വെപ്പാട്ടി: ഭാഗം 6

veppatti

രചന: അഭിരാമി ആമി

 ' തെക്കുംപാട്ടിൽ ഫിനാൻസ് ' രാവിലെ ഫൈനാൻസ് തുറന്ന് തൂത്തുവാരുകയും മറ്റും ചെയ്യുന്നതേയുണ്ടായിരുന്നുള്ളു സ്റ്റാഫായ പെൺകുട്ടി. അതേസമയം തന്നെയായിരുന്നു റോഡിലൊരു പഴയ വാൻ വന്നുനിന്നത്. അതിൽ നിന്നും നാൽപതിനടുത്ത് പ്രായം തോന്നിക്കുന്ന ഒരാൾ പുറത്തേക്കിറങ്ങി ഫിനാൻസിലേക്ക് കയറി വന്നു. " ദൈവമേ കാലത്തുതന്നെ ഈ കുരിശിനെ ഇങ്ങോട്ട് കെട്ടിയെടുത്തല്ലോ.... കണ്ടവന്റെ പറമ്പിലെ പുല്ല് കണ്ട് പശുവിനെ വളർത്തുന്ന നാറീടെയൊക്കെ കാര്യം പറഞ്ഞിട്ടെന്താ ..... " അവൾ പിറുപിറുത്തുകൊണ്ട് ചൂലുമായി ഗ്ലാസ്‌ ഡോർ തുറന്ന് അകത്തേക്ക് കയറി. " ഏഹ്... ഏഹ്... ഇവക്കെന്നാ ഈ റെജിയെ കണ്ടിട്ടൊരു മൈൻഡ് ഇല്ലാത്തത്.... എടീ പെങ്കൊച്ചേ..... " അയാൾ ആ പെൺകുട്ടിയുടെ പിന്നാലെ അകത്തേക്ക് ഓടിച്ചെന്നു. " നിങ്ങൾക്കെന്താ വേണ്ടത്.....??? നിങ്ങളോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് എന്നേ എടീപോടീന്ന് വിളിക്കരുതെന്ന്. " " ഓഹ് പിന്നേ..... ഈ തുക്കടാ ഫൈനാൻസിൽ ഇരിക്കുന്ന നിന്നേ പിന്നെ ഞാൻ കൊച്ചമ്മേന്ന് വിളിക്കാഡീ.... "

അയാളത് പറഞ്ഞപ്പോൾ ഏതോ ലോക്കൽ മദ്യത്തിന്റെ രൂക്ഷ ഗന്ധം അവളുടെ മുഖത്തേക്ക് അടിച്ചു. അതുകൂടിയായപ്പോൾ അവൾ ദേഷ്യത്തിൽ തന്റെ സീറ്റിലേക്ക് ചെന്നിരുന്നു. " കാലത്ത് തന്നെ വലിച്ചുകേറ്റിയിട്ട് കയ്യിട്ട് വാരാൻ ഇങ്ങോട്ട് കേറി വന്നോളും. " അവൾ പിറുപിറുത്തതാണെങ്കിൽ പോലും അതയാൾ വ്യക്തമായി കേൾക്കുകയും ചെയ്തു. " അതേടി ഞാൻ കാലത്തേ വലിച്ചു കേറ്റിയിട്ട് തന്നെയാ ഇങ്ങോട്ട് വന്നത്. പിന്നേ..... ഞാൻ കയ്യിട്ട് വാരാൻ വന്നത് നിന്റപ്പൻ വറീതിന്റെ പിച്ചച്ചട്ടീന്നല്ല. എന്റെ പെങ്ങടെ സ്വത്തീന്നാ. അതിൽ എനിക്കും ഉണ്ട് അവകാശം കേട്ടോഡീ....." " അതേത് വകയിലാഡോ തനിക്കവകാശം.....???? " ഒട്ടും പ്രതീക്ഷിക്കാതെ കേട്ട ആ ചോദ്യത്തിൽ റെജിയൊന്ന് ഞെട്ടുന്നത് അലക്സ വ്യക്തമായി കണ്ടു. അവൾ ചിരിയടക്കി നിന്നു. " അയ്യോ സണ്ണിമോനിവിടുണ്ടാരുന്നോ....??? ഞാനിതിലെ പോയപ്പോ വെറുതേയൊന്ന് കേറിയതാ..... " ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതും റെജി തിരിഞ്ഞുനിന്ന് അവനെ നോക്കി തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.

