വേനൽമഴ...🍂💛: ഭാഗം 33

venal mazha

രചന: റിൻസി പ്രിൻസ്‌

സരയുവിന്റെ വെളിപ്പെടുത്തലിൽ സനൂപിന് ഒപ്പം തന്നെ പുറത്ത് ഇടനാഴിയിൽ നിന്ന് മിഥുനും അമ്പരന്ന് പോയിരുന്നു.. നിൽക്കുന്നിടത്ത് നിന്നും ചലിക്കുവാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിലായിരുന്നു മിഥുന്, മനസ്സിൽ തോന്നുന്ന വികാരം എന്ത് തന്നെ അറിയില്ലായിരുന്നു അവന്, കുറ്റബോധം ആണോ അതോ മറ്റെന്തെങ്കിലും വികാരമാണോ തന്നെ മൂടുന്നതെന്ന് മനസ്സിലായില്ല, തന്റെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി ഒരു പെൺകുട്ടിയുടെ ജീവിതം ഹോമിച്ചിരിക്കുന്നു എന്ന ചിന്ത അവനെ വല്ലാത്ത വേദനയിൽ ആഴ്ത്തിയിരുന്നു, അവളുടെ നിസ്സഹായാവസ്ഥ ആയിരിക്കില്ലേ അവരെ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്, തുളസിപ്പൂവ് പോലെ നൈർമ്മല്യം ഉള്ള ഒരു പെൺകുട്ടിയാണ്, അവളെക്കൊണ്ട് അല്ലെങ്കിലും ഇങ്ങനെയൊരു തീരുമാനമെടുക്കാനേ സാധിക്കൂ, അതിനെ അവൾക്ക് കഴിയൂ അത് ഈ കുറഞ്ഞ ദിവസം കൊണ്ട് മനസിലാക്കിയിരുന്നു അവനും, അവന് സ്വയമേ വെറുപ്പ് തോന്നി...! ശിഖയോടുള്ള വാശിക്കും അപ്പുറം അമ്മയ്ക്ക് നൽകേണ്ട ഒരു സന്തോഷത്തിനുവേണ്ടി നടത്തിയ വിവാഹമാണ് സത്യത്തിൽ ഇത്‌, അമ്മയോട് ചെയ്തതും ഒരു വഞ്ചനയായിരുന്നു, തന്റെ സ്വാർത്ഥ മോഹത്തിൽ എത്ര പേരാണ് വേദനയ്ക്കപെടുന്നത്,

പക്ഷേ പുറമേ ആരും ഇത് അറിയുന്നില്ല എല്ലാവരുടെയും വേദന സ്വയം ഏറ്റെടുക്കുന്നത് അവളാണ്, ആ വേദന ഉള്ളിലൊതുക്കിയായിരിക്കും ഓരോ നിമിഷവും അവൾ ജീവിക്കുന്നത് എന്ന് അവന് തോന്നിയിരുന്നു, ഹൃദയം വല്ലാതെ നോവുന്നത് അവനറിഞ്ഞു... സരയുവിന്റെ കാൽപെരുമാറ്റം കേട്ടപ്പോഴേക്കും പെട്ടെന്ന് തന്നെ അവിടെ നിന്നും മാറി ഉമ്മറത്തേക്ക് പോയിരുന്നു അവൻ , ഉമ്മറത്ത് എത്തിയ സരയു കാണുന്നത്, മിഥുനെ ആയിരുന്നു, അവനേ കണ്ടതും വീണ്ടും ഹൃദയം പെരുമ്പറ മുഴക്കുന്നതവൾ അറിഞ്ഞിരുന്നു, പക്ഷേ ഏതോ ഒരു ചിന്തയിൽ അവന്റെ അരികിലേക്ക് എത്തുവാൻ ആ കാലുകൾക്ക് ബലം ഉണ്ടായിരുന്നില്ല, ഒരു വാടിയ പുഞ്ചിരി അവനു നൽകി, തന്നെ കണ്ടപാടെ അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങിയതും നിമിഷനേരം കൊണ്ട് ആ മുഖം വാടിയതും അവൻ ശ്രദ്ധിച്ചിരുന്നു... അതിന് കാരണം അവനറിയാമായിരുന്നു, നിറഞ്ഞ ഒരു പുഞ്ചിരി തന്നെയാണ് അവൾക്ക് പകരമായി അവൻ നൽകിയത്... " എന്താടോ ഇത്രയും ദിവസം എന്നോട് ഫോണിൽ സംസാരിച്ച ആൾ അല്ലല്ലോ മുന്നിൽനിൽക്കുന്നത്, എന്നെ കണ്ടിട്ട് ഒരു സന്തോഷം ഇല്ലല്ലോ...?

