വെപ്പാട്ടി: ഭാഗം 22

veppatti

രചന: അഭിരാമി ആമി

" എന്നാ സണ്ണി... ഫോണടിച്ചോ ആരായിരുന്നു ഈ രാത്രി....??? " ഉറക്കപ്പിച്ചിൽ അവർ ചോദിച്ചു. " അത് ആരോ നമ്പർ തെറ്റി വിളിച്ചതാ.... " കൂടുതൽ ചോദ്യങ്ങൾക്കിടകൊടുക്കാൻ നിൽക്കാതെ പറഞ്ഞിട്ട് അവൻ മുറിയിലേക്ക് പോയി. റേച്ചലും തിരികെ സോണിക്കരികിലേക്ക് തന്നെ ചെന്ന് കിടന്നു. സണ്ണിക്ക് പക്ഷേ തന്റെ മുറിയിൽ ചെന്ന് കിടന്നിട്ടും ഉറക്കമൊട്ടും തന്നെ വരുന്നുണ്ടായിരുന്നില്ല. " അത് നിനക്കൊരു വാണിംഗ് ആയിരുന്നു. ഈ കുര്യച്ഛന് എന്തൊക്കെ സാധിക്കും എന്നൊരു ഓർമപെടുത്തൽ. നിന്റെ നാട്ടിൽ വന്ന് നിന്റെ കുടുംബത്തു കേറി നിനക്കിട്ടു കൊട്ടാൻ എനിക്ക് കഴിയുമെങ്കിൽ ഇവിടെ ഈ വയനാട്ടിൽ എനിക്കെന്തൊക്കെ സാധിക്കുമെന്ന് മോൻ ചിന്തിക്കണം....

അതിനായിരുന്നു നിന്റെ പെങ്ങളെ വച്ചൊരു സാമ്പിൾ വെടിക്കെട്ട്. " ഫോണിലൂടെ കുര്യച്ഛൻ പറഞ്ഞ വാക്കുകൾ സണ്ണിയുടെ ചെവിയിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. അതോർക്കും തോറും അവന്റെ മുഖം വലിഞ്ഞുമുറുകി. എന്തോ വലിയൊരു അപമാനമേറ്റത് പോലെ അവന്റെ ആത്മാവ് പോലും പിടഞ്ഞുകൊണ്ടിരുന്നു. ഇവിടെയീ നാട്ടിൽ വന്ന് അയാൾ സോണിയെ ഉപദ്രവിക്കുമെന്നും തന്റെ വീട്ടിൽ കയറാൻ ധൈര്യപ്പെടുമെന്നും അവനൊട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മുൻപൊരു എതിരാളിയായി പോലും കണ്ടിരുന്നില്ലായിരുന്ന കുര്യച്ഛൻ അപകടകാരിയാണെന്നും ഭയക്കേണ്ടവനാണെന്നും തിരിച്ചറിയുകയായിരുന്നു സണ്ണിയപ്പോൾ.

അതുകൊണ്ട് തന്നെ സോണിയയെ അയാളുടെ ഈ ചെയ്തികൾക്ക് മറുപടി കൊടുക്കുക തന്നെ വേണമെന്ന് അവന്റെ മനസിലിരുന്നാരോ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പിറ്റേദിവസം തന്നെ സോണിയയെ അവർ സ്ഥിരമായി കാണിക്കാറുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടുത്തെ ചെക്കപ്പിലും തലേദിവസം അറിഞ്ഞതിൽ നിന്നും വ്യത്യസ്തമായി ഒന്നും തന്നെയുണ്ടായിരുന്നില്ല. ദിവസങ്ങൾ കടന്നുപൊക്കോണ്ടിരുന്നു. ഇതിനിടയിൽ സണ്ണിയുടെ മനസ്സിൽ നിന്നും നാൻസിയെന്ന പെണ്ണിനോടുദിച്ച ആ പ്രത്യേക വികാരം തന്നെ പോയ്‌ മറഞ്ഞിരുന്നു.