" എന്നിട്ട് അങ്ങനല്ലല്ലോ ഇപ്പൊ താൻ പറഞ്ഞത്.... " " അത് പിന്നെ.... മോനെ..... " " മതി..... " അവന്റെ മുഖത്തും സ്വരത്തിലും വല്ലാത്തൊരു കട്ടിയുണ്ടായിരുന്നു അപ്പോൾ. " ഇത് ചത്തുപോയ എന്റപ്പൻ ഔതക്കുട്ടി ഒണ്ടാക്കിയിട്ടേക്കുന്ന സ്ഥാപനമാ. ഇതുൾപ്പെടുന്ന അങ്ങേരടെ സ്വത്തിന് തന്റെ പെങ്ങൾ റേച്ചലിന് അവകാശമുണ്ടെന്ന് പറഞ്ഞാൽ ഞാൻ സമ്മതിച്ച് തരും. കാരണം.... തെക്കുംപാട്ടിൽ ഔതക്കുട്ടിയുടെ രണ്ടാം സംബന്ധക്കാരി എന്ന നിലയിലും എന്റെ കൂടപ്പിറപ്പിന്റെ അമ്മ എന്ന നിലയിലും അവർക്കതിന് അർഹതയുണ്ട്. എന്ന് കരുതി അവരുടെ പേരും പറഞ്ഞ് കണ്ട അണ്ടനും അടകോടനുമൊക്കെ എന്റപ്പന്റെ മൊതലിൽ കേറി കയ്യിട്ട് വാരാൻ നിന്നാലുണ്ടല്ലോ ചവിട്ടി നട്ടെല്ല് ഞാനൊടിക്കും..... സണ്ണിയാ പറയുന്നേ.... " കത്തുന്ന കണ്ണുകളോടെ പറഞ്ഞവനെ നോക്കി നിന്നപ്പോൾ അവനൊരുപക്ഷെ ഇപ്പൊ തന്നെ പറഞ്ഞത് പോലെ ചെയ്തുകളയുമോ എന്ന ഭയം കൊണ്ട് . റെജിയുടെ ശരീരം വിയർപ്പിൽ കുതിർന്നു. അയാൾ പേടിയും അപമാനവും നിറഞ്ഞ മുഖത്തോടെ ചുറ്റുപാടും നോക്കി.

കുറച്ചുമാറി നിൽക്കുകയായിരുന്ന അലക്സയുടെ മുഖത്തേക്ക് നോക്കിയപ്പോൾ നാണക്കേട് കൊണ്ട് ഭൂമി പിളർന്ന് താഴേക്ക് പോയെങ്കിലെന്ന് പോലും അയാൾക്ക് തോന്നിപ്പോയി. " സണ്ണി ഞാൻ.... " " നിന്ന് ചെലക്കാതെ ഇറങ്ങിപ്പോടോ പന്ന..... " വിളിക്കാൻ വന്ന തെറി വിഴുങ്ങിക്കൊണ്ട് റെജിയെ ഡോറിന് പുറത്തേക്ക് പിടിച്ച് തള്ളി സണ്ണി. ഒന്ന് വേച്ചുപോയെങ്കിലും വീഴാതിരുന്ന റെജി ബാലൻസ് ചെയ്ത് നിന്നുകൊണ്ട് ആ രംഗം മറ്റാരെങ്കിലും കണ്ടോ എന്നറിയാനായി ചുറ്റും നോക്കി. പക്ഷേ അപ്പോൾ അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല എന്നത് അയാളെ ചില്ലറയൊന്നുമായിരുന്നില്ല ആശ്വസിപ്പിച്ചത്. " അതേ ഒന്ന് നിന്നേ.... " ഇനി കൂടുതലൊന്നും അവനെക്കൊണ്ട് പറയിക്കേണ്ടെന്ന് കരുതി വേഗത്തിൽ റോഡിലേക്ക് കയറി നടക്കാൻ തുടങ്ങിയ റെജി പിന്നിൽ നിന്നും അവന്റെ വിളി കേട്ടതും പെട്ടന്ന് തിരിഞ്ഞ് നിന്നവനെ നോക്കി.

