വേനൽമഴ...🍂💛: ഭാഗം 49

venal mazha

രചന: റിൻസി പ്രിൻസ്‌

എന്റെ ഭാര്യ അറിയാത്ത ഒരു രഹസ്യങ്ങളും എന്റെ ജീവിതത്തിൽ ഇല്ല..... ആ വാക്ക് സരയുവിൽ പ്രതീക്ഷയുടെ നാളം നൽകിയപ്പോൾ ശിഖയിൽ ദേഷ്യത്തിന്റെ അഗ്നിയെ ചൂട് പിടിപ്പിക്കുകയും ചെയ്തു. മറുപടിക്ക് പോലും കാത്തു നിൽക്കാതെ ശിഖ പെട്ടെന്ന് തന്നെ ആ മുറിയിൽ നിന്നും പുറത്തേക്ക് പോയിരുന്നു... അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു ആ നിമിഷം സരയു, ഏതോ മായാലോകത്ത് നില്കുന്നവളുടെ മുഖത്തേക്ക് നോക്കി മിഥുൻ ചോദിച്ചു... "ഹലോ...വെടിക്കെട്ടും പൂരം കഴിഞ്ഞു, ഇനി താൻ സ്വപ്നലോകത്തു നിന്ന് തിരിച്ചു പോര്.... അവൻ പറഞ്ഞപ്പോഴാണ് അവൾക്കു ബോധം വന്നത്... കുറച്ചു സമയം കൂടി അവന്റെ അരികിൽ ഇരുന്നതിനു ശേഷം അവൾ അരുന്ധതിയെ കാണാനായി ചെന്നിരുന്നു.... അരുന്ധതി അപ്പോഴേക്കും മയക്കം പിടിച്ചു തുടങ്ങി, അടുത്തുനിൽക്കുന്ന നേഴ്സ് അവളെ കണ്ടുകൊണ്ട് ആദരവോടെ എഴുന്നേറ്റു... " ഉറങ്ങി...! ക്ഷീണം ഉണ്ടായിരുന്നു ഒരു 1 മണിക്കൂറിനുള്ളിൽ ഉണരും.... അപ്പോഴേക്കും ഞാൻ അറിയിക്കാം, " ശരി അമ്മ ഉണരുമ്പോൾ തന്നെ എന്നെ ഒന്ന് വിളിക്കണേ...! " മറക്കല്ലേ....! അത്രയും പറഞ്ഞു ചിരിയോടെ അവൾ അപ്പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് നേഴ്സ് ഒരല്പം മടിയോടെ എഴുന്നേറ്റ് ഒരിക്കൽക്കൂടി വിളിച്ചത്,

"മാഡം.... എന്ത് എന്ന അർത്ഥത്തിൽ അവൾ തിരിഞ്ഞു നോക്കിയിരുന്നു... " വിരോധമില്ലെങ്കിൽ ഒരു ഫോട്ടോ എടുത്തോട്ടെ മാഡം.... ഈയൊരു സമയത്ത് ചോദിക്കുന്നത് ഒട്ടും ശരിയല്ല എന്ന് അറിയാം, പക്ഷേ വീട്ടിൽ ഉള്ള അനിയത്തിമാരൊക്കെ സാറിൻറെ ഭയങ്കര ഫാൻസ് ആണ്, സാറിനോട് ചോദിച്ചാൽ ഇഷ്ടമായില്ലെങ്കിലോ.? " സാറിന്റെ കൂടെ ഫോട്ടോ എടുക്കുന്നത് മനസ്സിലാക്കാം, പക്ഷെ ഞാൻ അത്ര സെലിബ്രേറ്റ് ഒന്നും അല്ലല്ലോ... അവൾ ചിരിയോടെ തന്നെ ചോദിച്ചു.... " സാറിനെ ഇഷ്ടമുള്ളവർക്ക് ഒക്കെ സാറിന്റെ ഭാര്യയെയും ഇഷ്ടാണ്.... മാഡം അറിഞ്ഞിട്ടില്ലേ സോഷ്യൽ മീഡിയയിൽ ഒക്കെ വരുന്ന പോസ്റ്റുകൾ....ഒക്കെ കാണാറില്ലേ പെൺകുട്ടി ആവേശത്തോടെ പറഞ്ഞു... " ഞാനെങ്ങനെ ഒന്നിലും ആക്റ്റീവ് അല്ല " അതുകൊണ്ടാവും.... ഒരു ഫോട്ടോ എടുത്തോട്ടെ ബുദ്ധിമുട്ടില്ലെങ്കിൽ, ഇന്ന് വേണമെന്നില്ല ഇവിടുന്നു പോകുന്നതിനു മുൻപ് എപ്പോഴെങ്കിലും... " പോകുന്നതിനു മുൻപ് ഞാനും തന്റെ മിഥുൻ സാറും കൂടി ഒരുമിച്ച് നിന്ന് തനിക്ക് ഒരു സെൽഫി എടുത്ത തരാം.... വീട്ടിൽ അയച്ചു കൊടുത്തോളൂ... സന്തോഷത്തോടെ അവളത് പറഞ്ഞപ്പോൾ അവരുടെ മുഖവും നിറഞ്ഞിരുന്നു... ഒരു പ്രത്യേക ഊർജം തന്നിൽ എവിടെയൊക്കെയോ വന്ന് നിറയുന്നത് സരയുവും അറിയുന്നുണ്ടായിരുന്നു,

