വെപ്പാട്ടി: ഭാഗം 1

veppatti

രചന: അഭിരാമി ആമി

തലേദിവസം പെയ്ത മഴയിൽ കുളം കെട്ടിക്കിടന്ന ചെളി വെള്ളം തെറിപ്പിച്ചുകൊണ്ട് ആ കറുത്ത ജീപ്പ് ചുരം കയറി മുന്നോട്ട് കുതിച്ചു. സമയം വൈകുന്നേരം നാലുമണി കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂവെങ്കിലും ഹൈറേഞ്ചിലെ മലമടക്കുകളിൽ നിന്നും കോടമഞ്ഞ് മണ്ണിലേക്കിറങ്ങിതുടങ്ങിയെന്നോർമ്മിപ്പിക്കും വിധം പരിസരമാകെ ഇരുൾ മൂടി തുടങ്ങിയിരുന്നു. ജീപ്പ് ഗസ്റ്റ്‌ ഹൗസിന്റെ മുറ്റത്തേക്ക് ഇരച്ചുകയറി വന്ന് സഡൺ ബ്രേക്കിട്ടു. കുളിച്ചിറങ്ങാൻ തുടങ്ങുകയായിരുന്ന നാൻസി പെട്ടന്ന് മുടിയിലൊരു തോർത്ത് ചുറ്റിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി ചെന്നു. അവൾ ഹാളിൽ എത്തും മുൻപ് തന്നെ വെളിയിൽ നിന്നും താക്കോലിട്ട് വാതിൽ തുറന്നവനകത്തേക്ക് കയറിയിരുന്നു. " നാൻസി..... "

അവൻ ഉറക്കെ വിളിച്ചതും നാൻസി അങ്ങോട്ട് ചെന്നതും ഒരുമിച്ചായിരുന്നു. " ഞാൻ കുളിക്കുവാരുന്നു.... " അവളവനെ നോക്കാതെ നിലത്തേക്ക് നോക്കി നിന്നുകൊണ്ട് പതിയെ പറഞ്ഞു " ആഹ് നീ ചെന്ന് റെഡിയായിട്ടു വാ.... ഇപ്പൊ തന്നെ ഇറങ്ങണം. " പറഞ്ഞിട്ട് അവൻ തന്റെ മുറിയിലേക്ക് പോകാൻ തിരിഞ്ഞപ്പോഴായിരുന്നു എങ്ങോട്ടാണെന്ന ചോദ്യം നാൻസിയിൽ ഉരുത്തിരിഞ്ഞത്. " സണ്ണിച്ചാ...... " അവൾ പെട്ടന്ന് വിളിച്ചു. വിളി കേട്ടതും സണ്ണി തിരിഞ്ഞവളെ നോക്കി പുരികം ചുളിച്ചു. " എങ്ങോട്ടാ.....???? " " കട്ടപ്പനയ്ക്ക്..... എന്റപ്പൻ ഔതക്കുട്ടി മരിച്ചു. എനിക്ക് പോയെ പറ്റു. നിന്നെ ഇവിടെ തനിച്ചാക്കി പോകാൻ പറ്റുമോ..... "

മുഖത്ത് പ്രത്യേകിച്ച് വികാരങ്ങളൊന്നും വരുത്താതെ തന്നെ അവൻ പറഞ്ഞത് കേട്ട് നാൻസിയവനെ അമ്പരന്ന് നോക്കി. സ്വന്തം അപ്പൻ മരിച്ച കാര്യം ഇത്ര നിസാരമായി പറയുന്ന ഇതെന്ത് ജീവിയെന്ന ഭാവം അവളുടെ കണ്ണിൽ തെളിഞ്ഞിരുന്നു. " ഇനി ആലോചിച്ചോണ്ട് നിക്കാതെ വേഗം ചെന്നൊരുങ്ങാൻ നോക്ക്.... ഒത്തിരി രാത്രിയാകും മുന്നേ ചുരമിറങ്ങണം. " അവിടെ തന്നെ നിന്നെന്തോ ആലോചിച്ചുകൊണ്ട് നിൽക്കുകയായിരുന്ന നാൻസിയെ നോക്കി അവനല്പം ഒച്ചത്തിൽ പറഞ്ഞു. " സണ്ണിച്ചാ..... " " ഇനിയെന്നാ....??? " അവന്റെ മുഖത്തും ശബ്ദത്തിലും ദേഷ്യം തെറിച്ച് നിന്നിരുന്നു. " അല്ല ഞാനാലോചിക്കുവാരുന്നു.... ഞാൻ വരണോ സണ്ണിച്ചാ.... ഞാനവവിടെ വന്നിട്ടെന്നാ ചെയ്യാനാ....??? അല്ലെത്തന്നെ ഞാനാരാണെന്ന് പറയും അവിടുള്ളവരോടെല്ലാം....??? " അവൾ ആലോചനയോടെ പറയുന്നത് കണ്ട് സണ്ണിയുടെ മുഖം ചുവന്നു. "