" ഒരു കാര്യം കൂടി..... ഇനി മേലിൽ തെക്കുംപാട്ടിൽ കാരുടെ ഏതെങ്കിലും സ്ഥാപനത്തിൽ കേറി ബന്ധു ചമഞ്ഞ് അവിടുത്തെ ജോലിക്കാരോട് വീട്ടിൽ തന്റെ പെമ്പ്രന്നോത്തിയോട് പറയും പോലെ മര്യാദയില്ലാതെ സംസാരിച്ചെന്ന് ഞാനറിഞ്ഞാ അന്ന് ഞാൻ ചവിട്ടിക്കുഴയ്ക്കും വീട്ടുകാർക്ക് പോലും വേണ്ടാത്ത തന്റെയീ പാഴ്ത്തടി.... പൊക്കോ..... " അതുകൂടിയായപ്പോൾ അലക്സയെ ഒരിക്കൽ കൂടി തിരിഞ്ഞൊന്ന് നോക്കിയിട്ട് അയാൾ റോഡിൽ കയറി വേഗത്തിൽ നടന്നു. സണ്ണിയുടെ ജീപ്പ് തെക്കുംപാട്ടേക്ക് പാഞ്ഞുവരുമ്പോൾ അതിന് പതിവിലുമേറെ വേഗത തോന്നിച്ചിരുന്നു. വണ്ടി മുറ്റത്ത് തന്നെ ഇട്ടിട്ട് അകത്തേക്ക് പാഞ്ഞുകയറുമ്പോൾ ഉമ്മറത്ത് ആരുമുണ്ടായിരുന്നില്ല എന്നത് അവനെ കൂടുതൽ ചൊടിപ്പിച്ചു. " ഇവിടാരുമില്ലേ.....!!!!!! " അവന്റെ അലറൽ കേട്ട് സോണിയയായിരുന്നു ആദ്യമോടിയങ്ങോട്ട് വന്നത്.

" എന്താ ഇച്ചായാ.... എന്നാ പറ്റി.....??? " " ഇവിടെ വേറാരുമില്ലേടി..... ??? " അവനാളെ പറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചത് ആരെയാണെന്ന് മനസിലായതും സോണിയ അകത്തേക്ക് നോക്കി റേച്ചലിനെ വിളിച്ചു " എന്താ പെണ്ണെ കിടന്ന് കാറുന്നെ..... അപ്പൻ പോയിട്ട് ദിവസങ്ങളേ ആയിട്ടുള്ളെന്ന ബോധം വേണം കേട്ടോ.... " സണ്ണി വന്നതറിയാതെ പറഞ്ഞുകൊണ്ട് അവർ ഹാളിലേക്ക് വന്നു. " ഓഹ് അപ്പൊ ആ ബോധമൊക്കെയുണ്ട്..... എന്നിട്ടാ സ്വത്തിന്റെ അവകാശം പറഞ്ഞുകൊടുത്ത് ആളെ വിട്ടത്.... " അവനങ്ങനെ പറഞ്ഞപ്പോ കാര്യമറിയാതെ അക്ഷരാർത്ഥത്തിൽ പകച്ചുനിൽക്കുകയായിരുന്നു റേച്ചൽ. " ഇച്ചായനെന്നതൊക്കെയാ ഈ പറയുന്നേ..... " സോണിയയും അമ്പരപ്പോടെ ചോദിച്ചു. " എല്ലാം നിന്നേ ബോധിപ്പിക്കണോടീ.... കേറിപ്പോടി നിന്റെ പാട്ടിന്.... " സണ്ണിയുടെ ഒറ്റ ചിമിട്ടിന് സോണിയ അകത്തേക്ക് വലിഞ്ഞു. " എന്നാ സണ്ണി ഞാൻ എന്നാ കണക്കെടുത്തെന്നാ നീയീ പറയുന്നേ....??? " റേച്ചൽ വീണ്ടും ചോദിച്ചു. " ദേ.... എന്നെക്കൊണ്ടൊന്നും പറയിക്കരുത്. ഒന്നുമറിയാത്ത ഇള്ളാപ്പിള്ള....

