വെപ്പാട്ടി: ഭാഗം 16

veppatti

രചന: അഭിരാമി ആമി

" ചേച്ചി..... " സണ്ണി പോയതും സോണിയ ഓടിച്ചെന്ന് നാൻസിയെ കെട്ടിപ്പിടിച്ച് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു. പക്ഷേ അപ്പോഴും കേട്ടത് വിശ്വസിക്കണോ വേണ്ടയോ എന്നറിയാത്ത അവസ്ഥയിൽ തന്നെയായിരുന്നു നാൻസി നിന്നിരുന്നത്. അതുകൊണ്ട് തന്നെ അവൾ റേച്ചലിനെയും സോണിയയേം നോക്കി വെറുതെ അങ്ങനെ നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. " ഇപ്പൊ എന്റെ മോൾക്ക് സന്തോഷമായില്ലേ.... ഞാൻ പറഞ്ഞില്ലേ മോളേ അവന്റെ ഉള്ളിലും നിന്നോട് സ്നേഹമുണ്ടെന്ന്. ഇപ്പൊ അത് മോൾക്ക്‌ ബോധ്യമായില്ലേ. ഇതിപ്പോ ഇങ്ങനെയൊക്കെ ഉണ്ടായത് നന്നായിന്ന് കരുതാം. അതുകൊണ്ടല്ലേ സണ്ണിയുടെ മനസിലിരുപ്പറിയാനും നമുക്ക് പറ്റിയത്. ഇനി മോളൊന്നുകൊണ്ടും പേടിക്കണ്ട. നാട്ടിലെ കൊടിച്ചിപട്ടികൾ കുരയ്ക്കുന്നത് കേട്ട് കരയാനും നിക്കണ്ട. ഇനി എത്രേം പെട്ടന്ന് പള്ളിയിൽ വച്ച് നിങ്ങടെ കെട്ടും നടത്തണം നമുക്ക്. " റേച്ചൽ അത്യാഹ്ലാദത്തോടെ പറയുന്നത് കേട്ട് നാൻസി നിറഞ്ഞ മിഴികളോടെ അവരേ കെട്ടിപ്പിടിച്ചു.

" അയ്യേ ഇനിയും കരയുവാണോ പൊട്ടീ നീ.... ഇനിയെന്റെ പൊന്നുമോള് കണ്ണ് നിറയ്ക്കരുത്. നിനക്ക് ഇനി എല്ലാരും ഉണ്ട്. ഇന്നുമുതൽ ഈ വീട്ടിലെ പെണ്ണാ നീ ..... " റേച്ചൽ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. പിന്നെ അവളുടെ നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ സോണിയ ചെന്ന് സണ്ണിയെ ഊണ് കഴിക്കാൻ വിളിച്ചെങ്കിലും അവൻ വേണ്ടെന്ന് പറഞ്ഞത് കൊണ്ട് അവൾ തിരികെ പോന്നു. " മമ്മി ഇച്ചായനെ വിളിച്ചപ്പോ വേണ്ടെന്ന് പറഞ്ഞു. " സോണിയ താഴെ വന്ന് റേച്ചലിനോട് പറഞ്ഞു. " ആഹ് അവൻ പിന്നെ കഴിച്ചോളും. നീ വന്നിരിക്ക് നമുക്ക് കഴിക്കാം. അപ്പോഴത്തെ ആവേശത്തിൽ ഇവളെ കെട്ടും എന്നൊക്കെ പറഞ്ഞെങ്കിലും എല്ലാമൊന്ന് തണുത്തപ്പോ ചെറുക്കനാകെ ചമ്മലായിക്കാണും. അതാ മുറിയിൽ കയറി കതകടച്ചിരിക്കുന്നത്. " " അത് നേരാ..... അല്ല അതിപ്പോ ഇച്ചായന് മാത്രല്ലല്ലോ... ഇവിടൊരാൾക്കും ചമ്മലിനൊന്നും കുറവില്ലല്ലോ. മമ്മി ശ്രദ്ധിച്ചോ ഇച്ചായനങ്ങനെ പറഞ്ഞ നേരം മുതൽ തക്കാളി പോലല്ലേ മുഖമൊക്കെ ചുവന്നുതുടുത്തിരിക്കുന്നത്..... "

