വെപ്പാട്ടി: ഭാഗം 7

veppatti

രചന: അഭിരാമി ആമി

" എന്താടി നിന്ന് കണ്ണുരുട്ടുന്നേ.....??? " സോണിയ പോയതും തന്നിലേക്ക് അന്തം വിട്ട് നോക്കി നിൽക്കുകയായിരുന്ന നാൻസിയെ നോക്കി സണ്ണി ദേഷ്യത്തിൽ ചോദിച്ചു. " ഇത്രയും വേണ്ടിയിരുന്നില്ല സണ്ണിച്ചാ....." റേച്ചലിന്റെയും സോണിയയുടെയും നിറഞ്ഞ കണ്ണുകളുടെ ഓർമയിൽ അവൾ പറഞ്ഞു. " എന്തോന്ന്....??? " " മമ്മിയോട് അത്രക്കൊന്നും വേണ്ടിയിരുന്നില്ല. ഈ വീടിന്റെ കോണിൽ ഒതുങ്ങിക്കൂടുന്ന ഒരു പാവമല്ലേ അത്..... " " ഛീ നിർത്തെഡീ.... ഇന്നലെ കേറി വന്ന നീ എന്നോട് വക്കാലത്തിന് വരുന്നോ. പിന്നെ ഇവിടെ ഉള്ളവരുമായിൽ എനിക്ക് ഇല്ലാത്ത ബന്ധമൊന്നും നിനക്കും വേണ്ട. പിന്നെ ഇന്നല്ലെങ്കിൽ നാളെ ഇവിടുന്ന് വന്നത് പോലെ ഇറങ്ങി പോകേണ്ടവളാ നീ..... എന്നിട്ട് അതൊക്കെ മറന്ന് കൂടുതൽ വീട്ടുകാരി ചമയാൻ നിൽക്കണ്ട നീ..... " സണ്ണിയങ്ങനെ പറഞ്ഞതും നെഞ്ചിലേക്കൊരു കൂടം വന്നു പതിച്ചത് പോലെ നൊന്തുപോയി നാൻസിക്ക്. ചങ്കിലുദിച്ച നൊമ്പരം തൊണ്ടക്കുഴിയും മൂക്കിൻ തുമ്പും പിന്നിട്ട് നെറുകം തലയിലേക്കോടിക്കയറുന്നത് അവളറിഞ്ഞു. " മാറി നിക്കെടി വഴീന്ന്..... "

വീണ്ടും അവന്റെ ഒച്ച മുഴങ്ങിയപ്പോൾ അവൻ തന്റേതല്ല , ഇനിയൊരിക്കലും ആവുകയുമില്ല ഇന്നല്ലെങ്കിൽ നാളെ അവനുൾപ്പെടെ എല്ലാം വിട്ടെറിഞ്ഞു പോകേണ്ടവൾ തന്നെയാണ് താനെന്ന തിരിച്ചറിവിനെ ഹൃദയത്തിൽ വേര് പിടിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ സ്റ്റെയർ കേസിന്റെ ഒരു വശത്തേക്ക് ഒഴിഞ്ഞു നിന്നുകൊടുത്തു. അവൻ ചവിട്ടികുലുക്കി മുകളിലേക്ക് കയറിപ്പോയി. അവന്റെ പോക്ക് നോക്കി ഒരു നിമിഷം നിന്നിട്ട് ദീർഘമായൊരു നിശ്വാസത്തിൽ നൊമ്പരങ്ങളെയാകെ പറത്തി വിട്ടുകൊണ്ട് നാൻസിയും പതിയെ അടുക്കളയിലേക്ക് നടന്നു. അവൾ ചെല്ലുമ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ നിന്ന് കറിക്ക് നുറുക്കുകയായിരുന്നു റേച്ചൽ. അവരുടെ അടുത്ത് സ്ലാബിൽ ചാരി കണ്ണും നിറച്ച് നിൽക്കുകയായിരുന്നു സോണിയ. നാൻസി പതിയെ അവളുടെ അരികിലേക്ക് ചെന്ന് അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. " ഞാൻ മമ്മിയോട്‌ പറയുവാരുന്നു ചേച്ചി നമുക്കിവിടുന്ന് എങ്ങോട്ടെങ്കിലും ഇറങ്ങി പോകാമെന്ന്. ഇച്ചായൻ പണ്ടേ ഇങ്ങനാ....

