വേനൽമഴ...🍂💛: ഭാഗം 12

venal mazha

രചന: റിൻസി പ്രിൻസ്‌

സനുപ് അത്‌ പറഞ്ഞ് ഫോൺ കട്ട് ചെയ്തപ്പോൾ ക്രമാതീതമായി ഹൃദയമിടിക്കുന്നത് മിഥുൻ അറിഞ്ഞു... അതിന് കാരണം അവ്യക്തമാണെന്ന് അത്ഭുതത്തോടെ അവനോർത്തു... " ഹലോ സർ വൈകുന്നേരം നമ്പർ തന്നില്ലേ, രാഘവന്... വൈകുന്നേരം വന്ന് നമ്പർ തന്നില്ലേ, " സരയുവിന്റെ അച്ഛൻ, മറുഭാഗത്ത് രാഘവൻ ആണ് എന്ന് അറിഞ്ഞപ്പോൾ ഒരല്പം സൗഹൃദ സ്വര ചേർത്തിരുന്നു സനൂപ്.... " മനസ്സിലായി പറയൂ ചേട്ടാ " സർ ആലോചിച്ചു, ഞങ്ങൾക്ക് എത്തുന്ന കൊമ്പ് ആണോ എന്ന് അറിയില്ല.... എങ്കിലും അദ്ദേഹത്തിൻറെ അമ്മയൊരു കാൻസർ രോഗിയാണെന്ന് പറയുമ്പോൾ തള്ളാൻ വയ്യല്ലോ, അവരൊക്കെ വന്ന മോളെ ഒന്ന് കാണട്ടെ, എന്നിട്ട് ഇഷ്ടമായെങ്കിൽ പിന്നെ അവർ തീരുമാനിക്കട്ടെ വളരെ മാന്യമായ രീതിയിലുള്ള അദ്ദേഹത്തിൻറെ മറുപടി കേട്ടപ്പോൾ ബഹുമാനമാണ് സനൂപിനെ തോന്നിയത്.... " ശരി ചേട്ടാ അങ്ങനെയാവട്ടെ....! അവർക്ക് സൗകര്യമുള്ള ഒരു ദിവസം ഞാൻ വിളിച്ച് അറിയിക്കാം, " ശരി സർ....! അത് പറഞ്ഞ് ഫോൺ കട്ട് ചെയ്തപ്പോൾ സനൂപിനെ പകുതി ആശ്വാസമായിരുന്നു... തിരിച്ചുവിളിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ മിഥുന്റെ കോൾ വന്നു കഴിഞ്ഞിരുന്നു.... ചെറുചിരിയോടെ ആണ് സനൂപ് ഫോണെടുത്തത്... " ഹലോ എന്താടാ.... " എന്തു പറഞ്ഞു, " നിനക്ക് ഭാഗ്യം ഇല്ല, അല്ലെങ്കിൽ പിന്നെ ഇതെങ്ങനെ വരുമോ...? സനൂപ് അല്പം വിഷാദത്തിൽ പറഞ്ഞു, " എന്താടാ അവരുടെ ഭാഗത്തുനിന്ന് നോ ആണോ വന്നത്,

കുറച്ച് സമയം സനൂപ് ഒന്നും മിണ്ടിയില്ല അവൻറെ ആ മൗനം മിഥുന്റെ ഹൃദയമിടിപ്പ് വർധിപ്പിക്കുന്നത് ആയിരുന്നു... " എടാ നീ എന്തെങ്കിലും ഒന്നു തുറന്നു പറ " അവർക്കു സമ്മതമാടാ, നീ ടെൻഷനടിക്കേണ്ട...! ഒരു ദിവസം അവിടെക്ക് ചെല്ലാൻ ആണ് പറഞ്ഞത്, നിനക്ക് സൗകര്യമുള്ള ഒരു ദിവസം പറ.... " അതൊക്കെ പറയാം.... ഹോ സമാധാനായി, ഞാൻ ഇത്രനേരം ടെൻഷനടിക്കുവായിരുന്നു, " എന്തിന്...? ഒന്ന് ഊന്നി ചോദിച്ചു സനൂപ് " അത്‌... അത് വിട്.... ഞാനിനി അമ്മയോട് ചോദിച്ച് അമ്മാവനും അമ്മായിയും കൂടി സൗകര്യമുള്ള ഒരു ദിവസം അറിയിക്കാം.... ആ ദിവസം അവർ ഓഫീഷ്യൽ ആയിട്ട് ഒന്ന് കാണട്ടെ, " ശരിയെടാ അത് പറഞ്ഞ് ഫോൺ വെച്ചപ്പോഴേക്കും മിഥുൻ നേരെ അമ്മയുടെ അരികിലേക്ക് ചെന്നിരുന്നു.... " എന്താടാ..! ഞാനിപ്പോ സനൂപിനെ വിളിച്ചിരുന്നു......അവന് ആ കുട്ടിയുടെ വീട്ടിൽ പോയി സംസാരിച്ചു ഒക്കെ, അവർക്ക് വീട്ടിൽ ആരെങ്കിലും ചെല്ലണമെന്നുണ്ട്.... എത്രയും പെട്ടെന്ന്, അപ്പോൾ അമ്മയും അവരും ഒക്കെ എന്നാ പോകുന്നത്.... " ഞാൻ ഏട്ടനെ വിളിച്ചിരുന്നു, അവരൊക്കെ നാളെ പോകാൻ തയ്യാറാണ്.... നീ സമ്മതിച്ചാൽ മതി എന്നല്ലേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ.... അപ്പോൾ നാളെ തന്നെ പോയാലോ.... ഉത്സാഹത്തോടെ അവർ ചോദിച്ചു...! "

