വേനൽമഴ...🍂💛: ഭാഗം 32

venal mazha

രചന: റിൻസി പ്രിൻസ്‌

ഫോണെടുത്ത് അവൻ നോക്കി സമയം ഏകദേശം പത്തരമണിയോട് അടുത്തിട്ടുണ്ട്, ഈ സമയത്ത് അമ്മ ഒറ്റയ്ക്ക് ഉള്ളൂവെങ്കിൽ ഉറങ്ങിയിട്ടുണ്ടാവും, സരയുവും ഒരുപാട് സമയം ഉറക്കമിളച്ചിരിക്കുന്ന കൂട്ടത്തിലല്ല, വിളിക്കണോ വേണ്ടയോ എന്ന് അവനൊരു മടി തോന്നി... എങ്കിലും ഒന്ന് വിളിച്ചേക്കാം എന്ന് കരുതി അവൻ വീട്ടിൽ ലാൻഡ് നമ്പറിൽ ഡയൽ ചെയ്തു, ഫോൺ വിളിക്കുമ്പോൾ ഇതുവരെ അറിയാത്ത ഒരു പ്രത്യേക പ്രവർത്തനങ്ങൾ തൻറെ ഹൃദയത്തിൽ നടക്കുന്നത് അവനറിഞ്ഞു, ഹൃദയം പെരുമ്പറ മുഴക്കുന്നത് പോലെ, എന്തിനാണത് മനസ്സിലാവുന്നില്ല... പെട്ടെന്നുതന്നെ ഫോൺ എടുക്കപ്പെട്ടു, ലക്ഷ്മി അമ്മയാണെന്ന് സ്വരത്തിലൂടെ തന്നെ അവനു മനസ്സിലായി, " ഞാനാണ് ലക്ഷ്മിയമ്മേ, " അഹാ...കുഞ്ഞ് ആയിരുന്നോ, ഞാൻ വിചാരിക്കുകയും ചെയ്തു ഇതുവരെ വിളിച്ചില്ലല്ലോന്ന്... " ഇപ്പോഴാണ് ഒന്ന് ഫ്രീ ആയത്, അമ്മ കിടന്നോ..? .. " അമ്മ കിടന്നു... സരയൂ കുഞ്ഞിനെ വിളിക്കണോ, അവന്റെ ഉള്ളം അറിഞ്ഞിട്ട് എന്നപോലെ അവർ ചോദിച്ചു.. " ഉറങ്ങിയെങ്കിൽ അയാളെ വിളിക്കണ്ട, " ഉറങ്ങിയിട്ടില്ല..കുറച്ചു മുൻപേ കൂടി അമ്മ കഴിച്ച പാത്രങ്ങൾ എല്ലാം കൊണ്ട് അടുക്കളയിലേക്ക് വന്നിരുന്നു, ഞാനൊന്നു നോക്കട്ടെ...!

അതും പറഞ്ഞ് ലക്ഷ്മി അരുന്ധതിയുടെ മുറിയിലേക്ക് പോയപ്പോൾ കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സരയൂ, "കുഞ്ഞേ കണ്ണൻമോൻ വിളിക്കുന്നുണ്ട, അത് കേട്ടപാടെ ഹൃദയത്തിൽല്ലൊരു കുളിരു വീഴുന്നത് പോലെ അവൾക്ക് തോന്നി, അത്രമേൽ പ്രിയപ്പെട്ട ആരോ വിളിക്കുന്നത് പോലെ... തന്റെ ഇരുളിൽ ആശ്വാസം വീശുന്ന പൊൻകിരണം പോലെ.... ഉള്ളിൽ വന്നു നിറഞ്ഞ ക്ഷീണം എവിടേയ്ക്കോ മായുന്നപോലെ, ഒരു പുഞ്ചിരി അവളുടെ ചൊടിയിലും പരിണമിച്ചിരുന്നു... ലക്ഷ്മിക്കൊപ്പംഒ നടക്കുമ്പോൾ ഹൃദയതാളം വല്ലാതെ വർദ്ധിക്കുന്നത് സരയൂവും അറിഞ്ഞു... " ഹലോ.... അവളുടെ സ്വരം കാതിലേക്ക് വീണ നിമിഷം തന്നെ സർവ്വം മറന്നതുപോലെയാണ് അവനു തോന്നിയത്, മറ്റൊന്നും വേണ്ട എന്നതുപോലെ, ഇത്രനേരം തൻറെ മനസ്സിന്റെ അസ്വസ്ഥതയ്ക്ക് കാരണം ഈ സ്വരം കേൾക്കാത്തത് ആയിരുന്നു എന്ന് പോലും അവന് തോന്നി... ഒരു നിമിഷം പൂർണമായത് പോലെ അവനു തോന്നി, " കിടന്നായിരുന്നോ..? അല്പം മടിയോടെ ആയിരുന്നു അവൻ ചോദിച്ചത്, " ഇല്ല... അമ്മ ഉറങ്ങി, കണ്ണേട്ടൻ ഒന്ന് വിളിച്ചില്ലല്ലോന്ന് വൈകുന്നേരം ഞാൻ കരുതിയുള്ളൂ, പരിഭവം പോലെ അവൾ പറഞ്ഞപ്പോൾ അവനിൽ ഒരു പുഞ്ചിരി നിറഞ്ഞു... " തിരക്കായിരുന്നടോ, അതാണ് വിളിക്കാൻ പറ്റാഞ്ഞത്, "കഴിച്ചോ...?

