വേ.. വേ... വേദാത്മിക...: ഭാഗം 7

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

കത്തി ജ്വലിച്ചു നിന്ന അവന്റെ കണ്ണുകൾ എന്തോ അറിഞ്ഞതുപോലെ ശാന്തമാകുബോഴേക്കും ബലിഷ്ടമായ പ്രിൻസിന്റെ കരങ്ങൾക്ക് അയവു വീണിരുന്നു.... ഒരു നിമിഷത്തെ നിശബ്ദത.... അവന്റെ കണ്ണുകൾ അവളിലേക്ക് ഉടക്കി നിന്ന മാത്രയിൽ വിറയാർന്ന ചുണ്ടുകളാലെ അവൻ മെല്ലെ മൊഴിഞ്ഞു..... """""....വേ.... ദാ........?""" കേട്ടതും ശരീരം പൊതിഞ്ഞിരുന്ന കരങ്ങൾക്ക് ബലം നഷ്ട്ടപെട്ടെന്ന് മനസ്സിലാക്കിയവൾ പൊട്ടി കരഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റി..... ഞെട്ടലോടെ നിന്നവന്റെ മുഖത്തു പോലും നോക്കാതെ വാ വിട്ടു കരയുവാൻ തുടങ്ങി അവൾ..... ""അരുതാത്തത് സംഭവിച്ചിരിക്കുന്നു.... ....ചതി....നടന്നിരിക്കുന്നു.." """....ആാാ....""" ഒരപരാതിയെ പോലെ അലറിക്കൊണ്ടവൻ ചുവരിലേക്ക് മുഷ്ടി ചുരുട്ടി ശക്തിയായി ഇടിക്കുമ്പോഴും വേദ കരച്ചിൽ തുടർന്നു.... ചുവരിലേക്ക് പൊത്തി നിന്ന കണ്ണുകൾ തെല്ലൊന്നവളിലേക്ക് ഒഴുകിയതും അറിയാതെ കാലുകൾ അരികിലായ് ചലിച്ചു...... """"സോ....റി..... സോറി.... എനി... ക്ക്.... മാറി.. പോയതാ...."""" ഇരുകയ്യുകളും നീട്ടി കുറ്റമേറ്റു പറഞ്ഞവൻ ഇമ വെട്ടാതെ അവളെ തന്നെ നോക്കിയപ്പോൾ ചുണ്ടിൽ നിന്നും രക്തം ഇറ്റു വീഴുകയായിരുന്നു....

അവനറിയാതെ തന്റെ വലംകൈ അവളിലേക്ക് നീങ്ങിയതും പരിഭ്രാന്തിയോടെ അവളൊന്നുക്കൂടി ഭയന്നു ...... അതറിഞ്ഞതും അവനൊന്നകന്നു നിന്നു... """അ... അല്ല.... ചോര... ചുണ്ടില്.. ചോ.... ര....."" അവളുടെ കീഴ് ചുണ്ടിലേക്ക് വിരൽ ചൂണ്ടി മെല്ലെ പറയുമ്പോഴേക്കും ഷാൾ വെച്ചവൾ പതിയെ അവിടം ഒപ്പി...... നെറ്റിയിൽ പറ്റിനിന്ന വിയർപ്പു തുള്ളികൾ തുടച്ചു...... വിട്ടു കിടന്ന ഷർട്ട് ബട്ടൺസ് ഓരോന്നായി ഇട്ടുകൊണ്ട് വാതിൽ തുറന്നതും..... അവനൊന്നാന്തിളിച്ചു നിന്നു പോയ്‌.... സ്റ്റോറൂമിനു പുറത്തായി തങ്ങളെ കാത്തെന്നോണം കുറെയേറെ പേർ നിൽക്കുന്നു.... .....സ്റ്റുഡന്റ്സ്.... ഷർട്ട് ബട്ടണിൽ വിരൽ തൊട്ട് ഞെട്ടലോടെ നിന്നവന് പിന്നിലായി ചുണ്ടമർത്തി വരുന്നവളെ കൂടി കണ്ടതും ചുറ്റിലും കൂട്ട ചിരി ഉണർന്നു..... """"എന്താണ് പ്രിൻസേ..... ഇപ്പൊ വന്ന് വന്ന് നീ സ്റ്റോറൂമും ബെഡ്റൂമാക്കിയോ....."""" വിശാലാണ്..... അവന്റെ ചോദ്യം കേട്ടതും തികട്ടി വന്ന ദേഷ്യത്തിന് മുന്നേ ആദ്യം കരുതലോടെ മിഴികൾ പാഞ്ഞത് കൂടെ നിന്നവളെ ആയിരുന്നു.... തങ്ങളെ തന്നെ നോക്കി നിന്ന് ചിരിക്കുന്നവരെ പകപ്പോടെ നോക്കുകയാണവൾ..... """അല്ല... ഇത്..... എരട്ടേല് ഏവളാടാ പ്രിൻസേ....രണ്ടായാലും നല്ല ആടാറ് ഐറ്റംസാ....""" "".....ടാ.....""" പറഞ്ഞു തീർക്കും മുന്നേ വിറച്ച് നിന്ന പ്രിൻസ് വിശാലിന്റെ ഷർട്ടിനെ പിടിച്ചു തൂക്കി..... """അയ്യോ.... വേദാ....എന്താ... എന്താ ഉണ്ടായേ....?""""

