വെപ്പാട്ടി: ഭാഗം 19

രചന: അഭിരാമി ആമി
" നിന്റമ്മ നിന്റപ്പന്റെ കയ്യും പിടിച്ച് ഈ പടിയിറങ്ങുമ്പോൾ ഞാനൊത്തിരി സന്തോഷിച്ചു. പക്ഷേ ഇങ്ങനെ ഒരവസ്ഥയിൽ അവളുടെ സ്ഥാനത്ത് നിന്നെയും ഞാൻ സ്വീകരിക്കേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല കുഞ്ഞേ.... " നാൻസിയെ ചേർത്ത് പിടിച്ച് വിതുമ്പിക്കൊണ്ട് സിസ്റ്റർ ജോസഫൈൻ പറഞ്ഞു. നെഞ്ചുരുക്കുന്ന നൊമ്പരമുള്ളിൽ പേറിയിരുന്നത് കൊണ്ടൊ എന്തോ നാൻസി പക്ഷേ മറുപടിയൊന്നും പറയാതെ അവരുടെ നെഞ്ചോടൊട്ടി നിന്നതേയുള്ളു. " ഇവിടെല്ലാരും ഉറങ്ങി.... നിങ്ങളെത്തുമെന്ന് പറഞ്ഞിരുന്നത് കൊണ്ട് എനിക്കുറക്കം വന്നില്ല.... അതുകൊണ്ട് ഇവിടത്തന്നങ്ങിരുന്നു. " സിസ്റ്റർ സണ്ണിയെ നോക്കി പറഞ്ഞു. അവൻ പതിയെ ഒന്ന് പുഞ്ചിരിച്ചു. " ഞാൻ സണ്ണി.... നാൻസി ഇതുവരെ എന്റെ വീട്ടിലായിരുന്നു. " " മ്മ്ഹ് മോള് പറഞ്ഞറിയാം.... എന്റെ പേര് സിസ്റ്റർ ജോസഫൈൻ.... സണ്ണിക്കിനി ഈ രാത്രി പോകാൻ സാധിക്കില്ലല്ലോ. വിരോധമില്ലെങ്കിൽ ഇവിടെ സെക്യൂരിറ്റി റൂമിൽ തങ്ങാം.... "
" അയ്യോ വേണ്ട സിസ്റ്റർ..... എനിക്കിവിടെ എസ്റ്റേറ്റ് ഉണ്ട്. ഞാൻ ഇന്നവിടെ തങ്ങിക്കോളാം. " " എന്നാൽ അങ്ങനെയാവട്ടെ.... ഞാൻ ഹോളിലുണ്ടാകും. മോള് സണ്ണിയെ യാത്രയാക്കിട്ട് വാ.... " അവർക്കെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെന്ന് കരുതി അകത്തേക്ക് പോകാൻ തുടങ്ങുമ്പോൾ സിസ്റ്റർ പറഞ്ഞു. നാൻസി സമ്മതഭാവത്തിൽ മൂളിയതും അവരകത്തേക്ക് പോയി. " ഞാൻ.... ഞാനെന്നാ പൊക്കോട്ടെ.....??? " നാൻസിയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് സണ്ണി ചോദിച്ചു. " മ്മ്ഹ്.... നാളെത്തന്നെ കട്ടപ്പനയ്ക്ക് മടങ്ങില്ലേ.....??? " " മ്മ്ഹ്..... അപ്പനില്ലാത്ത ഇപ്പോഴത്തെ അവസ്ഥയിൽ ഞാനവിടുണ്ടെങ്കിലേ പറ്റൂ...... " " മ്മ്ഹ്.... " എന്തൊക്കെയൊ പരസ്പരം പറയാനുണ്ടായിരുന്നുവെങ്കിലും വാക്കുകൾക്ക് പഞ്ഞം തോന്നിയിട്ടോ എന്തോ ഒന്നും പറയാൻ കഴിയാതെ അവരങ്ങനെ നിന്നു. അപ്പോഴെല്ലാം ഇവിടെ നിക്കുന്നില്ല തിരിച്ചു വരുവാന്ന് അവൾ പറയുമെന്ന് സണ്ണിയും , ഒപ്പം വന്നേ പറ്റുവെന്ന് വാശിയോടെ അവൻ പറയുമെന്ന് നാൻസിയും വെറുതേ കൊതിച്ചുകൊണ്ടേയിരുന്നു. പക്ഷേ സമയമിഴഞ്ഞു നീങ്ങിയതല്ലാതെ പരസ്പരമുള്ള ആഗ്രഹങ്ങളൊന്നും പൂവണിഞ്ഞതേയില്ല. " ഇനി നിന്നാൽ നാളെ വെളുപ്പിന് തിരിക്കാൻ പറ്റില്ല.....
