വേനൽമഴ...🍂💛: ഭാഗം 47

venal mazha

രചന: റിൻസി പ്രിൻസ്‌

"ഈശ്വരാ എന്റെ കുഞ്ഞിനെ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക..?ലക്ഷ്മി നീ വേഗം ബെന്നിയെ വിളിക്ക്... മിഥുന്റെ മാനേജറാണ് ബെന്നിയെന്ന് സരയുവിന് അറിയാമായിരുന്നു, പെട്ടെന്ന് ലക്ഷ്മി ലാൻഡ് ഫോണിൽ നമ്പർ ഡയൽ ചെയ്തിരുന്നു.....കുറേ വട്ടം അടിച്ചുങ്കിലും ഫോൺ എടുക്കുന്നില്ല, ലക്ഷ്മി അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ആ വിഷമം പ്രകടമായിരുന്നു.... " ഫോണെടുക്കുന്നില്ല വേറെ ഇപ്പോ ആരെ വിളിക്കാ... ലക്ഷ്മിയും ആധിയിൽ ആയി.. " പ്രൊഡക്ഷൻ കൺട്രോളറേ വിളിക്ക്.... അരുന്ധതി ആണ് പറഞ്ഞത്... അവസാനം അവർ തന്നെയാണ് ലാൻഡ് ഫോണിൽ ആ നമ്പർ ഡയൽ ചെയ്തത്..... ആ നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു..... ഫോൺ വെച്ച് കഴിഞ്ഞ മൂന്ന് പേരും പരിഭ്രാന്തരായിരുന്നു.... മരണവീട് പോലെയായിരുന്നു അപ്പോഴേക്കും ആ വീട്, വല്ലാത്ത നിശബ്ദത വീടിന് മുറിച്ചു കൊണ്ടിരുന്നു..... ഭക്ഷണം പോലും കഴിക്കാതെ ഹോളിൽ തന്നെ ഇരിക്കുകയാണ് എല്ലാരും.... ഇരുളിന്റെ കറുപ്പ് ആകാശത്തെ ആവരണം ചെയ്തു, അവളുടെ മനസിനെയും......ഇതിനോടകം പല നമ്പറുകളിലേക്ക് വിളിച്ചു ചോദിച്ചു, എന്നാൽ ആരിൽ നിന്നും വ്യക്തമായ മറുപടികൾ ഒന്നും ലഭിച്ചില്ല... തിരിച്ച് വിവരം അറിയാൻ വിളിക്കുന്നവരുടെ ഫോണുകൾ മറുവശത്തു...

ഈ സമയമത്രയും സരയു പൂജാമുറിയിലായിരുന്നു, സരയു പ്രാർത്ഥനകൾ ഒന്നുമില്ലാതെ ആ രൂപത്തിലേക്ക് നോക്കി നിന്നു... അവനൊന്നും സംഭവിക്കരുത് മാത്രമായിരുന്നു ആ നിമിഷം അവളുടെ മനസ്സിൽ നിലനിന്നിരുന്ന പ്രാർത്ഥന... പക്ഷെ അതുപോലും പുറത്ത് വന്നില്ല..... പക്ഷെ അവനുവേണ്ടി തന്റെ ജീവൻ പകരം നൽകാൻ പോലും അപ്പോൾ അവൾ തയ്യാറായിരുന്നു... കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഫോൺ ബെല്ലടിച്ചപ്പോൾ ലക്ഷ്മി ആണ് ഫോണെടുത്തത്, 2 മുഖങ്ങളും ഏറെ പ്രതീക്ഷയോടെ ലക്ഷ്മിയുടെ വാക്കുകൾക്ക് വേണ്ടി കാതോർത്തു.... അൽപം ആശ്വാസം അവരുടെ മുഖത്ത് തെളിഞ്ഞപ്പോൾ രണ്ടുപേർക്കും ഒരു ചെറിയ സമാധാനം തോന്നിയിരുന്നു, "എന്താ ലക്ഷ്മി...? അരുന്ധതി ആണ് ചോദിച്ചത്... " കുഴപ്പമൊന്നുമില്ല കുഞ്ഞേ.... ഇവിടെ സിറ്റി ഹോസ്പിറ്റൽ തന്നെ ഉണ്ട്, സീറ്റ് ബെൽറ്റ് ഇട്ടോണ്ട് കാര്യമായി പ്രശ്നങ്ങൾ ഒന്നും പറ്റിയില്ലന്ന് പറഞ്ഞത്, കാലിന് ചെറിയ എന്തോ പ്രശ്നം ഉണ്ടെന്ന്, വേറെ പ്രശ്നമൊന്നുമില്ല... അരുന്ധതി കുഞ്ഞും സരയൂ മോളും കൂടി ഹോസ്പിറ്റലിലേക്ക് ചെല്ല്..... ലക്ഷ്മി പറഞ്ഞു...