ചെറു ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളുടെ മിഴികളിൽ നിറഞ്ഞുനിന്ന ഭാവങ്ങൾ പഠിക്കുകയായിരുന്നു അവൻ, അത് വിടരുന്നതും അതോടൊപ്പം തന്നെ ആകാംക്ഷയോടെ അവനെ നോക്കുന്നതും ഒക്കെ അവൻ കണ്ടിരുന്നു... ആ മിഴികളുടെ ഭാഷ അവന് അപ്പോൾ പരിചിതമായിരുന്നു, " ഞാൻ കരുതിയത് എന്നെ കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം ആയിട്ട് ഞാൻ കണ്ണേട്ടനെ നോക്കിയിരിക്കുമെന്ന് പറയുമെന്നാണ് കരുതിയത്... " ഒരുപാട് നേരമായോ വന്നിട്ട്, " ഇല്ല വന്നതേയുള്ളൂ, ആ കള്ളം അനിവാര്യമാണെന്ന് അവനു തോന്നിയിരുന്നു, അവൾ പറഞ്ഞത് ഒന്നും താൻ അറിഞ്ഞില്ല എന്ന് തന്നെ അവൾ വിശ്വസിച്ചോട്ടെ, " ഡോക്ടർ വന്നിട്ടുണ്ട്, " കാർ കിടക്കുന്ന കണ്ടപ്പോൾ എനിക്ക് മനസ്സിലായി, " ഞാൻ സനൂപ് സാറിന് എന്തെങ്കിലും കുടിക്കാൻ വേണ്ടി എടുക്കാൻ വന്നതാ, " എങ്കിൽ പിന്നെ എനിക്കും കൂടി തണുത്ത എന്തെങ്കിലും എടുത്തൊ ഞാൻ സനൂപിനെ അടുത്തുണ്ടാവും, " കണ്ണേട്ടന്റെ ബാഗ് ഒക്കെ കാറിൽ ആണോ, " ശങ്കരേട്ടൻ മുറിയിലേക്ക് എടുത്തുവച്ചിട്ടുണ്ട്, താൻ എന്തെങ്കിലും കുടിക്കാൻ എടുക്ക്... അവൻ പറഞ്ഞപ്പോൾ അവൾ അടുക്കളയിലേക്ക് പോയി ഇരുന്നു, സനൂപിന്റെ അടുത്തേക്ക് നടക്കുമ്പോൾ അവൻറെ ഉള്ളിൽ ഒരു മേളമായിരുന്നു, അതിൻറെ ഈണങ്ങൾ ഒക്കെ അവൾക്കുവേണ്ടി ഉള്ളതും, കുറ്റബോധത്താൽ നിറയുമ്പോഴും മനസ്സിൻറെ മറുവശത്തു ഒരു പഞ്ചാരിമേളം,

