വെപ്പാട്ടി: ഭാഗം 11

veppatti

രചന: അഭിരാമി ആമി

വെളുപ്പിന് ഏകദേശം നാല് മണിയോടെ സണ്ണിയുടെ ജീപ്പ് പുറപ്പെട്ടു. വണ്ടിയിൽ അവന്റെയൊപ്പം നാൻസിയും ഉണ്ടായിരുന്നു. അവൾക്ക് വാക്ക് കൊടുത്തത് പോലെ അവളുടെ അപ്പനെയും അമ്മയെയും അടക്കം ചെയ്തിരുന്ന ഇടവകപ്പള്ളി ലക്ഷ്യം വച്ച് വണ്ടി വേഗത്തിൽ കുതിച്ചു. പരസ്പരം ഒന്നും സംസാരിക്കാൻ ഇല്ലായിരുന്നത് കൊണ്ടും ഇനിയൊരുപക്ഷേ താനതിന് മുതിർന്നാൽ തന്നെ അവന്റെ സഹകരണമുണ്ടാവില്ല എന്നറിയാമായിരുന്നതുകൊണ്ടും വണ്ടി കുറച്ച് ദൂരം മുൻപോട്ട് ഓടിക്കഴിഞ്ഞപ്പോൾ തന്നെ നാൻസി പിന്നിലേക്ക് ചാഞ്ഞുകിടന്ന് കണ്ണുകളടച്ചു. അവളുടെയാ പ്രവർത്തി ഒരുതരത്തിൽ സണ്ണിയ്ക്കും ആശ്വാസം തന്നെയായിരുന്നു. കാരണം അവൾ അടുത്തങ്ങനെയിരിക്കുമ്പോൾ പഴയതുപോലെയായിരുന്നില്ല അവനിപ്പോൾ. അവളോട് സാധാരണ പോലെ സംസാരിക്കാനോ ഇടപഴകാനോ സാധിക്കാതെ അവൻ വീർപ്പുമുട്ടുകയായിരുന്നു ഈയിടയായി. എന്തോ അവൾ അടുത്ത് വരുമ്പോൾ കാരണമറിയാത്ത ഒരു വെപ്രാളമായിരുന്നു അവന്.

ആ മുഖത്തേക്ക് പഴയത് പോലെ തന്റേടത്തിൽ നോക്കാൻ പറ്റുന്നില്ല എന്നത് ഒരു വലിയ പ്രശ്നം തന്നെയായിരുന്നു. അവളെ കാണുമ്പോ , ആ കണ്ണിലേക്ക് നോക്കുമ്പോൾ മനസ്സിലൊളിപ്പിച്ച എന്തോ കള്ളത്തരം അവൾ കണ്ടുപിടിക്കുമോ എന്ന ചിന്തയിൽ നിന്നുമുതിരുന്നൊരു കള്ളലക്ഷണം അവളുടെ മുഖത്തേക്ക് നോക്കാൻ തന്നെ അവനെ ഭയപ്പെടുത്തുകയായിരുന്നു അന്നത്തെ ദിവസത്തിന് ശേഷം. പതിനൊന്നുമണിയോടെ അവർ പള്ളിയിലെത്തി. ഉള്ളിൽ കയറി പ്രാർഥിച്ച ശേഷം നാൻസിയൊരു കൂട് മെഴുകുതിരിയും വാങ്ങിച്ച് സെമിത്തേരിയിലേക്ക് നടന്നു. അപ്പനും അമ്മയും ഒരുമിച്ചുറങ്ങുന്ന കല്ലറയ്ക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നവൾ. " പപ്പേ.... അമ്മേ.... ഇവിടെ വന്ന് നിങ്ങളെയൊന്ന് കാണാതെ സമാധാനം കിട്ടില്ലെന്ന്‌ തോന്നി. അതാ ഓടി വന്നത്. എനിക്ക്... എനിക്കിപ്പോ ശത്രുക്കളല്ലാതെ ആരുമില്ലല്ലോ പപ്പേ....