" മോൾ എന്നാ പോയി റെഡിയായിട്ട് വാ നമുക്ക് പെട്ടെന്ന് പോകാം.... അരുന്ധതി പറഞ്ഞു.. " എനിക്ക് റെഡിയാവാൻ ഒന്നും ഇല്ല അമ്മ, അവളുടെ മുഖത്ത് തെളിഞ്ഞു നിന്ന സങ്കടം അരുന്ധതിയെക്കൂടി വിഷമത്തിലാക്കിയിരുന്നു, " മോള് വിഷമിക്കേണ്ട സമാധാനിപ്പിക്കാൻ വേണ്ടി പറയുന്നത് ഒന്നുമാവില്ല, ആശുപത്രിയിലേക്ക് ചെല്ലുമ്പോൾ മോൾക്ക് മനസിലാകും കുഴപ്പമൊന്നുമില്ലെന്ന്, അരുന്ധതി പറഞ്ഞു... " ചാനലുകാർ പറയുന്നതൊന്നും മുഴുവനായിട്ട് വിശ്വസിക്കാൻ പറ്റില്ല, പ്രത്യേകിച്ച് സിനിമാക്കാരുടെ എന്തെങ്കിലും ഒരു വാർത്ത കേൾക്കാൻ നോക്കിയിരിക്കുക അവര്, അവർക്ക് ചാനൽ റേറ്റിങ് മാത്രമാണ് മുഖ്യം,അതുകൊണ്ട് ഓരോ വാർത്തകൾ പടച്ചുവിടുന്നു...ആദ്യം കണ്ണൻ കുഞ്ഞും ആ പെൺകൊച്ചും കൂടി പിരിഞ്ഞപ്പോൾ എന്തൊക്കെ വാർത്തകളാണ് ചാനലുകാർ പറഞ്ഞു ഉണ്ടാക്കിയിരുന്നത്,അവർ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും ഇവിടെ കണ്ണൻ കുഞ്ഞും അരുന്ധതി മോളും ആ കുട്ടിയൊടെ എന്തൊക്കെ മോശമായി പെരുമാറിയെന്നുമൊക്കെ, സത്യത്തിൽ കല്യാണം കഴിഞ്ഞ് ഒരു ദിവസം പോലും ആ കുട്ടി ഈ വീട്ടിലേക്ക് വരികയൊ ഇവിടെ താമസിക്കുയൊ ചെയ്തിട്ടില്ല, എന്നിട്ടും ഈ വാർത്തകളെല്ലാം ഇങ്ങനെ വന്നത്...

അതുപോലെ തന്നെ അവിടെ പ്രശ്നമൊന്നും ഉണ്ടാവില്ല, പിന്നെ ആളുകളെ ഭയപ്പെടുത്താൻ വേണ്ടി പൊടിപ്പും തൊങ്ങലും വച്ചിട്ട് പറയുന്നതായിരിക്കും... സമാധാനമായിട്ട് ഇരിക്കു മോളെ,കുഞ്ഞിനെ ഒന്ന് സംഭവിക്കില്ല, ഒന്നും സംഭവിക്കില്ല മോളെ, എന്തൊക്കെയൊ ദോഷം ഉണ്ടായിരുന്നു, അത് ഇങ്ങനെയങ്ങു കഴിഞ്ഞു എന്ന് കരുതിയാൽ മതി, മോൾ വേഗം പോകാൻ തയ്യാറാക്ക്.... തളർന്നു നിൽക്കുന്നവളേ ആശ്വസിപ്പിക്കാൻ പോലും കെൽപ്പില്ലാതെ നിൽക്കുന്ന അരുന്ധതിക്ക് വേണ്ടിയായിരുന്നു ലക്ഷ്മി ആ ദൗത്യം ഏറ്റെടുത്തിരുന്നത്, വലിയ ആശ്വാസമായിരുന്നു അവർക്ക്... അരുന്ധതി അവളെ ഒന്ന് തഴുകി, അപ്പോഴേക്കും വണ്ടി എത്തിയിരുന്നു... എങ്ങനെയെങ്കിലും അവിടെ എത്തണം അവനെ ഒന്ന് കാണണമെന്ന് മാത്രമായിരുന്നു സരയുവിന്റെ മനസ്സിലുണ്ടായിരുന്നത്, അപകടം ഉണ്ടായെന്ന് അറിഞ്ഞ നിമിഷം മുതൽ തന്റെ ഹൃദയം പിടയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... ആശുപത്രിക്ക് മുൻപിൽ എത്തിയപ്പോൾ തന്നെ കണ്ടിരുന്നു വലിയൊരു മാധ്യമ കൂട്ടത്തെ, എല്ലാവരും അരുന്ധത്തിയെയും സരയുവിനെയും കണ്ടപ്പോഴേക്കും അവിടേക്ക് ആയി ഫോക്കസ്, ക്യാമറ കണ്ണുകൾ ഇരുവരെയും ഒപ്പിയെടുത്തു...