അവളുടെ നാവിൽ നിന്നും ഏറെ കരുതൽ നിറഞ്ഞ ഒരു ചോദ്യം, അത് അവൻറെ ഹൃദയം നിറച്ചിരുന്നു, " ഇല്ല കഴിക്കാൻ കൊണ്ട് വച്ചിട്ടുണ്ട്, താൻ കഴിച്ചോ...? "ഞാൻ കഴിച്ചു, " പിന്നെ ഒറ്റയ്ക്ക് കിടക്കാൻ പേടി ആണെങ്കിൽ ലക്ഷ്മിയമ്മായോട് നമ്മുടെ അടുത്തുള്ള മുറിയിലേക്ക് വന്നു കിടക്കാൻ പറ, മിഥുന് പറഞ്ഞു... " ഞാൻ അമ്മയുടെ മുറിയിലാണ് കണ്ണേട്ടാ കിടക്കുന്നത്, "അമ്മയുടെ മുറിയിലോ..? തനിക്ക് ഒരു ബുദ്ധിമുട്ടാവില്ലേ, "എന്ത് ബുദ്ധിമുട്ട് അമ്മയ്ക്ക് വയ്യാത്തതല്ലേ, അമ്മയ്ക്ക് എന്തെങ്കിലും ആവശ്യം വരുകയാണെങ്കിൽ ഒരാൾകൂടി ഒപ്പമുണ്ടാകുന്നതല്ലേ നല്ലത്, " അമ്മയ്ക്കൊപ്പം അടുത്ത മുറി തന്നെയാ ലക്ഷ്മിയമ്മ ഉള്ളത്, " അടുത്ത മുറിയും ഒരുമിച്ച് കിടക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട് കണ്ണേട്ടാ, "ഓഹോ...! അതൊക്കെ ഇരിക്കട്ടെ ഇരുന്ന് ബോറടിച്ചോ തനിക്ക്.... " സത്യം പറഞ്ഞോൽ ഇന്ന് ഇവിടെ കണ്ണേട്ടൻ ഇല്ലാത്തകൊണ്ട് എനിക്ക് വിഷമം തോന്നി, അവൻറെ മനസ്സു നിറഞ്ഞിരുന്നു ആ മറുപടിയിൽ, "'അതെന്താ...? ഒരു കൗതുകത്തോടെ തന്നെയാണ് അവൻ ചോദിച്ചത്, "അമ്മയോടെ വർത്തമാനം പറഞ്ഞിട്ട് അറിയാതെ ഞാനെപ്പോഴും മുകളിൽ കേറി പോകും അപ്പൊളെല്ലാം ബാൽക്കണിയിൽ കണ്ണേട്ടൻ ഉണ്ടെന്നാണ് എന്റെ വിചാരം, ഇല്ലന്ന് അരിയുമ്പോൾ മനസ്സിൽ ഒരു വിഷമം പോലെ,