ഇച്ചായന് എന്റെ മമ്മിയെ ഇഷ്ടമല്ല. മമ്മിയെ ജോലിക്കാരുടെ മുന്നിൽ വച്ച് പോലും വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറയും. ഇനിയും ഇത് കണ്ട് നിൽക്കാൻ എനിക്ക് മേലാ.... ഞങ്ങക്ക് സ്വത്തും പണവും ഒന്നും വേണ്ട ചേച്ചി..... ഞങ്ങളെങ്ങോട്ടേലും പൊക്കോളാം..... " സോണിയ കരഞ്ഞുകൊണ്ടവളെ കെട്ടിപ്പിടിച്ചു. ഒരു കൊച്ചുകുട്ടിയെപ്പോലെ തന്റെ മാറിൽ വീണ് പൊട്ടിക്കരയുന്ന ആ പെൺകുട്ടിയെ ചേർത്ത് പിടിക്കുമ്പോൾ നാൻസിയുടെ നെഞ്ചും വിങ്ങുവായിരുന്നു. അതിന് കാരണങ്ങൾ രണ്ടായിരുന്നു. ഒന്ന് ആ അമ്മയും മകളും അവൾക്കത്രമേൽ പ്രീയപ്പെട്ടവർ ആയിരുന്നു. രണ്ട് അവരുടെ കണ്ണീരിന് കാരണമായത് താൻ പ്രാണനിൽ ബന്ധിച്ചിരിക്കുന്നവനും. " കർത്താവെ ഈ പാവങ്ങളുടെ കണ്ണീര് സണ്ണിച്ചന്റെ മേലൊരു ശാപമായി വന്നുവീഴരുതേ..... " അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു. " ഈ പെണ്ണിന് പ്രാന്താ കൊച്ചേ..... ഇവളിങ്ങനെ കിടന്ന് കരയാൻ അവനോ എനിക്കോ ഇതാദ്യത്തെ സംഭവമൊന്നുമല്ല. ഇവള് ജനിക്കും മുന്നേ തന്നെ അവനെന്നോട് ഇങ്ങനെ തന്നാ.....

ആദ്യമൊക്കെ എനിക്കും വിഷമം തോന്നുമായിരുന്നു. പിന്നെ പിന്നെ എല്ലാം ശീലമായി. അവന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ അവന്റെ ദേഷ്യം ന്യായവുമാണ്. അവന്റെ അമ്മച്ചി മരിച്ചപ്പോ അവരുടെ സ്ഥാനത്തേക്ക് അപ്പന്റെ പ്രായം പോലും നോക്കാതെ അയാളുടെ പണം മാത്രം മോഹിച്ച് കേറി വന്നവളാ ഈ ഞാൻ. പക്ഷേ അതിന്റെ പിന്നിലെ അവന്റപ്പന്റെ കുരുട്ട് ബുദ്ധിയോ എന്റെ നിസ്സഹായതയോ അവനറിയത്തില്ലല്ലോ. പറയാമെന്നു വച്ചാൽ ഇന്നുവരെ അവനെനിക്ക് കാത് തന്നിട്ടുമില്ല. അതുകൊണ്ട് എനിക്കിപ്പോ അവനെന്നാക്കെ പറഞ്ഞാലും അവനോട് ദേഷ്യമൊന്നും തോന്നാത്തില്ല. പിന്നെ റെജി..... അവനത് കിട്ടണ്ടത് തന്നെയാ. എന്റെ കൊച്ചമ്മേടെ മോനാ റെജി. ഉരുള് പൊട്ടി കൊച്ചമ്മേം കെട്ടിയോനും മരിച്ചപ്പോ എന്റപ്പനും അമ്മേം കൂടി ഞങ്ങടെ വീട്ടിൽ നിർത്തി വളർത്തിയതാ അവനെ. പക്ഷേ അവനാ നന്ദിയും സ്നേഹവുമൊന്നുമില്ല. ഇപ്പൊ പിന്നെ പെങ്ങള് സ്നേഹം പറയുന്നത് കുടിച്ച് കൂത്താടാനുള്ള കാശിനു വേണ്ടി മാത്രാ. അത് ഇങ്ങനെ തീർന്നെങ്കിൽ നല്ല കാര്യം..... "

