വെണ്ണിലാവേ..💔: ഭാഗം 14

vennilave niha

രചന: NIHAA

കണ്ണിന് കുളിർമയേകുന്ന കാഴ്ച്ചയിൽ ഇരുവരും മൗനമായി മുഴുകി ഇരുന്നു.. നെൽപാടവും തെങ്ങിൻ തോപ്പും കവുങ്ങിൻ തോപ്പും തോടും പുഴയും കായലും കടന്നാ ബസ് മുന്നോട്ട് കുതിച്ചു.. വല്ലാത്തൊരു ആവേശം തോന്നി വെണ്ണിലക്ക്.. ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു പ്രദേശത്തു കൂടേ.. അവളുടെ മിഴികളിൽ കൗതുകം നിറഞ്ഞു.. കമ്പിയിൽ പിടി മുറുക്കി കവിൾ ചേർത്തവൾ പുറത്തേ കാഴ്ച്ചയിൽ മുഴുകി.. തറവാട്ടിലേക്ക് ആദ്യം ഒക്കെ ആഴ്ച്ചയിൽ ഒരു പ്രാവിശ്യം എങ്കിലും പോയിരുന്ന ദർശൻ ഈ കാഴ്ചകൾ ഒന്നും പുതുമയുള്ളത് ആയിരുന്നില്ല.. എന്നാലും പേര് അറിയാത്തൊരു അനുഭൂതിയാണീ കാഴ്ച്ചകൾ താണ്ടി പോകുമ്പോൾ.. അച്ഛനും തന്നെ പോലൊരു സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു..അച്ഛന് ജോലിയിൽ സ്ഥലം മാറ്റം വന്നപ്പോൾ ഉപേക്ഷിച്ചതാണ് ഈ നാടും വീടും എല്ലാം..ഈ നാടും വീടും കൂട്ടുകാരെയും ഉപേക്ഷിച്ചു പോരുമ്പോൾ ഒത്തിരി കരഞ്ഞിട്ട് ഉണ്ട് താൻ.. അന്ന് കരഞ്ഞതെല്ലാം മനസിലേക്ക് ഓടി വന്നപ്പോൾ ദർശന്റെ മുഖത്തോരു ചിരി വിടർന്നു... വീട്ടിൽ തങ്ങളെയും കാത്തു ഒരു വൃദ്ധദമ്പതിമാരെ കണ്മുന്നിൽ തെളിയവേ അവൻ നെടുവീർപ്പോടെ നീട്ടി ശ്വാസം വലിച്ചു വിട്ടു.. ഇനി പതിനഞ്ചു മിനുട്ടിന്റെ യാത്ര കൂടേ ഉണ്ട്.. കയ്യിൽ കെട്ടിയ വാച്ചിലേക്ക് ഒന്നുടെ നോക്കി കൊണ്ട് അവൻ ഓർത്തു..

