വെപ്പാട്ടി: ഭാഗം 9

veppatti

രചന: അഭിരാമി ആമി

" നാൻസിക്ക് എന്നോട് പ്രത്യേകിച്ച് എന്തെങ്കിലും ഇഷ്ടമുണ്ടോ...???? " മുഖവുരയേതും കൂടാതെയായിരുന്നു അവന്റെ ചോദ്യം. പൊടുന്നനെ വല്ലാതെയായിപ്പോയ നാൻസി അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാഞ്ഞിട്ടെന്നപോലെ നിലത്തേക്ക് നോക്കി നിന്നു. വെപ്രാളം കൊണ്ടോ എന്തോ അവൾക്ക് ദേഹം മുഴുവൻ ചുട്ടുപൊള്ളും പോലെ തോന്നി. " സണ്ണിച്ചാ അത്..... " അവൾ വാക്കുകൾ കിട്ടാതെ നിന്നുഴറി. " എനിക്ക്.... എപ്പോഴോ അങ്ങനെ.... വേറൊന്നും മോഹിച്ചിട്ടല്ല സണ്ണിച്ചാ പക്ഷേ..... പക്ഷേ എപ്പോഴോ ഞാനങ്ങനെ..... " അവന്റെ കണ്ണുകളിലേക്ക് നോക്കി അത് പറഞ്ഞതും നാൻസിയുടെ മിഴികൾ പൊട്ടിയൊഴുകിയിരുന്നു. കുറച്ച് നിമിഷങ്ങൾ സണ്ണി മറുപടിയൊന്നും പറഞ്ഞില്ല. അവന്റെ നോട്ടം മറ്റെവിടെക്കോ ആയിരുന്നു അപ്പോൾ. " എനിക്കറിയാരുന്നു.... പക്ഷേ എനിക്കതിനൊന്നും കഴിയില്ല നാൻസി. അങ്ങനെയുള്ള എന്തെങ്കിലും ആഗ്രഹം തനിക്കുണ്ടെങ്കിൽ അത് മറന്നുകളഞ്ഞേക്കണം. ഇനിയൊരിക്കൽ പോലും എന്നേ ആ രീതിയിൽ താൻ കാണാൻ പാടില്ല.

നമ്മൾ..... നമ്മളിന്നല്ലെങ്കിൽ നാളെ രണ്ട് വഴിക്ക് പിരിയേണ്ടവരാടോ.... അതുകൊണ്ട്.... അതുകൊണ്ട് നമുക്കിതൊന്നും വേണ്ട. ഇപ്പൊ തനിക്കൊരു സപ്പോർട്ട് വേണ്ട സമയമാണ്. അത് നല്ലൊരു സുഹൃത്തെന്ന നിലയിൽ ഞാൻ തരുന്നു അത്ര മാത്രം. തനിക്കെന്റെ ആവശ്യം വേണ്ടെന്ന് തോന്നുന്ന നിമിഷം നമ്മൾ കൈ തന്ന് പിരിയും. പിന്നെ എനിക്കെന്റെ വഴി.... തനിക്ക് തന്റെയും... അതുകൊണ്ട് വേണ്ടാത്ത ചിന്തയൊക്കെ കളഞ്ഞിട്ട് പോയിക്കിടന്നുറങ്ങിക്കോ..... " തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു തീർത്തിട്ട് ഒരു ഭാവവ്യത്യാസവും കൂടാതെ മുന്നോട്ട് നടന്നുപോകുന്നവനെ നോക്കി നിൽക്കുമ്പോൾ ചങ്കിലേക്കാരോ തീക്കനൽ കോരിയിട്ട അനുഭവമായിരുന്നു നാൻസിക്ക്. ഹൃദയം തന്നെ ഉരുകിയൊലിച്ച് പോവുകയാണോ എന്ന് ചിന്തിച്ചുകൊണ്ട് അവളാ വാതിൽപ്പടിയിൽ ചാഞ്ഞുനിന്നു. പക്ഷേ പൊടുന്നനെ എന്തോ ഓർത്തത് പോലെ അവളോടിച്ചെന്ന് അവന്റെ ഇടംകയ്യിൽ പിടുത്തമിട്ടു. അന്തംവിട്ട് നോക്കിയവന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കുമ്പോൾ അവളുടെ ഇരുമിഴികളും നീർഗോളങ്ങളായിരുന്നു.

