വെപ്പാട്ടി: ഭാഗം 14

veppatti

രചന: അഭിരാമി ആമി

 മുൻ വാതിൽ തുറന്ന് സണ്ണി പുറത്തേക്കിറങ്ങുമ്പോൾ പുറത്ത് നല്ല നിലാവുണ്ടായിരുന്നു. കുറച്ചു മുൻപ് കണ്ട സ്വപ്നത്തേക്കുറിച്ചോർത്തുകൊണ്ട് സണ്ണി പതിയെ കസേരയിലേക്ക് ഇരുന്നു. " എന്തായിരിക്കും ഇങ്ങനെ വിചിത്രമായൊരു സ്വപ്നം കാണാൻ കാര്യം..... അവൾ തന്നേ വിട്ട് പോകാൻ സമയമായോ.... ആയെങ്കിൽ തന്നെ അവളെങ്ങോട്ട് പോകും....??? സ്വത്തും പണവുമൊക്കെ ഉണ്ടെങ്കിലും ആ സമ്പത്ത് തന്നെ അവളുടെ ജീവനെടുക്കാൻ നിൽക്കുമ്പോൾ അവളെപ്പോലൊരു പെണ്ണ് തനിച്ചെന്ത് ചെയ്യും.....?? " ഉത്തരമില്ലാത്ത ചോദ്യങ്ങൾ മനസിലേക്ക് ഇരച്ചെത്തി വീർപ്പ് മുട്ടിക്കാൻ തുടങ്ങിയപ്പോൾ കാരണമറിയാത്തൊരു നൊമ്പരം തന്നേ വന്നു മൂടുന്നത് സണ്ണിയറിഞ്ഞു. " നാൻസി നല്ലവളാ... അവൾക്ക് തന്നോടുള്ള ഇഷ്ടം അറിയാഞ്ഞിട്ടോ മനസിലാകാഞ്ഞിട്ടോ അല്ല. പക്ഷേ അതൊന്നും നീണ്ടുനിക്കുന്ന ഇഷ്ടമല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ അവളെ സംരക്ഷിക്കുന്നവനോടുള്ള ഒരു സ്നേഹമായിരിക്കും അവൾക്ക് തന്നോടുള്ളത്. പക്ഷേ ഈ സാഹചര്യമൊക്കെ മാറും.

ഇന്നല്ലെങ്കിൽ നാളെ നാൻസിക്കും എല്ലാം തിരിച്ചുപിടിച്ചുകൊണ്ടുള്ള ഒരു സമാധാനജീവിതം ഉണ്ടാകും. അന്ന് പക്ഷേ പെട്ടന്ന് എടുത്തുചാടിയെടുത്ത സണ്ണിയെന്ന തീരുമാനം തെറ്റായിരുന്നുവെന്ന് അവൾക്ക് തോന്നും. അവൾക്കൊത്ത പഠിപ്പോ അതിനൊത്ത ജോലിയോ ഇല്ലാത്ത താനവൾക്കൊരു കുറച്ചിലായിട്ട് തോന്നും. അന്നത് രണ്ട് പേരേം വിഷമിപ്പിക്കും. തള്ളാനും കൊള്ളാനും വയ്യാതെ അവളും ബുദ്ധിമുട്ടും. അതുകൊണ്ട് അതൊന്നും വേണ്ട.... ഇപ്പോഴത്തെ പ്രശ്നങ്ങളൊക്കെ അടങ്ങുമ്പോൾ അവൾക്കും അവളാഗ്രഹിക്കുന്ന ഒരു ജീവിതം കിട്ടും. അതിനിടയിലേക്ക് ഈ ഒന്നിനും കൊള്ളാത്ത പൊട്ടൻ കേറി ചെല്ലണ്ട..." തെളിഞ്ഞുനിൽക്കുന്ന നിലാവിലേക്ക് നോക്കിയിരുന്നുകൊണ്ട് സ്വയം ആശ്വസിപ്പിക്കാൻ ശ്രമിക്കും പോലെ ഓർത്തുകൊണ്ട് അവൻ പുഞ്ചിരിച്ചു. ©©©©©©©©©©©©©©©©©©

