വേനൽമഴ...🍂💛: ഭാഗം 31

venal mazha

രചന: റിൻസി പ്രിൻസ്‌

വീഴാൻ പോയവൾ നേരെ അവൻറെ കൈകളിലേക്കാണ് വീണത്, ഒരു നിമിഷം മിഴികൾ തമ്മിൽ കോർത്തു... അവളുടെ മിഴികളുടെ ആഴങ്ങളിൽ ആദ്യമായവൻ അടുത്തു കണ്ടു, പളുങ്ക് പോലെ തിളക്കമുള്ള രണ്ട് മുത്തുകൾ... ആ മിഴികളിൽ നിന്നും തൻറെ മിഴികളെ പിൻവലിക്കുവാൻ ഒരുപാട് പണിപ്പെടേണ്ടി വന്നു... തൻറെ ഹൃദയത്തിൻറെ ആഴങ്ങളിലേക്ക് അത് ആഴ്ന്ന് ഇറങ്ങും പോലെ അവന് തോന്നി... തന്നിലേക്ക് ആഴ്ന്ന് ഇറങ്ങുന്നവന്റെ നേത്രങ്ങളിൽ എന്തോ ഒരു പ്രത്യേകത അവൾക്കും തോന്നിയിരുന്നു, കാന്തം പോലെ അ വതന്നെ ആകർഷിക്കുന്നത് പോലെ, ഒരു നിമിഷം അവൻറെ കണ്ണുകളിൽ ഒളിപ്പിച്ച സാഗരത്തിലേക്ക് അവളും നോക്കി നിന്നുപോയി... " അതെ റൊമാൻസ് ഒക്കെ പിന്നെ, പിന്നിൽ വന്ന് അഭി പറഞ്ഞപ്പോഴാണ് മിഥുന് സ്ഥലകാലബോധം ലഭിച്ചത്, അതുവരെ ഏതോ ഒരു ലോകത്തിൽ ആയിരുന്നുവെന്ന് അവനു തോന്നി, ഒരു നിമിഷം വല്ലായ്മ സരയുവിലും ഉണ്ടായി, പെട്ടെന്നവൾ അവനിൽ നിന്നും അടർന്നുമാറി, " ശ്രദ്ധിച്ചു നടക്ക്...! ഉണ്ടായ ജാള്യത മറയ്ക്കാൻ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞിരുന്നു, "സ്റ്റേജിലേക്ക് കയറാം, അഭിയാണ് പറഞ്ഞത്, " നീ വീട്ടിൽ വച്ച് നിൻറെ പെണ്ണുമ്പിള്ളയേ കാണാറില്ലേ..?

അതോ കല്യാണം കഴിഞ്ഞു 3 ദിവസം ആയിട്ടും സരയുവിനെ കണ്ട് കൊതിതീർന്നില്ലേ..? ആദ്യമായിട്ട് കാണുന്നത് പോലെ നോക്കി നിന്നല്ലോ.... മിഥുനു മാത്രം കേൾക്കാൻ പാകത്തിന് സ്റ്റേജിലേക്ക് കയറുമ്പോൾ അഭി പതിയെ പറഞ്ഞപ്പോൾ മിഥുൻ പോലുമറിയാതെ ഒരു പുഞ്ചിരി അവൻറെ ചൊടിയിലും സ്ഥാനം പിടിച്ചിരുന്നു, താരനിബിഡമായ ആഡംബര പരിപാടി തന്നെയായിരുന്നു, രാഷ്ട്രീയ രംഗത്തു നിന്നും സിനിമാരംഗത്തു നിന്നും ഒക്കെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു, ക്യാമറാ ഫ്ലാഷുകൾ മിന്നിമറഞ്ഞു. സിനിമയിൽ മാത്രം കണ്ടിട്ടുള്ള പലമുഖങ്ങൾ നേരിട്ട് കണ്ടപ്പോൾ അത്ഭുതപെട്ട് പോയിരുന്നു സരയു. ജീവിതത്തിൽ പ്രതീക്ഷിച്ചതല്ല ഇങ്ങനെ ഒരു നിമിഷം, അല്ലെങ്കിലും പ്രവചനാതീതമാണ് ജീവിതം എന്ന് പറയുന്നത് എത്ര സത്യമാണ്, അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന് നമ്മുക്ക് പ്രവചിക്കാൻ കഴിയുമോ..? സരയു ഓർക്കുകയായിരുന്നു ഇതിനിടയിലാണ് അവതാരകൻ പെട്ടെന്ന് മൈക്കുമായി വന്നു പറഞ്ഞത്, " മിഥുൻ സാർ നല്ലൊരു നടനാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം, അതുപോലെതന്നെ അദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്,

