വേനൽമഴ...🍂💛: ഭാഗം 26

venal mazha

രചന: റിൻസി പ്രിൻസ്‌

അത്‌ പറയുമ്പോൾ മിഥുന്റെ കണ്ണിൽനിന്നും തീ പാറി, അതോടൊപ്പം അവൻറെ ഇടം കരം സരയുവിന്റെ തോളിൽ നന്നായി മുറുകിയിരുന്നു.. തന്റെ നെഞ്ചോട് അവളെ ചേർത്തു പിടിച്ചിരുന്നു മിഥുൻ... ≈∞≈∞≈∞≈ "ശിഖ ഇത് ഞങ്ങളുടെ വിവാഹ രാത്രിയാണ്..! ഒരുപാട് സ്വപ്നങ്ങളും സന്തോഷ നിമിഷങ്ങൾ മാത്രം ഉള്ള രാത്രി, എന്നും ജീവിതാവസാനം വരെ ഓർത്തിരിക്കേണ്ട ഒരു ദിവസം, അതിനിടയിൽ നീ വെറുതെ പ്രശ്നങ്ങൾ ഉണ്ടാകാതെ പോകാൻ നോക്ക്... നമ്മൾ തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഒരു ഒപ്പിന്റെ പുറത്ത് തീർന്നതാണ്, ഇനി എൻറെ ജീവിതത്തിലേക്ക് ഒരു ശല്യം ആയിട്ട് നീ വരരുത്, ഇത്രകാലവും ഞാൻ മിണ്ടാതെ ഇരുന്നത്, ഞാൻ ഒറ്റയ്ക്ക് ആയതുകൊണ്ടാണ്, പക്ഷേ ഇനി അതുണ്ടാവില്ല, എന്നെ വിശ്വസിച്ച് ഇറങ്ങിവന്ന ഒരു പെണ്ണുണ്ട് കൂടെ, നിന്റെ പ്രസൻസ് അവൾക്ക് നൽകുന്നത് ഒരു ബുദ്ധിമുട്ടാണ്. ഒരു രാത്രി പോലും അവകാശപ്പെടാനില്ലെങ്കിലും നീ എൻറെ ആദ്യ ഭാര്യ ആയിരുന്നു. അതുകൊണ്ട് തന്നെ നിൻറെ സാന്നിധ്യം അവൾക്ക് ഉണ്ടാക്കുന്നത് വേദനയായിരിക്കും, എൻറെ ഭാര്യ വേദനിക്കുന്നത് എനിക്ക് ഇഷ്ടമല്ല." അവന് തൊടുത്തുവിടുന്ന ഓരോ വാക്കുകളും തന്നെ തകർക്കാൻ കഴിവുള്ളതാണെന്ന് ശിഖ അറിഞ്ഞിരുന്നു.

