വെപ്പാട്ടി: ഭാഗം 12

veppatti

രചന: അഭിരാമി ആമി

" നോക്കി നിക്കാതെ അവനെ തല്ലിക്കൊന്ന് കാനേൽ താക്കെടാ..... " അയാളുടെ അലർച്ച കാപ്പിത്തോട്ടത്തിന്റെ അതിരുകൾ ഭേദിച്ച് ആ പ്രദേശമാകെ മാറ്റൊലിക്കൊണ്ടു. അതോടെ യജമാനന്റെ ആജ്ഞ കാത്തുനിന്നൊരു വേട്ട നായയെപ്പോലെ സോബി ഡോറ് തുറന്ന് പുറത്തേക്ക് ചാടി. പക്ഷേ അവന്റെ ആദ്യ ശ്രമം തന്നെ പരാജയപ്പെടുത്തിക്കൊണ്ട് സണ്ണിയവന്റെ കരണം നോക്കി ആഞ്ഞടിച്ചു. " ഡാ..... " ഒന്ന് വേച്ചുപോയെങ്കിലും അലറിക്കൊണ്ട് അവൻ വീണ്ടും സണ്ണിയോടടുത്തു. ഇത്തവണ സൈഡിൽ വെട്ടിക്കൂട്ടിയിരുന്ന ഒരു മുളങ്കമ്പും അവന്റെ കയ്യിൽ ഉണ്ടായിരുന്നു. അത് വീശിയുള്ള ആദ്യത്തെ അടിക്ക് തന്നെ സണ്ണിയുടെ വലതുനെറ്റി പൊട്ടി ചോരയൊഴുകി. വേദനകൊണ്ടവൻ നെറ്റി അമർത്തിപ്പിടിച്ച്. ആ നേരം പാഴാക്കാതെ സോബി മുളങ്കമ്പ് കൊണ്ട് സണ്ണിയുടെ പുറത്തും നെഞ്ചിലും ഒക്കെ താറുമാറടിച്ചു. " കൊല്ലെടാ ആ നാറിയെ.... " വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി വന്ന കുര്യച്ചനത് പറഞ്ഞതും സണ്ണി കൈത്തണ്ടകൊണ്ട് സോബിയെ തടഞ്ഞതിനൊപ്പം തന്നെ അവനെ ചവിട്ടി നിലത്തേക്കിട്ടു.

നന്നായി മദ്യപിച്ചിരുന്നത് കൊണ്ടുതന്നെ വീണിടത്ത് നിന്നും എഴുന്നേൽക്കാൻ കഴിയാതെ കിടന്ന സോബിയെ സണ്ണി അവിടെ തന്നെയിട്ട് ചവിട്ടിക്കൂട്ടി അവശനാക്കി. സോബി വീണതോടെ സംഭവം പന്തിയല്ലെന്ന് പിടികിട്ടിയ കുര്യച്ചൻ പെട്ടന്ന് വണ്ടിയിലേക്ക് കയറാനൊരു ശ്രമം നടത്തി നോക്കിയെങ്കിലും അയാളുടെ കോളറിൽ ചാടിപ്പിടിച്ച സണ്ണി അയാളെ പിന്നിലേക്ക് വലിച്ചതും ഇരുകരണത്തും മാറി മാറി അടിച്ചു. " എങ്ങോട്ടാടാ നാറി നീയോടുന്നത്.... ആരുടപ്പന്റെ കുർബാന കൂടാനാടാ നീയിതിനകത്ത് കേറിയത്.....??? " ചോദിച്ചതും കുര്യച്ചനെന്തെങ്കിലും മറുപടി പറയും മുൻപ് തന്നെ സണ്ണി വീണ്ടും അയാളുടെ കരണത്ത് ആഞ്ഞടിച്ചു. " ഇത്.... ഇതെന്റെ അളിയന്റെ വകയാടാ.... " " പ്ഫാ ചെറ്റേ..... ആ പാവത്തിന്റെ കുടുംബത്തേ മുഴുവൻ ഇല്ലാതാക്കിയതും പോരാഞ്ഞ് ഒരുളുപ്പുമില്ലാതെ അവകാശം പറയുന്നോടാ നാറി..... " കുര്യച്ചനെ വണ്ടിയുടെ ബൊണറ്റിലേക്ക് മലർത്തിയിട്ട് അവനയാളുടെ നെഞ്ചിൽ കൈമുട്ട് കൊണ്ട് ആഞ്ഞാഞ്ഞിടിച്ചു. " അയ്യോ..... എന്നേ കൊല്ലല്ലേ സണ്ണി...."

