വെപ്പാട്ടി: ഭാഗം 10

veppatti

രചന: അഭിരാമി ആമി

ആനിയുടെ അവസാനവാക്കുകളിൽ ആത്മാഭിമാനം മുറിപ്പെട്ട് ശരീരം പൊള്ളിയടരും പോലെ തോന്നിപ്പോയിയിരുന്നു സണ്ണിക്ക്. സ്വന്തം ജീവിതത്തിൽ ഒരു തീരുമാനമെടുക്കാൻ പോലും ധൈര്യമില്ലാതെ അപ്പന്റെ കാല് പിടിക്കേണ്ടത്ര ഗതികേടിൽ ജീവിക്കുന്ന ഒന്നിനും കൊള്ളാത്ത ഒരുത്തനായിട്ടല്ലേ അവൾ തന്നെ വിലയിരുത്തിയിരിക്കുന്നതെന്നോർത്തപ്പോൾ സ്വയം പുച്ഛം തോന്നിപ്പോയിരുന്നു. പഠിപ്പോ സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവൊ ഇല്ലാത്ത ഒരുത്തനെ കെട്ടണമെന്നോർത്ത് ആനി വിഷമിക്കേണ്ട ഈ വിവാഹം ഞാൻ തന്നെ മുടക്കിക്കോളാമെന്ന് അവൾക്ക് വാക്കുകൊടുത്ത് തിരികെ പോരുമ്പോൾ മനസിലൂടി മറഞ്ഞ ചിന്തകളെക്കുറിച്ച് ഇന്നുമൊരു ധാരണയില്ല. പക്ഷേ അന്ന് ആ ദിവസം പഴയ ആ സണ്ണി മരിച്ചു. പകരം അപ്പനെയെന്നല്ല ആരെയും കൂസാത്ത പുതിയൊരു സണ്ണി ജനിച്ചു.

അപ്പൻ തീരുമാനിച്ച വിവാഹത്തിൽ നിന്നും പിന്മാറിയതോടെ അപ്പനിൽ നിന്നും തീർത്തും സ്വാതന്ത്ര്യം കിട്ടിയത് പോലെ തന്നെയായിരുന്നു. പിന്നീട് തന്റെ ഒരു കാര്യത്തിലും ഇടപെടാൻ അപ്പൻ വന്നതേയില്ല. പരസ്പരം കണ്ടാൽ പോലും മിണ്ടാറുമില്ല. അപ്പനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പതിവായപ്പോ അപ്പന്റെ ഇളയ പെങ്ങൾ കുഞ്ഞുമോള് കൊച്ചമ്മ പറഞ്ഞിട്ടായിരുന്നു എസ്റ്റേറ്റിലേക്ക് പോയത്. പോക്ക് ഒന്നും കണ്ടിട്ടല്ലായിരുന്നെങ്കിലും പിന്നീട് ജീവിതം തന്നെ അവിടെ വേര് പിടിപ്പിച്ചു. അതിനിടയിലെപ്പോഴോ നാൻസിയും കൂടെക്കൂടി. പഴയതൊക്കെ ഓർത്ത് ഇരുമ്പ് കസേരയിൽ പിന്നിലേക്ക് ചാരിയങ്ങനെയിരിക്കുമ്പോൾ എന്തിനെന്നു പോലുമറിയാതെ സണ്ണിയുടെ കണ്ണുകളൊന്ന് നിറഞ്ഞു. പക്ഷേ പെട്ടന്ന് തന്നെ വിരലുകളാൽ ആ നനവിനെ തുടച്ചെടുത്തുകൊണ്ട് അവൻ പണിക്കാരുടെ അടുത്തേക്ക് നടന്നു.

