വെപ്പാട്ടി: ഭാഗം 8

veppatti

രചന: അഭിരാമി ആമി

പൂമുഖത്ത് വന്ന് വെറുതേയങ്ങനെ ഇരിക്കുമ്പോൾ നാൻസി പറഞ്ഞ വാക്കുകളിൽ തന്നെ കുരുങ്ങി കിടക്കുകയായിരുന്നു സണ്ണിയുടെ മനസ്. അവൾ സംസാരിച്ചത് തന്റെ പെങ്ങൾക്കും അവളുടെ അമ്മയ്ക്കും വേണ്ടിയാണ്. പക്ഷേ അപ്പോഴും അവളുടെ കണ്ണ് നിറഞ്ഞതെന്തിനായിരിക്കും എന്നോർത്തിട്ട് അവന്റെ ഉള്ള് പുകഞ്ഞുകൊണ്ടേയിരുന്നു. അവളുടെയാ കണ്ണുനീരിന്റെ അർഥം തിരയുന്നതിനിടയിൽ അവളാ വീട്ടിലേക്ക് വന്നത് മുതലുള്ള അവളുടെ ഓരോ മാറ്റങ്ങളും അവന്റെ ചിന്തകളിലൂടെ ഓടിമറഞ്ഞുകൊണ്ടിരുന്നു. ഗസ്റ്റ്‌ ഹൗസിൽ തനിക്കൊപ്പം താമസിച്ച ദിവസങ്ങളിലൊന്നും അവളൊന്ന് ചിരിച്ചുപോലും കണ്ടിട്ടില്ല. അപ്പോഴൊക്കെ അവളുടെ സ്ഥായിയായ ഭാവം ഭയവും ഉറ്റവരെ ഓർത്തുള്ള നൊമ്പരവും മാത്രമായിരുന്നു. പക്ഷേ ഇവിടെ വന്നതിന് ശേഷം അവൾ ഭയം പോലും മറന്ന് ചിരിച്ചു തുടങ്ങിയിരുന്നു. കണ്ണുനീരിന്റെ ഉണങ്ങിയ പാടുകൾ അവളുടെ കവിൾത്തടങ്ങളിൽ നിന്നും അപ്രത്യക്ഷ്യമായത് പലപ്പോഴും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അവളുടെയാ മാറ്റങ്ങൾ ഒരു പരിധി വരെ തനിക്കും ആശ്വാസം തോന്നിയിരുന്നു.

പക്ഷേ അപ്പോഴും അവളുടെയാ മാറ്റങ്ങൾക്കൊക്കെ കാരണം സോണിയയുടെയും അവളുടെ അമ്മയുടെയും സാന്നിധ്യം കൊണ്ടാണ് എന്നാണ് കരുതിയിരുന്നത്. പക്ഷേ അതങ്ങനെയല്ലെന്ന് ഇന്നത്തെ അവളുടെ കണ്ണുനീരിൽ നിന്ന് വ്യക്തമാണ്. നാൻസിയുടെ മാറ്റങ്ങൾക്കെല്ലാം മറ്റെന്തോ കാരണം കൂടിയുണ്ട്. ©©©©©©©©©©©©©© സണ്ണി സോണിയയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ കട്ടിലിൽ ചുവരിന് നേർക്ക് തിരിഞ്ഞ് കിടക്കുകയായിരുന്നു. കരയുക തന്നെയാണെന്ന് അവളുടെ തോളിന്റെ ചെറുചലനം കൊണ്ടുതന്നെ സണ്ണിക്ക് മനസിലായി. " ഡീ സോണീ .... " അവന്റെ ഒച്ച കേട്ടതും അവൾ പെട്ടന്ന് മുഖം പുതപ്പിൽ അമർത്തി തുടച്ചിട്ട് കിടന്നകിടപ്പിൽ തന്നെ എണീറ്റിരുന്നു. " എന്നാ ഇച്ചായാ.....??? " " നീയൊന്നും കഴിച്ചില്ലെന്ന് നാൻസി പറഞ്ഞു. എണീറ്റ് വാ... വന്ന് വല്ലോം കഴിക്ക്..... " " എനിക്ക്.... എനിക്കൊന്നും വേണ്ടിച്ചായാ..... " " അതെന്നാ വേണ്ടാത്തെ.... നീ നിരാഹാരം വല്ലോം തുടങ്ങിയോ....??? "