നാളെ വേണ്ട ഈ ആഴ്ച തന്നെ എപ്പോഴെങ്കിലും പോകാം, ഒരു ദിവസം നമുക്ക് തീരുമാനിക്കാം " ശരിയെടാ ആ രാത്രി അരുന്ധതി നിറഞ്ഞ മനസ്സോടെ ആയിരുന്നു ഉറങ്ങാൻ കിടന്നത്... മകൻറെ ജീവിതം സുരക്ഷിതമാകും എന്ന പ്രതീക്ഷയോടെ, എന്നാൽ അവൻ ഓർമകളുടെ കടലാഴങ്ങളിൽ വിങ്ങി താണുകൊണ്ട്....തകർന്ന് പോയ സ്വപ്നങ്ങൾ വാരികൂട്ടി പുതിയൊരു ചീട്ടുകൊട്ടാരം കെട്ടാൻ അവൻ മനസിനെ പ്രാപ്തമാക്കി.... 🥀🥀🥀🥀🥀🥀🥀🥀🥀 രണ്ട് ദിവസങ്ങൾക്കുശേഷം സരയുവിന്റെ വീട്ടിലേക്ക് എല്ലാവരും വരുന്നുണ്ടെന്ന് സനൂപ് വിളിച്ചു പറഞ്ഞിരുന്നു, അവളുടെ ഹൃദയം ക്രമാതീതമായി പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു.... അണയ്ക്കാനും ആളികത്തിക്കാനും കഴിയാതെ നെഞ്ചിൽ എരിഞ്ഞു തുടങ്ങിയ ഒരു നെരിപ്പോടിൽ ഒറ്റയ്ക്ക് അവൾ എരിഞ്ഞു... മംഗലത്ത് ഒന്നും പറയാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല, എങ്കിലും ലക്ഷ്മിയൊടെ മാത്രം സൂചിപ്പിച്ചു.... " എന്നെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട് ലക്ഷ്മിയേടത്തി അതുകൊണ്ട് നാളെ ഞാൻ വരുന്നില്ല, " പെണ്ണ് കാണൽ ആണോ.. ? ഏറെ സന്തോഷത്തോടെയാണ് ലക്ഷ്മി ഏടത്തി ചോദിച്ചത്.... " അങ്ങനെ പറയാം, എന്നെ കണ്ടു ഇഷ്ടമായി എന്നൊക്കെ പറയുന്നത്..... അവര് വന്ന് കണ്ടാൽ ബാക്കി കാര്യങ്ങളൊക്കെ അറിയിക്കാം,

