വെപ്പാട്ടി: ഭാഗം 3

veppatti

രചന: അഭിരാമി ആമി

" മാതാവേ ഈ അഭയം താൽക്കാലികമാണെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ..... പക്ഷേ ഞാൻ സണ്ണിച്ചനെ സ്നേഹിക്കുന്നു. ഈ അഭയസ്ഥാനം വിട്ട് എനിക്ക് പോകണ്ട.... എനിക്കൊന്നും നേടുകയും വേണ്ട.... ആ മനസ്സിൽ ഒരിടം നീയെനിക്കായ് തോന്നിപ്പിക്കണേ.... " കരുണ തുളുമ്പുന്ന മാതാവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന് അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു. അപ്പോഴേക്കും വണ്ടി പള്ളിമുറ്റം താണ്ടിയിരുന്നു. അവൾ പതിയെ മുഖം തിരിച്ച് സണ്ണിയെ നോക്കി. അവനാണേൽ എന്തോ ആലോചിച്ചുകൊണ്ട് മുന്നോട്ട് തന്നെ നോക്കിയിരിക്കുകയായിരുന്നു. ആ മുഖത്താണേൽ പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ കണ്ണുകളിലേതോ നൊമ്പരം ചേക്കേറിയിരുന്നു. അത് മറയ്ക്കുവാനെന്നവണ്ണം അവൻ ഇടയ്ക്കിടെ ചുണ്ടുകൾ കടിച്ചുപിടിച്ചുകൊണ്ടിരുന്നു. " സണ്ണിച്ചനെന്താ അച്ചനോടങ്ങനെ പറഞ്ഞത്.....??? " കുറച്ചു സമയം അവനെ തന്നങ്ങനെ നോക്കിയിരുന്നപ്പോൾ പെട്ടന്നുണ്ടായ ഒരുൾവിളി പോലെ നാൻസി ചോദിച്ചു. " എങ്ങനെ.....??? "

" അല്ല അച്ചനോട്.... ഞാൻ സണ്ണിച്ചന്റെ കൂടെ... " മുഖം തിരിച്ചവളെ നോക്കി ഒട്ടും മയമില്ലാതെയുള്ള അവന്റെ ചോദ്യം കേട്ടതും നാൻസി വിക്കി. " പിന്നെന്ത്‌ പറയണം..... ഗസ്റ്റ്‌ ഹൗസിൽ നീയെന്റെ കൂടെ തന്നല്ലാരുന്നോ ഇത്രയും ദിവസം. ഇപ്പൊ ഇങ്ങോട്ട് പോന്നപ്പോ ഒറ്റക്ക് നിർത്തിയിട്ട് പോരാൻ വയ്യാത്തത് കൊണ്ടുതന്നല്ലേ ഒപ്പം കൂട്ടിയത്.... അത് തന്നല്ലേ ഞാൻ പറഞ്ഞതും.... പിന്നെന്താ ഒരു ചോദ്യം.....??? " " അതല്ല സണ്ണിച്ചാ..... " " പിന്നെന്താണെന്ന് വച്ചാൽ മര്യാദക്ക് പറ..... അല്ലാതെ നിന്റെ മനസിലിരിക്കുന്നത് തോണ്ടിയെടുക്കാനൊന്നും എനിക്ക് പറ്റില്ല. " അവൻ ദേഷ്യപ്പെട്ടു. " പറഞ്ഞതൊക്കെ സത്യാ പക്ഷേ പറഞ്ഞ രീതിയേക്കുറിച്ചാ ഞാൻ ചോദിച്ചത്. കുറച്ചുനാളായി എന്റെ കൂടാണെന്നൊക്കെ പറയുമ്പോ.... അതും ഒരു ബന്ധവുമില്ലാത്ത എന്നെപ്പോലൊരു പെണ്ണ് സണ്ണിച്ചൻ തനിച്ച് താമസിക്കുന്ന വീട്ടിൽ ഒപ്പമുണ്ടായിരുന്നെന്നൊക്കെ പറയുമ്പോൾ നാട്ടുകാരെന്നാ പറയും.....??? അവരെന്നെ ഏത് കണ്ണോടെ നോക്കുമെന്ന് സണ്ണിച്ചനോർത്തോ....??? "