G S ഹെൽത്ത് കെയർ " എന്തുപറ്റിയതാ.....??? " " ബൈക്കിന്ന് വീണതാ..... ദേഹത്തൊക്കെ നല്ല വേദനയുണ്ട്. ഇന്നലെ രാത്രി നല്ല പനിയും ഉണ്ടായിരുന്നു. " അരികിൽ നിന്നിരുന്ന നാൻസിയെ ഒന്ന് പാളി നോക്കി പ്രത്യേകിച്ച് ഭാവഭേദമൊന്നും കൂടാതെ സണ്ണി പറഞ്ഞു. പെട്ടന്നെന്തോ അവൻ പറഞ്ഞത് കേട്ടപ്പോൾ ചിരി വന്നെങ്കിലും നാൻസിയതടക്കിപ്പിടിച്ചങ്ങനെ നിന്നു. " ഇതെന്തായാലും ബൈക്കിന്ന് വീണപ്പോഴുണ്ടായ പരിക്കല്ലെന്ന് മനസിലായി. പിന്നെ ഇയാളങ്ങനെ പറഞ്ഞ സ്ഥിതിക്ക് അതങ്ങനെ തന്നെയിരുന്നോട്ടെ. എന്തായാലും ഈ മരുന്നൊക്കെ കഴിക്ക്. പിന്നെ ചതവുള്ളിടത്തൊക്കെ നന്നായി ചൂട് കൊടുക്കണം കേട്ടോ... " ചെറുപ്പക്കാരിയായ ഡോക്ടർ തന്നേ നോക്കിയൊരു പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് നാൻസിയും പുഞ്ചിരിച്ചു. " ശേ അവർക്ക് മനസ്സിലായെന്ന് തോന്നുന്നു.... " നാൻസിക്കൊപ്പം പുറത്തേക്ക് നടക്കുമ്പോൾ സണ്ണി പിറുപിറുത്തത് കേട്ട് അവളടക്കി ചിരിച്ചു. " എന്തോന്ന് ഇത്ര കിണിക്കാൻ....??? " " ഏയ് ഒന്നുല്ല.... ഡോക്ടർമാർക്കറിയില്ലേ സണ്ണിച്ചാ ഓരോന്ന് കാണുമ്പോ.... "

" ആ എന്തോ ഞാൻ ഡോക്ടറല്ല അതുകൊണ്ട് എനിക്കറിയില്ല അവർക്കെന്തറിയാം അറിയില്ലെന്ന്. " അവൻ ശുണ്ഠിയോടെ പുറത്തേക്ക് നടന്നു. കുഴപ്പമായല്ലോ എന്നോർത്തുകൊണ്ട് നാൻസിയും അവന്റെ പുറകെ ഓടി ചെന്നു. " സണ്ണിച്ചാ....." വണ്ടിക്കരികിലെത്തി അവൻ ഉള്ളിലേക്ക് കയറാൻ തുടങ്ങിയപ്പോഴായിരുന്നു പിന്നിൽ നിന്നും നാൻസി വിളിച്ചത്. " ഇനിയെന്താ....??? " " അല്ല നമുക്കിന്ന് തന്നെ പോണോ....??" " വേണ്ട നമുക്കിവിടെ താമസിക്കാം... " " ശ്ശെടാ ഇതിപ്പോ നിങ്ങള് കള്ളം പറഞ്ഞത് ഡോക്ടറ് പിടിച്ചതിന് എന്നേ തിന്നാൻ നിക്കുന്നതെന്തിനാ.... ഇതാ പറയുന്നത് ഇക്കാലത്ത് ആർക്കും ഗുണം ചെയ്യാൻ പോകരുതെന്ന്...." പറയാൻ വന്നതിന് പകരം ദേഷ്യത്തിലൊന്ന് ചീറിയിട്ട് അവനെ നോക്കാതെ നാൻസി ചെന്ന് വണ്ടിയിൽ കയറി. അവൾക്ക് ദേഷ്യം വന്നെന്ന് മനസിലായപ്പോൾ ഒന്നും മിണ്ടാതെ സണ്ണിയും കയറി വണ്ടി സ്റ്റാർട്ടാക്കി. കുറെ സമയം രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ലെങ്കിലും ഇരുവരും കണ്ണുകൾ കൊണ്ട് പരസ്പരം ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. " സണ്ണിച്ചാ.... "

