വെപ്പാട്ടി: ഭാഗം 4

veppatti

രചന: അഭിരാമി ആമി

 സണ്ണിയും നാൻസിയും കട്ടപ്പനയിൽ താമസമായിട്ട് ഇപ്പൊ ഒരാഴ്ച കഴിഞ്ഞു. സണ്ണിക്കൊപ്പം ഹൈറേഞ്ചിറങ്ങി വന്ന ആ പെണ്ണ് ആദ്യമൊക്കെ നാട്ടുകാർക്കിടയിൽ ഒരു സംസാര വിഷയവും കൗതുകവുമൊക്കെ ആയിരുന്നെങ്കിലും പതിയെ അത് ചില കുശുകുശുക്കൽ മാത്രമായി മാറി. നാൻസിയിപ്പോ ആ വലിയ വീടിന്റെയൊരു ഭാഗമായത് പോലെയാണ്. ആരാ എന്താ എന്നൊന്നും ചോദിച്ചില്ല എങ്കിലും അവൾ സണ്ണിയുടെ ആരോ ആണെന്ന് ഉറപ്പിച്ചത് പോലെയായിരുന്നു വീട്ടിലെ അന്തേവാസികളുടെയും പണിക്കാരുടെയുമെല്ലാം ഭാവം. അത് നാൻസിക്കും മനസിലാകുന്നുമുണ്ടായിരുന്നു. ഒരു വിധത്തിൽ പറഞ്ഞാൽ അതവൾ ശരിക്കും ആസ്വദിക്കുക തന്നെയായിരുന്നു എന്ന് പറയാം. ഔതക്കുട്ടിയുടെ രണ്ടാം ഭാര്യയായ റേച്ചലും അവരിൽ അയാൾക്ക് ജനിച്ച മകൾ സോണിയയുമായിരുന്നു ആ വീട്ടിലെ ഇപ്പോഴത്തെ താമസക്കാർ.

സണ്ണി ഒരിക്കൽ പോലും റേച്ചലിനോട് സംസാരിക്കാനോ സഹകരിക്കാനോ തയാറായിട്ടില്ല എങ്കിലും സ്വന്തം അപ്പന്റെ രക്തത്തിൽ പിറന്ന സോണിയയോട് അവന് സ്നേഹം തന്നെയായിരുന്നു. അവൾക്ക് തിരിച്ചും ഇച്ചായനെന്ന് പറയുന്നിടത്ത് നൂറുനാവ് തന്നെയായിരുന്നു. ഔതക്കുട്ടിയെക്കാൾ ഒരുപാട് ചെറുപ്പമായിരുന്നിട്ട് കൂടിയും റേച്ചൽ എങ്ങനെ അയാളുടെ ഭാര്യയായി എന്നത് നാൻസിയുടെ വലിയൊരു സംശയം തന്നെയായിരുന്നു. അതൊരുദിവസം ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് മുറ്റത്തിരുന്ന് പേൻ കൊന്നുകൊണ്ടിരുന്നപ്പോ അവൾ റേച്ചലിനോട് തന്നെ ചോദിക്കുകയും ചെയ്തു. " ചോദിക്കുമ്പോ മമ്മിക്കൊന്നും തോന്നരുത്..... " " എന്നതാടി കൊച്ചേ നിനക്കൊരു പതുങ്ങല്..... എന്നതാണേലും ചോദിക്കെടി...." നാൻസിയുടെ മുഖവുര കേട്ട് റേച്ചൽ പറഞ്ഞു. " അല്ല സണ്ണിച്ചന്റെ അപ്പച്ചനെക്കാൾ ഒത്തിരി ചെറുപ്പമല്ലേ മമ്മി..... എന്നിട്ടും മമ്മി എങ്ങനാ അപ്പച്ചനെ.... " " ഓ എന്നിട്ടും ഞാനെങ്ങനാ അങ്ങേരടെ കെട്ടിയോളായതെന്ന്..... അല്ലേ കൊച്ചേ.....??? " നാൻസി പാതിയിൽ നിർത്തിയത് റേച്ചൽ പൂരിപ്പിച്ചു.

