വെപ്പാട്ടി: ഭാഗം 26

veppatti

രചന: അഭിരാമി ആമി

" സണ്ണിച്ചൻ മാറിയെന്നൊക്കെ മദറ് പറഞ്ഞെങ്കിലും എനിക്ക് പേടിയാ മദർ...... ഒരിക്കൽ സണ്ണിച്ചന്റെ മുന്നിൽ മനസ് തുറന്നിട്ടും തോറ്റുപോയവളാ ഞാൻ. ഇനിയും അങ്ങനെ ഒരു തോൽവി എനിക്ക് സഹിക്കാൻ പറ്റില്ല മദർ. അത്..... അതിനിയും ഞാൻ താങ്ങില്ല. അതാ ഞാനായിട്ട് ഒന്നിനും പോകാത്തത്. അല്ലാതെ..... അല്ലാതെ സണ്ണിച്ചനോട്‌ ദേഷ്യമുണ്ടായിട്ടൊന്നുമല്ല. " വിതുമ്പിക്കരഞ്ഞുകൊണ്ട് പറഞ്ഞ നാൻസിയുടെ കയ്യിൽ വെറുതെ തലോടിക്കൊണ്ടിരുന്നു മദർ. മനസിലുള്ളതൊക്കെ മതറിനോട് തുറന്നു പറഞ്ഞുകഴിഞ്ഞപ്പോൾ അവളുടെ മനസിനും വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു അപ്പോൾ. പിന്നെയും കുറേ സമയം കഴിഞ്ഞായിരുന്നു സണ്ണി തിരികെ വന്നത്. പക്ഷേ അപ്പോഴേക്കും നാൻസി വീണ്ടും ക്ഷീണിച്ചുറങ്ങിയിരുന്നു. സണ്ണി വരുമ്പോൾ അവനൊപ്പം മദർ കണ്ടിട്ടില്ലെങ്കിലും നാൻസിയിലൂടെ ഒരുപാട് അടുപ്പമുണ്ടായിരുന്ന രണ്ട് പേർ കൂടിയുണ്ടായിരുന്നു. " മദർ....... ഇതെന്റെ മമ്മിയും പെങ്ങളുമാണ്. "

തന്റെയൊപ്പം വന്നവരെ മദറിന് പരിചയപ്പെടുത്തിക്കൊണ്ട് സണ്ണി പറഞ്ഞു. അത് കേട്ട് സിസ്റ്റർ ജോസഫൈൻ പരിചിത ഭാവത്തിൽ അവരേ നോക്കി പുഞ്ചിരിച്ചു. " മനസിലായി. കണ്ടിട്ടില്ലന്നല്ലേയുള്ളൂ. നാൻസി മോള് പറഞ്ഞിട്ട് രണ്ടാളേം നല്ല പരിചയമാ. അതുകൊണ്ട് പെട്ടന്ന് പിടികിട്ടി. " റേച്ചലിന്റെ കരം ഗ്രഹിച്ച് പുഞ്ചിരിയോടെ മദർ പറഞ്ഞു. അതുകേട്ട് റേച്ചലും സോണിയും ചിരിച്ചു. " നാൻസി മോൾക്കിപ്പോ എങ്ങനുണ്ട്.....??? " റേച്ചലിന്റെ സ്വരത്തിൽ ഉത്കണ്ഠ നിറഞ്ഞിരുന്നു അപ്പോൾ. " ഇപ്പൊ കുഴപ്പമൊന്നുമില്ല. പേടിക്കേണ്ട സ്റ്റേജ് ഒക്കെ കഴിഞ്ഞെന്നാ രാവിലെ ഡോക്ടർ വന്നപ്പോ പറഞ്ഞത്. നാളെ മിക്കവാറും വാർഡിലേക്ക് മാറ്റും. " " സണ്ണി എല്ലാം പറഞ്ഞത് ഇന്നലെ ഫോൺ വിളിച്ചിട്ടാ. എന്റെ കൊച്ച് ആശുപത്രിയിലാണെന്ന് കൂടി കേട്ടപ്പോ പിന്നെ എനിക്കവിടെ ഇരുപ്പുറച്ചില്ല.