" പാവം എന്റെ മമ്മി പട്ടിണി കിടക്കുമ്പോ എനിക്കും ഇറങ്ങത്തില്ലിച്ചായാ. എന്റെ മമ്മിയൊരു പാവമാ.... ഒന്നും പുറത്തു കാണിക്കുന്നില്ല എങ്കിലും ചങ്ക് പൊട്ടുവായിരിക്കും. എന്നേ പെറ്റതല്ലിയോ ഇച്ചായാ .... എനിക്കതിനെ ഓർക്കാതിരിക്കാൻ ഒക്കത്തില്ലല്ലോ..... ഇച്ചായൻ ചെല്ല്. . പോയി കഴിക്ക്. ഞങ്ങളിങ്ങനൊക്കെ കഴിഞ്ഞോളാം. " അവളുടെ വാക്കുകൾ കേട്ട് നിൽക്കുമ്പോൾ മുറിവിൽ മുളകരച്ച് തേച്ചിട്ടെന്ന പോൽ ഉള്ളം നീറുന്നത് സണ്ണിയറിഞ്ഞു. അവനൊരക്ഷരം മിണ്ടാതെ പുറത്തേക്ക് നടന്നു. ഇടനാഴിയിൽ അല്പനേരമൊന്ന് ശങ്കിച്ചുനിന്ന ശേഷം പതിയെ റേച്ചലിന്റെ മുറിയിലേക്ക് ചെന്നു. അവിടെയും അവസ്ഥ മറിച്ചായിരുന്നില്ല. തുറന്നിട്ട വാതിലിൽ പതിയെ കൊട്ടി ശബ്ദമുണ്ടാക്കി. കാരണം അവരെയിതുവരെ ഒന്നും വിളിച്ചു ശീലിച്ചിട്ടില്ലാത്തത് കൊണ്ടുതന്നെ ഇപ്പോഴും എന്ത് വിളിക്കണമെന്ന് അവനറിയുമായിരുന്നില്ല. ശബ്ദം കേട്ടതും റേച്ചൽ മുഖം തിരിച്ച് വാതിൽക്കലേക്ക് നോക്കി.

മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ഒട്ടും പ്രതീക്ഷിക്കാത്തതെന്തോ കണ്ടത് പോലെ അവരാദ്യമൊന്ന് കണ്ണ് മിഴിച്ചു. " എന്നാ സണ്ണി.....??? " കട്ടിലിൽ നിന്ന് എണീറ്റ് തോളിലെ തോർത്ത് നേരെ പിടിച്ചിട്ടുകൊണ്ട് റേച്ചൽ അമ്പരപ്പോടെ ചോദിച്ചു. " അത് ..... പിന്നെ.... സോണി..... വന്ന് വല്ലോം കഴിക്ക്. സോണി.... അവളവിടെ പട്ടിണി കിടക്കുവാ. കഴിച്ചില്ലേ അവളും കഴിക്കുകേലെന്നാ പറയുന്നേ. അവള് പട്ടിണി കിടക്കുന്നത് കാണാൻ എനിക്ക് പറ്റത്തില്ല. " റേച്ചലിന്റെ മുഖത്ത് നോക്കാതെ അങ്ങുമിങ്ങും നോക്കി നിന്നുകൊണ്ട് സണ്ണി പറഞ്ഞൊപ്പിച്ചു. അവന്റെയാ നിൽപ്പും ഭാവവും കണ്ടപ്പോൾ ചിരി വന്നെങ്കിലും കൂടപ്പിറപ്പിന്റെ കണ്ണീര് കാണാനൊന്നും അവനെക്കൊണ്ട് പറ്റില്ല എന്ന തിരിച്ചറിവിൽ റേച്ചലിന്റെ ഉള്ളമൊന്ന് തണുത്തു. അവർ പതിയെ കട്ടിലിൽ നിന്നെണീറ്റ് അവന്റെ കൂടെ പുറത്തേക്ക് നടന്നു. സോണിയയുടെ മുറിയുടെ മുന്നിലെത്തിയിട്ടും അവളെ വിളിക്കാതെ അവൻ തന്നെ വിളിക്കട്ടെന്ന് കരുതി നേരെ അടുക്കളയിലേക്ക് നടന്നു.

