വെണ്ണിലാവേ..💔: ഭാഗം 13

vennilave niha

രചന: NIHAA

രാത്രിയിലെ ഭക്ഷണം കഴിക്കുമ്പോഴും വെണ്ണില മുഖത്തേക്ക് നോക്കാനോ പുഞ്ചിരിക്കാനോ തുനിഞ്ഞില്ല.. അവന് വേണ്ട ചപ്പാത്തിയും കറിയും പ്ലേറ്റിലേക്ക് ഇട്ടു കൊടുത്തു കൊണ്ട് ആരുടെയും മുഖത്തു നോക്കാതെ അവൾക്ക് ഉള്ളത് എടുത്ത് കഴിപ്പ് ആരംഭിച്ചു... പ്ലേറ്റിലേക്ക് മുഖം കുനിച്ചു വെച്ചു നുള്ളി തിന്നുന്നവളെ ദർശൻ ദയനീയമായി നോക്കി.. ശേഷം സ്വന്തം പ്ളേറ്റിലേക്കും.. വേണ്ടെങ്കിലും അച്ഛനും അമ്മക്കും സംശയം ആകേണ്ട എന്ന് കരുതി ദർശൻ ഒരു വിധം കഴിച്ചെഴുനേൽറ്റു.. വെണ്ണിലയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.. കഴിക്കുന്നത് തൊണ്ടയിൽ നിന്ന് ഇറങ്ങാത്ത പോലെ തോന്നി അവൾക്ക്... ഒരു വിധം വിഴുങ്ങി വിട്ടവളും എഴുന്നേറ്റു... ഒരു മുറിയിൽ ഒരു കിടക്കയിൽ ഇരുവരും മൗനമായി കിടന്നു... ഇരുവരെയും നിദ്ര പുൽകിയില്ല.. തനിക്ക് നേരെ എന്നും തിരിഞ്ഞു കിടന്നു തനിക്ക് നീളുന്ന പുഞ്ചിരി കണ്ട് ഉറങ്ങിയിരുന്ന ദര്ശന് അവളുടെ അവഗണന കാണെ ഉറക്ക് വരുന്നില്ലായിരുന്നു.. തനിക്ക് പുറം തിരിഞ്ഞു ചുവരിലെക്ക് നോട്ടം പായിച്ചു കിടക്കുന്നവളെ കാണെ അവൻ സ്വയം കുറ്റപ്പെടുത്തി...പാടില്ലായിരുന്നു എന്നൊരു വാക്ക് അവന്റെ ഉള്ളിൽ അലമുറയിട്ടു... ഒത്തിരി നേരം അവളെ നോക്കി നിന്ന ദർശൻ പതിയെ തിരിഞ്ഞു കിടന്നു..

വെണ്ണിലയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.. കിടന്നിട്ട് ഉറക്കം വരുന്നില്ല.. മനസ്സ് വല്ലാതെ പിരിമുറുകുന്നു.. താൻ താലി കെട്ടിയവനെ ഇങ്ങനെ അവഹേളിക്കുന്നത് തെറ്റാണെന്ന് ഉള്ളിൽ നിന്ന് ആരോ മന്ത്രിക്കുന്നു.. എന്നാൽ അയാളെ സ്നേഹിക്കാൻ വയ്യ താനും.. പേടിയാണ്.. എങ്ങാനും പ്രണയിച്ചു പോകുമോ സ്നേഹിച്ചു പോകുമോ എന്ന ഭയം ആണ് അവൾക്ക്.. തിരിഞ്ഞു നോക്കാൻ ഉളളം മന്ത്രിക്കുന്നുണ്ട് എങ്കിലും രാവിലെ അവൻ ചുംബിച്ചത് ഓർക്കേ അവളിൽ ദേഷ്യം ഇരട്ടിച്ചു.. അത് പതിയെ സങ്കടത്തിലേക്ക് വഴി മാറി.. ചുണ്ട് കടിച്ചു പിടിച്ചവൾ കരച്ചിൽ അടക്കി പിടിച്ചു തേങ്ങി.. പെയ്തിറങ്ങുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവൾ ചുവരിനോട് ഒന്നുടെ ചേർന്നു കിടന്നു... ഇരുവരെയും ഉറക്കം പുൽകിയില്ല..ഉറക്കം ഇല്ലാത്ത ആ രാത്രിയിൽ പരസ്പരം പിന്തിരിഞ്ഞു കിടന്ന അവരിൽ പിരിമുറുക്കം മാത്രം ആയിരുന്നു... ____💔 ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ കൊഴിഞ്ഞു പോയ്‌ കൊണ്ടിരുന്നു.. വെണ്ണിലക്ക് ദർശനോട് ഉള്ള മനോഭാവത്തിൽ പ്രത്യേകിച്ച് മാറ്റം ഒന്നും വന്നില്ല.. അവന്റെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുകയും അവന് വേണ്ടതെല്ലാം എടുത്തു കൊടുക്കുകയും ചെയ്യും.. എന്നാൽ ഒരു നോട്ടം കൊണ്ടോ പുഞ്ചിരി കൊണ്ടോ അവനെ പരിഗണിചില്ല..

