വേനൽമഴ...🍂💛: ഭാഗം 38

venal mazha

രചന: റിൻസി പ്രിൻസ്‌

ദയനീയതയോടെ അവൻറെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു...അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... അവന്റെ ഹൃദയം നൊന്തു.. പിന്നെ മിഥുനോന്നും നോക്കിയില്ല അവളെ കോരിയെടുത്തു...അവന്റെ ചുടുനിശ്വാസം മുഖത്തടിച്ചപ്പോൾ ഒരു നിമിഷം സരയുവിന്റെ നെഞ്ചിൽ കൂടി ഒരു മിന്നൽപിണർ കടന്നുപോയി.... മിഴികൾ തമ്മിൽ കോർത്തുപോയി... അവളുടെ കണ്ണുകളിൽ അവിശ്വസനീയതയുടെ ഒരു തിരിനാളം എരിഞ്ഞു നിൽക്കുന്നത് അവൻ അറിഞ്ഞിരുന്നു... അത് മുഖവിലക്കെടുക്കാതെ അവൻ അവളെ ഒന്ന് തിരുത്തിയിരുന്നു, ആ നിമിഷമാണ് രാഘവനും അവിടേക്ക് കയറി വന്നത്.... "അയ്യോ എന്തു പറ്റി മോളെ...? ഈ കാഴ്ച കണ്ടു കൊണ്ട് വന്ന രാഘവൻ അവർക്കരികിലേക്ക് വന്നു... " ഒന്നുമില്ല രാഘവാ... കാൽ ഒന്ന് ഇടറി എന്ന് തോന്നണു.... മുത്തശ്ശിയാണ് മറുപടി പറഞ്ഞത്... " ഹോസ്പിറ്റലിൽ പോകാം... അവളുടെ മുഖത്തേക്ക് നോക്കി മിഥുൻ പറഞ്ഞു... " ഇവിടുന്ന് ആശുപത്രിയിലേക്ക് പോകാൻ ഒരുപാട് ദൂരം ഉണ്ട് മോനെ.... മാത്രമല്ല കുട്ടിയുടെ കാലിടറിയാ സ്ഥിതിക്ക് നീര് വെക്കാൻ സാധ്യതയുണ്ട്, ഞാൻ തൽക്കാലം അപ്പുറത്തുള്ള വൈദ്യന്റെ വീട്ടിൽ ഒന്ന് പോയിട്ട് വരാം.... അയാളോട് കാര്യം പറഞ്ഞു എന്തെങ്കിലും മരുന്ന് വാങ്ങിയിട്ട് വരാം....

അല്ലെങ്കിലും ഇത്തരം കാര്യങ്ങൾക്ക് നാട്ടുവൈദ്യം തന്നെയാണ് നല്ലത്.... രാഘവനാണ് പറഞ്ഞത്. " ഞാനും കൂടി വരാം... അച്ഛൻ ഒറ്റയ്ക്ക് പോണ്ടാ, " വേണ്ട മോനേ... ഞാൻ ഓടിവരാം.. അതും പറഞ്ഞ് രാഘവൻ പുറത്തേക്കിറങ്ങിരുന്നു... " കാൽ തൂക്കി ഇടാതെ ഇരിക്കുക കുട്ടിയെ... മുത്തശ്ശി ആണ് പറഞ്ഞത്... അത്‌ അനുസരിച്ച് മിഥുൻ തന്നെയാണ് അവളുടെ കാല് ഒരു കസേരയുടെ മുകളിലേക്ക് എടുത്തു വെച്ചത്,കാലിൽ നീര് കയറുന്നത് ഒരു ഭയത്തോടെയാണ് മിഥുന് കണ്ടത്... കാരണം അവനതെല്ലാം പുതിയ കാഴ്ചകൾ ആയിരുന്നു.... അവൻറെ മുഖത്തെ ആവലാതി കണ്ടിട്ട് എന്നതുപോലെ മുത്തശ്ശി പറഞ്ഞു, " ചെറിയ കാര്യമാണ് കുട്ട്യേ.... ഒരു ദിവസത്തിന് ശേഷം ശരിയായിക്കോളും.... " ഹോസ്പിറ്റലിൽ പോകുന്നത് ആയിരുന്നു നല്ലത്.... മിഥുൻ പറഞ്ഞു.. " ഇവിടെ അതുവരെ ഒരുപാട് ദൂരമുണ്ട് കുട്ടിയെ... അപ്പോഴേക്കും കാലിലെ നല്ലപോലെ ആകും... നിലത്ത് കുത്താൻ പാടില്ല... രാമൻ വൈദ്യർ എന്ന് വെച്ച് നല്ല കൈപ്പുണ്യം ഉള്ള ആളാ, എല്ലാവർക്കും ആയുർവേദം പുച്ഛമാണ്, പക്ഷേ അല്പം പതുക്കെയാണെങ്കിലും നന്നായി പിടിക്കണത് അത്‌ തന്നെയാ... ഇപ്പോൾ രാഘവൻ എന്തെങ്കിലും മരുന്ന് കൊണ്ടുവരും... അതോടെ കുട്ടിയുടെ കാലിലെ നീര് ഒക്കെ മാറും, പേടിക്കാതിരിക്ക്... മുത്തശ്ശി പറഞ്ഞു...

