വെപ്പാട്ടി: ഭാഗം 21

veppatti

രചന: അഭിരാമി ആമി

 പോലിസ് സ്റ്റേഷനിലെ പരാതിക്കാർക്ക് ഇരിക്കാനുള്ള സ്ഥലത്ത് കാത്തിരിക്കുമ്പോൾ സണ്ണിക്ക് വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നുന്നുണ്ടായിരുന്നു. അവിടെയങ്ങനെ ഇരിക്കേണ്ടിയിരുന്നില്ല തിരികെ പോരാമായിരുന്നു എങ്കിൽ എവിടെയെങ്കിലും കൂടൊക്കെയൊന്ന് അന്വേഷിക്കാമായിരുന്നു എന്നൊക്കെയുള്ള ചിന്തയിൽ അവനങ്ങനെ വിറളി പിടിച്ചിരുന്നു. ഉള്ളിലെ വിഷമവും വെപ്രാളവും ആരോടുമൊന്ന് പറയാൻ കഴിയാത്ത ആ അവസ്ഥയിൽ അവനാകെ തളർന്നു പോയിരുന്നു. സ്റ്റേഷനിലുള്ള പോലീസുകാരാണെൽ പുറത്തേക്കൊന്നും പോകുന്നതുമില്ലായിരുന്നു. ഒരു പെൺകുട്ടിയെ കാണാതായിട്ട് ഇത്ര മണിക്കൂറായെന്ന് പറഞ്ഞിട്ടും അവർ ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറുകയാണല്ലോ എന്നോർത്തപ്പോൾ സണ്ണിക്ക് ആരോടൊക്കെയോ എന്തെന്നില്ലാത്ത അമർഷം തോന്നി. പക്ഷേ പ്രകടിപ്പിക്കാൻ കഴിയാത്തത് കൊണ്ടുമാത്രം അവൻ സ്വയം നിയന്ത്രിച്ചങ്ങനെയിരുന്നു. " ഡോ സാറ് വിളിക്കുന്നു..... " സോണിയെവിടെ പോയെന്നും വീട്ടിൽ റേച്ചൽ തന്നെയുള്ളല്ലോ അവരുടെ കാര്യം എന്തായിക്കാണും എന്നൊക്കെ ഓർത്തുകൊണ്ട് അവനങ്ങനെ ഇരുന്നപ്പഴായിരുന്നു ഒരു കോൺസ്റ്റബിൾ വന്നിട്ട് എസ് ഐ യുടെ മുറിയിലേക്ക് ചൂണ്ടി പറഞ്ഞത്.

അവൻ പെട്ടന്ന് എണീറ്റ് അങ്ങോട്ട് ചെന്നു. " സാർ.... " " ആഹ് തന്റെ സിസ്റ്ററിന്റെ വിവരമൊന്നും ഇതുവരെ കിട്ടിയിട്ടില്ല. എന്തെങ്കിലും ആക്സിഡന്റോ മറ്റോ നടന്നിട്ടുണ്ടാകുമെന്ന് കരുതി കോളേജിനടുത്തുള്ള ഹോസ്പിറ്റൽസിലോട്ടെല്ലാം ആ കുട്ടിയുടെ ഫോട്ടോ അയച്ച് . അന്വേഷിച്ചു.... പക്ഷേ ഇതുവരെ എങ്ങും അങ്ങനെയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. " " സാർ എന്റെ പെങ്ങൾ..... " " ഹ താനിങ്ങനെ വിഷമിക്കാതെടോ.... നാളെ നേരം പുലരും മുൻപ് ഞങ്ങൾ പെൺകുട്ടിയെ കണ്ട് പിടിച്ചിരിക്കും. താനിപ്പോ ചെല്ല്. ആ പിന്നെ വേറെതെങ്കിലും രീതിയിൽ പെൺകുട്ടിയെ കണ്ടെത്തിയാൽ ഇവിടെ വിളിച്ചു പറയുകയും വേണം. " " ശെരി സാർ.... " സ്റ്റേഷനിൽ നിന്നും ഇറങ്ങി തിരികെപോരുമ്പോൾ വീട്ടിൽ ചെന്ന് റേച്ചലിനോട് എന്ത് പറയുമെന്നോർത്തിട്ട് അവനൊരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ഒരിക്കൽക്കൂടി വെറുതേയൊരു പ്രതീക്ഷയിൽ ബസ്റ്റാന്റ് വഴിയൊക്കെ ഒന്ന് കറങ്ങി നിരാശനായി അവൻ വീട്ടിലേക്ക് പോയി.