എന്നാൽ ദർശൻ വെണ്ണിലയുടെ ഒരു നോട്ടത്തിന് ആയി കൊതിച്ചു എങ്കിലും നിഷ്ഫലം ആയിരുന്നു.. അതിനിടക്ക് ദർശന്റെ സ്കൂളിൽ എക്സാം കഴിയുകയും സ്കൂൾ അടക്കുകയും ചെയ്തു.. "തറവാട്ടിൽ നിന്ന് മുത്തശ്ശി വിളിച്ചായിരുന്നു.. നിങ്ങളെ അങ്ങോട്ട്‌ ഒന്നും കാണുന്നില്ലാന്ന് പറഞ്ഞു.. " ഉമ്മറത്തിരുന്നു പത്രം വായിക്കുന്ന ദർശനിലേക്ക് നടന്നു കൊണ്ട് ലക്ഷ്മി പറഞ്ഞു.. അവരുടെ പറച്ചിൽ കേൾക്കെ അവന്റെ മിഴികൾ ഒന്ന് തിളങ്ങി.. എന്നാൽ വെണ്ണിലയുടെ മുഖം ഓർക്കേ ആ തിളക്കം നഷ്ടപ്പെടുകയും ചെയ്തു. മുഖത്തെ പുഞ്ചിരി മാഞ്ഞു.. വെറുതെ ഒന്ന് മൂളി കൊണ്ട് അവൻ വായിക്കുന്നതിലേക്ക് ഊളിയിട്ടു.. "നീ എന്താടാ ഒന്നും മിണ്ടാതെ.. അല്ലേൽ അങ്ങോട്ട് പോകാം എന്ന് പറയുമ്പോഴേക്കും ചാടി തുള്ളുന്നത് കാണാലോ.. " അവരുടെ സംശയത്തോടെ ഉള്ള ചോദ്യം കേട്ട് അവൻ തറഞ്ഞു.. എന്തു പറയണം..ഭാര്യയേ ഉമ്മ വെച്ചതിനു അവൾ എന്നേ മൈൻഡ് ചെയ്യാറില്ല എന്നോ.. പറഞ്ഞങ്ങോട്ട് ചെന്നാൽ മതി.. അവൻ അമ്മയെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പുച്ഛത്തോടെ പറഞ്ഞു.. "ഞാൻ എന്തു പറയാനാ.. പൊക്കോളാം " ദർശൻ താല്പര്യം ഇല്ലാത്ത മട്ടിൽ അലസമായി പറഞ്ഞു.. "എടാ അവളേം കൊണ്ട് ചെല്ലാനാ പറഞ്ഞെ.. " "അതിന് അവളോട് ചോദിച്ചു നോക്ക്.. " "ചോദിച്ചു.. അവൾ സമ്മതിക്കേം ചെയ്ത്.. "

