വേനൽമഴ...🍂💛: ഭാഗം 34

venal mazha

രചന: റിൻസി പ്രിൻസ്‌

കുറേ നേരമായിട്ടും അവനിൽ നിന്നും യാതൊരു പ്രതികരണങ്ങളും ഉണ്ടാവാത്തപ്പോഴാണ് അവൾ അവന്റെ മുഖത്തേക്ക് നോക്കിയത്, ഒരു നിമിഷം അവൻ ഒന്ന് വല്ലാതെയായി പോയിരുന്നു, വീണ്ടും ഫോണിലേക്ക് മുഴുകി അവൾക്ക് അതിൻറെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ പറഞ്ഞു കൊടുത്തു, അവൻ എത്ര ശ്രമിച്ചിട്ടും മനസ്സു തന്റെ വരുതിയിൽ വരുന്നില്ല എന്ന് തോന്നിയിരുന്നു... എന്താണ് തനിക്ക് സംഭവിക്കുന്നത് എന്നറിയാതെ അവനും വല്ലാത്തൊരു അവസ്ഥയിലായിരുന്നു, അവൻ തന്നെ ഫോണിൽ അവൻറെ നമ്പറും സേവ് ചെയ്തു ഇട്ടു, " പേരെന്താ വയ്ക്കേണ്ടത്...? അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു... " കണ്ണേട്ടൻ എന്ന് തന്നെ മതി.... " ഒക്കെ.. എൻറെ പേരിൽ ആണ് സിം, തൻറെ ഐഡി പ്രൂഫ് ഒന്നും എൻറെ കയ്യിൽ ഉണ്ടായിരുന്നില്ലല്ലോ, എന്റെ നമ്പർ തൻറെ ഫോണിലും തന്റെ നമ്പർ എൻറെ ഫോണിലും സേവ് ചെയ്തിട്ടുണ്ട്, നാളെ നമുക്ക് തന്റെ കോളേജിൽ പോകാം ഞാൻ വിളിച്ച് സംസാരിച്ചിരുന്നു, പ്രിൻസിപ്പാളിനോട് പറഞ്ഞിട്ടുണ്ട്. നാളെ നമ്മൾ അവിടേക്ക് വരുമെന്ന്,

" കണ്ണേട്ടന് പ്രിൻസിപ്പാളിനെ അറിയാമായിരുന്നോ..? അത്ഭുതത്തോടെ അവൾ ചോദിച്ചു... " നേരിട്ട് അറിയണമെന്ന് നിർബന്ധം ഇല്ലല്ലോ, ഞാൻ ജസ്റ്റ് എൻറെ ഫാൻസിൽ ഉള്ള ആരെങ്കിലും പയ്യന്മാരോട് പറഞ്ഞാൽ അവര് ചെന്ന് കാണുമല്ലോ, അവർ ചെന്ന് കണ്ട് സംസാരിച്ചിരുന്നു, നാളെ നമ്മൾ വരുമ്പോൾ ആൾക്കൂട്ടം ഉണ്ടാവണ്ടന്ന് കരുതിയ നേരത്തെ തന്നെ വിളിച്ചത്, നാളെ ഞാൻ ഫ്രീയാ, തിരിച്ചുപോരുമ്പോൾ തന്റെ വീട്ടിലും കയറിയിട്ട് പോരാം, അത് പറഞ്ഞപ്പോഴേക്കും അവളുടെ മുഖം ഒന്ന് തെളിഞ്ഞത് അവൻ കണ്ടിരുന്നു, " പഠനം വീണ്ടും സ്റ്റാർട്ട് ചെയ്യേണ്ടേ..? അതിന് ആരെയെങ്കിലും വെക്കണോ ട്യൂഷനോ അങ്ങനെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം...! അവൻ പറഞ്ഞു... " അതൊന്നും വേണ്ട... ഞാൻ തന്നെ പഠിച്ചോളാം പുസ്തകങ്ങളൊക്കെ കിട്ടിയാൽ മതി, പിന്നെ എനിക്ക് തന്നെ പഠിക്കാവുന്നതേയുള്ളൂ, " നോട്സ് ഒക്കെ തനിക്ക് എത്തിച്ചു തരാൻ ഉള്ള മാർഗ്ഗങ്ങൾ ഒക്കെ ഞാൻ പ്രിൻസിപ്പാളിനോട് സംസാരിച്ചിട്ടുണ്ട്. അതൊക്കെ എത്തിക്കോളും, താൻ പഠിച്ചാൽ മതി, ഇവിടെ വെറുതെ ഇരിക്കുമ്പോൾ ഉള്ള ഒരു മടുപ്പും മാറും, വേറെ എന്തൊക്കെയാ സരയുവിന്റെ ഹോബീസ്, ഞാൻ ഏതായാലും അടുത്ത മാസവും അതിൻറെ അടുത്ത മാസം ഒക്കെ വലിയ തിരക്കിലായിരിക്കും, എല്ലാം ഔട്ട് ഓഫ് ഇന്ത്യയാണ് ഷൂട്ടിംഗ്,