" മറന്നേക്കാൻ പറഞ്ഞു..... മറക്കാം...... പക്ഷേ...... പക്ഷേ..... അതിനുള്ള കാരണം കൂടി എനിക്കറിയണം..... ഞാൻ..... ഞാനാരുമില്ലാത്തവളായിട്ടാണോ.....??? അതോ എന്റെ ശത്രുക്കൾ എന്നായാലും എന്നേ കൊന്നുകളയും അപ്പൊ.... അപ്പൊ....... അതോർത്തിട്ടാണോ.....???? " മുന്നിൽ നിന്ന് ഏങ്ങിക്കരഞ്ഞുകൊണ്ട് ചോദിച്ച പെണ്ണിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിനിന്ന് അതൊന്നുമല്ലെന്ന അർഥത്തിൽ അവൻ നിഷേധാർഥത്തിൽ തല ചലിപ്പിച്ചു. " പിന്നെ..... പിന്നെന്താ.....??? " " ഒരു പെണ്ണിനെ മോഹിക്കാനുള്ള യോഗ്യതയൊന്നും എനിക്കില്ല നാൻസി.... അത് ഞാൻ സ്വയം തിരിച്ചറിഞ്ഞതാ.... അതുകൊണ്ട് ഇനിയും അതിനൊന്നും ഞാൻ ഒരുക്കമല്ല. നിനക്ക് തോന്നുന്നത് ഇപ്പൊ പെട്ടന്നുള്ള ഒരു ആവേശം മാത്രമാണ്. അത് കുറച്ചുകഴിയുമ്പോ മാറിക്കോളും. അന്ന്... അന്ന് നീയും ചിന്തിക്കും അവനെ തലയിലെടുത്ത് വെക്കാതിരുന്നത് നന്നായി എന്ന്.

അതുകൊണ്ട് നീയതൊക്കെ മറന്നുകളഞ്ഞേക്ക്. എന്നിട്ട് പോയിക്കിടന്നുറങ്ങ്. " സണ്ണി പോയതും ഇനി മുന്നിലേക്കൊരു ലോകമില്ല , ജീവിതത്തിന്റെ മുനമ്പിലാണ് നിൽക്കുന്നതെന്ന് പോലും തോന്നിപോയിരുന്നു നാൻസിക്ക്. സ്ഥലകാലബോധം പോലും നഷ്ടപ്പെട്ട് ഭ്രാന്തമായവളലറി കരഞ്ഞു. ആ കരച്ചിലിനൊടുവിൽ ചുവരോട് ചേർന്ന് നിലത്ത് വെറുതേയങ്ങനിരുന്നു. ©©©©©©©©©©©©©©©©©© പിറ്റേദിവസം അതിരാവിലെ തന്നെ സണ്ണി കൂപ്പിലേക്ക് പോയിരുന്നു. നാൻസിയെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് തന്നെയായിരുന്നു അതിന്റെ കാരണം. കുറച്ചു ദിവസം കഴിയുമ്പോൾ ഇതൊക്കെ മറക്കാൻ തങ്ങളിരുവർക്കും സാധിക്കുമെന്ന് അവൻ കരുതിയിരുന്നു. നാൻസിക്കും അവന്റെ അഭാവം ഒരു തരത്തിലൊരു സമാധാനം തന്നെയായിരുന്നു. പക്ഷേ അവരിരുവരും തമ്മിലുള്ള പ്രശ്നങ്ങളൊന്നുമറിഞ്ഞിട്ടില്ലായിരുന്ന സോണിയയും റേച്ചലും സന്തോഷത്തിൽ തന്നെയായിരുന്നു.

സണ്ണിയുടെ മാറ്റങ്ങൾ അത്രകണ്ടവരെ സന്തോഷിപ്പിച്ചിരുന്നു. അവരുടെയാ സന്തോഷത്തിന്റെ മാറ്റ് കളയേണ്ടെന്ന് കരുതി നാൻസിയും വിഷമങ്ങൾ ഉള്ളിലൊതുക്കി അവർക്കൊപ്പം കൂടിയിരുന്നു. ©©©©©©©©©©©©©©©©© കൂപ്പിലെത്തിയിട്ടും അവിടുത്തെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാനോ എന്തെങ്കിലും ചെയ്യാനോ പോലും കഴിയാത്ത അവസ്ഥയിൽ തന്നെയായിരുന്നു സണ്ണിയും. തലേരാത്രി നാൻസിയുമായി സംസാരിച്ചതൊക്കെ ഓർത്തപ്പോൾ അവൻ വീണ്ടും വീണ്ടും അസ്വസ്ഥനായിക്കൊണ്ടിരുന്നു. ഒരോ നിമിഷവും അവളുടെ കണ്ണുനീരവന്റെ ഹൃദയം പൊള്ളിച്ചുകൊണ്ടുമിരുന്നു. ആലോചനകൾ നീണ്ടുപോയപ്പോൾ അവന്റെ ഓർമകൾ വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചു. ഔതക്കുട്ടി മാപ്ലയെന്ന പേര് കേട്ടാൽ തന്നെ ആരുമൊന്ന് കിടുങ്ങുന്ന കാലം. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഇടംകൈ വീശി ആരുടെയും മുഖത്തടിക്കാൻ മടിക്കാത്ത പ്രകൃതമായിരുന്നു അയാളുടേത്. തനിക്ക് ഇഷ്ടമല്ലാത്ത പ്രവർത്തി ചെയ്യുന്നത് സ്വന്തം മകൻ കൂടിയാണേൽ പറയുകയേ വേണ്ട എന്നതായിരുന്നു അന്നത്തെയൊക്കെ അവസ്ഥ.

