വെപ്പാട്ടി: ഭാഗം 24

veppatti

രചന: അഭിരാമി ആമി

 അന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു വീണ്ടും ഐ സിയു വിലേക്ക് കയറാനുള്ള സമയം. ആ നേരത്ത് മദർ സണ്ണിയെ നാൻസിക്കരികിലേക്ക് അയച്ചു. ഐ സിയുവിന്റെ തണുപ്പിലേക്ക് കയറിചെല്ലുമ്പോൾ പക്ഷേ സണ്ണിയുടെ മനസും ശരീരവും ഒരുപോലെ തപിക്കുകയായിരുന്നു. അപ്പോഴും ഒന്നുമറിയാത്ത കിടക്കുകയായിരുന്ന നാൻസിക്കരികിൽ ചെന്ന് നിൽക്കുമ്പോൾ അവന്റെ കണ്ണുകൾ നീർഗോളങ്ങളായി. " നാൻസി..... നാൻസി..... " താനരികിലെത്തിയിട്ടും അതറിയാതെ കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി അവൻ പതിയെ വിളിച്ചു. പക്ഷേ അപ്പോഴും അതൊന്നും കേൾക്കാവുന്ന അകലത്തിലായിരുന്നില്ല ആ പെണ്ണിന്റെ ആത്മാവ്. വിറയാർന്ന കൈകൾ നീട്ടി അവനവളുടെ നെറ്റിയിൽ പതിയെ തലോടി. " ഞാൻ.... ഞാൻ നിന്നേ.... തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനാ നാൻസി വന്നത്. അന്ന്.... അന്ന് നീയെന്നോട് ഇഷ്ടം പറഞ്ഞപ്പോ ഞാൻ നിഷേധിച്ചത് കൊണ്ടാണോ നാൻസി നീയിപ്പോ എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ ഇങ്ങനെ കിടക്കുന്നത്. ആണോ....

പറ നാൻസി.... നിനക്ക്.... നിനക്ക് നിന്റെ സണ്ണിച്ചനോട്‌ പിണക്കമാണോ.....??? " ദേ നോക്ക് അതൊക്കെ നീ മറന്നുകള. പഴയതൊക്കെ മറന്ന് നിന്റെം മമ്മീടേം സോണിടേം ഒക്കെ ആഗ്രഹം പോലെ നിന്നേ കട്ടപ്പനയിലെ നമ്മുടെ വീട്ടിലോട്ട് കൂട്ടിക്കൊണ്ട് പോകാനാ ഞാൻ വന്നത്. പഴയത് പോലെ നിന്നേ.... നിന്നേ നാട്ടുകാര് അതുമിതുമൊന്നും ഇനി പറയില്ല നാൻസി. ഇനിയങ്ങനൊന്നും പറയാൻ നിന്റെ സണ്ണിച്ചൻ സമ്മതിക്കില്ല. നിന്റെ കഴുത്തിൽ മിന്നുകെട്ടിക്കൊണ്ട് പോകാനാ ഞാൻ വന്നത്..... അപ്പോ.... അപ്പോ നീയിങ്ങനെ എന്നോട് കെറുവിച്ച് കിടന്നാലെങ്ങനാ നാൻസി....?? കണ്ണുതുറന്നെന്നെയൊന്ന് നോക്ക് നാൻസി.... " അവളുടെ കാൽപ്പാദത്തിൽ പിടിച്ചുകൊണ്ട് പറഞ്ഞ സണ്ണിയുടെ കണ്ണുനീർ കൊണ്ട് ആ പെണ്ണിന്റെ കാലുകൾ നനഞ്ഞിരുന്നു അപ്പോൾ. പുറത്ത് നിന്നും അതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന മദറിന്റെ കണ്ണുകളും ആ രംഗം നോക്കിനിൽക്കേ നിറഞ്ഞൊഴുകി. " പരമകാരുണ്യവാനായാ ദൈവമേ.... ഈ കുഞ്ഞുങ്ങളുടെ ആഗ്രഹം സാധിച്ചുകൊടുക്കണേ.....