തന്നേ നോക്കി നിന്ന് മദറിന്റെ ഉറക്കവും പോകും.... അതുകൊണ്ട് ചെല്ല്.... " വണ്ടിയിൽ നിന്നും അവളുടെ ബാഗ് എടുത്ത് കയ്യിലേക്ക് കൊണ്ടുവന്നവൾക്ക് കൊടുത്തിട്ട് സണ്ണി പറഞ്ഞു. അപ്പോഴും നാൻസിയൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. " ശെരിയെന്നാൽ..... മദറിനോട് പറഞ്ഞേക്ക്...." അവൻ യാത്ര പറഞ്ഞ് തിരികെ നടക്കാൻ തുടങ്ങിയതും നാൻസിക്ക് നെഞ്ചുപൊട്ടും പോലെ തോന്നി. ഓടിച്ചെന്നവനെ വട്ടം കെട്ടിപ്പിടിച്ച് എന്നേ ഉപേക്ഷിച്ചു പോകല്ലേ സണ്ണിച്ചാന്നലറി കരയാൻ തോന്നി. പക്ഷേ അവന്റെ തിരസ്കരണത്തെ ഭയന്ന് നിന്നിടത്ത് നിന്നുമൊന്നനങ്ങാൻ പോലും അവൾ ഭയന്നു. " സണ്ണിച്ചാ..... " പൊടുന്നനെ പിന്നിൽ നിന്നുണ്ടായ അവളുടെ വിളി കേട്ടതും വല്ലാത്തൊരു പ്രതീക്ഷയോടെ അവൻ തിരിഞ്ഞു നോക്കി. " എന്നെങ്കിലും മമ്മിയോടും സോണിയോടും പറഞ്ഞേക്കണം , ഞാൻ മനഃപൂർവം പറ്റിച്ചിട്ട് പോന്നതല്ലെന്ന്.... എനിക്ക്.... എനിക്ക് വേറെ വഴിയൊന്നുമില്ലായിരുന്നെന്ന്. " തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് കുതിക്കാൻ വെമ്പി നിന്ന തേങ്ങലിനെ അടക്കിപ്പിടിച്ച് പറഞ്ഞവളെ നോക്കിയൊന്ന് പുഞ്ചിരിക്കാനല്ലാതെ ഒന്നിനും സണ്ണിയ്ക്കും കഴിയുന്നുണ്ടായിരുന്നില്ല.
ഒരിക്കൽ കൂടി മൗനമായവളോട് യാത്ര പറഞ്ഞ് അവൻ വണ്ടിയിലേക്ക് കയറി പുറത്തേക്ക് പായിച്ചു. " സണ്ണിച്ചാ..... " അവൻ ദൂരെ മറഞ്ഞതും നാൻസി പൊട്ടികരഞ്ഞതും ഒപ്പമായിരുന്നു. കയ്യിലിരുന്ന ബാഗ് നിലത്തേക്കെറിഞ്ഞ് പൊട്ടിത്തെറിക്കാൻ വെമ്പി നിന്ന ഹൃദയത്തെ അമർത്തിപ്പിടിച്ചുകൊണ്ട് അവൾ തേങ്ങിക്കരഞ്ഞു. " കരയല്ലേ മോളേ..... കർത്താവ് വിധിച്ചത് ഇങ്ങനെയാകും.... " പുറത്തേക്ക് വന്ന സിസ്റ്റർ അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. " പോയി മദർ.... എന്നേ വിട്ടിട്ട് പോയി.... എനിക്ക്..... എനിക്ക് സണ്ണിച്ചനില്ലാതെ വയ്യ മദർ.... " അവളവരുടെ നെഞ്ചിൽ അള്ളിപ്പിടിച്ചു. അവനെച്ചൊല്ലി ഇത്രയും നൊമ്പരം ഉള്ളിലടയ്ക്കിപ്പിടിച്ച് ഈ പെൺകുട്ടി ഇത്രനേരമെങ്ങനെ പിടിച്ചുനിന്നുവെന്നോർത്തിട്ട് സിസ്റ്റർക്ക് വല്ലാത്ത അത്ഭുതം തോന്നി. " കരയല്ലേ കുഞ്ഞേ.... വാ... അകത്തേക്ക് വാ..... " സിസ്റ്ററവളെ ചേർത്ത് പിടിച്ചകത്തേക്ക് കൊണ്ടുപോയി. അവരുടെ മുറിയോട് ചേർന്ന് തന്നെയുള്ളൊരു ചെറിയ മുറിയായിരുന്നു നാൻസിയ്ക്ക് വേണ്ടിയൊരുക്കിയിരുന്നത്.