ഇനിയും വെറുതെ അവിടങ്ങനിരുന്നാൽ ഓർമകൾ തന്റെ ഹൃദയത്തെ കാർന്ന് തിന്നുമെന്നുറപ്പായതും അവൻ മുണ്ടും മടക്കിക്കുത്തി അവർക്കൊപ്പം കൂടാനുറപ്പിച്ചുകൊണ്ട് പണിക്കാർക്കിടയിലേക്ക് ഇറങ്ങി. ©©©©©©©©©©©©©©©©©©©©© " അച്ചായാ..... അച്ചായാ..... ഒന്നെണീറ്റെ , ദേ വക്കീല് വിളിക്കുന്നു..." ഉച്ചമയക്കത്തിലായിരുന്ന കുര്യച്ചനെ കുലുക്കി വിളിച്ചുകൊണ്ട് സലോമി വിളിച്ചു. അവളുടെ കയ്യിലിരുന്ന ഫോണിൽ അഡ്വക്കേറ്റ് റോയ് ചെറിയാന്റെ കാൾ ഹോൾഡ് ചെയ്തിരിക്കുകയായിരുന്നു അപ്പോഴും. " എന്നതാടി നിനക്ക്.... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കത്തില്ലേ....??? " ഉറക്കപ്പിച്ചിൽ കണ്ണുതിരുമ്മി കട്ടിലിന്റെ തലയ്ക്കലേക്ക് ചാരിയിരുന്നുകൊണ്ട് കുര്യച്ചൻ ചോദിച്ചു. " ഈ ഫോണൊന്നെടുത്തു നോക്കിയിട്ട് തലേം കുത്തിക്കിടന്നുറങ്ങിക്കോ മനുഷ്യാ..... " സലോമി ദേഷ്യപ്പെട്ടു പറഞ്ഞുകൊണ്ട് കാൾ ഹോൾഡ് മാറ്റിയിട്ട് ഫോൺ അയാളുടെ കയ്യിലേക്ക് കൊടുത്തു. " ആഹ് പറ വക്കീലേ.... എന്നതാ ഇപ്പൊ ഒരു വിളി.... " " ഞാൻ നാളെയാ കേസിന്റെ അവധിയെന്ന് ഓർമിപ്പിക്കാൻ വിളിച്ചതാ കുര്യച്ചാ.... "

" .............,..... " " എന്താടോ താനൊന്നും മിണ്ടാത്തത്....??? നാളെ വരത്തില്ലേ താൻ.....??? " മറുവശത്തു നിന്നും മറുപടി വൈകിയപ്പോ വക്കീൽ വീണ്ടും ചോദിച്ചു. " ഓഹ് ഇല്ല വക്കീലേ.... നാളെ തോട്ടത്തിൽ വിളവെടുപ്പ് തുടങ്ങുവാ. ഇവിടെ മാത്രമല്ല അങ്ങ് ഹൈറേഞ്ചിൽ ചാകുന്നേന് മുന്നേ എന്റെ പൊന്നളിയൻ ഉണ്ടാക്കിയിട്ടേച്ച് പോയതിന്റെ വിളവെടുപ്പും ഇന്നാ. അവിടെയെന്നായാലും ഞാൻ ഉണ്ടായാലേ പറ്റത്തൊള്ളൂ. കേസും കൂട്ടോമൊക്കെ ആയി കിടക്കുന്നോണ്ട് ഒറ്റയ്ക്ക് പോകാൻ പണിക്കാർക്കൊരു പേടിയും. അതുകൊണ്ട് എനിക്കങ്ങോട്ട് പോയെ പറ്റത്തൊള്ളൂ. പിന്നെ വക്കീല് തന്നല്ലേ പറഞ്ഞെ കേസും കൊണ്ട് നമ്മള് മുന്നോട്ട് പോയാലും ജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന്. അതുകൊണ്ട് ഉള്ള നേരത്ത് വല്ലോമൊക്കെ ഉണ്ടാക്കി വെക്കണ്ടേ. കേസിൽ തോറ്റാലും ജീവിക്കാനുള്ള വക കണ്ടെത്തി വെക്കണല്ലോ. അതുകൊണ്ട് താനൊരു കാര്യം ചെയ്യ് ഒരു അവധി അപേക്ഷ കൊടുക്ക് കോടതിയിൽ..... നിലം കൈവിട്ട് പോയാലും എന്നേലും മൊതല് കിട്ടിയാലെന്നാ പുളിക്കുവോ....."