പതിയെ വെണ്ണിലയേ തല ചെരിച്ചു നോക്കി.. പുറത്തേ ഓരോ കാഴ്ച്ചകളിലേക്കും കണ്ണും നട്ട് കൗതുകത്തോടെ ഇരിക്കുന്നവളെ അവനും ഒരു നിമിഷം എല്ലാം മറന്നൊന്നു നോക്കി. "എന്തു രസാ ഇവിടെ ഒക്കെ കാണാൻ.. എന്നിട്ട് എന്തിനാ ദേവേട്ടാ ഈ നാടും വീടും വിട്ടു പോന്നേ.. " കണ്ണും വിടർത്തി വെച്ചു ആവേശത്തോടെ പറയുന്നവളെ കാണെ അവൻ തിരിച്ചൊന്നു ചിരിച്ചു.. "അച്ഛന് ജോലിക്ക് സ്ഥലം മാറ്റം വന്നപ്പോൾ പോയതാ.. " വെണ്ണിലയുടെ ചോദ്യത്തിനു അവൻ മറുപടി നൽകി.. അവന്റെ പറച്ചിലിൽ വിഷാദത്തിന്റെ അംശം കലർന്നിരുന്നു.. "ഇപ്പൊ അച്ഛൻ റിട്ടയേർഡ് ആയെല്ലോ.. ഇനി ഇങ്ങോട്ട് മാറിക്കൂടെ.. " അവന്റെ മുഖത്തെ മങ്ങൽ കണ്ട് വെണ്ണില സംശയത്തോടെ ചോദിച്ചതും ദർശൻ വേണോ വേണ്ടയോ എന്ന മട്ടിൽ ചിരിച്ചു.. "അപ്പൊ എന്റെ ജോലിയോ.. " "ഓഹ്.. ഞാൻ അത് ഓർത്തില്ല.. " അവന്റെ ചോദ്യം കേട്ട് അവളുടെ കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി..അവളുടെ മുഖഭാവം കാണെ ദർശൻ ചിരിച്ചു കൊണ്ട് നേരെ ഇരുന്നു.. കുറച്ച് നേരത്തെ യാത്രക്ക് ശേഷം അവർ ഇറങ്ങേണ്ട കവലയിൽ എത്തിയതും ദർശൻ കാഴ്ചയിൽ മുഴുകി ഇരിക്കുന്നവളുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു ഇറങ്ങി.. കവലയിൽ ഇറങ്ങിയതും ദർശൻ കവലയിൽ ഉള്ള ഒരു ചായപ്പീടികയിലേക്ക് ചെന്നു കയറി..

ഒഴിഞ്ഞു കിടക്കുന്ന ബെഞ്ചിൽ ദർശൻ പോയി ഇരുന്നതും വെണ്ണിലയും അവന്റെ അരികിൽ വന്നിരുന്നു.. പഴമ വിളിച്ചോതുന്ന ആ കടയെ വെണ്ണില ആകമാനം ഉഴിഞ്ഞു നോക്കി.. ഒരു ഭാഗത്തു ചായ കുടിക്കാൻ ഉള്ള ബെഞ്ചുകൾ.. മറുഭാഗത്തു ചെറിയ രീതിയിൽ ഉള്ള അടുക്കള.. ഇരിക്കുന്നിടത്തു നിന്നും നോക്കിയാൽ അവിടെ ചായക്കടക്കാരൻ ചെയ്യുന്ന ജോലിയൊക്കെ കാണാം.. കയറിൽ തൂക്കി വെച്ച പഴക്കുലക്ക് അരികിൽ ചില്ലരമാലയിൽ അടുക്കി വെച്ചിരിക്കുന്ന ആവി പറക്കുന്ന പഴംപൊരിയും പരിപ്പുവടയും അടങ്ങിയ പൊരികടികൾ.. അതിന് തൊട്ടു താഴെ ഉള്ള തട്ടിൽ പുട്ട്,ഇഡലി, പൊറോട്ട, നൂൽപുട്ട് അടങ്ങിയ പലഹാരങ്ങളും.. എല്ലാം നോക്കി കണ്ട വെണ്ണില വായിൽ ഊറിയ വെള്ളം ഇറക്കി കൊണ്ട് പതിയെ ദർശനെ നോക്കി.. അവളുടെ നോട്ടം കാണെ ദർശൻ എന്താ എന്ന മട്ടിൽ പുരികം പൊക്കിയതും അവൾ ഒന്നും ഇല്ലെന്നു കാണിച്ചു കൊണ്ട് അടങ്ങി ഇരുന്നു.. "ഇതാര്.. ദർശൻ കുഞ്ഞോ.. ഒത്തിരി കാലം ആയെല്ലോടാ കണ്ടിട്ട്.. " അവരുടെ അടുത്തേക്ക് ഉടുത്ത തുണിയിൽ കൈ തുടച്ചു കൊണ്ട് വന്ന കടക്കാരൻ ദർശനെ കണ്ട അമ്പരപ്പോടെ ചോദിച്ചു.. "ഒഴിവ് കിട്ടിയില്ല ചേട്ടാ.. " "അല്ല ഇത്.. " അവന്റെ മറുപടിക്ക് അയാൾ തല കുലുക്കി.. എന്നാൽ അവന്റെ അടുത്ത് ഇരിക്കുന്ന പെൺകുട്ടിയേ കണ്ട് സംശയത്തോടെ അയാൾ ചോദിച്ചു..