നീ തത്കാലം ആരോടും ഒന്നും മൊഴിയാൻ പോകണ്ട..... അവിടാരും നിന്നോടൊന്നും ചോദിക്കാനും പോണില്ല. അധികാരത്തോടെ ചോദിക്കാൻ ഉണ്ടായിരുന്ന ആളാ ചത്ത് ശവപ്പെട്ടിയിൽ കിടക്കുന്നത്. ഇനിയിപ്പോ നീയങ്ങോട്ട് ചെല്ലുമ്പോ അങ്ങേര് ശവപ്പെട്ടീന്നെണീച്ച് വരത്തൊന്നുമില്ല നിന്നെ ചോദ്യം ചെയ്യാൻ. നിന്ന് കുണുങ്ങാതെ വേഗം ചെന്നൊരുങ്ങാൻ നോക്ക്.... ആനയിറങ്ങും മുന്നേ ചുരമിറങ്ങണം. " പറഞ്ഞിട്ട് അവൻ അകത്തേക്ക് കയറിപ്പോയി. " ഇവിടിനി ഒറ്റക്കിട്ടിട്ട് പോയിട്ട് വേണം അവന്മാരാരേലും വന്ന് പൊക്കിക്കോണ്ട് പോകാൻ..... " മുറിയിൽ നിന്നും അവന്റെ പിറുപിറുപ്പ് കേട്ടപ്പോൾ നാൻസിയുടെ നട്ടെല്ലിലൂടൊരു വിറയൽ പടർന്നുകയറി. കുര്യച്ചന്റെ മുഖം മനസിലേക്ക് ഓടിയെത്തിയതും അവൾ വേഗത്തിൽ തന്റെ മുറിയിലേക്ക് കയറിപ്പോയി. അത്യാവശ്യം ഡ്രസ്സൊക്കെ മടക്കി വച്ചു. "

സണ്ണിച്ചനില്ലെന്നറിഞ്ഞാൽ ഇങ്ങോട്ട് പാഞ്ഞു കയറാനും കുര്യച്ചൻ മടിക്കില്ല..... " റെഡിയാവുന്നതിനിടയിൽ നാൻസി ഓർത്തു. ഒരു കോട്ടൺ സാരിയായിരുന്നു അവളുടെ വേഷം. മുഖത്തും അധികം മേക്കപ്പൊന്നും ചെയ്യാനില്ലാഞ്ഞത് കൊണ്ടുതന്നെ രണ്ട് മിനിട്ടുകൊണ്ട് ഒരുക്കം കഴിഞ്ഞ് അവൾ ഇറങ്ങി. മടക്കിയെടുത്ത തുണികൾ വെക്കാൻ ബാഗൊ മറ്റോ ഒന്നും ഇല്ലാതിരുന്നത് കൊണ്ടുതന്നെ അവയൊക്കെ വെറുതെ കയ്യിൽ തന്നെ പിടിച്ചേക്കുവായിരുന്നു അവൾ. അവൾ ചെല്ലുമ്പോഴേക്കും സണ്ണിയും റെഡിയായി ഇറങ്ങിയിരുന്നു. " ഇതെങ്ങോട്ടാ ഇങ്ങനെ.....??? " കുറെ തുണിയും പിടിച്ച് മുന്നിൽ നിൽക്കുന്നവളെ നോക്കി പുരികം ചുളിച്ച് അവൻ ചോദിച്ചു. " അത്..... ഞാനിങ്ങോട്ട് വെറും കയ്യോടല്ലേ കേറി വന്നത്. ഇതൊക്കെ സണ്ണിച്ചൻ വാങ്ങി തന്നതാ. പക്ഷേ ഒതുക്കി വെക്കാൻ ഒന്നുല്ല. " ആ മുഖത്തേക്ക് നോക്കാൻ ധൈര്യമില്ലാഞ്ഞിട്ടോ എന്തോ നിലത്തേക്ക് മിഴിയൂന്നി നിന്നുകൊണ്ട് അവൾ പറഞ്ഞു. അവൾ പറഞ്ഞത് കേട്ടപ്പോൾ സണ്ണിയുടെ മുഖത്തെ ഭാവമെന്തെന്ന് നിർവചിക്കാൻ കഴിയുമായിരുന്നില്ല. " ആഹ് വാ ഇറങ്ങാം....."

