വേനൽമഴ...🍂💛: ഭാഗം 40

venal mazha

രചന: റിൻസി പ്രിൻസ്‌

കൈയിലേക്ക് തൈലം ഒഴിച്ച് കാലുകളിലേക്ക് അത് പുരട്ടുമ്പോൾ ഒരു നിമിഷം അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ ആഴ്ന്ന് പോയിരുന്നു, ആ നിമിഷം അവളും സർവ്വം മറന്ന് അവനെ തന്നെ നോക്കി പോയി... ഉള്ളിലെ അനുരാഗം പുറത്തേക്ക് വരുമോന്ന് രണ്ടുപേരും ഭയന്നു പോയ നിമിഷങ്ങൾ, കുറേ മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചു നിറഞ്ഞുനിന്ന നോട്ടം, ആ നേത്രങ്ങൾ വാചാലമായിരുന്നു... എന്തൊക്കെയോ പരസ്പരം മോഴിയാൻ ആഗ്രഹിച്ചു,പക്ഷെ വാക്കുകൾ അന്യോന്യം പുറത്തുവന്നില്ല, പെട്ടെന്ന് മാനം കാർമുടി ഒരു ഇരുണ്ട ആവരണം ഭൂമിയെ വലയം ചെയ്തു,മണ്ണിനെ പുൽകി കൊണ്ട് ഒരു "വേനൽമഴ" പെയ്തു, മഴയുടെ ചില ചീളുകൾ പാതി തുറന്നു വച്ച ജനലിലൂടെ ഇരുവരുടെയും മുഖത്തെ ഒന്നു തഴുകി കടന്നുപോയി, മഴത്തുള്ളികൾ മുത്തുകൾ തീർത്ത് അവളുടെ മൂക്കിൽ തുമ്പിലിരുന്ന നിമിഷം അറിയാതെ അവൻ അവളെ ഒന്നു നോക്കി പോയിരുന്നു, താൻ തന്നെ മറന്നു പോകുമെന്ന് അവൻ പ്രതീക്ഷിച്ചു പോയ നിമിഷങ്ങൾ, പൊതുവേ ഇരുൾമൂടിയ ആ വീട് ഒന്നുകൂടി ഇരുളിലേക്ക് മാഞ്ഞു, " എന്താ ഒരു കാലം തെറ്റിയ പെയ്ത്ത് ... മുത്തശ്ശി പറയുന്നത് കേൾക്കാമായിരുന്നു, ഇതുതന്റെ മനസ്സിലെ മാരി ആണെന്ന് പറയണം എന്ന് മിഥുന് തോന്നി... നാളുകളായി വേനൽ മൂടികിടന്ന തൻറെ മനസ്സിൽ ഒരു കുളിർമഴ പെയ്ത പോലെ...!ആ മാരിയുടെ കുളിര് മനസ്സിനെയും അരിച്ചു തുടങ്ങുന്നത് അവനറിഞ്ഞു.... രണ്ടുപേർക്കും വാക്കുകളൊന്നും ലഭിച്ചിരുന്നില്ല...

പരസ്പരം മിഴികൾ കൊണ്ടവർ ഏറെനേരം കഥ പറഞ്ഞു, അവനിൽനിന്നും നോട്ടം അകലാൻ അവളോ അവളിൽ നിന്നും നോട്ടം അകറ്റാൻ അവനോ ആഗ്രഹിച്ചില്ല.... രണ്ടുപേരും മറ്റൊരു ലോകത്തിൽ ആയിരുന്നു, ഒരു മൗനാനുരാഗത്തിന് മാസ്മരികമായ ലോകത്തിൽ, സ്വപ്നങ്ങളുടെ തേരിലേറി നയങ്ങളാൽ ആശയവിനിമയം നടത്തി, അവർ മാത്രമായൊരു ലോകത്ത്... അവർക്ക് മാത്രമറിയാവുന്ന ഒരു ഭാഷയിൽ അവർ എന്തൊക്കെയോ സംസാരിച്ചു, " മെഴുകുതിരി വേണോ കുട്ടികളെ...? മുത്തശ്ശിയുടെ സ്വരമാണ് രണ്ടുപേരെയും യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നത്, ഒരു നിമിഷം രണ്ടു പേരും ഉള്ളിലെ ജാള്യത മറക്കാൻ അല്പം പണിപ്പെട്ടു, "വേണ്ട മുത്തശ്ശി.... മിഥുൻ വിളിച്ചു പറഞ്ഞു.... സരയുവിന് അവന്റെ മുഖത്തേക്ക് പോലും നോക്കാൻ സാധിച്ചിരുന്നില്ല, അപ്പോഴേക്കും മുത്തശ്ശി ഒരു പഴയ റാന്തൽ വിളക്കുമായി വന്നിരുന്നു, ആദ്യമായാണ് ഒരു യഥാർത്ഥ റാന്തൽ വിളക്ക് മിഥുൻ നേരിൽ കാണുന്നത്, ഷൂട്ടിങ്ങിന് മറ്റും പോകുമ്പോൾ ഇങ്ങനെ സെറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്, ഇതിൻറെ വെളിച്ചം അത് ആദ്യമായി ആയിരുന്നു അവൻ നേരിട്ട് കാണുന്നത്.... അത്‌ അവന് കൗതുകമുള്ള ഒരു കാഴ്ചയായിരുന്നു, അപ്പോഴേക്കും അവിടെയുള്ള ഒരു മേശയുടെ പുറത്തേക്ക് മുത്തശ്ശി അത്‌ സ്ഥാപിച്ചു കഴിഞ്ഞിരുന്നു,