കണ്ണിൽ നിന്നും അറിയാതെതന്നെ കണ്ണുനീർ ഒഴുകി വന്നിരുന്നു, അതെല്ലാം ക്യാമറ ഫ്ലാഷ് എടുക്കുകയാണ് സരയു അറിഞ്ഞപ്പോൾ ഷോൾ കൊണ്ട് തുടച്ചു അവൾ അകത്തേക്ക് കയറി, അവിടേക്ക് പോകുമ്പോഴും യാതൊന്നും സംഭവിക്കരുതെന്ന് മാത്രമായിരുന്നു പ്രാർത്ഥന, ഇതിനിടയിൽ അരുന്ധതിയെ ഒന്ന് താങ്ങി പിടിക്കാൻ മറന്നിരുന്നില്ല സരയു, അകത്തേക്ക് കയറിയപ്പോൾ തന്നെ ബെന്നിയെ കണ്ടിരുന്നു, ബെന്നിയാണ് പിന്നെ ബാക്കിയുള്ളവരെല്ലാം വകഞ്ഞുമാറ്റി ഇതുവരെയും മുറിയിലേക്ക് കൊണ്ടുവന്നത്... മുറിയിലേക്ക് ചെന്നപ്പോൾ തന്നെ നെറ്റിൽ ചെറിയൊരു ബന്റെജും അതോടൊപ്പം കാലിൽ അത്യാവശ്യം നല്ലൊരു പ്ലാസ്റ്ററും ആയിരിക്കുന്ന മിഥുനെ കണ്ടിരുന്നു, ആ നിമിഷമാണ് ഒരു ആശ്വാസം തോന്നുന്നത്... " കണ്ണാ എന്താ മോനേ പറ്റിയത്... എത്ര വട്ടം നിന്നോട് പറഞ്ഞിട്ടുണ്ട് തന്നെ വണ്ടി ഓടിച്ചു പോകരുതെന്ന്,ഒരു ഡ്രൈവറെ വെക്കാൻ പറഞ്ഞാൽ നീ കേൾക്കില്ല, കണ്ടില്ലേ ഇപ്പൊൾ... വേദനയോടെ പരിഭവം പറഞ്ഞു അരുന്ധതി. " ഡ്രൈവറെ വെച്ചാലും ഇതുതന്നെ സംഭവിക്കും, അമ്മ പേടിക്കുന്നത് പോലെ ഒന്നുമില്ല, ഓപ്പോസിറ്റ് വന്ന വണ്ടി ഞാൻ കണ്ടില്ല മറ്റെന്തോ ചിന്തയിലായിരുന്നു, അതുകൊണ്ടാണ്.... വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല, ഒന്നും മിണ്ടാതെ അല്പം മാറി നിൽക്കുകയായിരുന്നു സരയൂ....