" എനിക്ക് കുറച്ച് വെള്ളം വേണം മുത്തശ്ശി.... സരയു പറഞ്ഞപ്പോഴേക്കും മുത്തശ്ശി വെള്ളം എടുക്കാൻ വേണ്ടി പോയി... അവളുടെ മുഖത്തേക്ക് അലിവോടെ അവനൊന്നു നോക്കി, " എങ്ങനെയാണ് താൻ വീണത്... ഇപ്പൊ എന്താ മാങ്ങ തിന്നാൻ ഒരു മോഹം...? അൽപ്പം പരിഭവത്തോടെ തന്നെ അവൻ ചോദിച്ചു... " മാങ്ങ എനിക്ക് കഴിക്കാൻ വേണ്ടി ആയിരുന്നില്ല, കണ്ണേട്ടന് മാമ്പഴപ്പുളിശ്ശേരി ഇഷ്ടമാണെന്ന് ലക്ഷ്മിയമ്മ പറഞ്ഞു... അപ്പൊ ഉണ്ടാക്കാം എന്ന് കരുതിയാണ്, ഒരു നിമിഷം അവളുടെ ആ വെളിപ്പെടുത്തലിൽ അവനും അത്ഭുതപെട്ടു... തനിക്ക് പ്രിയപ്പെട്ട വിഭവം ഉണ്ടാക്കുവാൻ വേണ്ടി ആണല്ലോ അവൾ ഈ സാഹസത്തിന് ഒരുങ്ങിയത് എന്ന് അറിഞ്ഞ നിമിഷം ഒരേസമയം അവൻറെ ഉള്ളിൽ സന്തോഷവും വേദനയും നിറഞ്ഞു... "ഈ ഒരു കാര്യതിനു വേണ്ടിയായിരുന്നോ താൻ ഇത്ര ബുദ്ധിമുട്ടിയത്..? അത്ഭുതത്തോടെ ചോദിച്ചു അവൻ.. അപ്പോഴേക്കും വാതിൽക്കൽ പഴയ കാലത്തെ ഓർമിപ്പിക്കുന്ന രീതിയിൽ ഒരാൾ എത്തി ഒപ്പം രാഘവനും.. അതാണ് വൈദ്യൻ എന്ന് അവനെ തോന്നിയിരുന്നു...