" മുത്തശ്ശി കണ്ണേട്ടന് കുളിക്കണം.... അവൻറെ മുഖത്തേക്ക് നോക്കാതെ അവളത് പറഞ്ഞു, " ഈ മഴ ഒന്ന് കഴിഞ്ഞോട്ടെ കുട്ട്യേ.... പുതുമഴയാണ് ഇടിവെട്ടോ വല്ലോം ഉണ്ടോന്ന് നോക്കിട്ട് മതി.....കുട്ടിക്ക് ഇവിടെയുള്ള സൗകര്യത്തിൽ കുളിച്ച് ശീലം ഒന്നും ഉണ്ടാവില്ല, ചൂട് വെള്ളം വല്ലതും വേണമെങ്കിൽ ഞാൻ അത് വേഗം ഉണ്ടാക്കാം, നാടൻ ശൈലിയിലുള്ള അവരുടെ സംസാരം അവന് വല്ലാതെ ഇഷ്ടമായിരുന്നു.... " വേണ്ട മുത്തശ്ശി...! അങ്ങനെ ചൂടുവെള്ളത്തിൽ കുളിച്ചുള്ള ശീലം ഒന്നുമില്ല, തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ആണ് പണ്ടുമുതലേ ഇഷ്ടം, നിമിഷനേരം കൊണ്ട് തന്നെ മഴ മാറുകയും മാനം തെളിയുകയും ചെയ്തു, എത്രപെട്ടെന്നാണ് പ്രകൃതി മാറി പറയുന്നത്, ഒരു ദിവസം തന്നെ എന്തൊക്കെ മാറ്റങ്ങൾ ആണ് പ്രകൃതിയിൽ ഉണ്ടാകുന്നത്, മനുഷ്യൻറെ മനസ്സും ഇങ്ങനെയല്ലേ.? ചിലപ്പോഴൊക്കെ കാർമുടി മറ്റുചിലപ്പോൾ അത്‌ പ്രകാശത്തിന് വഴിമാറുന്നു, നിമിഷനേരംകൊണ്ട് ഇരുൾ വെളിച്ചത്തിന് വഴിമാറുന്നു, ചിരിയോടെ അവൻ പുറത്തേക്ക് പോയി, കാറിൽ നിന്നും ഒരു ട്രാക്ക് സ്യൂട്ടും ബനിയനും എടുത്തു അതിനുശേഷം മുത്തശ്ശി കാണിച്ചുതന്ന കുളിമുറിയിലേക്ക് കയറി, തണുത്തവെള്ളം എന്ന് പറഞ്ഞെങ്കിലും അത്രയും തണുത്ത വെള്ളത്തിൽ ആദ്യമായി കുളിക്കുകയായിരുന്നു മിഥുൻ,