വണ്ടി കുറെ ദൂരം കൂടി ഓടിക്കഴിഞ്ഞപ്പോൾ നാൻസി വീണ്ടും വിളിച്ചു. എന്തോ ഇത്തവണ സണ്ണിയും അല്പം തണുത്തിട്ടുണ്ടായിരുന്നു. അവൻ ഡ്രൈവ് ചെയ്യുന്നതിനിടയിൽ തന്നെ അവളെയൊന്ന് നോക്കി. " അല്ല ഞാൻ ചോദിച്ചത് സണ്ണിച്ചന്റെ ദേഹമൊക്കെ വേദനയല്ലേ. മരുന്നൊക്കെ കഴിച്ച് രണ്ട് ദിവസം റസ്റ്റ്‌ ചെയ്തിട്ട് പോയാൽ പോരേന്നാ.... " " അതൊന്നും കുഴപ്പമില്ല. പോകാതിരിക്കാൻ പറ്റില്ല നാൻസി.... അപ്പൻ ഇല്ലാത്തോണ്ട് ആരേലും നോക്കാൻ ഇല്ലേൽ കയ്യിട്ട് വാരാൻ നൂറുപേരാ.... " നാൻസി പിന്നീടൊന്നും പറഞ്ഞില്ല. അവർ നേരെ കട്ടപ്പനയിലേക്ക് തന്നെയായിരുന്നു പോന്നത്. രാത്രിയോടെ അവർ കട്ടപ്പന എത്തുകയും ചെയ്തു. വയനാട്ടിൽ വച്ച് നടന്നതൊന്നും ഇവിടെ ആരോടും പറയാൻ നിൽക്കണ്ടാന്ന് സണ്ണി നേരത്തെ പറഞ്ഞിരുന്നത് കൊണ്ട് പള്ളിയിൽ പോയതും പിന്നെ തലേന്ന് തന്നെ തിരിച്ചാലുള്ള യാത്രാക്ഷീണം കൊണ്ട് യാത്ര ഇന്നത്തേക്കാക്കി എന്നും മാത്രം നാൻസി റേച്ചലിനോടും സോണിയയോടും പറഞ്ഞു. " ചേച്ചി എങ്ങനുണ്ടാരുന്നു ട്രിപ്പ്‌ ഒക്കെ....??? "