അയാൾ തന്നെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോൾ ആ അവസ്ഥയിലും അവന് ചിരിയാണ് വന്നത്... അയാൾ സരയുവിന്റെ കാലുകളിൽ പിടിച്ചു നോക്കുകയും ഞെക്കുകയും ചെയ്യുന്നുണ്ടായിരുന്നു, ആ നിമിഷം അവളുടെ മുഖം ചുളിയുന്നതും വേദനകൾ കണ്ണുകൾ നിറയുന്നതു കണ്ടപ്പോൾ അവൻ വേദന അറിഞ്ഞു, ഇത്രമേൽ തീവ്രമായി മാറിയോ ഇത്ര പെട്ടന്ന് ഈയൊരു അനുരാഗമെന്നു അവനും ചിന്തിക്കുകയായിരുന്നു. അവളുടെ വേദനയിൽ അവളേക്കാൾ കൂടുതൽ താൻ വേദനിക്കുന്നുണ്ട് എങ്കിൽ അവളുടെ നോവുകൾ അവളെക്കാൾ കൂടുതൽ തന്നെ നൊമ്പരപ്പെടുത്തുന്ന ഉണ്ടെങ്കിൽ അതല്ലേ യഥാർത്ഥ പ്രണയം...? അതിന്റെ ആഴവും പരപ്പും അറിയുകയായിരുന്നു ആ നിമിഷം അവൻ... " ചെറുതായിട്ട് ഒന്ന് ഇടറി.. കാര്യമായ പ്രശ്നങ്ങളൊന്നുമില്ല, അത് നേരത്തോട് നേരം ആകുമ്പോൾ മാറിക്കോളും, ഇന്ന് മുഴുവൻ കാൽ തൂക്കി ഇടാതെ വച്ചിരുന്നാൽ മതി.. പിന്നെ ഞാനൊരു അത് ഒരു നാല് മണിക്കൂർ കൂടുമ്പോൾ തേച്ചുപിടിപ്പിക്കുവാൻ ഒരു തൈലം തരാം... അത്രയും ചെയ്താൽ മതി, വൈദ്യർ പറഞ്ഞു... അതോടൊപ്പം തന്നെ രാഘവന്റെ കയ്യിലേക്ക് ഒരു തൈലവും കൊടുത്തു... " കാശു ഞാൻ അവിടെ കൊണ്ട് തരാം...

രാഘവൻ മിഥുൻ കേൾക്കാതെ ആണ് പറഞ്ഞതെങ്കിലും അവൻ അത് കേട്ട ഉടനെ തന്നെ അവന്റെ പോക്കറ്റിൽ നിന്ന് വാലറ്റ് എടുത്തു... അതിൽ നിന്നും മൂന്ന് രണ്ടായിരത്തിന്റെ നോട്ട് എടുത്ത് വൈദ്യർക്ക് നേരെ നീട്ടി,അത് കണ്ടതും അയാളുടെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു... " ഇത്രയും ആയിട്ടില്ല... അയാൾ പറഞ്ഞു... " സാരമില്ല ഇരിക്കട്ടെ, ഇവിടെവരെ വന്നതല്ലേ... വീണ്ടും പോവാതെ മിഥുന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന വൈദ്യനെ കണ്ടുകൊണ്ട് ചെറുചിരിയോടെ മിഥുൻ ചോദിച്ചു... " ഇനി എന്തെങ്കിലും മരുന്നുണ്ടോ..? " അതല്ല... ഒരു ഫോട്ടോ...? പേരക്കുട്ടികളെ കാണിക്കാനാ, തന്റെ കയ്യിലിരുന്ന സ്മാർട്ട്ഫോൺ ഉയർത്തിക്കാണിച്ച് വൈദ്യർ അത് പറഞ്ഞപ്പോൾ അറിയാതെ മിഥുൻ ചിരിച്ചു പോയിരുന്നു....എങ്കിലും ഉള്ളിൽ ഒരു നൊമ്പരം നിറഞ്ഞുനിന്നു, അല്ലെങ്കിലും ജനങ്ങൾ ഇങ്ങനെയാണ്.. നമ്മുടെ വിഷമങ്ങൾ ഒന്നും അവർക്ക് അറിയേണ്ട കാര്യമില്ല, സ്മാർട്ട് ഫോൺ എന്ന് പറയാൻ പോലും പറ്റാത്ത ഐറ്റലിന്റെ ക്ലാരിറ്റി കുറഞ്ഞ ക്യാമറയിൽ അയാൾക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുമ്പോഴും മിഥുന്റെ ഉള്ളിൽ നിറയെ സരയുവിന്റെ മുഖമായിരുന്നു... ഫോട്ടോയും കാശും എല്ലാം കിട്ടി സന്തോഷത്തോടെ അയാൾ മടങ്ങിയപ്പോൾ അവളുടെ അരികിലേക്ക് എത്താനായിരുന്നു മിഥുന് തിരക്ക്... അപ്പോഴേക്കും മുത്തശ്ശി കാല് തിരുമി തുടങ്ങിയിരുന്നു... വേദനകൊണ്ട് ഇടയ്ക്കിടെ അവളുടെ മുഖത്ത് പല ഭാവം നിറയുന്നു....