എവിടെ നിന്നോ ഓടി വന്ന സൗമ്യ അവളുടെ പേര് ഉറക്കെ പറഞ്ഞുകൊണ്ട് ഏങ്ങി കരയുന്നവളുടെ അരികെ ചേർന്ന് നിന്നതും ഷർട്ടിൽ മുറുകി നിന്ന കൈകളെ വിശാൽ ആവേശത്തോടെ പിടിച്ചു മാറ്റി വേദയെ ലക്ഷ്യം വെച്ചു നടന്നു.... """ഓ.... അപ്പൊ ഇത് വേതാളം ആയിരുന്നോ..... നീ കൊള്ളാല്ലോടി പെണ്ണെ..... അപ്പൊ നിനക്ക് മിണ്ടാൻ മാത്രേ വിക്കൊള്ളു അല്ലേ ബാക്കിയെല്ലാം... മ്മ്മ്.... """ അവന്റെ ഓരോ വാക്കുകളിലും തൊലിയുരിയുന്നത് പോലെ അവൾക്ക് തോന്നി..... സൗമ്യ അവളെ തോളിലേക്ക് ചേർത്ത് നിർത്തി അവിടെന്ന് പതിയെ നടക്കുമ്പോൾ പിറകിൽ നിന്നും കൂട്ടതല്ലിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു..... കൂകി വിളികളുടെ ഒച്ചയിടയിൽ നിന്നും നടക്കുമ്പോഴൊക്കെയും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ..... തളർന്ന് പോകുന്നത് പോലെ..... നിറഞൊഴുകുന്ന കണ്ണുനീരിനു മാത്രം കുറവ് സംഭവിക്കുന്നില്ല..... പതിയെ സൗമ്യ അവളെ ക്ലാസ്സിലേക്ക് കൊണ്ടിരുത്തി..... ബ്രേക്ക്‌ ആയതു കൊണ്ട് ആരും ഉണ്ടായിരുന്നില്ല അവിടെ.... """നീ ഇങ്ങനെ കരയാതെ വേദാ.... ഞാൻ കുടിക്കാൻ ഇത്തിരി വെള്ളമെടുത്തിട്ട് വരാം....""