പല ചിത്രങ്ങളിലും അദ്ദേഹം പാടിയിട്ടും ഉണ്ട്, ഇന്ന് തൻറെ പ്രിയപ്പെട്ടവൾക്കു വേണ്ടി ഒരു ഗാനം ആലപിക്കാൻ ഞാൻ അദ്ദേഹത്തെ ക്ഷണിക്കുകയാണ്, അവതാരകൻ അത് പറഞ്ഞപ്പോൾ ഒരു നിമിഷം മിഥുനും ഞെട്ടിപ്പോയിരുന്നു, അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അങ്ങനെ ഒരു ചോദ്യം, അവൻ വേണ്ടെന്നു പറഞ്ഞെങ്കിലും വേദിയിലുണ്ടായിരുന്നവരൊന്നും സമ്മതിച്ചില്ല, അവസാനം എഴുന്നേൽക്കുക അല്ലാതെ അവന് മുൻപിൽ മറ്റു മാർഗം ഉണ്ടായിരുന്നില്ല. അവതാരകൻ നീട്ടിയ മൈക്ക് വാങ്ങി ഏത് ഗാനം പാടണം എന്ന് അവന് അറിയില്ലായിരുന്നു, ഒരു നിമിഷം അവൻ വെറുതെ സരയുവിന്റെ മുഖത്തേക്കൊന്നു നോക്കി, ആ മുഖം മനസ്സിൽ നിറഞ്ഞു നിന്ന നിമിഷം അറിയാതെ അവൻ പാടി പോയിരുന്നു, 🎶കാണാക്കിനാവിന്റെ സൗഗന്ധികങ്ങൾ കാണിക്കയായ് വച്ചൂ ഞാൻ നിന്റെ മുൻപിൽ കൈക്കൊൾവതാരെൻ ഉൾപ്പൂവിൻ ഗന്ധം മുത്തായ് ചിരിയ്ക്കും മുഗ്ദ്ധാനുരാഗം എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം നിൻ സ്വരം കേൾക്കാനായ് പിന്നെയും വന്നൂ ഞാൻ എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം സ്നേഹിക്കുമാത്മാവിൻ തേന്മൊഴിയെല്ലാം ആരോടും ചൊല്ലാത്തോരാശകളെല്ലാം താരങ്ങൾ കേൾക്കേ രാകേന്ദു കേൾക്കേ താരസ്വരത്തിൽ ഞാൻ പാടുമെന്നും എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം🎶