" മിഥുൻ എന്തൊക്കെ പറഞ്ഞാലും മിഥുന്റെ ജീവിതത്തിൽ നിന്നും ഞാൻ പോവില്ല, മിഥുൻ എൻറെ മാത്രമാണെന്ന്, വർഷങ്ങൾക്ക് മുൻപ് മിഥുൻ എനിക്ക് വാക്ക് തന്നിട്ടുള്ളത് ആണ്. അത് തീർന്നു എന്ന് പറഞ്ഞാൽ എനിക്ക് അംഗീകരിക്കാൻ പറ്റില്ല, ഇപ്പോൾ ഞാൻ പോവാ, പക്ഷേ ഇവർക്കൊപ്പം ഒരു ജീവിതം ഉണ്ടാവില്ല, ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം ഇവളെ വാഴിക്കില്ല.. വീറോടെ അവൾ പറഞ്ഞു.. " പഴയ ഡയലോഗ് ആണ് ശിഖാ ഇതൊക്കെ, മാറ്റിപ്പിടിക്കാൻ നോക്ക്.... നിന്നോട് സംസാരിക്കാനും എനിക്ക് സമയമില്ല അല്പം ബലപ്രയോഗത്തിലൂടെ തന്നെ അവളെ മുറിയിൽ നിന്നും ഇറക്കി വാതിൽ അടച്ചിരുന്നു, അത് തന്റെ മുഖത്തേക്ക് അടിക്കുന്നത് പോലെയാണ് ശിഖയ്ക്ക് തോന്നിയത്. ദേഷ്യവും വിഷമവും എല്ലാം അവൾക്ക് തികട്ടി വന്നിരുന്നു, എന്തുചെയ്യണമെന്നറിയാതെ യാന്ത്രികമായി അവൾ പുറത്തേക്കിറങ്ങി, കാർ ഡ്രൈവ് ചെയ്യുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു എന്ന് അവൾ അറിഞ്ഞിരുന്നു.. ഒരിക്കൽ തൻറെ എന്ന് മാത്രം വിശ്വസിച്ച ഒന്ന്. തന്റെ ബുദ്ധിമോശം കൊണ്ട് അല്ലെങ്കിൽ തന്റെ തെറ്റു കൊണ്ടാണ് അവൻ തന്നിൽ നിന്നും അകന്നത്, സ്നേഹിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളൂ, അല്ലെങ്കിലും നമ്മുടെ എന്ന് കരുതുന്നത് മറ്റൊരാളുടെ കൈയ്യിൽ എത്തുമ്പോഴാണല്ലോ അതിൻറെ ഭംഗിയും വിലയും നമ്മൾ മനസ്സിലാക്കുന്നത്... ഏതൊ ഒരു സ്മൃതിയിൽ അവളുടെ മിഴികളും ഒന്ന് നിറഞ്ഞു പോയിരുന്നു,

എല്ലാം കണ്ട് പകച്ചു നിൽക്കുകയായിരുന്നു സരയൂ, "പേടിച്ചു പോയോ താൻ..! ഏറെ ആർദ്രമായി അവൾ ചോദിച്ചു. "ഇല്ല..! " പക്ഷേ പേടിക്കേണ്ടി വരും, ചെറിയ ആളൊന്നുമല്ല. അവൾക്ക് നല്ല ദേഷ്യം ഉണ്ട്. അതുകൊണ്ട് എന്തെങ്കിലുമൊക്കെ തിരിച്ചടികൾ ഉണ്ടാവും. താൻ പക്ഷേ പേടിക്കണ്ട. തനിക്ക് ഒന്നും വേണ്ട, ഞാനിവിടെ ഉള്ളടുത്തോളം കാലം തനിക്ക് ഒന്നും സംഭവിക്കില്ല, ഒപ്പം നിൽക്കുന്നവരെ ജീവൻ നൽകിയും രക്ഷിക്കും ഞാൻ. സമയം ഒരുപാടായി, താൻ കിടന്നോളൂ. മിഥുൻ പറഞ്ഞു. " ഞാൻ തറയിലോ മറ്റോ കിടന്നോളാം, പെട്ടെന്ന് അവളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു.. " പേടിക്കണ്ട.. എൻറെ ഒപ്പം കിടക്കാൻ അല്ല പറഞ്ഞത്, സരയു ഇവിടെ ബെഡിൽ കിടന്നോളൂ, മുകളിലേക്ക് ആരും വരാറില്ല, തൊട്ടപ്പുറത്ത് ഗസ്റ്റ് റൂം ആണ്. ഞാൻ അവിടെ പോയി കിടന്നോളാം, " എങ്കിൽ ഞാൻ അവിടെ പോയി കിടന്നോളാം, സാറിൻറെ മുറി അല്ലേ ഇത്, മടിയോടെ അവൾ പറഞ്ഞു... " നോ പ്രോബ്ലം സരയു അതുപറഞ്ഞ് അവൻ പുറത്തേക്കിറങ്ങി പോയിരുന്നു. വാതിൽക്കൽ വന്ന് അവൻ പോകുന്നത് നോക്കി നിന്നു സരയൂ. തൊട്ടപ്പുറത്തെ മുറിയിലേക്ക് അവൻ കയറുന്നതും ചെറുചിരി നൽകി ഗുഡ് നൈറ്റ് പറയുന്നതും കേട്ടാണ് അവൾ അകത്തേക്ക് കയറിയത്,

