വേനൽമഴ...🍂💛: ഭാഗം 35

venal mazha

രചന: റിൻസി പ്രിൻസ്‌

പൂർണമായും അവളുടെ മനസ്സ് അറിയണമെന്ന ആഗ്രഹത്തോടെ തന്നെ ആയിരുന്നു അവൻ ആ ചോദ്യം ചോദിച്ചത്, അവനോട് എന്ത് മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു, ഒരു നിമിഷം മറുപടിയില്ലാതെ അവളുടെ മിഴികളിൽ പല ഭാവങ്ങൾ വിടരുന്നത് ഒരു ആകാംക്ഷയോടെ അവൻ കണ്ടു... " അങ്ങനെ നമ്മുക്ക് ജീവിതത്തെപ്പറ്റി ഒന്നും മുൻവിധിയോട് പറയാൻ പറ്റില്ലല്ലോ സർ, ഞാൻ ജീവിതത്തിൽ പ്രതീക്ഷിച്ചത് പോലെ ഒന്നുമല്ലല്ലോ ഇതുവരെ നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമൊന്നും. അവന് യാതൊരു സൂചനയും നല്കാത്തൊരു മറുപടി, " എങ്കിലും എന്നെങ്കിലും ജീവിതത്തിൽ അനിവാര്യമായ ഒന്നാണല്ലോ വിവാഹം എന്ന് പറയുന്നത്, അപ്പൊൾ തന്റെ പങ്കാളിയാകാൻ പോകുന്ന ആളെ പറ്റി എന്തെങ്കിലും ഒക്കെ ഒരു സങ്കല്പങ്ങൾ ഉണ്ടാവുമല്ലോ, അതെന്താണ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്...? വീണ്ടും വീണ്ടും അവനാ ചോദ്യം തന്നെ ആവർത്തിച്ചു, " എനിക്കങ്ങനെ പ്രത്യേകിച്ച് സങ്കല്പങ്ങൾ ഒന്നും ഇല്ല കണ്ണേട്ടാ.... ഞാൻ ഈ നമ്പറിൽ നിന്ന് വീട്ടിലേക്ക് ഒന്നു വിളിക്കട്ടെ, അച്ഛനോടും മുത്തശ്ശിയോടും ഒക്കെ ഒന്ന് സംസാരിക്കട്ടെ, അതും പറഞ്ഞു അവൾ അവനിൽ നിന്നും അകന്നു മാറിയിരുന്നു, " പഠിച്ച കള്ളി തന്നെ..! അവൻ മനസ്സിലാണ് പറഞ്ഞത്...

ചെറിയൊരു പുഞ്ചിരി അവന്റെ ചൊടിയിലും സ്ഥാനം പിടിച്ചിരുന്നു, താൻ പോലുമറിയാതെ തന്നിൽ സംഭവിക്കുന്ന മാറ്റങ്ങളെ പറ്റി ചിന്തിക്കുകയായിരുന്നു മിഥുൻ. വർഷങ്ങൾക്കുശേഷം മനസ്സിൽ ഒരു "വേനൽമഴ" പെയ്യുന്നത് അവൻ അറിയുന്നുണ്ടായിരുന്നു, പ്രണയത്താൽ മുറിവേറ്റപെട്ട പ്രണയത്താൽ വിണ്ടുകീറി കിടന്ന മരുഭൂമിയിൽ ഒരു കുളിർമാരി എത്തിയിരിക്കുന്നു. എന്താണ് തന്നിൽ തിങ്ങിനിറയുന്ന വികാരത്തിൻറെ പേരെന്ന് പലവുരു അവനവനോടു തന്നെ ചോദിച്ചു, പക്ഷേ ഉത്തരം അജ്ഞാതമായിരുന്നു... തന്നിൽ തിങ്ങിനിറയുന്ന വികാരത്തിൻറെ പേര് പ്രണയം എന്നാണെന്ന് മനസ്സിലാക്കാൻ അപ്പോഴും അവനു സാധിച്ചില്ല.. മനസ്സിലെ വേനലിൽ വേരൂന്നിയ വൃക്ഷങ്ങളിൽ ഒക്കെ തളിർചില്ലകൾ കിളിർക്കുന്നത് അവൻ അറിഞ്ഞു.. ഒരിക്കൽ കൊടുംവേനലിൽ കരിഞ്ഞുപോയ വൃക്ഷങ്ങൾക്ക് ഒരുമാരി എവിടെനിന്നോ ഒരു ആശ്വാസം നൽകുവാൻ എത്തിയതുപോലെ..! തൻറെ മനസ്സിലും ചില തളിരുകൾ വിടരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു... പക്ഷേ അതിന്റെ കാരണം മാത്രം അവനു മുൻപിൽ അജ്ഞാതമായി, അല്ലെങ്കിൽ പ്രണയം അവനെ അത്രമേൽ മുറിവേൽപ്പിച്ചിരുന്നു...! അവനിൽ നിന്നും അകന്ന് മട്ടുപ്പാവിൽ വന്ന് ഇരിക്കുകയായിരുന്നു സരയു..

