വേനൽമഴ...🍂💛: ഭാഗം 36

venal mazha

രചന: റിൻസി പ്രിൻസ്‌

" മിസ്റ്റർ മിഥുൻ മേനോൻ, ഐ തിങ്ക് യു ആർ ഇൻ ലവ്.... " അവൻറെ ഉള്ളിൽ മറഞ്ഞിരുന്ന ആ സത്യത്തെ അവൻ തിരിച്ചറിഞ്ഞു..! ആ സത്യത്തെ തള്ളുവാനും കൊള്ളുവാനും കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു ആ നിമിഷം മിഥുൻ... ഇനിയും ഒരു പ്രണയം നഷ്ടം അത് തന്നെ പൂർണമായി തകർക്കുമെന്ന് അവന് ഉറപ്പായിരുന്നു... അത്രമേൽ പ്രണയിച്ചിരുന്നു, ഇനി ഒരിക്കലും പ്രണയത്തിൻറെ ഒരു തരളിതഭാവം പോലും തന്നിലുണരില്ലെന്നായിരുന്നു ഇത്രയും കാലം വിചാരിച്ചിരുന്നത്... അത് തന്നിൽ നിന്നും അകന്നിട്ട് എത്രയോ നാളുകൾ കഴിഞ്ഞു, അതിനുശേഷം താൻ എത്രയോ സ്ത്രീകളെ കണ്ടു,അവരോടൊന്നും തോന്നാത്ത ഒരു പ്രത്യേകതയാണ് ഈ പെൺകുട്ടിയിൽ തനിക്ക് തോന്നിയത്, അവളുടെ ഓരോ പ്രവർത്തികളും തന്നെ അവളുടെ ആരാധകൻ ആക്കുകയായിരുന്നു...! എവിടെയൊക്കെയോ അമ്മയെ താൻ ഓർക്കുന്നു, അമ്മയുടെ പ്രവർത്തികളുമായി അവൾക്ക് എന്തൊക്കെയോ സാമ്യതകൾ ഉള്ളതുപോലെ... ഏതൊരു പുരുഷന്റെയും ജീവിതത്തിലെ ആദ്യത്തെ സ്ത്രീ സാന്നിധ്യം എന്ന് പറയുന്നത് അവൻറെ അമ്മയാകും, തുടർന്നുള്ള ജീവിതത്തിൽ അവൻ എപ്പോഴും തിരയുന്നത് അമ്മയെ പോലെയുള്ള ഒരു സ്ത്രീയെ തന്നെയായിരിക്കും...

പലപ്പോഴും പങ്കാളികളെ തിരഞ്ഞെടുക്കുമ്പോൾ ഓരോ പുരുഷന്മാരുടെയും മനസ്സിലെ സങ്കല്പം സ്വന്തം അമ്മതന്നെയായിരുന്നു, അത്‌ മാത്രം അല്ല ആകർഷിക്കപ്പെടാൻ ഉള്ള കാരണം. എവിടെയൊക്കെയോ അവൾ തന്റെ ഹൃദയത്തിൽ വേര് പിടിച്ചിരുന്നു, അവളുടെ ചില പ്രവർത്തികൾ, താൻ ആഗ്രഹിച്ച സങ്കല്പങ്ങളിലുള്ളവളായിരുന്നു എന്ന് തോന്നിപ്പിച്ചു. ഒരു പക്ഷെ കാലം തനിക്കുവേണ്ടി കാത്തുവെച്ചത് ആണോ അവൾ..? എല്ലാം ഒരു നിമിത്തമാണ്, അങ്ങനെ പല ചോദ്യങ്ങൾ അവൻറെ മനസ്സിൽ ഓടി നടന്നു. ഹൃദയം നീറ്റുന്ന പ്രണയം അത് അവനെ വല്ലാത്തൊരു അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചു.... ഉള്ളിൽ തിങ്ങിനിറയുന്ന പ്രണയത്തെ തള്ളാനും കൊള്ളാനും പറ്റാതെ അവൻ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തി, തനിക്ക് തോന്നിയത് അവൾക്ക് തന്നോട് തിരിച്ചു തോന്നിയില്ലെങ്കിലോ..?ഒരിക്കൽ കൂടി ജീവിതം തന്നെ വിഡ്ഢി ആക്കിയാൽ..?താലികെട്ടിയവനോട് തോന്നിയ ഒരു ബഹുമാനം മാത്രമാണ് അവൾ തനിക്ക് തരുന്നതെങ്കിലും അവിടെ വീണ്ടും തൻറെ ഹൃദയ മുറിവേൽക്കുകയും ചെയ്യും... ഇന്നോളം താൻ സ്നേഹിച്ചവരെല്ലാം വലിയ വേദനകൾ മാത്രമാണ് തനിക്ക് സമ്മാനിച്ചിട്ടുള്ളത്, ഇതും മറ്റൊരു അനുഭവം ആവില്ലെന്ന് ആര് കണ്ടു.?

