട്ടി..... അവിടെ നിന്നും പോയ്‌.... ഉടൻ ഫോണെടുതെന്തോ കുത്തിയവൾ ചെവിയിൽ ചേർത്തു....

"""ഹലോ..... ആ... ആ... ഞാൻ... ഞാൻ.. ദാ.. വരുന്നു.....""" അത്രയും പറഞ്ഞവൾ ഫോൺ മാറ്റി വേദക്ക് നേരെ നോക്കി... """അതേ... മോളെ.... നീ ... ഇവിടെ നിക്ക്.... ചെറിയൊരു അത്യാവശ്യ ഞാൻ...... ദാ വരുന്നു....""" മുഖം ചുളുക്കി പേടിയോടെ നോക്കി നിൽക്കുന്നവളിൽ നിന്ന് സൗമ്യ അകന്നുമാറാനായി ശ്രെമിച്ചു.... """അ.... അയ്യോ... സൗ.... """ എതിർക്കും മുന്നേ തന്നിൽ നിന്നും ഓടി അകലുന്നവളെ ഒരു നിമിഷം നിസ്സഹായതയോടെ വേദ നോക്കി.... """"പേടിയാകുന്നല്ലോ...... സാധാരണ...... ഒരു പ്യൂണെങ്കിലും കാണുന്നതാ......ആരേം കാണുന്നില്ല........""" ചുറ്റും നെഞ്ചിടിപ്പോടെ പരതി കൊണ്ടവൾ പുലമ്പി..... മനസ്സിലേക്ക് ഭയം ഒഴുകി തുടങ്ങിയപ്പോഴേക്കും സൗമ്യ പോയ വഴിയേ വേഗത്തിൽ നടന്നു..... തുറന്നു കിടക്കുന്ന സ്റ്റോറൂമുകളുടെ അരികുപറ്റി ഓടുന്നതിനിടയിൽ പെട്ടെന്ന് ആരോ വേദയുടെ കൈപിടിച്ചു വലിച്ചു.... സ്റ്റോറൂമിലേക്ക് വലിച്ചിട്ട വേഗതയിൽ പഴയ തുരുമ്പിച്ച കസേരയിലേക്കാണ് ചെന്നിടിച്ചത്.... കീഴ്ച്ചുണ്ടിൽ നിന്നും വരുന്ന അസഹ്യമായ വേദനയിൽ അറിയാതെ അവളുടെ കണ്ണുകൾ മുറുക്കെ അടഞ്ഞു പോയ്‌.......

മിഴികൾ തുറക്കാൻ പോലും കഴിയാതെ പൊടിഞ്ഞു തുടങ്ങിയ രക്തത്തിന്മേൽ വിരലമർത്തിയതും വാതിലടച്ചു കുറ്റിയിടുന്ന ശബ്ദമാണ് കേട്ടത്..... പൊടുന്നനെ ചാടി എണീറ്റവൾ തിരിഞ്ഞു നോക്കുമ്പോൾ ...... ക്രൂരമായി പുഞ്ചിരിച്ചു ഇരുകൈകളും ഇളിക്കു കൊടുത്തു കൊണ്ട് നിൽക്കുന്നു പ്രിൻസ്.... വിറച്ചു നിന്നവൾ എന്തോ പറയാനായി ആഞ്ഞതും .... മുടി കുത്തിൽ പിടിച്ചവൻ ചുവരിലേക്ക് ചേർത്ത് വലം കയ്യാലേ അവളുടെ വാ പൊത്തി പിടിച്ചു..... """ഒച്ചവെച്ചാൽ കൊല്ലും ഞാൻ....""" പല്ലിറുക്കി പതിഞ്ഞ സ്വരത്തിൽ അവനത് പറയുമ്പോൾ അവന്റെ കൈ കരുത്തിൽ കിടന്നു കുതറുകയായിരുന്നു അവൾ..... """"നീ എന്നതാടി പറഞ്ഞേ..... എനിക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യാൻ അല്ല്യോ..... എടി... ഞാൻ ഒന്നു വിചാരിച്ചാൽ ഇപ്പൊ... ഈ നിമിഷം തീരും നീ.....ഇത്രേ ഉള്ളൂടി നീയൊക്കെ... """ അവൻ പറയുംതോറും വേദ അവന്റെ വിരി മാറിലേക്ക് ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു.....

"""എടി.... നീയെന്തോ കരുതി.... താലി കെട്ടീട്ടെ നിന്നെ ഞാൻ തൊടത്തൊള്ളൂന്ന് പറഞ്ഞപ്പോ ഞാനൊരു കഴിവ് കെട്ടവനാണെന്നു വിചാരിച്ചോ....ഏ....""" പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... ഞാൻ വൈഗയല്ല എന്നായിരം വട്ടം പറയുന്നവളുടെ ശബ്ദം അവൻ കേട്ടില്ല.... അവസാന ശ്രമമെന്നോണം പ്രഹരിച്ചു നിന്ന മാറിലെ ഷർട്ടിലേക്ക് പിടി മുറുക്കി അവൾക്കാവുംവിധം അവനെ ഉലച്ചു.... മൃതുലമാർന്ന അദരങ്ങളിൽ ചേർന്നുനിന്ന അവന്റെ കൈവെള്ളയിലേക്ക് ചുട്ടു പൊള്ളുന്ന നിശ്വാസം വീണതും.... ശരീരത്തിലേക്കെന്തോ വെട്ടി കയറുന്നത് പോലെ..... ഏറി നിന്ന ഹൃദയസ്പന്ദനത്തിന്റെ താളം മാറി തുടങ്ങിയിരിക്കുന്നു........... """"ഇത്......ഈ സ്പർശം?....."""" ഒരു നിമിഷം നോക്കി നിന്നവന് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞത് ദയനീയത തുളുമ്പുന്ന ഇരുമിഴികളേ ആയിരുന്നു..... കത്തി ജ്വലിച്ചു നിന്ന അവന്റെ കണ്ണുകൾ എന്തോ അറിഞ്ഞതുപോലെ ശാന്തമാകുബോഴേക്കും ബലിഷ്ടമായ പ്രിൻസിന്റെ കരങ്ങൾക്ക് അയവു വീണിരുന്നു...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story