തന്റെ മനസ്സ് അവന്റെ ഭാര്യാപദം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു..... അവന്റെ ഓരോ വാക്കുകളും തന്നെ ശരീരത്തിന്റെ ഓരോ അണുവിനെയും വല്ലാത്ത സന്തോഷത്തിലാഴ്ത്തി.... ഇപ്പോൾ അവൻ പറഞ്ഞിരുന്നു വാക്കുകളൊക്കെ സത്യമായിരുന്നെങ്കിൽ എന്ന് തന്റെ അന്തരംഗം ആഗ്രഹിക്കുന്നുണ്ട്.... സരയു മുറിയിലേക്ക് ചെന്നപ്പോൾ അവിടെ സനൂപ് ഡോക്ടറും ഒപ്പമുണ്ടായിരുന്നു... ഡോക്ടറോട് സംസാരിച്ചുകൊണ്ടിരിക്കുകയയിരുന്നു മിഥുൻ.... അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നതും ഒരു പേപ്പർ മിഥുന്റെ കയ്യിലേക്ക് സനൂപ് നൽകുന്നതും ഒക്കെയാണ് അവൾ കണ്ടത്... " ഏതായാലും ഞാൻ കുറെ ദിവസം ഇത് കയ്യിൽ കൊണ്ട് നടക്കുകയാണ്... നിന്നെ വിളിക്കണം എന്ന് വിചാരിച്ചു, ഇനി ഇത് തരാൻ വേണ്ടി ഒരിക്കൽ കൂടി വരണ്ടല്ലോ.. നാളെ ഞാൻ ദുബായിക്ക് പോവാ ഇനി 2 മാസം കഴിഞ്ഞിട്ടേ ഉള്ളൂ അതുകൊണ്ടാ, പെട്ടെന്ന് സരയുവിനെ കണ്ടപ്പോൾ പരിചിത ഭാവത്തോടെ ഡോക്ടർ എഴുന്നേറ്റു വന്നു ചെറുചിരിയോടെ ചോദിച്ചു, " സരയു ഉണ്ടായിരുന്നോ...?ഞാൻ വിചാരിച്ചു ഇവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂന്ന് " അറിഞ്ഞപ്പോൾ ഞാനും അമ്മയും ഒരുമിച്ചാണ് വന്നത്..... അമ്മയെ നോക്കാൻ വേണ്ടി ഞാൻ പോയതാണ്... "അമ്മയ്ക്ക് കുഴപ്പം ഉണ്ടോ...?