. ആ നിമിഷം അവളും ചിന്തിച്ച് തന്നിൽ വന്നുചേർന്ന ചിന്തകളെ കുറിച്ച് ആയിരുന്നു, ഒരു ഭാര്യയെന്ന നിലയിൽ എപ്പോഴൊക്കെയോ താൻ ചിന്തിച്ചു പോകുന്നുവെന്ന് അവൾക്ക് മനസ്സിലായിരുന്നു, ഒരിക്കലും അർഹതയില്ല എന്നറിയാം ഒരു കരാറിന്റെ പുറത്തുള്ള ജീവിതമാണ് എങ്കിലും എവിടെയൊക്കെയോ താൻ ഒരു സാധാരണ പെണ്ണായി പോകുന്നു, താലി കെട്ടിയവനെ സ്വന്തം എന്ന് കരുതാൻ ആഗ്രഹിച്ചുപോകുന്നു, മിഥുൻ എന്ന സ്വരം തന്നിൽ ശ്രുതി ചേരുന്നത് അവൾ അറിഞ്ഞു. എന്താണ് തന്നിൽ നിറഞ്ഞു നിറയുന്നത് ..? അറിയാതെയാണെങ്കിലും അവൻ മനസ്സിൽ ഭർത്താവിൻറെ സ്ഥാനത്തേക്ക് ചേക്കേറിയത് അവൾ അറിഞ്ഞു, ഇനി ഒരു വിവാഹമില്ലെന്ന് സനൂപിന്റെ മുഖത്തേക്ക് നോക്കി ഉറപ്പിച്ചു പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞത് അതുകൊണ്ടായിരുന്നു, ഒരിക്കൽ അവനിൽ നിന്നും തിരികെ പോകണം എന്നതും ആ യാത്രയും അത്രമേൽ തന്നെ തളർത്തുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി, ഒരിക്കലും തന്റെ മനസ്സിലുള്ള ഈ വിവരം അവൻ അറിയാൻ പാടില്ല,

അർഹതയില്ലാത്തതൊന്നും എത്തിപ്പിടിക്കുവാൻ ഒരിക്കലും സരയു ആഗ്രഹിക്കുന്നില്ല...! അങ്ങനെയൊരു തീരുമാനം അവൾ മനസ്സിൽ എടുത്തിരുന്നു, ആ രാത്രി രണ്ടുപേർക്കും നിർണായകമായിരുന്നു, ചിന്തകളും കണക്കുകൂട്ടലുകളും പിടിവലി നടത്തിയ രാത്രി..! നിദ്ര രണ്ടുപേരെയും പുൽകാതെ ആ മുറിയിൽ മൗനമായി നിന്നു, ഇരുവരുടെയും ചിന്തകൾക്ക് ഇടയിൽ പല ചോദ്യങ്ങളും ഉത്തരങ്ങളും വന്നു നിറഞ്ഞു, കൃത്യമായ ഉത്തരത്തിൽ ലഭിക്കാതെ അവ സമസ്യ ആയി തുടർന്നു. പിറ്റേദിവസം സരയൂ തന്നെയാണ് നേരത്തെ എഴുന്നേറ്റത്, വിഷ്ണുസഹസ്രനാമം കേട്ടുകൊണ്ടാണ് മിഥുന് കണ്ണു തുറക്കുന്നത്, ചെന്നു നോക്കിയപ്പോൾ പൂജാമുറിയിൽ നിന്നുമാണ് ഗാനം.. പൂജാമുറിയിലെ വിളക്കുകൾ ഒക്കെ തെളിയിച്ച് പ്രാർത്ഥനയിലാണ് സരയു. ആരും കേട്ടു നിന്നു പോകുന്ന രീതിയിൽ ഇമ്പമാർന്ന സ്വരമാധുര്യം, ഈശ്വരന് പോലും ഇഷ്ടം തോന്നുന്നത് പോലെ...! അവൾ മറ്റൊരു ലോകത്താണ് എന്ന് മനസ്സിലായതോടെ അവൻ മെല്ലെ മുറിയിലേക്ക് പിൻവാങ്ങിയിരുന്നു... പ്രാർത്ഥന കഴിഞ്ഞവൾ അടുക്കളയിൽ എത്തി ലക്ഷ്മിയെ കുറേസമയം സഹായിച്ചതിനുശേഷം ഗ്രീൻടീയുമായി മുകളിലേക്ക് ചെന്നു... അപ്പോഴേക്കും അവൻ ഉണർന്നിരുന്നു പല്ലുതേച്ച് വെറുതെ ബാൽക്കണിയിൽ ഇരിക്കുക ആയിരുന്നു.

