വെപ്പാട്ടി: ഭാഗം 23

veppatti

രചന: അഭിരാമി ആമി

സണ്ണി റെഡിയായി വരുമ്പോൾ സമയം രാത്രി മൂന്നുമണി കഴിഞ്ഞിരുന്നു. ശബ്ദമുണ്ടാക്കാതെ മുൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ അവൻ ജീപ്പ് സ്റ്റാർട്ട്‌ ചെയ്ത് റോഡിലേക്കിറങ്ങി വേഗത്തിൽ കുതിച്ചു. പോകും വഴി ഇനിയും നാൻസിയെ തനിച്ചാക്കാനോ കൈവിട്ട് കളയാനോ കഴിയില്ല എന്ന ഉറച്ച തീരുമാനം അവൻ തന്റെ മനസ്സിൽ അരക്കിട്ടുറപ്പിച്ചിരുന്നു. എന്തുകൊണ്ടോ മുന്നോട്ട് പോകും തോറും മനസ്സിനെ വല്ലാത്തൊരു സന്തോഷം വന്ന് പൊതിയുന്നത് സണ്ണിയറിയുന്നുണ്ടായിരുന്നു. വയനാട്ടിലേക്കുള്ള യാത്രകളിൽ പതിവായുണ്ടാകാറുള്ള ഉറക്കം ഇന്നവനെ സ്പർശിക്കുന്നതുമില്ലായിരുന്നു. ആ യാത്രയിലുടനീളം അവന്റെ മനസിനെ ഭരിച്ചിരുന്നത് നാൻസി മാത്രമായിരുന്നു. അവളുമൊത്തുള്ള ഓരോ ഓർമകളിലും അവൻ പുഞ്ചിരി തൂകി. " ഇനിയെന്തിന്റെ പേരിലായാലും നിന്നേ ഞാൻ കൈവിട്ട് കളയില്ല നാൻസി..... " തന്നേ കാത്തിരിക്കുന്ന ദുരന്തമറിയാതെ അവനൊരു നേർത്ത പുഞ്ചിരിയോടെ ഓർത്തു. സണ്ണി ഓർഫണേജിൽ എത്തിയപ്പോൾ അതിന്റെ ഗേറ്റ് പോലും അടഞ്ഞു കിടക്കുകയായിരുന്നു. കുട്ടികളെയോ മറ്റുള്ള ജോലിക്കാരെയോ അന്തേവാസി കളെയോ പോലും അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. എങ്കിലും സെക്യൂരിറ്റി ഉണ്ടാകുമല്ലോ എന്ന ചിന്തയിൽ അവൻ ശക്തമായി ഹോണടിച്ചുകൊണ്ട് ഗേറ്റിനുള്ളിലേക്ക് നോക്കി.

പ്രതീക്ഷ പോലെ തന്നെ അകത്തെവിടെ നിന്നോ സെക്യൂരിറ്റി ഓടി ഗേറ്റിനരികിലേക്ക് വന്നു. " ഇവിടാരുമില്ലേ....??? " " ഇല്ല എല്ലാരും ഹോസ്പിറ്റലിലേക്ക് പോയേക്കുവാ..... " " ഹോസ്പിറ്റലിലോ അവിടെന്താ.....??? " " നാൻസി ടീച്ചറെ ഇന്ന് രാവിലെ അടിവാരത്ത് വച്ച് വണ്ടിയിടിച്ചു. ക്രിട്ടിക്കലായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയേക്കുവാ..... " നാൻസിയെ കൊണ്ടുവിട്ട ദിവസം സണ്ണിയെ കണ്ടിട്ടുണ്ടായിരുന്നതിനാൽ അയാൾ മടിക്കാതെ വിവരങ്ങൾ അവനെ ധരിപ്പിച്ചു. സെക്യൂരിറ്റി പറഞ്ഞ കാര്യങ്ങൾ കേട്ടതും സണ്ണിയുടെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. " നാൻസിക്ക്.....??? " അവൻ എങ്ങനെയൊക്കെയൊ ചോദിച്ചു. " ക്രിട്ടിക്കലാ. ജീവൻ കിട്ടുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നും ഇല്ല. ഇവിടെ പിള്ളേര് കിടന്ന് ടീച്ചറെ കാണണമെന്നും പറഞ്ഞ് ബഹളം കൂട്ടിയൊണ്ട് ഹോസ്പിറ്റലിലോട്ട് കൊണ്ടുപോയതാ എല്ലാവരേം കൂടെ. " അയാൾ വിഷമത്തോടെ പറയുമ്പോഴെല്ലാം തലേദിവസം രാത്രി കണ്ട ആ ചീത്ത സ്വപ്നമായിരുന്നു സണ്ണിയുടെ മനസ്സിൽ നിറയെ. അയാൾ പറഞ്ഞതൊക്കെ കേട്ടിട്ട് മെഡിക്കൽ കോളേജിലേക്ക് വണ്ടി വിടുമ്പോൾ ആ പെണ്ണിനെയോർത്ത് തന്റെ ആത്മാവ് പോലും പിടയുന്നത് പോലെ തോന്നി സണ്ണിയ്ക്ക്.