" നിന്നെ കണ്ടാൽ ആർക്ക് ഇഷ്ടം ആവാത്തെ, സന്തോഷമായി എനിക്ക്... വന്നിട്ട് ബാക്കി കാര്യങ്ങൾ എന്താച്ഛാ പറയ്,ഞാൻ ഇപ്പോൾ ആരോടും പറയുന്നില്ല, അവരൊക്കെ വന്നുപോയി തീരുമാനം ആകട്ടെ... വെറുതെ പുഞ്ചിരിച്ചു അവൾ.... അവര് വരും എന്ന് പറഞ്ഞ ദിവസം കൂട്ടത്തിൽ ഏറ്റവും നല്ലതെന്നു തോന്നിയ ഒരു ചുരിദാർ തന്നെയായിരുന്നു അവൾ അണിഞ്ഞത്, ജമന്തി പൂവിന്റെ നിറത്തിലുള്ള ആ വേഷം അവളുടെ നിറം ഒന്നുകൂടി ഇരട്ടിപ്പിച്ചു കാണിച്ചു.....മിഴികളിൽ എഴുതിയ അഞ്ജനം അല്ലാതെ മറ്റൊന്നും ഇല്ലെങ്കിലും സുന്ദരിയായിരുന്നു അവൾ..... കാര്യം അറിഞ്ഞ നിമിഷം മുതൽ കുഞ്ഞി വലിയ സന്തോഷത്തിലാണ്.... അവളെ ഒരുക്കുവാനും ഒക്കെയായി.... മിഥുൻ വന്നാൽ അവനോട് എങ്ങനെ സംസാരിക്കണം എന്ന് അവൾ പറഞ്ഞു പഠിപ്പിക്കാനും ഒക്കെ വലിയ ഉത്സാഹമായിരുന്നു കുഞ്ഞിക്ക്, എല്ലാവരുടെയും സന്തോഷം കണ്ട നിമിഷം വല്ലാത്തൊരു വേദന ഹൃദയത്തിൽ ഉറഞ്ഞു കൂട്ടുന്നത് സരയൂ അറിയുന്നുണ്ടായിരുന്നു.... സത്യങ്ങളെല്ലാം അറിയുന്ന നിമിഷം ഈ കുടുംബമൊന്നാകെ തകരും എന്ന വേദന അവളെ തളർത്തി തുടങ്ങിയിരുന്നു... അന്ന് അടുക്കളയിലെ ഒരു പണിക്കും അവളെ കൂട്ടിയിരുന്നില്ല മുത്തശ്ശി, എല്ലാം അവരെറ്റെടുത്തിരുന്നു.... ഏലക്കയും ഇഞ്ചിയും ഇട്ട ചായ ക്ലാസുകളിലേക്ക് പകരുമ്പോൾ കൊച്ചുമകളുടെ ജീവിതം സുരക്ഷിതം ആകണമെന്ന് പ്രാർത്ഥനയായിരുന്നു ആ വൃദ്ധയുടെ കണ്ണുകളിൽ മുഴുവൻ.....

" എല്ലാർക്കും എൻറെ കുട്ടിയെ ഇഷ്ടം ആയാൽ മതിയായിരുന്നു, അല്ലെങ്കിലും ആർക്കാ അച്ഛമ്മയുടെ കുട്ടിയേ ഇഷ്ടമല്ലാത്തത്, " അവരൊക്കെ വലിയ വലിയ ആളുകളല്ലേ അച്ഛമേ അവർക്കൊക്കെ നമ്മളെ ഇഷ്ടമാകുമോ...? " അതൊക്കെ മോൾക്ക് തോന്നുന്നതാ, കുറച്ചു സമയങ്ങൾക്ക് ശേഷം ഒരു വാഹനം വന്നു നിൽക്കുന്ന ഒച്ച കേട്ടപ്പോൾ തന്നെ സരയു പരവേശപെട്ടിട്ടുണ്ട്... ആഡംബരം വിളിച്ചോതുന്ന ഒരു വാഹനം ആയിരുന്നു.... അതിൽ നിന്നും ആദ്യം ഇറങ്ങിയത് പ്രൗഢമായ സ്ത്രീയാണ് പച്ചയിൽ മെറൂൺ ബോർഡർ പതിപ്പിച്ച സാധാരണമെന്ന് തോന്നുന്ന ഒരു സാരി ആയിരുന്നു അവരുടെ വേഷം, പക്ഷേ മുഖത്ത് തെളിഞ്ഞു നിൽക്കുന്ന ആഢ്യത്വം, നീണ്ട മൂക്കും കണ്ണുകളും അവർ മിഥുന്റെ അമ്മയാണെന്ന് ഊട്ടിയുറപ്പിക്കുക ആയിരുന്നു.... ഒപ്പം ഒരു പുരുഷനും മധ്യവയസ്കയായ സ്ത്രയും അവരോടൊപ്പം തന്നെ പ്രൗഢി തോന്നുന്ന രൂപങ്ങൾ.... ആദ്യം അവർ ആ വീടും പരിസരവും ഒന്ന് നോക്കി എന്നാൽ അവരുടെ മുഖത്ത് മാറ്റങ്ങൾ വരാത്തതും നെറ്റി ചുളിയാത്തതും അത്ഭുതമായിരുന്നു സരയൂവിന്.... സന്തോഷത്തോടെ വയ്യാത്ത കാലുകളോടെ അച്ഛൻ എല്ലാവരെയും അകത്തേക്ക് ആനയിച്ചു, മകൻറെ കണ്ടെത്തൽ തെറ്റായിരുന്നുവെന്ന് അവർക്ക് എന്തേ തോന്നാഞ്ഞത് എന്നായിരുന്നു സരയുവിന് തോന്നിയത്.... കുറച്ചുസമയം അച്ഛനുമൊത്ത് പല കുശലങ്ങൾ പറഞ്ഞു, " മോനേ വന്നിട്ടില്ല, അറിയാലോ തിരക്ക് ആണ് അവന്....

