വെപ്പാട്ടി: ഭാഗം 17

veppatti

രചന: അഭിരാമി ആമി

 സണ്ണിയുമായി സംസാരിച്ച് കഴിഞ്ഞ് മുറിയിലെത്തിയതും അതുവരെ അടക്കി വച്ചിരുന്ന സങ്കടം മുഴുവൻ ഒരേങ്ങലോടെ പുറത്തേക്ക് ചാടിയതും നാൻസി ഇരുകൈകൾ കൊണ്ടും വായ അമർത്തിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. എത്രയൊക്കെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും മനസിനെ നിയന്ത്രിക്കാൻ കഴിയാതെ അവൾ വീണ്ടും വീണ്ടും അലറിക്കരഞ്ഞു. " എന്തിനാ സണ്ണിച്ചാ എന്നോടിങ്ങനെ.....??? എന്നേ വീണ്ടുമിങ്ങനെ മോഹിപ്പിച്ചതെന്തിനായിരുന്നു. എല്ലാപെണ്ണുങ്ങളും സണ്ണിച്ചനൊരുപോലാണോ..... ഞാൻ.... ഞാൻ നിങ്ങടെ പഠിപ്പോ വിവരമോ സ്വത്തോ ഒന്നുമല്ല സണ്ണിച്ചാ നോക്കിയത്..... എനിക്ക്..... നിക്ക് വേണ്ടത് നിങ്ങളെ മാത്രമായിരുന്നു. നിങ്ങടെ നെഞ്ചോരം ചേർന്ന് ജീവിച്ചുതീർക്കാൻ ഒരു ജീവിതം മാത്രമായിരുന്നു എനിക്ക് വേണ്ടത്..... എന്നിട്ടും..... എന്നോട്.... എല്ലാം സ്വയമങ്ങ് തീരുമാനിക്കുവല്ലേ.... എന്നോട് ഒരു വാക്ക് ചോദിച്ചോ..... സണ്ണി ഇതൊക്കെയാണ് , ഈ കുറവുകളെല്ലാം അറിഞ്ഞിട്ട് ഒപ്പം ജീവിക്കാൻ തയാറാണോന്ന് ഒരു വാക്ക് ചോദിച്ചുകൂടായിരുന്നോ സണ്ണിച്ചാ.....

അപ്പോ.... എല്ലാം സ്വയമങ്ങ് തീരുമാനിച്ചു. എനിക്കും വേണ്ടതാകുമെന്ന് സ്വയം വിധിയെഴുതി..... എന്നാലും..... എന്നേ കൈവിട്ട് കളഞ്ഞല്ലോ സണ്ണിച്ചാ..... " കിടക്കയിലിരുന്ന് പൊട്ടികരയുമ്പോൾ അവൾ പിറുപിറുത്തു. സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. ആ രാത്രിക്ക് നീളമേറെയാണെന്ന് തോന്നിക്കും വിധം അന്ന് പുലരിയൊരുപാട് അകലെയായിരുന്നു. രാത്രി വെളുപ്പിക്കാൻ സണ്ണിയും നാൻസിയും ഒരുപാട് കഷ്ടപ്പെട്ടു. പക്ഷേ ആ രാത്രി മുഴുവൻ നാൻസി ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു. കൂട്ടലും കിഴിക്കലും നടത്തിയെടുവിൽ അവളൊരു തീരുമാനത്തിൽ എത്തുകയും ചെയ്തു. പിറ്റേദിവസം നേരം പുലരുന്നപ്പോഴേക്കും അവൾ വീണ്ടും പുഞ്ചിരിക്കാൻ പഠിച്ചിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ അവൾ അടുക്കളയിലേക്ക് ചെന്നു. കല്യാണക്കാര്യത്തേക്കുറിച്ച് റേച്ചലും സോണിയയും കൂടി പറയുന്നതെല്ലാം കേട്ട് ചിരിയോടെ അവർക്കൊപ്പം അവളും കൂടി.