ഒരു ചെറു സന്തോഷം നിലനിൽക്കുന്നത് അവൻ അറിഞ്ഞിരുന്നു, താൻ കെട്ടിയ താലിയുടെ പേരിൽ മറ്റൊരാളെ വരിക്കില്ലന്ന് പറഞ്ഞു നിൽക്കുന്നവൾ, തന്റെ താലിക്കും താൻ ചാർത്തിയ സിന്ദൂരത്തിനും അവൾ നൽകുന്ന പ്രാധാന്യം, അത് തനിക്ക് നൽകുന്ന പ്രാധാന്യം തന്നെയല്ലേ..? ആ ഒരു ചിന്ത അവനിലെ പുരുഷനെ സന്തോഷിപ്പിക്കാൻ ഉതകുന്നതായിരുന്നു, സനൂപ് ഒരു നിമിഷം മിഥുനെ കണ്ടപ്പോൾ ഏറെ സന്തോഷത്തോടെ എഴുന്നേറ്റ് അവനെയൊന്നു പുണർന്നു, " എന്താടാ നിന്നെ വിളിച്ചിട്ട് ഒന്ന് ഫോൺ പോലും എടുക്കില്ല, " ഷൂട്ട് ആയിരുന്നുടെ, നിനക്കറിയാലോ ഷൂട്ടിംഗ് സമയത്ത് ആരു വിളിച്ചാലും എടുക്കില്ല എന്ന്, നീ എന്നാ നാട്ടിലെത്തിയത്..? " ഞാൻ ഇന്നലെ ഈവനിംഗ് വന്നിരുന്നു, എന്തൊക്കെയുണ്ട് വിശേഷം, " നിനക്കല്ലേ വിശേഷം ഒക്കെ, ഹണിമൂൺ എവിടെയാണ് പ്ലാൻ ചെയ്യുന്നത്...? " സാധാരണ എല്ലാ സെലിബ്രിറ്റികളും ഹണിമൂണ് പോകുന്നത് മാലിദ്വീപിലല്ലേ, ഞാനും ഒന്നു പോയാലോന്ന് ആലോചിച്ചു കൊണ്ടിരിക്കുവാ, ചെറുചിരിയോടെ ആണ് മിഥുൻ പറഞ്ഞത്, ആ ചിരിയിൽ സനൂപ് പങ്കുകൊണ്ടു, " ഷൂട്ട് തുടങ്ങി അല്ലേ, " നേരത്തേയുള്ള ഷൂട്ട് ആയിരുന്നു അത്, ഒരു ഫൈറ്റ്സീൻ കൂടി ബാക്കിയുണ്ടായിരുന്നു...

ഒരു പത്ത് ദിവസം ഫ്രീയാ, അത് കഴിഞ്ഞിട്ട് ഉണ്ടാവു പുതിയ ഫിലിം... അതിനിടയിൽ സരയുവിന്റെ കോളേജിൽ ഒന്ന് പോണം, പഠിക്കാൻ ഇൻട്രസ്റ്റ് ഉള്ള കുട്ടിയാണ്, നമ്മൾ കാരണം പഠിത്തം മുടങ്ങാൻ പാടില്ലല്ലോ, തൽക്കാലം ഡിസ്റ്റൻസ് ആയിട്ട് പഠിക്കാനുള്ള കാര്യങ്ങളൊക്കെ കോളേജിൽ പോയിട്ട് ചെയ്യണം എന്നാണ് വിചാരിക്കുന്നത്, ഞാൻ വന്നതേയുള്ളൂ, " ന്യൂ ലൈഫ് എങ്ങനെ ഉണ്ട്...? ഒരു ആകാംക്ഷയോടെയാണ് സനൂപ് ചോദിച്ചത്, " പച്ചമലയാളത്തിൽ പറഞ്ഞാൽ വല്ലാത്ത സമാധാനം ഉണ്ട്... ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ, അതാണ് എൻറെ ജീവിതത്തിൽ ഏറ്റവും സമാധാനം നിറഞ്ഞ ദിവസങ്ങൾ എന്ന് പറഞ്ഞാലും തെറ്റില്ല... സത്യം പറഞ്ഞ സരയുവിനെ പോലെ ഒരു പെൺകുട്ടിയായിരുന്നു ഞാൻ യഥാർത്ഥത്തിൽ വിവാഹം കഴിച്ചിരുന്നതെങ്കിൽ എൻറെ ജീവിതം വളരെ മനോഹരമായെനെ, അവൻറെ വെളിപ്പെടുത്തലിൽ നിന്നു തന്നെ സരയൂ അവനിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് സനൂപിനെ മനസ്സിലായിരുന്നു, " അഡ്വക്കേറ്റ് ശ്രീജിത്ത് രണ്ടുമൂന്നു വട്ടം ആയിട്ട് എന്നെ വിളിച്ചിരുന്നു,