അവൻക്ക് അവന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല.. കണ്ണും വിടർത്തി വെച്ചവൻ വിശ്വാസം വരാത്ത മട്ടിൽ ലക്ഷ്മിയേ നോക്കി.. "എന്താടാ നീ ഇങ്ങനെ നോക്കുന്നെ.. " അവരുടെ ചോദ്യം കേൾക്കെ അവൻ ഒന്നും ഇല്ലെന്ന് പറഞ്ഞു ഇളിച്ചോണ്ട് ചുമൽ കൂച്ചി.. അവനെ ഒന്ന് അമർത്തി നോക്കി കൊണ്ട് ലക്ഷ്മി പോയതും നിന്ന നിൽപ്പിൽ തുള്ളാൻ ആയിരുന്നു അവൻക്ക് തോന്നിയത്.. അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി വിടർന്നു.. കയ്യിലെ പത്രം ഉമ്മറത്തെ തിണ്ണയിൽ ഇട്ടവൻ അകത്തേക്ക് ഓടി.. സ്റ്റെയർ കേസ് പാഞ്ഞു കയറിയ അവൻ മുറിയുടെ ലോക്ക് പിടിച്ചു താഴ്ത്തി കൊണ്ട് അകത്തേക്ക് പ്രവേശിച്ചു.. അവൻ മുറിയിൽ വന്നത് കാണെ ഇറങ്ങി പോകാൻ തുനിഞ്ഞ വെണ്ണിലയുടെ കൈകളിൽ ദർശൻ പിടുത്തം ഇട്ടു.. അവൻ പിടിച്ച കൈകളിലേക്ക് അവൾ ഉറ്റു നോക്കി.അവൻ അവളെ നോക്കി പോകല്ലേ എന്ന് അപേക്ഷയുടെ രൂപത്തിൽ അവളെ നോക്കി.. "നിലെ സോറി.. എന്നേ കൊണ്ട് വയ്യ നിന്റെ അവഗണന സഹിക്കാൻ.. അതിന് മാത്രം ഞാൻ.. " പറഞ്ഞു പൂർത്തിയാക്കാതെ അവൻ മൗനം പൂണ്ടു കൊണ്ട് അവളുടെ മിഴികളിലേക്ക് ഉറ്റു നോക്കി.. അവന്റെ ഓരോ വാക്കുകളും കൂരമ്പ് പോലെ കാതുകളിൽ വന്നു തറച്ച വെണ്ണില അവനെയും നോക്കി.. പരസ്പരം കോർത്ത അവരുടെ മിഴികൾ കഥകൾ കൈമാറിയതും വെണ്ണില പിടപ്പോടെ മിഴികൾ പിൻവലിച്ചു.. അവന്റെ മുഖത്തു നോക്കാതെ അവൾ അവൻ പിടിച്ച കൈകളിലേക്ക് ഉറ്റുനോക്കി..

"സോറി.. " അവളും പതിയെ മൊഴിഞ്ഞു.. "എന്നേ കൊണ്ട് അംഗീകരിക്കാൻ കഴിയാഞ്ഞിട്ട് അല്ലെ... " തല താഴ്ത്തി പിടിച്ചവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..അവളുടെ മറുപടി കേൾക്കെ അവനിൽ മങ്ങിയ ഒരു പുഞ്ചിരി വിടർന്നു.. "അപ്പൊ.. അപ്പൊ ആദവ് നിന്നേ തേടി വന്നാൽ എന്നെ ഇട്ടിട്ടു പോകുമായിരിക്കും ലെ..? " ഇടറിയ സ്വരത്തോടെ ഉള്ള അവന്റെ ചോദ്യത്തിൽ ദയനീയത നിറഞ്ഞിരുന്നു.. അവന്റെ ചോദ്യം കേൾക്കെ അവൾ മിണ്ടാതെ തല കുനിച്ചു നിന്നതേ ഒള്ളു.. അല്ലേലും ആ പെണ്ണ് എന്തു പറയണം. ഇട്ടിട്ട് പോകില്ല എന്നോ.. അങ്ങനെ ആണേൽ ആദിയേട്ടൻ വന്നാൽ താൻ ആരെ ഉപേക്ഷിക്കും.. !! ആദിയേട്ടനെയോ ദേവേട്ടനെയോ.. അറിയില്ല.. ഒന്നും അറിയില്ല.. തല കുനിച്ചവൾ നിന്നു.. ഒന്നും ഉരിയാടാതെ.. അവളുടെ തല കുനിച്ചുള്ള നിൽപ്പ് കാണെ ദർശൻ അവളുടെ താടിതുമ്പിൽ പിടിച്ചു മുഖം ഉയർത്തി.. നിറഞ്ഞ കണ്ണുകൾ കാണെ അവൻ നെടുവീർപ്പ് ഇട്ടു കൊണ്ട് അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.. ഒഴുകാൻ വെമ്പുന്ന മിഴികൾ അമർത്തി തുടച്ചു കൊടുത്തു.. അവളുടെ ചുവന്നു തുടുത്ത മൂക്കിൻ തുമ്പും കൺപോളകളും ചൊടികളും കണ്ട് അവന്റെ ഉള്ളിൽ വാത്സല്യം തോന്നി.. "സാരില്യ... എല്ലാം ശെരിയാവും.. ഇപ്പൊ എല്ലാം മറന്ന് ഹാപ്പി ആകാൻ നോക്ക്. പോകണ്ടേ. "