" ഇല്ലെടാ നാറി കൊല്ലില്ല.... പക്ഷേ ഇനി നീയിങ്ങനെ മറ്റുള്ളവരുടെ മൊതല് കട്ട് തിന്നാൻ ഇറങ്ങരുത് അതിനാ ഇത്. " അവൻ സർവ്വശക്തിയുമെടുത്ത് വീണ്ടും വീണ്ടുമിടിച്ചു. " സണ്ണി..... വേണ്ടെടാ ഞാൻ.... ഞാൻ പൊക്കോളാം.... " ഇടി കൊണ്ട് അവശനായപ്പോൾ എങ്ങനെയൊക്കെയോ കൈകൾ കൂപ്പി കുര്യച്ചൻ പറഞ്ഞൊപ്പിച്ചു. അതോടെ സണ്ണി അയാളെ പിന്നിലേക്ക് പിടിച്ചു തള്ളി. " പൊക്കോ..... പോകുമ്പോ ഇനിയിവിടേക്ക് വരാതിരിക്കാൻ ഇങ്ങോട്ടുള്ള വഴി പോലും മറന്ന് കളഞ്ഞിട്ട് വേണം നീ പോകാൻ.... കേട്ടോടാ പന്നേ.... " " ഇല്ല.... ഞാൻ.... ഞാൻ വരില്ല.... " സണ്ണി വീണ്ടുമയാൾക്ക് നേരെ കയ്യോങ്ങിയതും കുര്യച്ചൻ തൊഴുതുകൊണ്ട് പറഞ്ഞിട്ട് വണ്ടിയിലേക്ക് കയറി. എങ്ങനെയൊക്കെയോ വണ്ടി തോട്ടത്തിന് പുറത്തേക്ക് പായിച്ചു. " അയ്യോ .... അച്ചായാ എന്നേക്കൂടെ കൊണ്ടുപോ.... " വണ്ടിയകന്ന് പോകുന്നത് നോക്കി കിടന്നുകൊണ്ട് നിലത്തുനിന്നെണീക്കാൻ പോലും കഴിയാതിരുന്ന സോബി നിലവിളിക്കും പോലെ പറഞ്ഞു. പക്ഷേ കുര്യച്ചനപ്പോഴേക്കും തോട്ടത്തിന് പുറത്തേക്ക് വണ്ടി പായിച്ചു കഴിഞ്ഞിരുന്നു.

" ആന്റോ ചേട്ടാ.... കുര്യച്ചന്റെ ഈ വാലാട്ടിയേക്കൂടെ എടുത്ത് പുറത്തോട്ട് കളഞ്ഞേക്ക്.... " എല്ലാം കണ്ട് നിൽക്കുകയായിരുന്ന ആന്റോയേം ക്ലീറ്റസിനേം നോക്കി സണ്ണി പറഞ്ഞു. അത് തങ്ങളേറ്റെന്ന മട്ടിൽ അവരിരുവരും ചിരിയോടെയൊന്ന് മൂളി. ©©©©©©©©©©©©©©©©©©© വീട് മുഴുവനുമൊന്ന് അടിച്ചുതുടച്ച് വൃത്തിയാക്കിക്കഴിഞ്ഞപ്പോഴേക്കും ആകെ ക്ഷീണിച്ചവശയായിരുന്ന നാൻസി കുളിയൊക്കെ കഴിഞ്ഞ് സണ്ണി വരുന്നതും കാത്ത് ഹാളിൽ തന്നെ ഇരിക്കുകയായിരുന്നു. ക്ഷീണവും വിശപ്പും എല്ലാം കൊണ്ട് അവളുടെ മുഖം വല്ലാതെ വാടിയിരുന്നു. സണ്ണിച്ചനെത്രേം വേഗമൊന്ന് വന്നിരുന്നെങ്കിലെന്ന് ഓർത്തുകൊണ്ട് അവൾ സോഫയിൽ ചുരുണ്ടുകൂടിയങ്ങനെയിരുന്നു. കുറെ സമയം കൂടി കഴിഞ്ഞപ്പോഴായിരുന്നു മുറ്റത്ത് ജീപ്പ് വന്നുനിന്ന ഒച്ച കേട്ടത്. നാൻസി പെട്ടന്ന് എണീറ്റ് വാതിൽ തുറന്നു. അപ്പോഴേക്കും സണ്ണി വരാന്തയിലേക്ക് കയറി വന്നിരുന്നു. " ദാ പൊറോട്ടയും ചില്ലി ചിക്കനുമാ.... " അവൻ കയ്യിലിരുന്ന കവർ അവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.

