വെണ്ണിലാവേ..💔: ഭാഗം 15

vennilave niha

രചന: NIHAA

"ആമിയേ കിട്ടിയപ്പോൾ ദർശൻ നിന്നേ ഇട്ടേച്ചു പോയല്ലേ... " അവളുടെ കൈകളിൽ പിടുത്തം ഇട്ട ചെറിയമ്മ ചോദിച്ചതും അവൾ നേർമയായി പുഞ്ചിരിച്ചു.. "കുടിക്കാൻ എന്തേലും എടുക്ക് ശാന്തേ.. " വെണ്ണിലയുടെ അടുത്തേക്ക് ചെന്ന മുത്തശ്ശി പറഞ്ഞു.. അത് കേട്ട് തിരിയാൻ ഭാവിച്ച ചെറിയമ്മയേ വെണ്ണില പിടിച്ചു വെച്ചു.. "അയ്യോ വേണ്ട ചെറിയമ്മേ . കവലയിൽ നിന്ന് കുടിച്ചിട്ടാ വന്നേ.. " "അപ്പൊ നിങ്ങൾ ബസ് പിടിച്ചാണോ വന്നത്.. " അവളുടെ ഉത്തരം കേൾക്കെ മുത്തശ്ശി തന്റെ ചുളിഞ്ഞ കൈകൾ അവളുടെ കവിളിൽ ചേർത്തു കൊണ്ട് ചോദിച്ചു.. "വരുന്ന വഴിയിൽ വെച്ചു കാർ ബ്രേക്ക്‌ ഡൗ ആയി.. പിന്നേ ബസ് പിടിക്കല്ലാതെ വേറെ നിവർത്തി ഉണ്ടായിരുന്നില്ല.. " തന്റെ കവിളിൽ വെച്ച ചുക്കി ചുളിഞ്ഞ ഈർക്കിൽ പോലുള്ള കൈകളിലേക്ക് നോക്കി കൊണ്ട് അവൾ മറുപടി നൽകി.. ശേഷം മുത്തശ്ശിയേ ഒന്ന് നോക്കി.. പല്ല് ഒക്കെ കൊഴിഞ്ഞിട്ട് ഉണ്ട്.. നേര്യത് ആണ് വേഷം.. കാതിൽ ചിറ്റും കഴുത്തിൽ പൊന്നിന്റെ മാലയും കൈകളിൽ പൊന്നിന്റെ വളകളും.. ആഡംബരപൂർണമായി ഉള്ള ആഭരണങ്ങളും വസ്ത്രവും.. പല്ല് കൊഴിഞ്ഞിട്ട് ഉണ്ടെങ്കിലും മുഖത്തു വല്ലാത്തൊരു പ്രസന്നത. ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന എല്ലുന്തിയ കവിളുകളും..

ദർശന്റെ എവിടെ ഒക്കെയോ ഉണ്ട്.. മുത്തശ്ശി അല്ലെ.. ഇല്ലാതിരിക്കില്ല.. അവൾ സ്വയം ഓർത്തു.. "മോൾ അകത്തേക്ക് ചെല്ല്.. " അത്രയും പറഞ്ഞു കൊണ്ട് മുത്തശ്ശി ഇറയത്തേക്ക് ഇറങ്ങി പോയി..ആമി പകുതിക്ക് വെച്ചു പോയ മഞ്ഞൾ അവർ വിരലിനാൽ ചിക്കി പരത്താൻ തുടങ്ങി.. അവരുടെ പോക്ക് നോക്കി നിന്ന വെണ്ണില നീട്ടി ഒന്ന് ശ്വാസം വലിച്ചു വിട്ടു കൊണ്ട് താരയുടെ കൂടേ അകത്തേക്ക് നടന്നു.. അകത്തേക്ക് കയറിയതും കാലിലേക്ക് അരിച്ചു കയറിയ തണുപ്പിൽ അവളുടെ നേത്രഗോളങ്ങൾ വികസിച്ചു..ഒരു മുറി കടന്നവർ ഇടനാഴിയിലേക്ക് ആയി പ്രവേശിച്ചു.. ആ ഇടനാഴിയും കഴിഞ്ഞു കൊണ്ട് അവർ വലിയൊരു മുറിയിൽ എത്തിയതും നടുമുറ്റം കാണെ അവളിൽ ആശ്ചര്യം നിറഞ്ഞു... "അവിടെ തന്നെ നിക്കാതെ വാ ഏട്ടത്തി.. " നടുമുറ്റത്തിലേക്ക് നോക്കി നിൽക്കുന്ന വെണ്ണിലയേ താര വിളിച്ചു.. അവളുടെ വിളി കേട്ട് നിലു പതിയെ അവൾക്ക് പിറകെയായി വെച്ചു പിടിച്ചു..ഹാളിൽ നിന്ന് ഒരു വശത്തേക്ക് ഉള്ള മുറിയിലെക്ക് പ്രവേശിച്ചു.. അവിടെ ഉള്ള മുറിയിൽ കട്ടിലിൽ ആമിയുടെ മടിയിൽ തല വെച്ചു വിശേഷം പറയുന്ന ദർശനെ കാണെ വെണ്ണില ചുണ്ട് കൂർപ്പിച്ചു.. അവർ രണ്ട് പേരും വന്ന ശബ്ദം കേട്ട ആമി തല ഉയർത്തി നോക്കി.