അതുകൊണ്ട് തന്നെ കൊണ്ടുപോകുവാനും ഒരു നിർവാഹവുമില്ല, പിന്നെ എന്തു ചെയ്യും...? " എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഹോബി ഒന്നുമില്ല, അങ്ങനെ ഹോബികൾ ഒന്നും പിന്തുടരാൻ പറ്റിയ സാഹചര്യം ആയിരുന്നില്ലല്ലോ, നിന്ന് തിരിയാനുള്ള സമയം ഉണ്ടായിരുന്നില്ല, വീട്ടിലെ അങ്ങനെ ഓരോന്ന് ചെയ്തത് കൊണ്ടാകും ഇവിടെ ഇപ്പൊ വെറുതെയിരിക്കുമ്പോൾ എനിക്ക് വല്ലാതെ ബുദ്ധിമുട്ടുന്നു, അവിടെയാണെങ്കിൽ കോളേജ്, കോളേജിൽ നിന്ന് നേരെ ലക്ഷ്മിയമ്മയുടെ വീട്, പിന്നെ വീട് അങ്ങനെ അങ്ങനെ ആയിരുന്നു. ഇവിടെ എന്നെക്കൊണ്ട് ഒരു ജോലിയും ചെയ്യാൻ ലക്ഷ്മിയമ്മ സമ്മതിക്കില്ല, പിന്നെ ഞാൻ വെറുതെ ഇരിക്കുകയാണ്..! കോളേജിൽ പഠിക്കുമ്പോൾ ലൈബ്രറിയിൽ നിന്ന് ബുക്ക് വായിക്കുമായിരുന്നു.. വീട്ടിൽ കൊണ്ടുവരും വായിക്കാൻ വേണ്ടി, പക്ഷേ സമയം കിട്ടില്ല വായിക്കാൻ, " വായനാശീലം നല്ലതാ, എനിക്കും പണ്ട് ഉണ്ടായിരുന്നു, ഇപ്പോൾ വല്ല യാത്രകളിലോ മറ്റോ വായിച്ചെങ്കിലായി, എൻറെ കളക്ഷനിൽ കുറെ ബുക്കുകളുണ്ട്, മലയാളവും ഇംഗ്ലീഷുമോക്കെയായിട്ട്, എനിക്ക് കൂടുതലും ശാന്താറാമിന്റെ പുസ്തകങ്ങളോട് ആണ് താല്പര്യം, മിഥുന് അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ പറഞ്ഞു... " എനിക്ക് എപ്പോഴും നാടൻ കഥകളാണ് കണ്ണേട്ടാ ഇഷ്ടം,

