വെപ്പാട്ടി: ഭാഗം 2

veppatti

രചന: അഭിരാമി ആമി

ചിന്തകളുടെ ഭാരമേറിയപ്പോൾ നാൻസി സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു. അധികം വൈകാതെ തന്നെ ഉറങ്ങിപോവുകയും ചെയ്തു. സണ്ണിയപ്പോഴും രാവേറെ ചെല്ലും മുന്നേ ചുരമിറങ്ങാനുള്ള വെപ്രാളത്തിൽ തന്നെയായിരുന്നു. കോടമഞ്ഞും ഇരുളും വഴിമുടക്കും തരത്തിലായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെ ആ ജീപ്പ് ഇടിഞ്ഞുപൊളിഞ്ഞ കുത്തനെയുള്ള ഇറക്കത്തിലൂടെ പാഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ സണ്ണി തട്ടി വിളിച്ചത് കേട്ട് നാൻസി ഉറക്കം വിട്ടുണരുമ്പോൾ വണ്ടിയൊരു വഴിയോര തട്ടുകടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. അവൻ ബോണറ്റിൽ ചാരി നിന്ന് ചൂട് ചായ കുടിക്കുന്നുണ്ടായിരുന്നു. നാൻസി പെട്ടന്ന് പുതച്ചിരുന്ന ടവ്വൽ കൊണ്ട് മുഖമൊക്കെയൊന്ന് തുടച്ചു. " സാർ.... ടീ..... " കടക്കാരൻ വിളിച്ചുപറഞ്ഞത് കേട്ടുകൊണ്ട് സണ്ണി അങ്ങോട്ട് ചെന്ന് അതെടുത്തുകൊണ്ട് വന്ന് നാൻസിക്ക് നീട്ടി. " ഇത്രേം നേരം കിടന്നുറങ്ങിയതല്ലേ ഇന്നാ കുടി..... കഴിക്കാൻ വല്ലതും വേണോ....??? " " വേണ്ട..... "

പതിയെ പറഞ്ഞിട്ട് അവൾ ചായ ചുണ്ടോട് ചേർത്തു. ഒപ്പം തന്നെ തണുത്തു മരവിച്ചിരുന്ന കൈകൾ ചൂട് പിടിപ്പിക്കാൻ ആ ഗ്ലാസ്‌ കയ്യിലിട്ടുരുട്ടുകയും ചെയ്തു. മഞ്ഞും തണുപ്പുമെല്ലാം കൊണ്ട് ആകെ വിറങ്ങലിച്ചിരിക്കുമ്പോൾ ആ ചായ ഉള്ളിലേക്ക് ചെന്നപ്പോഴത്തെ സുഖത്തിൽ നാൻസി കണ്ണുകളടച്ചിരുന്നു. " സാർ പാർസൽ എതാവത് വേണമാ.....??? " സണ്ണി ചായയുടെ പൈസ കൊടുക്കുമ്പോൾ കടക്കാരൻ ചോദിച്ചു. " വേണ്ട..... " മറുപടി ഒറ്റവാക്കിലൊതുക്കി സണ്ണി വണ്ടിയിലേക്ക് കയറി സ്റ്റാർട്ട്‌ ചെയ്തു. " സണ്ണിച്ചാ.... " കുറച്ചുകൂടി മുന്നോട്ട് നീങ്ങിയ ശേഷം നാൻസി പതിയെ വിളിച്ചു. " എന്താ.....??? " " എത്താറായോ......??? " " ഇല്ല..... എത്തുമ്പോഴേക്കും നേരം വെളുക്കും. നീ കിടന്നോ....നീയെന്നാത്തിനാ ഉറക്കം കളയുന്നെ..... " വണ്ടിയുടെ ഹെഡ് ലൈറ്റിൽ നിന്നുമുള്ള പ്രകാശം ചാലുകീറിയ പാത നോക്കി വണ്ടി മുന്നോട്ട് പായ്ക്കുന്നതിനിടയിൽ അവൻ അലക്ഷ്യമായി പറഞ്ഞു. നാൻസിക്ക് പക്ഷേ പിന്നീട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവൾ വെറുതെ മുന്നോട്ട് നോക്കിയിരുന്നു.

