വെപ്പാട്ടി: ഭാഗം 20

veppatti

രചന: അഭിരാമി ആമി

പിറ്റേദിവസം രാവിലെ തന്നെ സണ്ണി കട്ടപ്പനയ്ക്ക് തിരിച്ചു പോയെങ്കിലും നാൻസി പോലുമറിയാതെ പോകും മുൻപ് അവൻ ഓർഫനേജിലേക്ക് ചെന്ന് സിസ്റ്ററിന്റെ കോൺടാക്ട് നമ്പർ വാങ്ങിക്കൊണ്ട് പോവുകയും ചെയ്തിരുന്നു. ഇടയ്ക്കവളുടെ കാര്യങ്ങളൊക്കെ അറിയാൻ വേണ്ടിയായിരുന്നു അത്. പക്ഷേ ആ കാര്യം നാൻസിയെ അറിയിക്കരുതെന്നും അവൻ മദറിനെ പറഞ്ഞേൽപ്പിച്ചിരുന്നു. തിരികെയുള്ള യാത്രയിൽ സണ്ണി വല്ലാത്ത ഒരവസ്ഥയിലായിരുന്നു. നാൻസിയിനി ഒപ്പമുണ്ടാകില്ല എന്നത് എത്ര ശ്രമിച്ചിട്ടും മനസഗീകരിക്കുന്നേയുണ്ടായിരുന്നില്ല. ഇതുവരെ ഒപ്പമുണ്ടായിരുന്ന പ്രീയപ്പെട്ടതെന്തോ എന്നെന്നേക്കുമായി നഷ്ടപ്പെട്ടത് അവന്റെ ഉള്ള് പിടഞ്ഞു.. കട്ടപ്പനയിലെ വീട്ടിലേക്ക് എത്തി വണ്ടി പോർച്ചിലേക്കിട്ട് അവൻ അകത്തേക്ക് കയറി വന്നതും പതിവില്ലാതെ റേച്ചൽ ഓടിയടുത്തേക്ക് വന്നു. പിന്നാലെ സോണിയും ഉണ്ടായിരുന്നു. " എന്തായി.... അവളുടെ അങ്കിളിനേം ആന്റിയേമൊക്കെ കണ്ട് സംസാരിച്ചോ നീ.... അവരെന്താ പറഞ്ഞത്...??? " അവരുടെ ആകാംഷ കണ്ടപ്പോൾ സണ്ണിക്ക് ജീവിതത്തിലാദ്യമായി ആ സ്ത്രീയോടൊരു സഹതാപം തോന്നി. അവർക്കറിയില്ലല്ലോ നാൻസിയിനി മടങ്ങി വരില്ലെന്ന്.

പക്ഷേ ഇപ്പൊ അത് തുറന്നുപറഞ്ഞാൽ ഉണ്ടാകാൻ പോകുന്ന വേദനയോർത്തപ്പോൾ എന്ത് പറയണമെന്നറിയാതെ അവനങ്ങനെ നിന്നുപോയി. " സണ്ണി നീ ചോദിച്ചത് കേട്ടില്ലേ....?? " അവൻ മിണ്ടാതെ നിൽക്കുന്നത് കണ്ട് റേച്ചൽ വീണ്ടും ചോദിച്ചു. " ആഹ് കണ്ടു..... " " കെട്ടിന്റെ കാര്യത്തിലൊന്നും അവർക്ക് എതിർപ്പില്ല... പിന്നെ ഇവിടുത്തേ കാര്യങ്ങളൊക്കെ പറഞ്ഞപ്പോ അപ്പൻ മരിച്ചതല്ലേയുള്ളൂ. ഒരു കൊല്ലം കഴിഞ്ഞു പോരെ കല്യാണം അത്രയും നാള് നാൻസിയവരുടെ കൂടെ നിൽക്കുന്നത് അവർക്കും സന്തോഷമാകുമെന്ന് പറഞ്ഞു. ഞാനങ്ങ് സമ്മതിച്ചു. അവര് പറഞ്ഞത് പോലെ അതിനുമിനി നാട്ടുകാരെക്കൊണ്ട് പറയിക്കണ്ടല്ലോ എന്ന് വിചാരിച്ചു. " " ശേ ഇവരിത് നേരത്തെ പറഞ്ഞിരുന്നേൽ ഞാനെന്റെ കൊച്ചിനെ വിടുകേലാരുന്നു.... " നാൻസി തിരികെ വരാൻ ഒരുപാട് കഴിയുമെന്ന് മനസിലായപ്പോൾ റേച്ചൽ വിഷമത്തോടെ പറഞ്ഞു. " ശെരിയാ.... ചേച്ചിയിടെ തന്നെ നിന്നാൽ മതിയാരുന്നു. " സോണിയും പറഞ്ഞു. സണ്ണി പക്ഷേ അതിന് മറുപടിയൊന്നും പറയാതെ മുകളിലേക്ക് കയറിപ്പോയി.

