വെപ്പാട്ടി: ഭാഗം 15

veppatti

രചന: അഭിരാമി ആമി

 സണ്ണിയന്ന് വീട്ടിലേക്ക് വരുമ്പോൾ ഞായറാഴ്ചകളിലെ പതിവ് കാഴ്ചകളൊന്നും തന്നെ ആ വീട്ടിൽ കാണാനുണ്ടായിരുന്നില്ല. അല്ലെങ്കിൽ എന്നത്തേയും പതിവ് പോലെ ഊണുമുറിയിൽ ഉച്ചയൂണ് റെഡിയായിട്ടുണ്ടാകുമായിരുന്നു. ഞായറാഴ്ചകൾ വിഭവങ്ങളുടെ എണ്ണം കൊണ്ട് സ്‌പെഷ്യലാകാറും ഉണ്ടായിരുന്നു. എന്നാലിന്ന് ഒരുമണി കഴിഞ്ഞിരുന്നെങ്കിലും ഊണുമേശ ശൂന്യമായി തന്നെ കിടക്കുകയായിരുന്നു. ചുറ്റുപാടുമൊന്ന് നോക്കിയെങ്കിലും ഹാളിലും പരിസരത്തുമൊന്നും ആരേം കാണാഞ്ഞത് കൊണ്ട് കൂടുതലൊന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ സണ്ണി മുകളിലേക്ക് പോകാൻ തുടങ്ങി. അല്ലെങ്കിൽ തന്നെ ആരോടും ഒന്നും ആവശ്യപ്പെടുന്ന പതിവൊട്ടവന് ഉണ്ടായിരുന്നുമില്ലല്ലോ. " പെണ്ണുങ്ങളെല്ലാം സമരമോ മറ്റോ തുടങ്ങിയൊ ആവോ....." " സണ്ണി..... " വെറുതെ പിറുപിറുത്തുകൊണ്ട് അവൻ മുകളിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആയിരുന്നു പിന്നിൽ നിന്നും ആ വിളി മുഴങ്ങിയത്. പ്രതീക്ഷിക്കാത്ത സ്വരം കേട്ട് അവൻ തിരിഞ്ഞു നോക്കുമ്പോൾ ഹാളിൽ വല്ലാത്തൊരു ഭാവത്തിൽ നിൽക്കുകയായിരുന്നു റേച്ചൽ.

അവരുടെ പിന്നിൽ തന്നെ എന്തിനോ അവരേ തടയാൻ ശ്രമിക്കും പോലെ സോണിയയും നാൻസിയും നിൽപ്പുണ്ടായിരുന്നു. നാൻസിയുടെ കണ്ണുകളാണേൽ കരഞ്ഞത് പോലെ കലങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ സണ്ണിയുടെ പുരികമൊന്ന് ചുളിഞ്ഞു. എന്തോ പ്രശ്നമുണ്ടെന്നവന്റെ മനസ് മന്ത്രിച്ചു. " ഇനി ദേ ഇവളെ ഈ വീട്ടിൽ നിർത്താൻ പറ്റില്ല..... എവിടെയാണെന്ന് വച്ചാൽ കൊണ്ട് താമസിപ്പിച്ചോണം.... " പൊടുന്നനെ റേച്ചലിന്റെ സ്വരം വീണ്ടും മുഴങ്ങി. " മമ്മി.... " " മിണ്ടാതിരിയെടി..... തള്ളയാണെന്നും പറഞ്ഞ് ഞാനിവിടെ ജീവിക്കുമ്പോൾ ഞാൻ തീരുമാനിക്കും. ബാക്കിയുള്ളവർ അനുസരിക്കും. ഇനിയതാണ് ഇവിടുത്തെ നിയമം...." സോണിയയെ നോക്കിയൊരു അന്ത്യശാസനം പോലെ റേച്ചൽ പറഞ്ഞു. മമ്മിയുടെ അതുവരെ കണ്ടിട്ടില്ലാത്ത ഒരു മുഖം കണ്ടതോടെ അവൾ പിന്നീട് ഒരക്ഷരം മിണ്ടാതെ നാൻസിക്ക് പിന്നിലേക്ക് മാറി. " ഇനി നിന്നോട്..... ഇതുവരെ നിന്റെ തോന്നിവാസമൊക്കെ ഞാൻ മിണ്ടാതെ നിന്ന് സഹിച്ചു. പക്ഷേ ഇനി അതൊന്നും നടക്കില്ല.