വെണ്ണിലയിലേക്ക് കൈ ചൂണ്ടി.. "എന്റെ ഭാര്യയാ.." വെണ്ണിലയേ നോക്കി ദർശൻ ചിരിയോടെ പറഞ്ഞതും അയാളുടെ മുഖത്തു വീണ്ടും ആശ്ചര്യം.. " അതിനിടക്ക് കല്യാണവും കഴിഞ്ഞോ.. " മൂക്കത്തു വിരൽ വെച്ചു കൊണ്ട് അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.. "എല്ലാം വളരെ പെട്ടന്ന് ആയിരുന്നു😁. " പല്ലിളിച്ചോണ്ട് അവൻ മറുപടി നൽകിയതും അയാൾ തലയാട്ടി ചിരിച്ചു.. "മക്കൾക്ക് എന്താ വേണ്ടേ.. " "എനിക്ക് ഒരു സുലൈമാനിയും പഴം പൊരിയും.. നിനക്കോ.. ' അവനുള്ളത്‌ ആദ്യം പറഞ്ഞു കൊണ്ട് വെണ്ണിലയേ നോക്കി.. "അത് തന്നെ മതി.." അവൻ പറഞ്ഞതിനോട് യോജിച്ചു കൊണ്ട് അവളും പറഞ്ഞതും അയാൾ ചായ എടുക്കാൻ ആയി തുനിഞ്ഞു.. ___💔 ആവി പറക്കുന്ന ചായ ടേബിളിൽ വെച്ചതും ദർശൻ വെണ്ണിലക്ക് ഉള്ളത് നീട്ടി കൊണ്ട് അവൻ അവനുള്ളത്‌ പതിയെ ചുണ്ടൊട് ചേർത്തു.. അവൻ ചെയ്തത് കണ്ട് വെണ്ണിലയും പതിയെ ഗ്ലാസ്‌ കയ്യിൽ എടുത്തു.. ചൂടുള്ള ചായ അവളുടെ വിരലുകളെ പൊള്ളിച്ചു.. എങ്കിലും അവൾക്ക് നൊന്തില്ല.. കയ്യിൽ എടുത്ത ചായ പതിയെ ചുണ്ടോട് ചേർത്തു..