എംടിയുടെ മഞ്ഞുപോലെ, ഞാൻ എപ്പോഴും പഴമയെ സ്നേഹിക്കുന്ന ഒരാൾ ആണ്... " അത് തന്റെ ഓരോ പ്രവർത്തിയിലും എനിക്ക് മനസ്സിലാവുന്നുണ്ട്, " എംടിയുടെ മഞ്ഞ് ഞാൻ വായിച്ചിട്ടുണ്ട്.. ഗുഡ് വൺ, കൂടുതലും മോട്ടിവേഷണൽ രീതിയിലുള്ള കാര്യങ്ങളൊക്കെ ആണ് ഞാൻ വായിക്കാറുള്ളത്. അത് വായിക്കുമ്പോൾ എങ്കിലും കുറച്ചു പോസിറ്റീവ് കിട്ടട്ടെന്ന് കരുതി, തനിക്ക് എന്താണെന്നുവെച്ചാൽ നമുക്ക് വേണമെങ്കിൽ ബുക്ക് ഷോപ്പിൽ പോയി വാങ്ങാം, " അയ്യോ അങ്ങനെ നിർബന്ധമൊന്നുമില്ല കണ്ണേട്ടാ, കണ്ണേട്ടന്റെ കയ്യിൽ ഉള്ളത് ഞാൻ വാങ്ങിച്ചോളാം, "ഒക്കെ ഗുഡ്...!അതിരിക്കട്ടെ ഡിഗ്രി ഈ ഇയർ കമ്പ്ലീറ്റ് ആകുമല്ലോ, ഇനി എന്താ പരിപാടി.. ഇവിടുന്നു പോയി കഴിഞ്ഞിട്ട്,..? അവളുടെ മനസ്സു ഒന്നറിയാനായിരുന്നു അവൻറെ ആ ചോദ്യം, സനൂപിനോട് മനസ്സുതുറന്നത് പോലെ തന്നോട് അവൾ സംസാരിക്കുമോ എന്ന് അറിയാൻ വേണ്ടി, മറുപടി കൊടുക്കാൻ അവൾക്ക് വാക്കുകൾ കിട്ടിയില്ല... " ഇവിടുന്ന് പോയിട്ട് പ്രത്യേകിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല, പഴയതുപോലെ തന്നെ, " ഒരിക്കലും പഴയതു പോലെയാവില്ല സരയൂ, നമ്മൾ തമ്മിൽ ഡിവോഴ്സ് ആകുമ്പോഴും അത് ഒരു വാർത്ത ആകും, പിന്നെ ഒരുതരം സഹതാപ ലൈൻ ആയിരിക്കും കാര്യങ്ങൾ. കാരണം ഞാൻ ഒരു സെലിബ്രേറ്റി ആണല്ലോ,

ഒരു വിവാഹബന്ധം തകർന്നാലും അത് പുരുഷന്റെ മോശപ്പെട്ട സ്വഭാവം ആണെന്നേ കൂടുതൽ ആളുകളും ചിന്തിക്കു, അവരുടെ കണ്ണിൽ തന്നെയും വഞ്ചിച്ച ഒരു പുരുഷൻ ആയിരിക്കും ഞാൻ, ഒരു വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ഭാര്യയും വഞ്ചിച്ച ഒരു പുരുഷൻ, അല്പം പരിഹാസത്തോടെ ആയിരുന്നു അവൻ അത് പറഞ്ഞത്... സ്വയമേ ഉള്ള ഒരു പരിഹാസം, " ഞാനും ഇങ്ങനെയൊക്കെ തന്നെയായിരുന്നു കണ്ണേട്ടാ വിചാരിച്ചത്, പക്ഷേ ഓരോരുത്തരോടും ഇടപെടുമ്പോൾ തന്നെ നമുക്ക് അവരെ പറ്റി കൂടുതൽ അറിയാൻ പറ്റു, എനിക്ക് നന്നായി അറിയാം കണ്ണേട്ടൻറെയും ആ കുട്ടിയുടെയും ജീവിതത്തിൽ നടന്നതിന് കണ്ണേട്ടന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കില്ലെന്ന്, കുറച്ചു കാലങ്ങൾ കൊണ്ട് തന്നെ എനിക്ക് മനസ്സിലാവുന്നുണ്ട്, " അങ്ങനെ അവൾ എന്നെ മനസ്സിലാക്കിയിരുന്നില്ല, അങ്ങനെയായിരുന്നുവെങ്കിൽ... ഓർമകളിൽ ഒരു നിമിഷം അവൻ തിരനോട്ടം നടത്തി... " അതുപോട്ടെ..! അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ ഞാൻ കേൾക്കാൻ പോലും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ, മിഥുൻ പറഞ്ഞു... " ഈ ചോദ്യം ഞാൻ തിരിച്ചു ചോദിക്കട്ടെ, ഞാൻ ഇവിടുന്നു പോയി കഴിയുമ്പോൾ എന്തായിരിക്കും കണ്ണേട്ടൻറെ പ്ലാൻ .. " എനിക്കെന്തു പ്ലാൻ...! ഞാൻ ഇതുപോലെ സിനിമയിലൊക്കെ അഭിനയിച്ച ഇങ്ങനെയൊക്കെ ജീവിക്കും,

