വേനൽമഴ...🍂💛: ഭാഗം 27

venal mazha

രചന: റിൻസി പ്രിൻസ്‌

രാവിലെ ഏതോ ഒരു പള്ളിയിലെ സുബഹി നമസ്കാരം കേട്ടു കൊണ്ടായിരുന്നു സരയു ഉണർന്നിരിക്കുന്നത്. ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചം മാത്രമേ മുറിയിലുള്ളു. നല്ല ഉറക്കമാണ് മിഥുൻ നോക്കിയപ്പോൾ. അവൻ ഉറങ്ങട്ടെ എന്ന് കരുതി ബാത്റൂമിലേക്ക് കയറി മുഖമൊന്നു കഴുകി. തിരിച്ച് ഇറങ്ങിയപ്പോൾ തന്റെ കാലൊച്ച കേട്ടാവും മിഥുൻ പെട്ടെന്ന് കണ്ണുതുറന്നു. " താൻ ഇത്ര നേരത്തെ ഉണരുമോ.? ഉറക്കത്തിന്റെ ആലസ്യത്തോടെ അവന് ചോദിച്ചു. " ശീലം ആണ് സർ...സർ കിടന്നോ. പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു. "എനിക്ക് ഉറക്കം പോയി, അതുകൊണ്ടാ മിഥുൻ എഴുന്നേറ്റിരുന്ന് ഒന്ന് കൈ വിടർത്തി. ' എനിക്കൊന്ന് കുളിക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷേ ഡ്രസ്സ് ഒന്നും കൊണ്ടുവന്നിട്ടില്ല മടിയോട് അവൾ പറഞ്ഞു. " ഞാനത് ഓർത്തില്ല..! തനിക്ക് എന്തെങ്കിലും വാങ്ങി വെക്കണം എന്ന് കരുതിയതാ പക്ഷേ തിരക്കിനിടയിൽ മറന്നുപോയി. ക്ഷമാപണം പോലെ അവൻ പറഞ്ഞു. പെട്ടെന്നാണ് അവൻ മറ്റൊരു കാര്യമോർത്തത്, " ഒരു വഴിയുണ്ട്.. അത് പറഞ്ഞു ലൈറ്റിട്ടതിനുശേഷം അലമാരി തുറന്നു ഏറ്റവും മുകളിലെ തട്ടിലായി ഭദ്രമായി വച്ചിരിക്കുന്ന ഒരു ബാഗെടുത്തു. പലവട്ടം ശിഖയ്ക്ക് വേണ്ടി വാങ്ങിക്കൂട്ടിയത് ആണ് അതെല്ലാം.

എല്ലാം വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ. അവളുടെ ഇഷ്ടത്തിനു അനുസരിച്ച് വാങ്ങിയതാണ്. അത് എടുത്ത് ബെഡിലേക്ക് വച്ചു. " ഇതിലേതെങ്കിലും തനിക്ക് പറ്റുമോന്ന് നോക്കിക്കേ...? അവൾ അത് ഒക്കെ ഒന്ന് നോക്കി, എല്ലാം വിലകൂടിയ വസ്ത്രങ്ങൾ ആണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. പക്ഷേ എല്ലാം സ്ലീവലേസ് വസ്ത്രങ്ങളാണ്. അവൾക്ക് വല്ലായ്മ തോന്നി. നൂൽ പോലെ കൈയ്യുള്ള ടോപ്പുകൾ.. " ഒന്നും തോന്നല്ലേ സർ. എനിക്ക് പരിചയമില്ല ഇതൊന്നും ഇട്ട്. നിസ്സഹായതയോടെ അവന്റെ മുഖത്തേക്ക് നോക്കി. എങ്ങനെയാണ് പറ്റില്ല എന്ന് പറയുന്നത്. " ഞാൻ ഇങ്ങനെ ഉള്ളത് ഒന്നും ഇടാറില്ല. അല്പം മടിയോടെയാണ് പറഞ്ഞത്. എന്നാൽ ഏറ്റവും അടിയിൽ ഇരിക്കുന്ന ഒരു പർപ്പിൾ നിറത്തിലുള്ള ചുരിദാർ അവളുടെ കൈയിൽ കിട്ടി വലിയ വർക്കുകൾ ഒന്നുമില്ലാത്ത കഴുത്തിൽ മാത്രം മനോഹരം ആയ മുത്തുകളും കല്ലുകളും ഹാൻഡ് വർക്ക്‌ ചെയ്ത മനോഹരമായ ഫുൾ സ്ലീവ് ചുരിദാർ. ഒരു പ്രത്യേകതരം തുണിയാണ്. തൊടുമ്പോൾ തന്നെ അറിയാം നല്ല വില കൂടിയതാണ്.