ഒരു കൊച്ച് കുഞ്ഞിനോട് പറയുന്ന പോലെ ചോദിക്കുന്ന ദർശനെ കാണെ വെണ്ണില അറിയാതെ ചിരിച്ചു പോയി.. അവളുടെ ചിരി കണ്ട് അവൻ കണ്ണ് ചിമ്മി കാണിച്ചു അവളുടെ കവിളിൽ നോവാത്ത വിധം ഒന്ന് നുള്ളി.. "വേഗം റെഡി ആയി വാ.. ഇപ്പൊ പോയാലെ അവിടെ എത്തൂ.. " ••••••• നന്നായി തന്നെ ഒരുങ്ങിയ വെണ്ണില പോകാൻ എന്ന വണ്ണം ഇറങ്ങി വന്നു.. സെറ്റിയിൽ താടക്ക് കൈ കൊടുത്ത് ഇരുന്നു ഫോണിൽ സ്ക്രോൾ ചെയ്തു കൊണ്ടിരുന്ന ദർശൻ അവൾ വന്നത് അരിഞ്ഞു മുഖം ഉയർത്തി നോക്കി. ഒതുക്കി ഉടുത്ത പതിവ് സാരി തന്നെയാണ്. കാതിൽ ഭംഗിയുള്ള ഒരു ജോഡി കമ്മലും കഴുത്തിൽ ദർശൻ കെട്ടിയ താലിക്ക് പുറമെ ഒരു ചെയിനും.. നെറ്റിയിൽ സിന്തൂരവും കുഞ്ഞ് പൊട്ടും.. അധികം വായ നോക്കാൻ നിൽക്കാതെ അവൻ എഴുന്നേറ്റു.. കാറിന്റെ ചാവി എടുത്തു കൊണ്ട് അവൻ ഉമ്മറവാതിലിൽ നിൽക്കുന്ന ലക്ഷ്മിയേ പോയി പുണർന്നു.. "പോയി വരട്ടെ ലച്ചൂ.. " "മ്മ് പോയിട്ട് വാ.. " അവന്റെ തലയിൽ ഒന്ന് അരുമയായി തലോടി കൊണ്ട് പുഞ്ചിരിയോടെ ലക്ഷ്മി പറഞ്ഞു.. ദർശൻ അൽപ്പം കുനിഞ്ഞു കൊണ്ട് ലക്ഷ്മിയുടെ നെറ്റിയിൽ ചുണ്ട് ചേർത്തു മെല്ലെ മുത്തി കൊണ്ട് അകന്നു നിന്നു.. എന്നിട്ട് പതിയെ വെണ്ണിലയേ തല ചെരിച്ചു നോക്കി..