ഈ പെണ്ണിനാണേൽ അതിന്റപ്പുറത്തെ വെപ്രാളം. അങ്ങനാ കാലത്ത് തന്നെ പുറപ്പെട്ടത്...... " റേച്ചൽ വിശദീകരിച്ചു. " നമുക്ക് ഇവിടിരിക്കാം. ഇനി രാത്രിയെ അകത്തോട്ട് ആളെ കയറ്റി വിടൂ. " " ആഹ് എന്നാ നിങ്ങള് സംസാരിക്ക്. ഞാൻ ചായ വാങ്ങിട്ടു വരാം.... " സണ്ണി പുറത്തേക്ക് പോകുന്നത് നോക്കിക്കൊണ്ട് നോക്കിക്കൊണ്ട് മദറും റേച്ചലും കൂടി വിസിറ്റേഴ്സിനിരിക്കാനുള്ള കസേരയിലേക്ക് ഇരുന്നു. സോണിയ അപ്പോഴും ഗ്ലാസ് ഡോറിൽ കൂടി അകത്തു കിടക്കുന്ന നാൻസിയെ നോക്കിക്കൊണ്ട് നിക്കുവാരുന്നു. " ഞാനോ ഈ പെങ്കൊച്ചോ ഒന്നുമറിഞ്ഞില്ല മദറേ.... കെട്ടിക്കോളാം അതിന് മുന്നേ ചടങ്ങിന് നാൻസിയെ അവളുടെ അങ്കിളിന്റെ വീട്ടിൽ ആക്കാമെന്നും പിന്നെ കെട്ട് കഴിഞ്ഞ് നാട്ടുനടപ്പനുസരിച്ച് കൂട്ടിക്കൊണ്ട് വരുമെന്നുമൊക്കെ അവര് രണ്ടും കൂടെ പറഞ്ഞപ്പോ എന്റെ നേർബുദ്ധിക്ക് ഞാനത് കണ്ണും പൂട്ടി വിശ്വസിച്ചു. പക്ഷേ ഇവിടെ കൊണ്ടുവന്നതിനെ അനാഥാലയത്തിൽ ആക്കിട്ടാ അവൻ തിരിച്ചു വന്നതെന്നൊന്നും ഞാനറിഞ്ഞില്ല....

. ചോദിച്ചപ്പോ അങ്കിളിന്റെ വീട്ടിൽ ആക്കി കുഴപ്പമൊന്നും ഇല്ലാന്നാ പറഞ്ഞത്. " നാൻസി കട്ടപ്പനയിൽ നിന്നും പോന്നത് മുതലുള്ള ഓരോ കാര്യങ്ങളും പരസ്പരം പറയുന്നതിനിടയിൽ റേച്ചൽ വിഷമത്തോടെ പറഞ്ഞു. " എല്ലാം വിധിയാ റേച്ചലേ.... ഓരോന്നും നടക്കേണ്ടുന്ന നേരം കർത്താവുടയ തമ്പുരാൻ മുൻകൂട്ടി നിശ്ചയിച്ച് വച്ചിട്ടുണ്ട്. അതിനനുസരിച്ചേ അതൊക്കെ നടക്കൂ.... അതില് നമ്മള് വിഷമിച്ചിട്ടു കാര്യമില്ല. എല്ലാം അവിടുത്തെ കൈകളിലല്ലേ.... " മദർ റേച്ചലിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. രാത്രി എട്ടുമണിക്ക് വീണ്ടും ഐസിയുവിനുള്ളിൽ കയറാനുള്ള സമയമുണ്ടായിരുന്നു. അതിനിടയിൽ റേച്ചലിനെയും സോണിയെയും ഗ്ലാസിൽ കൂടി കണ്ടിരുന്നത് കൊണ്ടുതന്നെ നാൻസി അവരേ കാത്ത് ഉറങ്ങാതെ കിടക്കുക തന്നെയായിരുന്നു. റേച്ചലും സോണിയും മദറും കൂടിയായിരുന്നു അകത്തേക്ക് കയറിയത്. സണ്ണി പുറത്ത് തന്നെ നിന്നതേയുള്ളു. " മമ്മി.... സോണി..... " വാതിൽ തുറക്കുന്ന ഒച്ച കേട്ടതും തല പൊക്കി നോക്കിക്കൊണ്ട് നാൻസി സന്തോഷത്തോടെ വിളിച്ചു.