" മോനൊരു ബുദ്ധിമുട്ട് ആയല്ലേ.... രാഘവനാണ് ചോദിച്ചത് " ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ അച്ഛാ... നമ്മൾ നേരത്തെ കൂട്ടി കാണുന്നതല്ലല്ലോ ഇതൊക്കെ... അപകടങ്ങൾ ഒക്കെ സംഭവിച്ചു പോകുന്നതല്ലേ... മാത്രമല്ല സരയു എനിക്കിഷ്ടപ്പെട്ട ഒരു വിഭവത്തിന് വേണ്ടി വാങ്ങിയ പണിയാണ് ഇത്‌.... "അതൊക്കെ പോട്ടെ, കുട്ടികൾ ഒന്നും കഴിച്ചില്ലല്ലോ ചോറ് എടുത്തിട്ട് വരാം ഞാൻ... മുത്തശ്ശിയാണ് പറഞ്ഞത്... " കുറച്ചു കഴിയട്ടെ മുത്തശ്ശി... മിഥുൻ പറഞ്ഞു.... ഒരു നിമിഷം അവർക്ക് സംസാരിക്കാൻ എന്തെങ്കിലും കാണും എന്ന് കരുതി രാഘവനും മുത്തശ്ശിയും അവിടെ നിന്നും മാറി കൊടുത്തിരുന്നു.. അവൾക്ക് അരികിലേക്ക് ഇരുന്ന് ആ മുഖത്തേക്ക് നോക്കി ഏറെ ആർദ്രമായി അവൻ ചോദിച്ചു... " നല്ല വേദനയുണ്ടോ...? " ഏയ്‌.... സാരല്ല്യ...! അച്ഛൻ പറഞ്ഞപോലെ കണ്ണേട്ടൻ ഒരു ബുദ്ധിമുട്ട് ആയല്ലോന്ന് സങ്കടം മാത്രമേ എനിക്ക് ഉള്ളു... " അച്ഛനോട് പറയാനുള്ളതേ തന്നോടും പറയാൻ ഉള്ളു... ബുദ്ധിമുട്ട് അല്ലെടോ സങ്കടമാണ് തോന്നുന്നത്, ആ സമയം കൊണ്ട് മുത്തശ്ശി മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി കഴിഞ്ഞിരുന്നു.... മാമ്പഴ പുളിശ്ശേരിയുടെ ഗന്ധം ഉമ്മറക്കോലായിൽ വരെ എത്തി, അത് കൃത്യമായി മിഥുന്റെ നാസികയുടെ ഉള്ളിലേക്ക് ഇരച്ചു കയറി വരികയും ചെയ്യും.... കുറെ കാലങ്ങൾക്ക് മുൻപുള്ള ഒരു വൈകുന്നേരമാണ് അവനു ഓർമവന്നത്... അമ്മയ്ക്കൊപ്പം കളി പറഞ്ഞു മാമ്പഴ പുളിശ്ശേരിയും ചോറും കഴിക്കുന്ന ഒരു ചിത്രം.. നിറം മങ്ങി തുടങ്ങിയ ചിത്രം...