നാൻസിമോൾടെ ജീവനെ രക്ഷിക്കണേ.... ഇനിയീ വയസാംകാലത്ത് എനിക്കങ്ങയോട് ആവശ്യപ്പെടാൻ മറ്റൊന്നുമില്ല തമ്പുരാനെ...... അതുങ്ങളെ കൈവെടിയല്ലേ... " സിസ്റ്റർ ജോസഫൈൻ നെഞ്ചുരുകി കണ്ണീരോടെ പ്രാർത്ഥിച്ചു. അപ്പോഴും നാൻസിയൊന്ന് കണ്ണ് തുറന്ന് കാണാനില്ല ശ്രമത്തിൽ തന്നെയായിരുന്നു സണ്ണി. " നാൻസി..... ഒന്ന് കണ്ണ് തുറന്ന് നിന്റെ സണ്ണിച്ചനെയൊന്ന് നോക്ക് മോളേ.... എല്ലാത്തിനും മാപ്പ് മോളേ.... നിന്റെ സണ്ണിച്ചനല്ലേ..... വിവരവും ബോധവുമില്ലാത്ത എന്റെ പോക്കണം കേടായി കണ്ട് പൊറുത്തൂടേ നാൻസി നിനക്ക്..... അന്ന് നിന്നോടങ്ങനെ പറഞ്ഞതിനും ഒറ്റയ്ക്കിവിടെ കൊണ്ട് കളഞ്ഞിട്ട് പോയതിനും എല്ലാത്തിനും ഞാൻ നിന്റെ കാലുപിടിച്ച് മാപ്പ് പറയാം നാൻസി. അതിന്റെ പേരിൽ എന്നോടിങ്ങനെ പിണങ്ങിക്കിടക്കല്ലേ നാൻസി നീ..... ഈ കിടപ്പ് കണ്ട് നിക്കാൻ വയ്യ പെണ്ണെ.... നെഞ്ചിലെന്നതോ ഇരുന്ന് അള്ളിപിടിക്കുവാ..... നിന്നേ.... നിന്നേ എനിക്കത്ര ഇഷ്ടമായിരുന്നെടി.... പക്ഷേ.... പക്ഷേ ഈ വിവരദോഷിക്ക് അത് മനസിലാക്കാൻ പറ്റിയില്ല. എന്റെ ചങ്ക് പൊട്ടിപ്പോകും മോളേ ഇനിയും നീയിങ്ങനെ കിടന്നാൽ....

നാൻസി മോളേ..... നിന്റെ സണ്ണിച്ചനാടി വിളിക്കുന്നെ.... മര്യാദക്ക് കണ്ണ് തുറന്നെണീച്ച് വാടീ.... ഞാൻ.... ഞാൻ ഇപ്പൊ ഈ നിമിഷം മുതൽ നന്നായെടീ.... നീ പറഞ്ഞപോലെ ഞാൻ മമ്മിയോട്‌ സംസാരിച്ചു. ഇപ്പൊ ഞാൻ വേദനിപ്പിക്കാറില്ല. നീ അങ്ങോട്ട് വരുമ്പോ നിനക്ക് കാണാം. എല്ലാം.... എല്ലാം നീ പറയുന്ന പോലെ ഞാൻ കേട്ടോളാം. എന്നേ.... എന്നേ വിട്ടേച്ച് പോകല്ലേ നാൻസി..... എനിക്ക്... എനിക്ക് നീയില്ലാതെ വയ്യ നാൻസി..... നിന്നേ.... നിന്നേ എനിക്കത്ര ഇഷ്ടവാ..... ഒത്തിരിയൊത്തിരി ഇഷ്ടവാ നാൻസി..... ഒന്നെണീക്ക്.... " " ആ മതി മതി..... സമയം കഴിഞ്ഞു. പുറത്തേക്കിറങ്ങ്. ഐസി യു വിനുള്ളിലെ വിസിറ്റേഴ്‌സ് സമയം കഴിഞ്ഞതും ഡ്യൂട്ടി നേഴ്‌സ് വന്ന് അവനെ നിർബന്ധപൂർവ്വം പുറത്തേക്ക് ഇറക്കി വിടുമ്പോഴും താൻ പറഞ്ഞതൊക്കെ കേട്ട് നാൻസിയൊന്ന് ചലിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ എന്ന പ്രതീക്ഷയോടെ അവളെ തന്നെ തിരിഞ്ഞ് നോക്കുകയായിരുന്നു സണ്ണി. പക്ഷേ അവളപ്പോഴും നിദ്രയുടെ അഗാധ ഗർത്തത്തിൽ തന്നെ ആണ്ട് കിടക്കുകയായിരുന്നു.