കട്ടപ്പന ടൗണിലെത്തിയെന്ന് സണ്ണി പറഞ്ഞപ്പോൾ ഇനി നേരെ പോകുന്നത് അവന്റെ വീട്ടിലേക്കായിരിക്കുമെന്ന് നാൻസി പ്രതീക്ഷിച്ചെങ്കിലും അവൻ നേരെ പോയത് പള്ളിയിലേക്കായിരുന്നു. " ഓ എത്തിയോ പുന്നാര മോൻ..... ഔതക്കുട്ടിയെ കുഴീല് വെക്കും മുന്നെങ്കിലും എത്തിയത് ഭാഗ്യം..... " പള്ളിമുറ്റത്ത് വണ്ടി നിർത്തി ഇറങ്ങുമ്പോൾ തന്നെ അവിടെ കൂടി നിന്നവരിൽ നിന്നുമാരോ പിറുപിറുത്തു. " വാ..... " ഇറങ്ങാൻ മടിച്ചിരിക്കുമ്പോൾ ഡോറിന്റെ വശത്ത് വന്നുനിന്ന് അത് തുറന്നുപിടിച്ചുകൊണ്ട് അവൻ വിളിച്ചു. അത് വേണോ എന്ന അർഥത്തിൽ ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ കയ്യിൽ പിടി വീണിരുന്നു. " ആഹ് കൊള്ളാം അപ്പന്റെ ശവമടക്കിന് മോൻ വന്നത് പീസിനേം കൊണ്ടാ..... " സണ്ണിയുടെ കൈപിടിച്ച് പുറത്തേക്കിറങ്ങിയതും ആരുടെയോ വഷള ചിരി കാതിൽ മുഴങ്ങിയപ്പോൾ ദേഹത്ത് മുള്ളുകൊള്ളും പോലെ തോന്നി നാൻസിക്ക് . പക്ഷേ ഒപ്പമുള്ളവന്റെ ബലത്തിൽ ആരെയും നോക്കാതെ മുന്നോട്ട് നടന്നു.

സെമിത്തേരിയിൽ കൂടി നിന്നിരുന്ന ആളുകൾക്കിടയിലൂടെ അവന്റെ കയ്യും പിടിച്ച് തല താഴ്ത്തി മുന്നോട്ട് നടക്കുമ്പോൾ എല്ലാ കണ്ണുകളും തറഞ്ഞു നിന്നിരുന്നത് തന്നിലാണെന്ന് അവളറിഞ്ഞിരുന്നു. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു. കുഴിക്കരയിൽ ചെല്ലുമ്പോൾ ചടങ്ങുകളെല്ലാം പൂർത്തിയാക്കി ഇരുവശത്തും നിന്ന് കയറിൽ വച്ച ശവപ്പെട്ടി ഉള്ളിലേക്ക് ഇറക്കി തുടങ്ങിയിരുന്നു. കുഴിക്കരികിലേക്ക് ചെന്ന് മൂടിയിരുന്ന ശവപ്പെട്ടിയിലേക്ക് വെറുതെ നോക്കി നിൽക്കുന്ന സണ്ണിയെ നോക്കി ആളുകളെന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴൊക്കെ നാൻസിയുടെ കണ്ണുകൾ സാരിത്തലപ്പ് തലയിലൂടിട്ട് വിങ്ങിപ്പൊട്ടി കരയുന്ന മധ്യവയസ്കയായൊരു സ്ത്രീയിലായിരുന്നു. അത് സണ്ണിയുടെ അമ്മയാകുമെന്ന് അവളോർത്തു. പൊടുന്നനെ തന്റെ കയ്യിൽ നിന്നും അവൻ പിടുത്തം വിട്ടതറിഞ്ഞ് അവൾ അവനിലേക്ക് നോക്കി. അവനപ്പോൾ അവസാനമായി അപ്പന് വേണ്ടി ഒരുപിടി മണ്ണിടാനുള്ള ഒരുക്കത്തിലായിരുന്നു. ഇളകിക്കിടന്ന പച്ച മണ്ണിൽ നിന്നും ഒരുപിടി വാരി മൂന്ന് പ്രാവശ്യമായി അവനത് കുഴിയിലേക്ക് ഇട്ടു.