വളരെ അധികം തണുപ്പുള്ള വെള്ളം, കുറച്ചു മുൻപ് അവളുടെ മിഴികളിൽ നിറഞ്ഞുനിന്ന ഭാവത്തിന്റെ അർത്ഥം തിരയുകയായിരുന്നു അപ്പോഴും അവൻ... കണ്ണിമ പോലും ചിമ്മാതെ തന്നെ നോക്കിയിരുന്നു ഒരു പെണ്ണ്....! എന്തായിരിക്കും അതിന് കാരണം.? തനിക്ക് അവളോട് തോന്നുന്നത് പോലെയൊക്കെ അവൾക്കും തന്നോട് തോന്നുന്നുണ്ടായിരിക്കുമോ.? ആ നിമിഷം അങ്ങനെ ഒരു സംശയം അവൻറെ മനസ്സിൽ വരാതിരുന്നിരുന്നില്ല എങ്കിലും അത് ചിലപ്പോൾ തന്റെ തോന്നൽ മാത്രമാണെങ്കിൽ എന്ന് സംശയിച്ചു, സരയുവിനെ മനസ്സിലാക്കിയ ദിവസങ്ങൾ കൊണ്ടുതന്നെ അവൾ അങ്ങനെ ചിന്തിക്കില്ല എന്ന് ഉറപ്പായിരുന്നു, കാരണം എല്ലാത്തിലുമുപരി അവൾ ചിന്തിക്കുന്നത് അവളുടെ സ്ഥാനത്ത് പറ്റി ആയിരിക്കും, സ്വയമേ ചെറുതാവാൻ ആഗ്രഹിക്കുന്ന ആളാണ്, അതുകൊണ്ട് തന്നെ അവളുടെ വിദൂര സ്വപ്നങ്ങളിൽ പോലും അങ്ങനെയൊരു ചിന്ത കടന്നു വരില്ല, ഒരു ഭിത്തിക്ക് അപ്പുറം ഇരുന്ന് അവളും ചിന്തിച്ചത് തന്നിൽ വന്നുചേരുന്ന മാറ്റങ്ങളെക്കുറിച്ച് ആയിരുന്നു, എത്ര നിയന്ത്രിച്ചിട്ടും അവന്റെ സാന്നിധ്യത്തിൽ തന്നെ തന്നെ മറന്നുപോകുന്നത് പോലെ, അർഹതയില്ലെന്നു ഒരു നൂറുവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും,

വീണ്ടും വീണ്ടും ഒരു കാന്തം പോലെ തന്നെ ആകർഷിക്കുന്ന അവൻറെ മിഴികൾ, തന്റെ ഉള്ളിലുള്ള രഹസ്യം ചോർത്തി എടുക്കുമെന്ന് അവൾ ഭയന്നു, ഉള്ളിൽ നിറയുന്ന ഇരുളിന്റെ വെളിച്ചം ആണവൻ എന്ന് അവൾക്ക് തോന്നി...! കഴുത്തിൽ തന്നോട് ചേർന്നുകിടക്കുന്ന ലോഹത്തകിട് അവൾ ഒന്ന് നോക്കി, ആ ഒരു പൊടി പൊന്നിനോട് വല്ലാത്ത ഒരു ഇഷ്ട്ടം തോന്നി അവൾക്ക്.... ആദ്യമായി കഴുത്തിലണിഞ്ഞവൻ അഗ്നി സാക്ഷിയായി തൻറെ സീമന്തരേഖ ചുവപ്പിച്ചവൻ... ഒരു താലികെട്ടിയ പേരിൽ ഒരു സിന്ദൂരം അണിഞ്ഞതിൻറെ പേരിലും ഒരാളോട് പ്രണയം തോന്നുമെന്ന് വിശ്വസിക്കാത്ത ആളായിരുന്നു താൻ, പക്ഷേ എപ്പോഴൊക്കെയോ മനസ്സ് മറ്റെന്തൊക്കെയോ ചാപല്യങ്ങൾക്ക് വഴിമാറുന്നു, അത് പ്രണയം ആകല്ലേ എന്നാണ് പ്രാർത്ഥിക്കുന്നത്, പക്ഷേ അതേ എന്ന് വീണ്ടും വീണ്ടും അത് തെളിയിച്ചു തരുന്നു, അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞ് മിഥുൻ അകത്തേക്ക് കയറി വന്നിരുന്നു, "ബുദ്ധിമുട്ടായി അല്ലേ...? അവൻറെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു, " തനിക്ക് എന്നോട് വേറെ ഒന്നും ചോദിക്കാനില്ലേ...? തലയിൽ തൂവർത്തിയ തോർത്ത്‌ അയയിലേക്ക് വിരിച്ചു കൊണ്ട് ചോദിച്ചു, ഒരു ചെറുപുഞ്ചിരി മാത്രം അതിന് അവൾ മറുപടി നൽകി.... "