അതുപറഞ്ഞിട്ട് കുര്യച്ചൻ പൊട്ടിച്ചിരിച്ചു. " എടൊ കുര്യച്ച കേസിൽ കിടക്കുന്ന മുതലീന്ന് ഒരു കാപ്പിക്കുരു പോലും ആരുമെടുക്കാൻ പാടില്ല. അപ്പഴാ തന്റെയൊരു വിളവെടുപ്പ്. അവസാനം കുരിശായാൽ കയ്യും കാലുമിട്ടടിച്ചോണ്ട് എന്നേ വിളിച്ചേക്കരുത്. " വക്കീലൊരു മുന്നറിയിപ്പ് പോലെ പറഞ്ഞു. " എന്റെ വക്കീലേ അതിനിതൊക്കെ ആരറിഞ്ഞിട്ടാ പ്രശ്നമാക്കാൻ.... അവിടൊന്നും ആരും വന്ന് നോക്കാനൊന്നും പോണില്ല. പിന്നെ പണിക്കാര് മൊത്തം ഇപ്പൊ എന്റെ കക്ഷത്താ.... അതുകൊണ്ട് അവറ്റകളും തടയത്തില്ല. പിന്നെ പേടിക്കേണ്ടത് അവനെ മാത്രവാ. അളിയന്റെ മൂത്ത സന്താനത്തെ വച്ചോണ്ടിരിക്കുന്ന ആ തെമ്മാടിയെ.... പക്ഷേ ഞാൻ തിരക്കിയപ്പോൾ അവൻ അവളേം കൊണ്ട് ചുരമിറങ്ങിയതായിട്ടാ അറിഞ്ഞത്. അറിഞ്ഞ വിവരങ്ങള് തെറ്റിയിട്ടില്ലെങ്കിൽ അവരുടനെയൊന്നും തിരിച്ചു വരത്തില്ല. അതുകൊണ്ട് വിളവെടുപ്പ് നീട്ടി വെക്കാനൊന്നും പറ്റത്തില്ല. " " ആഹ് എന്നാ താനെന്നേലും കാണിക്ക്. ഞാൻ കോടതിയിൽ പേപ്പറു കൊടുത്തേക്കാം. ശെരിയെന്നാൽ. " വക്കീൽ ഫോൺ വച്ചു. " അച്ചായാ കുഴപ്പമൊന്നുമില്ലല്ലോ അല്ലേ....??? " അവരുടെ സംഭാഷണങ്ങൾ മുഴുവൻ കേട്ട് നിൽക്കുകയായിരുന്ന സലോമി ചോദിച്ചു.

" എന്നാ കുഴപ്പമാടി. ഒന്നും ഒണ്ടാവത്തില്ല. അല്ലെടി നിന്റെ സ്വന്തം അപ്പനേം ആങ്ങളേടെ കൊച്ചുങ്ങളേം കൊല്ലാനുള്ള ഉടമ്പടി ഒപ്പ് വെക്കുമ്പോ പോലും ചാഞ്ചാടാത്ത നിന്റെ മനസിനിപ്പോ പേടി തോന്നുന്നോ....??? " കുര്യച്ഛൻ സലോമിയുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു. " അതല്ല ഇച്ചായാ..... പെങ്കൊച്ചിന്റെ കെട്ടുറച്ചിരിക്കുന്ന നേരത്ത് വീണ്ടും കേസും പുകിലുമൊക്കെ ഉണ്ടായാലത്തെ കാര്യം ഓർത്തിട്ടാ എനിക്ക് പേടി..... " " ഓഹ് അതാണോ..... അതോർത്ത് നീ പേടിക്കണ്ട നമ്മടെ മോൾടെ കെട്ട് അന്തസായിട്ട് തന്നെ നടക്കും. അതുപോലെ തന്നെ നമ്മളാഗ്രഹിച്ച സ്വത്തും നമ്മുടെ പക്കൽ തന്നെ വന്നു ചേരും. അതിന് ബാക്കിയായ ആ നരന്തിന്റെ ചോര കൂടി വീണേ മതിയാകൂ.... അത് ഞാൻ വീഴ്ത്തിയിരിക്കും. " കുര്യച്ഛൻ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു. @@@@@@@@@@@@@@@@@