പകരം കുര്യച്ചനെന്ന ശത്രുവിനെ നേരിടാൻ ഉറച്ചൊരു പോരുകാളയെപ്പോലെയായിരുന്നു അവൻ. ദിവസങ്ങൾ കൊഴിഞ്ഞുതീരവേ കട്ടപ്പനയിലും വയനാട്ടിലുമായി ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരുന്നു. റേച്ചലുമായി സണ്ണി പ്രതീക്ഷിച്ചതിലും കൂടുതൽ ഇണങ്ങി എന്നതായിരുന്നു അതിലൊന്ന്. അവരെന്തെങ്കിലും പറഞ്ഞാൽ അതനുസരിക്കാൻ തുടങ്ങുന്നതിലേക്കൊക്കെ സണ്ണിയുടെ മനസ് വളർന്നിരുന്നു. അതിന്റെ കാരണം പക്ഷേ അവന് സ്വയം മനസിലായില്ലെങ്കിലും റേച്ചലിനും സോണിക്കും അറിയാമായിരുന്നു. അല്ലെങ്കിലും പ്രണയമെന്ന വികാരമറിഞ്ഞു തുടങ്ങുമ്പോൾ ഏതൊരാനും ഇഷ്ടമില്ലാത്തതിനെ പോലും ചേർത്തുപിടിക്കുകയും ചുറ്റുമുള്ള ലോകത്തെപ്പോലും സ്നേഹിച്ചുതുടങ്ങുകയും ചെയ്യുന്നത് ഒരത്ഭുതമൊന്നുമല്ലല്ലോ....

വയനാട്ടിലാണെങ്കിൽ നാൻസിയും കുര്യച്ചനും തമ്മിലുള്ള കേസ് വാദം പൂർത്തിയായിരുന്നു. എന്ന് മാത്രമല്ല വിധി നാൻസിക്കനുകൂലമായി വരികയും അവളുടെ വല്യപ്പച്ചന്റെയും അനിയത്തിമാരുടെയും അമ്മച്ചിയുമെല്ലാം മരണം കൊലപാതകമാണെന്ന സംശയം കൂടുതൽ ബലപ്പെടുകയും കുര്യച്ചനേയും ഭാര്യ സലോമിയേയും സംശയത്തിന്റെ നിഴലിൽ നിർത്തി തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തു. ഇതോടെ എല്ലാം ശെരിയായി മനസമ്മതവും കഴിഞ്ഞിരിക്കുകയായിരുന്ന അവരുടെ മകൾ ഐലിന്റെ വിവാഹം മുടങ്ങുകയും ചെയ്തു. അതുകൂടിയായപ്പോൾ നാൻസിയോടുള്ള കുര്യച്ചനെന്ന മൂർഖന്റെ പകയിരട്ടിക്കുകയായിരുന്നു.

എങ്ങനെയും അവൾ കൊല്ലപ്പെടണമെന്ന് അയാൾ അതോടെ ഉറപ്പിക്കുകയും ചെയ്തു. പക്ഷേ നാൻസിയുടെ ചിന്തകൾ മുഴുവനുമപ്പോൾ മറ്റൊരു ദിശയിലേക്കായിരുന്നു സഞ്ചരിച്ചുകൊണ്ടിരുന്നത്. ഇപ്പൊ കേസിലൂടെ താൻ നേടിയെടുത്ത വല്യപ്പച്ചൻ അലോഷിക്ക് നൽകിയ വീതവും അലോഷി സ്വന്തമായി ഉണ്ടാക്കിയതുമെല്ലാമടങ്ങുന്ന ഇപ്പോഴത്തെ തന്റെ സ്വത്ത്‌ ഒരു ചെറിയ തുകയല്ല എന്നകാര്യത്തിൽ അവൾക്ക് സംശയമേതുമുണ്ടായിരുന്നില്ല. പക്ഷേ യുദ്ധം ചെയ്ത് നേടിയെടുത്ത വല്യപ്പച്ചന്റെ സ്വത്ത്‌ താൻ അർഹിക്കുന്നതല്ലെന്നും അലോഷി സമ്പാദിച്ചതിൽ പോലും മൂന്നിൽ ഒരു പങ്ക് മാത്രം മതിയാകും ഇനിയുള്ള തന്റെ ജീവിതത്തിലേക്കെന്ന് തോന്നിയപ്പോൾ നാൻസി ബാക്കിയുള്ള സ്വത്ത്‌ മുഴുവനും തന്റെ അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്ക് വിട്ടുനൽകണം എന്ന തീരുമാനത്തിലേക്കായിരുന്നു പൊയ്ക്കോണ്ടിരുന്നത്.