പറഞ്ഞവൾ ക്ലാസ്സിൽ മുറിവിട്ടു പോയതും.... നെറ്റിയിൽ വീശി അടിച്ചു കൊണ്ടവൾ ഉറക്കെ അലറി..... ചെയ്ത തെറ്റ് എന്താണെന്നോ..... സംഭവിക്കുന്നത് എന്തൊക്കെയാണെന്നോ അറിയാൻ കഴിയാത്ത അവസ്ഥ..... ഒരു നിമിഷം കൊണ്ട് തെറ്റുക്കാരിയായി മാറിയിരിക്കുന്നു താൻ.... ആൾക്കൂട്ടത്തിൽ വിവസ്ത്ര ആക്കപ്പെട്ടവളെന്ന പോൽ അപമാനിതയായിരിക്കുന്നു..... കരച്ചിലിന് അറിയാതെ ആക്കം കൂടിയപ്പോൾ താനേ മുഖത്തേയ്ക്ക് ഇരുകൈകളും പൊത്തി പിടിച്ചു പോയ്‌ .... """ഹലോ.... വേദ മോളെ......""" മുന്നിൽ നിന്നും അഹങ്കാരം പേറി നിൽക്കുന്ന ശബ്ദം.... കണ്ണുകളിൽ പതിഞ്ഞിരുന്ന വിരലുകൾ പതിയെ അകന്നപ്പോൾ കണ്ടത് അവളെ ആയിരുന്നു... വൈഗ..... വേദലേക്ക് വന്യമായൊരു പുഞ്ചിരി എറിഞ്ഞവൾ അങ്ങനേ നിൽക്കുമ്പോൾ അർഥം മനസ്സിലായിരുന്നില്ല അവൾക്ക് .... """എങ്ങനെയുണ്ട് മോളെ ഈ സിസ്റ്ററിന്റെ ബർത്ത്ടെ ഗിഫ്റ്റ്....""" വൈഗയുടെ കണ്ണുകളിലേക്ക് ചിതറി നോക്കുന്നവളുടെ സംശയം ഒന്നുകൂടി ബലപ്പെട്ടിരിക്കുന്നു...... """"ഹാ...സംശയിക്കണ്ട മോളെ... എല്ലാം... എന്റെ പ്ലാനിംഗ് ആയിരുന്നു...."""

ഏങ്ങി ചിരിച്ചു കൊണ്ടവൾ വേദയുടെ കാതരികിലായി ചേർന്നു നിന്നു...... """ആസിഡോ... പെട്രോളോ.... ആയിരുന്നു...ഞാൻ കരുതിയത്..... പക്ഷെ 'മ്ച്ചും' തെറ്റി പോയ്‌...."""" കീഴ്ച്ചുണ്ടിന്റെ ഇരുവശവും കോണിച്ചവൾ വിഷാദത്തോടെ അതുപറഞ്ഞതും ഞെട്ടലോടെ വേദ അവളെ ഒന്നു നോക്കി.... """ആ.... സാരമില്ല.... ഇതിപ്പോ അവൻ നിന്നെയൊന്നു കേറി പീഡിപ്പിച്ചെന്നല്ലേ... ഉള്ളൂ... സാരമില്ല... ഞാനേ.... വീട്ടിൽ പറയാതി..."""" വൈഗയുടെ വാക്കുകൾ മുറിച്ചു കൊണ്ട് പെട്ടെന്നായിരുന്നു വേദയുടെ വലം കൈ അവളുടെ കവിളിൽ ആഞ്ഞടിച്ചത്..... പൊടുന്നനെ കുതറിപോയ്‌ വൈഗ...... ""നീ...നീ..... നീയൊക്കെ.... ഒ... ഒരു... കൂട... പിറപ്പാണോ... ടി....ഛെ....""" ചുവന്നു കലങ്ങിയ കണ്ണുകളാലെ ചൂണ്ടു വിരൽ കാട്ടിയവൾ പറയുമ്പോഴും കവിളിൽ നിന്നും വൈഗ കൈമാറ്റിയിരുന്നില്ല..... """എന്നെ... അടിച്ചല്ലേടി... നിന്നെ.... ഞാൻ..." കുതിച്ചു വന്ന കോപത്തോടെ വേദയിലേക്ക് വൈഗ ആഞ്ഞതും പിന്നിലൂടെ സൗമ്യ തടുത്തു..... """വിട്... സൗമ്യ.... ഇവൾക്കെത്ര ദൈര്യമുണ്ട് എന്റെ മുഖത്തിങ്ങനെ കൈവെക്കാൻ... വിട്... വിടെടി.....""" സൗമ്യ പിടിച്ചു നിർത്തുതോറും അവൾ ബലത്തിൽ ആഞ്ഞുകൊണ്ടേയിരുന്നു.... """വൈഗ.... നിക്ക്......ഇവിടെ വെച്ച് സീനാക്കല്ലേ ടാ.... നമുക്കാ അതിന്റ ദോഷം..."""