ഭയമായിരുന്നു അവനെ പിന്നോട്ട് വരിഞ്ഞത്, എങ്കിലും ഉള്ളിന്റെ ഉള്ളിൽ സരയു എന്ന ചിത്രത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല. അതുതന്റെ ഹൃദയത്തിലേക്കാണ് പതിഞ്ഞത് എന്ന് മനസ്സിലായി. അപ്പോഴേക്കും അവൾ വന്നിരുന്നു, ചെറുപുഞ്ചിരി അവൾക്ക് നൽകി അവളുടെ കയ്യിൽ നിന്നും കരിക്ക് വാങ്ങി, അറിയാതെ വിരലുകൾ തമ്മിൽ ഒന്നു സ്പർശിച്ചു..! ഒരു നിമിഷം മിഥുനൊരു അനുഭൂതിയിലേക്ക് ചാഞ്ഞു..! ഇതിനു മുൻപേ അവളോട് തോന്നാത്ത ഒരു പ്രത്യേകതരം ഇഷ്ടം അവനു തോന്നി, ഇന്നുവരെ മോശമായ രീതിയിൽ ഒരു സ്ത്രീയെയും സ്പർശിച്ചിട്ടില്ല, അവളുടെ ഒരു സ്പർശം പോലും മറ്റെന്തൊക്കെയോ അനുഭൂതികൾ തന്നിൽ നിറയ്ക്കുന്നത് അവൻ അറിഞ്ഞു... വീണ്ടുമൊരു പ്രണയവല്ലരി കൂടി തന്റെ ഉള്ളിൽ തളിർക്കുന്നത് മിഥുൻ അറിഞ്ഞു, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരുവൾക്കുവേണ്ടി, വിധി എന്തൊരു മായാജാലക്കാരൻ ആണ്. തന്നെ വല്ലാതെ വലയ്ക്കുകയാണ്. ഓരോ നിമിഷവും തന്നിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ജീവിതത്തിൽ ഇനിയുള്ള കാലഘട്ടം മുഴുവൻ എന്നും ശിഖയിൽ ആണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്തിൽ നിന്നും തന്നെ ഏകാന്തതയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട വിധി ഇന്ന് തന്നെ മറ്റൊരു വഴിയിലൂടെ വീണ്ടും പ്രണയം ജ്വലിപ്പിച്ച് നിർത്തുന്നു.