പലപ്പോഴും മുറ്റത്തെ തൈമാവിന്റെ കൊമ്പിൽ ഒരു പതിനഞ്ചുകാരനെ കൈകൾ മുകളിലേക്കാക്കി കെട്ടിത്തൂക്കിയിട്ട നിലയിൽ നിർത്തി ചൂരൽ കൊണ്ടടിക്കുന്ന ഔതക്കുട്ടിയുടെ ചിത്രം ഓർമകളിലേക്കോടിയെത്തിയതും സണ്ണി അറിയാതെ തുടകളൊന്ന് തഴുകി. അവിടെവിടെയോ ഇപ്പോഴും അപ്പന്റെ ചൂരൽ പ്രയോഗത്തിന്റെ നീറ്റലവശേഷിക്കുന്നുണ്ടെന്ന് അവന് തോന്നി. സണ്ണിക്ക് ഇരുപത്തിയാറ് വയസ് കഴിഞ്ഞ സമയം. പുറത്തെവിടെയോ പോയിട്ട് സണ്ണി തിരികെ വരുമ്പോൾ ഉമ്മറത്ത് അപ്പന്റെ ഒപ്പം ബ്രോക്കർ അബൂബക്കർ ഉണ്ടായിരുന്നു. ആ നേരത്ത് അപ്പനൊപ്പം ആരെങ്കിലും കാണുന്നത് പതിവായിരുന്നത് കൊണ്ടുതന്നെ അങ്ങോട്ട് ശ്രദ്ധിക്കാതെ അകത്തേക്ക് പോകാൻ തുടങ്ങുമ്പോഴായിരുന്നു സണ്ണീയെന്നുള്ള വിളി മുഴങ്ങിയത്. " എന്നാപ്പാ....??? " " ഞായറാഴ്ച നമുക്ക് കൊരട്ടി വരെയൊന്ന് പോണം. അവിടുത്തെ മാത്തുക്കുട്ടിയുടെ മൂത്തമോള് നിനക്ക് ചേരും. ഞാനിതങ്ങുറപ്പിച്ചു. ഞായറാഴ്ച അങ്ങോട്ട് പോണം. " ഇഷ്ടമോ അനിഷ്ടമോ ചോദിക്കാതെയുള്ള അപ്പന്റെ അവസാനതീരുമാനത്തിൽ പ്രതിഷേധിക്കാൻ പോയിട്ട് ഒരു അഭിപ്രായം പറയാൻ പോലും ഭയക്കുന്ന അന്നത്തെ സണ്ണിക്കും മറുപടിയൊന്നുമുണ്ടായിരുന്നില്ല.