പപ്പയ്ക്ക് പുറകെ എന്നേ വിട്ട് എല്ലാരും പോയില്ലേ.... എനിക്ക് സണ്ണിച്ചനെ.... അറിയാല്ലോ അമ്മേ... എത്ര വേണ്ടെന്ന് വച്ചിട്ടും എനിക്ക് സണ്ണിച്ചനെ മറക്കാൻ വയ്യ. എനിക്ക് സണ്ണിച്ചനെ ഇഷ്ടാ പപ്പേ ഇപ്പഴും. എനിക്ക് വേണ്ടി കർത്താവിനോടപേക്ഷിക്കില്ലേ പപ്പേ.... സണ്ണിച്ചന്റെ മനസ് മാറാൻ വേണ്ടി. നിങ്ങളൊക്കെ പോയേപ്പിന്നെ സണ്ണിച്ചൻ അടുത്തുള്ളപ്പോ മാത്രാ പപ്പേ ഞാനൊന്ന് സമാധാനമായി ഉറങ്ങിയിട്ടുള്ളത്. ആ സമാധാനവും സംരക്ഷണവും തന്ന മനുഷ്യനെ ഞാൻ സ്നേഹിച്ചുപോയത് തെറ്റായോ മമ്മി....." കല്ലറയ്ക്കരികിൽ മുട്ടുകുത്തി നിന്ന് മൗനമായി തേങ്ങുന്ന നാൻസിയെ പുറത്ത് നിന്നും കാണുന്നുണ്ടായിരുന്നെങ്കിലും അവൾക്കും അവളുടെ മാതാപിതാക്കൾക്കും നടുവിൽ മറ്റാരും വേണ്ടെന്ന് കരുതിയ സണ്ണി അവിടേക്ക് വാരാൻ തുനിഞ്ഞില്ല. പള്ളിയിൽ നിന്നിറങ്ങി അവർ നേരെ പോയത് സണ്ണിയുടെ താമസസ്ഥലത്തേക്കായിരുന്നു.

കുറച്ചായി താമസമില്ലാതെ കിടന്നിരുന്നത് കൊണ്ട് അവിടമാകെ വൃത്തികേടായി കിടക്കുവായിരുന്നു. ഇന്നെന്തായാലും മടക്കയാത്ര വേണ്ടെന്ന് തീരുമാനിച്ചിരുന്നത് കൊണ്ടുതന്നെ നാൻസി സണ്ണിയുടെ അനുവാദം കാത്തുനിൽക്കാതെ അകത്തേക്ക് കയറി വീടൊക്കെ വൃത്തിയാക്കാൻ തുടങ്ങി. കുറച്ചുസമയം പുറത്തൂടൊക്കെ നടന്നിട്ട് സണ്ണി അകത്തേക്ക് വരുമ്പോൾ നാൻസി ഡ്രസ്സ്‌ മാറ്റി ഒരു സാധാരണ ചുരിദാർ ഇട്ടോണ്ട് നിന്ന് മാറാലയടിച്ച് തൂത്ത് വാരുകയായിരുന്നു. മാറാല തട്ടിയപ്പോൾ അവളുടെ മേലേക്ക് വീണ പൊട്ടും പൊടിയുമൊക്കെ അവളുടെ വിയർപ്പിൽ കുതിർന്നവളുടെ നഗ്നമായ കഴുത്തിലും നെഞ്ചിലുമൊക്കെയായി പറ്റിയിരിക്കുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു. പാന്റ്‌സ് മുട്ടുവരെ തെറുത്തുകയറ്റി വച്ചിരുന്നത് കൊണ്ടുതന്നെ അവളുടെ കാലുകളും അത്രവരെ കാണാമായിരുന്നു.