ദിവസങ്ങൾ കടന്നുപോയി. നാൻസിയില്ലാത്ത അവസ്ഥയുമായി മറ്റുള്ളവരൊക്കെ ഏകദേശം പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. പക്ഷേ സണ്ണിയുടെ രാത്രികൾ മുഴുവനപ്പോഴും ആ പെണ്ണിന്റെ ഓർമകൾ കവർന്നെടുത്തുകൊണ്ടിരുന്നു. വയനാട്ടിൽ നാൻസിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. സണ്ണിയുടെ ഒപ്പമുണ്ടായിരുന്ന ദിനങ്ങളുടെ ഓർമയിൽ അവളും എങ്ങനെയൊക്കെയൊ ദിനങ്ങൾ തള്ളിനീക്കി. എങ്കിലും അവൾ ജോലിക്ക് ജോയിൻ ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം മദർ വഴി സണ്ണിയും അറിയുന്നുമുണ്ടായിരുന്നു. അവൾ ജീവിതത്തിന്റെ പുതിയ ദിശയിലേക്ക് സഞ്ചരിച്ചു തുടങ്ങിയല്ലോ എന്നോർത്ത് അവനും സമാധാനിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. നാളുകൾ കടന്നുപൊക്കോണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി. അന്ന് വൈകുന്നേരത്തെ കമ്പനികൂടലിന്റെ ഫലമായി നല്ല ഫിറ്റായിക്കഴിഞ്ഞിരുന്ന സണ്ണിയന്ന് നേരത്തെ വീട്ടിലെത്തി കിടന്നുറക്കമായിരുന്നു. രാത്രിയെപ്പോഴോ വാതിലിൽ ആരോ തട്ടുന്ന ഒച്ച കേട്ടിട്ടായിരുന്നു സണ്ണി ഞെട്ടിയുണർന്നത്.

അപ്പോഴേക്കും മദ്യത്തിന്റെ കെട്ടൊക്കെ വിട്ട് കഴിഞ്ഞിരുന്ന അവൻ ഉറക്കം മുറിഞ്ഞ മുഷിച്ചിലോടെ ചെന്ന് വാതിൽ തുറന്നു. മുന്നിൽ കരഞ്ഞുകലങ്ങിയ കണ്ണുമായി നിൽക്കുന്ന റേച്ചലിനെ കണ്ടതും അവനൊന്നമ്പരന്നു. " എന്നാപറ്റി....??? " " സോണി..... സോണിയിതുവരെ വന്നില്ല. " റേച്ചൽ കണ്ണീരോടെ പറഞ്ഞതും സണ്ണിയുടെ നോട്ടം പോയത് ചുവരിലെ ക്ലോക്കിലേക്കായിരുന്നു. സമയം എട്ട് കഴിഞ്ഞിരുന്നു അപ്പോഴേക്കും. " അവളെവിടെപ്പോകുവാന്നാ പറഞ്ഞത്....??? " " രാവിലെ കോളേജിൽ പോയതാ. വൈകുന്നേരം ആറരയോടെ എത്തുന്നതാ പതിവ്. പക്ഷേ ഇന്ന്.... എനിക്കെന്തോ പേടിയാകുന്നു സണ്ണി.... എന്റെ മോള്..... " റേച്ചൽ നിസഹായതയോടെ അവനെ നോക്കിനിന്നേങ്ങിക്കരഞ്ഞു. " കരയണ്ട ഞാൻ നോക്കിയേച്ചും വരാം..... " റേച്ചലിനോട് പറഞ്ഞിട്ട് അവൻ നിന്ന വേഷത്തിൽ തന്നെ പുറത്തേക്കിറങ്ങി പോയി. ജീപ്പ് സ്റ്റാർട്ട്‌ ചെയ്ത് സോണിയെ തിരഞ്ഞിറങ്ങുമ്പോഴും എവിടെ തിരയണം ആരോട് തിരക്കണം എന്നതിനെക്കുറിച്ച് സണ്ണിക്കൊരു ധാരണയുമുണ്ടായിരുന്നില്ല.