അപ്പോഴൊക്കെ തന്റെ തീരുമാനം അവരേയറിയിക്കണോ എന്നവൾ ആലോചിച്ചുകൊണ്ടേയിരുന്നു. പക്ഷേ ആദ്യം സണ്ണിയോട് പറഞ്ഞിട്ട് മതി ബാക്കിയൊക്കെ എന്ന തീരുമാനത്തിൽ അവളെല്ലാം ഉള്ളിൽ തന്നെയൊതുക്കി. സമയം ഉച്ചയായി. ജോലികളൊക്കെ ഒതുക്കി സണ്ണിയുടെ വരവും കാത്ത് നാൻസി മുകളിലെ വരാന്തയിലെ സോപാനത്തിണ്ണയിൽ തന്നെയിരുന്നു. രണ്ട് മണിയോടെ സണ്ണിയെത്തി. അവൻ ഊണ് കഴിക്കുന്ന നേരമത്രയും അവനോട് പറയാനുള്ള കാര്യങ്ങൾ മനസ്സിൽ ചേർത്ത് വയ്ക്കുകയായിരുന്നു നാൻസി. " താനിവിടിരിക്കുവാണോ..... കഴിച്ചോ....??? " പിന്നിൽ നിന്നും സണ്ണിയുടെ ചോദ്യം കേട്ട് ചാടിയെണീക്കുമ്പോൾ അതുവരെ ചേർത്ത് വച്ച ധൈര്യം മുഴുവൻ ചോർന്നുപോകുന്നതവളറിഞ്ഞു. പക്ഷേ പറയണം.... പറയാതിരുന്നാൽ , സണ്ണിച്ചനിൽ നിന്നും അകലാതിരുന്നാൽ തനിക്ക് ഭ്രാന്ത്‌ പിടിച്ചുപോകുമെന്നവളുടെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു. " ഞാൻ..... ഞാൻ സണ്ണിച്ചനെ കാത്തിരിക്കുവായിരുന്നു. "

": എന്നെയോ... എന്താ പ്രശ്നം വല്ലതുമുണ്ടോ....??? " അവൻ പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു. " പ്രശ്നം..... പ്രശ്നമൊന്നുമില്ല. നാളെയെന്നെയൊന്ന് കൊണ്ട് വിടുമോ....??? " " എങ്ങോട്ട്.....??? " " ഞാൻ.... ഞാൻ വയനാട്ടിലേക്ക് തന്നെ തിരിച്ചു പോകാൻ തീരുമാനിച്ചു സണ്ണിച്ചാ.... " അവളങ്ങനെ പറഞ്ഞതും സണ്ണി അമ്പരന്നവളെ നോക്കി. " നിനക്കെന്താ നാൻസി തലക്ക് സുഖമില്ലേ....??? വയനാട്ടിൽ നീ എവിടെ ചെന്ന് താമസിക്കാനാ നിന്റെ ഉദ്ദേശം.....??? " " ഞാൻ അമ്മ ജനിച്ചുവളർന്ന ഓർഫണേജിലേ മദറിനെ വിളിച്ചിരുന്നു. അവിടുത്തെ സ്കൂളിലേക്ക് ഒരു ടീച്ചറിനെ വേണം. ഞാനവിടെ ജോയിൻ ചെയ്യാൻ തീരുമാനിച്ചു. അങ്ങനെയാണെങ്കിൽ അവരുടെ തന്നെ ഹോസ്റ്റലിൽ എനിക്ക് താമസിക്കുകയും ചെയ്യാം. " " പക്ഷേ നാൻസി..... " സണ്ണിയെന്തോ പറയാൻ വന്നെങ്കിലും അവളവനെ തടഞ്ഞു. " എന്നോട് മുടക്കം പറയരുത് സണ്ണിച്ചാ.....

എനിക്ക് പോണം. ഇത് ഞാൻ തീരുമാനിച്ച് കഴിഞ്ഞതാ. ഒരുപാട് ആലോചിച്ചു. ഒടുവിൽ ഇതാണ് ശെരിയെന്ന് എനിക്ക് മനസിലായി. ഇന്നലെ മമ്മിയും പിന്നെ നാട്ടുകാരുമൊക്കെ പറയും പോലെ എന്റെ ആരുമില്ലാത്ത ഒരു വീട്ടിൽ ഇനിയുമൊരു അഭയാർഥിയെപ്പോലെ കള്ളങ്ങൾക്ക് മേൽ കള്ളം പറഞ്ഞ് ജീവിക്കാൻ എനിക്ക് പറ്റില്ല. ഞാനിവിടുന്നു പോണത് തന്നെയാണ് നല്ലത്. അതാ എല്ലാവർക്കും നല്ലത്. " " പക്ഷേ ഇവിടെന്ത് പറഞ്ഞിട്ട് പോകും.....??? സത്യം പറഞ്ഞാൽ ..... " അവൻ പറയാൻ വന്നത് പാതിയിൽ നിർത്തി അവളെ നോക്കി. " വേണ്ട സണ്ണിച്ചാ..... സത്യം പറയുവൊന്നും വേണ്ട. ഇന്നലെ പറഞ്ഞ ആ നുണയുടെ കൂട്ട് പിടിച്ചുതന്നെ ഇവിടുന്ന് ഇറങ്ങിക്കോളാം ഞാൻ.... സണ്ണിച്ചനെന്നെ കെട്ടാൻ തന്നെയാണെന്നല്ലേ മമ്മിടേം സോണിയേടേം വിചാരം. അവരുടെ ആ വിചാരം തിരുത്താൻ നിൽക്കണ്ട.