അതെല്ലാം നോക്കി നിന്ന വെണ്ണില ദർശന്റെ നോട്ടം കാണെ പതിയേ മുഖം തിരിച്ചു.. ദിവസങ്ങൾക്ക് മുന്നേ തന്നെ മുത്തിയത് ഓർക്കേ അവൾ ലജ്ജയോടെ തല ചൊറിഞ്ഞു.. അവളുടെ ചെയ്തികൾ നോക്കി ദർശൻ ചിരിയോടെ അമ്മയുടെ തോളിൽ കൈ ഇട്ടു നടന്നു.. പുറത്തേക്ക് ഇറങ്ങിയ ദർശൻ അമ്മയെയും കൊണ്ട് കാറിനടുത്തേക്ക് നടന്നു.. പിറകെ തന്നെ വെണ്ണിലയും.. ലക്ഷ്മിയിൽ നിന്ന് അകന്നു നിന്നു കൊണ്ട് അവൻ കാറിൽ കയറി.. "പൊട്ടെ അമ്മാ.. അമ്മ വരാത്തത് എന്താ.. " "ഞങ്ങൾ വരും.. ഇപ്പൊ മോൾ ചെല്ല്.." അവളുടെ വിടർത്തി ഇട്ട മുടിയിൽ പതിയെ തലോടി കൊണ്ട് ലക്ഷ്മി പറഞ്ഞു.. അവർക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു കൊണ്ട് വെണ്ണില കാറിൽ കയറി.. ലക്ഷ്മിക്ക് ഒന്നുടെ കൈ വീശി കാണിച്ചു കൊണ്ട് അവർ യാത്ര തുടർന്നു... അവരുടെ പോക്ക് നോക്കി നിന്ന ലക്ഷ്മിയിൽ പുഞ്ചിരി വിടർന്നു.. °°°°°°° പുറത്തേ കാഴ്ചയിൽ മുഴുകി ഇരിക്കുന്ന വെണ്ണിലയേ ദർശൻ വണ്ടി ഓടിക്കുന്നതിനിടെ നോക്കി... പുറത്ത് നിന്നും അടിച്ചു വീശുന്ന കാറ്റിൽ അനുസരണ ഇല്ലാതെ കുസൃതി കാണിച്ചു പാറി പറക്കുന്ന മുടി ഇഴകളെ ഒതുക്കാൻ പാട് പാടുന്നത് കാണെ അവന്റെ മിഴികൾ വിടർന്നു.. മുഖത്തേക്ക് ഒട്ടുന്ന മുടി ഇഴകളെ ഒന്നാകെ കൈ കൊണ്ട് കൂട്ടി പിടിച്ചവൾ ഇരുന്നു..

തന്നെ നോക്കുന്ന ദർശനെ കാണെ അവൾ ഇളിച്ചു കാണിച്ചു.. അവളുടെ ഇളി കണ്ട് അവനും ഒന്ന് പല്ലിളിച്ചു കാണിച്ചു കൊണ്ട് വണ്ടി മുന്നോട്ട് പായിച്ചു.. ഏകദേശം ഒന്നര മണിക്കൂർ യാത്രക്ക് ശേഷം വണ്ടി പെട്ടന്ന് ഒന്ന് മുന്നോട്ട് ആഞ്ഞു പോയതും ദർശൻ ബ്രേക്ക്‌ പിടിച്ചു കൊണ്ട് വണ്ടിയേ ഒതുക്കി നിർത്തി നിയന്ത്രിച്ചു.. മുന്നോട്ട് ആളി പോയ വെണ്ണിലയേ ദർശൻ അവളുടെ തോളിൽ പിടുത്തം ഇട്ടു കൊണ്ട് പിടിച്ചു നിർത്തി.. അല്ലേൽ അവളുടെ തല പോയി ഡാഷ് ബോർഡിൽ ഇടിച്ചേനെ.. അത് മുൻകൂട്ടി കണ്ട് ആണ് ദർശൻ വെണ്ണിലയേ പിടിച്ചത് പോലും.. "എന്തു പറ്റി..? " വെണ്ണിലയുടെ ചോദ്യത്തിൽ ആധി പടർന്നിരുന്നു.. അതിന് മറുപടിയായി ദർശൻ അറിയില്ലെന്ന് തല കുലുക്കി കൊണ്ട് ഡോർ തുറന്നു പുറത്തിറങ്ങി.. ശേഷം engine cover തുറന്നതും അതിൽ നിന്ന് ഉയർന്ന കറുത്ത പുക കാണെ അന്താളിച്ചു പോയി.. മുഖത്തേക്ക് വന്ന പുകയേ കൈ കൊണ്ട് അകറ്റി അവൻ നിസ്സഹായതയോടെ ചുറ്റും നോക്കി... ഉൾഗ്രാമം ആണ്.. വർക്ക്‌ ഷോപ്പ് പോയിട്ട് കാറ്റ് അടിക്കാൻ പോലും സൗകര്യം ഇല്ല.. എന്തു ചെയ്യും.. കൂടേ ഉള്ളത് പെണ്ണൊരുത്തിയും... ഡോർ തുറന്നു വന്ന വെണ്ണിലയേ കണ്ട് ദർശൻ വെളുക്കെ ചിരിച്ചു.. "എന്താ പറ്റിയെ.. " "ബ്രേക്ക്‌ ഡൌ ആയി.. "