കിടക്കയും ഒരു ചെറിയ മേശയും കസേരയും മാത്രമുണ്ടായിരുന്ന മുറിയുടെ ഒരു മൂലയിലെ ചെറിയ ഷെൽഫ് പോലെയുള്ള ഭാഗത്ത് മാതാവിന്റെ പ്രതിമയും അതിന് മുന്നിലൊരു മെഴുകുതിരിയും ഒരുക്കിയിരുന്നു. " മോള് കിടന്നോ..... എന്റെ കുഞ്ഞിന്റെ മനസിനെ ബലപ്പെടുത്തണമേയെന്ന് മദറ് കർത്താവിനോടപേക്ഷിച്ചോളാം.... കിടന്നോ..... " ഇപ്പൊ അവൾക്ക് കുറെ സാന്ത്വനവാക്കുകളെക്കാളുപരി വേണ്ടത് കുറച്ച് ഏകാന്തതയാണെന്ന് തോന്നിയ മദറവളെ കിടക്കയിലേക്ക് കിടത്തി നെറ്റിയിൽ തലോടി ആശ്വസിപ്പിച്ചിട്ട് പുറത്തേക്ക് പോയി. എസ്റ്റേറ്റിലേക്ക് പോയ സണ്ണിയുടെ അവസ്ഥയും പരിതാപകരം തന്നെയായിരുന്നു അപ്പോൾ. പ്രീയപ്പെട്ട എന്തോ ഒന്നിനെ എവിടെയോ ഉപേക്ഷിച്ചു പോന്നത് പോലെയൊരു വേദന അവന്റെ ഹൃദയത്തേയും അള്ളിപ്പിടിച്ചിരുന്നു.
ഉറങ്ങാനുള്ള ശ്രമം പരാജയപ്പെട്ട് വരാന്തയിൽ ഇരിക്കുമ്പോഴൊരു വേള ഇപ്പൊ തന്നെ ചെന്നവളെ കൂട്ടിക്കൊണ്ട് വന്നാലോ എന്ന് പോലും അവന് തോന്നിപ്പോയി. സത്യം പറഞ്ഞാൽ അവൾ തനിക്കിത്രമാത്രം പ്രീയപ്പെട്ടവളായിരുന്നുവെന്ന് അവനറിഞ്ഞത് പോലും ആ നിമിഷങ്ങളിലായിരുന്നു. പലതും പറഞ്ഞ് നാൻസിയെ ഒഴുവാക്കിയപ്പോഴൊക്കെ ഒരുമിച്ചുള്ള ദിനങ്ങളവസാനിപ്പിച്ച് അവൾ തിരികെ പോയി കഴിഞ്ഞാൽ താനും അവളിൽ നിന്നും മുക്തനാകുമെന്നത് തന്നിലെ വെറും മൂഢധാരണ മാത്രമായിരുന്നുവെന്ന് സണ്ണി വേദനയോടെയോർത്തു. ഇപ്പൊ അവൾ കൂടെയില്ലാത്ത വേദനയിൽ കാറ്റത്തെ കരിയില പോലെ പാറി നടക്കുന്ന മനസിനെ എന്ത് പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ ഉള്ളിലെ അഗ്നിയുടെ അഴല് പേറി ഇരിപ്പുറയ്ക്കാതെ നടക്കുമ്പോൾ
അവന്റെയുള്ളിലെ നാൻസിയെന്ന മുറിവിൽ നിന്നും നിണമൊഴുകിക്കൊണ്ടേയിരുന്നു. പിറ്റേദിവസം മദർ മുറിയിലേക്ക് വരുമ്പോഴും നാൻസിയൊരുപോള കണ്ണടയ്ക്കാതെ ചുവരിൽ ചാരിയിരിപ്പുണ്ടായിരുന്നു. തലേരാത്രി അവളൊഴുക്കിത്തീർത്ത കണ്ണീരിന്റെ പാടുകൾ അപ്പോഴും ആ കവിൾത്തടങ്ങളിൽ പറ്റിപ്പിടിച്ചിരുന്നു. " മോളേ..... നീയിതുവരെ കിടന്നില്ലേ.... ഇത്ര ദൂരം യാത്ര ചെയ്ത് വന്നിട്ട് അല്പമൊന്നുറങ്ങുക പോലും ചെയ്യാതെ ഇങ്ങനിരുന്നു കരഞ്ഞാൽ നീ തളർന്നു വീഴും കുഞ്ഞേ...." അവളുടെ അവസ്ഥ കണ്ട് വേദനയോടെ മദർ പറഞ്ഞു. പക്ഷേ അവളപ്പോഴും കണ്ണുനിറച്ചവരെയൊന്ന് നോക്കുക മാത്രമായിരുന്നു ചെയ്തത്.....കാത്തിരിക്കൂ.........
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.