നിസാരഭാവത്തിൽ പറഞ്ഞിട്ട് റേച്ചൽ തന്റെ പണി തുടർന്നു. " അല്ലേലും എത്രയൊക്കെ കേട്ടാലും മമ്മി ഇച്ചായന്റെ പക്ഷത്താ ചേച്ചി..... പക്ഷേ സ്വന്തം അമ്മേ ഇങ്ങനെ ചവിട്ടി തേക്കുമ്പോ എനിക്ക് സഹിക്കുവോ..... " സോണിയ അടങ്ങാൻ ഭാവമില്ലാത്തത് പോലെ ചോദിച്ചു. " പോട്ടെഡീ.... എല്ലാം ശെരിയാകും. ഒരു ദിവസം സണ്ണിച്ചന് എല്ലാം മനസിലാകും. അന്ന് മമ്മിയേം സണ്ണിച്ചൻ സ്നേഹിക്കും. " സോണിയയെ ആശ്വസിപ്പിക്കാൻ അങ്ങനെ പറഞ്ഞുവെങ്കിലും സണ്ണിയിൽ എന്തെങ്കിലും ഒരു മാറ്റം വരുമെന്നുള്ള പ്രതീക്ഷയൊന്നും അവൾക്കും ഉണ്ടായിരുന്നില്ല. രാത്രി സണ്ണി അത്താഴം കഴിക്കാൻ വരുമ്പോൾ ഡൈനിങ് ടേബിളിലോ അടുക്കളയിലോ ഒന്നും ആരുമുണ്ടായിരുന്നില്ല. ഭക്ഷണമൊക്കെ ടേബിളിന്റെ പുറത്ത് വച്ചിരുന്നത് കൊണ്ടുതന്നെ അവനതൊന്നും മൈൻഡ് ചെയ്യാതെ കഴിക്കാനിരുന്നു. " ഞാനെടുത്ത് തരാം സണ്ണിച്ചാ..... " അവൻ പ്ളേറ്റെടുത്ത് വെക്കുന്നത് കണ്ടുകൊണ്ട് അങ്ങോട്ട് വന്ന നാൻസി പറഞ്ഞത് കേട്ട് കാസറോളിന് നേർക്ക് നീണ്ട കൈ പിൻവലിച്ചുകൊണ്ട് സണ്ണി കസേരയിലേക്ക് അമർന്നിരുന്നു. " അവരൊക്കെ എവിടെ.....??? " അവൾ വിളമ്പിക്കൊടുത്തത് കഴിക്കുന്നതിനിടയിൽ അവൻ വെറുതെ ചോദിച്ചു.