" വേണ്ട നീയിനിയെന്നെ മമ്മിന്ന് വിളിച്ചു പോകരുത്. അങ്ങനെ കണ്ടിരുന്നെങ്കിൽ എന്നോട് നുണയും പറഞ്ഞ് നീയോടി ഇങ്ങോട്ട് പോരുമായിരുന്നോ.....??? ഇപ്പൊ ഇങ്ങനൊക്കെ ആയത് കൊണ്ട് വീണ്ടുമൊന്ന് കാണാനെങ്കിലും പറ്റി. അല്ലാരുന്നേൽ ഇത് പോലും നടക്കുകേലാരുന്നു. ഞങ്ങള് രണ്ട് മണ്ടികള് നിങ്ങടെ കെട്ടും സ്വപ്നം കണ്ട് ഇന്നുവരും നാളെ വരുമെന്ന് കരുതി കാത്തിരുന്നേനെ. നിങ്ങള് മിടുക്കരായിട്ടും നടന്നേനെ. " വന്ന് കയറിയ പാടെ റേച്ചൽ പരാതിപ്പെട്ടു. പൊടുന്നനെ നാൻസിയുടെ മുഖം കുനിഞ്ഞ് പോയി. " മമ്മീ അതുപിന്നെ.... " അവളെന്താ പറയേണ്ടതെന്നറിയാതെ വിഷമത്തോടെ അവരേ നോക്കി. " ഏത് പിന്നെ..... ഞങ്ങളോട് കള്ളം പറഞ്ഞു പോരുമ്പോൾ നിനക്ക് ഞാൻ മമ്മിയല്ലാരുന്നോഡീ....??? " " സണ്ണിച്ചനെന്നെ വേണ്ടെന്ന് തീർത്തു പറഞ്ഞു. പിന്നെ ഞാൻ എന്തിനാ മമ്മി അവിടെ കടിച്ചു തൂങ്ങുന്നേ....???? പിന്നല്ലെങ്കിൽ സണ്ണിച്ചൻ പറഞ്ഞത് പോലെ കെട്ട് നടക്കാൻ പോകുവാണെന്നുള്ള നാടകം കളിച്ച് അവിടെ നിക്കണം. അതിന് എനിക്ക് വയ്യാരുന്നു മമ്മി.....

നിങ്ങളെ പറ്റിക്കേണ്ടി വരുന്നത് മാത്രമായിരുന്നില്ല അങ്ങനെ നിൽക്കുന്നതിൽ എനിക്കുള്ള പ്രശ്നം. ഒരിക്കലും നടക്കാത്ത ഒരു കാര്യം നടക്കുമെന്ന് പറഞ്ഞ് നാടകം കളിക്കാനൊക്കെ നിന്നാൽ ചിലപ്പോൾ വീണ്ടും എന്റെ മനസ് വേണ്ടാത്തതൊക്കെ മോഹിക്കാൻ തുടങ്ങും. അങ്ങനെ മോഹിച്ചു കഴിഞ്ഞു പിന്നെയും ആരുമല്ലാതാകാൻ വയ്യാഞ്ഞിട്ടാ ഞാൻ....അതിനൊന്നും വയ്യാഞ്ഞിട്ടാ എല്ലാം അവസാനിപ്പിച്ച് ഞാനവിടുന്ന് പോന്നത്..... എന്നോട്..... എന്നോട് ക്ഷമിക്ക് മമ്മി.... " അതും പറഞ്ഞ് വിതുമ്പിക്കരയുന്നവളെ കണ്ടപ്പോൾ റേച്ചലിനും പ്രയാസം തോന്നി. " കരയല്ലേ മോളേ.... ഞാനെന്റെ വിഷമം കൊണ്ട് പറഞ്ഞതാ.... അതോർത്ത് മോള് കരയണ്ട. പോട്ടെ.... ആപത്തൊന്നും സംഭവിക്കാതെ എന്റെ മോളേ തിരിച്ചു കിട്ടിയല്ലോ അത് മതി മമ്മിക്ക്. കരയല്ലേ മോളേ..... " നാൻസിയുടെ കണ്ണുകൾ ഒപ്പി അവളെ ആശ്വസിപ്പിച്ചുകൊണ്ട് റേച്ചൽ പറഞ്ഞു. ഇതെല്ലാം കണ്ടുകൊണ്ട് സണ്ണി പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.

നാൻസിയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അകത്തേക്കോടി ചെന്നവളെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കാൻ തോന്നി അവന്. പക്ഷേ തങ്ങൾക്ക് പറയാനും കേൾക്കാനുമുള്ള നേരത്ത് ഇടയിൽ മറ്റാരും വേണ്ടെന്ന് കരുതി അവൻ സ്വയമടങ്ങി. റേച്ചലിനെയും സോണിയേയും കൊണ്ട് എസ്റ്റേറ്റിലേക്ക് പോകുമ്പോൾ സണ്ണി നിർബന്ധിച്ച് മദറിനെയും ഒപ്പം കൂട്ടിയിരുന്നു. കാരണം നാൻസി ഹോസ്പിറ്റലിൽ ആയ സമയം മുതൽ അവരും അവൾക്കൊപ്പം തന്നെയായിരുന്നു. ഇന്നെങ്കിലും പോയി അല്പം വിശ്രമിക്കാൻ പറഞ്ഞൊരുപാട് നിർബന്ധിച്ചിട്ടായിരുന്നു അവർ റേച്ചലിനും സോണിയ്ക്കും ഒപ്പം പോകാൻ തയാറായത്. മാത്രമല്ല അവരാരും ഇല്ലാത്ത ആ സമയം തങ്ങൾക്ക് മനസ് തുറക്കാമെന്നും അവൻ വിചാരിച്ചിരുന്നു. അവരേ എസ്റ്റേറ്റിൽ എത്തിച്ചിട്ട് അപ്പോൾ തന്നെ സണ്ണി തിരികെ ഹോസ്പിറ്റലിലേക്ക് പോയിരുന്നു. രാത്രി ഐസിയുവിന്റെ ഉള്ളിലേക്ക് ആളുകളെ കടത്തി വിടാത്തത് കൊണ്ടുതന്നെ സണ്ണിയാ രാത്രി മുഴുവനും പുറത്ത് തന്നെ കഴിച്ചുകൂട്ടി.

പിറ്റേദിവസം വെളുപ്പിന് ഡോക്ടർ റൗണ്ട്സിന് വന്നപ്പോൾ നാൻസിയെ വാർഡിലേക്ക് മാറ്റാമെന്ന് പറഞ്ഞിരുന്നു. എങ്കിലും ഷിഫ്റ്റ്‌ ചെയ്തത് രാവിലെ പത്തുമണിയോടെ ആയിരുന്നു. വാർഡിൽ കൊണ്ടുവന്നു കിടത്തിയൊക്കെ കഴിഞ്ഞപ്പോഴായിരുന്നു മദറും മറ്റുള്ളവരുമൊന്നും അവിടില്ലെന്ന കാര്യം നാൻസി ശ്രദ്ധിച്ചത്. സണ്ണിയാണേൽ അതൊന്നും മൈൻഡ് ചെയ്യാതെ അവൾക്ക് ഭക്ഷണം കൊടുക്കാനുള്ള തയാറെടുപ്പിൽ ആയിരുന്നു. " മദറും മമ്മിയുമൊക്കെ എവിടെ....?? " ദോശയും സാമ്പാറും ചേർത്തവൾക്ക് നീട്ടിയ സണ്ണിയുടെ മുഖത്തേക്ക് നോക്കി നാൻസി പതിയെ ചോദിച്ചു. " അവര് എസ്റ്റേറ്റിലേക്ക് പോയി ഇന്നലെ രാത്രി.... പോകുമ്പോ പറയാൻ നോക്കിയപ്പോ നാൻസി ഉറങ്ങിയാരുന്നു.... " പറഞ്ഞിട്ട് അവൻ വീണ്ടും ഭക്ഷണം അവൾക്ക് കൊടുത്തു. വായ തുറന്നത് വാങ്ങുന്നതിനൊപ്പം നാൻസി സണ്ണിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story