സൗമ്യ ഉപദേശിച്ചപ്പോഴാണ് വൈഗ ഒന്നടങ്ങിയത്...... അപ്പോഴേക്കും നെഞ്ചു തകർന്നിന്ന വേദ ബാഗുമായി പുറത്തേയ്ക്ക് പോയിരുന്നു.... ❤️ """ഞാൻ മിഥുനേട്ടാന്നു വിളിക്കുന്നതാണോ സാർ എന്ന് വിളിക്കുന്നതാണോ ഏട്ടന് കൂടുതൽ ഇഷ്ട്ടം.....""" കഴുത്തിൽ തൂങ്ങി കിടക്കുന്ന ചെയിൻ ലോക്കറ്റിൽ വിരൽ കറക്കി ചെവിയിൽ എയർഫോൺ ചേർത്തുവെച്ച് വൈഗ മുറിക്കുള്ളിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്..... """എനിക്ക് ഏട്ടനെന്നു വിളിക്കുന്നതാ ഇഷ്ട്ടം.. പക്ഷെ കോളേജിൽ വെച്ച് ആ വിളി വേണ്ടാട്ടോ....... പിള്ളേര് കേട്ടാൽ പിന്നെ അത് മതി.....""" """ആഹാ... അപ്പൊ പേടിയുണ്ടല്ലേ.....""" മറുഭാഗത്തെ മറുപടി കേട്ടതും കൊഞ്ചലോടെ നിന്നപ്പോഴാണ് സൗമ്യയുടെ കോൾ..... അല്പം കെർവിച്ചു കൊണ്ടവൾ കോൾ കട്ട് ചെയ്തിട്ടും നിരന്തരം സൗമ്യ വിളിക്കുന്നുണ്ട്.... ഗതികെട്ടവൾ മിഥുനോട് കാര്യം പറഞ്ഞു... സൗമ്യയുടെ കോൾ എടുത്തു..... """ഹലോ... ഹലോ... വൈഗ... എന്തായി...""" വെപ്രാളത്തോടെ സൗമ്യ ചോദിക്കുമ്പോൾ ദേഷ്യമാണ് വൈഗക്ക് വന്നത്.... """എന്ത് കുന്തം അറിയാനാടി പെണ്ണെ.. ഈ നേരത്ത് നിന്നെ കെട്ടിയെടുത്തത്.....""" """അത്.... എടി.... അത്.. വേദ.... എനിക്ക് ഇരുന്നിട്ട് ഒരു സമാധാനവും ഇല്ലടി.... അവള് വല്ല അവിവേഗവും?......"""

ആശങ്കയോടെയായിരുന്നു സൗമ്യയുടെ ചോദ്യം.... ""ഓ... ഒലക്കേടെ മൂഡ്... എടി... അവൾക്ക് അതിനും മാത്രമുള്ള ധൈര്യോം ഇല്ലെന്ന് എനിക്ക് പണ്ടേ അറിയാം....അല്ലെങ്കിലും അവള് വല്ലതും ചെയ്താ നമുക്കെന്താ അപ്പോഴും കുടുങ്ങുന്നത് ആ പ്രിൻസ് അല്ലേ......""" പറയുമ്പോൾ ഒരു നിമിഷം നോട്ടം പോയത് കട്ടിലിൽ കരഞ്ഞു തളർന്നു ഉറങ്ങുന്ന വേദയിലേക്കാണ്..... """ ഓ... നീയൊക്കെ എന്ത് കൂടെപ്പിറപ്പാണോ എന്തോ.... ഇനി എന്നാണാവോ ദൈവമേ എനിക്കിട്ട് താങ്ങുന്നത്.... "'" """ഒന്നു പോടീ....""" """ഇനി എന്താടി നിന്റെ പ്ലാൻ..... പ്രിൻസ് അടങ്ങീന്നാണോ നീ കരുതി ഇരിക്കുന്നെ....""" ചോദ്യത്തോടൊപ്പം സൗമ്യ കേട്ടത് വൈഗയുടെ പൊട്ടിച്ചിരിയായിരുന്നു...... """"എടി.... സൗമ്യേ....ഇനി പ്രിൻസ് അടങ്ങും... കാരണം ഇപ്പൊ അവനെ ചതിച്ചത് ഞാനല്ല... എന്നെയാ അവൻ ചതിച്ചത്..... അതിനുള്ളതാ ഇന്ന് സ്റ്റോറൂമിൽ വെച്ച് നടന്നതും.... അതിന് വേണ്ടിയല്ലെടി മോളെ അവന്റെ മുഘ്യ ശത്രു വിശാലിനെ ഞാൻ കൂട്ട് പിടിച്ചേ.......ഇപ്പൊ തന്നെ വിഡിയോസും ഫോട്ടോസും വഴി അവന്റേം അവളേം കാര്യം കോളേജ് മുഴുവൻ അറിഞ്ഞിട്ടുണ്ടാവും...... ഇനി അവൻ എന്നെ ഒരു ചുക്കും ചെയ്യില്ല മോളെ......."""" ❤️ ബസ്സിലെ സീറ്റിൽ ഇരിക്കുമ്പോഴെല്ലാം ഇന്നലെത്തെ സംഭവങ്ങളാണ് തികട്ടി വരുന്നത്.....