അത് കണ്ട് ദർശനും തല ചെരിച്ചു.. ചുണ്ടും കൂർപ്പിച്ചു തന്നെ തുറിച്ചു നോക്കുന്നവളെ കാണെ ദർശൻ പല്ലിളിച്ചു.. അവന്റെ ഇളി കണ്ട് വെണ്ണില അവനെ പുച്ഛിച്ചു തള്ളി കൊണ്ട് കട്ടിലിൽ വന്നിരുന്നു.. "മോൾ ഇവിടെ ആദ്യം ആയിട്ട് അല്ലെ വരുന്നത്.. " തന്റെ ഓര്ത്ത് ആയി വന്നിരുന്നവളെ നോക്കി ആമി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു "മ്മ്.. ആദ്യം ആയിട്ട..നിങ്ങൾ ഒന്നും കല്യാണത്തിനു വന്നില്ലായിരുന്നോ.. " അവരെ ഒന്നും കല്യാണത്തിനു താൻ കണ്ടില്ലായിരുന്നു.. അതുകൊണ്ട് അവൾ ചോദിച്ചതും ദർശൻ അവളെ ചെറഞ്ഞൊന്ന് നോക്കി.. "എല്ലാവരും ഉണ്ടായിരുന്നു.. നീ കണ്ടില്ലന്നു മാത്രം.. " അവളെ ഒന്ന് ഇരുത്തി നോക്കിയ ശേഷം ദർശൻ പറഞ്ഞതും വെണ്ണില ഇരുന്ന ഇരുപ്പിൽ അനങ്ങാതെ നിന്നു.. അതെ താൻ കണ്ടില്ലായിരുന്നു.. എല്ലാവരേം നോക്കാൻ ഉള്ള മാനസികാവസ്ഥയായിരുന്നില്ല തനിക്ക്..നീറുന്ന മനസ്സോടെ ജീവച്ഛമായി ഇരിക്കുമ്പോൾ ആരെയും നോക്കാൻ ഉള്ള ത്രാണി തനിക്ക് അന്ന് ഉണ്ടായിരുന്നില്ല... എല്ലാം ഓർക്കേ അവളിൽ വേദന നിറഞ്ഞു.. മനസ്സിലേക്ക് ഒരു മുഖം തികട്ടി വന്നതും അവൾ തല കുടഞ്ഞു.. "വയ്യ ഇനിയും വേദനിക്കാൻ.. ആദിയേട്ടനെ എന്നേലും ഒക്കെ കാണുമായിരിക്കും.."