സനൂപ് ചോദിച്ചു.. " ഏയ്‌ ഇല്ല... ഡ്രിപ്പ് ഇട്ടേക്കുവ... " ഒക്കെ... ഒക്കെ, തന്റെ അച്ഛൻ ഒക്കെയല്ലേ....? അമ്മയെ കാണാൻ ഡോക്ടർ വന്നിരുന്നു അതിനിടയിലാണ് ഈ ആക്സിഡന്റ് പറ്റിയത്, ഇതൊക്കെ കഴിയുമ്പോഴേക്കും ഡോക്ടറിന്റെ ക്ലിനിക്കിലേക്ക് മാറിക്കോളും, "കണ്ണേട്ടൻ പറഞ്ഞിരുന്നു... സരയു പറഞ്ഞു....അവനോട് സംസാരിക്കുന്നുവെങ്കിലും അവളുടെ മിഴികൾ സാധാ അവനിലായിരുന്നു, ഇടയ്ക്ക് മിഴികൾ തമ്മിൽ കോർക്കുമ്പോൾ രണ്ടുപേരും അത് പരസ്പരം പിൻവലിക്കും... " എങ്കിൽ പിന്നെ ഞാൻ ഇറങ്ങടാ.... " ശരി.... "അമ്മയും സരയുവും വരുന്നുണ്ടെങ്കിൽ ഞാൻ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാം... " അമ്മ ഇന്ന് ഇവിടെ അഡ്മിറ്റാണ്, സരയു.... മിഥുൻ ഒന്ന് നിർത്തി അവളുടെ മുഖത്തേക്ക് നോക്കി... " ഞാൻ പോണില്ല കണ്ണേട്ടാ.... പെട്ടെന്ന് അവൾ മറുപടി പറഞ്ഞപ്പോൾ അവന്റെ ചുണ്ടിലൊരു കുസൃതി ചിരിയും വിടർന്നു..... " എങ്കിൽ പിന്നെ നീ പൊയ്ക്കോ, " ശരിയെന്നാ.... അമ്മയെ കൂടി ഒന്ന് കണ്ടിട്ട് പോകുവാ.... ഒരു പുഞ്ചിരി ഇരുവർക്കും നൽകിയാണ് സനൂപ് അവിടെ നിന്നും ഇറങ്ങിയത്.... " തനിക്ക് പോകാരുന്നില്ലേ..... ഉറക്കം കളഞ്ഞ് ഇവിടെ ഇരിക്കേണ്ടായിരുന്നല്ലോ.... എന്നെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ല, നാളെ രാവിലത്തേക്ക് ഉണ്ടാവുകയുള്ളൂ.... കണ്ണേട്ടൻ പോകുമ്പോഴേ ഞാൻ പോകുന്നുള്ളൂ, കൊച്ചുകുട്ടികളെപ്പോലെ പറയുന്നവളെ ഒളികണ്ണിട്ട് നോക്കി... "

അതെന്താ...? മനസ്സിലാകാത്തത് പോലെ അല്പം തമാശയുടെ മേമ്പൊടിയിൽ ചെറിയൊരു താളത്തിൽ അവൻ ചോദിച്ചു..... 'ഞാൻ കണ്ണേട്ടൻ പോകുമ്പോഴേ ഉള്ളു......ഇല്ലെങ്കിൽ പിന്നെ വീട്ടിൽ ചെല്ലുമ്പോൾ ഇവിടെ എന്തായി എന്ന് അറിയാനുള്ള ഒരു ടെൻഷൻ ഉണ്ടാവും, പിന്നെ അവിടെ ഞാൻ ഒറ്റയ്ക്കല്ലേ...? അമ്മ ഇവിടെ അല്ലേ, " അപ്പോൾ അമ്മയ്ക്ക് കാവലിരിക്കുകയാണ്....? അവളുടെ മനസ്സ് അറിയാനായി വീണ്ടും അവൻ ചോദിച്ചു... " അമ്മയ്ക്ക് കൂടിയാണ്.... അമ്മയ്ക്ക് മാത്രം കാവലിരിക്കാൻ ആണെങ്കിൽ എനിക്ക് ആ മുറിക്ക് പോയിരുന്നാൽ പോരെ.... ഇതിപ്പോൾ ഞാൻ ഇവിടെ അല്ലേ വന്നപ്പോൾ മുതൽ, അല്പം പരിഭവത്തോടെ അവൾ പറഞ്ഞു.... ": എങ്കിൽ പിന്നെ അത് പറയാനാണോ ബുദ്ധിമുട്ട്..... അല്പം കുസൃതിയോടെ അവൻ പറഞ്ഞു... " അതൊക്കെ അവിടെ ഇരിക്കട്ടെ സനൂപ് വന്നത് എന്തിനാണെന്നറിയോ...? എന്നെ കാണാൻ വേണ്ടി മാത്രം അല്ല, നമ്മുടെ എഗ്രിമെന്റിനെക്കുറിച്ച് സംസാരിക്കാനും കൂടിയാണ്.. പെട്ടെന്ന് അവളുടെ മുഖം മാറുന്നതും അവിടെ വിഷാദം തെളിയുന്നതും അവൻ കണ്ടിരുന്നു.... തലയിണയുടെ അടിയിൽ നിന്നും ഒരു പേപ്പർ എടുത്ത് അവൾക്കുനേരെ നീട്ടി അവൻ... " ഡിവോഴ്സ് പെറ്റിഷൻ ആണ്..... നമ്മൾ സൈൻ ചെയ്യാൻ കൊണ്ടുവന്നതാണ്......