കെട്ടടുപ്പിച്ച് ചെക്കനും പെണ്ണും ഒരുമിച്ച് താമസിക്കുന്നത് നാട്ടുനടപ്പല്ലല്ലോ അതുകൊണ്ട് കെട്ട് കഴിയും വരെ ഞാൻ വയനാട്ടിലുള്ള എന്റെ ഏതെങ്കിലും ബന്ധുക്കളുടെ വീട്ടിലോട്ട് മാറുവാണെന്ന് എല്ലാരോടും പറഞ്ഞാൽ മതി. പിന്നെ കുറച്ചുകഴിയുമ്പോ എല്ലാരോടും എല്ലാം പറഞ്ഞാൽ മതി. പതിയെ അവരും നമ്മളും എല്ലാം മറക്കും.... " തന്റെ മുഖത്തേക്ക് നോക്കാതെ നിന്ന് ഉറച്ചസ്വരത്തിൽ പറഞ്ഞവളെ തന്നെ നോക്കി നിൽക്കുമ്പോൾ സണ്ണിയുടെ നെഞ്ചിലെവിടെയൊ ഒരു ഭാരം വന്നുകയറുന്നതവനറിഞ്ഞു. അവൾ പോകുവാണെന്ന് അംഗീകരിക്കാൻ മനസ് സമ്മതിക്കാത്തത് പോലവന് തോന്നി. പക്ഷേ അവൾ പറഞ്ഞത് പോലെ പരസ്പരം ഒരു ബന്ധവുമില്ലാത്ത നിലയ്ക്ക് എന്തുപറഞ്ഞവളെ തടയുമെന്നും അവനറിയുമായിരുന്നില്ല. " ഞാനാരോടും ഒന്നും പറഞ്ഞില്ല. സണ്ണിച്ചനോട്‌ തന്നെ ആദ്യം പറയാമെന്നു കരുതി.

ഇനി മമ്മിയോടും സോണിയോടും എല്ലാം പറയണം. അവർക്ക് സംശയമൊന്നും തോന്നാത്തവിധം കൂടെ നിന്നേക്കണം കേട്ടോ....." ഒരു മന്ദഹാസത്തോടെ പറഞ്ഞിട്ട് അവൾ താഴേക്ക് പോയി. വീണ്ടും കൂപ്പിലേക്ക് പോകാൻ വന്ന സണ്ണി അതൊക്കെ മറന്നൊരു തളർച്ചയോടെ തന്റെ മുറിയിലേക്ക് പോയി. നാലുമണിക്ക് ചായ കുടിക്കുന്ന നേരത്തായിരുന്നു റേച്ചലിനോടും സോണിയയോടും പറയാൻ വച്ചിരുന്ന കള്ളക്കഥയവതരിപ്പിക്കാൻ നാൻസിക്കൊരവസരം കിട്ടിയത്. ആ അവസരം മുതലെടുക്കാനുറച്ച് അവളും അവർക്കൊപ്പം ഉമ്മറത്തേക്ക് വന്നിരുന്നു. " മമ്മി..... എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. " പതിവില്ലാത്ത അവളുടെ മുഖവുര കേട്ട് റേച്ചലും സോണിയയും അവളുടെ മുഖത്തേക്ക് തന്നെ നോക്കി. " വയനാട്ടിൽ എനിക്കൊരു ആന്റി കൂടിയുണ്ട്. ഇന്നലെ രാത്രി ഞാൻ ആന്റിയെ വിളിച്ച് സണ്ണിച്ചൻ പറഞ്ഞ കാര്യമൊക്കെ പറഞ്ഞിരുന്നു. "