അത് വാങ്ങി അകത്തേക്ക് പോകാൻ തുടങ്ങിയപ്പോഴായിരുന്നു നാൻസിയവന്റെ കോലം ശ്രദ്ധിച്ചത്. നെറ്റിയിലെ ചോരയുണങ്ങിയ മുറിവും അഴുക്കും ചെളിയും പുരണ്ട വസ്ത്രങ്ങളുമൊക്കെ കണ്ടതും അവളാകെ ഭയന്ന് പോയിരുന്നു. " അയ്യോ സണ്ണിച്ചാ ഇതെന്നാപറ്റി....??? നെറ്റിയെങ്ങനാ മുറിഞ്ഞേ.... സണ്ണിച്ചനെവിടെലും വീണോ....??? " അവൾ പരിഭ്രമത്തോടെ ചോദിച്ചു. " ഞാൻ നിങ്ങടെ തോട്ടത്തിൽ പോയിരുന്നു. കാപ്പിക്കുരുവും കുരുമുളകുമൊക്കെ പകുതിയോളം ആ കുര്യച്ചൻ കടത്തി. കഴിക്കാൻ വാങ്ങിക്കാൻ കവലയിൽ ചെന്നപ്പഴാ കുര്യച്ചനും കുറെ പണിക്കാരും കൂടി തോട്ടത്തിലോട്ട് പോയെന്നറിഞ്ഞത്. അത് കേട്ടോണ്ട് ഞാനും അങ്ങോട്ട് പോയി. അവിടെ വച്ച് ചെറിയൊരു കയ്യാങ്കളിയൊക്കെ നടന്നു. അങ്ങനെ കിട്ടിയതാ ഇതൊക്കെ.... പക്ഷേ കുര്യച്ചനിനി ആ വഴിക്ക് വരൂല. അതിനുള്ളത് കൊടുത്ത് വിട്ടിട്ടുണ്ട് ഞാൻ..... " പറഞ്ഞുകൊണ്ട് അവൻ ചെന്ന് സോഫയിലേക്കിരുന്നു. " വഴക്കിനൊന്നും പോകണ്ടാരുന്നു സണ്ണിച്ചാ....

ഞാൻ കാരണം ഇനി സണ്ണിച്ചനും അവരുടെ ശത്രുത പിടിച്ചു വെക്കണ്ട. " " പിന്നെ നീയെന്തുവാ പറയുന്നേ എല്ലാം ആ പന്നി മാന്തിക്കൊണ്ട് പൊക്കോട്ടെന്നോ....??? " " കൊണ്ട് പൊക്കോട്ടേ സണ്ണിച്ചാ..... എല്ലാം കൊണ്ടുപോട്ടെ.... ഈ സ്വത്തും പണവുമൊക്കെ കിട്ടിയാലെങ്കിലും അവരെന്റെ ജീവൻ ബാക്കി വെക്കുമെങ്കിൽ എല്ലാം അവരെടുത്തോട്ടെ.... ഇതിനൊക്കെ വേണ്ടിയാ അവര് വല്യപ്പച്ചനേം എന്റമ്മേം അനിയത്തിമാരേമൊക്കെ കൊന്നത്. ഇനി സണ്ണിച്ചനേം കൂടി അവരെന്തെങ്കിലും ചെയ്താൽ..... " നാൻസിയുടെ സ്വരമിടറിയത് ശ്രദ്ധിച്ചെങ്കിലും അത് മൈൻഡ് ചെയ്യാതെ സണ്ണി കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. പിന്നെയും എന്തൊക്കെയോ ആലോചിച്ച് കുറെ നേരം കൂടവിടങ്ങനിരുന്നിട്ട് നാൻസി പതിയെ എണീറ്റ് അടുക്കളയിലേക്ക് പോയി. സണ്ണി കുളിച്ചു വന്നപ്പോഴേക്കും അവൾ ആഹാരമൊക്കെ പ്ളേറ്റിലാക്കി ടേബിളിൽ എടുത്ത് വച്ചിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോഴും നാൻസിയുടെ ശ്രദ്ധ മുഴുവൻ സണ്ണിയുടെ മുഖത്തായിരുന്നു.