അവൾ പറഞ്ഞപ്പോഴായിരുന്നു മഞ്ഞപ്പത്രത്തേക്കാൾ കഷ്ടമായിട്ടുള്ള തന്റെ നാട്ടുകാരെക്കുറിച്ചും അവരുടെ വിവരംകെട്ട ചിന്താഗതികളെക്കുറിച്ചും സണ്ണിയോർത്തത് തന്നെ. പൊടുന്നനെ അവന്റെയുള്ളിലും ഒരു വിഷമം നാമ്പിട്ടു. പക്ഷേ അത് മുഖത്ത് പ്രകടമാകാതിരിക്കാനും നാൻസി അറിയാതിരിക്കാനും അവൻ പ്രത്യേകം ശ്രദ്ധിച്ചു. കാര്യമെന്ത് തന്നെയായാലും അവളുടെ മുന്നിലൊരു കുറ്റവാളിയായി നിൽക്കാൻ എന്തുകൊണ്ടോ അവന്റെ മനസനുവദിക്കുന്നില്ലായിരുന്നു. വണ്ടി കുറേദൂരം കൂടി ഓടിയ ശേഷം പടുകൂറ്റൻ മതിലും ചിത്രപണികൾ ചെയ്ത ഭീമൻ ഗേറ്റുമൊക്കെയുള്ള ഒരു വീടിന് മുന്നിൽ അത് ബ്രേക്കിട്ടു. നിർത്താതെയുള്ള ഹോണടി കേട്ടുകൊണ്ടായിരുന്നു മരിപ്പ് പ്രമാണിച്ച് മുറ്റത്തിട്ട പന്തലിൽ എന്തോ പണിയിലായിരുന്ന വാച്ച്മാൻ ഓടി വന്നത്. " കർത്താവേ അടുത്ത കുരിശെത്തി. " ഗേറ്റ് തുറക്കും മുൻപ് പുറത്തേക്ക് എത്തി നോക്കി അയാൾ പിറുപിറുത്തത് നാൻസി വ്യക്തമായി കേട്ടിരുന്നു. സണ്ണിയും കേട്ടിരിക്കണം. പക്ഷേ അവൻ തന്റെ സ്ഥായിയായ ഭാവത്തിൽ തന്നെ ഇരിക്കുകയായിരുന്നു.

അയാൾ ഗേറ്റ് മലർക്കേ തുറന്നതും ജീപ്പ് അകത്തേക്ക് കയറി നിന്നു. " ഇറങ്ങി വാ...." താൻ വണ്ടി നിർത്തി ഇറങ്ങിയിട്ടും ഭയമോ പരിഭ്രമമോ ഒക്കെക്കൊണ്ട് വിവശയായി തന്നെ മാത്രം നോക്കി ഉള്ളിൽ തന്നെ ഇരിക്കുന്നവളോടായി സണ്ണി പറഞ്ഞു. " ആഹ് അടിപൊളി..... ഇതിന്റെയൊരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു. ഏതായാലും അപ്പന്റെ പാത പൂർണമായിട്ടും പിന്തുടരുന്ന മോൻ തന്നെ. ഇച്ചിരി വൈകിയിട്ടായാലും പെണ്ണുപിടിയും തുടങ്ങിയല്ലോ.... " വണ്ടിയിൽ നിന്നിറങ്ങി മടിച്ചുമടിച്ച് അവനൊപ്പം അകത്തേക്ക് നടക്കുന്ന പെണ്ണിനെ നോക്കി വാച്ച്മാൻ ഓനാച്ചൻ പിറുപിറുത്തുകൊണ്ട് ഗേറ്റ് വലിച്ചടച്ചു. സണ്ണിയുടെ നിഴൽ പോലെ അകത്തേക്ക് നടക്കുമ്പോഴും നാൻസിയുടെ കണ്ണുകൾ ആ വലിയ ബംഗ്ലാവിന്റെ അകത്തളങ്ങളെ ഹൃദയത്തിലേക്ക് ഒപ്പിയെടുക്കുകയായിരുന്നു. അതിനൊപ്പം തന്നെ സണ്ണിയെന്ന മോഹം അവളുടെ ഹൃദയത്തിലൊരു വാടിയ പൂവ് പോലെ അടർന്നു വീഴുകയായിരുന്നു. ഇത്രയും വലിയൊരു വീടിന്റെ മരുമകളാകാനുള്ള യോഗ്യതയൊന്നും തനിക്കില്ലെന്നവൾ സ്വയം ബോധ്യപെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.