റേച്ചലിനരികിൽ നിൽക്കുകയായിരുന്ന നാൻസിയെ കഴുത്തിലൂടെ കെട്ടിപ്പിടിച്ച് താടിക്ക് പിടിച്ച് കൊഞ്ചിച്ചുകൊണ്ട് സോണിയ പറഞ്ഞപ്പോൾ അവളൊന്നുകൂടി പൂത്തുലഞ്ഞിരുന്നു. " ചുമ്മാതിരിയെടി എന്റെ കൊച്ചിനെ കളിയാക്കാതെ.... " റേച്ചൽ ചിരിയോടെ പറഞ്ഞു. " ഓഹ് മമ്മിക്കിപ്പഴേ മരുമോളെ മതിയല്ലോ.... അപ്പോപ്പിന്നെ കെട്ട്കൂടെ കഴിഞ്ഞാ ഞാൻ ഔട്ടാകുമല്ലോ..... " " നീ ഇപ്പോഴേ ഔട്ടാ..... " " ഉവ്വുവ്വാ.... പുന്നാര മരുമോളേം കൊണ്ട് ഇച്ചായനങ്ങ് വയനാട്ടിലോട്ട് പോയികഴിയുമ്പോ പിന്നേം എന്റടുത്തോട്ട് തന്നെ വരും അപ്പോ ഞാൻ കാണിച്ചു തരാം..... " " ഓ ആയിക്കോട്ടെ.... ഇപ്പൊ പൊന്നുമോളിരുന്ന് കഴിക്കാൻ നോക്ക്..... " അവരിരുവരുടെയും വർത്താനം കേട്ട് നാൻസിയും ചിരിച്ചുപോയിരുന്നു അപ്പോഴേക്കും. ഊണൊക്കെ കഴിഞ്ഞ് മുകളിലത്തെ തന്റെ മുറിയിലേക്ക് പോകാൻ വന്നതായിരുന്നു നാൻസി.

പക്ഷേ സണ്ണിയുടെ മുറിക്ക് മുന്നിലെത്തിയതും അവളൊന്ന് നിന്നു. കാരണം വരാന്തയിലെ തൂണിൽ ചാരി തന്റെ വരവും നോക്കി സണ്ണി നിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ടതും വല്ലാത്തൊരു വിവശത തോന്നിയെങ്കിലും നാൻസി പതിയെ അവനരികിലേക്ക് തന്നെ ചെന്നു. " സോറി നാൻസി.... തനിക്ക് വേണ്ടാത്ത പ്രതീക്ഷ തരുവാണെന്നറിയാഞ്ഞിട്ടല്ല അപ്പോ ഞാനങ്ങനെ പറഞ്ഞത്..... " തൊട്ടരികിലെത്തിയതും ഒട്ടും പ്രതീക്ഷിക്കാത്ത വാക്കുകൾ അവനിൽ നിന്നും കേട്ട നാൻസി അമ്പരന്നവന്റെ മുഖത്തേക്ക് നോക്കി. അവന്റെ നോട്ടം പക്ഷേ നടുമുറ്റത്തെന്തിലോ തറഞ്ഞുനിൽക്കുകയായിരുന്നു. ആ മുഖത്തെ ഭാവവും വാക്കുകളും കൂടിയായപ്പോൾ അതുവരെ ജീവിതത്തിന്റെ ഏതോ കോണിൽ തെളിഞ്ഞുനിന്നിരുന്ന വെളിച്ചം മറഞ്ഞ് വീണ്ടും ഇരുളിലേക്ക് എടുത്തെറിയപ്പെടുന്നത് നാൻസിയറിഞ്ഞു. " തനിക്ക് വീണ്ടും പ്രതീക്ഷ തന്ന് ചതിക്കണമെന്ന് കരുതിയിട്ടല്ല... ആ സമയത്ത് ഞാൻ വേറൊരു വഴിയും കണ്ടില്ല. അപ്പോ ഞാനങ്ങനെ പറഞ്ഞത് കൊണ്ട് ആ സീനവിടെ തീർന്നു.