നീ പറഞ്ഞില്ലേ ഡിവോഴ്സ് പെറ്റിഷൻ തയ്യാറാക്കണമെന്ന്, അതിൻറെ പേപ്പർ ഒക്കെ റെഡി ആയിട്ടുണ്ട്, അത് പറയാനാണ് ശ്രീജിത്ത് വിളിച്ചത്, അപ്പോൾ ഞാൻ അതിനാണ് നിന്നെ കാണാൻ വേണ്ടി വന്നത്, നാളെയോ മറ്റന്നാളോ നിങ്ങൾ രണ്ടുപേരും കൂടെ ശ്രീജിത്തിന്റെ ഓഫീസിലേക്ക് ഒന്ന് ഇറങ്ങുകയാണെങ്കിൽ ഫുൾ ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു തരും, " തൽക്കാലം അതു വേണ്ട സനൂപേ, മിഥുന്റെ ആ വാക്കിൽ പോലും ഒന്ന് അമ്പരന്ന് പോയിരുന്നു സനൂപ്, ഒന്നും മനസ്സിലാവാതെ അവൻ മുഖത്തേക്ക് നോക്കി, " എന്താടാ ഈ വളരെ കുറച്ചു ദിവസം കൊണ്ട് സരയു അസ്ഥിക്ക് പിടിച്ചോ...? ചെറുചിരിയോടെ ആണ് അവൻ അത് ചോദിച്ചത്, ചെറുചിരിയോടെ മിഥുൻ പറഞ്ഞു.. " അതുകൊണ്ടല്ല ഒന്നാമത്തെ കാര്യം ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് വളരെ കുറച്ചു സമയം ആയിട്ടുള്ളൂ, ഇതിനിടയിൽ ഞാൻ വീണ്ടും ഒരു അഡ്വക്കേറ്റ് കാണാൻ പോയെന്ന് അറിഞ്ഞാൽ മീഡിയയ്ക്ക് ഒരു ന്യൂസ്‌ ആകും, എന്തെങ്കിലും ഒരു സോഴ്സ് കിട്ടിയാൽ പിന്നെ അതിൻറെ പേരിൽ ആയിരിക്കും അടുത്ത ന്യൂസുകൾ, കുറച്ചുകാലം ന്യൂസിലൊന്നും എനിക്ക് താല്പര്യമില്ല,

ഉടനെ വേണ്ട ഒരു വർഷത്തെ സമയമുണ്ടല്ലോ, നീ അമ്മയെ കണ്ടില്ലല്ലോ വാ... മിഥുന്റെ ഒപ്പം അരുന്ധതിയുടെ മുറിയിലേക്ക് ചെന്നിരുന്നു സനൂപ്, മകൻറെ നല്ല ജീവിതം കണ്ടിട്ടുള്ള സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നു, ആ സമയം കൊണ്ട് നല്ല തണുത്ത പൈനാപ്പിൾ ജ്യൂസ് രണ്ടുപേർക്കും എടുത്തുകൊണ്ട് സരയുവും വന്നിരുന്നു, എത്ര വേണ്ടെന്നു വെച്ചിട്ടും അറിയാതെ മിഥുന്റെ കണ്ണുകൾ സരയുവിന്റെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു, ഓരോ ജോലികളിൽ ഏർപ്പെട്ട നിൽക്കുന്നവൾ അത് ശ്രദ്ധിക്കുന്നില്ലങ്കിലും സനൂപിനെ അത് മനസ്സിലാകുന്നുണ്ടായിരുന്നു... എല്ലാവരോടും യാത്ര പറഞ്ഞ് സനൂപ് ഇറങ്ങിക്കഴിഞ്ഞപ്പോൾ, മുറിയിലേക്ക് പോകും മുൻപ് മിഥുന് അവളുടെ മുഖത്ത് നോക്കി പറഞ്ഞു, " താൻ ഒന്ന് മുറിയിലേക്ക് വാ... ഒരു കാര്യം പറയാനുണ്ട്, അവൾ തല കുലുക്കി സമ്മതിച്ചിരുന്നു... അരുന്ധതിയുടെ അടുത്ത കുറച്ച് സമയം ഇരുന്നതിനു ശേഷം സരയു നേരെ മുറിയിലേക്ക് ചെന്നിരുന്നു, അപ്പോഴേക്കും മിഥുന് കുളി കഴിഞ്ഞ് മുടി ചീകുന്ന തിരക്കിലായിരുന്നു, അകത്തേക്ക് കയറണോ വേണ്ടയോ എന്ന് അന്തിച്ചു നിൽക്കുന്നവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു... " കേറിവാടോ... ഈ 4 ദിവസം കൊണ്ട് വീണ്ടും നമ്മൾ തമ്മിലുള്ള ഡിസ്റ്റൻസ് കൂടിയോ..?

