വെപ്പാട്ടി: ഭാഗം 5

veppatti

രചന: അഭിരാമി ആമി

 അന്ന് രാത്രി വല്യപ്പച്ചനൊപ്പം യാത്ര പറഞ്ഞ് പോയ എന്റെ ഇളയ അനിയത്തിമാരെ ഞാൻ പിന്നീട് കണ്ടത് സെമിതേരിയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ് വല്യപ്പച്ചന്റെ ശവത്തിന്റെ ഇരുവശവും ആയിട്ടായിരുന്നു. അവർ പോകും വഴി കാർ കൊക്കയിലേക്ക് മറിഞ്ഞതാണെന്ന് പിന്നീടറിഞ്ഞു. അതോടെ അമ്മച്ചി പൂർണമായും തകർന്നു. മിണ്ടാട്ടമോ ചലനമോ ഇല്ലാതെ കിടക്കുന്ന അമ്മച്ചിയേം കൊണ്ട് തളർന്നിരുന്ന എന്റെ മുന്നിലേക്ക് തറവാട്ടിൽ നിന്നും വീണ്ടുമൊരാൾ വന്നു. അത് അപ്പേടെ അനിയത്തി സലോമിയും ഭർത്താവ് കുര്യച്ചനും ആയിരുന്നു. വല്യപ്പച്ചൻ അപ്പേ പുറത്താക്കിയ ശേഷം അവരുടെ കുടുംബം തറവാട്ടിൽ തന്നെയായിരുന്നു. അവരുടെ മൂത്തമോൾടെ കല്യാണം ഏകദേശം ഉറപ്പായ സമയത്തായിരുന്നു എന്റപ്പ മരിച്ചതെന്ന് അവർ പറഞ്ഞ് ഞാനറിഞ്ഞു.

അത് മാത്രമല്ല അപ്പ പുറത്തായപ്പോൾ വല്യപ്പച്ചന്റെ ഷെയറിൽ അപ്പയുടെ ഭാഗവും സലോമി ആന്റിക്ക് തന്നെയെന്ന് എല്ലാവരും വിധിയെഴുതിയിരുന്നു. പക്ഷേ അപ്പയുടെ മരണശേഷം എല്ലാപ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് വല്യപ്പച്ചൻ മകനോട് ചെയ്തു പോയ തെറ്റിന് പ്രായശ്ചിത്തമായി അമ്മേം ഞങ്ങൾ കൊച്ചുമക്കളേം തറവാട്ടിലേക്ക് കൊണ്ടുവരാനും അപ്പേടെ ഷെയർ ഞങ്ങൾ മൂന്ന് മക്കൾക്കുമായി എഴുതി വെക്കാനും തീരുമാനിച്ചു. ആന്റിയും ഭർത്താവും എത്രയൊക്കെ എതിർത്തിട്ടും വല്യപ്പച്ചന്റെ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങുമ്പോൾ മടങ്ങി വരുവണേൽ കൂടെ ഞങ്ങളും ഉണ്ടാകുമെന്ന് മകളേം മരുമകനേയും വെല്ലുവിളിച്ചിട്ട് കൂടിയായിരുന്നു വല്യപ്പച്ചൻ വന്നത്.

അതോടെ സ്വന്തം അപ്പനെ പോലും മറന്ന് എല്ലാം ഒരുമിച്ച് അവസാനിപ്പിക്കാൻ അവർ പ്ലാൻ ചെയ്തു. ആ രാത്രി ഞങ്ങൾ നാലും വല്യപ്പച്ചന്റെ കാറിൽ ഉണ്ടാകുമെന്ന് കരുതി ലോറിയുമായി കൊക്കയുടെ അരികിൽ കാത്തുനിന്നിരുന്ന അവരുടെ വാടകകൊലയാളി വല്യപ്പച്ചന്റെ കാർ കൊക്കയിലേക്ക് ഇടിച്ചിട്ടു. പക്ഷേ ഞാനും അമ്മച്ചിയും രക്ഷപെട്ടന്നറിഞ്ഞപ്പോൾ ഞങ്ങളെക്കൂടി തീർക്കാൻ ആയിരുന്നു അവരുടെ ആ വരവ്. ഈ സംഭവങ്ങളൊക്കെ എന്റപ്പേടെ കൂടപ്പിറപ്പ് തന്നെയായിരുന്നു എന്നോട് പറഞ്ഞത്. എല്ലാം കേട്ടുകഴിഞ്ഞപ്പോ ഒരു ചലനം പോലുമില്ലാതെ ഇരിക്കുന്ന അമ്മച്ചിയേം കൊണ്ട് എങ്ങോട്ട് രക്ഷപ്പെടണമെന്നറിയാതെ നിന്നിരുന്ന എന്റെ മുന്നിൽ നിന്ന് ഒരു പിശാചിനെ പോലെ പൊട്ടിച്ചിരിച്ച എന്റെ ആന്റിയുടെ മുഖം എനിക്കിപ്പോഴും ഓർമയുണ്ട്. എതിർക്കാൻ ശ്രമിച്ച എന്നേ ഒരാണിന്റെ കൈക്കരുത്തോടെ അടിച്ച് നിലത്തേക്കിട്ടു അവർ.