പ്രതീക്ഷിച്ചത് പോലെ തന്നെ സണ്ണി സോണിയയെ വിളിക്കാനായി മുറിയിലേക്ക് കയറി. " ഡീ മതി നിന്റെ നിരാഹാരം.... എണീച്ച് വന്ന് ഊണ് കഴിക്ക്..... " " ഞാൻ പറഞ്ഞില്ലിയോ ഇച്ചായാ എന്റെ മമ്മി പട്ടിണി കിടക്കുമ്പോ ഞാൻ കഴിക്കുവേലെന്ന്. " " നിന്റെ മമ്മി പട്ടിണി കിടക്കാനൊന്നും പോണില്ല. അടുക്കളയിലുണ്ട്. നിനക്ക് വേണ്ടി ഞാൻ പോയവരുടെ കാല് പിടിച്ചു കൊണ്ടുവന്നിട്ടുണ്ട്. അവൾ.... നാൻസിയും പറഞ്ഞു നിനക്ക് വേണ്ടി അവരോട് സംസാരിക്കാൻ.... അതാ പിന്നെ ഞാൻ.... ആഹ് അതൊക്കെ പോട്ടെ എണീച്ചുവാ.... ഞാൻ അവളെക്കൂടി വിളിക്കാം.... " പറഞ്ഞിട്ട് അവൻ നാൻസിയെ വിളിക്കാൻ മുകളിലേക്ക് പോയതും സോണിയ അടുക്കളയിലേക്ക് ചെന്നു. അപ്പോഴേക്കും അത്താഴം കഴിക്കാനുള്ളതെല്ലാം റെഡിയാക്കി അവരേയും കാത്തിരിക്കുവായിരുന്നു റേച്ചൽ. " ഇതെന്നാ അമ്മച്ചി സംഭവിക്കുന്നേ....??? ഇത് സണ്ണിച്ചായൻ തന്നെയാന്നോ....??? " റേച്ചലിന്റെ അടുത്തേക്ക് വന്ന സോണിയ അത്ഭുതത്തോടെയും സന്തോഷത്തോടെയും ചോദിച്ചു.

" അതാ ഞാനും ഓർക്കുന്നെ.... വർഷം ഇരുപത്തിയൊന്നായി ഞാനീ വീട്ടിൽ വന്നിട്ട് ഇന്നുവരെ സംഭവിക്കാത്തതൊക്കെയാ ഇപ്പൊ സംഭവിക്കുന്നത്. ആഹ് എല്ലാം ആ പെങ്കൊച്ചിന്റെ നന്മ..... " റേച്ചൽ നിറഞ്ഞ കണ്ണുകൾ തുടച്ചു. പിന്നീട് അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ റേച്ചലിനും സോണിക്കുമൊപ്പം സണ്ണിയും നാൻസിയും ഉണ്ടായിരുന്നു. അത്തരത്തിൽ സണ്ണിയോടൊപ്പം ഒരുമിച്ചിരുന്നുള്ള ഒരു നേരത്തെ ആഹാരം അവരുടെ ജീവിതത്തിൽ ആദ്യമാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഊണ് കഴിക്കുമ്പോഴുള്ള റേച്ചലിന്റെയും സോണിയയുടെയും പെരുമാറ്റം. എന്ത് ചെയ്താലാണ് അവന് ഇഷ്ടപ്പെടുക , എന്തിലാണ് അവന് അനിഷ്ടമുണ്ടാകുന്നതെന്ന് ചിന്തിച്ചുകൊണ്ടുള്ള അവരുടെ പെരുമാറ്റം ശ്രദ്ധിച്ചുകൊണ്ടിരുന്ന് കഴിക്കുമ്പോൾ നാൻസിയുടെ ഉള്ളിലും സന്തോഷം നിറഞ്ഞിരുന്നു. സണ്ണി മാത്രം ആരെയും ശ്രദ്ധിക്കാതെ കഴിക്കുന്ന പ്ളേറ്റിലേക്ക് മാത്രം നോക്കിയിരുന്നു. ©©©©©©©©©©©©©©©