ചെറുചിരിയോടെ ആണ് അവൻ അത് ചോദിച്ചത്, ബാൽക്കണിയിലേക്ക് നടന്നവനെ അവളും അനുഗമിച്ചു.. "താൻ ഇരിക്ക്... കസേരയിൽ ഇരുന്നുകൊണ്ട് അവൻ പറഞ്ഞപ്പോൾ അവന്റെ അഭിമുഖമായി അവളും ഇരുന്നിരുന്നു, കൈയിലുണ്ടായിരുന്ന ഒരു പൊതി അവൾക്ക് നേരെ അവൻ നീട്ടി പിടിച്ചു... " ഇത് ഞാൻ തനിക്ക് വേണ്ടി വാങ്ങിയത് ആണ്... " ഇത്‌ എന്താ കണ്ണേട്ടാ..? " തുറന്നു നോക്ക്... അവൻ അത് പറഞ്ഞപ്പോൾ അവള് പൊതി അഴിച്ചിരുന്നു, അത് തുറന്നപ്പോൾ അതിനുള്ളിലൊരു ഐഫോൺ ആയിരുന്നു " ഞാനിവിടെ ഇല്ലെങ്കിൽ എന്തെങ്കിലും അത്യാവശ്യത്തിന് തന്നെ വിളിക്കണം എങ്കിൽ ഇനി ലാൻഡ് ഫോണിൽ വിളിക്കേണ്ടല്ലോ, " ഇത് ഒരുപാട് വില ആയിട്ടുണ്ടാവുമല്ലേ, " അതൊന്നും നോക്കണ്ട, " അതല്ല എനിക്ക് ഇത് ഉപയോഗിക്കാൻ അറിയില്ല കണ്ണേട്ടാ.... " താൻ ഈ നൂറ്റാണ്ടിൽ ഉള്ള പെണ്ണ് തന്നെയാണോടോ...? അത്ഭുതത്തോടെ ചോദിച്ചു അവന്... " കൂട്ടുകാർക്കൊക്കെ ഉണ്ടായിരുന്നു, പക്ഷേ ഞാനത് ഉപയോഗിച്ചിട്ടില്ല, അതുകൊണ്ട് അറിയില്ല "ഒരുപാട് ഒന്നും അറിയാനുള്ള, നമുക്ക് ഇപ്പോൾ തന്നെ പഠിക്കാം, ഇങ്ങോട്ടു നീങ്ങി ഇരിക്ക്,

അവൻ തന്നെ കസേര അവൾക്കരികിലേക്ക് നീക്കിയിട്ട് അവൾക്ക് ഓരോന്നും പറഞ്ഞു കൊടുക്കാൻ തുടങ്ങി, വിശദമായ ഓരോന്നും പറയുന്നതിനിടയിൽ അവളുടെ മുഖത്തിന് നേരെയായിരുന്നു അവൻറെ മുഖവും, അവളുടെ മുടിയിൽ നിന്നും വമിച്ച കാച്ചെണ്ണ ഗന്ധം ഒരു നിമിഷം അവളിലേക്ക് നോക്കുവാൻ അവനെ പ്രേരിപ്പിച്ചിരുന്നു, അത്രയും അടുത്ത് ആ മുഖം അവൻ ആദ്യമായി കാണുകയായിരുന്നു, ഒരു വിരൽ ദൂരം മാത്രമാണ് തങ്ങൾക്കിടയിൽ ഉള്ളത്, ഫോണിൽ മാത്രമാണ് അവളുടെ ശ്രദ്ധ, താൻ പറഞ്ഞു കൊടുക്കുന്നത് ഒക്കെ വ്യക്തമായി മനസ്സിലാക്കി എടുക്കുകയാണ്... ഒരു നിമിഷം ഫോണിൽ നിന്നും അവൻറെ ശ്രദ്ധ അവളുടെ മുഖത്തേക്ക് നീണ്ടു, പീലികൾ നിറഞ്ഞ ഉള്ള വിടർന്ന കണ്ണുകൾ ആണ്, നന്നായി അടുത്തു കാണുമ്പോൾ സ്വർണ്ണ രോമങ്ങൾ നിറഞ്ഞ മുഖമാണ്,നീണ്ടനാസികയും നനുത്ത ചുണ്ടുകളും ആമുഖത്തെ ഒന്നുകൂടി സുന്ദരമാക്കുന്നു, മൂക്കിനും ചുണ്ടിനും ഇടയിൽ ആയി ഒരു കുഞ്ഞു മറുക് ഉണ്ട്, കുറച്ച് സമയം അവൻ അങ്ങനെ തന്നെ നോക്കിയിരുന്നു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story