ആ വീഴ്ചയിൽ ബോധം മറഞ്ഞുപോയ എന്നേം അമ്മച്ചിയേം ഉള്ളിലിട്ട് അവർ ഞങ്ങടെ വീടിന് തീ കൊളുത്തി. അന്ന്.... അന്ന് എന്നേ തനിച്ചാക്കി എന്റമ്മച്ചിയും പോയി. പിന്നീട് ഞാൻ ഉണരുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു. ഒപ്പം സണ്ണിച്ചൻ ഉണ്ടായിരുന്നു. സണ്ണിച്ചന്റെ കാപ്പി തോട്ടം ഞങ്ങടെ എസ്റ്റേറ്റിനോട്‌ ചേർന്നായത് കൊണ്ട് പണ്ടേ അറിയുമായിരുന്നെങ്കിലും ആ മനുഷ്യന്റെ തണലിൽ ജീവിക്കേണ്ടി വരുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. എല്ലാം അറിഞ്ഞപ്പോ സണ്ണിച്ചൻ എന്നേ ഒപ്പം കൂട്ടി. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് എന്നേ സണ്ണിച്ചന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ നിന്നുകൊണ്ട് സലോമിക്കും ഭർത്താവിനുമെതിരെ കേസ് കൊടുപ്പിച്ചു. അതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുവാ. ഇപ്പൊ ഇങ്ങോട്ട് വന്നപ്പോ സണ്ണിച്ചൻ എന്നേം ഒപ്പം കൂട്ടിയത് അവിടെ ഞാൻ തനിച്ചാണെന്നറിഞ്ഞാൽ എന്നെ തീർക്കാനും അവർ വരുമെന്ന് ഉറപ്പായത് കൊണ്ടാ.

എനിക്ക്.... എനിക്കിനി സ്വന്തമെന്ന് പറയാൻ ഈ ഭൂമിയിൽ ആരുമില്ല മമ്മി.... വല്യപ്പച്ചൻ എഴുതി വച്ചതും ഞങ്ങടപ്പൻ ഉണ്ടാക്കിയതുമായ കുറെ സ്വത്തുക്കൾ മാത്രമുണ്ട് ഇപ്പൊ എന്റെ കയ്യിൽ. അതാണേൽ എന്റെ ജീവനെടുക്കാനും നിക്കുവാ.... ജീവിക്കുന്ന ഓരോ നിമിഷവും മരണത്തെ ഭയന്ന് കഴിയുന്ന ഒരവസ്ഥയെക്കുറിച്ച് മമ്മിക്ക് ചിന്തിക്കാൻ കഴിയുമോ. ഞാനിപ്പോ ആ അവസ്ഥയിലൂടാ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇവിടെ വന്ന ശേഷമാ പേടിയില്ലാതെ ഞാനൊന്ന് ഉറങ്ങുന്നേ.... ഇനി ഇവിടുന്ന് പോകുമ്പോ ഞാൻ..... എനിക്ക്..... എനിക്കാരൂല്ല മമ്മി..... " അത്രയുമായപ്പോഴേക്കും നിലവിട്ട് പൊട്ടികരഞ്ഞുപോയ നാൻസി റേച്ചലിന്റെ മടിയിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. " കരയല്ലേ മോളേ.... എന്റെ മോൾക്ക് മമ്മിയില്ലേ.... സോണിയയില്ലേ..... പിന്നെ..... പിന്നെ നിന്റെ സണ്ണിച്ചനില്ലേ..... അവന്റടുത്തൂന്ന് നിന്നേ ഒരുത്തനും പിടിച്ചോണ്ട് പോയി ഒന്നും ചെയ്യില്ല. അതുകൊണ്ട് മോള് പേടിക്കണ്ട. " " അതൊക്കെ എത്ര നാളത്തേക്കാ മമ്മി.... ഇന്നല്ലെങ്കിൽ നാളെ നിങ്ങളെയൊക്കെ വിട്ട്....