ഉള്ളിൽ ഒരു ദൃഢനിശ്ചയം എടുത്തു കൊണ്ട് അവൾ പെയ്യാൻ വെമ്പുന്ന മിഴികൾ ആരും കാണാതെ അമർത്തി തുടച്ചു... അത് ദർശൻ കൃത്യമായി കണ്ടു എങ്കിലും അവൻ അത്ര കാര്യം ആക്കാതെ ആമിയോട് സംസാരിക്കുന്നതിലേക്ക് ശ്രദ്ധ പതിപ്പിച്ചു... ____💔 "ദേവേട്ടൻ എങ്ങോട്ടാ.. " ഷർട്ട്‌ തൊരുത്ത് വെച്ചു മുണ്ട് മടക്കി കുത്തി എങ്ങോട്ടോ പോകാൻ ആയി തുനിഞ്ഞു ചെരുപ്പ് ഇടുന്ന ദർശനെ കാണെ ഉമ്മറത്തെ തിണ്ണയിൽ മുത്തശ്ശിയോട് കുശലം പറഞ്ഞിരുന്ന വെണ്ണില ചാടി എഴുനേൽറ്റു ചോദിച്ചു.. "ഞാൻ ഒന്ന് പാടം വരെ പോയിട്ട് വരാം.. നീ വരുന്നുണ്ടോ.. " അവളുടെ ചാട്ടം കണ്ട് പകച്ച ദർശൻ അവളെ ഒന്ന് അടിമുടി നോക്കി കൊണ്ട് ചോദിച്ചു.. "മ്മ് ഞാനും ഉണ്ട്.. താരേ നീയും വാ.." ഉത്സാഹത്തോടെ പറഞ്ഞു കൊണ്ട് താരയിലേക്ക് തിരിഞ്ഞതും അവൾ മെല്ലെ അവിടെ നിന്നും വലിഞ്ഞു.. "അയ്യോ ഏട്ടത്തി.. ഒത്തിരി പഠിക്കാൻ ഉണ്ട്.. മാർക്ക്‌ വാങ്ങിയില്ലേൽ അമ്മ എന്റെ മുട്ടുകാൽ തല്ലി ഒടിക്കും.." വെണ്ണിലക്ക് ഒന്ന് വെളുക്കെ ഇളിച്ചു കാണിച്ചു കൊണ്ട് അതും പറഞ്ഞവൾ അകത്തേക്ക് ഓടി.. ഉമ്മറത്തെ വാതിലിൽ കയ്യിൽ ചട്ടുകം അടിച്ചു കൊണ്ട് ഇടുപ്പിൽ സാരി തിരുകി ഇരിക്കുന്ന ശാന്തയേ കാണെ ആണ് അവൾ വലിഞ്ഞത് എന്ന് വെണ്ണില ഓർത്തു.. "മോൾ പൊക്കോ.. ഓരോ അവസരം കിട്ടാൻ കാത്തു നില്ക്കാ ആ മടിച്ചി.. " ശാന്തയുടെ പറച്ചിൽ കേൾക്കെ വെണ്ണില ഒന്ന് ചിരിച്ചു.. ശേഷം ദർശനെ തല ചെരിച്ചു നോക്കിയതും അവൻ കണ്ണ് ചിമ്മി ഇറങ്ങി നടന്നു..

പിറകെ ചെരുപ്പ് അണിഞ്ഞു കൊണ്ട് വെണ്ണിലയും ഓടി.. തെങ്ങിൻ തൊപ്പ് കഴിഞ്ഞു കൊണ്ട് അവർ പാടവരമ്പത്തേക്ക് ഇറങ്ങി.. പച്ചപ്പ് നിറഞ്ഞ നെൽപ്പാടം ഇരുവരുടെയും കണ്ണിന് കുളിർമയേകി.. കൊയ്യാൻ പാകത്തിൽ വിളഞ്ഞിരിക്കുന്ന നെൽകതിരിനിടയിലൂടെ അവർ മുന്നോട്ട് നടന്നു.. സായാഹ്നത്തിലെ ഇളം വെയിലിൽ അടിച്ചു വീശുന്ന മന്തമാരുതനേ മറികടന്നവർ മുന്നോട്ട് നടന്നു..മുന്നിൽ മുണ്ട് മടക്കി കുത്തി കാറ്റിൽ ആടിയുലയുന്ന മുടി ഇഴകളെ വിരലിനാൽ തഴുകി കൊണ്ട് പോകുന്നവന്റെ പിറകെ വരമ്പിലൂടെ അവളും നടന്നു.. സാരി ഒന്ന് ഉയർത്തി പിടിച്ചു മുഖത്തേക്ക് അടിച്ചു വീശുന്ന മുടി ഇഴകളെ വകഞ്ഞു മാറ്റി കൊണ്ട് വെണ്ണിലയും.. ""കൂയ്.. "" പാടത്തെ ദൂരേക്ക് നോക്കി കൂക്കി വിളിക്കുന്ന ദർശനെ വെണ്ണില മിഴിഞ്ഞ കണ്ണാലെ നോക്കി.. ദൂരെ വയലിൽ എല്ലു മുറിയെ പണി എടുക്കുന്ന ഒരു വൃദ്ധനേ കാണെ അവൾ കണ്ണുകൾ ചുരുക്കി അവിടേക്ക് നോക്കി.. ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയിൽ നിന്ന് അയാൾ തല ഉയർത്തി നോക്കി.. ദൂരെ നിൽക്കുന്ന രണ്ട് പേരെ കാണെ അവരുടെ നെറ്റി ചുളിഞ്ഞു.. കണ്ണുകൾക്ക് കാഴ്ചശക്തി കുറവ് ആണ്. അതുകൊണ്ട് തന്നെ അവരുടെ മുഖം വ്യക്തം അല്ല.. എന്നാൽ ദർശന്റെ ശബ്ദം ആണെന്ന് അറിയവേ അയാളുടെ തിമിരം ബാധിച്ച മിഴികൾക്ക് പ്രത്യേകതിളക്കം ആർജ്ജിച്ചു..