" ഞാനും തന്നെ മിസ്സ് ചെയ്തു, താൻ പറഞ്ഞതിന് പകരം പറയല്ലാട്ടോ, തന്നെ പറ്റി ചിന്തിക്കാൻ ഇന്ന് പകൽ ഒന്നും എനിക്ക് സമയം കിട്ടിയില്ല, പക്ഷേ വൈകിട്ട് ഇവിടെ വന്നപ്പോൾ ഒറ്റയ്ക്ക് ഇരുന്നപ്പോൾ ഒരു മിസ്സിംഗ് തോന്നി, ഹൃദയം തുറന്നു രണ്ടുപേരും സംസാരിച്ചു.... " ശരി കിടന്നോളൂ സമയം ഒരുപാട് ആയി കാണും, ഞാൻ നാളെ വിളിക്കാം... " ശരി കണ്ണേട്ടാ, തുടർന്നുള്ള ദിവസങ്ങളെണ്ണി ആയിരുന്നു രണ്ടുപേരുടെയും ദിനങ്ങൾ കടന്നുപോയത്, ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഒരു പുതിയ അനുഭൂതിയായിരുന്നു രണ്ടുപേർക്കും ആ നിമിഷങ്ങൾ, തങ്ങളിൽ വന്നുചേരുന്ന മാറ്റത്തിന്റെ പേര് എന്തെന്നറിയാതെ രണ്ടുപേരും കുഴഞ്ഞു, അവളോട് തോന്നിയ അടുത്ത സൗഹൃദം കൊണ്ടാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ മിഥുൻ മനസ്സിനെ ശ്രമിച്ചുകൊണ്ടിരുന്നു, അങ്ങനെയാണെന്ന് വിശ്വസിക്കാനാണ് അവൻ ശ്രമിച്ചത്, തനിക്ക് അവൻ ചെയ്തു തന്ന സഹായങ്ങൾ കൊണ്ട് തോന്നിയ സ്നേഹത്തിൻറെ പുറത്താണ് എന്ന് അവളും വിശ്വസിച്ചു, അങ്ങനെ ഇരുവർക്കുമിടയിൽ അനുരാഗം ഒരു ഒളിച്ചുകളി നടത്തി തന്നെ നിന്നു, എന്നാൽ ഉള്ളിൽ തിങ്ങിനിറയുന്ന വികാരത്തിൻറെ പേര് പ്രണയം എന്നാണെന്ന് മനസ്സിലാക്കാൻ അവരുടെ മനസ്സുകൾക്ക് കഴിഞ്ഞില്ല,

മിഥുൻ ഇല്ലാത്ത നാല് ദിവസങ്ങൾ കൊണ്ട് ആ വീടുമായും അമ്മയുമായും നന്നായി ഇണങ്ങി കഴിഞ്ഞിരുന്നു സരയു, ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ലക്ഷ്മി കുളിപ്പിക്കുന്ന അരുന്ധതിയെ അവൾ എല്ലാ ദിവസവും കുളിപ്പിച്ച് അണിയിച്ചൊരുക്കി. പൂജാമുറിയിലെ പ്രാർത്ഥനയുടെ ചുമതല സരയു ഏറ്റെടുത്തു, എല്ലാ ദിവസവും അഞ്ചു മണിക്ക് വിഷ്ണു സഹസ്രനാമം കേട്ട് ആ വീട് ഉണരാൻ തുടങ്ങി, വീടിനു തന്നെ പുതിയൊരു ഉന്മേഷം കൈവന്നത് അരുന്ധതിയും ലക്ഷ്മിയുമറിഞ്ഞു. വളരെ സന്തോഷത്തോടെ ആ മാറ്റങ്ങളെ അവർ സ്വാഗതം ചെയ്തു, ഇതിനിടയിൽ വീട്ടിൽ വിളിച്ച് കാര്യങ്ങൾ തിരക്കാനും അവൾ മറന്നില്ല, താനുവിനെയും ഇടയിൽ വിളിച്ച് സംസാരിക്കുമായിരുന്നു, ലക്ഷ്മിഏടത്തിയെയും അവൾ മറന്നില്ല, സ്കൂൾ വിട്ടു വരുന്ന കുഞ്ഞിയോട് വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ് അവൾ നല്ലൊരു ചേച്ചി ആയി മാറി, തന്നെ സ്നേഹിക്കുന്ന എല്ലാവരിലേക്കും അവളുടെ സാന്നിധ്യം എത്തി, രാത്രികളിൽ മാത്രം വിളിക്കുന്ന മിഥുൻ ഫോൺ കോളുകൾക്ക് വേണ്ടി അവൾ കാത്തിരിപ്പായി, ആ സമയം അടിക്കുമ്പോൾ ഹൃദയമിടുപ്പ് വർദ്ധിക്കുന്നതും അടിവയറ്റിൽ ഒരു തരിപ്പ് ഉണ്ടാവുന്നതും അവളറിഞ്ഞു, ഇതേ വികാരങ്ങൾ അവനിലും നിറഞ്ഞു, എങ്കിലും അതിൻറെ കാരണം അവർക്ക് മുൻപിൽ അന്യമായി നിന്നു. നാലാം ദിവസം ഉച്ചയോടെ മിഥുനെത്തുമെന്ന് വിളിച്ച് അറിയിച്ചപ്പോൾ ലക്ഷ്മിക്കൊപ്പം പാചകത്തിന് അവളും കയറി,

