വെപ്പാട്ടി: ഭാഗം 25

veppatti

രചന: അഭിരാമി ആമി

 മൂന്ന് ദിവസങ്ങൾ കൂടി കഴിഞ്ഞിട്ടായിരുന്നു നാൻസിക്ക് ബോധം തെളിഞ്ഞത്. അതിന് ശേഷമായിരുന്നു സണ്ണിയ്ക്കും സമാധാനമായത്. ബോധം വന്നശേഷം മദറ് പറഞ്ഞിട്ട് സണ്ണിയിൽ വന്ന മാറ്റങ്ങളും അവൾക്ക് ബോധമില്ലാതെ കിടന്നപ്പോൾ അവൻ കാട്ടിക്കൂട്ടിയ ബഹളങ്ങളും പിന്നെ കുര്യച്ചന്റെ മരണവും എല്ലാം നാൻസിയറിഞ്ഞിരുന്നു. പക്ഷേ പിന്നീട് സണ്ണിയെ മുഖാമുഖം കണ്ടിട്ട് പോലും അവളവനോട്‌ മിണ്ടാനോ അവനെയൊന്ന് നോക്കാനോ പോലും ശ്രമിച്ചില്ല. അതിൽ വേദനയുണ്ടായിരുന്നുവെങ്കിലും സണ്ണിയും അവളോടതിന്റെ കാരണം തിരക്കാനോ സംസാരിക്കാനോ ശ്രമിച്ചില്ല. " മദറിവിടെ കാണില്ലേ ഞാൻ പുറത്തേക്കൊന്നിറങ്ങിയിട്ട് വരാം..... " നാൻസിക്ക് ബോധം വന്നതിന്റെ നാലാം നാൾ വൈകുന്നേരമായിരുന്നു അപ്പോൾ. " ഞാനെവിടെ പോകാനാ കുഞ്ഞേ.... ഇവിടെ തന്നെ കാണും. " " മ്മ്ഹ് എന്നാ ഞാൻ പെട്ടന്ന് വരാം. " പറഞ്ഞിട്ട് സണ്ണി പുറത്തേക്ക് പോകാൻ തുടങ്ങി. " സണ്ണി..... " " ആഹ്.... എന്താ മദർ എന്തേലും വാങ്ങണോ.....??? "

പെട്ടന്ന് മദർ വിളിച്ചപ്പോൾ എന്തെങ്കിലും ആവശ്യമുണ്ടാകുമെന്ന് കരുതി സണ്ണി ചോദിച്ചു. " നിങ്ങൾ ഇതുവരെ ഒരുവാക്ക് പോലും സംസാരിച്ചില്ലല്ലോ.... എന്തേ അങ്ങനെ.....??? " പെട്ടന്ന് മദറങ്ങനെ ചോദിച്ചപ്പോൾ സണ്ണിക്ക് എന്ത് പറയണമെന്നറിയുമായിരുന്നില്ല. " അത്.... അതുപിന്നെ മദർ..... " അവൻ നിന്ന് വിക്കുന്നത് കണ്ടപ്പോൾ മദറെണീറ്റ് അവന്റെ അരികിലേക്ക് ചെന്നു. " എന്താ അവൾക്ക് ബോധം വരുന്നത് വരെയുള്ളായിരുന്നോ നിന്റെ സ്നേഹം..... അതോയിനി അവളങ്ങ് മരിച്ചുപോകുമെന്ന് കരുതിയായിരുന്നോ ഉള്ളിൽ നിറച്ചുവച്ച സ്നേഹം മുഴുവനും കൂടി നീയവളുടെ മേലേക്ക് ചൊരിഞ്ഞത്.....??? " " മദർ..... " അവരുടെ കൂരമ്പ് പോലെയുള്ള ചോദ്യം ഹൃദയത്തിലെവിടെയോ ചെന്ന് തറഞ്ഞപ്പോൾ അവൻ വേദനയോടെ വിളിച്ചു. ആ കണ്ണുകളിൽ വേദന നിഴലിച്ചു. " ഞാൻ നിന്നേ വേദനിപ്പിക്കാൻ പറഞ്ഞതല്ല കുഞ്ഞേ..... പക്ഷേ..... ഒരുകാര്യം നിങ്ങൾ രണ്ടാളും മനസിലാക്കണം. ഈ ഭൂമിക്ക് മുകളിൽ ജീവിച്ചിരിക്കുമ്പോൾ മാത്രമേ മനുഷ്യന് സ്നേഹത്തിന്റെ ആവശ്യമുള്ളു.