അല്ലെങ്കിൽ അത് വീണ്ടും നീണ്ടുപോകും. മാത്രമല്ല ഇനിയും നിന്റെ നേർക്ക് മറ്റൊരർത്ഥത്തിൽ ആരുടെയും നോട്ടം നീളാതിരിക്കാനും അത് തന്നെയാ നല്ലത്. അതുകൊണ്ട് തത്കാലം അതങ്ങനെ തന്നെ ഇരിക്കട്ടെ. പിന്നെ താൻ തിരിച്ചു പോയിക്കഴിയുമ്പോൾ കുറച്ചുനാൾ വീണ്ടും അതൊരു സംസാരമായിരിക്കും. പക്ഷേ പതിയെ അതും അവസാനിച്ചോളും. അല്ലെങ്കിൽ തന്നെ ഇവിടുന്ന് പോയിക്കഴിഞ്ഞാൽ തന്നെയതൊന്നും ബാധിക്കുകയുമില്ലല്ലോ. അതുകൊണ്ട് താനൊന്നുകൊണ്ടും വിഷമിക്കണ്ട. പിന്നെ.... ഞാൻ പറയാൻ വന്നത് താൻ ഇതൊന്നും വേറൊരർത്ഥത്തിൽ എടുക്കരുതെന്നാ..... തല്ക്കാലത്തേക്കുള്ള ഈ നാടകവും തനിക്ക് വേണ്ടി തന്നെയാണെന്ന് ഓർത്താൽ മതി. " അവൻ പറയുന്നത് കേട്ട് നിൽക്കുമ്പോൾ നെഞ്ച് നീറുന്നുണ്ടായിരുന്നെങ്കിലും നാൻസി പുഞ്ചിരിക്കാൻ ശ്രമിച്ചു. " എനിക്ക് മനസിലായി സണ്ണിച്ചാ.... " എങ്ങനെയൊക്കെയൊ അവളത്രമാത്രം പറഞ്ഞൊപ്പിച്ചു. " ഞാൻ വല്ലാതെ പേടിച്ചു..... " " എന്തിനാ സണ്ണിച്ചാ...??? " " അല്ല.... ഞാൻ വീണ്ടും തന്നേ മോഹിപ്പിച്ചല്ലോ എന്നൊരു തോന്നൽ...."

" ഏയ് എനിക്ക് മനസിലാകും സണ്ണിച്ചനെ.... പിന്നെ പെട്ടന്നങ്ങനൊക്കെ കേട്ടപ്പോൾ മനസൊന്ന് തുടിച്ചെന്നുള്ളത് നേരാ.... പക്ഷേ.... പക്ഷേ സാരമില്ല സണ്ണിച്ചാ.... എല്ലാം എനിക്ക് വേണ്ടിയല്ലേ.... " അവൾ വീണ്ടും പുഞ്ചിരിച്ചു. " സണ്ണിച്ചാ..... " കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവൾ വീണ്ടും വിളിച്ചു. സണ്ണി ചോദ്യഭാവത്തിൽ അവളെ നോക്കി. " അല്ല ഞാനോർക്കുവാരുന്നു.... നമ്മുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞാൽ നാളെ ഞാൻ തിരിച്ചുപോയിക്കഴിയുമ്പോൾ ഈ നാട്ടുകാർക്കിടയിൽ സണ്ണിച്ചൻ നാണം കെടില്ലേ.....??? " അവളത് ചോദിച്ചപ്പോൾ സണ്ണി പതിയെ പുഞ്ചിരിച്ചു. " എനിക്കതൊന്നും പുത്തരിയല്ലെടോ..... തനിക്കറിയോ അപ്പനുമായി തെറ്റും മുന്നേ അപ്പനെനിക്കൊരു കല്യാണമുറപ്പിച്ചു. ചെന്ന് കണ്ടപ്പോ എനിക്കും പെണ്ണിനെ ഇഷ്ടമൊക്കെ ആയിരുന്നു. വീട്ടുകാര് തമ്മിൽ കെട്ടുറപ്പിക്കുവേം ചെയ്തു. "