പച്ച മാങ്ങ കഴുകി അരിയുകയാണ് കറിക്ക് വേണ്ടി ലക്ഷ്മി, " കണ്ണൻമോന് പണ്ട് പഴുത്ത മാങ്ങ പുളിശ്ശേരി ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ടായിരുന്നു. ഒരുപാട് ചോറ് കഴിക്കും, ഇപ്പോഴല്ലേ ഉച്ചയ്ക്ക് ഒക്കെ ചപ്പാത്തിയും ജ്യൂസും ഒക്കെ കുടിക്കാൻ തുടങ്ങിയത്. " കണ്ണേട്ടന് വരുമ്പോൾ ചപ്പാത്തി മതിയായിരിക്കും, മാവ് കുഴയ്ക്കാം ഞാൻ... ഉത്സാഹത്തോടെ അവൾ പറഞ്ഞു... " വേണ്ട മോളെ, ഞാൻ കുഴച്ചു വെച്ചിട്ടുണ്ട്, കുറച്ചു മയം വരാൻ വേണ്ടി വച്ചിരിക്കുവാ, വരാറാവുമ്പോഴേക്കും ചുട്ടു വയ്ക്കാം, ലക്ഷ്മിയോട് സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് കോളിംഗ് ബെൽ മുഴങ്ങിയത് സരയു കേട്ടത്, ഹൃദയത്തിലൊരു പഞ്ചാരിമേളം തുടങ്ങുന്നത് അവൾ അറിഞ്ഞു... അവൾ പോലുമറിയാതെ വേഗതയിൽ അവളുടെ കാലുകൾ ഉമ്മറത്തേക്ക് ചലിച്ചു, കതകു തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഒരു നിമിഷം മനസ്സിൽ നിറഞ്ഞു നിന്ന സന്തോഷം ഒന്ന് മാഞ്ഞുപോയി... " ഡോക്ടർ സനൂപ് " ഒരു പുഞ്ചിരി അയാൾക്ക് നേരെ അവൾ നീട്ടിയിരുന്നു, " എന്താണ് സരയു മറന്നുപോയോ...? ചെറുചിരിയോടെ സനൂപ് ചോദിച്ചപ്പോൾ അവൾ അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി, " അങ്ങനെ മറക്കാൻ കഴിയുമോ സർ, എൻറെ ജീവിതത്തിൽ സന്തോഷ നിമിഷങ്ങൾ തന്നത് സാറിനെ പരിചയപ്പെട്ടതിനുശേഷം അല്ലേ..... " അപ്പൊൾ താൻ ഹാപ്പിയാണ്, സനൂപ് ചോദിച്ചു... " എൻറെ അച്ഛനുമമ്മയും ഹാപ്പി ആയാൽ ഞാനും ഹാപ്പി ആണ്.