എപ്പോഴെങ്കിലും ജീവിതത്തിൽ കണ്ണേട്ടൻ വിചാരിച്ചിട്ടുണ്ടോ ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒരു രാത്രി കഴിയേണ്ടി വരും എന്ന്, " ഫിലിമിന് വേണ്ടി ഞാൻ ഒരുപാട് ട്രൈബൽസിനൊപ്പം വരെ ഒരു മാസത്തോളം ജീവിച്ചിട്ടുണ്ട്, അവിടെ യാതൊരുവിധ സൗകര്യങ്ങളും ഇല്ലാരുന്നു, ഒന്നും അല്ല ഇവിടെ, അവിടെ കറണ്ടില്ല, ഇൻറർനെറ്റ് ഇല്ല പിന്നെ നല്ലൊരു ബാത്റൂം പോലുമില്.. ഞാൻ ഏതു സാഹചര്യത്തിലും അഡ്ജസ്റ്റ് ആകുന്ന ഒരാളാണ്, പിന്നെ നമുക്ക് ഇഷ്ടപ്പെട്ടവരൊക്കെ അരികിലുള്ളപ്പോൾ ആ സ്ഥലം നമ്മൾ അറിയാതെ ഇഷ്ടപ്പെട്ടു പോകും, അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ ഒരു നിമിഷം മുഖമുയർത്തി അവൾ അവനെ തന്നെ നോക്കിയിരുന്നു.... കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും നാമജപ ഒച്ചകളും ഒക്കെ അവൻ കേട്ടിരുന്നു, കുഞ്ഞിയാണ് ഒപ്പം മുത്തശ്ശിയും ഉണ്ട്, കുറച്ചു നേരം ഉമ്മറത്തേക്ക് പോയി അവൻ ആ കാഴ്ച കണ്ടു.... തിരികെ കയറി വരുമ്പോഴും ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയാണ് സരയു.... " തനിക്ക് ഒന്ന് കുളിക്കാൻ പോലും പറ്റിയില്ല അല്ലേ, " കുഴപ്പമൊന്നുമില്ല, രാവിലെ കുളിച്ചല്ലോ... ചൂട് ഒന്നുമില്ലല്ലോ, കുളിക്കണം ഒന്നുമല്ല അമ്മയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു, എങ്ങനെയാണ് പുറത്തേക്ക് പോവാ,

"അത്രേ ഉള്ളോ..? വഴിയുണ്ടാക്കാം, ആദ്യം അമ്മ ഉണർന്നു കിടക്കാനോ നോക്കട്ടെ, അത്രയും പറഞ്ഞ് അവൻ അപ്പുറത്തേക്ക് പോയിരുന്നു വളരെ പെട്ടെന്ന് തന്നെ അവൻ ആ വീട്ടിലെ ഒരു അംഗമായിരുന്നു.... കുറച്ചു സമയങ്ങൾക്ക് ശേഷം തിരികെ വന്നു അവളുടെ സമ്മതം പോലും ചോദിക്കാതെ അവളെ കയ്യിൽ കോരിയെടുത്തു, ഒരു നിമിഷം വീണ്ടും ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞത് അവളറിഞ്ഞു, ഉമ്മറത്തിരുന്ന് വർത്തമാനം പറഞ്ഞത് രാഘവനും അത്ഭുതം നിറയ്ക്കുന്ന കാഴ്ചയായിരുന്നു, അമ്മയുടെ മുറിയിലേക്ക് കൊണ്ടുപോയി കുറച്ച് സമയം അവർക്കൊപ്പം ഇരുന്നു, " കുറച്ച് സമയം അമ്മയും മോളും കൂടി എന്തെങ്കിലുമൊക്കെ വിശേഷം പറയു, ഞാൻ പുറത്തേക്ക് പോകട്ടെ,വിളിച്ചാൽ മതി ഞാൻ വരാം.... അതും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി, പിന്നെ കുറച്ച് സമയം രാഘവനുമായി എന്തൊക്കെയോ സംസാരിച്ചു, എത്രപെട്ടെന്നാണ് താര പരിവേഷങ്ങൾ ഒന്നുമില്ലാതെ ഒരു സാധാരണക്കാരനായ അവൻ മാറിയതെന്ന് അവൻ തന്നെ ചിന്തിക്കുകയായിരുന്നു... എട്ടു മണി ആയപ്പോഴേക്കും ഭക്ഷണം കഴിക്കുവാനും മുത്തശ്ശി വിളിച്ചു.... ആ സമയത്ത് ഭക്ഷണം കഴിച്ച് ജീവിതത്തിൽ ഇതുവരെ ശീലമില്ല, എങ്കിലും അവരുടെ സന്തോഷം കളയണ്ട എന്ന് കരുതി സന്തോഷത്തോടെ തന്നെ ചെന്നു,