കൂടേ ഉള്ള പെൺകുട്ടി ആരാണെന്ന് വ്യക്തം ആകുന്നില്ല.. എങ്കിലും അയാൾ തലയിൽ കെട്ടിയ തോർത്ത്‌ മുണ്ട് അഴിച്ചു കുടഞ്ഞു കൊണ്ട് നര ബാധിച്ച തലയിൽ ഒന്നുടെ മുറുക്കി കെട്ടി.. കയ്യിൽ മുറുകെ പിടിച്ച തൂമ്പ അവിടെ ഇട്ടു കൊണ്ട് അയാൾ പതിയെ നടന്നു.. എന്നാൽ അവരെ കൂടുതൽ നടക്കാൻ സമ്മതിക്കാതെ ദർശനും വെണ്ണിലയും അയാളിലേക്ക് നടന്നിരുന്നു... "ഹാ.. ആരിത് ദേവനോ..ഓർമ ഉണ്ടോ ഞങ്ങളെ ഒക്കെ..പെണ്ണ് കെട്ടിയപ്പോൾ നീ അവിടെ തന്നെ കൂടിയോടാ.. " അവന്റെ തോളിൽ ഒന്ന് അടിച്ചു കൊണ്ട് മുത്തശ്ശൻ കളിയോടെ ചോദിച്ചതും ദർശനും വെണ്ണിലയും ഒരു പോലെ ചൂളി പോയി.. "ഒഴിവ് ഇല്ലായിരുന്നു മുത്തശ്ശ..സ്കൂൾ അടച്ചപ്പോൾ ഇങ്ങോട്ട് തിരിച്ചതാ.. " ചമ്മൽ പുറത്തേക്ക് പ്രകടിപ്പിക്കാതെ അവൻ പറഞ്ഞതും അയാൾ തലയാട്ടി ചിരിച്ചു.. ഉരുക്ക് പോലുള്ള ശരീരം അല്ലെങ്കിലും ശരീരം അല്ലെങ്കിലും നല്ല ആരോഗ്യം ഉള്ള മനുഷ്യൻ.. ഒരു കള്ളിമുണ്ട് മാത്രം ആണ് വേഷം. തലയിൽ വേറൊരു തോർത്ത്‌ മുണ്ടും.. കൈകാലുകളിൽ ചളി പറ്റിപിടിച്ചിരിക്കുന്നു.. സൂര്യന്റെ വെയിൽ തട്ടി വിയർത്ത ശരീരം... "മോളെ പേര് എന്താ.." ദർശന്റെ കൂടേ നിൽക്കുന്നവളെ നോക്കി അയാൾ ചോദിച്ചു.. "വെണ്ണില... " മനോഹരം ആയ പുഞ്ചിരിയോടെ അവൾ മറുപടി നൽകി..