അവളുടെ കണ്ണുകൾ ഒന്ന് വിടർന്നത് മിഥുൻ കണ്ടിരുന്നു " ഇത് പറ്റും എന്ന് തോന്നുന്നു സർ... " എങ്കിൽ പിന്നെ അത് എടുത്തോളൂ. അവൻ സമ്മതം നൽകി. ഒപ്പം ഒരു പുതിയ ടവൽ എടുത്ത് അവൾക്കുനേരെ നീട്ടി.. " ഫ്രഷ് ആയിട്ടു വാ... ഞാൻ ബാൽക്കണിയിൽ ഉണ്ടാവും.. " ഉത്സാഹത്തോടെ അവൾ അകത്തേക്കു കയറി. ഒരിക്കൽ ബനാറസിൽ ഷൂട്ടിങ്ങിന് പോകുന്ന സമയത്ത് വളരെ അധികം മോഹിച്ചു വാങ്ങിയതാണ് ആ ചുരിദാർ. അത് ശിഖയ്ക്ക് ഇഷ്ടമായില്ല. ഇഷ്ടമാകാത്തത് അവൾ ഉപയോഗിക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് കൊടുത്തില്ല. പിന്നീട് എപ്പോഴെങ്കിലും വിവാഹം കഴിയുമ്പോൾ അവളെക്കൊണ്ട് അത് നിർബന്ധിപ്പിച്ച് ആണെങ്കിലും ഇടീപ്പിക്കാം എന്ന് കരുതി സൂക്ഷിച്ചു വച്ചതാണ്. ബാനറസിന്റെ ഓർമ്മയ്ക്കായി വാങ്ങിയതായിരുന്നു അത്. അവൻറെ മനസ്സിലേക്കും ചില ഓർമ്മകൾ ഒക്കെ ഇരച്ചു കയറി. അല്ലെങ്കിലും ഓർമ്മകൾക്ക് മരണമില്ലല്ലോ. അത് പുനർജനികൾ അല്ലേ.? മറന്നു എന്ന് അഭിനയിക്കുകയല്ലാതെ ഒരിക്കലും ഓർമകളെ മറക്കാൻ സാധിക്കില്ല.

പ്രത്യേകിച്ച് വേദനിപ്പിക്കുന്ന ഓർമകളേ. അത്‌ ഒരു ചുഴി ആണ്. അകപ്പെട്ട് പോയാൽ പിന്നെ രക്ഷയില്ല..! കുറച്ച് സമയം മത്സ്യങ്ങളെ ഒന്ന് ശ്രദ്ധിച്ചു, പുറത്ത് വെള്ള കീറി വരുന്നതേയുള്ളൂ, ആകാശത്തു മായാൻ കൂട്ടക്കാതെ ഒരു ഒറ്റനക്ഷത്രം നില്പുണ്ട്. പകലോൻ മെല്ലെ വന്നു എത്തിനോക്കി പോകുന്നു എങ്കിലും ആ നക്ഷത്രം മായാൻ മടിച്ചു നില്കുന്നു. തന്റെ ഓർമകൾ പോലെ. ഈ കാഴ്ചകളൊക്കെ അവനു പുതുമ നിറയ്ക്കുന്നത് ആയിരുന്നു. എത്രകാലമായി ഇങ്ങനെ വീടിൻറെ ബാൽക്കണിയിൽ ഇറങ്ങി നിന്നിട്ട്. മനസ്സിലെ വേദനകൾ തന്നെ അന്തർമുഖൻ ആക്കി. ആ ഓർമകൾ മറക്കാൻ വേണ്ടി ഇല്ലാത്ത തിരക്ക് അഭിനയിക്കുകയായിരുന്നു. ഡേറ്റ് ചോദിച്ചു വന്നവർക്കെല്ലാം ഡേറ്റ് നൽകി. എത്രയോ കഥകൾ ഇല്ലാത്ത പടങ്ങളിൽ അഭിനയിച്ചു. അതെല്ലാം മനപ്പൂർവം തിരക്കുകൾക്ക് വേണ്ടി ആയിരുന്നു. ഒറ്റയ്ക്കിരുന്നു പോയാൽ ഒരുപക്ഷേ വേദനിപ്പിക്കുന്ന ഓർമ്മകൾ തന്നിൽ വന്നു ചേരും എന്നുള്ള ഒരു ഭയം കൊണ്ട്. ഓർമ്മകളിൽ ജീവിക്കാൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ഇടയ്ക്ക് കയറി വരുന്ന ഓർമ്മകളെ വഴിതിരിച്ചു വിടുകയാണ് പതിവ്. ഓരോന്ന് ചിന്തിച്ച് ഏറെ കഴിഞ്ഞപ്പോഴേക്കും കുളികഴിഞ്ഞ് സരയു ഇറങ്ങി. അവൾക്ക് ആ വേഷം നന്നായി ചേരുന്നുണ്ട് എന്ന് അവനു തോന്നി.