സ്റ്റോറൂമിലേക്ക് പ്രിൻസ് പിടിചിട്ടപ്പോൾ ഉണ്ടായ ഞെട്ടലും.... ചുവരിനോട് ചേർത്തു നിർത്തിയപ്പോൾ പൊള്ളിച്ച വേദനയും.... പുറത്തു കാത്തു നിന്നവരുടെ കളിയാക്കലും ..... എല്ലാത്തിനേക്കാളും വലുതായിരുന്നു വൈഗ മനപ്പൂർവം ചതിച്ചതാണെന്നറിഞ്ഞപ്പോൾ.... ആരോടെങ്കിലും എല്ലാം പറഞ്ഞു പൊട്ടി കരയണമെന്നുണ്ട്.... പക്ഷെ നിറമിഴികൾ തുടച്ചൊന്നു ചേർത്ത് പിടിക്കാൻ കൂടി ആരുമില്ല...... ഇന്നലെ മുഴുവൻ അമ്മയോട് പോലും മൗനവൃതം പൂണ്ടു നിന്നത് കരച്ചിലടക്കാൻ വേണ്ടി മാത്രയായിരുന്നു..... ബസ്സിറങ്ങി കോളേജിലേക്ക് കയറുമ്പോഴേ പലരുടെയും തുറിച്ചു നോട്ടങ്ങൾ ഉള്ള് നീറ്റികൊണ്ടേയിരുന്നു..... ചിലരുടെ പരിഹാസം കലർന്ന മുറുമുറുപ്പും പുച്ഛഭാവവും..... ബാഗിലെ ലെതർ വള്ളിയിലേക്ക് പിടി മുറുക്കി മിഴികൾ ഇറുക്കിയടച്ചവൾ മുന്നിലേക്ക് നീങ്ങിയപ്പോഴാണ് വിശാലിന്റെയും ഫ്രണ്ടസിന്റെയും കൂട്ട ചിരി കേൾക്കുന്നത്.... അവളെ കണ്ടതും ഓടിയവൻ അടുത്തു കൂടി.... "'"അല്ല... എങ്ങോട്ട് പോണ് മോളെ.... ചേട്ടനോടൊക്കെ ഒന്ന് മിണ്ടീട്ടു പോകൂടെ.... അവൻ ചേർന്നു വന്നതും അവളുടെ നടത്തതിന്റെ വേഗത യന്ത്രികമായി കൂടിവരുന്നുണ്ടായിരുന്നു... """എന്നാലും നിന്നെ സമ്മതിച്ചിരിക്കുന്നു എന്റെ വേദേ.....