അവളുടെ പേര് കേൾക്കെ അയാളുടെ മിഴികൾ ഒന്ന് വികസിച്ചു.. "ആഹാ.. എന്നാ നിങ്ങൾ ചെല്ല്.. എനിക്ക് ഇത്തിരി കൂടേ പണി ഉണ്ട്.. " തങ്ങളെ യാത്രയാക്കി പൂർത്തി ആക്കാതെ വെച്ച ജോലിയിലേക്ക് ആയി പോകുന്നവരെ ഒന്ന് നോക്കി നിന്ന ശേഷം ഇരുവരും നടന്നു.. കൊയ്യാൻ പാകം ആയ നെൽകതിരിൽ നിന്ന് ഒന്ന് പിഴുതെടുത്തവൾ വായിൽ ഇട്ടു കടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.. ___💔 "നിനക്ക് കുളിക്കണോ.. " നടത്തത്തിനിടയിൽ കണ്ട ഒഴുകുന്ന അരുവി നോക്കി ദർശൻ ചോദിച്ചതും വെണ്ണില പെട്ടന്ന് തന്നെ വേണ്ടെന്ന് തല കുലുക്കി.. "അതെന്താ..? " അവൾ പെട്ടന്ന് തന്നെ വേണ്ടെന്ന് പറഞ്ഞത് കാരണം അവൻ സംശയത്തോടെ നോക്കി.. "സാരി അല്ലെ.. " സ്വയം ഒന്ന് കാണിച്ചു കൊടുത്ത് കൊണ്ട് അവൾ പറഞ്ഞതും ദർശൻ അതെയോ എന്ന മട്ടിൽ പുരികം പൊക്കി താഴ്ത്തി.. "എന്നാ വാ.. " അത്രയും പറഞ്ഞു കൊണ്ട് അവൻ മുന്നോട്ട് നടന്നു.. പിറകെ അവളും. കുളവും അതിൽ നിന്നൊഴുകുന്ന അരുവിയും കൃഷിതോട്ടങ്ങളും ചുറ്റി കണ്ട് അവർ നേരം സന്ധ്യയോടടുത്തപ്പോൾ വീട്ടിലേക്ക് തന്നെ തിരിച്ചു.. "ഓയ് ദർശേട്ടാ.. " വീട്ടിലേക്ക് നടക്കും വഴി തങ്ങൾക്ക് കുറുകെ ചാടിയ പെണ്ണിനെ കാണെ വെണ്ണില സംശയത്തോടെ ദർശനെ നോക്കി.. "ഹ അച്ചൂ.. സുഖം ആണോടി.. "

"ഓ.. നമ്മളെ ഒന്നും ഇപ്പൊ ആർക്കും വേണ്ടാലോ.. സങ്കടം ഒന്നും ഇല്ല.. എന്നാലും ഒരു ചെറിയ ബെസ്മം.. " മൂക്ക് ചീറ്റി കൊണ്ട് തന്റെ ചോദ്യത്തിനു ആ പെണ്ണ് മറുപടി പറയുന്നത് കാണെ ദർശൻ അവളുടെ തലക്ക് കൊട്ടി.. ഇതെല്ലാം നോക്കി നിന്ന വെണ്ണിലക്ക് നേരിയ ദേഷ്യം തോന്നി.. "ഔ നൊന്തു.. " അവൻ കൊട്ടിയ തലയിൽ ഉഴിഞ്ഞു കൊണ്ട് അച്ചു പറഞ്ഞതും ദർശൻ ചിരിയോടെ അവളുടെ മുടിയിൽ അരുമയായി തഴുകി.. "സാരല്യട്ടോ.. " അവന്റെ തലോടലും അവളോട് കൊഞ്ചലോടെ ഉള്ള സംസാരവും അവളുടെ ദേഷ്യത്തെ ഇരട്ടിപ്പിച്ചു.. "മ്മ്.. അതൊക്ക പൊട്ടെ ഇതാരാ ദർശേട്ടാ.. " ഒന്ന് മൂളിയ അച്ചു വെണ്ണിലയേ ചൂണ്ടി ചോദിച്ചു.. അവളുടെ വിരൽ ചൂണ്ടൽ ഒട്ടും ഇഷ്ട്ടപ്പെടാതിരുന്ന നില മുഷിപ്പോടെ മുഖം തിരിച്ചു.. തന്നിലേക്ക് ഒരാൾ കൈ ചൂണ്ടുമ്പോൾ ഉണ്ടാകുന്ന എല്ലാ അനിഷ്ടവും അവളിൽ നിറഞ്ഞു.. "ഇതോ.. ഇത് ഞാൻ താലി കെട്ടി കൂടേ കെട്ടിയ എന്റെ കെട്യോൾ.. " വെണ്ണിലയുടെ തോളിലൂടെ കൈ കടത്തി തന്നിലേക്ക് വലിച്ചു ചേർത്തു കൊണ്ട് അവൻ പറഞ്ഞു.. അവന്റെ വലിയിൽ ഞെട്ടി പോയ വെണ്ണില അവന്റെ തോളോട് തോൾ ചേർന്നു നിന്നതും അവളുടെ നേത്രഗോളങ്ങൾ എന്തിനോ വേണ്ടി വികസിച്ചു.. ആ മിഴികളിൽ ദേഷ്യത്തിനു പകരം പഴയ പകപ്പ് നിറഞ്ഞു.. ആ പെണ്ണുടൽ വെപ്രാളം പൂണ്ടു.. "ആണോ... " വെണ്ണിലയേ വിടർന്ന മിഴിയാലേ നോക്കി അച്ചു ചോദിച്ചതും വെണ്ണില മുഖത്തു പുഞ്ചിരി വിടർത്തി...