അതിൽ നിന്ന് ഒരു ഇറക്ക് കുടിച്ചതും അറിയാതെ തന്നെ അവളുടെ മിഴികൾ താനെ അടഞ്ഞു പോയി.. ചായക്ക് പരിചിതം അല്ലാത്തൊരു രുചി.ഏലക്കയുടെ നേരിയ രുചിയും പാകമായ മധുരവും ചായപ്പൊടിയും..അതിനേക്കാളുമേറെ രുചിയൂറും പഴപൊരിയും.. ആസ്വദിച്ചു കൊണ്ട് അവൾ ചായ മുഴുവനും കഴിച്ചു.. ഇരുവരുടെതും കഴിഞ്ഞതും ദർശൻ ചായയുടെ പൈസയും കൊടുത്തു കട വിട്ടിറങ്ങി.. ആധുനികം അല്ലാത്തൊരു കൊച്ച് ഗ്രാമം..പഴമ നിറഞ്ഞ കെട്ടിടങ്ങളും ആൽത്തറയും.. അവിടേം ഇവിടേം കൂട്ടം കൂടി ഇരിക്കുന്ന ചെറുപ്പക്കാരും കുറച്ചു കിളവന്മാരും.. ദർശന്റെ കൂടേ കാലുകൾ വേഗത്തിൽ ചലിപ്പിച്ചവൾ നടക്കുമ്പോഴും അവളുടെ മിഴികൾ ഓരോന്നിലും പതിഞ്ഞു കൊണ്ടിരുന്നു.. കവല പിന്നിട്ടു.. പകരം ഒരു ഇടവഴിയിലേക്ക് കയറി.. "തറവാട്ടിലേക്ക് നേരിട്ടുള്ള വഴി ഇല്ലേ.. " ദർശന്റെ കൂടേ നടക്കുമ്പോൾ മനസ്സിൽ വന്ന സംശയം വെണ്ണില ചോദിച്ചതും ദർശൻ അവളെ നോക്കി.. "ഉണ്ട്.. പക്ഷെ ബസ് ഇറങ്ങിയാൽ ഇത് വഴി പോകുന്നതാ എളുപ്പം.. എന്തെ കുഴങ്ങിയോ.. " അവളെ നോക്കി കൊണ്ട് അവൻ ചോദിച്ചതും അവൾ ചുമൽ കൂച്ചി.. "ഹേയ്.. ഞാൻ ചുമ്മാ ചോദിച്ചതാ.. " ഒന്ന് നിർത്തിയ അവൾ പിന്നേം തുടർന്നു.. "തറവാട്ടിൽ ആരൊക്കയുണ്ട്..? "

"മുത്തശ്ശൻ, മുത്തശ്ശി, ചെറിയമ്മ, ചെറിയച്ഛൻ അവരുടെ രണ്ട് മക്കളും.. പിന്നൊരു അമ്മായി.. ഇത്രേ ഒള്ളു.." അവളുടെ ചോദ്യത്തിനു അവൻ വിശദമായി തന്നെ മറുപടി നൽകിയതും വെണ്ണിലയിൽ ഒരു സംശയം അവശേഷിച്ചു.. "അമ്മായി..? " "അച്ഛന്റെ പെങ്ങൾ.. " അവളുടെ നെറ്റി ചുളിച്ചുള്ള ചോദ്യത്തിനു ദർശൻ മറുപടി നൽകി.. "ഹ.. അത് മനസ്സിൽ ആയി.. അവർ എന്താ തറവാട്ടിൽ.. " അവളുടെ ചോദ്യം കേൾക്കെ ദർശൻ നടത്തിനിടയിലും ഒന്ന് മന്ദഹസിച്ചു.. "അതൊരു വല്യ കഥയാ.. നാട്ടിലെ പേര് കേട്ട പ്രമാണി വന്നു തന്റെ മകൻക്ക് വേണ്ടി അമ്മായിയേ പെണ്ണ് ചോദിച്ചു.. നല്ല കാഷ് ഉള്ള പാർട്ടിക്കാരും പഴയ തറവാട്ട് കാരും ആയതു കൊണ്ടും ഒറ്റ മോളെ നല്ല നിലയിൽ എത്തിക്കണം എന്നുള്ള ആഗ്രഹം കൊണ്ടും മുത്തശ്ശൻ അങ്ങ് സമ്മതം മൂളി.. അമ്മായിക്കും വല്യ എതിർപ്പ് ഇല്ല.. കല്യാണം കഴിഞ്ഞ ആദ്യനാൾ ഒന്നും ഉണ്ടായിരുന്നില്ല.. എന്നാൽ ദിവസം പോകുന്തൊറും അമ്മായിയേ കെട്ടിയവന്റെ സ്വഭാവം മാറാൻ തുടങ്ങി.. കള്ള് കുടിച്ചും വലിച്ചും അമ്മായിയേ ഉപദ്രവിക്കാനും തുടങ്ങി.. ഈ ആട്ടും തുപ്പും ഒന്ന് അമ്മായി ആദ്യം ഒന്നും ആരോടും പറഞ്ഞില്ല.. എന്നാൽ പോകെ പോകെ അയാളുടെ സ്വഭാവം വഷളായപ്പോൾ അമ്മായി എല്ലാം പറഞ്ഞു..