നിങ്ങടെ പൊന്നാങ്ങള ഔതക്കുട്ടിയുടെ സ്വത്തിൽ പെങ്ങടെ അവകാശവാദവും പറഞ്ഞ് ഫൈനാൻസിൽ വന്നിരുന്നു. കൈ വച്ചില്ലെങ്കിലും കൊടുക്കാനുള്ളത് കൊടുത്ത് വിട്ടിട്ടുണ്ട് ഞാൻ. അങ്ങനെ ഔതക്കുട്ടിയുടെ സ്വത്ത്‌ കണ്ട് ആരും കുളിരണ്ട.... അതനുഭവിക്കാൻ അങ്ങേരുണ്ടാക്കിയ രണ്ട് മക്കളുണ്ട്. അല്ലാതെ പണം കണ്ട് പ്രായം പോലും നോക്കാതെ ഒരു കിളവന്റെ കെട്ടിയോളാവൻ ഇറങ്ങിത്തിരിച്ചവരുടെ കുടുംബത്തിൽ പെട്ട കണ്ട എമ്പോക്കികളൊന്നും വരണ്ട.,.. നാണംകെട്ട കൂട്ടര്......" അവനത് പറഞ്ഞതും റേച്ചലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ചുണ്ടുകൾ വിറച്ചു. " സണ്ണി..... നിന്റെ കണ്ണിൽ ഞാൻ നിന്റപ്പന്റെ പണം കണ്ട് കണ്ണ് മഞ്ഞളിച്ച് അതിയാന്റെ പ്രായം പോലും നോക്കാതെ അങ്ങേരുടെ കെട്ടിയോളായ എമ്പോക്കി തന്നെയാന്ന് എനിക്കറിയാം. പക്ഷേ മോനെ.... മുകളിലിരിക്കുന്ന കർത്താവ് തമ്പുരാനറിയാം എന്റെ ഗതികേട്.....

അതൊന്നും നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഒന്ന് നീയറിയണം..... നിന്റപ്പന്റെ ഒരു ചില്ലികാശൊ ഒരു തുണ്ട് ഭൂമിയോ എനിക്ക് വേണ്ട. നീ ഭിക്ഷയായി എറിഞ്ഞു തന്നാലും ഞാനത് സ്വീകരിക്കില്ല. എന്നാലും ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. പിറന്നത് ഒരു എമ്പോക്കിയുടെ വയറ്റിലാണേലും നിന്റപ്പന്റെ രക്തത്തിൽ ജനിച്ച നിന്റെ കൂടപ്പിറപ്പിനെ നീ തള്ളിക്കളഞ്ഞില്ലല്ലോ. എനിക്കത് മാത്രം മതി.... " അത്രയും പറഞ്ഞ് വിങ്ങിപ്പൊട്ടി അവരകത്തേക്ക് പോയതും സണ്ണിക്കുമൊരു വല്ലായ്മ തോന്നി. വേണമെന്ന് കരുതി ചെയ്തതല്ലെങ്കിൽ പോലും പറഞ്ഞത് കുറച്ച് കൂടിപ്പോയെന്ന് ഓർത്തുകൊണ്ട് അവൻ മുകളിലേക്ക് പോകാൻ തിരിഞ്ഞതും നോട്ടം ചെന്ന് വീണത് നാൻസിക്കൊപ്പം നിൽക്കുകയായിരുന്ന സോണിയയിൽ ആയിരുന്നു. അവളുടെ മിഴികളൊരു നീർഗോളം പോലെ തോന്നിച്ചു അവന്. " എന്നാലും.... എന്നാലും എന്റെ മമ്മിയെ ഇത്രയും നോവിക്കേണ്ടിയിരുന്നില്ല ഇച്ചായാ..... " പറഞ്ഞതും മുള ചിന്തും പോലെ പൊട്ടിക്കരഞ്ഞുകൊണ്ട് സോണിയ അടുക്കളയിലേക്കോടി......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story