മരിച്ച് മണ്ണടിഞ്ഞുകഴിഞ്ഞാൽ മനുഷ്യന് സ്നേഹമെന്നല്ല ഈ ഭൂമിയിലുള്ളതൊന്നും തന്നെ ആവശ്യമില്ല. മരിച്ചുപോയവരുടെ കല്ലറയിൽ പൂക്കൾ വെക്കുകയും മെഴുകുതിരി കത്തിച്ചു വച്ച് പ്രാർഥിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. ഒരുപക്ഷേ അങ്ങനെ ചെയ്യുന്നത് വല്ലാത്തൊരു നൊമ്പരം മാത്രമേ ആ ആത്മാക്കൾക്ക് നൽകാൻ കഴിയൂ. ജീവിച്ചിരുന്നപ്പോൾ ഒന്ന് ചേർത്ത് പിടിക്കുകയൊ സ്നേഹിക്കുകയൊ ചെയ്യാതെ മരിച്ചു കഴിഞ്ഞിട്ട് സ്നേഹമുണ്ടായിരുന്നു എന്ന് പറഞ്ഞ് കണ്ണീരൊഴുക്കുമ്പോൾ ആ കണ്ണീരിന്റെ ചൂടിൽ അങ്ങേലോകത്തിരുന്ന് പോലും ആ ആത്മാക്കൾ വെന്തുരുകും. അങ്ങനെയൊരവസ്ഥ നിങ്ങൾക്ക് വരാതിരിക്കാനാ മദർ പറയുന്നത്. നിങ്ങൾ പരസ്പരം സംസാരിക്കണം. പറയാനുള്ളതെല്ലാം പറഞ്ഞ് തീർത്ത് പുതിയൊരു ജീവിതം തുടങ്ങണം.. " സണ്ണിയുടെ തോളിൽ തട്ടിക്കൊണ്ട് ആ വൃദ്ധ പറഞ്ഞു. " എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല മദർ..... പക്ഷേ എന്തോ ഒരു ധൈര്യം കിട്ടുന്നില്ല.

ഒരിക്കൽ അവളെ കൈവിടരുതേ എന്ന് പറഞ്ഞവളെന്റെ കാല് പിടിച്ചിട്ടുണ്ട്. പക്ഷേ എന്നിലെ അപകർഷതാ ബോധം കൊണ്ട് എനിക്കവളെ തിരസ്കരിക്കാനേ കഴിഞ്ഞുള്ളു. എന്നിട്ട്..... എന്നിട്ടൊരു ദയവും കൂടാതെയാ ഞാനവളെ മദറിന്റെ അടുത്ത് കൊണ്ടാക്കിയിട്ട് പോയത്. അന്ന് ചിലപ്പോൾ അവളൊരുപാട് ആഗ്രഹിച്ചുകാണും അവളാഗ്രഹിക്കും പോലെ ഞാനവളെ ഒപ്പം കൂട്ടണമെന്ന്. പക്ഷേ ഞാനതിന് തയാറായില്ല. എന്നിട്ടിപ്പോ ഒരിക്കൽ തഴഞ്ഞ അവളോട് വീണ്ടും എന്റെ ജീവിതത്തിലേക്ക് വരാൻ പറയാൻ എനിക്കെന്തോ ഒരു ധൈര്യം കിട്ടുന്നില്ല. ഒരുപക്ഷേ ഇല്ലെന്നാണ് അവളുടെ മറുപടിയെങ്കിൽ ഞാൻ...... " അത്രയും പറഞ്ഞിട്ട് സണ്ണി പിന്നീടൊന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. പക്ഷേ അവന്റെ ഉള്ളിൽ എന്താണെന്ന് മദറിന് മനസിലാക്കുവാൻ അത് മതിയായിരുന്നു. അവൻ പോകുന്നത് നോക്കി നിന്നിട്ട് മദർ അകത്തേക്ക് കയറി ചെല്ലുമ്പോൾ ബെഡിൽ കണ്ണുകൾ തുറന്നെന്തോ ആലോചിച്ചുകൊണ്ട് കിടക്കുകയായിരുന്നു നാൻസി. വാതിൽ തുറക്കുന്നത് കേട്ടതും അവൾ പ്രതീക്ഷയോടെ അങ്ങോട്ട് നോക്കി.