അവൾ വരുന്നത് കണ്ടത് ചെറു ചിരി സമ്മാനിച്ച് അവൻ കൈയ്യിൽ ഇരുന്ന ഗ്ലാസ്‌ വാങ്ങി... " ആഹാ ഞാൻ ഗ്രീൻ ടീ കുടിക്കുന്നത് തനിക്ക് എങ്ങനെ അറിയാം..? ചെറുചിരിയോടെ ആണ് അവൻ ചോദിച്ചത്... " ലക്ഷ്മിയമ്മ പറഞ്ഞിരുന്നു, " അപ്പോൾ താൻ ശരിക്ക് ഒരു ഭാര്യയാകാൻ തീരുമാനിച്ചു..! എൻറെ ഇഷ്ടാനിഷ്ടങ്ങൾ ഒക്കെ ലക്ഷ്മിയമ്മയോട് ചോദിച്ചറിഞ്ഞു അല്ലേ...! അവൻ അല്പം ഗൗരവത്തോടെ ചോദിച്ചപ്പോൾ അവളുടെ മുഖം ഒന്ന് മങ്ങിയിരുന്നു.. " അയ്യോ അങ്ങനെ അധികാരം സ്ഥാപിക്കാൻ വേണ്ടി ഒന്നുമല്ല, എന്തൊ പറഞ്ഞു വന്നപ്പോൾ അങ്ങനെ ചെയ്യാമെന്ന് കരുതി, എന്താണെങ്കിലും ഞാൻ ഒരു വർഷം കഴിഞ്ഞു ഇവിടുന്ന് പടിയിറങ്ങാൻ ഉള്ളവൾ ആണെന്ന് എനിക്കറിയാം കണ്ണേട്ടാ..! അത് മറന്ന് ഞാനൊന്നും പ്രവർത്തിക്കില്ല, അവളുടെ വാക്കുകൾ ഇടറിയപ്പോൾ അവൻ ഒന്ന് അത്ഭുതപെട്ടു.. " ഞാനൊരു തമാശ പറഞ്ഞതാടോ.? ജസ്റ്റ് ജോക്ക്...! സരയു എല്ലാകാര്യങ്ങളും നെഗറ്റീവ് എടുക്കുന്നത് അത്ര നല്ല സ്വഭാവം അല്ലാട്ടോ, തന്റെ കാര്യത്തിൽ എനിക്ക് ആകെ ഇഷ്ടമില്ലാത്ത ഒരു കാര്യം അത് മാത്രമാണ്, നമുക്ക് കരാറൊക്കെ പിന്നെ പറയാം, താൻ പോയി കോളേജിൽ പോകാൻ വേണ്ടി റെഡി ആകാൻ നോക്ക്, പിന്നെ സാരി ഒന്നും ഉടുക്കണ്ട കേട്ടോ....

തനിക്ക് നല്ല ഫുൾസ്ലീവ് ആയിട്ടുള്ള അനാർക്കലി ചേരും, നമ്മൾ വാങ്ങിയതിൽ ഒരു ബ്ലാക്ക് അനാർക്കലി ഇല്ലെ, അത് നന്നായി ചേരും എന്ന് തോന്നുന്നു... ഞാൻ ഇതുവരെ തന്നെ അത് ഇട്ട് കണ്ടില്ല, അവൻറെ വാക്കുകൾ അവളിൽ ഒരു അത്ഭുതം നിറച്ചിരുന്നു... ചിരിയോടെ തലയാട്ടി അവൾ റെഡിയാകാൻ വേണ്ടി പോയിരുന്നു... അവൻ പറഞ്ഞത് തന്നെയാണ് അവൾ അണിഞ്ഞത്, എന്തോ ഒരു കൗതുകത്തിന്റെ പുറത്ത് അവൻ അവളുടെ ചുരിദാറിന് ചേരുന്ന ഒരു കറുത്ത ഷർട്ട് ആയിരുന്നു ഇട്ടത്.... രണ്ടുപേരും മുകളിൽ നിന്നും ഇറങ്ങി വന്നപ്പോൾ അരുന്ധതി കുറെ സമയം നോക്കി ആ കാഴ്ച നോക്കി നിന്നു. ഹൃദയത്തിലേക്ക് പതിപ്പിക്കുന്ന പോലെ..! എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിച്ച് എല്ലാവരോടും യാത്ര പറഞ്ഞ് ആണ് ഇറങ്ങിയത്, ഇടയ്ക്ക് കാറിലേക്ക് കയറുമ്പോൾ സരയൂ കണ്ടിരുന്നു ഗേറ്റിനു മുൻപിൽ വന്നു നിൽക്കുന്ന കുറച്ച് ആളുകളെ... ഒന്നും പ്രതീക്ഷിച്ചു വന്നു നിൽക്കുന്നതല്ല, അവൻറെ ഒരു കൈവീശാലിന് വേണ്ടി...! ചിലപ്പോൾ മറ്റെവിടെയെങ്കിലും പോകുന്നവർ ആയിരിക്കും, അപ്പോൾ ആയിരിക്കും ഇത് നടൻ മിഥുന്റെ വീട് ആണെന്ന് അറിയുന്നത്, അവൻ ഉണ്ടോന്ന് അറിയാൻ വേണ്ടി വെറുതെ ഗേറ്റിൽ വന്നു നിൽക്കുന്ന ചില ആളുകൾ, ഒന്നും പ്രതീക്ഷിക്കാതെ ആ താരത്തോടുള്ള ആരാധന മാത്രം ഉദ്ദേശിച്ച് വരുന്നവർ..! എല്ലാവരെയും നോക്കി ഒന്ന് കൈവീശി കാണിച്ചു പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ ഒന്ന് ഹോണും അടിച്ചിരുന്നു,