അത്താഴമൊക്കെ കഴിഞ്ഞ് ചെന്ന് കിടന്നിട്ടും നാൻസിയെ കുറിച്ചോർത്തപ്പോൾ സണ്ണിക്ക് ഉറങ്ങാനേ കഴിയുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സിൽ തന്നോട് മറ്റെന്തെങ്കിലും രീതിയിലുള്ള താല്പര്യം വളരുന്നുണ്ടോ എന്ന ചിന്ത അത്രമേൽ അവന്റെ മനസ്സിൽ വേര് പടർത്തിയിരുന്നു. കുറെ സമയത്തെ ആലോചനയ്ക്ക് ശേഷം അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അത് എത്രയും വേഗം അവളിൽ നിന്നും പറിച്ചെറിയണമെന്ന ചിന്തയോടെ കിടക്കയിൽ നിന്നും എണീക്കുമ്പോൾ സമയം പാതിരാത്രി ആയിരിക്കുന്നു എന്ന ഓർമ പോലും അവനിലേക്ക് വന്നില്ല. ©©©©©©©©©©©©©©©© ഓരോന്നോർത്ത് ഉറക്കം വരാതെ കിടക്കയിൽ ചാരിയിരിക്കുമ്പോൾ വാതിലിലാരോ മുട്ടുന്ന ശബ്ദം കേട്ടതും നാൻസിയൊന്ന് ഞെട്ടി. നാളുകൾക്ക് ശേഷം അവളുടെ മനസിലേക്ക് കുര്യച്ചന്റെയും സലോമിയുടെയും മുഖങ്ങൾ ഓടിയെത്തി. തന്നേത്തേടി അവരെത്തിയിരിക്കുമോ എന്ന ചിന്ത മനസിലേക്ക് വന്നതും അവളുടെ നട്ടെല്ല് വിറച്ചുപോയി.

പക്ഷേ പൊടുന്നനെ താൻ എവിടെയാണെന്നും , തൊട്ടരികിൽ സണ്ണിയുണ്ടെന്നുമുള്ള ബോധം ഉള്ളിലേക്ക് വന്നതും അവളൊന്ന് ആശ്വസിച്ചു. പിന്നെ പതിയെ ചെന്ന് വാതിൽ തുറന്നു. ഒട്ടും പ്രതീക്ഷിക്കാതെ മുന്നിൽ സണ്ണിയെ കണ്ടതും അവളൊന്ന് അമ്പരന്നു. " താനുറങ്ങിയാരുന്നോ....??? " " ഇ.... ഇല്ല സണ്ണിച്ചാ.... എന്താ ഈ നേരത്ത്.....??? " " നാൻസിക്ക് എന്നോട് പ്രത്യേകിച്ച് എന്തെങ്കിലും ഇഷ്ടമുണ്ടോ...???? " മുഖവുരയേതും കൂടാതെയായിരുന്നു അവന്റെ ചോദ്യം. പൊടുന്നനെ വല്ലാതെയായിപ്പോയ നാൻസി അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാഞ്ഞിട്ടെന്നപോലെ നിലത്തേക്ക് നോക്കി നിന്നു. വെപ്രാളം കൊണ്ടോ എന്തോ അവൾക്ക് ദേഹം മുഴുവൻ ചുട്ടുപൊള്ളും പോലെ തോന്നി. " സണ്ണിച്ചാ അത്..... " അവൾ വാക്കുകൾ കിട്ടാതെ നിന്നുഴറി.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story