ആ പാട്ട് പാടിക്കഴിഞ്ഞപ്പോൾ അവൻറെ ഉള്ളിൽ സരയൂ മാത്രമായിരുന്നു, അവൻറെ രാഗ വിസ്താരത്തിൽ ഒരു നിമിഷം അവളും സർവ്വ മറന്നുപോയിരുന്നു, എത്ര മനോഹരമായാണ് അവൻ പാടുന്നതെന്ന് അവൾ ഓർത്തു. ഏറെനേരം നീണ്ടുനിന്ന ആ പാർട്ടി അവൾക്ക് ഒട്ടും മടുപ്പ് ഉളവാക്കിയില്ല. എല്ലാത്തിനും സഹായമായി ഒപ്പം തനു ഉണ്ടായിരുന്നു, അതോടൊപ്പം അച്ഛനും അമ്മയ്ക്കും പരിഗണന നൽകി അഭിയും, പരിപാടി കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും മുത്തശ്ശിയുമൊക്കെ വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ചെറിയ ഒരു നോവ് ഉണർന്നിരുന്നു, കുറച്ചു സമയമെങ്കിലും താൻ ഒറ്റയ്ക്കല്ല തോന്നിയിരുന്നു അവർ പോവുകയാണ് എന്ന് അറിഞ്ഞപ്പോൾ വീണ്ടുമൊരു ഏകാന്തതയിലേക്ക് ഏറിയപ്പെടുമ്പോലെ... " മിഥുൻ സാറിൻറെ സമയം പോലെ നിങ്ങൾ അവിടേക്ക് ഇറങ്ങണം, തിരികെ പോകും മുൻപ് രാഘവനാണ് പറഞ്ഞത്, അപ്പോഴേക്കും മിഥുനും വന്നിരുന്നു... " ഒരുപാട് തിരക്കുള്ള ആളാണെന്ന് അറിയാം, സമയം പോലെ വീട്ടിലേക്കു വരണം, " വരണമെന്നോ, അതൊരു ചടങ്ങല്ലേ അച്ഛാ... തീർച്ചയായിട്ടും വരാം, എന്നാണെന്ന് ഞാൻ അറിയിക്കാം,പിന്നെ സരയുവിന്റെ കോളേജിൽ പോകണം എന്ന് പറഞ്ഞു, അതിനുശേഷം എന്താണെങ്കിലും അവിടേക്ക് വരുന്നുണ്ട്.. വീട്ടിലേക്ക് വരണ്ടേ എന്താവശ്യമുണ്ടെങ്കിലും അഭിയോട് പറഞ്ഞാൽ മതി, അവൻറെ നമ്പർ വാങ്ങണം, അല്ലേ ഡോക്ടർ സനൂപിനോട് പറഞ്ഞാലും മതി, മിഥുൻ പറഞ്ഞു...

" ഡോക്ടറെ പരിപാടിക്ക് കണ്ടില്ലല്ലോ, രാഘവൻ പറഞ്ഞു " അവൻ ഒരു ക്യാമ്പിൽ ആണ്, ക്യാമ്പ് ഒക്കെ വന്നാൽ പോകാതിരിക്കാൻ പറ്റില്ല, അതുകൊണ്ട് ആശുപത്രിയിൽ ഉള്ള ക്യാമ്പ് ആണ്. ഒരു നിർവാഹവുമില്ല വരാൻ എന്ന് വിളിച്ചു പറഞ്ഞിരുന്നു, തിരികെയുള്ള യാത്രയിൽ സരയു സന്തോഷവതിയായിരുന്നു, അരുന്ധതിയും ലക്ഷ്മിയും പുറകിലത്തെ സീറ്റിലിരുന്ന് ഉറക്കം പിടിച്ചിരുന്നു, " ഇനിയിപ്പോ ഒരു ഇൻറർവ്യൂ കൂടി കൊടുക്കണം, അതൂടെ കഴിഞ്ഞാൽ സെലെബ്രെറ്റി മിഥുന്റെ കല്യാണം എന്ന് പറഞ്ഞ പേരിലുള്ള പ്രഹസനം തീർന്നു, പെട്ടന്ന് അവൻ പറഞ്ഞപ്പോൾ അവളുടെ ഉള്ളിൽ ഒരു നൊമ്പരം ഉടലെടുത്തിരുന്നു, അവളുടെ മുഖത്ത് പെട്ടെന്ന് വന്നമാറ്റം അവനും ശ്രദ്ധിച്ചിരുന്നു, " എന്തുപറ്റിടോ പെട്ടെന്നൊരു മൂഡ് ചേഞ്ച്...? " ഒന്നുമില്ല... " ക്ഷീണം ഉണ്ടെങ്കിൽ കിടന്നോ, കുറച്ചുനേരം കൂടി എടുക്കും വീട്ടിലെത്താൻ.. " കണ്ണേട്ടൻ ഒറ്റയ്ക്ക് വണ്ടി ഓടിക്കുമ്പോൾ, " ഞാൻ ഒറ്റയ്ക്ക് വണ്ടി ഓടിക്കുന്നത് ഇത് ആദ്യമല്ലടോ, ഷൂട്ടിങ് കഴിഞ്ഞിട്ട് ഞാൻ തന്നെ ആണ് ഡ്രൈവിംഗ്. ഡ്രൈവേഴ്സിനെ ഒന്നും ഞാൻ ഇതുവരെ നിർത്തിയിട്ടില്ല, ഡ്രൈവിംഗ് എന്റെ ഒരു പാഷൻ കൂടെയാണ്, എനിക്ക് ക്ഷീണം ഒന്നുമില്ല, വീട്ടിലേക്ക് എത്തിയപ്പോഴേക്കും കുളികഴിഞ്ഞ് ക്ഷീണം കൊണ്ട് രണ്ടു പേരും പെട്ടെന്ന് ഉറങ്ങി പോയിരുന്നു, രാവിലെ ഉണർന്നതും മിഥുന് സെറ്റിൽ നിന്ന് ഒരു ഫോൺ വന്നിരുന്നു, പെട്ടെന്ന് തന്നെ അവൻ റെഡിയായി വന്നു,