ഒന്നുകിൽ ഇവളെ കൊണ്ടുവന്നിടത്തോട്ട് തന്നെ കൊണ്ടുപോയി ആക്കിക്കോണം. അല്ലെങ്കിൽ താമസിപ്പിക്കാൻ വേറെ ഇടം നോക്കിക്കോണം. ഇനിയിതിവിടെ പറ്റില്ല...." ദേഷ്യമോ സങ്കടമോ ഒക്കെക്കൊണ്ട് റേച്ചലിന്റെ സ്വരം വിറച്ചിരുന്നു. " ഇതൊക്കെ പറയാൻ നിങ്ങളാരാ.... " തിരിഞ്ഞവർക്കരികിലേക്ക് വന്നതും പെട്ടന്ന് വന്ന കോപത്തിൽ ചോദിച്ചത് മാത്രമേ സണ്ണിക്ക് ഓർമയുണ്ടായിരുന്നുള്ളു. അപ്പോഴേക്കും റേച്ചലിന്റെ വലതുകയ്യവന്റെ കവിള് പുകച്ചിരുന്നു. ഒരു നിമിഷം അവനും സോണിയയും നാൻസിയുമെല്ലാമൊന്ന് തരിച്ച് നിന്നു. " ഈ വർഷങ്ങൾക്കിടയിൽ പല തവണ ഇതേ ചോദ്യം നീയെന്നോട് ചോദിച്ചിട്ടുണ്ട്. ഇനിയും ഈ സംശയം ചോദിക്കാതിരിക്കാനാ ഇത്..... വയസാംകാലത്ത് നിന്റപ്പന്റെ മിന്നും കഴുത്തിൽ ചുമന്നോണ്ട് നിന്റെ കൂടി അമ്മയായിട്ടാ ഞാനിങ്ങോട്ട് കേറി വന്നത്. ഒരു രണ്ടാനമ്മേടെ മുഖമൊരിക്കലും ഞാൻ നിന്നോട് കാണിച്ചിട്ടുമില്ല. പക്ഷേ എന്നിട്ടും നീയെന്നെ ഇവിടിട്ട് ചവിട്ടി തേച്ചിട്ടുണ്ട്. ഇന്ന് വരെ അതിന്റെ പേരിലൊന്നും ഞാൻ നിന്നോട് മുഖം കറുത്തിട്ടില്ല.

നിന്നോട് മത്സരിക്കാനും നിന്നിട്ടില്ല. നിന്റെ ദേഷ്യത്തിനും എന്നോടുള്ള വെറുപ്പിനും നിന്റെ ഭാഗത്ത്‌ നിന്നും നോക്കുമ്പോ കുറ്റംപറയാൻ പറ്റില്ല എന്നോർത്തിട്ടാ ഇന്നീനിമിഷം വരെ നിന്നോട് ഞാനൊന്നിനും എതിര് പറയാൻ നിൽക്കാത്തത്. പക്ഷേ ഇനി മേലിൽ എന്റെ ഭാഗത്തുനിന്നും നിനക്ക് ആ പരിഗണന കിട്ടില്ല. നീ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ ഇവിടുത്തെ കാര്യങ്ങളിലൊന്നും ഇടപെടേണ്ട എന്ന്. പക്ഷേ ഇന്ന് മുതൽ ഇവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാ..... നീ അംഗീകരിച്ചാലും ഇല്ലെങ്കിലും നിന്റെ കൂടെ അമ്മച്ചിയായ ഈ ഞാൻ.... ആ അധികാരത്തിൽ തന്നെ പറയുവാ ഇനിയും പേരുദോഷം കേൾപ്പിക്കാൻ നിൽക്കാതെ ഇവളെ ഇവിടുന്ന് ഇറക്കി വിട്ടോളണമെന്ന്. " അമ്പരന്ന് നിന്ന സണ്ണിയെ നോക്കി അവർ ചീറി. " നിങ്ങൾക്കെന്താ സമനില തെറ്റിയോ....??? " ഒടുവിൽ സഹികെട്ടെന്ന പോലെ സണ്ണി ചോദിച്ചു. " അതേടാ എനിക്ക് സമനില തെറ്റി... തെറ്റിയതല്ല നീ തെറ്റിച്ചതാ. അല്ലേ നീ പറയെടാ.... ഏതാ ഈ പെണ്ണ്....??? ഇവളുമായി നിനക്കുള്ള ബന്ധമെന്താ....??? "