അത് മാത്രമല്ല പണ്ട് തങ്ങൾ താമസിച്ചിരുന്ന വീടിന്റെ സ്ഥാനത്ത് തനിക്കായി ഒരു കൊച്ചുവീടുണ്ടായിരിക്കണമെന്ന മോഹവും അവളിൽ ശക്തമായി പിടിമുറുക്കിയിരുന്നു. അതവൾ മദറിനോട് പറയുകയും ചെയ്തിരുന്നു. എല്ലാത്തിനും കർത്താവിന്റെ അനുഗ്രഹം നിനക്കുണ്ടാകും കുഞ്ഞേ എന്ന് മാത്രമായിരുന്നു അവരുടെ മറുപടി. അന്ന് സണ്ണിയൊട്ടും തന്നെ മദ്യപിച്ചിരുന്നില്ല. അല്ലെങ്കിലും അവനിപ്പോ പഴയത് പോലെ മദ്യപിച്ച് വീട്ടിലേക്ക് കയറി വരാറുണ്ടായിരുന്നില്ല. അന്ന് കുര്യച്ചൻ സോണിയെ അപകടപ്പെടുത്താനും വീട്ടിൽ കയറി വരാനും കാരണമായത് തന്റെ മദ്യപാനമാണെന്നൊരു തോന്നലും ആ തീരുമാനത്തെ ശക്തിപ്പെടുത്തിയതിന് പിന്നിൽ ഉണ്ടായിരുന്നു.

അവന്റെയാ മാറ്റങ്ങൾ റേച്ചലിനെയും സോണിയയേയും ഒരുപാട് സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇനി നാൻസിയെക്കൂടെ എത്രയും വേഗം ഒപ്പം കൂട്ടണമെന്ന് അവരവനെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷേ സണ്ണി മാത്രം നാൻസിയുടെ കാര്യത്തിൽ മറുപടിയൊന്നും പറയാൻ പോകാറില്ലായിരുന്നു. അരണ്ട വെളിച്ചത്തിലൂടെ സണ്ണിയുടെ ജീപ്പ് മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു. ആ വണ്ടി ചെന്നുനിന്നത് മെഡിക്കൽ കോളേജിന് മുന്നിലായിരുന്നു. ഹോസ്പിറ്റൽ മുറ്റത്തുണ്ടായിരുന്ന ആളുകളെ തള്ളിമാറ്റി അകത്തേക്ക് ഓടുമ്പോൾ സണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കാലുകൾ ബലം ക്ഷയിച്ച് വേച്ചുപോയിരുന്നു. അവൻ ഐസിയുവന് മുന്നിലേക്ക് എത്തുമ്പോൾ ഉള്ളിൽ നിന്നും ഒരു സ്‌ട്രെക്ചർ പുറത്തേക്ക് കൊണ്ടുവന്നു.

അതിൽ കിടന്നിരുന്ന ശരീരത്തിന്റെ തലയും താടിയും ചേർത്ത് ബന്ധിച്ച് മൂക്കിൽ പഞ്ഞി വച്ചിരുന്നു. ആ മുഖത്തേക്ക് ഒരിക്കൽ കൂടിയൊന്ന് പാളി നോക്കിയതും സണ്ണിയുടെ തൊണ്ടയിൽ നിന്നുമൊരു നിലവിളി പുറത്തേക്ക് ചാടി. " നാൻസീ......!!!!!! " നിലവിളിച്ചുകൊണ്ട് ഞെട്ടിയുണരുമ്പോൾ ചുറ്റുപാടും നിറഞ്ഞിരുന്ന ഇരുളവനെ വീണ്ടും ഭയപ്പെടുത്തി. ഒരു നിമിഷമെടുത്തു കണ്ടതൊക്കെ സ്വപ്നമാണെന്ന് അവന് സ്വയം ബോധ്യപ്പെടാൻ. " നാൻസി..... " അവനൊരു മന്ത്രണം പോലെ വിളിച്ചു. അപ്പോഴെല്ലാം അവന്റെ ഉള്ളുമുഴുവൻ ആ പെണ്ണ് കീഴടക്കിയിരുന്നു. ആ നിമിഷം തന്നെ അവളെ കണ്ടേ മതിയാകൂ എന്നവന്റെ ഉള്ളിലിരുന്നാരോ വിളിച്ചുപറഞ്ഞു. കാരണം സ്വപ്നത്തിൽ കണ്ട നാൻസിയുടെ മുഖം അവനെ അത്രമേൽ അസ്വസ്ഥപ്പെടുത്തിയിരുന്നു. അതോടെ ഇനിയും അവളെ കാണാതെ പറ്റില്ലെന്നുറപ്പിച്ചുകൊണ്ട് അവൻ എണീറ്റ് ഡ്രസ്സ്‌ മാറ്റാൻ തുടങ്ങി.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story