" ആഹാ എന്നിട്ട് ആന്റിക്ക് സന്തോമായോ.... കല്യാണത്തിന് അവരോടും വരാൻ പറയണം. " റേച്ചൽ ചിരിയോടെ പറഞ്ഞു. " സന്തോഷമൊക്കെയായി. സണ്ണിച്ചനേം നേരത്തെ അറിയാവുന്നതുകൊണ്ട് ആന്റിക്ക് വിഷമമൊന്നുമില്ല. പക്ഷേ ആന്റി വേറൊരു കാര്യം പറഞ്ഞു..... " " അതെന്താ.... ??? " സോണിയ സംശയഭാവത്തിൽ ചോദിച്ചു. " അല്ല ഡാഡിയും മമ്മിയുമൊന്നും ഇല്ലെന്ന് കരുതി ഒരനാഥപ്പെണ്ണിനെപ്പോലെ ഞാൻ സണ്ണിച്ചന്റെ വധുവാകേണ്ട കാര്യമില്ല. ആന്റിയും അങ്കിളും ഉണ്ടാകും എന്നേ പള്ളിയിലേക്ക് ഇറക്കാൻ എന്ന്. പിന്നെ കെട്ടിന് മുന്നേ ഇങ്ങനെ ചെക്കന്റെ വീട്ടിൽ നിക്കാതെ നാളെത്തന്നെ അങ്ങോട്ട് ചെല്ലാനും പറഞ്ഞു. പള്ളിയും പട്ടക്കാരുമറിഞ്ഞു കെട്ട് കഴിഞ്ഞിട്ട് നാട്ടുനടപ്പ് പോലെ ഇവിടെ വന്നു കയറിയാൽ മതിയെന്നാ അങ്കിളിന്റെയും അഭിപ്രായം.... മാത്രമല്ല ഇങ്ങനെയൊക്കെ ഉണ്ടായപ്പോൾ അവരെയൊന്നും അറിയിക്കാതെ ഞാൻ സണ്ണിച്ചനൊപ്പം ഇങ്ങോട്ട് പോന്നതിന് ഒരുപാട് കുറ്റപ്പെടുത്തുകയും ചെയ്തു.... " പൊടുന്നനെ റേച്ചലിന്റെയും സോണിയയുടെയും മുഖം മങ്ങി.

അവർ ആശങ്കയോടെ പരസ്പരം നോക്കി. " അന്നേരമിപ്പോ എന്നാ വേണമെന്ന മോള് പറയുന്നേ....??? '' " ഞാൻ പോകാം മമ്മി.... ഇല്ലെങ്കിൽ ആകെയുള്ള ആ ബന്ധവും മുറിയും. മാത്രമല്ല നാട്ടുനടപ്പിനെക്കുറിച്ച് അവര് പറഞ്ഞതും നേരല്ലേ..... ഞാനിപ്പോ പോയാൽ ഈ നാട്ടുകാരിങ്ങനെ അതുമിതും പറയുന്നതും നിർത്തുമല്ലോ. സണ്ണിച്ചനോട്‌ പറഞ്ഞപ്പോ എതിർപ്പൊന്നും പറഞ്ഞില്ല.. എന്നേ കൊണ്ടുപോകാൻ അങ്കിൾ വരണ്ട നാളെ തന്നെ കൊണ്ടാക്കാമെന്നും പറഞ്ഞു..... " " എന്തായാലും ഇത്രയൊക്കെയായി ഇനി പോണോ ചേച്ചി.... എത്രേം പെട്ടന്ന് കല്യാണമങ്ങ് നടത്തിയാൽ പോരെ....??? " സോണിയ ചോദിച്ചു. " എത്ര പെട്ടന്നെന്ന് പറഞ്ഞാലും ഇവിടുത്തെ അപ്പച്ചൻ മരിച്ചിട്ട് ഒരാണ്ട് പോലും കഴിയാതെ കല്യാണം നടത്താൻ പറ്റുമോ മോളേ.... അതുവരെ ഞാനിങ്ങനെ ഇവിടെ നിൽക്കുന്നതിലും ഭേദമല്ലേ മോളേ അവര് പറയുന്നത് കേൾക്കുന്നത്. ഞാൻ വേറെങ്ങോട്ടുമല്ലല്ലോ പോണത് എന്റെ വീട്ടിലേക്കല്ലേ.....

കല്യാണം കഴിഞ്ഞാൽ തിരിച്ചിവിടേക്ക് വരികേം ചെയ്യില്ലേ.... " നാൻസിയവളെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. " എന്നാലും ചേച്ചി..... " " സോണി..... " പെട്ടന്ന് സണ്ണിയുടെ ഒച്ച കേട്ടതും എന്തോ പറയാൻ വന്ന സോണിയ തിരിഞ്ഞുനോക്കി. അവർ പറഞ്ഞതെല്ലാം കേട്ടുകൊണ്ട് സണ്ണി പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു അപ്പോൾ. " കല്യാണം കഴിയും മുൻപ് നാൻസിയുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കാൻ നമുക്ക് പരിമിതികളുണ്ട്. അത് മാത്രമല്ല കല്യാണത്തിന് മുൻപ് ഇവിടിങ്ങനെ നിൽക്കുന്നതിൽ അവൾക്കും വിഷമമുണ്ട്. അതുകൊണ്ട് നാൻസി തിരിച്ചു പോട്ടെ.... പിന്നെല്ലാം നാട്ടുനടപ്പനുസരിച്ച് നടത്തി നമുക്കവളെ ഇങ്ങോട്ട് തന്നെ കൊണ്ടുവരാമല്ലോ..... ".....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story