സണ്ണി വീടിനരികിലേക്ക് എത്തുമ്പോൾ ഗേറ്റിന് പുറത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ സ്റ്റാർട്ടായി പോകുന്നതായിരുന്നു കണ്ടത്. " ഇതിപ്പോ ആരാ ഈ രാത്രി വന്നിട്ട് പോണത്....??? " ഓർത്തുകൊണ്ട് അവൻ പെട്ടന്ന് ജീപ്പ് മുറ്റത്തേക്ക് കയറ്റി. വണ്ടിയിൽ നിന്നിറങ്ങി അകത്തേക്ക് നടക്കുമ്പോൾ റേച്ചലിനോട് എന്ത് മറുപടി പറയുമെന്നറിയാതെ അവനാകെ തളർന്നിരുന്നു. പക്ഷേ വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന അവരുടെ മുഖം കണ്ടവനാകെ അമ്പരന്നു. കാരണം സോണിയെ തിരക്കി പോകുമ്പോൾ കണ്ട ഭാവമായിരുന്നില്ല റേച്ചലിന്റെ മുഖത്തപ്പോൾ. അവർ കരയുന്നുമുണ്ടായിരുന്നില്ല. " സോണി മോള് വന്നു സണ്ണി.... " അവന്റെ മുഖത്തെ അമ്പരപ്പ് കണ്ട് റേച്ചൽ പറഞ്ഞു. " ഏഹ് വന്നോ എന്നിട്ടെവിടെ....??? " ചോദിച്ചതും അവനകത്തേക്കോടിയതും ഒപ്പം കഴിഞ്ഞു. അകത്തുണ്ടെന്ന് പറഞ്ഞുകൊണ്ട് റേച്ചലും അവന്റെ പിന്നാലെ ചെന്നു. സണ്ണി ചെല്ലുമ്പോൾ സോണിയ അവളുടെ ബെഡിൽ കിടക്കുകയായിരുന്നു. അവളുടെ ഇടത് കൈ പ്ലാസ്റ്റർ ചെയ്ത് കഴുത്തിൽ തൂക്കിയിരുന്നു.

അത് കണ്ടതും സണ്ണിയോടി ചെന്നവളുടെ അരികിലേക്കിരുന്നു. " എന്താടി ഇതെന്നാ പറ്റിയതാ....??? " " എന്നെയൊരു വണ്ടി തട്ടി ഇച്ചായാ... അവര് തന്നെ അടുത്തൊരു ക്ലിനിക്കിൽ കൊണ്ടുപോയി. പൊട്ടലുണ്ടെന്ന് പറഞ്ഞപ്പോ പ്ലാസ്റ്ററിട്ടു. പിന്നെ തലയ്ക്കോ മറ്റോ പരുക്കുണ്ടോന്നറിയണമെങ്കിൽ സ്കാൻ ചെയ്തു നോക്കണമെന്ന് പറഞ്ഞപ്പോ ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും അതിനും കൊണ്ടുപോയി ടെസ്റ്റുകളെല്ലാം ചെയ്തു.. അതാ താമസിച്ചത്. എല്ലാം കഴിഞ്ഞപ്പോ അവര് തന്നെയാ വീടെവിടെയാണെന്ന് ചോദിച്ച് ഇവിടെ കൊണ്ടാക്കിയിട്ട് പോയത്. " സോണിയ നടന്ന കാര്യങ്ങളൊക്കെ വിശദീകരിച്ചപ്പോൾ അവരായിരിക്കും താൻ കണ്ട കാറിൽ പോയതെന്നോർക്കുകയായിരുന്നു സണ്ണി. " ആരാ അത്....??? " " അതൊന്നുമറിയില്ല ഇച്ചായാ.... എന്തായാലും നല്ലൊരു ആന്റിയും അങ്കിളും. "" സോണിയ പറഞ്ഞു.