പൊടിയും അഴുക്കുമായി വിയർത്ത് കുളിച്ചു നിൽക്കുകയായിരുന്നുവെങ്കിലും ആ നിലയിൽ നാൻസിയെ കണ്ടപ്പോൾ സണ്ണിയുടെ മനസാകെ താളം തെറ്റും പോലെ തോന്നി. അവൾക്കത്ര ഭംഗിയുണ്ടായിരുന്നോ എന്ന് പോലും അവനാ നിമിഷം ചിന്തിച്ചുപോയി. " നീ വാതിലടച്ചോ.... ഞാൻ കവലയിൽ പോയി ഫുഡ് വാങ്ങിച്ചോണ്ട് വരാം. നാളെ വെളുപ്പിന് ഇവിടുന്ന് തിരിക്കണ്ടേ.... ഇന്നിനിയുമൊന്നും വച്ചുണ്ടാക്കാൻ നിക്കണ്ട. " ഇനിയുമവിടെ നിന്നാൽ സംഭവം വഷളാകുമെന്ന് തോന്നിയപ്പോൾ സണ്ണി നാൻസിക്കടുത്തേക്ക് ചെന്ന് പറഞ്ഞു. അവൾ മറുപടിയൊന്നും പറയാതെ വെറുതെയൊന്ന് മൂളി. ©©©©©©©©©©©©©©©©©©©© ഈ സമയം അലോഷിയുടെ തോട്ടത്തിലെ കാപ്പിക്കുരുവും കുരുമുളകും പകുതിയോളം ചുരമിറങ്ങിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. "

ഒന്ന് വേഗമാവട്ടെ സോബി.... നീയവറ്റകളെയൊന്ന് ഉത്സാഹിപ്പിക്ക്. സന്ധ്യക്ക് മുന്നേ നമുക്കും ചുരമിറങ്ങണം. ഇല്ലേ ആനയിറങ്ങും. " തന്റെ ക്വാളിസിൽ ഇരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന കുര്യച്ഛൻ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളെ നോക്കി സോബിയോട് പറഞ്ഞു. " അച്ചായനൊന്ന് സമാധാനപ്പെട് അവര് നോക്കിക്കോളും അതൊക്കെ..... " " ആഹ് നോക്കിയാ മതി.... " പിറുപിറുത്തുകൊണ്ട് അയാൾ ഗ്ലാസിലേക്ക് വീണ്ടും മദ്യം പകർന്നു. " കഷ്ടം ആ അലോഷിച്ചായൻ ചോര നീരാക്കിയുണ്ടാക്കിയതാ ഇതൊക്കെ. എന്നിട്ടിപ്പോ കണ്ട പട്ടികളൊക്കെയാണല്ലോ ഇതനുഭവിക്കാൻ പോകുന്നത്.... " കുരുമുളക് പറിക്കാൻ എണിയിൽ കയറി നിന്നിരുന്ന അലോഷിയുടെ ജോലിക്കാരനായിരുന്ന ഒരാൾ പറഞ്ഞു. " നീയൊന്ന് പയ്യെ പറ ക്‌ളീറ്റസേ..... അയാള് കേൾക്കും. ചത്തുപോയ അലോഷിച്ചായന്റെ സൈഡ് പറഞ്ഞോണ്ട് നിന്നാൽ നമ്മുടെ കുടുംബം പട്ടിണിയാകും. നമുക്ക് ചെയ്യുന്ന ജോലിക്ക് കൂലി കിട്ടിയാൽ മതി. അതിനി ആരാ തരുന്നതെന്ന് നമ്മള് നോക്കേണ്ട കാര്യമൊന്നുമില്ല നീ വേഗം പറിച്ചിങ്ങോട്ടിട്. "

" എങ്ങനെ പറയാതിരിക്കും ആന്റോ ചേട്ടാ.... ഇയാളും ഇയാളുടെ ഭാര്യേം കൂടി കൊന്നതാ ഇച്ചായന്റെ കുടുംബത്തെ മുഴുവൻ. മോൻ ചത്തപ്പോ അവന്റെ കുടുംബത്തെ ഏറ്റെടുക്കാൻ തയാറായി ഇവിടെ വന്നതാ ഇച്ചായന്റെ അപ്പൻ. ആ പോക്കിൽ അങ്ങേരേം ആ ഒന്നുമറിയാത്ത കുഞ്ഞുങ്ങളേം കൊന്നു. ചെന്നായ്ക്കൾ... കർത്താവെ ആ കുഞ്ഞുങ്ങൾടെ മുഖമിപ്പോഴും മനസിന്ന് പോണില്ല.... " ക്‌ളീറ്റസ് വിഷമത്തോടെ പറഞ്ഞു. ആ സമയത്ത് തന്നെയായിരുന്നു അവരുടെ അടുത്തേക്ക് മറ്റൊരാൾ വന്നത്. കാൽപെരുമാറ്റം കേട്ട് കുര്യച്ചനോ സോബിയോ ആകുമെന്ന് കരുതി ഞെട്ടിതിരിഞ്ഞ ആന്റോയുടെ മുഖമടുത്തേക് വന്ന ആളെ കണ്ടതും ഒന്ന് പ്രകാശിച്ചു. " സണ്ണി..... " " എന്നാ ആന്റോ ചേട്ടാ ഇവിടെ നടക്കുന്നെ.....??? " സണ്ണി ചുറ്റുപാടും നോക്കിക്കൊണ്ട് അയാളോട് ചോദിച്ചു.