അവനൊന്നും പറഞ്ഞില്ലെങ്കിൽ പോലും നെറ്റിയിലെ മുറിവിനും ദേഹത്തുമൊക്കെ നല്ല നൊമ്പരമുണ്ടെന്ന് മുഖത്തെ ഭാവത്തിൽ നിന്നുതന്നെ അവൾക്ക് മനസിലാകുന്നുണ്ടായിരുന്നു. അത്താഴമൊക്കെ കഴിഞ്ഞ് ഇരുവരും അവരവരുടെ മുറികളിലേക്ക് പോയെങ്കിലും നാൻസിക്ക് കിടന്നിട്ട് ഉറക്കം വരുന്നേയുണ്ടായിരുന്നില്ല. സണ്ണിയുടെ ഈ അവസ്ഥയിൽ കട്ടപ്പനവരെ യാത്ര ചെയ്യാൻ പറ്റുമോ , അവനെയവർ ഒരുപാട് ഉപദ്രവിച്ചു കാണുമോ എന്നൊക്കെ ഓർത്തിട്ട് അവളുടെ മനസ്സിനൊരു സമാധാനവും കിട്ടുന്നുണ്ടായിരുന്നില്ല. ഒടുവിൽ സണ്ണിയുടെ മുറിയിലേക്ക് പോയി നാളെ വെളുപ്പിന് യാത്ര വേണ്ട കുഴപ്പമൊന്നുമില്ലെങ്കിൽ പുലർന്ന് കഴിഞ്ഞിട്ട് പതിയെ പോകാമെന്ന് പറയാമെന്ന് കരുതി അവൾ പതിയെ മുറിയിൽ നിന്നുമിറങ്ങി സണ്ണിയുടെ റൂമിലേക്ക് ചെന്നു. പക്ഷേ അവന്റെ മുറിയിലെ അവസ്ഥ കണ്ടപ്പോൾ താൻ പറഞ്ഞില്ലെങ്കിൽ പോലും നാളെ ഇവിടുന്ന് പോക്ക് നടക്കില്ല എന്ന കാര്യത്തിൽ അവൾക്കുറപ്പായി. നാൻസി മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ കമിഴ്ന്നു കിടന്നുറങ്ങുകയായിരുന്നു സണ്ണി.

നഗ്നമായ അവന്റെ വെളുത്ത പുറത്തും കഴുത്തിനു സൈഡിലുമെല്ലാം അടികൊണ്ട് തിണർത്ത പാടുകൾ ചോരച്ച് കിടന്നിരുന്നു. " കർത്താവേ ഞാനെന്ന ഈ കാണുന്നെ.... " പൊടുന്നനെയുണ്ടായ വെപ്രാളത്തിൽ നാൻസിയവന്റെ പുറത്തുകൂടിയൊന്ന് തഴുകി. പക്ഷേ ആ നിമിഷം തന്നെ അവൾ കൈ പിൻവലിച്ചു. കാരണം അവനെയപ്പോൾ നന്നായി പനിക്കുന്നുണ്ടായിരുന്നു. ശരീരത്തേറ്റ നൊമ്പരം കൊണ്ടാകാം പെട്ടന്ന് ഇങ്ങനെയൊരു പനിയെന്ന് വീണ്ടും അവന്റെ ശരീരത്തിലൂടെ കയ്യൊടിക്കുമ്പോൾ നാൻസിയോർത്തു. " സണ്ണിച്ചാ.... സണ്ണിച്ചാ.... " " മ്.... മഹ്.... " " സണ്ണിച്ചാ.... " " മഹ്.... " " എണീച്ചേ സണ്ണിച്ചാ നല്ല പനിയുണ്ട് നമുക്ക് ഹോസ്പിറ്റലിൽ പോകാം.... " " മഹ്.... " എന്തൊക്കെ പറഞ്ഞിട്ടും വിളിച്ചിട്ടും പ്രതികരണമൊരു തളർന്ന മൂളലിൽ മാത്രമൊതുക്കി കിടക്കുന്നവനെ നോക്കി നിൽക്കുമ്പോൾ ഭയം കൊണ്ട് നാൻസിയുടെ ശരീരം തളർന്നു. " കർത്താവേ ഈ അർധരാത്രി ഈ അവസ്ഥയിൽ കിടക്കുന്ന സണ്ണിച്ചനേം കൊണ്ട് ഞാനെന്ന ചെയ്യും.... നീ തന്നെ കാക്കണേ കരുണാമയനെ..... " അവൾ മനമുരുകി പ്രാർത്ഥിച്ചു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story