ആഹ് നീ റെസ്റ്റെടുക്ക് നാളെ നമുക്ക് നമ്മള് പോകുന്ന ഹോസ്പിറ്റലിൽ കൊണ്ട് കാണിച്ചുനോക്കാം. ഇപ്പൊ വേദനയുണ്ടോ....??? " " കൈക്ക് ചെറിയ വേദനയുണ്ട്...." " മ്മ്ഹ്... കിടന്നോ മാറും. " മനസ്സിൽ തോന്നിയ അരുതാത്ത ചിന്തകൾ പോലെയൊന്നും സംഭവിച്ചില്ലല്ലോ എന്ന സമാധാനത്തിൽ സണ്ണി പുറത്തേക്ക് പോന്നു. ഉടനെ തന്നെ സോണിയ തിരിച്ചുവന്നതും താമസിച്ചതിന്റെ കാരണവുമെല്ലാം അവൻ പോലിസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയും ചെയ്തു. രാത്രി എല്ലാവരും നല്ലഉറക്കമായിക്കഴിഞ്ഞ നേരത്തായിരുന്നു ഹാളിലെ ലാൻഡ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്. രാത്രിയുടെ നിശബ്ദതയിൽ പൊടുന്നനെയുണ്ടായ ആ ഫോൺ ബെല്ല് കേട്ട് സണ്ണി ഞെട്ടിയുണർന്നു. മുറിയിലെ ലൈറ്റ് ഓണാക്കി ക്ലോക്കിലേക്ക് നോക്കുമ്പോൾ സമയം രാത്രിയൊന്ന് കഴിഞ്ഞിരുന്നു. ഈ നേരത്ത് ഇതാരാവുമെന്നോർത്തിട്ട് അവനെന്തോ ഒരു വല്ലായ്മ തോന്നിയെങ്കിലും ഒച്ച കേട്ട് സോണിയും റേച്ചലും എണീക്കേണ്ടെന്ന് കരുതി അവൻ ധൃതിയിൽ ചെന്ന് ഫോണിന്റെ റിസീവർ കയ്യിലെടുത്തു. " ഹലോ ആരാ....???? "

" ശബ്ദം കൊണ്ട് എന്നേ തിരിച്ചറിയാനുള്ള ബന്ധമൊന്നും നമ്മള് തമ്മിലില്ല സണ്ണി. ഇത് ഞാനാ കുര്യച്ഛൻ..... " മറുവശത്തു നിന്നും കേട്ട വാക്കുകളുടെ ശക്തിയിൽ അതുവരെയുണ്ടായിരുന്ന സണ്ണിയുടെ ഉറക്കം പോലും പമ്പ കടന്നു. " നീയെന്തിനാടാ ഈ നേരത്ത് ഇങ്ങോട്ട് വിളിച്ചത്....??? " സണ്ണി സ്വരമമർത്തി മുരണ്ടു. " ഹഹഹ..... അതുകൊള്ളാം.... നമ്മുടെ പരിചയത്തിൽ പെട്ട ആർക്കെങ്കിലും എന്തെങ്കിലും അപകടം പറ്റിയാൽ ഒന്ന് വിളിച്ചന്വേഷിക്കേണ്ടത് ഒരു സാമാന്യ മര്യാദയല്ലേടാ ഉവ്വേ...." അയാൾ പറയുന്നത് കേട്ട് നിൽക്കുമ്പോൾ സണ്ണിയുടെ പുരികം വില്ല് പോലെ വളഞ്ഞു. " നിനക്ക് മനസിലായില്ല അല്ലേ സണ്ണി.... എടാ കൊച്ചനെ നിന്റെ പെങ്ങള് കൊച്ചിനെ ഇന്നേതോ വണ്ടി തട്ടിയില്ലിയോ. എന്നിട്ട് തട്ടിയവര് തന്നെ കൊച്ചിനെ ആശുപത്രിയിലും കാണിച്ചേച്ച് സുരക്ഷിതമായി വീട്ടിൽ കൊണ്ട് വീട്ടില്ലിയോ.... ഹാ അവള് പറഞ്ഞില്ലിയോ ആ അങ്കിളും ആന്റിയും ....??? അത് വേറാരുമല്ലെടാ സണ്ണി.... ഞാനും എന്റെ പെമ്പിറന്നോത്തിയുമാരുന്നു...."