എത്ര ഭംഗിയായാണ് അവൾ അത്‌ അണിഞ്ഞത്. ഇത്‌ ഇട്ട് കാണാൻ ആഗ്രഹിച്ചത് മറ്റൊരുവൾ എന്നാൽ താൻ കാണുന്നത് വേറൊരുവളിൽ കൂടി. വിധി എന്തൊക്കെ കുസൃതികൾ ആണ് കാട്ടുന്നത്. " താഴേക്കിറങ്ങി പോകണ്ടേ... അവൾ ഒരു പുഞ്ചിരിയോടെ അടുത്ത് വന്നു ചോദിച്ചു. നനഞ്ഞ ടവൽ മുടിയിൽ കെട്ടി വച്ചിരിക്കുന്നു. അതിൽ ഇരിക്കാൻ വീർപ്പുമുട്ടി ചില അളകങ്ങൾ അവളുടെ മുഖത്തേക്ക് പാറി കിടക്കുന്നു. " ഞാനും കൂടി വന്നിട്ട് ഒരുമിച്ച് പോയാൽ മതി കേട്ടോ, അവൻ പറഞ്ഞു. " ശരി സർ.. " സരയൂ ഞാൻ ഇന്നലെ പറഞ്ഞു നമ്മൾ തന്നെ ഉള്ളപ്പോഴും ഇങ്ങനെ സാർ എന്ന് വിളിക്കേണ്ട എന്ന്. ഒന്നാമത്തെ കാര്യം ആരെങ്കിലും നിൽക്കുമ്പോൾ താൻ മറന്നുപോയി സാർ എന്ന് വിളിക്കും. കേൾക്കുന്നവർ എന്തുവിചാരിക്കും. പിന്നെ രണ്ടാമത്തെ കാര്യം ഞാൻ തന്നെ ഇപ്പോൾ നല്ലൊരു ഫ്രണ്ട് ആയിട്ടാണ് കരുതുന്നത്. എന്റെ ഫ്രണ്ട്ഷിപ്പ് ആക്സെപ്റ്റ് ചെയ്യുന്നില്ല എന്നാണ് ഞാൻ ഇങ്ങനെ പറഞ്ഞിട്ട് വീണ്ടും അങ്ങനെ വിളിക്കുന്നത് എങ്കിൽ അതിനർത്ഥം. " അയ്യോ അങ്ങനെയല്ല. എനിക്ക് ഇപ്പോഴും ഒരു ബഹുമാനം... "'

ഒരു വിളിയിൽ അല്ലഡോ ബഹുമാനം ഉള്ളത്. അത് മനസ്സിലാണ്. സാർ എന്ന് വിളിച്ചതുകൊണ്ട് ബഹുമാനം കിട്ടുമെന്നോ, സാർ എന്ന് വിളിക്കുന്ന എല്ലാർക്കും നമ്മൾ ബഹുമാനം നൽകുന്നു എന്നോ അർത്ഥമില്ല. നമ്മുടെ പ്രവർത്തി, അതിലാണ് ബഹുമാനവും സ്നേഹവും ഇഷ്ടവും ഒക്കെ തെളിയിക്കേണ്ടത്. " എങ്കിൽ കണ്ണേട്ടൻ പോയി കുളിച്ചിട്ട് വരൂ. ചെറുചിരിയോടെ അവൾ പറഞ്ഞു. " അത് പോയിൻറ്...! അതേ ചിരിയോടെ അവനും പറഞ്ഞു. ചെറുചിരിയോടെ അവളുടെ മുഖത്തേക്കു നോക്കി അവൻ അകത്തേക്ക് കയറിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ കുളികഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. അപ്പോഴേക്കും സരയു മുറി എല്ലാം നന്നായി ഇട്ട് ബാൽക്കണിയിൽ മീനുകൾക്ക് തീറ്റ കൊടുത്തുകൊണ്ടിരിക്കുകയാണ്. മുറിയുടെ ജനാലകൾ ഒക്കെ തുറന്നു കർട്ടൻ ഒക്കെ നീക്കിവെച്ചിരിക്കുന്നു. അങ്ങനെയൊന്നും ചെയ്യാറുള്ളത് അല്ല താൻ.കാറ്റും വെളിച്ചവും ഒക്കെ അകത്തേക്ക് കടന്നപ്പോഴേക്കും മുറിക്ക് ഒരു പ്രത്യേകത വന്നത് പോലെ അവനു തോന്നി. "താഴേക്ക് പോയാലോ..? അവന്റെ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. ഒന്നു തലയാട്ടി കാണിച്ചു തിരിച്ച് അവനോടൊപ്പം താഴേക്കു ചെന്നു.. അപ്പോഴേക്കും പൂജാമുറിയിൽ അമ്മയുടെ ശബ്ദം കേൾക്കാമായിരുന്നു.