ഒപ്പം മുറിയിൽ ചെന്നു സരയുവിനെ വിളിച്ചു, അമ്മയ്ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കട്ടെ എന്ന് അവൾ ചോദിച്ചപ്പോൾ അവൻ എതിർത്തില്ല... രണ്ടു പേർക്കുള്ള ഭക്ഷണം അവിടേക്ക് മുത്തശ്ശി കൊണ്ട് കൊടുത്തിരുന്നു, ചുട്ടരച്ച തേങ്ങാ ചമ്മന്തിയും കാച്ചിയ പപ്പടവും ഉപ്പിലിട്ട മാങ്ങയും ആവി പറക്കുന്ന ചെറുപയർതോരനും ആയിരുന്നു ഉണ്ടായിരുന്നത്, ജീവിതത്തിലിന്നോളം ഇത്രയും രുചികരമായ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അവൻ ഓർത്തു... ഭക്ഷണം കഴിഞ്ഞതും മുത്തശ്ശി ടിവിയിൽ കുട്ടികളുടെ പാട്ട് കാണാനായിരുന്നു, രാഘവനും ഒപ്പംകൂടി ,കുഞ്ഞിണെങ്കിൽ പഠിക്കാൻ പോയി, കുറച്ചു സമയം വെറുതെ ഉമ്മറത്തിരുന്ന് അവൻ... കുഞ്ഞി ആണ് വന്നു വിളിച്ചത്, " ചേച്ചി വിളിക്കുന്നുണ്ടായിരുന്നു... അതുകേട്ടു അവൾക്ക് ഒരു ചെറു ചിരി സമ്മാനിച്ച് അകത്തേക്ക് പോയി, " ഒന്ന് പിടിച്ചാൽ മതി കണ്ണേട്ടാ, നടക്കാം... അവന്റെ മുഖത്തേക്ക് നോക്കി അവളത് പറഞ്ഞപ്പോൾ അവളുടെ കൈകളിലേക്ക് അവൻ ഒന്ന് പിടിച്ചു, വീഴാൻ പോയവളെ ഇടുപ്പിൽ ചേർത്ത് ഒരിക്കൽ കൂടി താങ്ങി തന്നോട് ചേർത്തുനിർത്തി... അങ്ങനെതന്നെ മുറിയിലേക്ക് പോയി, അപ്പോഴേക്കും മുറിയിൽ ഷീറ്റ് വിരിക്കുകയായിരുന്നു കുഞ്ഞി.... " ഞാൻ ചെയ്തോളാം, മോൾക്ക് പഠിക്കാൻ ഉണ്ടാവില്ലേ...? മിഥുൻ പറഞ്ഞു, " വേണ്ട ഏട്ടനെ കൊണ്ട് ചെയ്യിപ്പിക്കാനോ..? ചേച്ചിക്ക് കാലു വയ്യയിരുന്നെങ്കിൽ ചെയ്യാൻ സമ്മതിക്കായിരുന്നോ..? "