എവിടെയാണ് ജീവിതം തന്നെ കൊണ്ടെത്തിക്കുന്നത്. അവനും അറിയില്ലായിരുന്നു ഒന്നും, ഒരുപക്ഷേ വിധിയുടെ ഈ ഒരു മായാജാലം അവന് ഇഷ്ടമായിരുന്നു. അത്രമേൽ നിർമ്മലമായ പെണ്ണിൻറെ മുഖം അവൻറെ മനസ്സിൻറെ ഓരോ ഭിത്തിയിലും മായ്ക്കാൻ സാധിക്കാത്തവിധം പതിഞ്ഞു പോയിരുന്നു ആ മുഖം "ആദ്യം കോളേജിൽ പോകുന്നോ അതോ വീട്ടിൽ പോകുന്നോ..? മിഥുൻ ചോദിച്ചപ്പോൾ വീട് എന്ന ഉത്തരമായിരുന്നു മനസ്സിൽ വന്നതെങ്കിലും കോളേജിലെ സമയം കഴിഞ്ഞു പോയാലോ എന്ന ഭയത്തിൽ അവൾ കോളേജിൻറെ പേര് പറഞ്ഞു, കോളേജിൻറെ മുറ്റത്ത് മിഥുന്റെ ആഡംബര വാഹനം വന്നപ്പോൾ അവിടെയുണ്ടായിരുന്ന ആളുകൾ എല്ലാം ഒന്ന് നോക്കി ഇരുന്നു, ഒരു നിമിഷം മിഥുന് അവൻറെ കോളേജ് ജീവിതം ഓർമ്മ വന്നു, എല്ലാ കലാലയങ്ങളും പറയാനുണ്ടാവുക ഒരുപാട് കഥകൾ ആണ്. എന്തിന് ആ മുറ്റത്തു നിൽക്കുന്ന വാകചുവപ്പിനു പോലും ഉണ്ടാകും ഒരുപാട് കാര്യങ്ങൾ പറയാൻ, ഓരോ പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥകൾ പറയാനുണ്ടാകും, സൗഹൃദങ്ങളുടെ അലയൊലികളുടെ കഥകൾ പറയാനുണ്ടാകും, അവൻ പ്രിൻസിപ്പാലിനെ വിളിച്ചപ്പോൾ അദ്ദേഹം മറ്റൊരു വഴി പറഞ്ഞു കൊടുത്തു, അതുവഴിയാണ് മിഥുനും സരയുവും അകത്തേക്ക് കയറിയത്...

ആരും കാണാതെ അകത്തേക്ക് കയറുവാൻ ശ്രമിച്ചെങ്കിലും ഓരോരുത്തർ കണ്ടുതുടങ്ങിയിരുന്നു. ഓരോരുത്തരും പറഞ്ഞത് കോളേജിൽ മുഴുവൻ എത്തുകയും ചെയ്തു, പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഏതാണ്ട് എല്ലാ കാര്യങ്ങളും ശരിയാക്കി തിരിച്ചിറങ്ങിയപ്പോൾ ഒരു കോളേജ് മുഴുവൻ മിഥുനെ കാത്തു നിൽക്കുകയാണ്, അവരെ നിരസിക്കാൻ തോന്നിയില്ല അവന്... തന്നോടുള്ള സ്നേഹം കൊണ്ടല്ലേ, തന്റെ ആരാധകരെ എന്നും നെഞ്ചോടു ചേർത്തുപിടിക്കുന്ന വ്യക്തി തന്നെയായിരുന്നു മിഥുൻ... അവർക്ക് തനിക്ക് ചെയ്യാൻ സാധിക്കുന്നത് ഒരു പുഞ്ചിരിയോ ഒരു സെൽഫിയോ ഒരു ഓട്ടോഗ്രാഫ് ആണ്.. ഒന്നും പ്രതീക്ഷിക്കാതെ തന്റെ ചിത്രങ്ങൾ വിജയമാകുന്ന ഒരുപറ്റമാളുകൾ, അവൻ എല്ലാവർക്കും നേരെ കൈവീശി, തിരികെ വണ്ടിയിലേക്ക് കയറുന്നതിനു മുൻപും നിരവധി പേർ അവനെ പൊതിഞ്ഞിരുന്നു, ഒരു വിധത്തിലാണ് അവൻ അകത്തേക്ക് കയറിയത്, ആ സമയത്തും സരയുവിന്റെ കൈകൾ അവൻ മുറുകെ പിടിച്ചിരുന്നു... അവളും ഈ കാഴ്ചകണ്ട് അത്ഭുതപ്പെട്ടു പോയിരുന്നു, ഇന്നുവരെ കോളേജിൽ ഒരു പ്രത്യേകതകളും ഇല്ലാത്ത ഒരു പെൺകുട്ടി..! ആരും അധികം നോക്കുകപോലും ചെയ്യാത്തവൾ... അവൾ ഇന്ന് അഭിമാനത്തോടെ ഈ കോളേജിലെ മുറ്റത്ത് വന്നിറങ്ങിയത്,