എല്ലാം കേട്ട മുത്തശ്ശൻ അമ്മായിയേം കൂട്ടി തറവാട്ടിലോട്ട്.. വല്യ കാര്യവാ എല്ലാവരെയും.. എന്നേ നോക്കിയത് പോലും അവരാ.. ഒത്തിരി ഇഷ്ട്ടാ ന്നേ.. പാവം.. " അവന്റെ നീണ്ട പറച്ചിൽ ഓരോന്നും വെണ്ണില കേട്ടു കൊണ്ട് നടന്നു.. ഒരേ സമയം അവരോട് അലിവും സഹതാപവും തോന്നിപോയി.. അവൻ അമ്മായിയേ കുറിച്ചോരൊന്നും പറയുമ്പോൾ വെണ്ണില നോക്കി കാണുകയായിരുന്നു അവരെ പറയുമ്പോൾ ഉണ്ടാകുന്ന അവന്റെ കണ്ണിലെ തിളക്കം.. ചൊടികളിലെ മനോഹരം ആയ നേർത്ത പുഞ്ചിരി.. "ഒത്തിരി അനുഭവിച്ചു കാണും അല്ലെ ആ പാവം.." "മ്മ്.. " ഒന്ന് മൂളി കൊണ്ട് അവൻ നടന്നു.. ഒപ്പത്തിനൊപ്പം അവളും.. ഇടവഴി കഴിഞ്ഞവർ വിശാലമായൊരു തെങ്ങിൻ തോപ്പിലേക്ക് പ്രവേശിച്ചു.. __💔 ഏക്കറകണക്കിന് വിശാലമായ ആ തെങ്ങിൻ തോപ്പിന്റെ നടുക്കായി തലയിടുപ്പോടെ നിൽക്കുന്ന നാലു കെട്ട്.. മുറ്റത്തു തഴച്ചു വളർന്ന മാവും അതിൽ നിറയെ മാമ്പഴങ്ങളും.. നട്ടു പിടിപ്പിച്ച ചെറിയ കവുങ്ങുകളും ചെടികളും ആ തറവാടിനേ ഒന്നുടെ മനോഹരം ആക്കി.. വീടിന്റെ ഉമ്മറം ഒരു നീണ്ട വിശാലമായ വരാന്ത പോലെ.. ഇറയത്തൊരു തുളസിത്തറ.. ഉമ്മറത്തെ പടിയിൽ സ്വർണനിറത്തിൽ ഉള്ള കിണ്ടിയും... ഉമ്മറത്തൊരു മരം കൊണ്ട് നിർമ്മിതമായ ചാരുകസേരയും അതിന് താഴെയായി മുറുക്കാൻ പാത്രവും..