ബാക്കി ഞാൻ ചെയ്തോളാം.... ഇപ്പൊൾ എനിക്ക് അത്ര കുഴപ്പമൊന്നുമില്ല നിൽക്കാൻ ശ്രമിച്ചു കൊണ്ട് സരയു പറഞ്ഞു.. " അതൊന്നും വേണ്ട തൽക്കാലം റെസ്റ്റ് എടുക്ക്, മിഥുൻ ശാസിച്ചു.. " രണ്ടുപേരും ചെയ്യേണ്ട ഞാൻ ചെയ്തോളാം, തന്റെ ജോലി ചെയ്തു അവിടെനിന്നും ഇറങ്ങിയിരുന്നു കുഞ്ഞി... അവിടെ ലൈറ്റുകളും വെളിച്ചവും ഒക്കെ അണഞ്ഞപ്പോൾ അത്ഭുതത്തോടെ സരയുവിന്റെ മുഖത്തേക്ക് മിഥുൻ നോക്കി... " സമയം ഒമ്പതര ആയിട്ടുള്ളൂ.... " ഇവിടെ ഇതാ സമയം, ഇന്ന് കണ്ണേട്ടൻ ഉണ്ടായിട്ടാണ് ഇല്ലെങ്കിൽ ഒമ്പത് മണിയാവുമ്പോൾ തന്നെ ഉറങ്ങും, " എങ്ങനെയാണ് ഈ സമയത് ഒക്കെ ഉറങ്ങുക, " ഞങ്ങൾക്ക് ഇവിടെ ഇങ്ങനെ കാത്തിരിക്കാൻ ഒന്നും ആരും ഇല്ലല്ലോ, പിന്നെ ജോലിയൊക്കെ ചെയ്യുന്നത് കൊണ്ട് തന്നെ ഉറക്കം വരും, അപ്പോഴാണ് വാതിൽക്കൽ വീണ്ടും മുത്തശ്ശിയെ കണ്ടത് കയ്യിൽ... ഒരു സ്റ്റീൽ ഗ്ലാസുമുണ്ട് കൈയ്യിൽ... "എന്താ മുത്തശ്ശി , മിഥുൻ വാതിൽക്കലേക്ക് ചെന്ന് ചോദിച്ചു, " പാലാ... കുട്ടിക്ക് ഇവിടുത്തെ ഭക്ഷണം ഒന്നും പിടിച്ചിട്ട് ഉണ്ടാവില്ല, നല്ല നാടൻ പാലാണ്... വെള്ളം ഒട്ടും ചേർക്കാതെ മുത്തശ്ശി കാച്ചിയെടുത്തത്, കുടിച്ചോളൂ.. അത് അവന്റെ കൈകളിൽ നൽകി തന്നെയാണ് പോയത്, ഒരു നിമിഷം അവരുടെ നിഷ്കളങ്കത ഓർത്ത് നിന്നു അവൻ... പിന്നെ ചെറുചിരിയോടെ സരയുവിന്റെ അരികിലേക്ക് വന്നു, " താൻ കുടിച്ചോ.... തനിക്ക് ക്ഷീണമുണ്ട് .. എനിക്ക് വേണ്ട, ഞാൻ പാൽ ഒന്നും കുടിക്കില്ല... "

എനിക്കും അങ്ങനെ പാലുകുടിച്ചു ശീലം ഒന്നുമില്ല, പിന്നേ മുത്തശ്ശി സ്നേഹത്തോടെ തന്നതല്ലേ അതുകൊണ്ട് കുടിക്കാം, അതും പറഞ്ഞു അവൻ പാൽ കുടിച്ചു... " കതക് അടക്കട്ടെ...? അവളോട് ആയി ചോദിച്ചു ... അൽപം പരിഭ്രമത്തോടെ ആണെങ്കിലും അവൾ തലയാട്ടി വാതിൽ അടച്ച് കുറ്റിയിട്ട് അവളുടെ കട്ടിലിനരികിൽ വന്നിരുന്നു അവൻ... " താൻ കിടന്നോ...? " അപ്പോൾ കണ്ണേട്ടനോ...? " ഞാൻ ഇവിടെ എവിടെയെങ്കിലും ഇരുന്നു നേരം വെളുപ്പിച്ചോളാം... " ഇവിടെ കിടന്നുറങ്ങാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണോ...? " അതല്ല, താൻ അന്ന് പറഞ്ഞിരുന്നല്ലോ ഒരുമിച്ച് കിടക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന്, മാത്രമല്ല ഇവിടെ പായ ഒന്നും കണ്ടില്ല താഴെ കിടക്കാൻ... " കണ്ണേട്ടനെ ഞാൻ ഇവിടെ താഴെ കിടത്തുമെന്നാണോ കരുതിയത്...., ഇവിടെ കിടന്നോളൂ,ഈ ഷീറ്റ് വിരിച്ചു ഞാൻ താഴെ കിടന്നോളാം, " വയ്യാത്ത താൻ താഴെ കിടക്കാൻ ഒന്നും നിൽക്കണ്ട, അതുകൊണ്ടാ പറഞ്ഞത് എനിക്കിപ്പോ രാത്രിയിൽ ഉറങ്ങിയില്ലേങ്കിൽ കുഴപ്പം ഇല്ല, ഞാൻ എക്സ്പീരിയൻസ് ആണ്.... അല്ലേലും ഞാന് ഈ സമയത്തൊന്നും ഉറങ്ങില്ല... " എങ്കിൽ പിന്നെ നമുക്ക് ഒരുമിച്ച് കിടക്കാം...! പെട്ടന്ന് അവിശ്വസനീയതോടെ അവൻ അവളെ ഒന്ന് നോക്കി..,......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story