അകത്തേക്ക് കയറിയപ്പോൾ മനസ്സിൽ പലവിധ ചിന്തകളായിരുന്നു, അവർക്ക് രണ്ടുപേർക്കുമിടയിൽ സംഭവിച്ചത് എന്ത് എന്ന് അറിയാൻ ഒരു ആകാംക്ഷ അവളിൽ നിറഞ്ഞു നിന്നിരുന്നു. ഹൃദയം നൽകി സ്നേഹിച്ചവർ ആണ് രണ്ടുപേരും. ഇത്രമേൽ വെറുത്തു പോകണമെങ്കിൽ എത്ര വലിയ പ്രശ്നമായിരിക്കും ഇവർക്കിടയിൽ ഉണ്ടായിരിക്കുക..? മിഥുൻ സാറിനോടുള്ള സ്വാർത്ഥത കൊണ്ട് മാത്രമായിരിക്കില്ല ഈ വെറുപ്പ് എന്ന് അവൾക്ക് ഉറപ്പായിരുന്നു. കുറച്ചു സമയം കൊണ്ട് തന്നെ മിഥുൻ എന്ന വ്യക്തി എങ്ങനെയാണെന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ചിന്തകൾ കാടുകയറിയപ്പോൾ ലൈറ്റ് ഓഫ് ചെയ്തു, ആ വലിയ മുറിയുടെ പ്രതിധ്വനികളും ഏസിയുടെ തണുപ്പും ഒക്കെ അവളെ ഭയപ്പെടുന്നതുന്നത് ആയിരുന്നു. പരിചയമില്ലാത്ത ഒരു വീട്ടിൽ, ഒറ്റയ്ക്ക് ഒരു മുറിയിൽ അവൾക്ക് വല്ലാത്ത ഭീതി ഉണ്ടാക്കി.. മുത്തശ്ശി കുട്ടിക്കാലത്ത് പറഞ്ഞു തന്ന പല പ്രേതകഥകളും മനസ്സിലേക്ക് ഓടി വന്നു. കുട്ടിക്കാലം മുതലേ യക്ഷി ചാത്തൻ എന്നൊക്കെയുള്ള കാര്യങ്ങളിൽ വലിയ ഭയമുള്ള കൂട്ടത്തിലാണ് സരയു. മറ്റെന്ത് കാര്യങ്ങളിൽ ധൈര്യമുണ്ടെങ്കിൽ രാത്രിയിൽ ഒറ്റയ്ക്ക് ഉറങ്ങാൻ വലിയ പേടിയാണ് അവൾക്ക്, കുഞ്ഞ്ഞിക്കോപ്പം മാത്രമേ കിടക്കുകയുള്ളൂ.

ഒരു മുറിയിൽ ഒറ്റയ്ക്ക് ഇന്നോളം കിടന്നിട്ടില്ല, വല്ലാത്തൊരു ഭയം അവൾക്ക് തോന്നിയിരുന്നു... അവസാനം അവൾ എഴുന്നേറ്റിരുന്നു, ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചം അവളെ കൂടുതൽ പേടിപെടുത്തുകയാണ് ചെയ്തത്. നിയോൺ ലൈറ്റിൻ്റെ വെളിച്ചം , കുറേസമയം പിടിച്ചു നിന്നെങ്കിലും ആ വലിയ മുറിയുടെ ചുവരുകൾ അവളെ വല്ലാതെ പേടിപ്പിക്കുന്നുണ്ടായിരുന്നു. അവസാനം അവൾ ലൈറ്റിട്ട് പുറത്തേക്കിറങ്ങി, ഗസ്റ്റ് റൂമിൻറെ വാതിലിൽ വന്നു രണ്ടുമൂന്നു വട്ടം കൊട്ടിയിരുന്നു. ഇതോടെ മിഥുൻ കതക് തുറന്നു " എന്താടോ.." അവന് പരിഭ്രാന്തി ആയി.. " സാർ ഒരു കാര്യം പറഞ്ഞോൽ ദേഷ്യപെടരുത്, " " അതെന്താ..? മനസ്സിലാവാതെ മിഥുൻ അവളുടെ മുഖത്തേക്ക് നോക്കി. " എനിക്ക് ഒരു മുറിയിൽ ഒറ്റയ്ക്ക് കിടന്ന് പരിചയമില്ല, എനിക്ക് വല്ലാത്ത പേടി.... നിഷ്കളങ്കമായ മറുപടി കേട്ട് ഒന്നും മനസ്സിലാവാത്തത് പോലെയാണ് മിഥുൻ നിന്നത്, അവളുടെ മുഖത്തേക്ക് നോക്കിയ ശേഷം ഒന്ന് ചിരിച്ചു.. കിടന്ന മുറിയിൽ നിന്നും ലൈറ്റ് ഓഫ് ആക്കി റൂം ക്ലോസ് ആക്കി അവൻ നേരെ നടന്നു, അവനെ അനുഗമിച്ച അവളും മുറിയിലെത്തി, " പണ്ട് മുതലേ ഇങ്ങനെ ആണോ...? ചിരിയോടെ അവന് ചോദിച്ചു... " എനിക്ക് ഭയങ്കര പേടിയാണ് സർ കുട്ടികാലം മുതൽ..