റേച്ചലിന്റെ ആ ചോദ്യത്തിന് മുന്നിൽ സണ്ണിയൊരു മറുപടിയില്ലാതങ്ങനെ നിന്നു. " മറുപടിയില്ലെങ്കിൽ മര്യാദക്ക് ഇവളെ ഇവിടുന്നിറക്കി വിട്ടോണം. അതല്ല , നിനക്കിവളെ വേണമെങ്കിൽ നാട്ടുകാര് പറയുന്ന പോലെ ഇവളെ ഇവിടെ നിർത്താൻ പറ്റുകേല. അന്തസായിട്ട് മിന്നുകെട്ടി കൂടെ താമസിപ്പിച്ചോണം.... " പൊടുന്നനെ സണ്ണിയുടെ കണ്ണുകൾ നാൻസിയുടേതിനോടൊന്നിടഞ്ഞു. അവൻ നോക്കിയതും അവൾ നോട്ടം നിലത്തേക്ക് മാറ്റി. " നാട്ടുകാരെന്നാ പറഞ്ഞെന്നാ.....??? " " ഓഹ് നാട്ടുകാര് പറയുന്നത് നീ മാത്രം അറിഞ്ഞുകാണുകേല. നാട്ടുകാര് പറയുന്നത് ഈ പെങ്കൊച്ച് നിന്റെ വെപ്പാട്ടി ആണെന്നാ... " ആ വാക്കുകൾ ചെവിയിലേക്ക് ഇയ്യമുരുക്കി ഒഴിച്ചത് പോലെയായിരുന്നു സണ്ണി കേട്ട് നിന്നത്. " ഇന്ന് ഇതുങ്ങള് പള്ളിയിൽ പോയേച്ച് വന്നപ്പോ നിന്റെ കൂടപ്പിറപ്പിനോടാ ആളുകള് ചോദിച്ചത് , ഇച്ചായൻ ഇറക്കുമതി ചെയ്ത ഈ പീസിനെ അവന് മടുക്കുമ്പോഴെങ്കിലും അവർക്കൂടെ കൊടുക്കുമോന്ന്...."