റേച്ചലിന്റെ ശ്രദ്ധ മാറിയതും നാൻസിയെ ചുറ്റിപ്പറ്റി നിന്നിരുന്ന സോണിയ ഒരു കള്ളച്ചിരിയോടെ അവളോട് ചോദിച്ചു. " ഓഹ് പിന്നേ മിണ്ടിയാൽ മുത്ത് പൊഴിയുമെന്ന് പേടിച്ചിരിക്കുന്ന നിന്റെ ഇച്ചായന്റെ കൂടുള്ള ട്രിപ്പ് ബഹു കേമായിരുന്നു....." " അയ്യേ അപ്പൊ ഇപ്പഴും നിങ്ങള് തമ്മിൽ മിണ്ടത്തില്ലേ.....??? " സോണിയ അമ്പരന്ന് ചോദിച്ചു. " അത്യാവശ്യം മിണ്ടാറൊക്കെയുണ്ട്.... " നാൻസി ബാഗിലിരുന്ന മുഷിഞ്ഞ തുണികൾ കഴുകാനുള്ളതിലേക്ക് ഇടുന്നതിനിടയിൽ നിസാരമായി പറഞ്ഞു. " പഷ്ട് പാർട്ടികള് തന്നെ. ചേച്ചിടെ സ്ഥാനത്ത് ഞാൻ വല്ലതുമായിരുന്നെങ്കിൽ ഇങ്ങനെ ഒറ്റക്കൊരു യാത്രേം കൂടൊക്കെ കുട്ടിക്കഞ്ഞാൽ ഇപ്പൊ എപ്പഴേ ഇച്ചായനെ ഒടിച്ചുമടക്കി കുപ്പിയിലാക്കി പ്രേമിച്ച് വശംകെടുത്തി എന്റെ വാലിൽ കെട്ടിക്കൊണ്ട് നടന്നേനെ....." സോണിയ ചിരിയോടെയാണ് പറഞ്ഞതെങ്കിലും നാൻസിക്ക് ചിരിക്കാനൊന്നും തോന്നുന്നേയില്ലായിരുന്നു. കാരണം അവൾക്കപ്പോഴും നേരത്തെ സണ്ണി പറഞ്ഞ വാക്കുകൾ നല്ല ഓർമയുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ വീണ്ടും അവനെ മോഹിച്ച് തിരസ്കരിക്കപ്പെടാൻ അവൾക്ക് കഴിയുമായിരുന്നില്ല. " എന്തുപറ്റി ചേച്ചി.....??? " താൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ ആലോചിച്ച് നിന്നിരുന്ന നാൻസിയെ കണ്ടതും എന്തോ പന്തികേട് തോന്നിയ സോണിയ അവളുടെ തോളിൽ തൊട്ടുകൊണ്ട് ചോദിച്ചു. " ഒന്നുല്ലഡീ പെണ്ണെ.... ഓരോരുത്തർക്കും ഓരോ ഇണയെ കർത്താവ് വിധിച്ച് വച്ചിട്ടുണ്ട്. നിന്റെ ഇച്ചായനെ എനിക്ക് വിധിച്ചിട്ടില്ല. എന്നേലും സണ്ണിച്ചന് വിധിച്ചിട്ടുള്ള ആ മാലാഖകൊച്ച് ഇങ്ങോട്ട് കേറി വരും. അതുവരെ കൂടുതൽ സ്വപ്നങ്ങളൊന്നും കണ്ട് തുള്ളാൻ നിക്കാതെ എന്റെ പൊന്നുമോള് പോയിക്കിടന്ന് സുഖമായിട്ടുറങ്ങ്.

എനിക്കും നല്ല ക്ഷീണമുണ്ട്.... ഒന്ന് കുളിച്ചിട്ട് ഉറങ്ങണം. " " ചേച്ചി..... ചേച്ചിയെന്താ ഇങ്ങനൊക്കെ പറയുന്നേ....??? ഇച്ചായൻ ചേച്ചിയെ വല്ലോം പറഞ്ഞോ....??? " " അങ്ങനൊന്നുമില്ലെടി.... ഞാനോർത്തപ്പോ അതാ ശെരിയെന്ന് തോന്നി. ഇന്നല്ലേൽ നാളെ ഇവിടുന്ന് പോകണ്ടവളാ ഞാൻ. ആ ഞാൻ ചുമ്മാ ഓരോന്ന്..... അതൊന്നും വേണ്ട സോണി..... ഞാനതൊക്കെ വിട്ടു. ഇനി നീയും അതൊക്കെ മറന്നുകള.... ഇപ്പൊ നീ ചെല്ല് ഞാനൊന്ന് കിടക്കട്ടെ..... " അവർക്കിടയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്നും നാൻസിയെ അത് നന്നായി നോവിച്ചിട്ടുണ്ടെന്നും അതോടെ സോണിയ ഉറപ്പിച്ചു. എങ്കിലും ഇപ്പൊ തത്കാലം അവളെ തനിച്ചുവിടാമെന്ന് കരുതി പിന്നീടൊന്നും പറയാതെ അവൾ മുറിക്ക് പുറത്തേക്ക് നടന്നു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story