നാട് പോലെ തന്നെ വീടും പഴമ വിളിച്ചോതുന്നു.. ഇറയത്തിരുന്നു പുഴുങ്ങിയ മഞ്ഞൾ വെയിലത്തു വിരിച്ചിടുന്ന ഒരു മധ്യവയസ്സക.. അവരെ കാണെ ദർശന്റെ ചൊടികൾ വിടർന്നു..വെണ്ണിലയോട് ചുണ്ടിൽ കൈ വെച്ചു ശബ്ദം ഉണ്ടാക്കാതിരിക്കാൻ കല്പ്പിച്ചു കൊണ്ട് അവൻ പമ്മി പമ്മി നടന്നു.. വിരലുകൾ കൊണ്ട് മഞ്ഞൾ ചിക്കി പരത്തുന്നവരുടെ പിറകിലൂടെ കൈ കൊണ്ട് പോയി വാനിൽ ഉയർത്തിയതും അവരിൽ നിന്ന് പേടിച്ചു പോയതിന്റെ ഒരു ശബ്ദം ഉയർന്നു.. "ആമി കുട്ടിയോയ്.. " വാനിൽ ഉയർത്തിയ അമ്മായിയേ ഒന്ന് കറക്കിയ ശേഷം നിലത്ത് വെച്ചു കൊണ്ട് അവൻ പ്രത്യേകമായ ഈണത്തിൽ വിളിച്ചതും അത് വരെ പകപ്പോടെ നിന്ന അവർ ഞെട്ടി കൊണ്ട് അവനെ നോക്കി.. തനിക്ക് മുന്നിൽ കള്ളച്ചിരിയോടെ നിൽക്കുന്നവനെ കാണെ അവരുടെ മിഴികൾ നിറഞ്ഞു തുളുമ്പി.. "ദേവാ.. സുഖാണോ ഡാ നിനക്ക്..ന്റെ കുട്ടി എന്തെ എന്നേ കാണാൻ വരാത്തത്.." അവന്റെ മുഖത്തു തലോടി കൊണ്ട് അവർ പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും ദർശൻ കണ്ണ് ചിമ്മി.. "ഒഴിവ് കിട്ടിയില്ല ആമി.." അവരുടെ തോളിലൂടെ കൈ കടത്തി കൊണ്ട് ഉമ്മറത്തെ പടിയിലേക്ക് അവൻ കയറി. "ഓഹ് ഒരാളെ മറന്നു.. " എന്നും പറഞ്ഞു തിരിഞ്ഞ ദർശൻ മുറ്റത്തു വന്ന കാലിൽ അവരെ നോക്കി ചുണ്ട് പിളർത്തി നിൽക്കുന്ന വെണ്ണിലയേ കാണെ തല ചൊറിഞ്ഞു.. "ഇങ്ങോട്ട് വാ പെണ്ണെ.. "

അത്രയും പറഞ്ഞു കൊണ്ട് അവൻ ആമിയെയും കൊണ്ട് അകത്തേക്ക് കയറി പോയി.. അവരുടെ പോക്ക് നോക്കി നിന്ന വെണ്ണില പുച്ഛത്തോടെ ചുണ്ട് കോട്ടി.. "പോടാ പട്ടി.. " ചുണ്ടനക്കി തെറി വിളിച്ചവൾ വലതു കാൽ വെച്ചു ഉമ്മറത്തേക്ക് കയറി.. കയറിയ പാടെ ഉമ്മറത്തേക്ക് വന്ന ആളുകളെ കണ്ട് അവൾ പകച്ചു.. പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ.. കൂടേ നാല്പത് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ അവരുടെ കൂടേ നീളം കുറഞ്ഞ ഒരു കുഞ്ഞി പെണ്ണ്.. എല്ലാവരും അവളിലേക്ക് തന്നെ ദൃഷ്ടി ഊന്നി നിൽക്കുകയാണ്.. "എവിടെ ആ കാലമാടൻ..ഒരു അനാഥകുഞ്ഞിനെ ഉപേക്ഷിക്കും പോലെ ഇട്ടിട്ടു പോയവൻ എവിടെ...? " അവരുടെ എല്ലാവരുടെയും നോട്ടം കണ്ട് ചുണ്ടിനടിയിൽ ഇട്ട് പിറുപിറുത്തു കൊണ്ട് അവൾ അവരെ നോക്കി വെളുക്കെ ചിരിച്ചു.. "ഏട്ടത്തി എന്താ അവിടെ തന്നെ നിൽക്കുന്നെ.. ഇങ്ങ് വാ.. " മുട്ടിനടിയിലേക്ക് ഉള്ള ഒരു ഉടുപ്പും ധരിച്ച നീളം കുറഞ്ഞ ആ കുഞ്ഞി പെണ്ണിനെ കാണെ അവളുടെ മിഴികൾ വിടർന്നു.. "ഒന്നുല്ല..ഞാൻ.. " എന്തു പറയണം എന്ന് അറിയാതെ അവൾ നിന്നു.. കൈകൾ സാരിയിൽ പിടിച്ചു കൊരുത്തു വലിച്ചു കൊണ്ട് അവൾ നിന്നു... "ദർശേട്ടൻ ഏട്ടത്തിയെ ഇട്ടേച്ചു പോയല്ലേ.. സാരല്യ.. ഏട്ടൻ അങ്ങനെയാ.. ആമിയേ കിട്ടിയാൽ പിന്നേ ആരെയും ഓർമ ഉണ്ടാവാർ ഇല്ല.. " അവളുടെ അടുത്തേക്ക് നടന്നു വെണ്ണിലയുടെ കൈ പിടിച്ചു കൊണ്ട് വാചാലയാവുന്നവളെ വെണ്ണില വിടർന്ന മിഴിയാലേ നോക്കി..