എങ്കിലും അപ്പോഴെല്ലാം അവൾക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് സ്വയം വിശ്വസിപ്പിക്കുവാൻ പെടാപ്പാട് പെടുകയായിരുന്നു അവന്റെ മനസ്. ഹോസ്പിറ്റലിൽ.... ചലനമറ്റ് കണ്ണുകൾ പൂട്ടി ദേഹമാസകലം മുറിവുകളും മറ്റുമായി ഐസിയു ബെഡിൽ കിടന്നിരുന്ന തങ്ങളുടെ ടീച്ചറെ നോക്കി ഗ്ലാസ് ഡോറിനിപ്പുറം നിന്ന് കണ്ണീരൊഴുക്കുകയായിരുന്നു ഓർഫണേജിലേ ആരുമില്ലാത്ത ആ കുഞ്ഞുങ്ങൾ. നാൻസി പക്ഷേ അതൊന്നുമറിയാതെ ജീവിതത്തിനും മരണത്തിനുമിടയിലെ മറ്റേതോ ഒരു ലോകത്തായിരുന്നു അപ്പോഴും. അവിടെയിരുന്നൊരുപക്ഷേ ആ മാലാഖക്കുഞ്ഞുങ്ങളുടെ കണ്ണീര് കണ്ട് മരണത്തിന്റെ പിടിയിലമർന്ന് കൊണ്ടിരിക്കുന്ന തന്റെ ജീവന് വേണ്ടി അവൾ കണ്ണീരോടെ ഏതോ ഒരു ശക്തിക്ക് മുന്നിൽ യാചിക്കുന്നുമുണ്ടാവാം. നാൻസിയെ കണ്ടുകഴിഞ്ഞ് മറ്റ് സിസ്റ്റർമാർക്കൊപ്പം കുഞ്ഞുങ്ങളെ ഓർഫണേജിലേക്ക് തിരികെ അയക്കാൻ പുറത്തേക്ക് വന്നതായിരുന്നു സിസ്റ്റർ ജോസഫൈൻ. അതേസമയം തന്നെയായിരുന്നു സണ്ണി അവിടെയെത്തിയത്.

" നാൻസിക്കെന്ത് പറ്റി മദർ.....?? എന്താ ഉണ്ടായത്.....??? " മദറിനെ കണ്ടതും ഓടിയവരുടെ അടുത്തേക്ക് ചെന്ന അവൻ ചോദിച്ചു. പക്ഷേ മറുപടിയൊന്നും പറയാൻ കഴിയാതെ വേദനകൊണ്ട് മൂടി നിന്നിരുന്ന ആ വൃദ്ധയ്ക്കൊന്ന് വിതുമ്പാൻ മാത്രമേ കഴിയുമായിരുന്നുള്ളു അപ്പോൾ. " എന്റെ കുഞ്ഞ്.... അവൾ..... " അവർ ഹോസ്പിറ്റലിനുള്ളിലേക്ക് ചൂണ്ടി വിതുമ്പിക്കരഞ്ഞു. ഐസിയുവിന് മുന്നിലെ ഗ്ലാസ് ഡോറിൽ മുഖം ചേർത്തകത്തേക്ക് നോക്കി നിൽക്കുമ്പോൾ സണ്ണിയുടെ കണ്ണുകളും സജലങ്ങളായിരുന്നു. " ഞാൻ..... ഞാനൊത്തിരി വൈകിപ്പോയല്ലോ നാൻസി.... നിന്നേ.... ഇങ്ങനെ കാണാൻ ആരുന്നോ ഞാൻ.... ഞാനോടി വന്നത്....???? " നിറഞ്ഞ കണ്ണുകൾ കൈത്തണ്ടയിലൊപ്പി അവൻ തേങ്ങി. " വിഷമിക്കല്ലേ സണ്ണി.... അവൾക്കൊന്നും പറ്റില്ല. അവൾ തിരികെ വരും. " അവന്റെ പിന്നിൽ നിൽക്കുകയായിരുന്ന മദർ വേദനയോടെങ്കിലും അവന് ധൈര്യം പകർന്ന് കൊണ്ട് പറഞ്ഞു. " ഞാനവളെ കൊണ്ടുപോകാൻ വന്നതാ മദർ.... എന്നിട്ട്.... എന്നിട്ട് ഞാൻ വന്നപ്പോ ഇങ്ങനാണോ അവളെന്നോട് ചെയ്യേണ്ടത്.... ഞാൻ.... ഞാനിനി ആരെ..... അവളോട് മര്യാദക്ക് എണീക്കാൻ പറ മദർ..... ഇല്ലെങ്കിൽ..... ഇല്ലെങ്കിൽ...... "

