വെപ്പാട്ടി: ഭാഗം 27

veppatti

രചന: അഭിരാമി ആമി

പിറ്റേദിവസം വെളുപ്പിന് ഡോക്ടർ റൗണ്ട്സിന് വന്നപ്പോൾ നാൻസിയെ വാർഡിലേക്ക് മാറ്റാമെന്ന് പറഞ്ഞിരുന്നു. എങ്കിലും ഷിഫ്റ്റ്‌ ചെയ്തത് രാവിലെ പത്തുമണിയോടെ ആയിരുന്നു. വാർഡിൽ കൊണ്ടുവന്നു കിടത്തിയൊക്കെ കഴിഞ്ഞപ്പോഴായിരുന്നു മദറും മറ്റുള്ളവരുമൊന്നും അവിടില്ലെന്ന കാര്യം നാൻസി ശ്രദ്ധിച്ചത്. സണ്ണിയാണേൽ അതൊന്നും മൈൻഡ് ചെയ്യാതെ അവൾക്ക് ഭക്ഷണം കൊടുക്കാനുള്ള തയാറെടുപ്പിൽ ആയിരുന്നു. " മദറും മമ്മിയുമൊക്കെ എവിടെ....?? " ദോശയും സാമ്പാറും ചേർത്തവൾക്ക് നീട്ടിയ സണ്ണിയുടെ മുഖത്തേക്ക് നോക്കി നാൻസി പതിയെ ചോദിച്ചു. " അവര് എസ്റ്റേറ്റിലേക്ക് പോയി ഇന്നലെ രാത്രി.... പോകുമ്പോ പറയാൻ നോക്കിയപ്പോ നാൻസി ഉറങ്ങിയാരുന്നു.... " പറഞ്ഞിട്ട് അവൻ വീണ്ടും ഭക്ഷണം അവൾക്ക് കൊടുത്തു. വായ തുറന്നത് വാങ്ങുന്നതിനൊപ്പം നാൻസി സണ്ണിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. " സണ്ണിച്ചന് ബുദ്ധിമുട്ടായല്ലേ..... " അവൻ പക്ഷേ അതിന് മറുപടിയൊന്നും പറഞ്ഞില്ല. " നാൻസി നിനക്കെന്നോട് ദേഷ്യമാണോ.....??? "

ഒന്ന് രണ്ടുരുള കൂടി അവൾ കഴിച്ച് കഴിഞ്ഞപ്പോൾ അവൻ പതിയെ ചോദിച്ചു. " എന്തിന്....??? " " അല്ല അന്ന് തന്നേ.... അത് മാത്രല്ല ഞാൻ തന്നെ ഇവിടെ കൊണ്ടാക്കിയിട്ട് പോയിട്ടല്ലേ ഇങ്ങനൊക്കെ സംഭവിച്ചത്...." അവൻ കുറ്റബോധത്തോടെ പറഞ്ഞു. നാൻസി പക്ഷേ അപ്പോൾ പുഞ്ചിരിക്കുകയായിരുന്നു. " അങ്ങനെയൊന്നുമില്ല സണ്ണിച്ചാ.... എനിക്ക് സണ്ണിച്ചനോട്‌ ഇഷ്ടമായിരുന്നു. മനസ്സിൽ മൂടി വെക്കാൻ പറ്റാത്ത വണ്ണം അത് വളർന്നപ്പോൾ ഞാനത് തുറന്നു പറയുകയും ചെയ്തു. സണ്ണിച്ചന്റെ മനസ്സിൽ വേറെന്തോ ഉണ്ടായിരുന്നത് കൊണ്ടൊ അല്ലെങ്കിൽ എന്നേ സ്നേഹിക്കാൻ തോന്നാത്തിരുന്നത് കൊണ്ടൊ സണ്ണിച്ചൻ എന്നോട് നോ പറഞ്ഞു. പിന്നീട് എന്റെ സേഫ്റ്റിക്ക് വേണ്ടി ഇഷ്ടമില്ലാത്ത ഒരാളെ ഇഷ്ടമാണെന്ന് നടിച്ച് നാടകം കളിക്കേണ്ടി വന്നപ്പോൾ സണ്ണിച്ചനെ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കാനാ ഞാൻ മദറിന്റെ അടുത്തേക്ക് പോന്നത്. അതിൽ എനിക്ക് വിഷമമൊന്നുമില്ല. ഞാനതൊക്കെ മറന്നു.... സണ്ണിച്ചനും മറന്നേക്ക്..... " കണ്ണുകൾ നനഞ്ഞെങ്കിലും പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് തന്നെയായിരുന്നു നാൻസിയത് പറഞ്ഞത്.