അല്പമൊന്നാലോചിച്ചിട്ട് അവൻ പറഞ്ഞു. പുറത്തിറങ്ങി വാതിൽ പൂട്ടി വണ്ടിയിലേക്ക് കയറുമ്പോഴും നാൻസിയിലെ ആശങ്കകൾ അകന്നിരുന്നില്ല. ചെല്ലുന്നിടത്ത് എങ്ങനെയായിരിക്കുമെന്നോ ആരൊക്കെയുണ്ടാകുമെന്നോ അവിടെ തന്റെ സ്ഥാനമെന്തായിരിക്കുമെന്നോ അറിയില്ല. പക്ഷേ ഇപ്പൊ സണ്ണിച്ചൻ പറയുന്നത് അനുസരിക്കാതിരിക്കാൻ വേറെ വഴിയുമില്ല. ഒറ്റയ്ക്കിവിടെ നിന്നാൽ, സണ്ണിച്ചൻ സ്ഥലത്തില്ലെന്ന് വീട്ടിൽ കയറിയായാലും തന്നെ അപായപെടുത്താൻ കുര്യച്ചൻ മടിക്കില്ലെന്ന് ഉറപ്പാണ്. പക്ഷേ അതിലെല്ലാം മുകളിലാണ് ചെന്നുകയറാൻ പോകുന്നിടത്തെ കുറിച്ചുള്ള ആശങ്കകൾ. ഒരു ബന്ധവുമില്ലാതെ , പരസ്പരമൊരു അവകാശങ്ങളുമില്ലാതെ ഒരു ആണിനൊപ്പം ചെല്ലുന്ന പെണ്ണിനെ മറ്റുള്ളവർ എന്ത് പേരിട്ടു വിളിക്കും....??? ഒരു മരണ വീട്ടിലേക്കാണ് പോകുന്നത്. അവിടെയെന്തായാലും ആളുകൾക്ക് പഞ്ഞമൊന്നുമുണ്ടാകില്ല.

ഒരുപക്ഷേ ഒരാൾക്കൂട്ടത്തിനു തന്നെ മുന്നിലേക്കാവും സണ്ണിച്ചനൊപ്പം താൻ ചെന്നിറങ്ങാൻ പോകുന്നത്. ആ നേരത്തെ ആളുകളുടെ നോട്ടത്തെ എങ്ങനെ അഭിമുഖീകരിക്കും താൻ.....??? ചിന്തകളുടെ ഭാരമേറിയപ്പോൾ നാൻസി സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു. അധികം വൈകാതെ തന്നെ ഉറങ്ങിപോവുകയും ചെയ്തു. സണ്ണിയപ്പോഴും രാവേറെ ചെല്ലും മുന്നേ ചുരമിറങ്ങാനുള്ള വെപ്രാളത്തിൽ തന്നെയായിരുന്നു. കോടമഞ്ഞും ഇരുളും വഴിമുടക്കും തരത്തിലായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെ ആ ജീപ്പ് ഇടിഞ്ഞുപൊളിഞ്ഞ കുത്തനെയുള്ള ഇറക്കത്തിലൂടെ പാഞ്ഞുകൊണ്ടിരുന്നു. തുടരും.....

Share this story