"ഹൈ.. ഞാൻ അശ്വതി ഞങ്ങൾ കുഞ്ഞിലേ ഉള്ള കൂട്ടുകാരാ.. ചേച്ചിടെ പേര് എന്താ.. " അച്ചു നീട്ടിയ കൈകളിൽ പിടുത്തം ഇട്ടു കൊണ്ട് വെണ്ണില മറുപടി നൽകി: "വെണ്ണില.. " "അപ്പൊ ശെരി ദർശേട്ടാ, ചേച്ചി ഞാൻ പോകുവാ.. നേരം ഇരുട്ടി... " അത്രയും പറഞ്ഞു കൊണ്ട് അച്ചു വന്ന പോലെ ചാടി തുള്ളി പോയതും വെണ്ണില പതിയെ ദർശനെ ഉറ്റു നോക്കി.. തന്റെ സമ്മതം പോലും ഇല്ലാതെ തോളിൽ കൈ കടത്തി അച്ചുവിന്റെ പോക്ക് നോക്കി ചെറുചിരിയോടെ നിൽക്കുന്നവനെ കാണെ വെണ്ണിലയുടെ കണ്ണ് കൂർത്തു.. "വിടെന്നെ.. " അതും പറഞ്ഞു വെണ്ണില ദർശനിൽ നിന്ന് കുതറി കൊണ്ട് മാറി നിന്നു.. അവളുടെ കുതറലും വീർപ്പിച്ചു വെച്ച മുഖവും കാണെ ദർശൻ വാ പൊത്തി ചിരിച്ചതും വെണ്ണിലയുടെ കണ്ണും ചുണ്ടും ഒരുപോലെ കൂർത്തു.. വീർപ്പിച്ചു വെച്ച കവിളുകളിൽ ദേഷ്യം കൊണ്ട് രക്തം ഇരച്ചു കയറി .. ചുവന്നു തുടുത്ത മുഖവും ആയി എളിയിൽ കൈ കുത്തി തന്നെ തുറിച്ചു നോക്കുന്നവളെ കാണെ ദർശന്റെ കണ്ണുകൾ അവളുടെ മുഖത്തു ആകെ ഓടി നടന്നു.. ചുവന്നു തുടുത്ത ആ കവിളിൽ തന്റെ തന്തകൾ ആഴ്ത്താൻ വെമ്പൽ കൊണ്ടെങ്കിലും ഇനിയും അവളുടെ അവഗണന സഹിക്കാൻ കഴിയാത്തത് കൊണ്ട് അവൻ ഉള്ളിൽ കുമിഞ്ഞു കൂടുന്ന വികാരങ്ങളെ അടക്കി വെച്ചവൻ വീട്ടിലേക്ക് നടന്നു...