അവളങ്ങനെ പറഞ്ഞപ്പോൾ സണ്ണിയുടെ നെഞ്ച് പിടഞ്ഞു. " മറക്കണം ..... മറക്കും എന്ന് തന്നെയായിരുന്നു കരുതിയിരുന്നത്. പക്ഷേ.... പക്ഷേ ഇപ്പൊ മറക്കാൻ പറ്റുന്നില്ല നാൻസി ഒന്നും. നിന്നേ..... ഒരു നേരം നിന്നേ മറന്നിരിക്കാൻ പറ്റുന്നില്ലെനിക്ക്. എനിക്ക്..... എനിക്കിനി നീയില്ലാതെ വയ്യ മോളേ..... " ഇടറിയ സ്വരത്തിൽ അവൻ പറയുന്നതൊക്കെ മുഖം കുനിച്ചിരുന്ന് കേൾക്കുമ്പോൾ ഇടതടവില്ലാതെ പെയ്തുകൊണ്ടിരിക്കുകയായിരുന്നു നാൻസിയുടെ മിഴികൾ " ഇനിയും നാടകം ബാക്കിയുണ്ടോ സണ്ണിച്ചാ.....??? " നിവർന്നു നോക്കാതെ ഇരുന്നയിരുപ്പിൽ തന്നെ അവൾ ചോദിച്ചു. ആ ചോദ്യം സണ്ണിയുടെ നെഞ്ചിൽ തന്നെ ചെന്ന് തറച്ചു. കയ്യിലിരുന്ന പ്ളേറ്റ് ബെഡിലേക്ക് തന്നെ വച്ചിട്ട് എച്ചിൽ കയ്യാണെന്ന് പോലും നോക്കാതെ അവനൊന്നാഞ്ഞ് അവളെ മുറുകെ പുണർന്നു. " എന്നോട്... എന്നോട് ക്ഷമിക്കെടി....

എന്റെ കുറവുകൾ എനിക്ക് ബോധ്യമുള്ളത് കൊണ്ടാ ഞാൻ.... എനിക്ക് നിന്നേ ഇഷ്ടമായിരുന്നു. എന്റെ ജീവനെക്കാളേറെ ഇഷ്ടമായിരുന്നു. പക്ഷേ വീണ്ടും പഴയത് പോലെ ഒന്നുമല്ലാതായി പോകുമെന്ന് എനിക്ക് ഭയമായിരുന്നു അതുകൊണ്ടാ ഞാൻ.... " " പക്ഷേ ഈ കുറവുകളെ അംഗീകരിക്കാൻ തയാറാണോന്ന് സണ്ണിച്ചനൊരിക്കൽ പോലും എന്നോട് ചോദിച്ചില്ലല്ലോ സണ്ണിച്ചാ.... എല്ലാം.... എല്ലാം സ്വയമങ്ങ് തീരുമാനിക്കുവല്ലാരുന്നോ.....???? " " എല്ലാം എന്റെ തെറ്റാ നാൻസി.... നീ.... നീയെന്നോട് പൊറുക്ക്. ഇനി.... ഇനിയൊരിക്കലും ഞാൻ നിന്നേ തനിച്ചാക്കില്ല. കൈവിട്ട് കളയില്ല. " " സത്യം.....??? ഞാൻ.... ഞാനിത് വിശ്വസിച്ചോട്ടെ സണ്ണിച്ചാ.....??? " " മ്മ്ഹ്..... എന്റെ നെഞ്ചിലെ ഈ മിടിപ്പ് പോലെ വിശ്വസിക്കാം. ഇത് നിലയ്ക്കും വരെ എന്റെ പെണ്ണിനെ ഞാൻ കൈവിട്ട് കളയില്ല. സത്യം.... " സണ്ണിയവളേ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് ആ നെറുകയിൽ അമർത്തി ചുംബിച്ചു.