ഏതോ ഒരു സിനിമയുടെ പാട്ട് ഷൂട്ടിന് വേണ്ടി പോയിരിക്കുകയാണ്, ഹൈദരബാധിൽ നാളത്തെ ഫ്ലൈറ്റ് വരു, അവൻ കൂടി വന്നിട്ട് വരാൻ കരുതിയത്.... അപ്പൊൾ അവൻ പറഞ്ഞു അമ്മയും അമ്മാവനും അമ്മായിയും കൂടി ചെല്ല്, ചെന്ന് കണ്ടിട്ട് തീരുമാനിക്കാൻ, അവൻ എന്നെ കാണാത്ത ഒന്നുമല്ലല്ലോ, വളരെ മാന്യമായ രീതിയിൽ ആയിരുന്നു അരുന്ധതി പറഞ്ഞത്.. രാഘവന്റെ മുഖം തെളിഞ്ഞു നിന്നു....... " ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല അത്രയും വലിയൊരു ആൾ ഇവിടെ വന്ന് ന്റെ കുട്ട്യേ ഇഷ്ടപ്പെടും എന്ന്, " ഈശ്വരനു മുൻപിൽ നമ്മളെല്ലാം ഒരുപോലെയല്ലേ രാഘവ, അമ്മാവനാണ് മറുപടി പറഞ്ഞത്.... ആ മറുപടിയിൽ അദ്ദേഹത്തിൻറെ മനസ്സും നിറഞ്ഞിരുന്നു, " കുട്ടിയെ വിളിക്കാം അല്ലേ, അമ്മായി ആണ് ചോദിച്ചത്.... സന്തോഷപൂർവ്വം രാഘവൻ തലയാട്ടി, " അമ്മേ മോളെ വിളിക്കൂ.... രാഘവൻ പറഞ്ഞു നിമിഷം തന്നെ അകത്തുനിന്നും ട്രെയിൽ ചായയുമായി ഇറങ്ങി വരുന്ന പെൺകുട്ടിയുടെ മുഖത്തു തന്നെയായിരുന്നു മൂന്നുജോടി കണ്ണുകളും.... ഉദയസൂര്യൻറെ തിളക്കമുള്ള ഒരു പെൺകുട്ടി... അവളുടെ മുഖത്തിന് തന്നെ ഒരു പ്രത്യേക ഐശ്വര്യം ഉണ്ടെന്ന് അരുന്ധതിക്ക് തോന്നിയിരുന്നു, വിടർന്ന കൂവള മിഴികൾ അവളെ ഒന്നുകൂടി സുന്ദരിയാക്കി....

ഒരു ചമയത്തെയും മെമ്പോടി ഇല്ലെങ്കിലും തന്റെ മകനും ചേർന്നവളാണ് ഇവൾ എന്ന് അമ്മ മനസ്സിൽ അടിവരയിട്ടു ഉറപ്പിച്ചു... മൂന്നു മുഖങ്ങളും സന്തോഷത്താൽ നിറയുന്നത് രാഘവൻ കണ്ടു.... " എൻറെ ഭാര്യ കിടപ്പിൽ ആയിട്ട് കുറെ കൊല്ലമായി, പെൺകുട്ടികളെ നോക്കേണ്ട അമ്മമാർ അല്ലേ, അതിൻറെ ഒരു വിളർച്ച മോൾക്ക് ഉണ്ട്, ഞാനിപ്പോൾ വയ്യാണ്ടായി കഴിഞ്ഞ് വീട്ടിൽ ഇരിക്കാൻ തുടങ്ങിയത്, അതിനുമുൻപ് അങ്ങനെ കുട്ടികളോട് ഒപ്പം ഇരിക്കാൻ പറ്റില്ല, രാഘവൻ പറഞ്ഞു...അരുമയോടെ എല്ലാരും അവളെ നോക്കി... " അമ്മ ഇവിടെ തന്നെയാണോ.... അമ്മാവൻ ചോദിച്ചു... " ഉവ്വ്, അകത്തെ മുറിയിൽ ഉണ്ട്... . " ഇനി എൻറെ കൂടി മോള് അല്ലേ, ഞാൻ പൊന്നു പോലെ നോക്കിക്കോളാം ഇവളെ.... ഇരുന്നിടത്ത് നിന്ന് എഴുനേറ്റു വന്നു അവളുടെ മുഖത്ത് അരുമയായി തലോടി കൊണ്ട് ആണ് അരുന്ധതി അത് പറഞ്ഞത്.... ഒരു നിമിഷം സരയുവിന്റെ മുഖത്ത് വേദന നിറഞ്ഞിരുന്നു..............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story