പെട്ടെന്ന് എവിടെയോ പോകാൻ ഉള്ള വേഷത്തിൽ അവനെ കണ്ട സരയു ഒന്ന് അമ്പരന്നു, " എനിക്ക് പെട്ടെന്ന് സെറ്റിൽ എത്തണം, ഒരു നാല് ദിവസം കഴിഞ്ഞിട്ട് ഞാൻ ഇനി വരൂ, സരയുവിന്റെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വാടുന്നത് അവൻ കണ്ടിരുന്നു, " എന്തുപറ്റി...? അവൻ ചോദിച്ചു.. " ഒന്നുമില്ല ഞാൻ ആകുമല്ലോന്ന് ഓർത്തു , " ഒറ്റയ്ക്ക് അല്ലല്ലോ ഇവിടെ അമ്മയുണ്ട്, ലക്ഷ്മിയമ്മ ഉണ്ട്, പിന്നെ എന്തെങ്കിലും അത്യാവശ്യം വരുകയാണെങ്കിൽ അപ്പുറത്ത് അമ്മാവനും അമ്മായിയും ഉണ്ട്, നാല് ദിവസത്തെ ഷൂട്ട് ഉള്ളൂ, ഒരു ഫൈറ്റ് കൂടി ചെയ്യാനുണ്ട്, അതോടെ ഷൂട്ട്‌ കഴിയും,ഒരുപാട് ദൂരെയൊന്നും അല്ല, കൊച്ചി തന്നെ ആണ് ലോക്കേഷൻ, പക്ഷേ ഇന്ന് വരാൻ പറ്റില്ല, കുറെ നൈറ്റ് ഫൈറ്റ് ഉണ്ട്, ഫുൾടൈം റിഹേസൽ ഒക്കെ ആയിരിക്കും, തനിക്ക് ബോറടിക്കും,അല്ലെങ്കിൽ കൂടെ കൂട്ടമായിരുന്നു... വാടിയവളുടെ മുഖത്തേക്ക് നോക്കി ഒരു ആശ്വാസം എന്നതുപോലെ അവൻ പറഞ്ഞപ്പോൾ അവൾ അത്ഭുതപ്പെട്ടു പോയിരുന്നു, " അയ്യോ അതൊന്നും വേണ്ട, പോകുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം, ഇത്രയും ദിവസം ഒപ്പമുണ്ടായ ആൾ പെട്ടന്ന് വിട്ട് നിൽകുമ്പോൾ ഉണ്ടാകുന്ന ഒരു വേദന, കൂടെ കൊണ്ടു പോകണമെന്നല്ല ഉദ്ദേശിച്ചത്, അവൾ തന്റെ ഭാഗം വിശദീകരിച്ചു.. " എൻറെ ജോലി ഇങ്ങനെയാടോ, വിളിക്കുന്ന സമയത്ത് ഓടി പിടിച്ചു പോകും, , " എങ്കിൽ കണ്ണേട്ടൻ പോകാൻ റെഡി ആകു,

ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം. "സരയു, പുറത്തേക്ക് പോകാൻ തുടങ്ങിയവളെ അവനൊന്ന് വിളിച്ചു.. "ഐ വിൽ മിസ്സ് യു, അവന്റെ മറുപടിയിൽ അവളൊന്ന് അത്ഭുതപ്പെട്ടു പോയിരുന്നു, " ഞാൻ പറഞ്ഞതിന് പകരം പറയാണോ, " അല്ല തന്നെ ഞാൻ ശരിക്കും മിസ്സ് ചെയ്യും,നമ്മൾ പരിചയപ്പെട്ടിട്ട് ഒരുപാട് ദിവസമായില്ലെങ്കിൽ പോലും വളരെ കുറച്ചു ദിവസം കൊണ്ട് തന്നെ തൻറെ സാമീപ്യം എന്നിൽ വല്ലാത്തൊരു ഇൻസ്പരേഷൻ ഉണ്ടാക്കിയിരുന്നു, ഓരോ ദിവസവും ഉണരുമ്പോഴും താൻ എന്തെങ്കിലും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ ഒരു കൗതുകം തോന്നിയിരുന്നു, ഈ നാലുദിവസം ആ കൗതുകമുണ്ടാവില്ല, ശരിക്കും ഞാൻ തന്നെ മിസ്സ് ചെയ്യും, " അപ്പൊൾ ഒരു വർഷം കഴിഞ്ഞു ഞാൻ തിരികെ പോകുമ്പോൾ എന്നെ ശരിക്കും മിസ്സ്‌ ചെയ്യുമല്ലോ, ചെറുചിരിയോടെയാണ് അവൾ അത് പറഞ്ഞതെങ്കിലും ചിരിച്ചുകൊണ്ട് നിന്നവൻറെ മുഖത്തെ പുഞ്ചിരി മായ്ക്കാൻ കഴിവുള്ള വാക്കുകളായിരുന്നു അത്, ആ നിമിഷമാണ് അതിനെപ്പറ്റി മിഥുനും ചിന്തിച്ചത്, " ഒരുവർഷം കഴിഞ്ഞ് ഞാൻ എവിടെ പോകാനാ, ഈ വീട്ടിൽ നിന്ന് പോകുമായിരിക്കും, എൻറെ ലൈഫിൽ നിന്ന് പോകില്ലല്ലോ, ഞാൻ പറഞ്ഞില്ലേ നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് അതിനീ ഒരിക്കലും അവസാനിക്കില്ല, അവൻറെ ആ വാക്കുകൾ അവളിൽ ഒരു പുഞ്ചിരി നിറച്ചിരുന്നു, ഹൃദയത്തിൽ ഒരു തണുപ്പ് നിറയുന്നതുപോലെ.... ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തിയപോഴേക്കും എല്ലാവരും എത്തിയിരുന്നു,ആദ്യം തന്നെ ഡയറക്ടറുടെ മുറിയിലേയ്ക്ക് ചെന്ന് സീനിനെ പറ്റി വിശദമായി തന്നെ ഡിസ്കസ് ചെയ്തു, അന്ന് മുഴുവൻ റിഹേഴ്സൽ ആയിരുന്നു,