എങ്കിലും അവൻ ഇരുട്ടിലൂടെ മുന്നോട്ട് തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. അവൻ നേരെ പോയത് ബസ് സ്റ്റാൻഡിലെക്കായിരുന്നു. അവിടെ പക്ഷേ ഉണ്ടായിരുന്ന രണ്ട് മൂന്നുബസുകൾ അന്നത്തെ ട്രിപ്പവസാനിപ്പിച്ച് ഒതുക്കിയിരുന്നു. അല്ലെങ്കിലും ഇവിടുത്തെ ബസ് സർവീസുകളൊക്കെ ഏഴര വരെയാണല്ലോ എന്നവനോർത്തു. ബസ് സമയം കഴിഞ്ഞാലും സ്റ്റാൻഡിലേക്ക് വരുന്ന അവസാനബസിലെ യാത്രക്കാരെ പ്രതീക്ഷിച്ചുമൊക്കെ സ്റ്റാൻഡിന് പുറത്തുണ്ടാകാറുള്ള ഓട്ടോറിക്ഷകളും പോയ്‌ക്കഴിഞ്ഞിരുന്നു. അതോടെ ഇനിയുമിങ്ങനെ ലക്ഷ്യമില്ലാതെ അന്വേഷിച്ച് നടക്കുന്നതിൽ അർഥമില്ലെന്ന് മനസിലായ സണ്ണി അവിടെ നിന്നും നേരെ പോയത് പോലിസ് സ്റ്റേഷനിലേക്കായിരുന്നു. വെള്ളപ്പേപ്പറിൽ എഴുതി തയ്യാറാക്കിയ പരാതി എസ് ഐ യുടെ കയ്യിലേക്ക് കൊടുത്തിട്ട് അദ്ദേഹത്തെ തന്നെ നോക്കിയിരിക്കുമ്പോൾ സോണി എവിടെപോയിരിക്കും എന്നോർത്തിട്ട് സണ്ണിയുടെ ഉള്ളാളുകയായിരുന്നു. " ഈ പെൺകുട്ടി നിങ്ങളുടെ ആരാ....??? " " എന്റെ പെങ്ങളാ സാർ.... "

" കോളേജിൽ പോയ പെൺകുട്ടി തിരികെ വരുന്ന സമയം കഴിഞ്ഞിട്ടും വരാതിരിന്നിട്ടും ഈ ഒൻപത് മണി കഴിഞ്ഞ നേരത്താണോ നിങ്ങൾക്ക് പരാതി തരണമെന്ന് തോന്നിയത്....??? " " ഞാനറിഞ്ഞിരുന്നില്ല സാർ അവൾ വന്നില്ലെന്ന്. എട്ടുമണി കഴിഞ്ഞപ്പഴാ മമ്മി പറഞ്ഞത് അവളെത്തിയില്ലെന്ന്. അറിഞ്ഞുടനെ വണ്ടി കിട്ടാതെ വല്ലോം എവിടേലും പെട്ടുപോയതാണോന്ന് കരുതി ഞാൻ ബസ് സ്റ്റാൻഡിലൊക്കെ പോയി നോക്കി. പക്ഷേ അവിടൊന്നും അവളില്ലായിരുന്നു. അതാ ഇങ്ങോട്ട് വന്നത്.... " " മ്മ്ഹ്.... " " ഈ കുട്ടിയുടെ കൂട്ടുകാരുടെ വീട്ടിലൊക്കെ തിരക്കിയോ....??? " " തിരക്കി സാർ.... ഇങ്ങോട്ട് വരും മുൻപ് അടുത്തുള്ള ഒന്നുരണ്ട് പേരുടെ വീട്ടിൽ ഞാൻ പോയിരുന്നു. " " എന്നിട്ടവരെന്ത് പറഞ്ഞു....??? " " എന്നത്തേയും സമയത്ത് തന്നെ ക്ലാസ്സ്‌ വിട്ടു. അവർ മറ്റെവിടെയോ പോയി സോണിയെ വിളിച്ചിട്ട് അവരുടെ കൂടെ ചെല്ലാതെ ബസ്സ്റ്റോപ്പിലേക്ക് പോന്നുവെന്ന് പറഞ്ഞു. " " മ്മ്ഹ്..... ഞാനൊന്ന് അന്വേഷിക്കട്ടെ.... താൻ പുറത്തിരിക്ക്..... "

" ശെരി സാർ.... " സണ്ണി പുറത്തേക്ക് പോയതും എസ് ഐ ഒരു കോൺസ്റ്റബിളിനെ അകത്തേക്ക് വിളിച്ചു. " സെന്റ് തോമസ് കോളേജ് പരിസരത്തോ മറ്റോ വച്ചായിരിക്കണം ഈ പെൺകുട്ടി മിസ്സിംഗ്‌ ആയതോ അല്ലെങ്കിൽ സ്വമേധയാ എങ്ങോട്ടെങ്കിലും പോയതോ. തത്കാലം ഏതെങ്കിലും ആക്‌സിഡന്റുകളോ മറ്റോ ആ പരിസരത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോ എന്നൊന്ന് അന്വേഷിക്ക്. " " ശെരി സാർ..... " അയാൾ പുറത്തേക്ക് പോയി. ഈ സമയമൊക്കെ സോണി എവിടെപ്പോയെന്നും അറിയില്ല അന്വേഷിച്ച് പോയ സണ്ണിയും തിരികെ വന്നില്ലല്ലോ എന്നൊക്കെ ഓർത്ത് ആകെപ്പാടെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു റേച്ചൽ. അരുതായ്കയൊന്നും സംഭവിച്ച് കാണരുതേ എന്ന് അവർ മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ മുട്ടുകുത്തി നിന്ന് നെഞ്ചുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story