പക്ഷേ അപ്പോഴും അവനോടുള്ള അടങ്ങാത്ത പ്രണയം അവളുടെ ഉള്ളത്തിലൊരുടുമ്പിനെ പോലെ അള്ളിപ്പിടിച്ച് മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. " ഇതെന്റെ അമ്മച്ചിയാ.... " സണ്ണിയെന്തോ പറഞ്ഞത് പോലെ തോന്നിയ അവൾ പെട്ടന്ന് ഞെട്ടിയത് പോലെ അവനെ നോക്കി. " സണ്ണിച്ചൻ വല്ലോം പറഞ്ഞാരുന്നോ....??? " അവളാ മിഴികളിലേക്കുറ്റുനോക്കി. " ഇതെന്റെ അമ്മച്ചിയാണെന്ന്..... " അവൻ ചൂണ്ടിയിടത്തേക്ക് നാൻസി ആകാംഷയോടെ നോക്കി. ഹാളിന്റെ ചുവരിൽ വലുതായി ഫ്രെയിം ചെയ്തുവച്ച ആ ചിത്രത്തിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു. നിറഞ്ഞ പുഞ്ചിരിയോടെയിരിക്കുന്ന ആ സ്ത്രീയുടെ മുഖത്തേക്ക് അവൾ വെറുതെയങ്ങനെ നോക്കി നിന്നു. കരുണ തുളുമ്പുന്ന ആ മുഖം കാൺകെ നാൻസിയുടെ ചിന്തകൾ അവളുടെ ബാല്യത്തിലേക്കൊന്നെത്തി നോക്കി. പിന്നെ പൊടുന്നനെ ചിന്തകളെ കുടഞ്ഞെറിഞ്ഞുകൊണ്ട് അവൾ സണ്ണിയെ നോക്കി. അവൻ ആ ചിത്രത്തിന് മുന്നിലെ മെഴുകുതിരി കൊളുത്തി.

ഒരുനിമിഷം മൗനമായവരെ നോക്കി നിന്ന ശേഷം മുകളിലേക്കുള്ള കോണിപ്പടികൾ കയറി. ഒപ്പം തന്നെ നാൻസിയും. മുകളിൽ താഴത്തേത് പോലെ തന്നെയായിരുന്നു മുറികൾ ചിട്ടപ്പെടുത്തിയിരുന്നത്. ചതുരാകൃതിയിൽ പരസ്പരം ബന്ധിപ്പിച്ചിരുന്ന തടിയിൽ കൈവരി തീർത്തിരുന്ന നീളൻ വരാന്തയുടെ പിന്നിലായിട്ടായിരുന്നു ഒരോ മുറികളും. അവയിൽ ഏതിന്റെ വാതിൽക്കൽ നിന്ന് നോക്കിയാലും ആ വരാന്തയ്ക്ക് ചുറ്റുമുള്ള മുറികളെല്ലാം കാണാമായിരുന്നു. " ആഹ് നിനക്ക് ഈ റൂമിൽ കിടക്കാം.... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. ഞാൻ ആ മുറിയിൽ കാണും. " ഒരു മുറിക്ക് മുന്നിലേക്ക് എത്തിയതും സണ്ണി അലക്ഷ്യമായി പറഞ്ഞിട്ട് മുന്നോട്ട് നടന്നുപോയി. അവനെയൊന്ന് നോക്കിയിട്ട് നാൻസി അവൻ പറഞ്ഞ മുറിയിലേക്ക് കയറി വാതിലടച്ചു. ഒരു വിളിയ്ക്കപ്പുറത്ത് സണ്ണി ഉണ്ടായിരുന്നെങ്കിൽ കൂടിയും ഏതോ തുരുത്തിൽ ഒറ്റപ്പെട്ടു പോയ അവസ്ഥയായിരുന്നു നാൻസിക്ക്. ഹൈറേഞ്ചിലെ വീട്ടിൽ പലപ്പോഴും സണ്ണി ഇല്ലാതെ ഒറ്റയ്ക്കാകേണ്ടി വന്നിട്ടുണ്ടെങ്കിൽ കൂടിയും ഇത്തരത്തിൽ ഒരു ഫീലിംഗ് ഒരിക്കൽ പോലും ഉണ്ടായിട്ടില്ല എന്നവൾ വെറുതേ ഓർത്തു. പിന്നെ പതിയെ കട്ടിലിലേക്ക് ചാഞ്ഞു കിടന്നു. ...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story