നാൻസിയുടെ കൈകളും അപ്പോൾ അവനെ വരിഞ്ഞുമുറുക്കിയിരുന്നു. കുറച്ചുസമയത്തേക്ക് ഇരുവരുടെയും ഏങ്ങലുകൾ മാത്രമായിരുന്നു ആ മുറിയിൽ നിറഞ്ഞു നിന്നിരുന്നത്. സമയം കടന്നുപോയി. പരാതികളും പരിഭവങ്ങളും പെയ്തൊഴിഞ്ഞു. ഒരുമാസത്തിന് ശേഷമുള്ളൊരു പുലരിയുണർന്നത് ഒരു വിശേഷവുമായിട്ടായിരുന്നു. ഇന്നാണ് നാൻസിയുടെ മിന്നുകെട്ട്. അവളുടെ ആഗ്രഹം പോലെ തന്നെ തങ്ങളുടെ ഇടവക പള്ളിയിൽ വച്ച് മദറിന്റെയും ഓർഫണേജിലേ കുഞ്ഞുങ്ങളുടെയുമെല്ലാം സാന്നിധ്യത്തിൽ ആയിരുന്നു ആ ചടങ്ങ് തീരുമാനിച്ചിരുന്നത്. കെട്ടിന് മുൻപ് നാൻസി സണ്ണിയെയും കൂട്ടി സെമിത്തേരിയിൽ പോയി അപ്പന്റേം അമ്മയുടെയും കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. " പപ്പേ .... അമ്മേ.... ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ്. നിങ്ങളേറ്റവും കൊതിച്ചിരുന്ന ദിവസം കൂടിയാണ് ഇന്നെന്ന് എനിക്കറിയാം പപ്പേ. ഇന്ന് എന്റെ കല്യാണമാ.... എന്റെ സണ്ണിച്ചൻ എന്റെ സ്വന്തമാകുവാ.... എവിടോ ഇരുന്ന് നിങ്ങളെല്ലാം കാണുന്നുണ്ടാകുമെന്നെനിക്കറിയാം.

രണ്ടുപേരുടേം അനുഗ്രഹവും പ്രാർഥനയുമുണ്ടാവണം ഞങ്ങൾക്ക്..... " അവൾ കണ്ണീരോടെ മനമുരുകി അപേക്ഷിച്ചു. അത് നോക്കി നിന്ന സണ്ണി പതിയെ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ആ കല്ലറയിലേക്ക് നോക്കിനിന്നു. ഒരുപക്ഷേ കാണാമറയത്തെവിടെയോ നിന്നവരെ നോക്കി ആനന്ദക്കണ്ണീർ പൊഴിക്കുന്ന ആ ആത്മാക്കളോടുള്ള ഒരു വാഗ്ദാനം പോലെയായിരുന്നു അവന്റെയാ പ്രവർത്തി. അപ്പോഴേക്കും കെട്ടിന് സമയമായെന്നും പറഞ്ഞ് പള്ളിയിൽ നിന്നും ആരോ വന്നവരെ അങ്ങോട്ട് വിളിച്ചുകൊണ്ട് പോയി. അൾത്താരയിൽ പരിശുദ്ധന്റെ മുന്നിൽ വച്ച് പ്രാർഥനകൾക്കൊടുവിൽ സണ്ണിയുടെ മിന്ന് നാൻസിയുടെ കഴുത്തിൽ ചാർത്തപ്പെട്ടു. മനസ് നിറഞ്ഞ സന്തോഷത്തോടെയും ഉള്ളുരുകിയ പ്രാർഥനയോടെയും അവളാമിന്ന് ഹൃദയത്തിലേക്ക് സ്വീകരിച്ചു. വിവാഹം കഴിഞ്ഞ രാത്രിയിൽ സണ്ണിയും നാൻസിയും തങ്ങിയത് സണ്ണിയുടെ എസ്റ്റേറ്റിൽ ആയിരുന്നു. അവരുടെ ദിവസം ആരുടെയും ശല്യം വേണ്ടല്ലോ എന്ന് കരുതി റേച്ചലും സോണിയയും മദറിന്റെ ഒപ്പം ഓർഫണേജിലേക്ക് പോയിരുന്നു.