നാളെ കൂടി ആകുമ്പോഴേക്കും മൂന്നുമാസം ആകുമത്ര നമ്മുടെ കല്യാണം കഴിഞ്ഞിട്ട്..... ആറാമത്തെ മാസം തന്നെ കോടതിയിൽ കൊടുത്താൽ എത്രയും പെട്ടെന്ന് ഡിവോഴ്സ് കിട്ടുമെന്ന്.... നമ്മൾ രണ്ടുപേരും സൈൻ ചെയ്യാൻ വേണ്ടി....ഇത് എന്റെ കയ്യിൽ ഏൽപ്പിക്കാൻ ആണ് വന്നത്.... ആദ്യം നമ്മളിൽ ആരാണ് സൈൻ ചെയ്യുന്നതെന്ന് തീരുമാനിച്ചാൽ മതി.... അവളുടെ കണ്ണിൽ ഉറവപൊട്ടാൻ തുടങ്ങുന്നത് അവൻ കണ്ടു... നിയന്ത്രിക്കാൻ കഴിയാതെ വന്നു.... കരയാതിരിക്കാൻ അവൾ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ അവന് അവളുടെ ഉള്ളിലുള്ളത് എന്താണെന്ന് പൂർണമായി മനസ്സിലായിരുന്നു... ഒരു നിമിഷം അവൾ അറിയാതെ അവളുടെ നെഞ്ചിൽ ചേർന്നു കിടക്കുന്ന താലിയിൽ മുറുക്കിപ്പിടിച്ചു.... പരമാവധി സ്വരമിടറാതെ അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു, " എന്നാണെന്നു കണ്ണേട്ടൻ പറഞ്ഞാൽമതി.... എപ്പോൾ വേണമെങ്കിലും ഞാൻ ഒപ്പിട്ടു തരാം.... " തന്നിട്ട്...? ഒരു ഭാവമാറ്റവും ഇല്ലാതെ അവൻ ചോദിച്ചു... " തന്റെ പ്ലാനെന്താ...? " അത് കണ്ണേട്ടൻ അറിയേണ്ട കാര്യമില്ലല്ലോ.... അല്പം സ്വരം മൂർച്ഛിച്ച് തന്നെയാണ് അവൾ സംസാരിച്ചത്.... " ശരിയാണ് അത് എനിക്കറിയേണ്ട കാര്യമില്ല... ഒരു വർഷത്തിനിടയ്ക്ക് ഉള്ള കാര്യങ്ങൾ മാത്രം ഞാൻ അന്വേഷിച്ചാൽ മതി.... "