യാത്രയിലുടനീളം എത്ര വേണ്ടെന്നു വെച്ചിട്ടും അറിയാതെ അവൻറെ മിഴികൾ അവൾക്കുനേരെ പായുന്നുണ്ടായിരുന്നു.. അതുപോലെതന്നെ സരയുവിന്റെയും മിഴികൾ ഇടയ്ക്ക് അവനെ തേടി എത്തി. അവ രണ്ടും തമ്മിൽ കൂട്ടിമുട്ടുന്ന ആ നിമിഷം രണ്ടുപേരും ജാള്യതയോടെ മിഴികൾ പിൻവലിക്കും. കുറേസമയം ഇത് തുടർന്നിരുന്നു...!സ്റ്റീരിയോയിലെ പ്രണയ ഗാനങ്ങൾ ആ നോട്ടത്തിന് മിഴിവേകി...! 🎶അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ അനുരാഗജാലകം തുറന്നു വന്ന സൈനബ കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ അതിലിന്നലിഞ്ഞു പോയ് പുളകം വിരിഞ്ഞു പോയ് നൂറു നന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ🎶 ഇടവഴിയിൽ വെച്ച് കരിക്ക് കണ്ട് അവൾ ആകാംഷയോടെ നോക്കുന്നത് അവൻ കണ്ടു... " തനിക്ക് കരിക്ക് വേണോ..? "ദാഹിക്കുന്നുണ്ട്..! കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു... " വാങ്ങുന്നതിൽ കുഴപ്പമൊന്നുമില്ല, പക്ഷേ താൻ തന്നെ പോയി വാങ്ങണം... ഞാൻ കുറച്ചു മുന്നിലേക്ക് വണ്ടി നിർത്തും, താൻ വാങ്ങിയിട്ട് വന്നാൽമതി...

" ശരി ശരി... ചിരിയോടെ തലയാട്ടി അവൾ കരിക്ക് വാങ്ങാൻ പുറത്തേക്ക് ഇറങ്ങാൻ തയ്യാറായി... പോകുന്നതിനു മുൻപ് അവൻ പോക്കറ്റിൽ നിന്നും വലറ്റ് എടുത്തു അവൾക്ക് നൽകി, " കാശ് എടുക്കാതെ ആണോ വാങ്ങാൻ പോകുന്നത്..? " ഞാൻ ഓർത്തില്ല...! അവളൊന്ന് പുഞ്ചിരിച്ചു..! അവന്റെ ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങിയ ഒരു പുഞ്ചിരി... അവൾ പോയ സമയം കണ്ണടച്ച് സീറ്റിലേക്ക് ചാരികിടന്നു അവൻ... അപ്പോഴും ആ ഗാനത്തിന്റെ വരികൾ അവൻറെ കാതിലൂടെ തന്നെ ഒഴുകിനടന്നു... 🎶അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ🎶 കുറച്ചു സമയങ്ങൾക്ക് ശേഷം അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു... കണ്ണുകൾ തുറന്ന് അവൻ കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് നോക്കി.. ശേഷം അവൻ പറഞ്ഞു.. " മിസ്റ്റർ മിഥുൻ മേനോൻ, ഐ തിങ്ക് യു ആർ ഇൻ ലവ്.... " അവൻറെ ഉള്ളിൽ മറഞ്ഞിരുന്ന ആ സത്യത്തെ അവൻ തിരിച്ചറിഞ്ഞു..! ......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story