പിന്നെ കയ്യൊന്ന് തട്ടിയിട്ട് തിരികെ നടന്നു. " വാ പോകാം..... " വിളി കേട്ടതും നാൻസി ഒന്നും മനസിലാകാതെ അവന്റെ പിന്നാലെ ചെന്നു. " ആ കണ്ടാമൃഗം ഔതക്കുട്ടീടെ വിത്ത് തന്നിത്..... അതിലൊരു സംശയവും വേണ്ട. " കയ്യിലിരുന്ന കയറിന്റെ അറ്റം കുഴിയിലേക്ക് തന്നെ ഇട്ടുകൊണ്ട് ഓനാച്ചൻ പറഞ്ഞു. " നിന്ന് പരദൂഷണം വിളമ്പാതെ കുഴി മൂടെടാ..... " തിരുവസ്ത്രമഴിക്കുന്നതിനിടയിൽ പറഞ്ഞിട്ട് വികാരിയച്ചൻ സണ്ണിയുടെ പിന്നാലെ വേഗത്തിൽ നടന്നു. " ഡാ സണ്ണി..... " " ഓ അച്ചനെന്റെ പിന്നാലെയിങ്ങോടിയോ ഇനി ഞാൻ ചെന്നവിടുത്തെ കർമം ചെയ്യണോ....?? " സണ്ണി മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെ ചോദിക്കുന്നത് കേട്ട് നാൻസി വെമ്പി നിന്നു. പക്ഷേ അച്ചന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. ഇതിൽ വലുതാ പ്രതീക്ഷിച്ചതെന്നൊരു മട്ടായിരുന്നു അവിടെ. " അവിടുത്തെ പരിപാടി എല്ലാം കഴിഞ്ഞെടാ.... അല്ല നീയെന്നാ പണിയാ കാണിച്ചത്...??? " " ഞാനെന്നാ കാണിച്ചു....??? " അവൻ മുഖം ചുളിച്ച് ചോദിച്ചു.

" അതുകൊള്ളാം..... സ്വന്തം അപ്പൻ മരിച്ചിട്ട്‌ ഇപ്പഴാണോടാ നിനക്ക് വരാൻ നേരം കിട്ടിയത്. ഇങ്ങനൊരു വരവ് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. " " മ്മ്ഹ്....??? എന്റെ വരവിനെന്നാ ഒരു കുഴപ്പം....??? " " ഏയ് ഒന്നുല്ല..... അപ്പന്റെ മരിപ്പിന് നേരെ കുഴിക്കരേലോട്ട് വരുന്ന മകൻ.... അത് നിന്റെ മിടുക്കായിപ്പോയി. " " അച്ചനറിയാലോ എല്ലാം..... എന്നിട്ടിപ്പോ അപ്പനങ്ങ് പോയ്‌ കഴിഞ്ഞപ്പോ വന്ന് നാട്ടുകാരുടെ മുന്നിൽ കോമാളി വേഷം കെട്ടാൻ എനിക്ക് വയ്യാരുന്നു.... " അവനത് പറഞ്ഞപ്പോ അച്ചനൊന്ന് തണുത്തത് പോലെ തോന്നി. ഒപ്പം തന്നെ ആ കണ്ണുകൾ തന്നിലേക്ക് നീളുന്നതും പിന്നെ സണ്ണിയിൽ തറഞ്ഞു നിൽക്കുന്നതും നാൻസിയറിഞ്ഞു. " ഇതേതാഡാ ഈ കൊച്ച്....??? " ചോദ്യം സണ്ണിയോടായിരുന്നുവെങ്കിലും നാൻസിയൊന്ന് ചൂളിപോയിരുന്നു. എങ്കിലും അവന്റെ മറുപടിയറിയാനുള്ള ആകാംഷ കൊണ്ട് അവളവനെ ഒളികണ്ണിട്ട് നോക്കി. " ആഹ് ഇതങ്ങ് ഹൈറേഞ്ചിന്റെ മുതലാ..... കുറച്ചു നാളായി എന്റെ കൂടുണ്ട്. ഇങ്ങോട്ട് പോന്നപ്പോ ഒറ്റക്കിട്ടിട്ട് വരാൻ തോന്നിയില്ല. അതാ ഒപ്പം കൂട്ടിയത്. "