ഞായറാഴ്ച. പെണ്ണുകാണലൊക്കെ കഴിഞ്ഞു. നാട്ടിലെ തന്നെ സ്കൂളിലെ ടീച്ചറായിരുന്നു ആനി. സുന്ദരി. അപ്പന്റെ മാത്രം താല്പര്യത്തിനായിരുന്നു പെണ്ണ് കാണാൻ പോയതെങ്കിലും ആനിയെ കണ്ട ശേഷം അവൾ മനസ്സിൽ കയറിപ്പറ്റിയിരുന്നു. കെട്ടൊക്കെ വക്കാലുറപ്പിച്ച് മനസമ്മതത്തേക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്ന സമയത്തായിരുന്നു ഒരു ദിവസം പള്ളിയിൽ വച്ച് ആനിയെ വീണ്ടും കണ്ടത്. " ഞാൻ നിങ്ങളെ കാത്ത്‌ നിന്നതാ ഇവിടെ.....??? " അരികിലെത്തിയതും കണ്ണുകളിലേക്ക് തന്നെ നോക്കി നിന്ന് ദൃഡസ്വരത്തിൽ പറഞ്ഞ അവളെ അത്ഭുതത്തോടെയാണ് നോക്കിയത്. കാരണം അവളെ ആദ്യം കണ്ടപ്പോ ഉണ്ടായ വെപ്രാളം തന്നെയായിരുന്നു തന്നിലപ്പോഴുമുണ്ടായിരുന്നത്. പക്ഷേ പിന്നീടവൾ പറഞ്ഞവാക്കുകളിൽ എല്ലാവെപ്രാളങ്ങളേയും അലിയിച്ചുകളഞ്ഞിരുന്നു. ആത്മാഭിമാനം മുറിപ്പെട്ട് ഒരു ശവം പോലെയായിരുന്നു മനസും ശരീരവും. " എനിക്ക് നിങ്ങളുമായുള്ള വിവാഹത്തിന് താല്പര്യമില്ല. പിന്നെ അപ്പച്ചന്റെ നിർബന്ധം കൊണ്ടാ നിങ്ങടെ മുന്നിൽ വേഷം കെട്ടി നിന്നത് പോലും. " അവളുടെ വാക്കുകൾ ദൃഡമായിരുന്നു. " എന്..... എന്താ കാര്യം.....??? " വളരെ ബുദ്ധിമുട്ടിയുള്ള ആ ചോദ്യത്തിന് മറുപടിക്ക് മുന്നോടിയായി അവൾ മനോഹരമായി പുഞ്ചിരിച്ചു. " സണ്ണി.... നമ്മൾ തമ്മിൽ ഒരിക്കലും ചേർന്ന് പോവില്ല. കാര്യം വേറൊന്നുമല്ല. സണ്ണി എത്രവരെ പഠിച്ചു....??? "

" പ്.... പത്ത്..... " പറയുമ്പോൾ ശിരസ് കുനിഞ്ഞുപോയിരുന്നു. ഇത്രെയൊക്കെ പടുത്തം മതിയെടാ ഔതക്കുട്ടിടെ മോന്.... നാളെ മുതൽ കൂപ്പിലോ മില്ലിലോ വല്ലോം ജോലിക്ക് കേറി പത്തുകാശ് സമ്പാദിക്കാൻ നോക്കെന്നുള്ള ഔതക്കുട്ടിയുടെ ശബ്ദം അപ്പോഴുമവന്റെ കാതുകൾ തുളയ്ക്കുന്നുണ്ടായിരുന്നു. " കണ്ടോ അവിടെ തന്നെ തുടങ്ങി പൊരുത്തക്കേടുകൾ. ഞാൻ പത്തും പ്രീഡിഗ്രിയുമെല്ലാം കഴിഞ്ഞ് അതിന് മുകളിലും പഠിച്ചിട്ടാ ഇപ്പൊ ഒരു അധ്യാപികയായിരിക്കുന്നത്. അതുകൊണ്ട് തന്നെ വെറും പത്താംക്ലാസുകാരനായ സണ്ണിയെ എന്റെ ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ എനിക്ക് കഴിയില്ല. ഇനി വിദ്യാഭ്യാസം സാരമില്ലെന്ന് വിചാരിച്ചാലും സണ്ണിയുടെ കൂടൊരു ജീവിതം എനിക്ക് ബുദ്ധിമുട്ടാണ്. വിവാഹപ്രായമെത്തിയിട്ടും അപ്പന്റെ വാലാട്ടിയായിട്ട് നടക്കുന്ന , സ്വന്തം അഭിപ്രായം പോലും പറയാൻ ഭയക്കുന്ന നിങ്ങളെപ്പോലൊരാളുടെ ഒപ്പമൊരു ജീവിതം എന്നേ സംബന്ധിച്ച് ആത്മഹത്യാപരമാണ്. നാളെ നമ്മുടെ കിടപ്പറയിലെ കാര്യങ്ങളിൽ വരെ ഒരുപക്ഷേ നിങ്ങളുടെ അപ്പൻ കൈകടത്തുന്നത് ഞാൻ കണ്ടുനിൽക്കേണ്ടി വരും. അതുകൊണ്ട് അപ്പന്റെ കാല് പിടിച്ചിട്ടാണേലും സണ്ണി ഈ ബന്ധത്തിൽ നിന്നും പിന്മാറണം. ".....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story