ആർക്കും അടങ്ങാത്ത ഒറ്റയാനെയല്ലെ സ്റ്റോറൂമിൽ വിളിച്ചു കയറ്റിയത്...... """ പറയുമ്പോൾ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...... കവിൾതട്ടി തെന്നി നീങ്ങുന്ന നീർ തുള്ളികളെ വിരൽ മടക്കുകൊണ്ടമർത്തി തുടച്ചവൾ വേഗത്തിൽ നടന്നു..... """"ഹാ...... എങ്ങോട്ടാ മോളെ ഇത്ര ധൃതിയില്.....അല്ല നീ എന്ത് കാണിച്ചിട്ട.... അവനെ മയക്കിയെടുത്തത്...... ശേ.... പറ മോളെ.... എനിക്കും കൂടി കാണിച്ചു തരോ.... """" """നിനക്ക് ഞാൻ കാണിച്ചു തരാടാ ചെറ്റേ....."""" വിശാൽ പറഞ്ഞു തീർക്കും മുൻപെ അവന്റെ മുതുകുലേക്ക് ആഞ്ഞൊരു ചവിട്ടാണ് വീണത്..... ശക്തമായി ആരുടെയോ കാൽപാദം പതിഞ്ഞതും വിശാൽ വേദയുടെ മുന്നിലേക്ക് തെറിച്ചു വീണു.... ഒരു നിമിഷം സ്തംഭിച്ചു നിന്ന വേദ തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് അടിമുടി വിറച്ചു നിൽക്കുന്ന പ്രിൻസിനെയാണ്..... അവൾക്ക് നേരെ തീകനൽ പേറിയ മിഴികൾ പായിച്ചവൻ നേരെ തറയിൽ തളർന്നു കിടക്കുന്ന വിശാലിന്റെ അരികിലേക്ക് പാഞ്ഞു..... ഷർട്ടിനു കുത്തിപ്പിടിക്കുന്നത് മാത്രമേ ഓർമയുള്ളു..... എന്തോ ശബ്ദം കേട്ട് വേദ ഒന്നു കുതറി നോക്കുമ്പോൾ കാണുന്നത് വിശാലിന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ഒഴുകുന്ന കൊഴുത്ത രക്തമാണ്.... """"നായെ.... ഇനി നീ ഇവളെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ ആ നാവിനെ ഞാൻ പിഴിതെടുക്കും...."""

പ്രിൻസ് അവനു നേരെ വിരൽ കറക്കുമ്പോൾ ചുറ്റും പേടിച്ചരണ്ടു നിൽക്കുന്നവരുടെ മുഖത്തേയ്ക്കൊന്നു കണ്ണോടിച്ചു നോക്കി വേദ....... അവനോട് താക്കീത് കൊടുക്കുമ്പോൾ പിന്നിൽ നിന്നവൾ അകന്നു മാറുന്നത് പ്രിൻസ് അറിയുന്നുണ്ടായിരുന്നു.... തല്ലുകൂടുന്നവരെ അവഗണിച്ച് കടന്നു പോകുന്നവളെ കണ്ടതും പ്രിൻസ് വിശാലിനെ തള്ളിമാറ്റി വേദയുടെ പിന്നിലായി ഓടി..... മുന്നിലേക്ക് കടന്നവൻ കൈകൾ നീട്ടി അവളെ തടയുമ്പോൾ ഹൃദയം നുറുങ്ങുന്നൊരു നോട്ടം പായിച്ചവൾ അവനു നേരെ മുഖമുയർത്തി..... ദിവസങ്ങൾ കൊണ്ടനുഭവിക്കുന്ന വേദനയും സങ്കടവും ആ മിഴികൾ പറയാതെ പറയുന്നുണ്ടെന്നവന് തോന്നി..... നുരഞ്ഞു പൊന്തിയ കോപം ദയനീയതയിൽ കലർന്നു പോയിരിക്കുന്നു..... താങ്ങുന്നുണ്ടായിരുന്നില്ല അവന്..... ഒരുത്തന്റെ മുന്നിലും തല കുനിയാത്തവൻ ചങ്കുറപ്പോടെ നെഞ്ചു വിരിച്ചു നിൽക്കുന്നവൻ ഇന്നാദ്യമായി ഒരുവളുടെ മുന്നിൽ ചെയ്തു പോയ അപരാതത്തെ ഓർത്തു മിഴി നിറഞ്ഞു നിൽക്കുന്നു..... """ഞാൻ.... ഞാൻ.... അറിഞ്ഞോണ്ടല്ല വേദ.... ഇതൊന്നും.... എനിക്ക്.... മാറി പോയതാ.... ഞാൻ ഒരു തെറ്റും....""" ഇടറി നിന്ന സ്വരം ചേർത്ത് പറയുന്നവന്റെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു.....