" സണ്ണിച്ചാ..... " രാത്രി അത്താഴമൊക്കെ കഴിഞ്ഞിട്ട് കണക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്ന സണ്ണിയുടെ അടുത്തേക്ക് വന്ന നാൻസി പതിയെ വിളിച്ചു. " എന്താ.....??? " നോക്കിക്കൊണ്ടിരുന്നതിൽ നിന്നും മുഖമുയർത്താതെ തന്നെ സണ്ണി ചോദിച്ചു. അന്നത്തെ സംഭവത്തിന്‌ ശേഷം പരസ്പരം മുഖത്തോട് മുഖം നോക്കേണ്ടുന്ന സാഹചര്യങ്ങളൊക്കെ ഇരുവരും ഒഴിവാക്കാറായിരുന്നു പതിവ്. അതുകൊണ്ട് തന്നെ അവർ മാത്രമായുള്ള ഒരു സംസാരം ഇതാദ്യമായിരുന്നു. " അത്.... ഞാനിന്ന് മമ്മിയെ സ്വപ്നം കണ്ടു സണ്ണിച്ചാ.... എനിക്ക്.... എനിക്ക് മമ്മീടേം പപ്പേടേം കല്ലറയിൽ ചെന്നൊന്ന് പ്രാർത്ഥിക്കണം. എന്നേയൊന്ന് കൊണ്ടുപോകുമോ സണ്ണിച്ചാ..... ബുദ്ധിമുട്ടാണെൽ വേണ്ട..... ഞാൻ.... ഞാൻ ബസിൽ പൊക്കോളാം.... " പെട്ടന്ന് അവളെന്തോ ഓർത്തത് പോലെ പറഞ്ഞു.

" ഓ എന്നാപ്പിന്നെ ഞഞ്ഞായിരിക്കും. ഒറ്റക്കങ്ങോട്ട് പോയിട്ട് അവന്മാര് പിടിച്ച് കഴുത്തുകണ്ടിച്ച് വല്ല കൊല്ലിയിലും തള്ളും. എന്നിട്ടതും എന്റെ മണ്ടേലോട്ട് വച്ചോട്ടെ .... ഒറ്റക്കുള്ള പോക്കൊന്നും വേണ്ട.... ഞാൻ വരാം. വെളുപ്പിന് റെഡിയായിക്കോ.... " ഒട്ടും മയമില്ലാതെ അവളെയൊന്ന് നോക്കുക പോലും ചെയ്യാതെ അവൻ പറഞ്ഞു. നാൻസി കുറെ സമയം കൂടി അവിടങ്ങനെ നിന്നിട്ടും അവൻ പിന്നീടൊരു വാക്ക് പോലും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ അവളകത്തേക്ക് പോയി. " പാവം പെണ്ണ്..... " അവൾ പോയതും പോയ വഴിയിലേക്ക് നോക്കിയിരുന്നുകൊണ്ട് സണ്ണി പതിയെപ്പറഞ്ഞു. " ഹും ഞാൻ പറഞ്ഞതായിപ്പോ കുറ്റം.... ആരുമല്ലാത്ത എനിക്ക് വേണ്ടി ബുദ്ധിമുട്ടാൻ പറയുന്നേനൊക്കെ ഒരു പരിധിയില്ലേന്നോർത്തിട്ടാ ഞാനങ്ങനെ പറഞ്ഞത്. " അകത്തേക്ക് നടക്കുന്നതിനിടയിൽ നാൻസിയുമൊരു കുഞ്ഞു സങ്കടത്തോടെ പിറുപിറുത്തു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story