അവൻ ഒപ്പം തന്നെ അവളെ കാണുവാനും ആളുകൾ തടിച്ചുകൂടിയത് അവൾ കണ്ടിരുന്നു... ഇന്നുവരെ ആരും ശ്രദ്ധിക്കാത്ത തന്നെ ആളുകൾ നോക്കുന്നു അതിനുപിന്നിൽ ഈ ഒരുവന്റെ കഴിവാണ് എന്നറിയാം, എങ്കിലും സാരയുവിന്റെ ഉള്ളിൽ ഒരു കൗതുകം ജനിപ്പിച്ചിരുന്നു, " കണ്ണേട്ടൻ എവിടെയും പോകാൻ പറ്റില്ലല്ലോ...? " ഞാൻ പൊതുവെ അങ്ങനെ എവിടെയും പോകാറില്ല..? " ഇതിപ്പോൾ ഈ കാര്യത്തിന് ഞാൻ വന്നില്ലെങ്കിൽ പ്രിൻസിപ്പൽ എന്ത് വിചാരിക്കും, ഭാര്യയുടെ കാര്യത്തിന് ഭർത്താവ് എത്തണ്ടേ...? ആ വാചകങ്ങൾ രണ്ടുപേരുടെയും ഹൃദയത്തിൽ ഒരു കുളിർമ തന്നെ നിറച്ചിരുന്നു. വീടിൻറെ പടിവാതിൽക്കൽ വാഹനം എത്തിയപ്പോൾ സരയുവിന്റെ സന്തോഷം മനസ്സിൽ നിന്നും പുറത്തേക്ക് വരാൻ തുടങ്ങി... എത്ര സൗകര്യത്തിൽ എവിടെപ്പോയാലും വീട്ടിലേക്കുള്ള യാത്രകൾ എന്നും മനോഹരമാണ്, അവിടെ എത്തുമ്പോൾ നമ്മൾ കുട്ടിയാണ്..! വലിയ ആവേശത്തോടെ അവൻറെ മുഖത്തേക്ക് അവൾ നോക്കി...! " ഓടിച്ചാടി പോകുന്നതിനു മുൻപ് പുറകിലിരിക്കുന്ന സാധനങ്ങളും കൂടി എടുക്കണം..! ചെറു ചിരിയോടെ അവൻ പറഞ്ഞു...

" സാധനങ്ങളോ...? മനസിലാകാതെ അവൾ ചോദിച്ചു... ",ഇവിടേക്ക് വരുമ്പോൾ എന്തെങ്കിലും വാങ്ങണ്ടേ ഞാൻ ഇന്നലെ തന്നെ ആവശ്യമുള്ളത് എല്ലാം വാങ്ങി വെച്ചിരുന്നു, തന്നോട് പറഞ്ഞാൽ പിന്നെ താൻ വില നോക്കി സാധനങ്ങൾ എടുക്കു, അതുകൊണ്ട് ഞാൻ എല്ലാം മാനേജരെ കൊണ്ട് വാങ്ങിപ്പിച്ചിരുന്നു, എല്ലാവർക്കും ഉള്ള സാധനങ്ങൾ ഉണ്ട്. " ഒരുപാട് കാശ് ആയില്ലേ...? വേണ്ടിയിരുന്നില്ല കണ്ണേട്ടാ...വിവാഹസമയത്ത് വാങ്ങിയത് ഒക്കെ ഉണ്ടല്ലോ..! മടിയോടെ അവൾ പറഞ്ഞു... " സ്നേഹബന്ധങ്ങൾക്ക് വില നിശ്ചയിക്കരുത് സരയു... അവൻറെ ആ വാക്കുകളിൽ അത്ഭുതം പൂണ്ടവൾ അറിയാതെ അവന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു... ഒളിപ്പിച്ചു വച്ചൊരു അനുരാഗത്തിന്റെ ഏട് മറച്ചു പിടിക്കാൻ അവൻ ചിരിയുടെ ആവരണം അണിഞ്ഞു.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story