" കിടന്നു..... ഒന്നും കഴിച്ചതുമില്ല. സോണിയയാണേൽ ഉറങ്ങും വരെ കരച്ചില് തന്നെയായിരുന്നു. " അവന്റെ മുഖത്ത് നോക്കാതെ നാൻസി പറഞ്ഞതും സണ്ണിയൊന്ന് നിശ്ചലനായി. പിന്നെ പതിയെ കഴിപ്പ് നിർത്തി എണീറ്റു. " സണ്ണിച്ചൻ മതിയാക്കിയോ.... ??? " " മ്മ്ഹ്..... " ....... " സണ്ണിച്ചാ...... " കൈ കഴുകി മുകളിലേക്ക് പോകാൻ തുടങ്ങിയവനെ നോക്കി നിന്നുകൊണ്ട് നാൻസി പതിയെ വിളിച്ചു. " എനിക്ക്..... എനിക്കൊരു കാര്യം....." അവൾ നിന്ന് പരുങ്ങുന്നത് കണ്ട് അവന്റെ കൂർത്ത നോട്ടം അവളുടെ കണ്ണുകളിൽ ചെന്ന് തറച്ചു. അതിന്റെ അർഥം പിടികിട്ടിയത് പോലെ അവളൊന്ന് പുഞ്ചിരിച്ചു. " ഇല്ല സണ്ണിച്ചാ..... ഞാൻ..... ഞാനൊന്നും മറന്നിട്ടില്ല. സണ്ണിച്ചൻ പറഞ്ഞത് പോലെ ഇന്നല്ലെങ്കിൽ നാളെ ഇവിടെയുള്ള എല്ലാരേം വിട്ട് പോകേണ്ടവൾ തന്നെയാണ് ഞാനെന്ന ബോധം എനിക്കുണ്ട്. അതുകൊണ്ട് ഞാൻ വീട്ടുകാരിയാവാനൊന്നും നിൽക്കില്ല. പക്ഷേ ..... പറയണ്ട എന്ന് തന്നെയാ വിചാരിച്ചത്. പക്ഷേ സോണിയേം മമ്മിയേം കണ്ടപ്പോ , അവരുടെ കൂടെ ജീവിച്ചപ്പോ എന്റെ ആരോ ആണെന്ന് തോന്നിപ്പോയി.

അവരുടെ കണ്ണീര് കാണാൻ വയ്യാത്ത പോലെ..... അതുകൊണ്ട് പറയുവാ.... സോണിയെ സമാധാനിപ്പിക്കണം. കഴിയുമെങ്കിൽ അവൾക്ക് വേണ്ടി മമ്മിയോടും ഒരു വാക്ക് മിണ്ടണം. അതുങ്ങള് സമാധാനത്തിൽ ഒരുവറ്റ് കഴിക്കുവെങ്കിലും ചെയ്തോട്ടെ.... പിന്നെ..... പിന്നെ ഞാനറിഞ്ഞ മമ്മി സണ്ണിച്ചന്റെ അപ്പച്ചന്റെ പണം കണ്ട് ഈ വീട്ടിലേക്ക് വന്നവളല്ല. കഴിയുമെങ്കിൽ എപ്പോഴെങ്കിലും ആ പാവത്തെ ഒന്ന് കേൾക്കാൻ ശ്രമിക്കണം. ആ പാവങ്ങളോട് സണ്ണിച്ചൻ ഇനിയും ഇങ്ങനൊന്നും പെരുമാറരുത്. കർത്താവ് പൊറുക്കുകേലാ..... " അവസാനവാക്കുകൾ പറഞ്ഞതും വിതുമ്പിപ്പോയ നാൻസി അവന് മുഖം കൊടുക്കാതെ ധൃതിയിൽ തന്റെ മുറിയിലേക്ക് പോയി. പക്ഷേ അവളുടെ കണ്ണിലെ നീർത്തിളക്കവും ശബ്ദത്തിലെ ഇടർച്ചയും സണ്ണി ശ്രദ്ധിക്കുക തന്നെ ചെയ്തിരുന്നു. അവളുടെ വാക്കുകളുടെ ചുഴിയിൽ പെട്ടുഴറുന്ന മനസോടെ അവൻ പതിയെ പൂമുഖത്തേക്ക് നടന്നു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story