ഒന്നാമത് ഞാൻ ഇത്ര വലിയ മുറിയിൽ ഒന്നും കിടന്നിട്ടില്ല, അതിൻറെ കൂടെ ഒറ്റയ്ക്ക് കൂടി ആണെന്ന് ഓർത്തപ്പോൾ വല്ലാത്ത ഒരു പേടി... ഞാനിവിടെ തറയിൽ കിടന്നോളാം സാർ കട്ടിലിൽ കിടന്നോളൂ, " എങ്ങനെയാണ് തന്നെ തറയിൽ കിടത്തുക, വലിയ കട്ടിൽ അല്ലേ തനിക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ നമുക്ക് ഒരു ബെഡ് ഷെയർ ചെയ്യുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല. നമ്മുടെ മനസ്സിൽ കളങ്കം ഇല്ലെങ്കിൽ പിന്നെ അത്‌ തെറ്റ് അല്ല... മടിയോടെ എങ്കിലും അവന് പറഞ്ഞു... " സോറി സർ, അഹങ്കാരം ആണെന്ന് കരുതരുത്, മറ്റെന്ത് കാര്യങ്ങളും അഭിനയം ആയിക്കൊള്ളട്ടെ, നമ്മുടെ മനസ്സിൽ യാതൊരു കള്ളത്തരം ഇല്ല ഉറപ്പാണ്. പക്ഷേ കുഞ്ഞുകുഞ്ഞു മോഹങ്ങളും സ്വപ്നങ്ങളും ഉള്ള ഒരു പെൺകുട്ടിയാണ് ഞാൻ. എൻറെ കുടുംബത്തിന് വേണ്ടിയാണ് ഞാൻ ഇങ്ങനെ ഒരു കാര്യത്തിന് സമ്മതിച്ചതിന്. പക്ഷെ ഞാൻ ഒരു പുരുഷനോടൊപ്പം കിടക്ക പങ്കിടുന്നുണ്ടെങ്കിൽ അത് പൂർണ്ണമായും എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന എല്ലാ ഇഷ്ടത്തോടും ഭർത്താവ് ആകുന്ന ഒരാൾക്കൊപ്പം ആയിരിക്കും. ആ ഒരു അവകാശം അദ്ദേഹത്തിനു വേണ്ടി മാത്രമായി മാറ്റിവെച്ചിരിക്കുകയാണ്. ഇന്നത്തെ കാലത്ത് സാറ് പറഞ്ഞത് പോലെ ഇതൊന്നും ഒരു കാര്യം അല്ല.