" എന്നിട്ട്.....??? " ഒരു നിമിഷം തന്റെ വേദനകളെല്ലാം മറന്ന് അവന്റെയാ ഭൂതകാലമറിയാനുള്ള ആകാംഷയോടെ നാൻസി ചോദിച്ചു. അവളുടെ കണ്ണുകളിലെ ആകാംഷ കണ്ട് സണ്ണിക്ക് ചിരി വന്നെങ്കിലുമവനതടക്കിക്കൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി. " ആനി എന്നായിരുന്നു അവളുടെ പേര്... സ്കൂൾ ടീച്ചറായിരുന്നു. പത്താംക്ലാസുകൊണ്ട് പഠിപ്പവസാനിപ്പിച്ച് എസ്റ്റേറ്റും കൂപ്പുമൊക്കെയായി നടക്കുന്ന എന്റെ കാര്യം വച്ച് നോക്കുമ്പോൾ കല്യാണത്തിന് മുൻപ് തന്നെ പഠിച്ചൊരു ജോലി സ്വന്തമാക്കിയ അവളോട് എനിക്ക് നല്ല ബഹുമാനവുമുണ്ടായിരുന്നു. പക്ഷേ മനസമ്മതത്തിന് മുൻപ് ഒരുദിവസം ആനിയെന്നെ കാണാൻ വന്നു...... ................... " " എന്നിട്ടെന്തുപറ്റി സണ്ണിച്ചാ.....?? " അത്രയും പറഞ്ഞിട്ട് അവനെന്തോ ഓർത്ത് നിൽക്കുന്നത് കണ്ട് നാൻസി വീണ്ടും ചോദിച്ചു. " എന്തുപറ്റാൻ.... പത്താം ക്ലാസ് മാത്രം പഠിപ്പുള്ള , കെട്ട് പ്രായമായിട്ടും അപ്പന്റെ ചൊല്പടിയിൽ ഒരു പട്ടിക്കുട്ടിയെപ്പോലെ നിൽക്കുന്ന ഒരുത്തനെയല്ല അവൾക്ക് വേണ്ടത്. അതുകൊണ്ട് അപ്പന്റെ കാല് പിടിച്ചിട്ടായാലും ഞാൻ തന്നെ കല്യാണത്തിൽ നിന്നും പിന്മാറണമെന്ന് പറഞ്ഞു.

അതെന്നെ വല്ലാതെ തകർത്തുകളഞ്ഞു. പക്ഷേ കല്യാണം മുടങ്ങി. അതോടെ അപ്പനും ഞാനും തമ്മിലകന്നു. ഞാൻ വയനാട്ടിലേക്ക് പോന്നു....അതിന് ശേഷം ഞാനും തീരുമാനിച്ചു. എന്റെ പഠിപ്പിനും യോഗ്യതക്കും യോജിച്ചൊരു പെണ്ണ് മതി എനിക്കെന്ന്. " " എന്നിട്ട്..... എന്നിട്ട് അങ്ങനെ ആരേലും ഉണ്ടോ സണ്ണിച്ചാ....??? " ചോദിക്കുമ്പോൾ നാൻസിയുടെ ഹൃദയം വല്ലാതെ പിടഞ്ഞിരുന്നു. " ഇതുവരെയില്ലെടോ..... പക്ഷേ അങ്ങനെ ആരേലും വരും എന്നെങ്കിലും. ഞാൻ തന്റെ ഇഷ്ടം വേണ്ടെന്ന് വെക്കാനുള്ള കാരണം അന്ന് ആനി പറഞ്ഞ വാക്കുകളാ. അവൾ പറഞ്ഞത് നേരല്ലെടോ , വിവാഹമെന്നൊക്കെ പറയുന്നത് ഒരേ നിലയ്ക്കുള്ളവർ തമ്മിലാകുന്നതാ എപ്പോഴും നല്ലത്. അല്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അതൊരു പ്രശ്നമാകും.... " അവൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ നാൻസിക്കും എന്ത് പറയണമെന്നറിയുമായിരുന്നില്ല. കാരണം അവന്റെ മനസ്സിൽ വേരുറച്ച് പോയ വിശ്വാസത്തെ അടർത്തി മാറ്റുക എളുപ്പമല്ലെന്ന് അവൾക്കറിയാമായിരുന്നു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story