എന്നാൽ സാധാ അവനെ വീക്ഷിച്ചുകൊണ്ട്... അവന്റെ മുറിവുകൾ അവളുടെ ഉള്ളം നോവിച്ചു ....ഇടയ്ക്കിടെ അവന്റെ മിഴികളും പാറി അവളിൽ തന്നെ എത്തുന്നുണ്ടായിരുന്നു.... "അമ്മ മരുന്നൊക്കെ കഴിച്ചിരുന്നോ...? അവൻ അരുന്ധതിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു... " ഈ വിവരം അറിഞ്ഞതിനുശേഷം ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല, ഈ കുട്ടിയുടെ കാര്യം അതിലും കഷ്ടമാണ്.... അറിഞ്ഞ സമയം തൊട്ട് ശവം പോലെയായി, ഒരക്ഷരം പോലും ആരോടും മിണ്ടിയിട്ടില്ല.... ഇവിടെ വരുന്നത് വരെ അങ്ങനെ തന്നെ... ഭക്ഷണമൊ വെള്ളമൊ ഒന്നും കഴിച്ചിട്ടില്ല, സംഭവം കഴിഞ്ഞ് എത്ര പേരെ വിളിച്ചു, ഫോണിൽ ബെന്നിയെ കിട്ടുന്നത് വരെ അവൾ പൂജാമുറിയിൽ ആയിരുന്നു, അവൻ അവളെ ഒന്ന് നോക്കി.... ഹൃദയം തുളയ്ക്കുന്നൊരു നോട്ടം തിരികെ ലഭിച്ചു. " ബെന്നി അമ്മയ്ക്ക് ബിപി ഒക്കെ ഉള്ളതാ, അമ്മയുടെ ബിപിയും ബാക്കി കാര്യങ്ങളൊക്കെ ഒന്ന് ചെക്ക് ചെയ്തിട്ട് അത്യാവശ്യം വേണ്ട മെഡിസിൻ എന്താണെന്ന് വച്ചാ ഡോക്ടറോട് ചോദിച്ച് അതും കൂടി കൊടുക്കുക... ഫുഡ് കഴിച്ചിട്ടില്ല, രണ്ടുപേർക്കും ഫുഡ്‌ എത്തിക്കണം.... അവൻ നിർദ്ദേശം നൽകി, " ശരി സർ.... അങ്ങനെ ചെയ്യാം, അമ്മ വരൂ.... പോകാൻ മടിച്ച് അവന്റെ മുഖത്തേക്ക് നോക്കി അരുന്ധതി, "

അമ്മയൊന്നു പോയിട്ട് വരൂ, എന്റെ ഒരു സമാധാനത്തിന്.... ചെറിയൊരു ടെൻഷൻ പോലും അമ്മയ്ക്ക് കൊടുക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞത്, ഇത്രനേരം മരുന്നുപോലും കഴിച്ചില്ലെങ്കിൽ ബോഡി എങ്ങനെ ആയിരിക്കും റിയാക്ട് ചെയ്യുന്നതെന്ന് അറിയില്ലല്ലോ, അതിനു ശേഷം ഇപ്പോൾ തന്നെ തിരികെ വരാല്ലോ,ഏതായാലും വയ്യാത്ത കാലും വെച്ച് ഞാനിവിടുന്ന് എങ്ങോട്ടും പോകാൻ പോകുന്നില്ല, മിഥുൻ അങ്ങനെ പറഞ്ഞപ്പോൾ അവനെ ഒന്നു നോക്കി അവർ എഴുന്നേറ്റു, സരയു കൂടി പിടിച്ചാണ് അവരെ എഴുനേൽപ്പിച്ചത്... "ഞാൻ കാണിച്ചിട്ട് വരാം മേഡം...മേഡം സാറിനോപ്പം ഇരുന്നോളു.... ഒപ്പം എത്തിയ സരയുവിനോട് ബെന്നി പറഞ്ഞപ്പോൾ അവൾ തലയാട്ടി സമ്മതിച്ചിരുന്നു, കുറച്ച് സമയം ഇരുവരും മാത്രമായി.....മുറിയിൽ തിങ്ങിനിൽക്കുന്ന നിശബ്ദത രണ്ടുപേരെയും വല്ലാതെ ശ്വാസം മുട്ടിക്കാൻ തുടങ്ങിയിരുന്നു, " അവിടെ ഇരിക്കടോ.... വന്നപ്പോൾ മുതൽ നിൽക്കുകയല്ലേ..... അവളെ നോക്കി മിഥുൻ പറഞ്ഞു.... " താൻ എല്ലാത്തിനും മരുന്നും ഗുളികയും ഒക്കെ എടുത്തു വച്ചു, വണ്ടിയിടിച്ചാൽ അത്യാവശ്യം ചെയ്യാനുള്ള മരുന്ന് എടുത്തുവെച്ചില്ലല്ലോ താൻ ഇതൊക്കെ മുൻകൂട്ടി കണ്ടിരുന്നോ...? ഒരു തമാശയോടെയാണ് അവൻ അത് ചോദിച്ചത്, എങ്കിലും അത്രയും നേരം മനസ്സിൽ നിറഞ്ഞു നിന്നിരുന്ന വിഷമം പൊട്ടി ഒഴുകാൻ ആ ചോദ്യം മതിയായിരുന്നു... ഒരു നിമിഷം അറിയാതെ അവൾ പൊട്ടിക്കരഞ്ഞു പോയിരുന്നു... അവനും അത് വല്ലാത്ത ഒരു അത്ഭുതം ആയിരുന്നു ഉണ്ടാക്കിയത്, ഏങ്ങലടിച്ചു കരയുന്ന പെണ്ണിനെ അവൻ അത്ഭുതത്തോടെ നോക്കി..............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story