" ഞങ്ങളെന്നാ ചെയ്യാനാ സണ്ണി , അച്ചായനും കുടുംബവും ചത്തതോടെ ഇവിടുത്തെ ഭരണമൊക്കെ ആ കുര്യച്ഛനാ. ഞങ്ങൾക്ക് കൂലി തന്ന് പണിയെടുക്കാൻ പറയുമ്പോ പറ്റുകേലെന്ന് പറഞ്ഞാ ഞങ്ങടെ കുടുംബം പട്ടിണിയാകത്തില്ലേ.... " " നിങ്ങടെ അച്ചായന്റെ കുടുംബം മുഴുവനായും ചത്തുകെട്ടിട്ടില്ല അങ്ങേരുടെ മൂത്ത മോള് ജീവനോടെയുണ്ടെന്ന് നിങ്ങക്കറിയത്തില്ലേ ആന്റോചേട്ടാ.... " " അറിഞ്ഞിട്ടെന്നാ കാര്യം.... ആ പെങ്കൊച്ചിനെക്കൊണ്ട് എന്നാ ആവാനാ സണ്ണി. " " അവളെക്കൊണ്ട് ആവില്ല... പക്ഷേ എന്നെക്കൊണ്ട് ആകും. അവൾക്ക് അവകാപ്പെട്ടതെല്ലാം അവൾക്ക് തന്നെ നേടിക്കൊടുക്കുമെന്നൊരു വാക്ക് ഞാനവൾക്ക് കൊടുത്തിട്ടുണ്ട്. അത് ഞാൻ പാലിക്കും..... " അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു. ടക് ടക്..... " ഓഓഓ ഹ്..... അതിനി ഏത് കഴുവേറിയാണോ എന്തോ..... ഒന്ന് നോക്കെടാ സോബി.... "

വണ്ടിയുടെ ഗ്ലാസിൽ ആരോ തട്ടുന്ന ഒച്ച കേട്ടപ്പോൾ സീറ്റ് പിന്നിലേക്ക് ചായ്ച്ച് മലർന്ന് കിടക്കുകയായിരുന്ന കുര്യച്ചൻ സോബിയോട് പറഞ്ഞു. അയാളപ്പോഴേക്കും ഏകദേശം ഫിറ്റായി കഴിഞ്ഞിരുന്നു. സോബിയും ഒട്ടും മോശമല്ലായിരുന്നെങ്കിലും അവൻ തീർത്തും ബോധം പോയ നിലയിലായിരുന്നില്ല. അതുകൊണ്ട് തന്നെ പുറത്തേക്ക് നോക്കിയ അവന് സണ്ണിയെ തിരിച്ചറിയാൻ അധികനേരം വേണ്ടി വന്നില്ല. " അച്ചായാ സണ്ണി.... " " ഏഹ്.... എവിടെ... എവിടെടാ .....??? " ചാടിയെണീറ്റ കുര്യച്ചൻ ചുറ്റുപാടും പരതിക്കൊണ്ട് ചോദിച്ചു. " നോക്കി നിക്കാതെ അവനെ തല്ലിക്കൊന്ന് കാനേൽ താക്കെടാ..... " അയാളുടെ അലർച്ച കാപ്പിത്തോട്ടത്തിന്റെ അവിടമാകെ മാറ്റൊലിക്കൊണ്ടു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story