അവരിപ്പോ വലിയ സന്തോഷത്തിലാണ്, "പിന്നെ കണ്ണേട്ടൻ അല്ല മിഥുൻ സർ നല്ല ആളാണ്, മോശമായിട്ട് എന്നോട് ഇടപെട്ടിട്ട് പോലുമില്ല, " കണ്ണേട്ടൻ എന്നാണോ അവനെ സരയു വിളിക്കുന്നത്, വളരെ രസകരമായ രീതിയിൽ സനൂപ് അത് ചോദിച്ചപ്പോൾ അവൾക്ക് ഒരു ജാള്യത തോന്നിയിരുന്നു, "അല്ല സർ, ഇവിടുത്തെ അമ്മ പറഞ്ഞു, അവൻ വക്കിതപ്പി... " ഓക്കേ ഒക്കെ ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ, മിഥുൻ ഇല്ലേ..? "ഇല്ല ഷൂട്ടിങ്ങിന് പോയിരിക്കാണ്, ഇന്ന് വരുമെന്ന് പറഞ്ഞത്, " ഒക്കെ നമുക്ക് അകത്തേക്ക് ഇരിക്കാം, കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്, സനൂപിനെ പിന്തുടർന്ന് അവൾ നീണ്ട ഇടനാഴിയിൽ നിന്നും അകത്തെ മുറിയിലേക്ക് പ്രവേശിച്ചിരുന്നു, അവിടെ സെറ്റിലേക്ക് സനൂപ് ഇരുന്നു, " സരയു ഇരിക്കടോ... അവൻ പറഞ്ഞപ്പോൾ അവന് അഭിമുഖമായി അവൾ ഇരുന്നു, "സരയുവിന്റെ മുഖത്തെ സന്തോഷം തെളിയിക്കുന്നുണ്ട്, താനിവിടെ ഹാപ്പി ആണെന്ന്, പക്ഷേ എനിക്ക് മിഥുനെ വർഷങ്ങളായിട്ട് അറിയാം, തന്നോട് വിശ്വസ്തത കാണിക്കുന്ന ആളിനോട് വളരെ മാന്യമായി ആയിരിക്കും മിഥുന് ഇടപെടുന്നത്, എന്ന് വിചാരിച്ച് താൻ ഒരുപാട് സന്തോഷിക്കരുത്, ഈ സന്തോഷങ്ങൾക്ക് ഒരു വർഷത്തെ ആയുസ്സ് മാത്രമേയുള്ളൂ, ഞാൻ തന്നെ വിഷമിപ്പിക്കാൻ വേണ്ടി പറയുന്നതല്ല,

മിഥുനേ എനിക്ക് നന്നായി അറിയാവുന്നത് കൊണ്ടും, തൻറെ നിസ്സഹായവസ്ഥ എനിക്ക് മനസ്സിലാകുന്നത് കൊണ്ടും പറയുന്നതാണ്... അവന്റെ വാക്കുകൾ അവളിൽ ഒരു നൊമ്പരം ഉണർത്തി... "സർ ഉദ്ദേശിച്ചത് ഈ സൗഭാഗ്യങ്ങൾ ഒക്കെ കണ്ട് ഞാൻ മതി മറക്കരുത് എന്നാണോ...? " അങ്ങനെയല്ല, ഞാൻ പറഞ്ഞത്, ഒരുപാട് സന്തോഷിക്കുമ്പോൾ വേദനയുടെ ആഴവും അത്രയും കൂടുതലായിരിക്കും, അതുകൊണ്ട് ഇതൊക്കെ ഒരു വർഷം മാത്രമേ ഉള്ളൂ എന്ന് താൻ തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം എന്നാണ് ഞാൻ പറഞ്ഞത്, ഞാൻ ഇപ്പോൾ വന്നത് തന്നെ വിവാഹത്തിനു മുൻപേ മിഥുൻ എന്നോട് പറഞ്ഞിരുന്നു ഒരു ഡിവോഴ്സ് പെറ്റിഷൻ തയ്യാറാക്കി നേരത്തെതന്നെ തന്നെ കൊണ്ട് സൈൻ ചെയ്തു ഏൽപ്പിക്കണമെന്ന്, പിന്നെ ഒരു വർഷം കഴിയുമ്പോൾ മാത്രം അത് ഫയൽ ചെയ്താൽ മതിയല്ലോ, അതിൻറെ കാര്യങ്ങൾ സരയുവിനോട് സംസാരിക്കാൻ വേണ്ടിയാണ്, ഞാൻ പിന്നെ വിളിച്ചപ്പോൾ മിഥുൻ ഫോൺ എടുത്തില്ല, "സാറിന്റെ ഭയം എനിക്ക് മനസ്സിലാവുന്നുണ്ട്,ഈ സൗഭാഗ്യങ്ങളൊന്നും കണ്ട് ഞാൻ മതിമറന്നിട്ടില്ല, സന്തോഷം എന്ന് ഞാൻ ഉദ്ദേശിച്ചത് എൻറെ അച്ഛൻറെ അമ്മയുടെ മുഖത്തു തെളിഞ്ഞ ഒരു പുഞ്ചിരി മാത്രമാണ്, പിന്നെ മിഥുന് സാർ എനിക്കൊരു ഉറപ്പു തന്നിട്ടുണ്ട്,