തലയിൽ കൈ വെച്ചു കൊണ്ട് ദർശൻ വെണ്ണിലക്ക് മറുപടി നൽകിയതും വെണ്ണിലയും തലയിൽ കൈ വെച്ചു.. "ഇനി എന്തു ചെയ്യും.." "ഇവിടെ എവിടേം ഒരു വർക്ക്‌ ഷോപ്പ് പോലും ഇല്ല.. തിരിച്ചു പോകാനും ഒക്കത്തില്ല.. " അവളുടെ ചോദ്യത്തിനു അവൻ തല ചൊറിഞ്ഞു കൊണ്ട് മറുപടി നൽകി.. "ഇനി അപ്പൊ എന്താ ചെയ്യാ.. " അതിന് അവൻ അറിയില്ലെന്ന് പറഞ്ഞു കൊണ്ട് മുടിയിൽ കൈ കോർത്തു വലിച്ചു കൊണ്ട് അവൻ റോഡ് സൈഡിൽ ഇരുന്നു... ഗതികെട്ടവൻ എന്നും ഗതികെട്ടവൻ തന്നെ എന്ന് പറയും പോലെ അവരുടെ നല്ല കാലത്തിന് അതിലൂടെ ഒരു വണ്ടിയും കടന്നു പോകുന്നും ഇല്ലായിരുന്നു.. കാറിൽ ചാരി വെണ്ണിലയും നിന്നു.താടക്ക് കൈ കൊടുത്തു അണ്ടി പോയ അണ്ണാനെ പോലെ നിന്ന ദർശൻ പെട്ടന്ന് ചാടി എഴുന്നേറ്റു.. അവന്റെ ചാട്ടം കണ്ട് പകച്ച വെണ്ണില അവനെ തുറിച്ച കണ്ണുകളോടെ നോക്കി.. "നിനക്ക് ബസിൽ പോകുന്നതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ.. " അവന്റെ ചോദ്യം കേട്ട് പകച്ച വെണ്ണില ഇല്ലെന്നും ഉണ്ടെന്നും തല കുലുക്കി.. "ഹേ..? "ദർശൻ "ഇല്ല.. കുഴപ്പം ഇല്ല.. " "ആഹ്.. എന്നാ വാ.. " അത്രയും പറഞ്ഞു കൊണ്ട് അവൻ കാർ ലോക്ക് ആക്കിയ ശേഷം അവളുടെ കൈ പിടിച്ചു നടന്നു.. "ഇവിടുന്ന് ഇനി മുക്കാൽ മണിക്കൂറിന്റെ യാത്ര കൂടി ഉണ്ട്.. ഇപ്പൊ അങ്ങോട്ട് ഒരു ബസ് ഉണ്ട്.. വേഗം വാ.. "

വെണ്ണിലയുടെ കൈ പൊടിച്ചു മുന്നോട്ട് വേഗത്തിൽ നടന്നു കൊണ്ട് അവൻ പറഞ്ഞു... ഒരു അഞ്ചു മിനിറ്റിന്റെ നടത്തിനൊടുവിൽ ബസ് സ്റ്റോപ്പിൽ എത്തി ചേർന്നതും ഇരുവരും അവിടെ ഉള്ള ഒരു ബെഞ്ചിൽ ഇരുന്ന് കിതപ്പ് അടക്കി... അൽപ്പനേരത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ബസ് വരുന്നത് കണ്ട് ഇരുവരും എഴുനേൽറ്റ് നിന്നു.. എന്നാൽ ആ ബസ് അവരെ മറികടന്നു പോയി അൽപ്പം ദൂരെയായി നിർത്തിയതും ദർശൻ കുതിപ്പോടെ മുന്നോട്ട് ഓടി.. അവന്റെ ഓട്ടം കണ്ട് അമാന്തിച്ചു നിന്ന വെണ്ണിലയും അവന് പിറകെ ഓടി.. എന്നാൽ അവൾക്ക് എത്തി പിടിക്കാൻ സാധിക്കുന്നില്ലായിരുന്നു.. വല്ലാതെ തളരും പോലെ.. ശ്വാസം തിങ്ങും പോലെ.. കാലുകൾ കുഴയുന്നു.. മുന്നിൽ ഓടുന്നവൻ പൊടുന്നനെ പിറകിലേക്ക് കൈ നീട്ടിയതും വെണ്ണില കാലുകൾ വേഗത്തിൽ ചലിപ്പിച്ചവൾ അവന്റെ കൈകളിൽ പിടുത്തം ഇട്ടു.. "ഒന്ന് വേഗം വാ മോനെ.. " അൽപ്പം ദൂരെയായി നിർത്തി തങ്ങളെ കാത്തു നിൽക്കുന്ന ബസിലെ കണ്ടക്ടർ ചേട്ടൻ വിളിച്ചു കൂവി.. അവളുടെ കൈ തന്റെ കയ്യിൽ വന്നു ചേർന്നതും ദർശൻ ഒരു കുതിപ്പോടെ പാഞ്ഞു കൊണ്ട് തങ്ങളെ കാത്തു നിൽക്കുന്ന ബസിൽ പാഞ്ഞു കയറി.. ശേഷം വെണ്ണിലയേ അവളുടെ ഇടുപ്പിൽ കൈ ചുറ്റി പൊക്കി എടുത്തു കൊണ്ട് ബസിലേക്ക് വലിച്ചിട്ടു.. അവർ കയറിയ പാടെ ഒരു ഇരമ്പലോടെ ആ ബസ് മുന്നോട്ട് എടുത്തതും ബസിന്റെ അവസാനപടിയിൽ നിന്ന് അവർ കിതപ്പോടെ നിന്നു...