അത് പറഞ്ഞിട്ട് കുര്യച്ചൻ വീണ്ടും പൊട്ടിച്ചിരിച്ചു. ചെവിയിലേക്ക് അയാളുടെ ഒച്ച തറഞ്ഞുകയറുമ്പോൾ സണ്ണിയുടെ സിരകളിലെ രക്തയോട്ടത്തിന്റെ വേഗതയേറുകയായിരുന്നു. " എടാ പന്ന നായിന്റെ മോനെ.... നീയെന്റെ പെങ്ങളെ.... " " നിന്ന് തിളയ്ക്കാതെടാ കൊച്ചനെ.... പെങ്കൊച്ചിനെ വേണേൽ തട്ടാമായിരുന്നു. പക്ഷേ എന്റെ ഉദ്ദേശം ആ പെണ്ണല്ല. നീയായിരുന്നു. നീ മാത്രം.... പിന്നെ ആ കൊച്ചിനെ എന്തിനായിരുന്നുവെന്ന് ചോദിച്ചാൽ അത് നിനക്കൊരു വാണിംഗ് ആയിരുന്നു. ഈ കുര്യച്ഛന് എന്തൊക്കെ സാധിക്കും എന്നൊരു ഓർമപെടുത്തൽ. നിന്റെ നാട്ടിൽ വന്ന് നിന്റെ കുടുംബത്തു കേറി നിനക്കിട്ടു കൊട്ടാൻ എനിക്ക് കഴിയുമെങ്കിൽ ഇവിടെ ഈ വയനാട്ടിൽ എനിക്കെന്തൊക്കെ സാധിക്കുമെന്ന് മോൻ ചിന്തിക്കണം.... അതിനായിരുന്നു നിന്റെ പെങ്ങളെ വച്ചൊരു സാമ്പിൾ വെടിക്കെട്ട്. " " ഡാ.... "

" ഒത്തിരി ചോര തിളയ്പ്പിക്കാതെ ചെന്നുകിടന്നുറങ്ങെടാ ചള്ള് ചെക്കാ.... " ഒരു പരിഹാസം പോലെ കുര്യച്ചൻ പറഞ്ഞതും കാൾ കട്ടായതും ഒരുമിച്ച് തന്നെയായിരുന്നു. സണ്ണി ആകെപ്പാടെ വിറളി പിടിച്ച മട്ടിൽ ഫോൺ താഴെ വച്ചു. അതേസമയം തന്നെയായിരുന്നു സോണിയയുടെ മുറിയുടെ വാതിൽ തുറക്കുന്ന ഒച്ച കേട്ടത്. പൊടുന്നനെ ഒന്നും സംഭവിക്കാത്തത് പോലെ അവൻ തിരിഞ്ഞ് തന്റെ മുറിയിലേക്ക് പോകാൻ തുടങ്ങിയെങ്കിലും അപ്പോഴേക്കും പുറത്തേക്ക് വന്ന റേച്ചൽ അവനെ കണ്ട് കഴിഞ്ഞിരുന്നു. " എന്നാ സണ്ണി... ഫോണടിച്ചോ ആരായിരുന്നു ഈ രാത്രി....??? " ഉറക്കപ്പിച്ചിൽ അവർ ചോദിച്ചു. " അത് ആരോ നമ്പർ തെറ്റി വിളിച്ചതാ.... " കൂടുതൽ ചോദ്യങ്ങൾക്കിടകൊടുക്കാൻ നിൽക്കാതെ പറഞ്ഞിട്ട് അവൻ മുറിയിലേക്ക് പോയി.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story