പറയാൻ കഴിയാതെ ഉരുകുന്നവന്റെ മുഖത്തേയ്ക്ക് വേദ അങ്ങനേ നോക്കി നിൽക്കുമ്പോൾ മൃതുലമാർന്ന അധരങ്ങൾ വിറക്കുന്നത് അവൻ തിരിച്ചറിഞ്ഞു.... """"ഇ..... ഇ....ഇതിനും ഭേദം...... നി.... നിങ്ങള്.... ര... ര... രണ്ടാൾക്കും.... കൂടി.... എ.... എ... എന്നെ... കൊന്നൂടായിരുന്നോ.....""""" വിക്കി നിന്ന വാക്കുകളിലൂടെ അലയടിച്ചു വന്ന കടലിനെ ദാവണി തുമ്പിൽ പൊത്തി വെച്ചവൾ മുന്നിലേക്കായ് ഓടി മറയുമ്പോൾ ശില കണക്കേ നിന്നവന്റെ കൺതടത്തിൽ നിന്നും ഒരുതുള്ളി കണ്ണുനീർ ഇറ്റു വീണുപോയ്..... അത്......അവൾക്കായ്......അവൾക്ക് മാത്രമായി എന്ന് തിരിച്ചറിഞ്ഞ നിമിഷം മനസ്സിൽ വിടർന്ന വികാരതത്തിന് പേര് ചികയുകയിരുന്നു അവൻ..... """എനിക്ക് അറിയാതെ.... അറിയാതെ പറ്റിപോയതാ വേദേ....""" തന്നെ കടന്നുപോയവളെ നോക്കി പദം പറഞ്ഞവൻ നിൽകുമ്പോൾ ഒരായിരം ഭാവങ്ങൾ ആ കണ്ണുകളിൽ മിന്നി മറയുന്നുണ്ടായിരുന്നു..... """"ആ.... കൊള്ളാടാ.. പ്രിൻസേ....."""" കൈകൾ കൊട്ടി അഹങ്കാരത്തോടെ ശബ്ദമുയർത്തുന്നവളുടെ സ്വരം കേട്ടതും കണ്ണുകൾ ഇറുക്കിയവൻ മുഷ്ടി ചുരുട്ടി....... പൊടുന്നനെ തിരിഞ്ഞവൻ അവളെ ചൂഴ്ന്ന് നോക്കുമ്പോൾ വിജയിച്ചു നിൽക്കുകയാണ് വൈഗ.... """ഇതാണോ മോനെ പ്രിൻസേ നിന്റെ ദിവ്യപ്രണയം.....

ചേച്ചി പോയാലുടനെ അനിയത്തീടെ ചൂട് തേടി പോകുന്ന വൃത്തിക്കെട്ട.....""" """പന്ന...#%#&%₹%മോളെ....""" വൈഗയുടെ അവസാന വാക്കിനുമുന്നേ പ്രിൻസിന്റെ ഇടം കൈ അവളുടെ കഴുത്തിലേക്ക് അമർന്നിരുന്നു..... അവിടെ നിന്ന മരത്തിലേക്ക് അവളെ പിടി വിടാതെ ചേർത്തു നിർത്തുമ്പോൾ ആ കണ്ണുകളിലെ അഗ്നിയുടെ ചൂട് അവളെ ദഹിപ്പിക്കുകയായിരുന്നു..... """"അപ്പൊ.... നീയൊക്കെ കൂടി മനപ്പൂർവം കരുതികൂട്ടി... ആ പാവത്തിനെ എന്റെ മുന്നിൽ എറിഞ്ഞു തന്നതാണല്ലേടി......"""" വൈഗയുടെ കഴുത്തിടുക്കിൽ ചേർത്ത് വെച്ച വിരലുകൾക്ക് ശക്തി കൂടുന്തോറും എന്തുകൊണ്ടോ അവന്റെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story