അതിനു ശേഷം താൻ എന്ത് ചെയ്യുന്നുവെന്ന് ഞാൻ അന്വേഷിക്കേണ്ട,പക്ഷേ ഒരു വർഷത്തിനിടയിൽ ഞാൻ തനിക്ക് ഡിവോഴ്സ് തന്നാൽ മാത്രമേ അത് എന്റെ വിഷയം അല്ലാതെ ആവൂ... ഞാൻ ഈ ഡിവോഴ്സ് പെറ്റിഷൻ ഒപ്പിട്ടില്ലെങ്കിൽ ഒരിക്കലും അത് അങ്ങനെ ആവില്ല... ഒന്നും മനസ്സിലാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കിയപ്പോഴേക്കും ആ പേപ്പർ അവൾക്ക് മുൻപിൽ വെച്ച് ചുരുട്ടിക്കൂട്ടി വേസ്റ്റ് ബാസ്കറ്റിൽ ഇടുന്നവനെയാണ് അവൾ കണ്ടത്.... " എനിക്ക് ഒപ്പിടാൻ മനസില്ല....!ഞാൻ ഒപ്പിടാൻ പറഞ്ഞാൽ താൻ ഒപ്പിടുമോ...? അവളുടെ കണ്ണിൽ നോക്കി ആയിരുന്നു ആ ചോദ്യം.... " നമ്മൾ തമ്മിൽ അങ്ങനെയല്ലേ പറഞ്ഞിട്ടുള്ളത്...? മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു... " നമ്മൾ പറഞ്ഞിട്ടുള്ളതും ഇതുവരെ നടന്നിട്ടുള്ളതും സംഭവിച്ചിട്ടുള്ളതുമായ കാര്യങ്ങൾ ഒന്നുമല്ല, ഇപ്പോഴത്തെ കാര്യമാണ് ഞാൻ ചോദിക്കുന്നത്.... അറ്റ് പ്രെസന്റ്.....ഞാൻ ഒപ്പിടാൻ പറഞ്ഞാൽ താൻ ഈ ബന്ധം ഉപേക്ഷിക്കുമോ.. ? അങ്ങനെ പോകാൻ സരയുവിനു പറ്റുമോ.? പറ്റുമെങ്കിൽ ഈ താലി ഊരി എന്റെ കയ്യിൽ തന്നിട്ട് ഈ നിമിഷം തനിക്ക് പോകാം...

ഞാൻ തടയില്ല, അവന്റെ മുഖത്ത് നിറഞ്ഞുനിന്നിരുന്ന ഗൗരവം അവളെ പേടിപ്പിക്കാൻ കഴിയുന്നതായിരുന്നു.... " ഇപ്പൊൾ കണ്ണേട്ടനെന്തിനാണ് ഇതിനെപ്പറ്റിയൊക്കെ പറയുന്നത്..... ഇനിയുമുണ്ടല്ലോ 9മാസം, " ഇല്ല ഒമ്പത് മാസമിനി ഈ ഒളിച്ചുകളി പറ്റില്ല... എനിക്ക് തോന്നുന്നത് ഈ സമയത്താണ് ഇതിനെപ്പറ്റി സംസാരിക്കേണ്ടത് എന്ന്... നമ്മൾ രണ്ടുപേരും ഫ്രീ ആയിട്ടുള്ള ഒരു സമയമാണിത്, എനിക്കറിയണം ഈ ബന്ധം സരയൂവിനു ഉപേക്ഷിക്കാൻ പറ്റുമോന്ന്...? അത് ഉപേക്ഷിക്കുകയാണെങ്കിൽ മറ്റൊരു ജീവിതത്തിലേക്ക് താൻ പോകുമോന്ന്...? ഇതിനു രണ്ടിനും എനിക്ക് വ്യക്തമായ ഒരു ഉത്തരം കിട്ടണം. കിട്ടിയേ പറ്റൂ, എനിക്ക് സാറ്റിസ്ഫൈഡ് ആയിട്ടുള്ള ഒരു ആൻസർ. ആ കാര്യങ്ങളെപ്പറ്റി ഇന്ന് ഈ നിമിഷം എനിക്ക് സംസാരിക്കണം... പറ.... സരയു വിയർത്തു തുടങ്ങി.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story