പോകും മുന്നേ സണ്ണിയുടെയും നാൻസിയുടെയും മണിയറ തന്നാലാകുന്ന വിധം മനോഹരമായി അലങ്കരിക്കാൻ സോണിയ മറന്നിട്ടില്ലായിരുന്നു. നിറയെ റോസാപൂക്കളും ഹാർട് ഷേപ്പിലുള്ള ബലൂണുകളും എല്ലാം കൊണ്ട് അവളാമുറി മനോഹരമാക്കിയിരുന്നു. വൈകുന്നേരത്തോടെ അവരെല്ലാം പോയതോടെ ആ വലിയ വീട്ടിൽ സണ്ണിയും നാൻസിയും ഒറ്റക്കായിരുന്നു. നാൻസിയാണെങ്കിൽ കല്യാണം കഴിഞ്ഞതോടെ സണ്ണിയോട് ഇടപഴകാനൊക്കെ ഒരു വല്ലാത്ത വൈഷമ്യത്തോടങ്ങനെ ഇരിക്കുകയായിരുന്നു. അവനടുത്തേക്ക് വരുമ്പോഴൊക്കെ എന്തിനെന്ന് പോലുമറിയാത്തൊരു വെപ്രാളവും പരവേശവും തന്നേ പിടിമുറുക്കുന്നതവളറിയുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സണ്ണിയുടെ കണ്ണെത്തുന്നിടത്ത് നിന്നും ഒഴിഞ്ഞു നിൽക്കാനായി സോണിയുടെയും മമ്മിയുടെയും ഒക്കെ നിഴലായി തന്നെ നടക്കുകയായിരുന്നു അവളിതുവരെ.

പക്ഷേ വൈകുന്നേരത്തോടെ അവർ പോയപ്പോൾ അവൾ തീർത്തും ഒറ്റപ്പെട്ടു പോയിരുന്നു. സണ്ണിയുടെ അടുത്തേക്ക് പോകാനും വയ്യല്ലോ എന്നോർത്തപ്പോൾ അവൾ പതിയെ മുകളിലെ ബാൽക്കണിയിലേക്ക് പോയി. നല്ല കാറ്റുള്ള അവിടെ നിന്നാൽ എസ്റ്റേറ്റിന്റെ പിൻഭാഗം മുഴുവനും നന്നായി തന്നെ കാണാമായിരുന്നു. അങ്ങ് ദൂരെ പച്ചപ്പ് നിറഞ്ഞ മലമടക്കു മുതൽ ഇങ്ങ് ബംഗ്ലാവിന്റെ മുറ്റം വരെ നീണ്ടു കിടക്കുന്ന റബ്ബർ മരങ്ങളെ അവൾ വെറുതെ നോക്കി നിന്നു. അകലെ മലമുകളിൽ നിന്നും സാവധാനം താഴെക്കിറങ്ങി വന്നുകൊണ്ടിരുന്ന മന്ദമാരുതൻ അവളുടെ അളകങ്ങളേ തഴുകി കടന്നുപോയി. റബ്ബറിന്റെ അതിരുകളിൽ വച്ച് പിടിപ്പിച്ചിരുന്ന കാപ്പി ചെടികൾ പൂത്തതോർമിപ്പിച്ചുകൊണ്ട് വല്ലാത്ത മത്തുള്ള കാപ്പിപ്പൂമണമേറ്റിയായിരുന്നു കാറ്റ് ഓരോ തവണയും അവൾക്കരികിലേക്ക് വന്നുകൊണ്ടിരുന്നത്. ആ മാസ്മര ഗന്ധത്തെ ആഞ്ഞു ശ്വസിച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു പിന്നിൽ നിന്നും ബലിഷ്ടമായ രണ്ട് കൈകൾ അവളെ ചേർത്ത് പിടിച്ചത്.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story