തന്റെ മുന്നിൽ നിന്ന് അകത്ത് കിടക്കുന്നവളെ നോക്കി ഒരു ഭ്രാന്തനെപ്പോലെ പുലമ്പുന്നവനെ കണ്ട് മദറിന്റെ കണ്ണുകളും നിറഞ്ഞു. അവനെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ അവർ കണ്ണീരോടെ കുരിശ് വരച്ച് പ്രാർത്ഥന ചൊല്ലി. വൈകുന്നേരമേ ഇനി വിസിറ്റേഴ്സിനെ അനുവദിക്കൂ എന്ന് പറഞ്ഞപ്പോൾ മദറിനെ കൂട്ടി പുറത്തേക്ക് ഇറങ്ങിയതായിരുന്നു സണ്ണി. " എന്താ മദർ ശരിക്കും ഉണ്ടായത്.....???? " ആളൊഴിഞ്ഞ ഒരിടത്ത് വന്നപ്പോൾ സണ്ണി സംശയത്തോടെ മദറിനെ നോക്കി ചോദിച്ചു. " രാവിലെ വലിയ പള്ളിയിൽ പോകാൻ ഇറങ്ങിയതാ നാൻസി. അപ്പഴാ.... അവനാ ആ കുര്യച്ഛൻ..... " മദർ പറഞ്ഞത് കേട്ടപ്പോൾ അതുവരെ ഉണ്ടായിരുന്ന വേദന പോലും മറന്ന് സണ്ണിയുടെ ഞരമ്പുകളിലേക്ക് രക്തം ഇരച്ചുകയറി. അവന്റെ കണ്ണുകൾ ചുവന്ന് കലങ്ങി. " കൊല്ലും ഞാനാ നായെ.... ഇനിയും അവനെ ഞാൻ വെറുതെ വിടില്ല. ആദ്യം എന്റെ പെങ്ങൾ..... ഇപ്പൊ എന്റെ പെണ്ണും..... കൊത്തിനുറുക്കും ഞാനാ പന്നിയെ...."

അവൻ പകയോടെ മുരണ്ടു. പക്ഷേ സിസ്റ്ററിന്റെ മുഖം ശാന്തം തന്നെയായിരുന്നു. " ഈ അവസരത്തിൽ നിന്റെ ചിന്ത ഇത്തരത്തിൽ തന്നെയാകുമെന്ന് കർത്താവുടയതമ്പുരാൻ മുന്നേ കണക്ക് കൂട്ടിയിരുന്നെന്ന് തോന്നുന്നു. " മദർ പതിയെ പറഞ്ഞു. സണ്ണി മനസ്സിലാകാതെ അവരുടെ കണ്ണുകളിലേക്ക് നോക്കി. " നിന്നേ പാപിയാക്കാതിരിക്കാൻ അവിടുന്ന് തന്നെ അവന്റെ വിധി തീർപ്പാക്കിയിരുന്നു കുഞ്ഞേ.... നാൻസി മോളെയിടിച്ച് കൊക്കയിലേക്ക് തള്ളിയിട്ട് പാഞ്ഞുപോയ കുര്യച്ചന്റെ വണ്ടിയൊരു ട്രക്കുമായി കൂട്ടിയിടിച്ച് അതേ കൊല്ലിയിലേക്ക് തന്നെ മറിഞ്ഞു. വണ്ടിക്ക് തീപ്പിടിച്ച് അയാൾ അപ്പോ തന്നെ മരിച്ചു. " ദുഷ്ട നിഗ്രഹം നടന്ന ആശ്വാസത്തോടെ മദർ പറഞ്ഞു നിർത്തുമ്പോൾ സണ്ണിയും ഇനി തനിക്കായൊന്നും ബാക്കിയില്ലെന്ന തിരിച്ചറിവിൽ മരവിച്ച് നിൽക്കുകയായിരുന്നു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story