പിന്നെ ദൂരേക്ക് നോക്കിയിരുന്ന് ഒന്ന് പുഞ്ചിരിച്ചു. " അതൊരു നോവിക്കുന്ന കാരണമാ കൊച്ചേ.... ഞാനെന്റെ അപ്പന്റെ ഒറ്റ മോളായിരുന്നു. അമ്മയ്ക്കും അപ്പനുമൊപ്പം സന്തോഷം നിറഞ്ഞൊരു കൊച്ചുകുടുംബമായിരുന്നു എന്റേത്. അപ്പന് കൊറച്ച് കൃഷിയും താറാവ് വളർത്തലും എല്ലാം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നതും. അങ്ങനെയിരിക്കുമ്പോഴായിരുന്നു ഒരു കൊല്ലത്തെ മഴയിൽ പൊഴയിൽ പതിവിലും കൂടുതൽ വെള്ളം പൊങ്ങിയത്. ആ വെള്ളപ്പൊക്കത്തിൽ എല്ലാരേം പോലെ എന്റെ അപ്പന്റെ കൃഷിയും വെള്ളം കയറി നശിച്ചു. താറാവുംകൂട്ടം അപ്പിടി മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ആ തകർച്ചയിൽ നിന്നും കരകയറാൻ അപ്പൻ ഔതക്കുട്ടിയുടെ കയ്യിന്ന് കുറച്ച് പൈസ കടം വാങ്ങി. വെള്ളം കയറിയുള്ള ദുരിതം പതിവായത് കൊണ്ട് കൃഷി നിർത്തി ആ പണം കൊണ്ട് വേറെന്തെങ്കിലും ചെയ്യാൻ ആയിരുന്നു അപ്പന്റെ തീരുമാനം.

അതിന്റെ ഭാഗമായി അമ്മച്ചിയും ഞാനും എതിർത്തിട്ടും വക വെക്കാതെ അപ്പൻ കച്ചവടം തുടങ്ങി. പക്ഷേ പരിചയക്കുറവ് അവിടെയും അപ്പനെ ചതിച്ചു. അതോടെ അപ്പനാകെ തകർന്നു. പക്ഷേ കടം വാങ്ങിയ കാശിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഔതക്കുട്ടി തയ്യാറായില്ല. അതും പറഞ്ഞ് അയാൾ ദിവസവും വീട്ടിൽ കയറിയിറങ്ങാൻ തുടങ്ങി. അതൊടുവിൽ ഇരുപത്തി നാലുകാരിയായ എന്നെ നാൽപത്തിയേഴുകാരനായ ഔതക്കുട്ടിയുടെ വധുവാക്കുന്നത് വരെയെത്തിച്ചു. " റേച്ചലൊരു നെടുവീർപ്പോടെ പറഞ്ഞു നിർത്തുമ്പോൾ നാൻസിയവരെ സഹതാപത്തോടെ നോക്കി. ഒരുപാവം സ്ത്രീയായിരുന്നു റേച്ചൽ. തന്റെ സാഹചര്യങ്ങളോ അതുമല്ലെങ്കിൽ വിധിയോ തന്നെയിവിടെയെത്തിച്ചു എന്ന് വിശ്വസിക്കാനായിരുന്നു അവർക്കെപ്പോഴും താല്പര്യം. അതിലൊട്ട് ആരോടും പിണക്കമോ പരിഭവമോ ഒട്ടില്ലതാനും. എല്ലാം തന്റെ വിധിയെന്ന് കരുതി ആ വലിയ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിക്കൂടി ജീവിക്കുന്ന ഒരു പാവം. " അല്ല കൊച്ചേ സണ്ണിയുടെ കൂടെ കൊച്ചിവിടെ വന്നിട്ട് ഇത്രേം നാളായി....

ഇതുവരെ കൊച്ചിനെകുറിച്ചൊന്നും പറഞ്ഞില്ലല്ലോ. അപ്പനും അമ്മയുമൊക്കെ....??? " കുറച്ചുകഴിഞ്ഞപ്പോൾ റേച്ചൽ ചോദിച്ചു. അത് കേട്ടതും നാൻസിയുടെ മുഖം മങ്ങി. അവൾ ഓർമകളിൽ ചികയും പോലെ ഒരു നിമിഷം ആലോചിച്ചിരുന്നു. " ഇരുപത്തിയഞ്ചാം വയസിലായിരുന്നു എന്റെ അപ്പ അലോഷി എന്റമ്മേ കെട്ടുന്നത്. പക്ഷേ അനാഥയായ മേഴ്‌സിയേ ജീവിതസഖിയാക്കിയതോടെ അപ്പേ വല്യപ്പച്ചൻ കുടുംബത്തുന്ന് പുറത്താക്കി. പക്ഷേ അപ്പയുടെ ഞരമ്പിലെ വർഗീസ് മാപ്പിളയുടെ തന്നെ രക്തം അപ്പന് മുന്നിലാണേൽ പോലും മകനെ തോൽക്കാൻ സമ്മതിക്കുന്നതായിരുന്നില്ല. ആ ചോരത്തിളപ്പിൽ അപ്പ അമ്മേം കൂട്ടി ഹൈറേൻജ് കയറി. എടുത്തെറിഞ്ഞാൽ നൂറുമേനി വിളയുന്ന അപ്പന്റെ കൃഷിയിലെ കൈപ്പുണ്യം കൊണ്ട് ഹൈറേഞ്ച് മുഴുവൻ വെട്ടിപ്പിടിച്ചുള്ള അപ്പേടെ വളർച്ച ദ്രുത ഗതിയിലായിരുന്നു.