എൻറെ അമ്മയെ എഴുന്നേൽപ്പിച്ച് നടത്തുമെന്ന്, അതിനപ്പുറം ഒരു സന്തോഷം എനിക്ക് ജീവിതത്തിൽ മറ്റൊന്നുമില്ല അവളുടെ കണ്ണുകൾ ഒന്ന് തുളുമ്പി.. " സരയുവിനെ സങ്കടപ്പെടാൻ വേണ്ടി ഞാൻ പറഞ്ഞത് അല്ല, മിഥുന് തന്നെ ഒരുപാട് ഇഷ്ടായിട്ടുണ്ടെന്ന് എനിക്കറിയാം, നാളെ സരയുവിന്റെ വിവാഹം വന്നാലും മിഥുന് നന്നായി തന്നെ സഹായിക്കും, അതെനിക്ക് ഉറപ്പാണ്.... ചിരിയോടെ അവൻ പറഞ്ഞു... "വിവാഹം...! അവൾ ഒന്ന് ചിരിച്ചു, " ഇനിയെന്റെ ജീവിതത്തിൽ അങ്ങനെയൊന്നും ഉണ്ടാവില്ല സർ, ഒരു നിമിഷം സനൂപ് ഒന്ന് ഞെട്ടി പോയിരുന്നു, " സരയു... വിശ്വസിക്കാൻ കഴിയാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി വിളിച്ചു, " സത്യമാണ് ഇനി ഒരിക്കലും മറ്റൊരു താലിക്ക് മുൻപിൽ ഞാൻ കഴുത്ത് നീട്ടില്ല, പക്ഷേ മിഥുന് സാറിന് ഞാനൊരിക്കലും ബുദ്ധിമുട്ടാക്കില്ല, സർ പറയുന്ന ദിവസം ഞാൻ ഈ വീട്ടിൽ നിന്നിറങ്ങും, ഒരു പരാതിയും കൂടാതെ, എവിടെ വേണമെങ്കിലും ഒപ്പും ഇട്ടു കൊടുക്കും, ഇന്ന് വേണമെങ്കിൽ ഇന്ന് ഞാൻ ഒപ്പിട്ടു കൊടുക്കാൻ തയ്യാറാണ് സർ, പക്ഷേ എൻറെ ജീവിതത്തിൽ ഇനി ഒരു വിവാഹമുണ്ടാവില്ല, അഗ്നിസാക്ഷിയായി മൂകാംബിക ദേവിയുടെ നടയിൽ വച്ച് എൻറെ കഴുത്തിൽ താലിചാർത്തി തന്നത് മിഥുൻ സാറാണ്, ഞാൻ ഒരു സാധാരണ പെണ്ണാണ്, എന്നെ സംബന്ധിച്ച് വിവാഹമെന്നാൽ ജീവിതത്തിൽ ഒന്നേയുള്ളൂ, അത് നടന്നുകഴിഞ്ഞു... മിഥുൻ സർ ആണെങ്കിലും മറ്റ് ആരാണെങ്കിലും ഒരിക്കൽ മാത്രമേ എൻറെ കഴുത്തിൽ താലി വീഴു, ഇത്‌ ഊരി കൊടുക്കാൻ ഞാൻ തയ്യാറുമാണ്, പക്ഷേ ആ സ്ഥാനത്തേക്ക് ഇനി മറ്റൊരു താലി വരില്ല... സരയുവിന്റെ വെളിപ്പെടുത്തലിൽ സനൂപിന് ഒപ്പം തന്നെ പുറത്ത് ഇടനാഴിയിൽ നിന്ന് മിഥുനും അമ്പരന്ന് പോയിരുന്നു..  ,........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story