"ഏട്ടത്തി വാ.. " അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് ആ കുഞ്ഞി പെണ്ണ് പറഞ്ഞതും വെണ്ണില പതിയെ അവളുടെ പിന്നാലെ ചെന്നു.. ഉമ്മറത്തു നിൽക്കുന്നവരെ നോക്കി അവൾ മനോഹരം ആയി മന്ദഹാസം തൂകി.. ____💔 "ഞാൻ താര.. ദർശേട്ടന്റെ ചെറിയച്ഛന്റെ മോളാ. എനിക്ക് ഒരു ചേട്ടൻ കൂടേ ഉണ്ട്.. തേജസ്‌.. പിന്നേ ഇത് അമ്മ.. അച്ഛൻ പുറത്ത് പോയതാ.. പിന്നേ ഇത് മുത്തശ്ശി.. മുത്തശ്ശൻ പാടത്തേക്ക് ഇറങ്ങിയതാ.. സന്ധ്യ ആവുമ്പഴേ കയറി വരൂ.. " ചുരുങ്ങിയ സമയം കൊണ്ട് താര എല്ലാവരെയും പരിചയപ്പെടുത്തുകയും വിശേഷം പറയുകയും ചെയ്തു.. വെണ്ണില അവളെ ഒന്ന് നോക്കി.. വാചാലയായ ഒരു കൊച്ച് പെൺകുട്ടി.. പതിനഞ്ചു വയസ്സ് പോലും തോന്നിക്കാത്ത ഒരു കുഞ്ഞി പെണ്ണ്.. ഇടുപ്പോളം വളർത്തിയ കാർകൂന്തൽ മെടഞ്ഞിട്ട് ഉണ്ട്.. കാതിൽ പൊന്നിന്റെ കമ്മലും നെറ്റിയിൽ കുറിയും.. സംസാരത്തിനിടക്ക് ചിരിക്കുമ്പോൾ ചുരുങ്ങുന്ന കുഞ്ഞി കണ്ണുകൾ.. വല്ലാത്തൊരു ഭംഗി.. ഒറ്റനോട്ടത്തിൽ അവളോട് വാത്സല്യം തോന്നി പോകും.. "നീ എത്രയിലാ പഠിക്കുന്നെ.. " "പ്ലസ് ടൂ.. എക്സാം നടന്നു കൊണ്ടിരിക്കുകയാണ്.. " വെണ്ണിലയുടെ ചോദ്യത്തിനു താര മറുപടി നൽകി.അവളുടെ ഉത്തരം കേൾക്കെ വെണ്ണിലയുടെ കണ്ണ് മിഴിഞ്ഞു.. "ആമിയേ കിട്ടിയപ്പോൾ ദർശൻ നിന്നേ ഇട്ടേച്ചു പോയല്ലേ... "....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story