അപ്പേം അമ്മേം ഞാനും പിന്നെ രണ്ട് അനുജത്തിമാരുമടങ്ങുന്ന ജീവിതം സ്വർഗതുല്യമായിരുന്നു. പക്ഷേ ആ തന്റെ സ്വർഗത്തേക്കാൾ സ്നേഹം നിറഞ്ഞ ഭൂമിയിലെ ആ സ്വർഗം കർത്താവിനെപ്പോലും ചൊടിപ്പിച്ചെന്ന് തോന്നുന്നു. ഒരു ഇടവപ്പാതി രാത്രിയിൽ എന്തിനോ പുറത്തേക്കിറങ്ങിയ അപ്പേ ഒരു പന്നി കുത്തി. അമ്മച്ചിയും ഞങ്ങളും ചേർന്ന് പണിക്കാരെയൊക്കെ വിളിച്ചുകൂട്ടിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അപ്പന്റെ അടക്കശേഷം ഇനി ജീവിതം എങ്ങനെയെന്ന് പകച്ചുപോയ ഞങ്ങടമ്മച്ചിക്ക് ചുറ്റും പേടിച്ചരണ്ട ഞങ്ങൾ മൂന്നുമക്കളുമിരുന്നു. അങ്ങനെയൊരു ദിവസം സന്ധ്യക്കായിരുന്നു അത് സംഭവിച്ചത്. വല്യപ്പച്ചൻ ചുരം കയറി വന്നു. മകൻ മരിച്ചതറിഞ്ഞ് മരുമകളേം കൊച്ചുമക്കളേം തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ വന്നതായിരുന്നു വല്യപ്പച്ചൻ. അന്ന് വല്യപ്പച്ചൻ ഒരുപാട് കരഞ്ഞു. തള്ളികളഞ്ഞ ഞങ്ങടെ അപ്പയുടെ ആത്മവിനോട് മാപ്പിരന്നു. പക്ഷേ എത്രയൊക്കെ നിർബന്ധിച്ചിട്ടും ഞങ്ങളേം കൊണ്ട് തറവാട്ടിൽ ചെന്ന് താമസിക്കാൻ അമ്മച്ചി സമ്മതിച്ചില്ല.

അപ്പേടെ മണമുള്ള ആ ഹൈറേഞ്ചിലെ മണ്ണ് വിട്ട് എങ്ങോട്ടുമില്ലെന്ന് അമ്മച്ചി തീർത്തുപറഞ്ഞു. പക്ഷേ ഞങ്ങൾ കൊച്ചുമക്കളെ ഇടയ്ക്കൊക്കെ വല്യപ്പച്ചന് കൂടെ നിർത്താമെന്നും അമ്മച്ചി പറഞ്ഞതോടെ എന്റെ അനിയത്തിമാരേം കൊണ്ടായിരുന്നു വല്യപ്പച്ചൻ തിരിച്ചുപോയത്. അമ്മച്ചിയെ തനിച്ചാക്കാൻ മടി ആയത് കൊണ്ട് വല്യപ്പച്ചന്റെ ഒപ്പം പോകാൻ ആഗ്രഹമുണ്ടായിരുന്നിട്ടും ഞാൻ വീട്ടിൽ തന്നെ നിന്നു. അത് എല്ലാത്തിന്റെയും അവസാനമാണെന്ന് കരുതിയ എനിക്ക് തെറ്റി. അന്ന് രാത്രി വല്യപ്പച്ചനൊപ്പം യാത്ര പറഞ്ഞ് പോയ എന്റെ ഇളയ അനിയത്തിമാരെ ഞാൻ പിന്നീട് കണ്ടത് സെമിതേരിയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ് വല്യപ്പച്ചന്റെ ശവത്തിന്റെ ഇരുവശവും ആയിട്ടായിരുന്നു. അവർ പോകും വഴി കാർ കൊക്കയിലേക്ക് മറിഞ്ഞതാണെന്ന് പിന്നീടറിഞ്ഞു. അതോടെ അമ്മച്ചി പൂർണമായും തകർന്നു. മിണ്ടാട്ടമോ ചലനമോ ഇല്ലാതെ കിടക്കുന്ന അമ്മച്ചിയേം കൊണ്ട് തളർന്നിരുന്ന എന്റെ മുന്നിലേക്ക് തറവാട്ടിൽ നിന്നും വീണ്ടുമൊരാൾ വന്നു....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story