നേരം ഇരുട്ടി തുടങ്ങിയത് കാരണം ആ സമയത്ത് കയറി വന്ന അവർക്ക് മുത്തശ്ശിയിൽ നിന്ന് നന്നായി വഴക്ക് കേട്ടു.. അത് ഒന്നും അത്ര കാര്യം ആക്കാതെ ചിരിയോടെ കേട്ട് നിന്നു കൊണ്ട് വെണ്ണില അവിടെ നിന്നും ഉൾവലിഞ്ഞു.. ഇടനാഴിയിലെ മരം കൊണ്ട് നിർമ്മിതമായ ഗോവണി പടി അവൾ പതിയെ കയറി.. തങ്ങൾക്ക് ഉള്ള മുറി അവിടെ ആണെന്ന് താര പറഞ്ഞിരുന്നു..അത് എവിടെ ആണെന്നും.. ആ ഒരു ഊഹം വെച്ചവൾ കയറി ചെന്നു..നാല് മുറികളുടെ വാതിലുകൾ കാണെ താര പറഞ്ഞത് വെച്ചവൾ നടുവിൽ ഉള്ള മുറി തുറന്നു... തന്നെ വിശാലമല്ലെങ്കിലും രണ്ട് പേർക്ക് സുഖം ആയി കഴിയാൻ ഉള്ള സൗകര്യം ആ മുറിയിൽ ഉണ്ടായിരുന്നു.. മരം കൊണ്ട് നിർമ്മിതമായ കട്ടിലും അലമാരയും കുഞ്ഞ് മേശയും കണ്ണാടിക്ക് മുന്നിലെ കസേരയും അടങ്ങുന്ന ഒരു മുറി.. വീടിന്റെ മച്ചിലേക്ക് നോക്കിയ വെണ്ണിലയുടെ മിഴികൾ തിളങ്ങി.. ഓട് പാകിയ മച്ചിൽ ചിലത് എല്ലാം അടർന്നിട്ട് ഉണ്ട്.. അതെല്ലാം ഷീറ്റ് വെച്ചു മറച്ചിട്ടും ഉണ്ട്..

നാല് കെട്ട് ആയതു കൊണ്ട് വല്ലാത്തൊരു തണുപ്പ് ആണ്. കാലിൽ ആകെ തണുപ്പ് അരിച്ചു കയറുന്നു..മുറി ആകമാനം നോക്കിയ വെണ്ണിലയുടെ ചൊടികളിൽ പുഞ്ചിരി തത്തി... മുറിയിൽ അടച്ചിട്ട വാതിൽ കാണെ അവൾ പതിയെ അങ്ങോട്ട് നടന്നു..കൊളുത്തു അഴിച്ചവൾ വാതിൽ മലർക്കെ തുറന്നതും കണ്ടു.. നീണ്ട വരാന്ത.. വരാന്തയുടെ കൈപിടിയിൽ ആകെ മുല്ലവള്ളി പടർത്തിയിരിക്കുന്നു.. വരാന്തയുടെ നടുക്ക് ആയി ചങ്ങലയിൽ തൂക്കിയ മരം കൊണ്ട് നിർമ്മിതമായ ഊഞ്ഞാൽ... വരാന്തയിൽ നിന്നാൽ അപ്പുറത്തുള്ള തെങ്ങിൻ തോപ്പും കഴിഞ്ഞു നെൽപാടം വരെ കാണാം.. എല്ലാം കൊണ്ട് മനസ്സിന് കുളിർമയേകുന്ന കാഴ്ച്ച.. ഊഞ്ഞാലിൽ ഇരുപ്പ് ഉറപ്പിച്ചവൾ ഇരുൾ വീണു തുടങ്ങുന്ന ഭൂമിയെയും മാനത്തെയും അവൾ നോക്കി.. ഒത്തിരി നേരം കൂടേ അവിടെ ഇരുന്നവൾ എഴുനേൽറ്റു മുറിയിലേക്ക് നടന്നു..ബെഡിൽ താര വെച്ചിട്ട് പോയ മടക്കി വെച്ച വസ്ത്രവും എടുത്തവൾ കുളിമുറിയിലേക്ക് നടന്നു......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story