സണ്ണിയുടെ കണ്ണുകൾ വീണ്ടും നാൻസിയെ തേടി ചെല്ലുമ്പോൾ അവൾ നിന്ന് വിങ്ങിപൊട്ടുകയായിരുന്നു. " കുറച്ചുനാളായി എന്റെ കൂടാണെന്നൊക്കെ പറയുമ്പോ.... അതും ഒരു ബന്ധവുമില്ലാത്ത എന്നെപ്പോലൊരു പെണ്ണ് സണ്ണിച്ചൻ തനിച്ച് താമസിക്കുന്ന വീട്ടിൽ ഒപ്പമുണ്ടായിരുന്നെന്നൊക്കെ പറയുമ്പോൾ നാട്ടുകാരെന്നാ പറയും.....??? അവരെന്നെ ഏത് കണ്ണോടെ നോക്കുമെന്ന് സണ്ണിച്ചനോർത്തോ....??? " അന്ന് പള്ളിയിൽ വച്ച് വയനാട്ടിൽ അവൾ തന്റെ കൂടാണ് താമസമെന്ന് അച്ചനോട് പറഞ്ഞപ്പോൾ നാൻസി ചോദിച്ച ചോദ്യം കൂരമ്പ് പോലവന്റെ നെഞ്ചിലേക്ക് വന്നു തറച്ചു. തന്റെ ഭാവി മുൻകൂട്ടി കണ്ട് അവൾ ചോദിച്ച വാക്കുകളോർക്കേ സണ്ണി നിന്നുരുകി. ആ പെണ്ണിന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ മുഖം കുനിച്ച് നിൽക്കുമ്പോൾ ഏതൊക്കെയൊ ചിന്തകൾ അവന്റെ ഉള്ളൂലച്ചു. നാൻസി തീപ്പൊള്ളലേറ്റ് ഹോസ്പിറ്റലിൽ കിടന്നതും പിന്നീട് അവിടെ നിന്നും ഡിസ്ചാർജ് ആയി തന്റെ ഒപ്പം താമസിക്കാൻ വന്നതും , എസ്റ്റേറ്റ് ഉടമ അലോഷിയുടെ മൂത്തമകൾ താൻ വാങ്ങികൊടുത്ത ഉടുതുണി ഒന്ന് മടക്കി വെക്കാൻ ഒരു സൗകര്യമില്ലാതെ കൈത്തണ്ടയിലൊതുക്കിപ്പിടിച്ചുകൊണ്ട് തനിക്കൊപ്പം കട്ടപ്പനയ്ക്ക് വന്നതും പിന്നീട് എപ്പോഴോ അവളുടെ പ്രണയം തന്നോട് പറഞ്ഞ് നെഞ്ചുലഞ്ഞു കരഞ്ഞതുമെല്ലാം

ഒരു തിരശീലയിലെന്നപോലെ അവനോർത്തെടുത്തു. " എന്താടാ കൊമ്പ് കുലുക്കി നടക്കുന്ന നിന്റെ നാവിറങ്ങിപ്പോയോ....???? ഈ നാട്ടിലെ എരണംകെട്ടവന്മാർക്ക് ഈ കൊച്ചിനെ നീ തന്നെ കൂട്ടികൊടുക്കുമോ.....???? അതോ ഇതിനെ കഴുത്തിൽ പിടിച്ച് റോഡിൽ തള്ളുമോ....??? ഇതിലേതാ നീ ചെയ്യാൻ പോകുന്നത്.....??? " റേച്ചലിന്റെ സ്വരം അവന്റെ ശ്രദ്ധ വീണ്ടുമവരിലേക്ക് തിരിച്ചു. " രണ്ടുമല്ല..... ഇവളെ കെട്ടി കൂടെ പൊറുപ്പിക്കാൻ പോവാ..... ഇനി ചോദിക്കുന്നവരോട് ഇവൾ സണ്ണിയുടെ പെണ്ണാണെന്ന് പറഞ്ഞേക്ക്. വയനാട്ടിൽ വച്ച് ഞാൻ കെട്ടിയ എന്റെ പെണ്ണ്.... " ഒരു നിമിഷം കേട്ടത് വിശ്വസിക്കാൻ കഴിയാതെ റേച്ചലും സോണിയായും നാൻസിയും അമ്പരന്ന് നിന്നു. കണ്ണീരിനിടയിലും റേച്ചലിന്റെ അധരങ്ങൾ പുഞ്ചിരി പൊഴിച്ചു. കൈവിട്ട കളിപ്പാട്ടം തിരികെക്കിട്ടുമ്പോൾ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിൽ തരിച്ചു നിൽക്കുന്ന കുഞ്ഞിന്റെ അവസ്ഥയിലായിരുന്നു നാൻസിയപ്പോൾ. പിന്നീട് ആരും ഒന്നും മിണ്ടാത്തത് കൊണ്ടുതന്നെ നാൻസിയെ ഒന്ന് നോക്കിയിട്ട് സണ്ണി മുകളിലേക്ക് കയറിപ്പോയി. " ചേച്ചി..... " അവൻ പോയതും സോണിയ ഓടിച്ചെന്ന് നാൻസിയെ കെട്ടിപ്പിടിച്ച് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story