പക്ഷേ ചില പരമ്പരാഗതമായ വിശ്വാസങ്ങളിൽ അടിയുറച്ചു നിൽക്കുന്ന പെൺകുട്ടി ആണ് സർ ഞാൻ. അതുകൊണ്ട് എൻറെ ഒരു കുഞ്ഞ് വിശ്വാസമാണ്. പണ്ട് മുത്തശ്ശി പറഞ്ഞിട്ടുണ്ട് വിവാഹം കഴിഞ്ഞ് ഭാര്യയും ഭർത്താവും ഒരുമിച്ചു കിടന്നു തുടങ്ങിയാൽ മരണം വരെ അങ്ങനെ ആവണം എന്ന്, പിന്നെ അത് മാറാൻ പാടില്ലെന്ന്. അമ്മയ്ക്ക് വയ്യാണ്ട് ആയപ്പോൾ പോലും അച്ഛനെന്നും കുറച്ചുസമയം അമ്മയ്ക്കൊപ്പം പോയി കിടക്കും, അമ്മയ്ക്ക് ഒരു സന്തോഷം ആവാൻ വേണ്ടി. ഒപ്പം ഉണ്ടെന്ന് പറയും പോലെ.. ഒക്കെ ഒരു വിശ്വാസം അല്ലേ, ഞാൻ മാത്രമല്ല നാളെ സാർ വിവാഹിതനാകുമ്പോൾ ഒരു പെൺകുട്ടി അവകാശത്തോടെ കയറി വരണ്ട മുറി ആണ്. സാറിന്റെ പാതിയായി ഈ കിടക്കയിൽ കിടക്കേണ്ടത് ആണ്. ആസ്ഥാനം പാടില്ല ആസ്ഥാനം ഞാൻ അപഹരിക്കാൻ പാടില്ല സർ.. അവളുടെ മറുപടി കേട്ട് കുറച്ചു സമയം ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നിരുന്നു മിഥുൻ....നിയോൺ ലൈറ്റിൻ്റെ വെളിച്ചം അവളുടെ മുഖത്തിൻ്റെ ശോഭ കൂട്ടി, " തൻറെ വിശ്വാസങ്ങളൊക്കെ നല്ലത് തന്നെയാണ്, ഞാൻ അതിലൊന്നും കൈകടത്താൻ വരുന്നില്ല. എങ്കിൽ പിന്നെ സോഭയിൽ കിടക്ക്... എസി ഒക്കെ ഉള്ളോണ്ട് തനിക്ക് വല്ല കോൾഡ് പിടിച്ചാൽ പിന്നെ അത് വേറെ പ്രശ്നമാകും, തനിക്ക് അങ്ങനെ കിടക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ സോഭയിൽ കിടക്കാം. എന്നിട്ട് താൻ ബെഡിൽ കിടന്നോ, മിഥുൻ പരിഹാരം കണ്ടെത്തി.

" അത്‌ വേണ്ട സർ, ബെഡിൽ കിടന്നോ, ഞാൻ സോഭയിൽ കിടന്നോളാം. " എങ്കിൽ പിന്നെ അങ്ങനെയാവട്ടെ. കിടന്നോ സമയം ഒരുപാടായി, അവൾ സോഭയിൽ കിടന്നപ്പോൾ ലൈറ്റ് ഓഫ് ആക്കി ബെഡിലേക്ക് കിടന്നിരുന്നു. അവളുടെ ഓരോ വാക്കുകളും അവൻറെ ഹൃദയത്തിൽ ആയിരുന്നു പതിഞ്ഞത്. തുളസി പൂവിൻറെ നൈർമല്യമുള്ള ഒരു നിഷ്കളങ്കയായ പെൺകുട്ടി. അവളുടെ വിശ്വാസങ്ങളിലും രീതികളിലും ജീവിക്കുന്നവൾ. പരിഷ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു നാടൻ പെൺകൊടി. ഏതൊരു പുരുഷന്റെയും വിവാഹ സങ്കല്പങ്ങളിൽ ഉണ്ടാകുന്ന ഒരു മങ്ക. ശിഖയെ കാണുന്നതിനു മുൻപ് താനും ആഗ്രഹിച്ചത് ഇങ്ങനെയൊക്കെ ഉള്ള ഒരു കുട്ടിയെ തന്നെയായിരുന്നില്ലേ. അമ്മയെ പോലെ ഉള്ള കുട്ടി. അവൻ ഓർക്കുകയായിരുന്നു,.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story