അവൾ തന്റെ അരയിലെ ദർശൻ പിടിച്ച പിടി അറിയാതെ.... തന്റെ കൈ അവളുടെ പഞ്ഞികെട്ട് പോലെ ഉള്ള വയറിൽ ആണെന്ന് അറിയാതെ ദർശനും.. ___💔 ഒത്തിരി ഓടിയത് കൊണ്ട് ഇരുവരും കിതച്ചു കൊണ്ടിരുന്നു.. ഒരു വിധം കിതപ്പ് അടക്കിയവർ ബസിന്റെ അവസാനപടിയിൽ തന്നെ നിന്നു.. മിഴികൾ അടച്ചു നിന്ന വെണ്ണില പതിയെ കണ്ണ് തുറന്നു.. ആദ്യം തന്നെ കണ്ടത് ദർശന്റെ ഷർട്ട് ആയിരുന്നു.. മുഖം ഉയർത്തി നോക്കിയതും കണ്ണ് അടച്ചു ചാരി നിൽക്കുന്നവനെ കണ്ടു.. എന്നാൽ അരയിൽ ഒരു തണുപ്പ് അറിയവേ അവൾ തല കുനിച്ചു നോക്കിയതും തന്റെ ഇടുപ്പിൽ ചുറ്റി വിരിഞ്ഞ അവന്റെ കൈകൾ കാണെ പൊള്ളിപ്പിടഞ്ഞു കൊണ്ട് അവനിൽ നിന്ന് അകന്നു നിന്നു.. അവളിൽ പേര് അറിയാത്തൊരു വെപ്രാളം പൊതിഞ്ഞു.. ഹൃദയമിടിപ്പ് ഏറി.. അവളുടെ അനക്കം അറിയവേ ദർശൻ അടച്ചു വെച്ച മിഴികൾ തുറന്നു.. അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കണ്ടെക്ടർ ചേട്ടനെ നോക്കി.. പുള്ളി ടിക്കറ്റ് എടുക്കുന്ന തിരക്കിൽ ആണെന്ന് കാണെ അവളുടെ കൈ പിടിച്ചവൻ ഓടുന്ന ബസിലൂടെ മുന്നോട്ട് നടന്നു.. പിറകിൽ നിന്ന് ആണ് കയറിയത്... ഒഴിഞ്ഞിരിക്കുന്ന സീറ്റ് കാണെ ദർശൻ അവളേം കൊണ്ട് അങ്ങോട്ട് പോയി അവിടെ ഇരുപ്പ് ഉറപ്പിച്ചു... അരുവിലെ സീറ്റിൽ ഇരുപ്പ് ഉറപ്പിച്ച വെണ്ണില പുറത്തേക്കു കാഴ്ച്ചയിൽ മുഴുകി..അവളെ ഒന്നുടെ നോക്കി കൊണ്ട് ദർശനും ഇരുന്നു......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story