എന്നാൽ ഇപ്പോൾ വീണ്ടും മങ്ങിത്തുടങ്ങിയ നിറങ്ങൾക്ക് ചെറിയ തെളിച്ചം വന്നിരിക്കുന്നു, ഇത് ജീവിതത്തിൽ തനിക്ക് വരുന്ന വസന്തം ആണോന്ന് ഓർത്ത് പോയിരുന്നു അവൻ... " കഴിക്കാൻ എടുക്കട്ടെ കുട്ടികളേ... മുത്തശ്ശിയാണ് വന്നു ചോദിച്ചത്, " സരയുവിന് ഇങ്ങോട്ട് കൊണ്ടിരുന്നല്ലെ കഴിക്കാൻ പറ്റു, കാല് തൂക്കിയിട്ടിരിക്കണ്ടന്നല്ലേ വൈദ്യർ പറഞ്ഞത്....അപ്പോൾ പിന്നെ ഞാൻ ഇവിടെ നിന്ന് കഴിക്കാം.... മിഥുൻ പറഞ്ഞപ്പോൾ മുത്തശ്ശിയുടെയും രാഘവന്റെയും മനസ് നിറഞ്ഞിരുന്നു... അന്ന് പതിവില്ലാതെ മിഥുൻ നന്നായി ചോറ് കഴിച്ചു... കുറെ വർഷങ്ങൾക്കു ശേഷമാണ് ഈ നാടൻരുചി, കുറേ നാളുകളായി തന്നെ തന്റെ ഡയറ്റിൽ ജ്യൂസും ചപ്പാത്തിയും ഒക്കെയാണ് ഉച്ചനേരം വാഴുന്നത്... വീണ്ടും ഒരു നാടൻ കാലം അവനു ഓർമ്മ വന്നു.... മുത്തശ്ശിയുടെ കൈപ്പുണ്യത്തിനെ അവൻ ആവോളം പുകഴ്ത്തിയപ്പോൾ ആ ചുളിവു വീണ മുഖത്ത് ഒരു തെളിച്ചം വരുന്നത് കണ്ടു.... കുറച്ചു സമയങ്ങൾക്കു ശേഷം കുഞ്ഞിയും എത്തി... രണ്ടു പേരെയും കണ്ട് വലിയ സന്തോഷമായിരുന്നു അവൾക്ക് എങ്കിലും സരയുവിന്റെ വേദന അവളുടെ മനസ്സ് വേദനിച്ചു... എങ്കിലും അവൾക്ക് മിഥുൻ ഒരു കൗതുകമായിരുന്നു... താൻ ഒരുപാട് ആരാധിച്ച ഒരു നടൻ, ചേച്ചിയുടെ ഭർത്താവ് ആണെങ്കിൽ പോലും ഇത്ര കാലം ഇങ്ങനെ സംസാരിച്ചിട്ടില്ല...

അപ്പോഴേക്കും മിഥുന് മറ്റൊരാളായി മാറിയിരുന്നു... ആ വീട്ടിലെ ഒരംഗത്തെ പോലെ... ഏലക്ക മണമുള്ള ചായയുമായി വൈകുന്നേരം മുത്തശ്ശി എത്തിയപ്പോഴാണ് സരയു ഉറക്കം ആണെന്ന് പോലും അറിയുന്നത്, ക്ഷീണം കൊണ്ട് ആയിരിക്കും എന്ന് അവനു തോന്നി... ആ സമയത്ത് അവൻ മുറിയിലേക്ക് പോയി അമ്മയെ കണ്ടു, അമ്മയോട് സരയു വീണ കാര്യങ്ങളെല്ലാം അവൻ പറയുകയും ചെയ്യുന്നുണ്ട്.. ഒന്നും മറുപടി പറഞ്ഞില്ല എങ്കിലും എല്ലാം മനസ്സിലാകുന്നുണ്ട് എന്ന് ആ മുഖത്ത് നിന്ന് വ്യക്തമായിരുന്നു... കൈ പിടിച്ചാണ് സംസാരിച്ചത്, ജീവിതപ്രയാസങ്ങൾ കൊണ്ട് നിറം മങ്ങിയ ഒരു വീടിന് നിറച്ചാർത്തണിയിക്കാൻ അവനു സാധിച്ചിരുന്നു.... ശേഷം സരയുവിന്റെ അരികിലേക്ക് നിന്നു.....അപ്പോഴാണ് മാനേജരുടെ കോൾ വന്നത്, നാളെ ഒരു പ്രസ് മീറ്റ് ഉണ്ട് ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി... അതിനെപ്പറ്റി ചോദിക്കാൻ ആണ് വിളിച്ചത്, തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു... " എനിക്കിപ്പോൾ ഇന്ന് വരാൻ പറ്റുമോ...?.. സരയു ചോദിച്ചു... " താനിപ്പോൾ ഇന്ന് വരണ്ട...! ഞാൻ പോയിട്ട് നാളെ വൈകുന്നേരം വരാം, "അപ്പോൾ കണ്ണേട്ടൻ പോവാണോ...? ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല, അതോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ... ചോദിച്ചത് അബദ്ധമായോ എന്ന മട്ടിൽ അവൾ മുഖം താഴ്ത്തി കളഞ്ഞു.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story