ഫൈറ്റ് ചെയ്യുമ്പോൾ ഡ്യൂപ്പിനെ വയ്ക്കുവാൻ മിഥുന് സമ്മതിക്കില്ല, എല്ലാ ചിത്രത്തിലും സംഘട്ടനരംഗങ്ങൾ സ്വന്തമായി തന്നെ ചെയ്യണം എന്ന് അവന് നിർബന്ധമാണ്, മറ്റൊരാളുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കാൻ അവൻ ഇഷ്ട്ടപെട്ടില്ല, അതുകൊണ്ട് നീണ്ടുനിൽക്കുന്ന റിഹേഴ്‌സ്സലിന് ശേഷം മാത്രമേ ആ രംഗം ഷൂട്ട് ചെയ്യാറുള്ളൂ, അന്ന് ഒരുപാട് വൈകിയിരുന്നു, ഷൂട്ടിങ് കഴിഞ്ഞ് നേരെ ഹോട്ടൽ റൂമിലേക്ക് ചെന്ന് ഫുഡ് കഴിക്കുന്നതിനിടയിലാണ് ഡോറിൽ ആരോ മുട്ടിയത്, നോക്കിയപ്പോൾ പ്രൊഡക്ഷൻ കൺട്രോളറും ഒപ്പം ഡയറക്ടറും ഉണ്ട്. മുറിയിലേക്ക് കയറി സിനിമയുടെ എഡിറ്റിങ്ങിനെ പറ്റിയൊക്കെ കാര്യമായി സംസാരിച്ചിരുന്നു, " പ്രൊഡ്യൂസറേ കണ്ടില്ലല്ലോ, മിഥുനാണ് ചോദിച്ചത്, " എന്താ മിഥുൻ പേയ്‌മെന്റ് കാര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ...? അല്പം തമാശയോടെ ഡയറക്ടർ ചോദിച്ചു, " അല്ല, ഞാൻ വന്നതിനുശേഷം സാറിനെ കണ്ടതേയില്ല, അതുകൊണ്ടാ,. " നമ്മുടെ ഫിലിമിലെ നായിക ഒരു പുതിയ കുട്ടിയാണ്, ഒരു മോഡലായിരുന്നു, പുള്ളിക്കാരിക്ക് എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിച്ചാൽ മതി, എന്ത് അഡ്ജെസ്റ്റമെന്റിനും തയ്യാറാണ്, അപ്പൊൾ പിന്നെ പ്രൊഡ്യൂസർ എവിടെയായിരിക്കുമെന്ന് ഞാൻ മിഥുനോട് പ്രത്യേകം പറയണോ..?

ഒന്ന് ഊന്നി ഡയറക്ടർ ചോദിച്ചപ്പോൾ മിഥുൻ ഒന്നും മിണ്ടിയില്ല... "എന്താ മിഥുൻ തനിക്ക് എന്തെങ്കിലും താല്പര്യമുണ്ടോ..? വേണമെങ്കിൽ റെഡി ആക്കാം.... ഡയറക്ടർ പറഞ്ഞപ്പോൾ മിഥുന്റെ മുഖത്ത് ഗൗരവം നിറഞ്ഞു അതോടൊപ്പം തന്നെ ദേഷ്യവും, " ഞാൻ അങ്ങനെ ഒരാൾ ആണെന്നാണോ ഇത്ര വർഷത്തിനിടയിൽ സാറിന് തോന്നിയിട്ടുള്ളത്, മിഥുന്റെ മുഖം മാറിയപ്പോഴേക്കും ഡയറക്ടർ വിളറി... " ഞാനൊരു തമാശ പറഞ്ഞതാടോ.... " എനിക്ക് ഭ്രമം സിനിമയോടും അഭിനയത്തോടും മാത്രമാണ്, അല്ലാതെ സിനിമയിലെ പെൺശരീരങ്ങളോട് അല്ല, അങ്ങനെയായിരുന്നുവെങ്കിൽ അവസരങ്ങൾ ഏറെയായിരുന്നു എനിക്ക്, ഡോണ്ട് റിപീറ്റ്, ഒരു മുന്നറിയിപ്പ് പോലെ അവൻ അത് പറഞ്ഞപ്പോൾ അവൻ നല്ല ദേഷ്യത്തിൽ ആണെന്ന് ഡയറക്ടർക്ക് മനസ്സിലായി, പിന്നീട് ഒന്നും പറയാതെ ഒരു ഗുഡ്നൈറ്റ് പറഞ്ഞ് രണ്ടുപേരും മുറിയിൽനിന്നും ഇറങ്ങിയിരുന്നു, അസ്വസ്ഥമായ മനസ്സോടെയാണു ഉറങ്ങാൻ കിടന്നത്, പെട്ടെന്ന് അവന്റെ മനസ്സിലേക്ക് സരയുവിന്റെ മുഖം ഓടിയെത്തി,അവളോട് സംസാരിക്കാൻ അവന്റെ മനസ്സ് വെമ്പൽ കൊണ്ടു,........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story