സണ്ണി.... സണ്ണിച്ചനേം വിട്ട് എനിക്ക് പോകേണ്ടി വരും. അന്ന് .... അന്നെല്ലാം അവസാനിക്കും. അവരെന്നേം കൊല്ലും. ... " " ആഹ് അത് നേരാ.... പക്ഷേ പിടിക്കണ്ടവരെ പിടിക്കണ്ട പോലെ പിടിച്ചാൽ നിനക്ക് ഇതൊന്നും നഷ്ടമാവില്ല. " അത് പറഞ്ഞപ്പോൾ റേച്ചലിന്റെ മുഖത്തെ കള്ളച്ചിരി കണ്ട് താര കാര്യം മനസിലാകാതെ അവരെ നോക്കി. " മമ്മിയെന്താ അങ്ങനെ പറഞ്ഞത്....??? " " എടി പെങ്കൊച്ചേ ഞാനും നിന്റെ പ്രായമൊക്കെ കഴിഞ്ഞല്ലേ ഇവിടെ വരെ എത്തിയത്. നിനക്ക് സണ്ണിയെ ഇഷ്ടമാണെന്ന് എനിക്കറിയാം. ആ ഇഷ്ടം ഉപേക്ഷിച്ചു പോകേണ്ടി വരാതിരിക്കാണമെങ്കിൽ അവനെ മുറുകെ പിടിച്ചോളാനാ ഞാൻ പറഞ്ഞത്. " റേച്ചൽ പറഞ്ഞത് കേട്ടപ്പോൾ എന്തോ കള്ളത്തരം പിടിക്കപ്പെട്ട കുഞ്ഞിനെ പോലെ തല കുനിച്ചിരുന്നു നാൻസി. " എന്നാടി ഞാൻ പറഞ്ഞത് കള്ളമാണോ....??? നിനക്കവനെ വേണ്ടയോ.....??? " " അത് മമ്മിക്കെങ്ങനെ.....??? " റേച്ചലൊന്ന് പൊട്ടിചിരിച്ചു.

" എടി പെണ്ണെ അതീ കാള വാല് പൊക്കുന്നത് കണ്ടാൽ അറിഞ്ഞൂടെ.... സണ്ണിയോടുള്ള നിന്റെ പെരുമാറ്റവും അവനെ കാണാത്തപ്പോ ഉള്ള നിന്റെ വെപ്രാളവുമൊക്കെ കണ്ടപ്പോ തന്നെ എനിക്കസുഖം പിടികിട്ടി. " പൊടുന്നനെ നാൻസിയുടെ മുഖം ചുവന്നു തുടുത്തു. റേച്ചലിന്റെ മുഖത്ത് നോക്കാൻ കഴിയാതെ അവളങ്ങനെ തന്നെയിരുന്നു. " മോളേ..... മമ്മിക്ക് സന്തോഷമേയുള്ളു. അവനിങ്ങനെ ഒന്നുമല്ലാതെ ജീവിക്കുന്നത് കാണുമ്പോ എനിക്ക് വിഷമമുണ്ട്. അവന്റെ മനസ്സിൽ അവന്റപ്പന്റെ സ്വത്ത്‌ കണ്ട് പ്രായം പോലും നോക്കാതെ അയാളുടെ മണവാട്ടിയായൊരു വൃത്തികെട്ട സ്ത്രീയാ ഞാൻ. അതവന്റെ തെറ്റിദ്ധാരണ ആണെന്ന് എനിക്കറിയാം. പക്ഷേ എനിക്കവനോട് വെറുപ്പൊന്നും ഇല്ല. അവനും എന്റെ മോൻ തന്നാ.... അതുകൊണ്ട് മമ്മി തമാശ പറഞ്ഞതല്ല. നീ നല്ല കൊച്ചാ....

നീയവന്റെ കൂടുണ്ടെങ്കിൽ അവൻ മാറും. അവനും ജീവിക്കാൻ തുടങ്ങും. അതുകൊണ്ട് എന്റെ മോള് നന്നായിട്ട് ആലോചിക്ക്.... " നാൻസി പെട്ടന്ന് അവരെ കെട്ടിപിടിച്ചു. റേച്ചൽ തിരിച്ചും. " ആഹാ ഇപ്പൊ അമ്മായിയമ്മേം മരുമോളും ഒറ്റക്കെട്ടായോ .....??? അപ്പോ ഈ പാവം മോള് പുറത്താണോ ഇനിയെന്നും....??? " സോണിയ ആയിരുന്നു അത്. അവളുടെ അമ്മായിയമ്മേം മോളുമെന്നുള്ള പ്രയോഗം കേട്ടതും നാൻസി അന്തം വിട്ട് റേച്ചലിനെ നോക്കി. " അവൾക്കും കാര്യം പിടികിട്ടി..... അവളാ എന്നോടാദ്യം സംശയം പറഞ്ഞത്..... " റേച്ചൽ ചിരിയോടെ പറഞ്ഞു. നാൻസി വീണ്ടും അവരോട് ഒട്ടിയിരുന്നു. മറുവശത്തായി സോണിയയും ഉണ്ടായിരുന്നു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story