" ഞാൻ.... ഞാൻ വിളിച്ചിട്ടവളൊന്ന് കണ്ണ് തുറന്നെന്നെ നോക്കിയത് പോലുമില്ല മദർ.... അവളങ്ങനെ തന്നെ കിടക്കുവാ.....'' പുറത്തേക്ക് വന്നതും ആ വൃദ്ധയെ കെട്ടിപ്പിടിച്ച് ഒരു കൊച്ച് കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു സണ്ണി. ആ അവസ്ഥയിൽ അവനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ അവരും കുഴങ്ങി നിന്നു. പിറ്റേദിവസം പത്തുമണിക്ക് ഇടവക പള്ളിയിൽ വച്ചായിരുന്നു കുര്യച്ചന്റെ അടക്കം. പള്ളിയിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് ശവം സെമിത്തേരിയിലേക്ക് കൊണ്ടുവന്നപ്പോൾ ഇടവകയിൽ പെട്ട ഒരുപാട് ആളുകളും അവിടെ കൂടിയിരുന്നു. അപ്പന്റെ ശവം കൊണ്ട് വച്ചപ്പോൾ മകൾ ഐലിൻ വാവിട്ട് കരഞ്ഞെങ്കിലും ആൺകുട്ടിയാണെന്ന തോന്നല് കൊണ്ടൊ എന്തോ എബിൻ നിറ കണ്ണുകളോടെ നിന്നതേയുള്ളു. സലോമിയാണെങ്കിൽ കുര്യച്ചന്റെ ശവത്തിലേക്ക് നോക്കി ഒരു ശില പോലങ്ങനെയിരുന്നു. അവരൊന്നു കരയുന്നത് പോയിട്ട് ആ കണ്ണുകളൊന്ന് ചലിക്കുന്നുപോലുമുണ്ടായിരുന്നില്ല. ഒരു പ്രത്യേക ഭാവത്തിൽ കല്ലിച്ച മുഖത്തോടെ ഇരിക്കുന്ന സലോമിയെ എല്ലാവരും ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു.

പക്ഷേ അവരുടെ നോട്ടം മുഴുവനും ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിലേക്ക് മാത്രമായിരുന്നു. ഒടുവിൽ ചടങ്ങുകളെല്ലാം പൂർത്തിയാക്കി കുര്യന്റെ ശവത്തെ വഹിച്ചിരുന്ന പെട്ടി കുഴിയിലേക്ക് ഇറക്കി വച്ചപ്പോൾ ആരൊക്കെയൊ ചേർന്ന് സലോമിയെ പിടിച്ചെണീപ്പിച്ചു. എബിക്കും ഐലിനും കണ്ണീരോടെ അപ്പന്റെ കുഴിയിലേക്ക് ഒരുപിടി മണ്ണ് വാരിയിട്ടു. എന്നിട്ടും ചലനമില്ലാതിരുന്ന സലോമിയെക്കൊണ്ട് ആരോ നിർബന്ധപൂർവ്വം ആ ചടങ്ങ് ചെയ്യിക്കുകയായിരുന്നു. വിരലുകൾക്കിടയിലൂടെ ആ വരണ്ട മണ്ണ് കുഴിയിലേക്ക് വീണതും അതുവരെയുണ്ടായിരുന്ന നിശബ്ദതയെ ഭേദിച്ച സലോമിയുടെ നിലവിളി സെമിതേരിയിൽ മുഴങ്ങി. " അച്ചായാ ..... എന്റെ കർത്താവേ എന്നേ കളഞ്ഞേച്ച് പൊക്കളഞ്ഞല്ലോ.... അച്ചായോ..... ഞാനിനി എന്നാത്തിനാ മനുഷ്യാ ജീവിക്കുന്നെ..... പോയപ്പോ എന്നേ കൂടെ കൂട്ടാരുന്നില്ലേ..... " നെഞ്ചുലഞ്ഞുള്ള ആ സ്ത്രീയുടെ നിലവിളിയെക്കവർന്ന് പച്ച മണ്ണിന്റെയൊരു കൂന കുര്യച്ചനെ ഭൂമിയുടെ അടിത്തട്ടിലേക്ക് അമർത്തി വച്ചു. ഇനിയാരുടെയും ജീവനെടുക്കാൻ അയാൾ ഉണ്ടാവില്ല. എന്നന്നേക്കുമായി എല്ലാ മോഹങ്ങളും ആ മൺകൂനയ്ക്കുള്ളിൽ ബാക്കി വച്ച് അയാൾ യാത്രയായി.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story