രണ്ടുപേരും പൂജാമുറിയിലേക്ക് തന്നെയാണ് കയറിയത്. അമ്മ പ്രാർത്ഥന ആണ് . ശ്രീകോവിൽ പോലെ തോന്നിക്കുന്ന മനോഹരമായ ഒരു പൂജാമുറി. ചെന്ന് കണ്ണടച്ച് കൈകൾ കൂപ്പി അവർ ആ പ്രാർത്ഥനയിൽ ചേർന്നു. പ്രാർത്ഥന കഴിഞ്ഞ് തിരിഞ്ഞുനോക്കിയ അരുന്ധതി കണ്ടത് രണ്ടുപേരും പിറകിൽ നിൽക്കുന്നതാണ്. ആ കാഴ്ച അവരുടെ മനസ്സ് നിറച്ചു. " ഇന്നു നീ നേരത്തെ എഴുന്നേറ്റോ കണ്ണാ... ചിരിയോടെ അവൻറെ മുഖത്തേക്ക് വാത്സല്യപൂർവ്വം നോക്കിക്കൊണ്ട് ചോദിച്ചു. " ഇയാൾ 5.30 ആയപ്പോൾ എഴുന്നേറ്റു. പിന്നെ എനിക്ക് ഉറങ്ങാൻ പറ്റുമോ.? " എന്തിനാ മോളെ ഇത്ര നേരത്തെ എഴുന്നേറ്റത്, കുറച്ചുനേരം കൂടി കിടക്കാരുന്നില്ലേ..? അവളോട് വാത്സല്ല്യത്തോടെ ചോദിച്ചു. " ശീലമായി പോയത് ആണ് അമ്മേ.. അതുകൊണ്ട് പിന്നെ എനിക്ക് ഉറക്കം വരില്ല, അവിടെയാണെങ്കിൽ അമ്പലത്തിലെ പാട്ട് കേട്ടിട്ടാണ് ഉണരുന്നത്. ഇവിടെ വാങ്ക് വിളിക്കുന്നത് കേട്ടു. അവർ അവൾ പറയുന്നത് ഒക്കെ ചിരിയോടെ കെട്ടു. കുളികഴിഞ്ഞ് ഈറൻ മുടി മുന്നിലേക്കിട്ടു നിൽക്കുകയാണ് അവൾ. പെട്ടെന്ന് അവർ അത് ശ്രദ്ധിച്ചത്.

നെറ്റിയിൽ സിന്ദൂരം തൊട്ടിട്ടില്ല. " മോള് കല്യാണം കഴിച്ച കാര്യം മറന്നു അല്ലേ...? അവര് അങ്ങനെ ചോദിച്ചപ്പോൾ അതിനു മറുപടി എന്ത് പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു എന്താണ് ഉദ്ദേശിച്ചത് എന്ന് അവൾക്ക് മനസിലായില്ല. " വാ. അവളുടെ കയ്യിൽ പിടിച്ച് വലിച്ച് അവർ പൂജാമുറിയിൽ നിന്നും സിന്ദൂരച്ചെപ്പ് എടുത്തു. " ഇത് ഒരു പ്രത്യേക സിന്ദൂരം ആണ് മൂകാംബികയിലെ, ദാമ്പത്യജീവിതം ദീർഘമായ ഉണ്ടാവാൻ വേണ്ടി ഉള്ളതാണ്. ഭർത്താവ് തന്നെ ഇത് തൊട്ടു കൊടുത്താൽ സുമംഗലിയായി മാത്രമേ ഭാര്യ മരിക്കു എന്നാണ് വിശ്വാസം. ( സാങ്കല്പികം ) " കണ്ണാ ഇത് മോൾക്ക് തൊട്ടു കൊടുക്ക്... " അരുന്ധതി പറഞ്ഞപ്പോൾ എന്ത് ചെയ്യണമെന്ന് അവനും അറിയുമായിരുന്നില്ല. "കൊടുക്കടാ.." വീണ്ടും നിർബന്ധിച്ചപ്പോൾ അവൻ അരികിലേക്ക് വന്നു, അതിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ സീമന്തരേഖയിലേക്ക് ചാർത്തി. ഒരു നിമിഷം അവൾ കണ്ണുകൾ അടച്ചു പോയിരുന്നു.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story