അവൻ നിസാരമായി പറഞ്ഞു. അച്ചൻ വീണ്ടും നാൻസിയെ ഒന്ന് നോക്കി. ആ മുഖത്തെന്തോ ഒരു ഇഷ്ടക്കേട് പതിയിരിക്കുന്നില്ലേ എന്ന ചിന്തയിൽ അവൾ മുഖം കുനിച്ചുകളഞ്ഞു. ഒപ്പം തന്നെ അവൻ പറഞ്ഞ വാക്കുകൾ ഓർക്കവേ നെഞ്ചിലെവിടെയൊ ഒരു സൂചി മുന പോറൽ വീഴ്ത്തുന്ന നൊമ്പരമരിച്ചിറങ്ങുന്നതുമവളറിഞ്ഞു. " സണ്ണിച്ചന്റെയാ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ധ്വനിയെന്താകും....??? ഇനിയതെന്ത് തന്നെയായാലും കേൾക്കുന്നവർ അതിനെയെങ്ങനെ മനസിലാക്കും....??? അവിടുത്തെ ഗസ്റ്റ്‌ ഹൗസിൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്ചയോളമാകുന്നു. ഇന്നുവരെ അരുതാത്ത ഒരു നോട്ടം പോലും തനിക്ക് നേരെ ഉണ്ടായിട്ടില്ല. പക്ഷേ അതൊക്കെ ആരോട് പറഞ്ഞു ബോധിപ്പിക്കാൻ കഴിയും....??? ചുറ്റും നിൽക്കുന്നവർക്ക് ഒരു ബന്ധവുമില്ലാത്ത ഒരുത്തന്റെ കൂടെ താമസിക്കുന്ന , അവൻ വിളിച്ചപ്പോൾ എങ്ങോട്ടെന്ന് പോലുമറിയാതെ ഒപ്പം പുറപ്പെട്ട തന്നെപ്പോലൊരു പെണ്ണിനെക്കുറിച്ച് നല്ലതൊന്നും പറയാനുണ്ടാവില്ല. ഒരുപക്ഷേ പലരുടെയും മനസ്സിൽ താനിക്ക് സണ്ണിച്ചൻ വിലയ്ക്കെടുത്ത ഒരു വിളിപ്പെണ്ണിന്റെ സ്ഥാനമായിരിക്കും ഉണ്ടാവുക. സണ്ണിച്ചനെന്തേ അതൊന്നുമോർക്കുന്നില്ല....??? ജീവൻ രക്ഷിക്കാൻ കാണിച്ച മനസൊന്നും മാനം രക്ഷിക്കാനില്ലെന്നുണ്ടോ....??? " ഓർത്തപ്പോൾ എന്തുകൊണ്ടോ അവളുടെ ഹൃദയം മുറിഞ്ഞ് ചോരയൊഴുകി.

" നീ വരുന്നില്ലേ.....??? " പെട്ടന്ന് ഒരു അശരീരി പോലെ കേട്ട സണ്ണിയുടെ സ്വരമായിരുന്നു അവളെ ചിന്തകളിൽ നിന്നുമുണർത്തിയത്. അവനപ്പോഴേക്കും വണ്ടിക്കരികിൽ എത്തിയിരുന്നു. അച്ചനാണെങ്കിൽ പള്ളിയിലേക്കോ മറ്റോ കയറിപോയിരുന്നു. താനപ്പോഴും നിന്നിരുന്നിടത്ത് തന്നെ ഉറഞ്ഞു നിൽക്കുകയാണെന്ന് ബോധ്യമായതും ചുറ്റുപാടുമൊന്ന് നോക്കി ധൃതിയിൽ അവനരികിലേക്ക് ചെന്നു. അവനൊന്നും മിണ്ടാതെ വണ്ടിയിലേക്ക് കയറിയതും ഒപ്പം കയറിയിരുന്നു. വണ്ടി സ്റ്റാർട്ടായി പതിയെ മുന്നോട്ട് പോകുമ്പോൾ പടിക്കെട്ടിന് മുകളിലായ് ഉണ്ടായിരുന്ന കൂറ്റൻ മാതാവിന്റെ തിരുസ്വരൂപത്തിലേക്ക് നോക്കി അവളൊന്ന് നെടുവീർപ്പിട്ടു. " മാതാവേ ഈ അഭയം താൽക്കാലികമാണെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ..... പക്ഷേ ഞാൻ സണ്ണിച്ചനെ സ്നേഹിക്കുന്നു. ഈ അഭയസ്ഥാനം വിട്ട് എനിക്ക് പോകണ്ട.... എനിക്കൊന്നും നേടുകയും വേണ്ട.... ആ മനസ്സിൽ ഒരിടം നീയെനിക്കായ് തോന്നിപ്പിക്കണേ.... " കരുണ തുളുമ്പുന്ന മാതാവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന് അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു. അപ്പോഴേക്കും വണ്ടി പള്ളിമുറ്റം താണ്ടിയിരുന്നു. ...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story