പിന്നെ കുറെനാൾ കഴിഞ്ഞു മനസ്സിനിണങ്ങിയ ആരെയെങ്കിലും കണ്ടാൽ കെട്ടും , ഇപ്പൊൾ ജീവിക്കണം എന്ന ഒരു തോന്നുലുണ്ട്... ഇടം കണ്ണാൽ അവളെ ഒന്നു നോക്കിയാണ് അവൻ അത് പറഞ്ഞത്, അവളുടെ ഹൃദയത്തിനുള്ളിൽ എന്തെങ്കിലും ഉണ്ടോന്ന് അറിയാൻ വേണ്ടി തന്നെയുള്ള ഒരു അന്വേഷണം ആയിരുന്നു ആ മറുപടി... ഒരു നിമിഷം അവളുടെ കണ്ണുകളിൽ ഒരു തിരയിളക്കം അവൻ കണ്ടിരുന്നു, പുഞ്ചിരിച്ചു കൊണ്ടിരുന്ന മുഖത്തെ തെളിമ നഷ്ട്ടം ആയി... സരയുവും വളരെ അത്ഭുതത്തോടെ തന്നിൽ ഉണ്ടായ ഒരു മാറ്റത്തെക്കുറിച്ച് മനസ്സിലാക്കുകയായിരുന്നു... ഉള്ളിലെവിടെയോ ഒരു സ്വാർത്ഥത മുളപൊട്ടുന്നത് സരയൂ അറിഞ്ഞു, അവൻ മറ്റൊരു പെൺകുട്ടിയെ സ്വന്തമാക്കുമെന്ന് പറഞ്ഞപ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു ഗാദ്ഗധം ഉണരുന്നത് പോലെ, ഒരു തേങ്ങൽ തൊണ്ടകുഴി വരെ വന്ന് എത്തിനോക്കി പോയി... ഹൃദയത്തിന്റെ പ്രവർത്തനത്തിൽ ഒരു മാറ്റം പോലെ, അവൻ കെട്ടിയ താലി ചേർന്നുകിടക്കുന്ന മാറിടം ഒന്ന് ഹൃദയവേദനയാൽ പിടിച്ചത് പോലെ അവൾക്ക് തോന്നി... താൻ എല്ലാ അർത്ഥത്തിലും ഒരു ഭാര്യയായി മാറുന്നത് സരയൂ ആ നിമിഷം അറിഞ്ഞു,

തന്റേത് എന്ന് വിശ്വസിക്കുന്ന പുരുഷനിൽ തനിക്കുമാത്രമെന്ന സ്വാർത്ഥതയിലേക്ക് ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കുന്ന ഒരു ഭാര്യയായി മാറി താനെന്ന് ഒരു അത്ഭുതത്തോടെയാണ് അവൾ തിരിച്ചറിഞ്ഞത്.... അവൻ മറ്റൊരാൾക്ക് സ്വന്തമാകും എന്ന് പറഞ്ഞപ്പോൾ എന്തിനാണ് ഹൃദയമേ ഇത്രമേൽ വേദനിച്ചത്, " എങ്കിൽ പിന്നെ ശരിക്കും ഒരു വിവാഹം കഴിച്ചാൽ മതിയായിരുന്നല്ലോ, എന്തിനായിരുന്നു ഇങ്ങനെ ഒരു നാടകം....? ഉള്ളിൽ നിറയുന്ന വേദനയെ മറച്ചു കൊണ്ടായിരുന്നു അവൾ ചോദിച്ചത്, " അത് എപ്പോഴെങ്കിലും സംഭവിക്കുമെന്നേ ഞാൻ പറഞ്ഞുള്ളൂ, അങ്ങനെ ഒരാളെ ഞാൻ കണ്ടുമുട്ടണം അയാളിൽ ഞാൻ ഇമ്പ്രെസ്ഡ് ആകണം അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ, അങ്ങനെ ചിലപ്പോൾ സംഭവിച്ചേക്കാം, സരയുവിന്റെ ജീവിതത്തിലും അങ്ങനെ തന്നെ ആയിരിക്കും, നമ്മൾ തമ്മിലുള്ള കരാർ അവസാനിപ്പിച്ച് തിരിച്ചുപോകുമ്പോൾ മറ്റൊരാളെ കണ്ട് ഇഷ്ടമായാൽ വിവാഹത്തിലേക്ക് പോകില്ലേ...? പൂർണമായും അവളുടെ മനസ്സ് അറിയണമെന്ന ആഗ്രഹത്തോടെ തന്നെ ആയിരുന്നു അവൻ ആ ചോദ്യം ചോദിച്ചത്, അവനോട് എന്ത് മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു, ഒരു നിമിഷം മറുപടിയില്ലാതെ അവളുടെ മിഴികളിൽ പല ഭാവങ്ങൾ വിടരുന്നത് ഒരു ആകാംക്ഷയോടെ അവൻ കണ്ടു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story