മദറിനെ കണ്ടതും ആ മിഴികളിലെ തിളക്കം മങ്ങിയെങ്കിലും അവൾ പുഞ്ചിരിച്ചു. പക്ഷേ വീണ്ടുമെന്തോ ഒരു പ്രതീക്ഷയിൽ അവൾ വാതിൽക്കലേക്ക് തന്നെയൊന്ന് പാളി നോക്കി. അത് കണ്ടപ്പോൾ തന്നെ അവൾ സണ്ണിയെ നോക്കുവാണെന്ന് മദറിന് മനസ്സിലായി. " സണ്ണിയേയാണോ മോള് നോക്കുന്നെ.... ഇപ്പൊ പുറത്തേക്ക് പോയതേയുള്ളൂ. " " ഏയ് ഞാൻ സണ്ണിച്ചനെ നോക്കിയതൊന്നുമല്ല മദർ.... ഞാൻ ചുമ്മാ.... " " എന്തിനാ മോളേ ഇങ്ങനെ കള്ളം പറയുന്നത്. നീയവനെ തന്നെയാ നോക്കിയതെന്ന് എനിക്ക് നന്നായറിയാം. രണ്ടാളും ഇങ്ങനെ മിണ്ടാതെയും പറയാതെയും എത്ര നാള് കഴിയും. നീ ബോധമില്ലാതെ കിടന്ന സമയത്തെ കാര്യങ്ങളെല്ലാം ഞാൻ നിന്നോട് പറഞ്ഞില്ലേ. എന്നിട്ടും നീയെന്താ ഇങ്ങനെ.....???? " " ഞാൻ മനഃപൂർവമല്ല മദർ..... പക്ഷേ എന്തോ ഒന്ന് സണ്ണിച്ചനോട് പഴയത് പോലെ ഇടപഴകുന്നതിൽ നിന്നും എന്നേ പിന്നോട്ട് വലിക്കുന്നുണ്ട്. പക്ഷേ അത് മനസിലാക്കി സണ്ണിച്ചൻ എന്നോട് സംസാരിക്കുമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ സണ്ണിച്ചൻ..... " അവൾ വിതുമ്പി. " കരയല്ലേ മോളേ....

അധികം സംസാരിക്കാൻ പോലും പാടില്ലെന്നാ ഡോക്ടറ് പറഞ്ഞേക്കുന്നത്. അപ്പോ ഇങ്ങനെ കിടന്നു കരയുന്നത് വല്ലോം കണ്ടാൽ അവര് വഴക്ക് പറയും. " ഡ്യൂട്ടി നേഴ്‌സ് വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട് മദർ പറഞ്ഞു. അതോടെ നാൻസിയും സ്വയം നിയന്ത്രിച്ചു. " സണ്ണിച്ചൻ മാറിയെന്നൊക്കെ മദറ് പറഞ്ഞെങ്കിലും എനിക്ക് പേടിയാ മദർ...... ഒരിക്കൽ സണ്ണിച്ചന്റെ മുന്നിൽ മനസ് തുറന്നിട്ടും തോറ്റുപോയവളാ ഞാൻ. ഇനിയും അങ്ങനെ ഒരു തോൽവി എനിക്ക് സഹിക്കാൻ പറ്റില്ല മദർ. അത്..... അതിനിയും ഞാൻ താങ്ങില്ല. അതാ ഞാനായിട്ട് ഒന്നിനും പോകാത്തത്. അല്ലാതെ..... അല്ലാതെ സണ്ണിച്ചനോട്‌ ദേഷ്യമുണ്ടായിട്ടൊന്നുമല്ല. " വിതുമ്പിക്കരഞ്ഞുകൊണ്ട് പറഞ്ഞ നാൻസിയുടെ കയ്യിൽ വെറുതെ തലോടിക്കൊണ്ടിരുന്നു മദർ. മനസിലുള്ളതൊക്കെ മതറിനോട് തുറന്നു പറഞ്ഞുകഴിഞ്ഞപ്പോൾ അവളുടെ മനസിനും വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു അപ്പോൾ. പിന്നെയും കുറേ സമയം കഴിഞ്ഞായിരുന്നു സണ്ണി തിരികെ വന്നത്. പക്ഷേ അപ്പോഴേക്കും നാൻസി വീണ്ടും ക്ഷീണിച്ചുറങ്ങിയിരുന്നു. സണ്ണി വരുമ്പോൾ അവനൊപ്പം മദർ കണ്ടിട്ടില്ലെങ്കിലും നാൻസിയിലൂടെ ഒരുപാട് അടുപ്പമുണ്ടായിരുന്ന രണ്ട് പേർ കൂടിയുണ്ടായിരുന്നു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story